'ഞാനായിരുന്നെങ്കില്‍ അതു ചെയ്യുമായിരുന്നു.' -ഷെര്‍ലക് ഹോംസ് പറഞ്ഞു.

ആ തടസ്സം കേട്ട് ഞാനൊന്നു ഞെട്ടി; കാരണം, എന്റെ കൂട്ടുകാരന്‍ അദ്ദേഹത്തിന്റെ പൂര്‍ണശ്രദ്ധയും കാപ്പിപ്പാത്രത്തില്‍ ചെരിച്ചുവെച്ച പത്രത്തില്‍ കേന്ദ്രീകരിച്ച് പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കയായിരുന്നു. ഞാന്‍ അദ്ദേഹത്തിനുനേരേ നോക്കിയപ്പോള്‍, പാതി വിനോദത്തോടെയും പാതി ചോദ്യരൂപേണയുമുള്ള മുഖഭാവത്തോടെ എനിക്കുമേല്‍ അദ്ദേഹം കണ്ണുംനട്ടിരിക്കുന്നതാണ് കണ്ടത്. എന്തോ ധൈഷണികമായ ഒരാശയം തന്നില്‍ രൂപംകൊണ്ടതായി അനുഭവപ്പെടുമ്പോഴാണ് അദ്ദേഹത്തെ സാധാരണയായി ഇങ്ങനെ കാണപ്പെടാറുള്ളത്.

''എന്തു ചെയ്യും?'' -ഞാന്‍ ചോദിച്ചു.

അദ്ദേഹം ഫയര്‍പ്ലേസിന് പുറത്തുവെച്ചിരുന്ന തന്റെ ചെരിപ്പെടുത്ത്് അതില്‍നിന്നും ആവശ്യത്തിന് പുകയിലെയെടുത്ത്്് പഴയ കളിമണ്‍പൈപ്പില്‍ നിറച്ചു. അങ്ങനെയാണദ്ദേഹം സ്ഥിരമായി പ്രാതല്‍ അവസാനിപ്പിക്കാറുള്ളത്.

''നിങ്ങളുടേത് ഏറ്റവും കാതലായ ഒരു ചോദ്യംതന്നെ വാട്സന്‍?'' അദ്ദേഹം പറഞ്ഞു: ''എന്റെ കുശാഗ്രബുദ്ധിക്കുള്ള ഖ്യാതി പൂര്‍ണമായും എനിക്കു നേടാനായത്, നിങ്ങളോടൊപ്പമുള്ള എന്റെ സഹവാസത്തിലൂടെയാണെന്നു പറഞ്ഞാല്‍, നിങ്ങള്‍ എതിര്‍ക്കില്ലെന്ന് എനിക്കുറപ്പാണ്. കല്യാണപ്രായമായ പെണ്‍കിടാങ്ങളെ പരിചയപ്പെടുത്തുന്ന സമൂഹനൃത്തച്ചടങ്ങില്‍ തുണയായിപ്പോകുന്ന സ്ത്രീകളില്‍ അനാഡംബരത്വം വേണമെന്ന് നിര്‍ബന്ധംപിടിക്കുന്ന പുതുമുഖങ്ങളെ ഞാന്‍ കണ്ടിട്ടില്ലെന്നോ? ഇതില്‍ ഏതോ ഒരു സമാന്തരസാദൃശ്യമുണ്ട്.''

ബേക്കര്‍ സ്ട്രീറ്റിലെ വീട്ടിലെ സുദീര്‍ഘമായ കൂട്ടുകെട്ട് ഞങ്ങളില്‍ അനായാസമായ അടുത്ത സ്‌നേഹബന്ധം സൃഷ്ടിക്കപ്പെട്ടിരുന്നു. യാതൊരു രസക്കേടുമില്ലാതെ എനിക്കത് പറയാന്‍ കഴിയും. എന്നിട്ടും അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം എന്നെ ചെറുതായി ചൊടിപ്പിച്ചു എന്നു ഞാന്‍ സമ്മതിക്കുന്നു.

''ഞാന്‍ മരമണ്ടനായിരിക്കാം...'' -ഞാന്‍ പറഞ്ഞു, ''എന്നാല്‍, ഞാന്‍ ഏറ്റുപറയുന്നു, എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല നിങ്ങള്‍ അത് എങ്ങനെ അറിഞ്ഞു എന്ന്... ഞാന്‍... ഞാന്‍...

