രദൻ മാഷിനൊരു ശീലമുണ്ട്. മനുഷ്യൻ ഒരു ദിവസം ശരാശരി കുടിച്ചിരിക്കണമെന്ന് ശാസ്ത്രം പറയുന്ന രണ്ട് ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ പകൽ സമയത്ത് കുടിച്ചുതീർക്കും. അവശേഷിക്കുന്ന ഒരു ലിറ്റർ, അത് രാത്രി ഉറങ്ങുന്നതിന് മുന്നേ ഒറ്റയടിക്കങ്ങ് കുടിക്കും.

കിടക്കയിൽ നിന്നെഴുന്നേറ്റയുടൻ വയറിന്റെ അസ്വസ്ഥകളെ കൊല്ലാനായി കുടിക്കുന്ന ഇഞ്ചി ചതച്ചിട്ട ഒരു വലിയ ഗ്ലാസ്സ് ഇളം ചൂടുവെള്ളം, ക്ലാസ്സെടുത്ത് തൊണ്ട വരണ്ടുനിൽക്കുമ്പോൾ അകത്താക്കുന്ന സ്കൂൾ കൂളറിലെ രണ്ടു ഗ്ലാസ്സ് തണുത്ത വെള്ളം, ഉച്ച ഭക്ഷണം കഴിച്ച് ദഹനരസങ്ങൾ ആഹാരവുമായി മല്ലിട്ടുവെന്ന് ഉറപ്പായ ശേഷം മാത്രം കുടിക്കുന്ന മിതമായ അളവിലുള്ള വെള്ളം എന്നിങ്ങനെ പകൽ സമയത്തെ ഒരു ലിറ്ററിന് കൃത്യമായ അളവും ഇടവേളകളുമുണ്ടാകാറുണ്ടെങ്കിലും രാത്രിയിൽ അതൊന്നും നോക്കാറില്ല.

ഒരു ലിറ്റർ- ഒറ്റവലി. ഫലമോ, കൃത്യം മൂന്ന് മണിക്ക് തന്നെ അദ്ദേഹത്തിന്റെ മൂത്രസഞ്ചി വീർക്കും. തന്റെ വയറിന് മുകളിൽ ഭാരമിറക്കി വച്ചിരിക്കുന്ന ശകുന്തളയുടെ കാൽ അവളുടെ ഉറക്കത്തിന് ഭംഗം വരുത്താതെ, അഥവാ ഭംഗം വന്നാൽ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകൾ ഓർമ്മിച്ചുകൊണ്ട് പതുക്കെ മെത്തയുടെ പതുപതുപ്പിലേക്ക് ഇറക്കിവയ്ക്കും. ലൈറ്റ് ഓൺ ചെയ്യാതെ യൂറോപ്യൻ ക്ലോസറ്റിന്റെ കുഴി തപ്പി അലയും. ആസ്വദിച്ച് മൂത്രമൊഴിച്ച ശേഷം ഒരു ദീർഘനിശ്വാസവുമെടുത്ത് തിരിച്ചുവന്ന് ഭാര്യയെ അലോസരപ്പെടുത്താതെ കിടക്കുന്ന മാഷിന്റെ മുഖത്തപ്പോൾ കൊച്ചുകുട്ടിയുടേതിന് സമാനമായ ചിരിയും ഉണ്ടാകാറുണ്ട്.

വരദൻ മാഷ് വിചിത്ര സ്വഭാവക്കാരനൊന്നുമല്ല. പക്ഷെ, എന്നും പുലർച്ചെ മൂന്ന്മണിക്ക് നിറയുന്ന മൂത്രസഞ്ചി അദ്ദേഹം അറിഞ്ഞുകൊണ്ട് വീർപ്പിക്കുന്നതാണ്. അലാറത്തിന്റെ ശബ്ദം കേട്ടാൽ മാത്രമുണരുന്ന, സ്വന്തം മനക്കരുത്തിനെ വിശ്വാസമില്ലാത്തവരെ പോലെ അദ്ദേഹം കൃത്യം മൂന്ന് മണിക്ക് തന്റെ മൂത്രസഞ്ചിയെക്കൊണ്ട് തലച്ചോറിനോട് ' എനിക്കെനി താങ്ങാൻ വയ്യ' എന്ന് പറയിപ്പിക്കുന്നു. അറിഞ്ഞുകൊണ്ട് തന്നെ. അതിനൊരു കാരണവുമുണ്ട്, എന്തെന്നാൽ മാഷ് ഏറ്റവും നല്ല സ്വപ്നങ്ങൾ കാണാറുള്ളത് മൂത്രമൊഴിച്ച ശേഷമുള്ള ഉറക്കത്തിനിടെയാണ്.

