ധ്യവേനല്‍ പരീക്ഷ കഴിഞ്ഞു വാര്യത്ത് മടങ്ങി പോകുമ്പോള്‍ എന്റെ മനസ്സില്‍ ഒരായിരം ആശയങ്ങള്‍ മുളപൊട്ടിയിരുന്നു.ഈ അവധിക്കാലം ഞാനും അമ്മമ്മയും ചേര്‍ന്ന് അടിച്ച് പൊളിക്കണം. നോക്കെത്താ ദൂരത്തെ ഗേളി എന്ന കഥാപാത്രം അത്രമാത്രം എന്റെ മനസ്സില്‍ ഇടം നേടിയിരുന്നു. കൈ കാല്‍ കഴുകി ഊട്ടുപുരയിലെത്തി ഉണ്ണാനായി ഇരുന്നപ്പോള്‍ തികച്ചും അപരിചിതയായ ഒരു സ്ത്രീ അമ്മമ്മയ്ക്ക് തൂശനിലയില്‍ ചോറും കറികളും വിളമ്പി കൊടുക്കുന്നു, കനകാംമ്പരപൂവിന്റെ അത്ര തന്നെ മനോഹരമായ ആ സ്ത്രീയെ ഞാന്‍ അന്ന് ആദ്യമായി കാണുകയായിരുന്നു.

കുത്തരി ചോറില്‍ കട്ടിതൈരും, കണ്ണിമാങ്ങ അച്ചാറും, അവിയലും ഓലനുമൊക്കെയായി അമ്മമ്മ മുന്നേറുന്നതിനിടയില്‍ ഞാന്‍ സ്വകാര്യമായി അമ്മമ്മയോട് ചോദിച്ചു
അത് ആരാണ് അമ്മമ്മേ?
വകയിലെ ബന്ധുവാണ്!
പേര് സീതാലക്ഷ്മി.
വീട്, നാഗര്‍ കോവിലില്‍.
ആകെയുണ്ടായിരുന്ന അമ്മകൂടി മരണപ്പെട്ടപ്പോള്‍ ഓള് തനിച്ചായി, അടുക്കളയില്‍ ജാനുവിന് ഒരു കൈ സഹായം ആയിക്കോട്ടേന്നു കരുതി. ശങ്കരന്‍ ഇങ്ങട് കൂട്ടികൊണ്ട് വന്നു. ഉണ്ണാനും ഉടുക്കാനും എന്തെങ്കിലും കൊടുത്താല്‍ മതിയാകുമെന്നാ ശങ്കരന്‍ പറഞ്ഞത്!
ബംബര്‍ ലോട്ടറി അടിച്ചു ല്ലേ...?
ഇവര്‍ക്കൊക്കെ മാസശമ്പളം എത്ര ഉറുപ്പിക എന്ന് അറിയ്യോ അമ്മമ്മ യ്ക്ക്?
അത് ടൗണില്‍ പരിഷ്‌കാരികള്‍ കൂലി കൂട്ടി കൊടുത്തിട്ടാ
ഞാന്‍ മറു വാക്ക് പറഞ്ഞില്ല, അല്ലെങ്കിലും അമ്മമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക എന്നത് നടക്കാത്ത കാര്യമാണെന്ന് ആര്‍ക്കാ അറിയാത്തത്? അതിനാല്‍ ഞാനാ സാഹസത്തില്‍ നിന്നും പിന്മാറി.
നിര്‍വികാരമായ മുഖഭാവത്തോടെ എനിക്ക് അവര്‍ ചോറ് വിളമ്പി തന്നു. ഉണ്ണുന്നതിനിടയില്‍ ഞാന്‍ പോലുമറിയാതെ സീതമ്മായി ഇച്ചിരി മെഴുക്കുവരട്ടി കൂടി വിളമ്പിതരൂ എന്ന് പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ അവര്‍ എന്നെ നോക്കി പുഞ്ചിരി തൂകി...
അപ്പോള്‍ മുതല്‍ അവര്‍ എനിക്ക് സീതമ്മായി ആയി...

ത്രിസന്ധ്യക്ക് അമ്മമ്മയോടൊപ്പം സര്‍പ്പകാവില്‍ ദീപം തെളിയിച്ചു മടങ്ങവേ ഒരു കൈയില്‍ ചെമ്പരത്തിതാളിയും മറു കൈയില്‍ കസ്തുരി മഞ്ഞള്‍ പൊടിയുമായി കുളകടവിലേക്കു പോകുന്ന സീതമ്മായിയോട് അമ്മമ്മ പറഞ്ഞു,
സീതേ നാളെ മുതല്‍ കുളി കുറച്ചു നേരത്തെ ആയിക്കോളൂ....
ഇന്നലെയും കൂടി കുള ക്കടവില്‍ ഭഗവതിയുടെ ചിലമ്പിന്റെ ഒച്ച ശങ്കരന്‍ കേട്ടൂത്രേ......
എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല!
ആരും കേള്‍ക്കാത്തോ തൊക്കയും ശങ്കരന്‍ കേള്‍ക്കും, സ്ത്രീകളുടെ കടവില്‍ ഒളിഞ്ഞു നോക്കുന്ന വിരുതന്‍!
നാളികേരവും അടയ്ക്കയും വിറ്റു കിട്ടുന്ന വകയില്‍ കള്ളകണക്ക് എഴുതി അമ്മമ്മയെ കാലങ്ങളായി പറ്റിക്കുന്ന ശങ്കരനെ എനിക്ക് തീരെ ഇഷ്ടമല്ല.