''എഡിന്‍ബറോ യൂണിവേഴ്സിറ്റി ബസാറില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടു എന്ന്''

''കൃത്യമായും. ആ കത്ത് ഇപ്പോള്‍ത്തന്നെ എന്റെ കൈയില്‍ എത്തിയതേയുള്ളൂ. ഞാനതിനെക്കുറിച്ച് ഇനിയും താങ്കളോട് സംസാരിച്ചിട്ടില്ല''

''എന്നിട്ടുപോലും...'' കസേരയില്‍ ചാരിക്കിടന്ന്, കൈവിരല്‍ത്തുമ്പുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട്്് ഹോംസ് പറഞ്ഞു, ''ഞാന്‍ ഈ ധീരപരിശ്രമംപോലും നടത്താന്‍ ഉദ്ദേശിക്കുന്നു, ആ ബസാറിന്റെ ലക്ഷ്യം യൂണിവേഴ്സിറ്റി ക്രിക്കറ്റ് ഫീല്‍ഡ് വികസിപ്പിക്കലാണ് എന്ന്''

അതുകേട്ട്്്് ഞാന്‍ വല്ലാത്ത അന്ധാളിപ്പോടെ നോക്കിനില്‍ക്കവേ അദ്ദേഹം കുലുങ്ങിച്ചിരിച്ചു.

''സത്യമെന്താണെന്നുവെച്ചാല്‍, എന്റെ പ്രിയപ്പെട്ട വാട്സന്‍, നിങ്ങള്‍ ഒരു ഒന്നാംതരം പഠനവിഷയമാണ്...'' -അദ്ദേഹം പറഞ്ഞു, ''നിങ്ങള്‍ ഒരിക്കലും ഒരു സാധാരണക്കാരനല്ല. എന്തെങ്കിലും ഒരു ബാഹ്യപ്രചോദനത്തിന് നിങ്ങള്‍ തത്ക്ഷണം വഴങ്ങുന്നു. നിങ്ങളുടെ ചിന്താഗതികള്‍ മന്ദഗതിയിലായിരിക്കാം; എന്നാല്‍, അത് ഒരിക്കലും ജടിലമായവയല്ല. ലണ്ടന്‍ ടൈംസിന്റെ മുഖപ്രസംഗം വായിക്കുന്നതിനെക്കാള്‍ എളുപ്പമാണ് നിങ്ങളെ വായിച്ചെടുക്കല്‍''

''നിങ്ങള്‍ അങ്ങനെ ഒരു നിഗമനത്തിലെത്തിയതെങ്ങനെ എന്നറിയാനെനിക്ക് കൗതുകമുണ്ട്്്'' -ഞാന്‍ പറഞ്ഞു

''നിഗമനശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാന്‍ താങ്കള്‍ക്ക്്് നല്‍കുന്ന വിശദീകരണങ്ങള്‍ എന്റെ ഖ്യാതിയെ നല്ലവണ്ണം ബാധിച്ചിട്ടുണ്ട്്്്'' ഹോംസ് പറഞ്ഞു: ''എന്നാല്‍, ഈ കാര്യത്തില്‍ അനുമാനങ്ങളുടെ നിര വ്യക്തമായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായതിനാല്‍ അതിന്റെപേരില്‍ കീര്‍ത്തിയൊന്നും അവകാശപ്പെടാന്‍ കഴിയില്ല. എന്തോ ചിന്ത നിങ്ങളെ അലട്ടുന്നു എന്ന്്് വ്യക്തമാക്കുന്ന ഭാവത്തോടെയാണ് നിങ്ങള്‍ മുറിയിലേക്കു പ്രവേശിച്ചത്. കൈയില്‍ ഒരു കത്തു പിടിച്ചിരുന്നു; ഒരേയൊരു കത്ത്. ഇന്നലെ രാത്രി നിങ്ങള്‍ നല്ല ഉത്സാഹത്തോടെയാണ് ഇവിടെനിന്ന് പോയത്. അതുകൊണ്ട്, കൈയിലുള്ള കത്താണ് ഇപ്പോള്‍ നിങ്ങളില്‍ മാറ്റം വരുത്താനുള്ള കാരണമെന്ന് വ്യക്തമായിരുന്നു''