ഏറ്റവും നല്ല സ്വപ്നങ്ങൾ...

sunu
വര: വി.ബാലു

മൂത്രമൊഴിക്കുന്നതിന് മുൻപ്: ചൂട് ചോറ് കാത്തിരിക്കുന്ന വയറിൽ ചപ്പാത്തിക്കഷണങ്ങൾ നിറച്ച് ഉദ്ദേശം പതിനൊന്നുമണിയോടെ ആരംഭിക്കുന്ന ഉറക്കത്തിനിടയിലും വരദൻ മാഷ് സ്വപ്നങ്ങൾ കാണാറൊക്കെയുണ്ട്. ശകുന്തളയെ റസിഡൻസ് അസോസ്സിയേഷൻ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്ത കാര്യം അവൾ ആവേശത്തോടെ പറയുന്നത്, ഫ്ളാറ്റിന് താഴെയുള്ള ഗാർഡനിൽ പുല്ല് ചെത്തി വെടിപ്പാക്കാൻ വന്ന ബംഗാളി ഇടയ്ക്കിടെ എന്തോ ചവയ്ക്കുന്നുണ്ടെന്നും തുപ്പി പരിസരം വൃത്തികേടാക്കുന്നുണ്ടെന്നും കോളേജിൽ പോകാനിറങ്ങിയ മകൾ മുഖം ചുളിച്ചു പറയുന്നത്, 'സാർ' എന്ന് വിളിക്കുന്നതിന് പകരം തന്നെയെനി മാഷേയെന്ന് വിളിച്ചാൽ മതിയെന്ന് കുട്ടികളോട് പറഞ്ഞതിന് പ്രിൻസിപ്പൽ ഡെൻസൺ പോൾ ശകാരിക്കുന്നത്... ഇങ്ങനെ, ദിവസത്തിന്റെ വിരസമായ ആവർത്തനങ്ങളാണ് ഉറക്കത്തിന്റെ ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ സ്വപ്നത്തിലേക്ക് കടന്നുവരാറ്.

മൂത്രമൊഴിച്ച ശേഷം: അതായത് ഏകദേശം പുലർച്ചെ മൂന്നു മണിയോടു കൂടി ആരംഭിക്കുന്ന ഉറക്കത്തിന്റെ രണ്ടാം ഘട്ടം. മീൻ മുറിക്കുന്ന അമ്മയുടെ അടുത്ത് മുട്ടുകുത്തിയിരിക്കുന്ന കുട്ടിയായും കാലൊടിഞ്ഞ ബെഞ്ചുകളും ഡെസ്കുകളും കൂട്ടിയിട്ട ഒഴിഞ്ഞ ക്ലാസ്സിലിരുന്ന് സരോജിനിയുടെ കണ്ണുകളിൽ നോക്കുന്ന കൗമാരക്കാരനായും കവുങ്ങിൻ തോപ്പിലെ കുളിരേറ്റ് സിഗരറ്റ് വലിക്കുന്ന യുവായും ഈ സമയം വരദൻ മാഷ് രൂപാന്തരം പ്രാപിക്കും. നേരത്തെ പറഞ്ഞതുപോലെ ഉറക്കത്തിൽ ചിരിക്കുന്ന കുട്ടിയെപോലെ ആ മുഖം വിടരും.

സംഭവം നടന്ന ദിവസം വരദൻ മാഷ് ഉണർന്നത് ശകുന്തളയുടെ അമ്പരപ്പിക്കുന്നൊരാവശ്യം കേട്ടുകൊണ്ടായിരുന്നു. അന്ന് പകൽ മുഴുവൻ പുലർച്ചെ താൻ കണ്ട സ്വപ്നവുമായി ഭാര്യയുടെ ആവശ്യം ചേർത്തുവായിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമിതാണ്: റസിഡൻസിന്റെ കഴിഞ്ഞ ന്യൂ ഇയർ സെലിബ്രേഷന്റെ ഭാഗമായി ശകുന്തളയും സംഘവും അവതരിപ്പിച്ച ഡാൻസിന്റെ വീഡിയോ യൂട്യൂബിൽ പത്ത് ലക്ഷം കാഴ്ചക്കാരെ തികച്ചതിന്റെ പാർട്ടി രാത്രി ഫ്ളാറ്റിന് മുകളിൽ വച്ച് സംഘടിപ്പിക്കുന്നു. തദവസരത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ഡാൻസിനുള്ള പ്രാധാന്യത്തെ കുറിച്ച് താൻ പ്രസംഗിക്കണം. മിടുമിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന സിറ്റിയിലെ ഏറ്റവും വിലകൂടിയ സ്കൂളിലെ അധ്യാപകനായിട്ടുകൂടി ഭർത്താവ് റസിഡൻസിന്റെ പരിപാടികളിലൊന്നും വാ തുറക്കാറില്ലെന്ന പരാതി മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൂടി ശകുന്തളയ്ക്കുണ്ടായിരുന്നു.

