റീത്ത് വാങ്ങാനുള്ള കാശുണ്ടായിരുന്നു 
പക്ഷേ.. 
നിന്നെ ഓര്‍ത്തപ്പോള്‍ കുടിക്കാതിരിക്കാനായില്ല 
അതിനും കൂടി കുടിച്ചു. അല്ലെങ്കിലും നല്ല ബോധത്തില്‍ വന്ന് ഞാനെങ്ങനെ നിന്നെ കാണും..? 
എരിവ് ലേശം കൂടുതലാണേലും പോത്ത് ഉലര്‍ത്ത് ജോറായിരുന്നു. വറീത് ഇപ്പൊ വീടിനോട് ചേര്‍ന്ന ഒരോലചായ്പ്പിലാ കച്ചോടം. അവന്റെ കെട്ടിയോളെ കണ്ടു പഴയ ചന്തമൊക്കെ പോയി കോലം കെട്ടിരിക്കുന്നു. പായവും ആയില്ലേ..? 
രണ്ടെണ്ണം അടിച്ചിട്ടും തലയ്ക്ക് പിടിക്കുന്നില്ല. സോഡ ഞാന്‍ ചേര്‍ക്കാറില്ലല്ലോ..? 
ഓര്‍മ്മകള്‍ ഒക്കെയും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് പോലെ തെളിഞ്ഞു കത്തുന്നു.. !

ഇനി നല്ല വിശേഷം പറയുക 
ഞാനിവിടെ ഒന്ന് ഇരുന്നോട്ടെ.. 

ഒരുപാട് പേര്‍  ഉണ്ടായിരുന്നോ? 
ഉണ്ടായിക്കാണും 
മക്കളും, മരുമക്കളും, ബന്ധുക്കളും ഇടവകക്കാരും പിന്നെ ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്തവരും !
നിനക്കായി ജീവിതം ഉഴിഞ്ഞുവെച്ചൊരു പെങ്കൊച്ചു ഉണ്ടായിരുന്നല്ലോ..? 
പ്രണയവും സ്വപ്നവും ഇഴനെയ്‌തെടുക്കാന്‍ നീ പഠിപ്പിച്ചുകൊടുത്തൊരു പെങ്കൊച്ച് 
നിന്റെ സോഫിയ !
അവളിപ്പോള്‍ സിസ്റ്റര്‍ സോഫിയ ആണ് 
ക്രിസ്തുവിന്റെ മണവാട്ടി. 
നിന്റെ ഹൃദയത്തെ വൃണിതമാക്കാന്‍ വേണ്ടി 
പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചതല്ല കേട്ടോ.. 

മനഃപൂര്‍വം തന്നെയാണ് ഞാന്‍ നേരത്തെ 
വരാഞ്ഞത്. തിരക്കിനിടയില്‍ നീ എന്നെ ശ്രെദ്ധിച്ചില്ലെങ്കില്‍ അതെനിക്ക് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. 
നിനക്ക് മുന്‍പേ പോവണമെന്നായിരുന്നു എന്റെ ആഗ്രഹം 
പക്ഷേ അത് നിനക്ക് നൊന്താലോ..?
അകലത്താണെങ്കിലും മരിക്കും വരെ 
നിന്നെഞാന്‍ മറക്കില്ലാന്നു പറഞ്ഞപ്പോഴൊക്കെ നീ ചിരിച്ചുതള്ളിയത് 
ഓര്‍ക്കുന്നോ..? 
ഇനിയിപ്പോ മറക്കാലോ എന്ന് നീ പറയുമായിരിക്കും 
പണ്ടും എനിക്ക് നിന്നെ തര്‍ക്കിച്ചു ജയിക്കാന്‍ 
കഴിഞ്ഞിട്ടില്ലല്ലോ..? 
ജീവിതം നമ്മളെ ഏറെ നോവിക്കുമെങ്കിലും 
ചില ഓര്‍മ്മകള്‍ക്കൊക്കെ എന്ത് നിറമാണ് അല്ലേ..? 

നേരം പാതിരാവായ് 
പുലരുവോളം നിനക്കിവിടെ കൂട്ടിരിക്കണമെന്ന് എനിക്ക് ആശയുണ്ട് 
പക്ഷേ.. 
കുടീല് അന്നപെണ്ണ് തനിച്ചല്ലേടാ.. 
തോരാത്ത മഴയില്‍  വഴിക്കണ്ണും നോക്കി എന്നെ കാത്തിരിപ്പുണ്ടാവും. കൂടാതെ 
വലിവിന്റെ ദിനം കൂടിയിട്ടുണ്ടാവും. 

തന്നു പോവാന്‍ ഒന്നുമില്ല, ബീഡി ഒന്നുണ്ടായത് പാതി ഞാന്‍ വലിച്ചു 
ബാക്കി ദാ ഇവിടെ വച്ചിട്ടുണ്ട്. 
നിന്റെ ഇടനെഞ്ചില്‍ ഞാനൊന്ന് കൈവച്ചു.. 

യാത്ര പറയുന്നില്ല.. 

ഇനി തമ്മില്‍ കണ്ടുമുട്ടുന്നിടത്തു നമ്മള്‍ 
അപരിചിതരാവാതിരിക്കട്ടെ.. 

Content Highlights: short story by Devika Varyath