ശിമൂൽമരത്തിനു താഴെയുള്ള ചരൽപ്പാതയിലൂടെ ആ സന്താൾ യുവതി തിരക്കിട്ടു നടക്കുന്നു. അവളുടെ ഇരുണ്ട്, ദൃഢമായ മെലിഞ്ഞ ഉടലിനെ ചാരനിറമുള്ള ഒരു പരുക്കൻ സാരി ചുറ്റിപ്പൊതിഞ്ഞിരിക്കുന്നു. അതിന്റെ ചുവന്ന അരികുകൾ പലാശപുഷ്പത്തിന്റെ ജ്വലിക്കുന്ന മാന്ത്രികതയോടെ കാറ്റിൽ പാറുന്നു.

അശ്രദ്ധനായ ഏതോ ദേവശില്പി,കർക്കിടകത്തിലെ മഴക്കാറും മിന്നലും ചേർത്ത് ഒരു കരിങ്കിളിയെ നിർമ്മിക്കവേ ഈ സന്താൾ യുവതിയായി മാറി. ആ ചിറകുകൾ ഇപ്പോഴും അവളിൽ മറഞ്ഞിരിപ്പുണ്ട്, അവളുടെ ചുവടുകളിൽ ഒരു പെണ്ണിന്റെ നടപ്പും പക്ഷിയുടെ പറക്കലും കൂട്ടിക്കലർത്തിക്കൊണ്ട്.

ശില്പഭംഗിയുള്ള കൈകളിൽ ഒന്നു രണ്ട് അരക്കുവളകളും തലയിൽ മണ്ണു നിറച്ച കുട്ടയുമായി ശിമൂൽ മരച്ചുവട്ടിലെ ചുവന്ന പാതയിലൂടെ അവൾ ചുറുചുറുക്കാർന്നു നടക്കുന്നു.

മടങ്ങാൻ മടിക്കുന്ന ശിശിരം അതിന്റെ ദൗത്യം പൂർത്തീകരിച്ചു കഴിഞ്ഞു. ഇടയ്ക്കിടെ വീശുന്ന തെക്കൻ കാറ്റിന്റെ നിശ്വാസം മഞ്ഞുകാലത്തിന്റെ കാർക്കശ്യത്തെ കളിയാക്കാനും തുടങ്ങി. ഹിമഝരി മരത്തിന്റെയിലകളിൽ കൊഴിയലിന്റെ സൗവർണ്ണ നിറം വായ്ക്കുന്നു.

നെല്ലിമരത്തോപ്പിൽ മൂത്തുപാകമായ കായ്കൾ ചിതറിക്കിടക്കുന്നു. അവ കൊള്ളയടിക്കുന്ന തിരക്കിലാണ് വികൃതിപ്പിള്ളേർ. കലിയിളകിയകാറ്റിന്റെ ചുഴലിയിൽ ഇളകിയാർക്കുന്ന പൊടിയും കരിയിലപ്പറ്റവും.

എന്റെ മൺവീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. പണിക്കാർ തിരക്കിട്ട് ചുവർ പടുക്കുന്നു.

വിദൂരമായ ചൂളം വിളിയിലൂടെ കടന്നുപോക്കറിയിക്കുന്ന തീവണ്ടി. അടുത്തുള്ള പള്ളിക്കൂടത്തിലെ മണിയോശകൾ.

മട്ടുപ്പാവിലിരുന്ന് ഇളവില്ലാതെ വേല ചെയ്യുന്ന അവളെ നോക്കുമ്പോൾ എന്റെ ഹൃദയം ലജ്ജകൊണ്ടുരുകുന്നു; ഉറ്റവർക്കു നിവേദിക്കപ്പെട്ട അവളുടെ സേവനം, കമ്പോള വിലയാൽ അതിന്റെ ശോഭ കെടുത്തിക്കൊണ്ട്, ഏതാനും ചില ചെമ്പുതുട്ടുകളാൽ ഞാൻ കവർന്നെടുക്കുന്നുവല്ലോ എന്നോർത്ത്.

Content Highlights :Sajay KV Translates the prose poem Santhal Woman By Tagore