കണ്ട സ്വപ്നമിതാണ്: നാട്ടിൽ ഓണാഘോഷ പരിപാടി നടക്കുന്ന സമയം. പാമ്പ് കടിയേറ്റ് മരിച്ച ശ്രീധരൻ നായർ വീട് വയ്ക്കാൻ വേണ്ടി പണിഞ്ഞ, വെട്ടുകല്ല് കൊണ്ട് നിർമ്മിച്ച വർഷങ്ങൾ പഴക്കമുള്ള തറ സ്റ്റേജായി ഒരുക്കിയെടുത്ത് അതിന് മുകളിൽ കലാമത്സരങ്ങൾ അരങ്ങേറുന്നു. മൈക്ക് സെറ്റും വർണ്ണക്കടലാസുകളുമൊക്കെയുണ്ട്.

ഇത്തവണ ചലച്ചിത്രഗാനാലാപന മത്സരത്തിൽ ശോഭാ തങ്കപ്പന്റെ 'സുറുമയെഴുതിയ മിഴികളിനെ' ഫസ്റ്റടിക്കാൻ സമ്മതിക്കില്ലായെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് 'ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ' എന്ന ഗാനവുമായി ഇരുപത്തിമൂന്നുകാരനായ താൻ സ്റ്റേജിൽ കയറുന്നു.

ചെവിപൊട്ടുമുച്ചത്തിൽ കൂവൽ, പല്ലവി പാടി മുഴുമിപ്പിക്കുന്നതിന് മുന്നേ തന്നെ!

കൂവിയവരിൽ പ്രധാനികൾ ശോഭാ തങ്കപ്പന് പ്രേമലേഖനം കൊടുത്ത് മറുപടി കാത്തിരിക്കുന്ന പാൽകുപ്പികളാണെന്ന് കൂട്ടുകാരൻ 'നസീർ പ്രഭാകരൻ' പറയുന്നു.
അടുത്ത സീൻ കവുങ്ങിൻ തോപ്പാണ്. നസീറിന്റെ കടുത്ത ആരാധകനായ പ്രഭാകരനൊപ്പം നാനാതരത്തിലുള്ള പ്രാണികൾ നീന്തുന്ന പതയുള്ള കള്ള് ആർത്തിയോടെ കുടിക്കുകയാണ്...

'ചലച്ചിത്രഗാനാലാപന മത്സരം ഒന്നാം സമ്മാനം ശോഭാ തങ്കപ്പൻ...' - മൈക്കിലൂടെ വിളിച്ചുപറഞ്ഞത് കവുങ്ങിൻ തോപ്പിൽ മുഴങ്ങി. ഇനി മേലിൽ പാട്ട് പാടില്ലെന്ന് മാത്രമല്ല, സ്റ്റേജിൽ പോലും കയറില്ലെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് കാലിയായ കുപ്പി എറിഞ്ഞു പൊട്ടിച്ചതും ഹോൺ മുഴക്കി റോഡിലൂടെ ചീറിപ്പാഞ്ഞൊരു വാഹനം ഉറക്കം കെടുത്തി. വർഷങ്ങൾക്ക് മുന്നേയുള്ള ഓർമ്മ...

ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന സമയം നസീർ പ്രഭാകരനെയോർത്തു. പഴുതാര മീശയും നീളൻ കൃതാവുമുള്ള നസീർ പ്രഭാകരൻ. ജീവിച്ചിരിപ്പുണ്ടാവുമോ? പൊട്ടിയൊഴുകാൻ കാത്തുനിൽക്കുന്ന അണക്കെട്ടുപോലുള്ള തന്റെ മുഖം കണ്ട് ആശ്വസിപ്പിക്കാൻ വേണ്ടിയിട്ടാകാം, അന്ന് ശോഭാ തങ്കപ്പന്റെ ആരാധകന്മാർ കരുതിക്കൂട്ടി കൂവിയതാണെന്ന് അവൻ കള്ളം പറഞ്ഞത്. ടേപ് റിക്കാർഡറിനകത്ത് കുരുങ്ങിയ കാസറ്റിനേക്കാൾ പരിതാപകരമാണ് തന്റെ ആലാപനമെന്ന വസ്തുത ഉൾകൊള്ളാൻ പിന്നെയും സമയമെടുത്തിരുന്നു. 'ഒരു പുഷ്പം വരദൻ' എന്ന പേര് നാട്ടിൽ നിന്ന് പോരുന്നത് വരെ വാലായി കൂടെയുണ്ടായിരുന്നു.