''അത് സ്പഷ്ടമാണ്'' വിശദീകരിച്ചുതന്നാല്‍ നിങ്ങള്‍ അതെല്ലാം സ്പഷ്ടമാണെന്നു പറയും. നിങ്ങളെ ഈ വിധത്തില്‍ ബാധിക്കാന്‍ മാത്രം എന്തായിരിക്കാം ആ കത്തില്‍ അടങ്ങിയിരിക്കുക എന്ന് സ്വാഭാവികമായും ഞാന്‍ എന്നോടുതന്നെ ചോദിച്ചു. നടക്കുമ്പോള്‍ നിങ്ങള്‍ ആ ലക്കോട്ടിന്റെ പുറംവശം എന്റെ ഭാഗത്തേക്കാണ് പിടിച്ചിരുന്നത്. അപ്പോള്‍ അതില്‍, നിങ്ങളുടെ പഴയ കോളേജിന്റെ ക്രിക്കറ്റ് തൊപ്പിയിലുള്ളതുപോലുള്ള ചിഹ്നം ഞാന്‍ കണ്ടു. എനിക്കപ്പോള്‍ ഒരു കാര്യം വ്യക്തമായി: എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള അഭ്യര്‍ഥനയാവാം അത്. അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്ലബ്ബില്‍നിന്ന്. തീന്‍മേശയ്ക്കരികിലെത്തിയപ്പോള്‍ ആ കത്ത്് നിങ്ങള്‍ പ്ലേറ്റിനടുത്തുവെച്ചു; പുറമേക്ക് വിലാസം കാണുന്ന വിധത്തില്‍. പിന്നെ താങ്കള്‍ ഫയര്‍പ്ലേസിന് മുകളില്‍വെച്ച ഫോട്ടോ നോക്കാന്‍ പോയി''

എന്റെ ചലനങ്ങള്‍ ഹോംസ് നിരീക്ഷിച്ചതിലെ കൃത്യത എന്നെ അതിശയിപ്പിച്ചു.

''എന്താണ് അടുത്തത്?'' -ഞാന്‍ ചോദിച്ചു.

''ഞാന്‍ ആ അഡ്രസ്സിലേക്ക് ദൃഷ്ടിപായിച്ചു. ആറടി ദൂരേനിന്നുപോലും അതൊരു അനൗദ്യോഗിക കത്താണെന്ന് എനിക്കു മനസ്സിലായി.

അഡ്രസ്സില്‍ എഴുതിയ 'ഡോക്ടര്‍' അഭിസംബോധനയില്‍നിന്ന് ഞാന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി. ഒരു ബാച്ചിലര്‍ ഓഫ് മെഡിസിന് 'ഡോക്ടര്‍' എന്നു വെക്കാന്‍ നിയമാനുസൃതമായ അവകാശമില്ല. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥര്‍ പദവികള്‍ കൃത്യമായി ഉപയോഗിക്കുന്നതില്‍ കര്‍ക്കശക്കാരാണ് എന്നെനിക്കറിയാം. അങ്ങനെ നിങ്ങളുടെ കത്ത് അനൗദ്യോഗികമാണെന്ന് ഉറപ്പിച്ചുപറയാനെനിക്ക് കഴിഞ്ഞു. മേശയിലേക്കു തിരിച്ചെത്തിയപ്പോള്‍ നിങ്ങള്‍ ആ കത്ത് കൂടുതല്‍ വെളിവാവുന്നതരത്തില്‍ വെച്ചു. അതിനുള്ളിലുള്ളത് ഒരു അച്ചടിച്ച കത്താണെന്ന് ഞാന്‍ കണ്ടു.

ഒരു ബസാര്‍ എന്ന ആശയം എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നു. അത് ഒരു രാഷ്ട്രീയക്കത്താകാനുള്ള സാധ്യത ഞാന്‍ നേരത്തേ പരിഗണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ രാഷ്ട്രീയത്തിലെ നിശ്ചലാവസ്ഥ കണക്കിലെടുത്തപ്പോള്‍ അത് അസംഭവ്യമാണെന്നു തോന്നി''

