വപ്പറമ്പിലെ ചിതയില്‍ അവസാന വിറക് കൊള്ളിയും കത്തി തീര്‍ന്ന ശേഷമാണ് തൊമ്മന്‍ തിരിച്ചു പോയത്. തലയോട്ടി പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ കണ്ണ് നിറയാന്‍ തുടങ്ങിയതാണ്. അതുവരെ പിടിച്ചു നിന്നു. കണ്ണ് വീര്‍ത്തിരിക്കുന്നു. കുനിഞ്ഞുനില്‍ക്കുന്ന തല നിവര്‍ത്താന്‍ കഴിയുന്നില്ല. താങ്ങാന്‍പറ്റാത്ത വേദന. കല്യാണിക്കുട്ടി ഇനി ഇല്ല. വഴക്കിടാനും പനി മൂക്കുമ്പോള്‍ കഷായം കാച്ചാനും പുറം ചൊറിഞ്ഞു തരാനും പിന്നെന്തിനൊക്കെയോ.. ആ അവള്‍ പോട്ടെ. സങ്കടത്തോടെയാവും പോയത്. ഒറ്റ പരാതിയല്ലേ ഉണ്ടായിരുന്നുള്ളു. ഇന്നേവരെ കടല് കാണിച്ച് കൊടുത്തില്ലെന്ന്. 

തൊമ്മന്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറി. അടുക്കളയിലെ ബെഞ്ചില്‍ കയറി നിവര്‍ന്നുകിടന്നു. പിന്നെ ഉറങ്ങി. എണീക്കുമ്പോള്‍ അടുക്കളയില്‍ പതിവുള്ള പാത്രങ്ങളുടെ കൂട്ടയടിയില്ല. പുകയില്ല. പച്ചവിറക് എരിയുന്ന മണമില്ല. കല്യാണിക്കുട്ടി ഇരിക്കുന്ന പലകയും അറ്റംകൂര്‍ത്ത കത്തിയും തൊമ്മനെത്തന്നെ നോക്കി.  പുറത്ത് കൂട്ടില്‍ കോഴികള്‍ പരസ്പരം കൊത്തുകൂടി കരയുന്നു. നിലത്ത് കൈകള്‍ അമര്‍ത്തി അയാള്‍ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി. പശുക്കള്‍ രണ്ടും തളര്‍ന്നു കിടക്കുന്നു. അയലില്‍ ഒരു വെള്ളമുണ്ടും കുടുക്ക് പൊട്ടിയ ഷര്‍ട്ടും കല്യാണിക്കുട്ടിയുടെ നിറം മങ്ങിയ ബ്ലൗസും ഒറ്റ മുണ്ടും പാറിക്കളിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ തൊമ്മന്‍ നിന്നു. നിശബ്ദമാണ്, താന്‍ മാത്രമല്ല കല്യാണിക്കുട്ടിക്ക് മാത്രം പെരുമാറാന്‍ അറിയുന്ന പലതും.

തൊമ്മന്‍ കോഴിക്കൂടിന്റെ വാതില്‍ തുറന്നു. പശുക്കളുടെ കെട്ട് അഴിച്ചു വിട്ടു. അയലില്‍ കിടന്ന തുണികളെടുത്ത് അകത്തേക്ക് നടന്നു. കല്യാണിക്കുട്ടിയുടെ കൃഷ്ണനും തൊമ്മന്റെ ഈശോയും അടുത്തടുത്തിരിക്കുന്ന മേശയുടെ ഒരറ്റത്ത് വച്ചു. കൃഷ്ണന്റെ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി കുറച്ചുനേരം നിന്നു. ഓളെ കൊണ്ടോയില്ലേ, ഇനി ആരാ വിളക്ക് കത്തിക്ക്യ. എന്നെ എന്തിനാ ഒറ്റക്ക് ഇവിടെ നിര്‍ത്തിയത് ഈശോയുടെ ചിത്രത്തിലേക്ക് നോക്കി തൊമ്മന്‍ ചോദിച്ചു.

അടുക്കളയില്‍ കല്യാണിക്കുട്ടി കുഴഞ്ഞുവീണ ചണച്ചാക്ക് എടുത്ത് അയാള്‍ വീടിന് പുറത്തേക്കെറിഞ്ഞു. എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് പശുക്കള്‍ കരഞ്ഞുകൊണ്ട് തിരികെ തൊഴുത്തില്‍ കയറി നിന്നു. കാടിവെള്ളം കുടിക്കുന്ന ബക്കറ്റില്‍ തലയിട്ട് പിന്നെ വറ്റ് പറ്റിപ്പിടിച്ച ബക്കറ്റ് കൊമ്പുകൊണ്ട് തട്ടി ദൂരേക്ക് എറിഞ്ഞു. ആ ദിവസം അയാളും കോഴിയും പശുക്കളും ഒന്നും കഴിച്ചില്ല.