എന്തൊക്കെയായാലും അതിന് ശേഷം ഇതുവരെ നാലാള് കേൾക്കെ പാട്ട് പാടിയിട്ടില്ല. സ്കൂളിൽ എന്തെങ്കിലും പരിപാടിയിൽ സ്വാഗതമോ ആശംസയോ പറയാൻ തന്റെ പേര് ആരെങ്കിലും നിർദ്ദേശിച്ചാൽ വരദൻ മാഷ് അവരോട് കയർക്കും. വാശിപിടിച്ച് പേര് തിരുത്തും. കുട്ടികളോട് രസകരമായി സംസാരിക്കുന്ന, സ്കൂളിലെ ഏറ്റവും മികച്ച അദ്ധ്യാപകരിലൊരാളായ വരദൻ സാറിന് സ്റ്റേജിൽ കയറി രണ്ട് വാക്ക് മുട്ടിടിക്കാതെ പറയാൻ കഴിയാത്തതിന്റെ കാരണം സഹപ്രവർത്തകരിൽ ചിലർ അന്വേഷിച്ചെങ്കിലും അവരെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

ചെറുതാണെങ്കിലും ഫ്ളാറ്റിന് മുകളിലൊരു സ്ഥിരം സ്റ്റേജുണ്ട്. മീറ്റിങ്ങുകളും മറ്റ് ആഘോഷപരിപാടികളും നടക്കാറുള്ള സ്റ്റേജ്. പല വർണ്ണങ്ങളിലുള്ള മിന്നാമിനുങ്ങുകളെ പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന എൽ.ഇ.ഡി. ബൾബുകളും മദ്യ സൽക്കാരവുമുണ്ടാകും. അറുപതിൽ കുറയാത്ത സംഘം എന്തായാലുമുണ്ടാകും. അവിടെയാണ് ആരോഗ്യമുള്ള ശരീരത്തിൽ ഡാൻസിനുള്ള പ്രാധാന്യത്തെ കുറിച്ച് സംസാരിക്കേണ്ടത്.

വൈകിട്ട് അരങ്ങേറുന്ന, അങ്ങേയറ്റം ഉപകാരപ്രദമാകാൻ പോകുന്ന തന്റെ ഭർത്താവിന്റെ പ്രസംഗത്തെ കുറിച്ച് ശകുന്തള ഇതിനോടകം എല്ലാവരോടും അഭിമാനപൂർവ്വം വിവരിച്ചു കഴിഞ്ഞിട്ടുണ്ടാകും. തലവേദന, പനി തുടങ്ങിയ ചെറുകിടക്കാരെക്കൊണ്ട് ഇനി അവളുടെ കണ്ണുവെട്ടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെയുള്ളത് വയറിളക്കവും ഛർദ്ദിയുമാണ്. പക്ഷെ പ്രായപൂർത്തിയായ ഏതൊരു മനുഷ്യനും പുറത്തവതരിപ്പിക്കാൻ മടിക്കുന്ന സുഖക്കേടുകളാണ് ഇവ രണ്ടും. 'മൈ സ്റ്റൊമക്ക് ഈസ് നോട്ട് വെൽ' എന്നൊക്കെ സൗന്ദര്യവത്‌കരിച്ച് പറയാമെങ്കിലും പാർട്ടിക്കിടെ മദ്യം തലയ്ക്കുപിടിച്ച ഒരാളെങ്കിലും സെക്രട്ടറിയുടെ ഭർത്താവിന് തൂറ്റലാണെന്ന് പറയാതിരിക്കില്ല. അത് ശകുന്തളയെ ദേഷ്യം പിടിപ്പിക്കാനും അവളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാനും സാധ്യതയുണ്ട്.

balu
വര: വി.ബാലു

ഉച്ച ഭക്ഷണം കഴിക്കാതെ വരദൻ മാഷ് ലൈബ്രറിയിലേക്ക് നടന്നു. കുറച്ചധികം പുസ്തകങ്ങൾ മേശപ്പുറത്തേക്ക് വലിച്ചിട്ട് വൈകിട്ട് അവതരിപ്പിക്കേണ്ട പ്രസംഗത്തിനാവശ്യമായ കുറിപ്പുകൾ അദ്ദേഹം എഴുതിയെടുത്തു.