''ഫയര്‍പ്ലേസിനടുത്തുനിന്നും നിങ്ങള്‍ മേശയിലേക്കു തിരിച്ചുവന്നപ്പോള്‍ മുഖഭാവത്തിനു യാതൊരു മാറ്റവുമില്ലായിരുന്നു. അതുകൊണ്ട് ഫോട്ടോഗ്രാഫ് പരിശോധന, നിങ്ങളുടെ ചിന്താധാരയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നു വ്യക്തമായി. അപ്പോള്‍ കത്തിലെ വിഷയംതന്നെയാണ് പ്രശ്‌നകാരണം. ഞാന്‍ ആ ഫോട്ടോയിലേക്ക് നോക്കി. നിങ്ങള്‍ എഡിന്‍ബറോ യൂണിവേഴ്സിറ്റി ഇലവനില്‍ ഒരു അംഗമായിരുന്നെന്ന് മനസ്സിലായി. അതിന്റെ പശ്ചാത്തലത്തില്‍ പവിലിയനും ക്രിക്കറ്റ് ഫീല്‍ഡും ഉണ്ട്. ക്രിക്കറ്റ് ക്ലബ്ബുകളുമായുള്ള എന്റെ ചെറിയ അനുഭവജ്ഞാനം എന്നെ പഠിപ്പിച്ചിട്ടുള്ളത് പള്ളികളും കുതിരപ്പടയാളികളും കഴിഞ്ഞാല്‍ ഈ ഭൂമിയിലെ ഏറ്റവും കടം വരുത്തിയിട്ടുള്ളവര്‍ ക്രിക്കറ്റ് ക്ലബ്ബുകളാണ് എന്നാണ്. നിങ്ങള്‍ പെന്‍സിലെടുത്ത് ആ കവറിനുമീതേ വരയ്ക്കുന്നത് ഞാന്‍ കണ്ടു. ഒരു ബസാര്‍കൊണ്ട് ചില പുരോഗതി ഉണ്ടാക്കാനുള്ള ശ്രമമാണ് നിങ്ങള്‍ നടത്തുന്നതെന്ന് എനിക്കു ബോധ്യമായി. നിങ്ങളുടെ മുഖത്ത് അപ്പോഴും ഒരു അനിശ്ചിതത്വമാണ് നിഴലിച്ചിരുന്നത്. അങ്ങനെ എനിക്കാ വിഷയത്തിലേക്കു കടന്നുവരാനും അത്തരം വളരെ നല്ല ഒരു ഉദ്യമത്തിനു നിങ്ങള്‍ സഹായിക്കണമെന്ന് ഉപദേശിക്കാനും കഴിഞ്ഞു''

അദ്ദേഹത്തിന്റെ അതിലളിതമായ വിശദീകരണം കേട്ട് എനിക്കു പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

''തീര്‍ച്ചയായും. അത് കഴിയാവുന്നത്ര എളുപ്പമായിരുന്നു'' -ഞാന്‍ പറഞ്ഞു.

എന്റെ അഭിപ്രായം അദ്ദേഹത്തെ പ്രകോപിപ്പിച്ചതുപോലെ കാണപ്പെട്ടു.

''ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ...'' -അദ്ദേഹം പറഞ്ഞു. ''നിങ്ങളോട് ആവശ്യപ്പെട്ട ആ പ്രത്യേക സഹായം നിങ്ങള്‍ അവരുടെ ആല്‍ബത്തില്‍ എഴുതണം. അതായത്, ആകസ്മികമായ ആ സംഭാവനാസംഭവം നിങ്ങളുടെ ലേഖനത്തിലെ വിഷയമാകുമെന്ന കാര്യം നിങ്ങള്‍ നേരത്തേതന്നെ തീരുമാനിച്ചതാണ്, എന്ന്''

''എന്നാല്‍, എങ്ങനെ?'' ഞാന്‍ അദ്ഭുതം കൂറി

''അത് കഴിയാവുന്നത്ര എളുപ്പമാണ്...'' അദ്ദേഹം പറഞ്ഞു, ''അതിന്റെ പരിഹാരം നിങ്ങളുടെ മിടുക്കിന് ഞാന്‍ വിട്ടുതരുന്നു. അതിനിടയില്‍ തന്റെ പത്രം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ''ക്രെമോണായിലെ മരങ്ങളെക്കുറിച്ചുള്ള ഈ രസകരമായ ലേഖനത്തിലേക്കു ഞാന്‍ തിരിച്ചുവന്നാല്‍, നിങ്ങള്‍ എന്നോടു ക്ഷമിക്കണം -വയലിന്‍നിര്‍മാണത്തില്‍ അവയുടെ പ്രാമുഖ്യത്തിനുള്ള കൃത്യമായ കാരണങ്ങളിലേക്ക്. എന്റെ ശ്രദ്ധതിരിക്കാന്‍ ചിലപ്പോഴെല്ലാം എന്നെ പ്രലോഭിപ്പിക്കുന്ന അകലെയുള്ള ചെറിയ പ്രശ്‌നങ്ങളിലൊന്നാണത്.''

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'അറിയപ്പെടാത്ത ഷെര്‍ലക് ഹോംസ് എന്ന പുസ്തകത്തില്‍നിന്ന്')

ഷെര്‍ലക് ഹോംസ് പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: The field basar Sherlock Holmes story Malayalam