തീണ്ടാരിപുരയോട് ചേര്‍ന്ന് ഇടുങ്ങിയ ഒരു മുറിയാണ് സീതമ്മായിക്ക് അന്തി ഉറങ്ങാനായി കൊടുത്തിരുന്നത്. മുറ്റത്ത് നിന്നും പറിച്ചെടുത്ത മൈലാഞ്ചി ഇലകള്‍ സീതമ്മായി അമ്മിക്കല്ലില്‍ വളരെ മര്‍ദ്ദവമായി അരച്ചെടുത്ത് എന്റെ ഇരുകൈകളിലും ഭംഗിയായി കുത്തിട്ടു തരുമായിരുന്നു.ചുമപ്പ് നിറം കൂട്ടാനായി കാത്തിരുന്ന രാത്രികളില്‍ ഞാന്‍ പലപ്പോഴും സീതമ്മായിയുടെ മുറിയില്‍ പോയിരിക്കുക പതിവായിരുന്നു.
പടിഞ്ഞാറത്തെ ജാലകം തുറന്നിടുമ്പോള്‍ തൊട്ടടുത്ത പാടത്തു നിന്നും നെന്മണി മണമുള്ള കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയിരുന്നു....
സുഖകരമായ കുളുര്‍ തെന്നല്‍!

പലപ്പോഴും ഉമ്മറകോലായില്‍ അരിപ്പൊടി കോലം വരയ്ക്കുന്നതിനിടയില്‍ അമ്മായിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മംഗല്യ സൂക്തം കണ്ണില്‍ തൊട്ടു പ്രാര്‍ഥനയോടെ നില്‍ക്കുന്ന അമ്മായി കണ്ടപ്പോള്‍, ഒരിക്കല്‍ കൗതുകം കൂതുഹലമായി തോന്നിയ നിമിഷത്തില്‍ ഞാന്‍ അമ്മായിയോട് ചോദിച്ചു
വേളി....?
അങ്ങ് ദൂരെ.
ദൂരത്തോ... അതെവിടെ?
അണ്ണാനഗര്‍, മദ്രാസ്.
ഉം....
താമര ദളങ്ങള്‍ പോലുള്ള കണ്ണില്‍ നിന്നും പെട്ടെന്ന് നീര്‍ കണങ്ങള്‍ ഗമിച്ചു..
കണ്മഷി പടര്‍ന്നു മുഖം വികൃതമായിരുന്നു....
ഞാന്‍ കാരണം അമ്മായി നൊമ്പരപ്പെട്ട വ്യഥയില്‍ അന്നത്തെ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. വല്ല വിധേന ഞാന്‍ നേരം വെളുപ്പിച്ചു....

ഋതുക്കള്‍ മാറി മാറി വന്നു, കാലചക്രം ഉരുണ്ടു കൊണ്ടേയിരുന്നു...
അമ്മമ്മയുടെ മരണശേഷം തറവാട് ഭാഗം വെച്ചു മച്ചില്‍ സൂക്ഷിച്ചിരുന്ന ഓട്ട് പത്രങ്ങള്‍ക്ക് വേണ്ടി തമ്മില്‍ കലഹിക്കുന്ന ബന്ധുക്കളെ അന്ന് ആദ്യമായി ഞാന്‍ കണ്ടു. വാര്യത്തെ വയലും പുരയിടവുമൊക്കെ പാട്ടക്കരാര്‍ ഉടമ്പടിയില്‍ പാട്ടത്തിന് കൊടുത്തു...
തറവാട് ബാലേട്ടന് കിട്ടി..
അതും നന്നായി..
പക്ഷേ..
അനാഥയായ സീതാമ്മായിയുടെ ഉത്തരവാദിത്ത്വമേറ്റെ ടുക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല.. എന്തെങ്കിലും കൊടുത്തു പറഞ്ഞു വിട്ടേക്ക് വല്യമ്മാവന്‍ ആക്രോശിക്കുന്നത് കേട്ട് സീതമ്മായി തളര്‍ന്നിരുന്നു..
എങ്ങോട്ട്......?
വകയിലെ ബന്ധു എന്ന മേല്‍വിലാസത്തില്‍ കൂലി കൈപ്പറ്റാത്ത വാല്ല്യക്കാരി
പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ കരിപുരണ്ട അടുക്കളയിലെ പുക തിന്നവള്‍,
ഞാന്‍ അടക്കമുള്ളവരുടെ എച്ചില്‍ പാത്രം മേറിയവള്‍
എല്ലാവരുടെയും വിഴുപ്പ് തുണികള്‍ യാതൊരു മടിയും കൂടാതെ അലക്കി വെടിപ്പാക്കിയ
അലക്കുകാരി