''ഡിയർ ഫ്രണ്ട്സ്... ഇറ്റ്സ് ടൈം ടു സെലിബ്രേറ്റ്. ആഫ്റ്റർ ഡെലിവറി വണ്ണം വച്ച് സിംഗിൾ സ്റ്റെപ് പോലും വയ്ക്കാൻ കഴിയാത്ത ഹൗസ് വൈവ്സ് പെരുകുന്ന ഈ സിനാരിയോയിൽ നമ്മുടെ റെസിഡൻസിലുള്ള ആറു പെൺപുലികൾ ഹിസ്റ്ററി മാറ്റിയെഴുതിയിരിക്കുന്നു. ഔട്ട്സ്റ്റാൻഡിങ്ങ് എനർജ്ജിയോടെ, ഇവിടെ കൂടിയിരിക്കുന്ന യങ്ങ്സ്റ്റേഴ്സിനെ വെല്ലുന്ന രീതിയിൽ അവർ അവതരിപ്പിച്ച ഡാൻസിന് യൂട്യൂബിൽ പത്ത് ലക്ഷം വ്യൂവേഴ്സ് തികഞ്ഞിരിക്കുകയാണ്. ജസ്റ്റ് ഇഗ്നോർ ദി സെവൻ ഹണ്ട്രഡ് ആന്റ് തേർട്ടി ത്രീ ഡിസ്ലൈക്ക്സ്. ബികോസ് വുമൺസ് എന്നും ഒതുങ്ങിക്കഴിയേണ്ടവരാണെന്ന് തിങ്ക് ചെയ്യുന്ന മെയിൽഷോവനിസ്റ്റുകൾ എല്ലാ കാലത്തുമുണ്ടാകുമല്ലോ... ഡാൻസ് കോറിയോഗ്രാഫി ചെയ്ത സെക്രട്ടറി, അവ്വർ ഡിയറസ്റ്റ് ശകുന്തള വരദനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. ആഫ്റ്റർ ഡിന്നർ നമ്മുടെ വരദൻ സാർ ഹെൽത്തി ലൈഫിൽ ഡാൻസിനുള്ള ഇംപോർട്ടൻസിനെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നതായിരിക്കും. താങ്ക്യൂ...'

അഡ്വ. ജേക്കബ് പറഞ്ഞു നിർത്തിയതും വരദൻ മാഷിന്റെ അടിവയറ്റിലൊരു കൊള്ളിയാൻ വെട്ടി. അതിന്റെ ചൂടിൽ ചുറ്റുമുയർന്ന കരഘോഷം അദ്ദേഹം കേട്ടില്ല. ഇളം വയലറ്റ് സാരിയുടുത്ത് അഭിനന്ദനങ്ങൾ ഷേക്ക് ഹാൻഡുകളുടെയും ആലിംഗനങ്ങളുടെയും രൂപത്തിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ശകുന്തള കൈവീശി എന്തോ പറയാൻ ശ്രമിച്ചത് അദ്ദേഹം കണ്ടില്ല. കുഴിയാനയുടെ കുഴിയിൽ വീണ ചോണനുറുമ്പിനെ പോലെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്തോറും താഴ്ന്നുപോകും പോലെ മാഷിന് തോന്നി. ഉള്ളംകൈയുടെ വിയർപ്പിൽ പ്രസംഗിക്കുമ്പോൾ ഓർമ്മിക്കേണ്ട മർമ്മ പ്രധാനമായ വസ്തുതകൾ കുറിച്ചുവച്ച പേപ്പർ കുതിർന്നു. ചുറ്റുമുള്ളത് മുഴുവൻ ശോഭാ തങ്കപ്പന്റെ ആരാധകന്മാരാണോ?