വീടിന്റെ വാതില്‍ പോലും അടയ്ക്കാതെ ഒരു പൊതിയുമായി തൊമ്മന്‍ വേഗത്തില്‍ പുറത്തേക്കിറങ്ങി. പടിക്കെട്ടുകളിറങ്ങി ഒറ്റയടി പാതയിലൂടെ മുന്നോട്ടുനടന്നു. ഒരു പകലും ഇരവും താണ്ടി തൊമ്മന്‍ കല്യാണിക്കുട്ടി കാണാന്‍ കൊതിച്ച നീലക്കടലിന്റെ കരയിലെത്തി. മണല്‍പ്പരപ്പില്‍ കമഴ്ത്തിയിട്ട പഴയൊരു തോണിപ്പുറത്തിരുന്നു. മീന്‍ പിടിക്കാന്‍ ഇറങ്ങിയ തോണിക്കാരോട് താനും വരട്ടെയെന്ന് അയാള്‍ ചോദിച്ചു. തൊമ്മന്റെ കണ്ണുകളിലെ നിസ്സഹായത മനസിലാക്കിയെന്നോണം തോണിക്കാരന്‍ അയാളെ കൂടെകൂട്ടി. വലിയൊരു തോണിയുടെ ഒത്ത നടുക്ക് തൊമ്മനിരുന്നു.. കയ്യിലെ പൊതി നെഞ്ചോടടക്കിപ്പിടിച്ച്  കരഞ്ഞു. കടലിന്റെ ആര്‍പ്പില്‍ അയാളുടെ തേങ്ങല്‍ ആരുംകേട്ടില്ല.

 പണ്ടൊരു വെളുപ്പാന്‍ കാലത്ത് ഇരുപതാം വയസില്‍ കൂടെക്കൂട്ടിയതാണ് കല്യാണിക്കുട്ടിയെ. പള്ളിക്കാരും അമ്പലക്കാരും കാര്യമറിയും മുന്നേ നമ്പികുളത്തെ മല കയറിയതാണ്. ഒരു അച്ചായന്‍ തന്ന അഞ്ച് സെന്റില്‍ മാടം കെട്ടി. അയാളുടെ കവുങ്ങിലെ അടക്കയും കുരുമുളകും പറിച്ചുകൊടുത്തു. കഞ്ഞിക്കുള്ള വക കിട്ടി. ആ മാടത്തില്‍ എന്നും എടോ എന്ന നീട്ടിവിളിയും എന്തോ എന്ന പതിഞ്ഞ മറുപടിയും മുഴങ്ങിക്കൊണ്ടിരുന്നു. ഒരു കുഞ്ഞിക്കാല് കാണാന്‍ രണ്ടാള്‍ക്കും കഴിഞ്ഞില്ല. അച്ഛന്റെ ശാപമായിരിക്കുമെന്ന് കല്യാണിക്കുട്ടി ഇടയ്ക്കിടെ പറയും. കോഴിയും പൈക്കളും ചെടികളും അവളുടെ മക്കള്‍ തന്നെ. നാല്‍പ്പത്തിമൂന്ന് കൊല്ലം ഒരുമിച്ച് ജീവിച്ചു. കടല്‍ മാത്രം അവള്‍ക്ക് കാണിച്ചുകൊടുത്തില്ല. അടുക്കളയിലിരുന്ന് നിര്‍ത്താതെ വര്‍ത്താനം പറഞ്ഞോണ്ടിരുന്ന അവള് പെട്ടെന്ന് പുറകോട്ട് മറിഞ്ഞുവീണപ്പോളും തമാശയെന്നേ കരുതിയുള്ളു. താങ്ങിയെടുത്ത് ഇരുത്തിയപ്പോളുള്ള ആ നോട്ടം ഇപ്പോഴും മനസിന്ന് പോവുന്നില്ല. കടലോളം ആഴവും പരപ്പും നനവും ആ കണ്ണുകളില്‍ അവസാനമായി കണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി കണ്ടപോലെ തന്നെ.

മുഖത്തേക്ക് തെറിച്ച കടല്‍വെള്ളത്തിനും കണ്ണീരിനും അയാള്‍ക്ക് ഒരേ രുചി തോന്നി. നടുക്കടലില്‍ എത്തിയോ? അയാള്‍ ആവുന്നത്ര ഒച്ചയില്‍ തോണിക്കാരനോട് ചോദിച്ചു. ഇല്ല. ഇനിയും കൊറെയുണ്ട്. കടല്‍ച്ചൂരില്‍ അയാളുടെ വയറ്റില്‍ ശേഷിച്ച അവസാന തുള്ളി വെള്ളവും വലിയ ശബ്ദത്തോടെ പുറത്തേക്കുവന്നു. അപ്പോഴേക്കും അയാള്‍ കുഴഞ്ഞുപോയിരുന്നു. തോണിക്കാരന്‍ തൊമ്മന് കിടക്കാന്‍ ഒരിടം ഒരുക്കിക്കൊടുത്തു. നടുക്കടലില്‍ എത്തുമ്പോള്‍ പറയണേ. തോണിക്കാരന്‍ തലയാട്ടി.

'ദാ ചേട്ടാ നടുക്കടലെത്തി.' തോണിക്കാരന്‍ തൊമ്മനെ വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു. തൊമ്മന്‍ കണ്ണുകള്‍ പതുക്കെ തുറന്നു. എത്തിയോ? അയാള്‍ ചാടിപ്പിടഞ്ഞ് എഴുന്നേറ്റു. നെഞ്ചോടടക്കിപ്പിടിച്ച പൊതി തുറന്നു. കല്യാണിക്കുട്ടിയുടെ ഒറ്റമുണ്ടും ബ്ലൗസും ആകാശത്തോളം ഉയരത്തില്‍ പൊങ്ങിവന്ന തിരയിലേക്ക് എറിഞ്ഞു. അവള്‍ക്ക് കൊടുത്തേക്കണം. ഒറ്റയ്ക്ക് ഓടി വന്നത് ഇങ്ങോട്ടാവും. ആര്‍ത്തലക്കുന്ന തിരമാല അയാളുടെ ഉറക്കെയുള്ള നിലവിളിയും കവര്‍ന്നെടുത്ത് ശാന്തമായി.

Content Highlights : Thirayazhangalil Short Story by Drishya O. K