ആരോരുമില്ലാത്തവരുടെ ആരെങ്കിലും ആവുക അതൊരു പുണ്യമായി എനിക്ക് തോന്നി. ഒരാളിന്റെ ചിലവ് വഹിക്കാന്‍ ഞാന്‍ പ്രാപ്ത അല്ലെങ്കില്‍ ക്കൂടി അമ്മായിയെ ഉപേക്ഷിക്കാന്‍ എന്റെ മനസ് അനുവദിച്ചില്ല.

വാര്യത്തെ പടിപ്പുരയ്ക്ക് പുറത്ത് മറ്റൊരു ലോകമുണ്ട് നഗരത്തിലെ ഇടുങ്ങിയ എന്റെ വീട്ടില്‍ ഞാന്‍ അമ്മായിയെ കൂട്ടികൊണ്ട് വന്നു...
വാല്ല്യക്കാരി ആയിട്ടല്ല
പെറ്റമ്മ ഇല്ലാത്ത എനിക്ക് സീതമ്മായി എന്റെ സ്വന്തം അമ്മയായി... സൗകര്യങ്ങള്‍തീരെ കുറവാണെങ്കില്‍ കൂടിയും വിശാലമായ ഒരു ഹൃത്തടം എന്റെ ഉള്ളിലുണ്ടെന്നു കാലം കൊണ്ട്  അമ്മായിക്ക് ഞാന്‍ ബോധ്യപ്പെടുത്തി...

വേളി കഴിഞ്ഞു കഷ്ടി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അമ്മായി സ്വരുക്കൂട്ടി വെച്ചിരുന്ന ഇത്തിരി പൊന്നും ഇടിഞ്ഞു വീഴാറായ ഓരോല ചായ്പ്പും വിറ്റു കിട്ടിയ തുച്ഛമായ കാശുമായി മദ്രാസില്‍ സ്വീറ്റ് സ്റ്റാള്‍ തുടങ്ങാനായി പോയതാണ് അമ്മായിയുടെ ഭര്‍ത്താവ്.
നീണ്ട മുപ്പത്തി നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു.... ആദ്യകാലത്ത് ഒന്ന് രണ്ട് കത്തുകള്‍ വന്നിരുന്നു, പിന്നെ അതും നിലച്ചു....

കാത്തിരിപ്പിന്റെ നീളവും പേറി ഇനി ഒരിക്കലും മടങ്ങി വരാത്ത തന്റെ പ്രിയപ്പെട്ടവനെ പ്രതീക്ഷയോടെ വഴികണ്ണും നോക്കിയിരിക്കുന്ന സീതമ്മായി എന്നും എനിക്കൊരു ഉമിത്തീയാണ്...
തൊട്ടടുത്ത തീവണ്ടി ആപ്പിസിലെ ചൂളം വിളിയുടെ ആലസ്യത്തില്‍ ഉറക്കച്ചടവോടെ  ഏറ്റവും ഒടുവിലായി ഇറങ്ങിവരുന്ന യാത്രികനുവേണ്ടിയുള്ള അമ്മായിയുടെ കാത്തിരിപ്പില്‍ ഞാനും പങ്കു ചേരുന്നു...
സീമന്തരേഖയിലെ സിന്ധുര തിളക്കമുള്ള സീതമ്മായിയുടെ വേളി
ഒന്നിങ്ങു വന്നെങ്കില്‍..
സായാഹ്നകാലത്തെ കൂടിച്ചേരലുകള്‍ക്ക് സ്വപ്നങ്ങളുടെ 
നിറക്കൂട്ടുകള്‍ 
കാവല്‍ നിന്നിരുന്നു എങ്കില്‍.....

വെറുതെ...
വെറുതെ...
ഞാനും വെറുതെ
ആശിച്ചുപോകുന്നു.....
ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത ലോകത്താണ് അദ്ദേഹം എന്ന്  സീതമ്മായി യോട്എനിക്ക് പറയാനുള്ള ധൈര്യം  ചോര്‍ന്നു
പോകുന്നു...
അപ്പോഴും അദ്ദേഹം വരും എന്ന് തന്നെ പ്രതീക്ഷിക്കാനാണ്
എനിക്കേറെ ഇഷ്ടം....
വെറുമൊരു പ്രതീക്ഷ ആണെങ്കില്‍
കൂടിയും......

Content Highlights: Malayalam short story by Devika varyath