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്. നീളൻ കൊഞ്ച്, ബീഫ് വെന്താലു, പാലപ്പം, സാലഡ്, വെജിറ്റബിൾ കറി, ബിരിയാണി, വെറ്റ് റൈസ് ഇത്യാദി വിഭവങ്ങൾ ഓരോ പ്ലേറ്റിലും നിറഞ്ഞിട്ടുണ്ട്. കണക്കിൽപ്പെടുന്ന രണ്ട് പെഗ്ഗ് താണ്ടി മുന്നേറിയ ബലത്തിൽ കൊളസ്റ്ററോൾ, ഷുഗർ തുടങ്ങിയ, വർഷങ്ങളായി കൂടെയുള്ള പ്രിയപ്പെട്ട രോഗങ്ങളെ സൗകര്യപൂർവ്വം മറന്ന് തോന്നുന്നതെല്ലാം കഴിക്കുകയാണ് അഡ്വ. ജേക്കബും ആ ഗണത്തിൽപ്പെടുന്ന മറ്റുള്ളവരും. മദ്യം വിളമ്പുന്ന മേശയ്ക്കരികിൽ ആരുമില്ല. സ്വാഭാവികമായി അവിടെ വെളിച്ചവുമില്ല. മാഷ് പതുക്കെ അങ്ങോട്ടേക്ക് നടന്നു.

നാട്ടിൽ നിന്നും പോരുന്നതിന്റെ തലേന്ന്, അതായത് വിവാഹത്തിന് ഒരാഴ്ച മുൻപാണ് അവസാനമായി മദ്യപിക്കുന്നത്. പട്ടാളക്കാരനായ പിതാവിന്റെ കട്ടിലിന് താഴെ ഒളിപ്പിച്ച ശേഖരത്തിൽ നിന്നും ഏറ്റവും വിലകൂടിയതെന്ന് തോന്നിപ്പിച്ച കുപ്പി തന്നെ നസീർ പ്രഭാകരൻ യാത്രാമൊഴി നൽകുന്ന വേളയിൽ കൊണ്ടുവന്നിരുന്നു. വിവാഹശേഷം മദ്യപിക്കേണ്ട ചിന്ത പോലും ഉണ്ടായില്ല എന്നതാണ് സത്യം. അതിനുള്ള അവസരവുമില്ലായിരുന്നു. തന്റെ ഭർത്താവ് മദ്യപിക്കില്ലായെന്ന് അവസരം കിട്ടുമ്പോഴും അല്ലാതെയും അഭിമാനത്തോടെ മറ്റുള്ളവരോട് പറയുന്ന ശകുന്തളയെ ജീവിതത്തിൽ എത്ര തവണ നിസ്സഹായതോടെ താൻ നോക്കി നിന്നിട്ടുണ്ടാകുമെന്ന് വരദൻ മാഷ് ഓർത്തുനോക്കി. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നില്ല. മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്ന മേശയ്ക്കരികിൽ നിന്ന് വരദൻ മാഷ് ചുറ്റും നോക്കി...

പാതിയടഞ്ഞ കണ്ണുകളുമായി അഡ്വ. ജേക്കബ് മുൻനിരയിൽ അയാളുടെ ഭാര്യയോട് ചേർന്നിരിക്കുന്നുണ്ട്. തന്റെ മകളും അവളുടെ പ്രായത്തിലുള്ള രണ്ടുമൂന്ന് പെൺകുട്ടികളും പതിവിന് വിപരീതമായി ഇന്ന് ഏറ്റവും മുന്നിലാണ് ഇരിക്കുന്നത്. അച്ഛന്റെ ആഴത്തിലുള്ള വിജ്ഞാനവും വാക്ചാതുര്യവും എല്ലാവരും അറിയാൻ പോകുന്നതിന്റെ അഭിമാനം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നിരുന്നു.

ശകുന്തളയും ഡാൻസ് ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് അംഗങ്ങളും റസിഡൻസ് അസോസ്സിയേഷൻ നൽകിയ നടരാജ വിഗ്രഹത്തിന്റെ ആകൃതിയിലുള്ള ഉപഹാരവും കൈയിലേന്തി രണ്ടാമത്തെ നിരയിലാണിരിക്കുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണുകൾ പ്രവർത്തിപ്പിച്ച് കുറച്ച് ചെറുപ്പക്കാർ അതിന് പിറകിലായി ഇരിക്കുന്നു. അവരിലൊരാളുടെ ക്യാമറക്കണ്ണ് തന്നെ നോക്കി ചിരിക്കുന്നുണ്ട്. പിൻവശത്തെ വിളക്കുകൾ അണച്ചിരുന്നതിനാൽ ചെറുപ്പക്കാരുടെ പിറകിലുള്ളവരെ വ്യക്തമല്ല. ഒരു ദീർഘനിശ്വാസമെടുത്ത ശേഷം വരദൻ മാഷ് മൈക്ക് കൈയിലെടുത്തു. സദസ്സിനെ സംബോധന ചെയ്യുകയോ മുഖവുരയോ ഒന്നുമുണ്ടായില്ല. നേരെ പ്രസംഗത്തിലേക്ക്. കരുതിയിരുന്ന പേപ്പർ ഇതിനോടകം അപ്രത്യക്ഷമായിരുന്നു.

''നാട്യവിദ്യ. അതായത് നൃത്തം... അതിനെക്കുറിച്ച് പ്രതിപാദിക്കുന്ന മഹദ് ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. രാമായണത്തിനും മഹാഭാരതത്തിനും മുന്നേ ഇതെഴുതപ്പെട്ടിരുന്നുവെന്നാണ് ഊഹം. പണ്ഡിതരത്നം പ്രൊഫസർ കെ.പി. നാരായണ പിഷാരടിയുടെ നാട്യശാസ്ത്രം തർജ്ജമ നമ്മുടെ പുസ്തകശാലകളിൽ ലഭ്യമാണ്. നിങ്ങൾക്കത് വായിച്ചുനോക്കാം. നൃത്തം, ഗീതം, അഭിനയം എന്നിവയെക്കുറിച്ച് വളരെ വ്യക്തമായി അതിൽ പറയുന്നുണ്ട്. ഒരർത്ഥത്തിൽ ഇവ മൂന്നും പരസ്പരം ഇഴചേർന്ന് നിൽക്കുന്നവയാണ്. ആരോഗ്യവുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിന് മുന്നേ നമുക്ക് പാട്ടും നൃത്തവുമായുള്ള അതി തീവ്രമായ ബന്ധം എന്താണെന്ന് നോക്കാം. അഭിനയം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതിനാൽ അതിനെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല... ഗീതം. അതായത് ഗാനം. അതില്ലാതെ ഏത് നൃത്തമാണ് പൂർണമായിട്ടുള്ളത്? അപ്പോൾ പാട്ടാണ് പ്രധാനം. ഈ പാട്ടെന്ന് പറയുമ്പോൾ...''

അടുത്ത വാക്ക് പറയാനുള്ള തയ്യാറെടുപ്പെന്നോണം വരദൻ മാഷ് ഒന്ന് ചുമച്ച് ശബ്ദത്തിലുള്ള പോരായ്മകളെ നിർമ്മാർജ്ജനം ചെയ്തു. ഈ സമയം, യാതൊരു സഭാകമ്പവുമില്ലാതെ ശുദ്ധമായ ഭാഷയിൽ ഒരു വാക്ക് പോലും ഇടറാതെ സംസാരിക്കുന്ന ഭർത്താവിനെക്കണ്ട് ശകുന്തളയുടെ തല അഭിമാനം കൊണ്ട് ഉയർന്നു. ഇംഗ്ലീഷിൽ സംസാരിക്കാൻ ആർക്കും പറ്റും. പക്ഷെ ഇത്രയും സുന്ദരമായി മലയാളത്തിൽ, ആഴത്തിൽ ആധികാരികതയോടെ സംസാരിക്കാൻ ആർക്കാണ് കഴിയുക! ശകുന്തള കൂട്ടുകാരികളെ നോക്കി.

''ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനം മാത്രമെൻ - ഒരു ഗാനം മാത്രമെൻ
ഹൃദയത്തിൽ സൂക്ഷിക്കാം
ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ..''

പ്രസംഗത്തിന് പെട്ടെന്ന് കൈവന്ന മാറ്റം അപഗ്രഥിക്കാൻ ശകുന്തളയുടെ തലച്ചോറിന് അൽപനേരം വേണ്ടി വന്നു. അവളുടെ കണ്ണിൽ ഇരുട്ടുകയറി. നെറ്റിത്തടത്തിൽ വിയർപ്പ് പൊടിഞ്ഞു. അടച്ചുപിടിച്ച വായ യാന്ത്രികമായി തുറക്കപ്പെട്ടു. എല്ലാവരും ആർത്തുചിരിക്കുകയാണ്. ഏതാനും സെക്കന്റുകൾക്ക് മുൻപ് വരെ അഭിമാനത്തോടെ ഉയർന്നുനിന്ന ശകുന്തളയുടെ തല തറയിൽ മുട്ടും വിധം താഴാൻ തുടങ്ങി.

കരുകരാ ശബ്ദത്തിൽ പരിസരം മറന്ന്, കൈകൾകൊണ്ട് വികൃതമായ ചേഷ്ടകൾ കാണിച്ച് താനിതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഏതോ പാട്ട് പാടി കോമാളിയാകുന്ന അച്ഛനെക്കണ്ട വരദൻ മാഷിന്റെ മകൾക്ക് കരച്ചിലിൽ കുറഞ്ഞതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മൊബൈൽ ക്യാമറകൾ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ടുപറന്നു. ഞെട്ടലിൽ കെട്ടിറങ്ങിപ്പോയ അഡ്വ. ജേക്കബ് സ്റ്റേജിൽ കയറി മാഷിന്റെ കൈയിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം അയാളെ തള്ളിമാറ്റി. തറയിൽ മുഖമടിച്ച് വീണ ജേക്കബിന്റെ നെറ്റിയിൽ നിന്നും തെറിച്ച ചോരത്തുള്ളികൾ അയാളുടെ വെളുത്ത ഷർട്ടിൽ പടർന്നു.

ജേക്കബിനെയും കൊണ്ട് ഒരു സംഘം ആശുപത്രിയിലേക്ക് പോയതും കസേര തട്ടിയെറിഞ്ഞ് ശകുന്തള താഴേക്കിറങ്ങിയതും തൊട്ടുപിന്നാലെ മകൾ മുഖംപൊത്തിക്കൊണ്ട് ഓടിയതും ഫ്ളാറ്റിന്റെ വാതിൽ വലിയ ശബ്ദത്തോടെ കൊട്ടിയടക്കപ്പെട്ടതുമൊന്നും വരദൻ മാഷറിഞ്ഞില്ല. കണ്ണുമടച്ച് അദ്ദേഹമങ്ങ് ലയിച്ച് പാടുകയാണ്. ശോഭാ തങ്കപ്പന്റെ ആരാധകരുടെ പരിഹാസം നിറഞ്ഞ മുഖം കാണാതിരിക്കാൻ ഇത്തവണ കണ്ണുമടച്ചേ പാടുകയുള്ളൂ എന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു വരദൻ മാഷ് മൈക്ക് കൈയിലെടുത്തത്. ഇപ്രാവശ്യം തോൽക്കില്ല. ഉറപ്പ്...

''മലർ മണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ'' എന്ന വരി പാടുന്നതിന് മുൻപ് തന്നെ ഏതാണ്ടെല്ലാവരും എഴുന്നേറ്റ് പോയി. പലരും പാർട്ടി അലമ്പായെന്ന് പിറുപിറുത്തു. ചിലർ ശകുന്തളയുടെ അവസ്ഥയോർത്തു വിലപിച്ചു. മറ്റു ചിലർ അവൾക്ക് അങ്ങനെ തന്നെ വേണമെന്ന് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരിൽ ചിലർ മാഷിനൊപ്പം നിന്ന് പലവിധത്തിലുള്ള സെൽഫികളെടുക്കാനും മറന്നില്ല. അതിലൊരു സെൽഫിയും പാട്ട് പാടുന്ന വീഡിയോയും റെസിഡൻസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ വന്നതും ശകുന്തള ഫോൺ തറയിലെറിഞ്ഞുടച്ചു.

അവസാനത്തെ വരിയും പാടിക്കഴിഞ്ഞ് വരദൻ മാഷ് അങ്ങേയറ്റം നിറഞ്ഞ മനസ്സോടെ ഭക്ഷണം നിരത്തിവച്ചിരിക്കുന്ന മേശയ്ക്കരികിലേക്ക് നടന്നു. ബിരിയാണി തന്നെയാകാം. ഒരു കൊഞ്ചും മേമ്പൊടിയായി ഇത്തിരി സാലഡും കൂടിയിരിക്കട്ടെ.

വയറ് നിറച്ച് ഭക്ഷണം കഴിച്ച ശേഷം ഒരു ഏമ്പക്കവും വിട്ട് അദ്ദേഹം വെറും തറയിൽ ആകാശവും നോക്കി കിടന്നു.

തൊട്ടരികിൽ ആരോ ഒരു കുപ്പി വെള്ളം മറന്നുവച്ചിരിക്കുന്നു. ഒരു ലിറ്ററിന്റെ. പക്ഷെ വേണ്ട. ഇന്ന് ഏറ്റവും നല്ല സ്വപ്നം കാണാൻ പുലർച്ച മൂന്ന് മണി വരെ കാത്തിരിക്കേണ്ടി വരില്ല. പെട്ടെന്നുറങ്ങിയേക്കാം, രാവിലെ നസീർ പ്രഭാകരൻ വരും. ചൂണ്ടയിടാൻ പോകാനുള്ളതാണ്...

Content Highlights :Short story Oru Pushpam Matramen Poomkulayil Nirtham njan by Sunu AV