ചെറുകണ്ടം കൊയ്ത് നെല്‍ക്കതിരുകള്‍ കറ്റയാക്കി ചൂളയും ചെല്ലയും മറ്റു പണിക്കാരും ഒരു താളത്തിലങ്ങനെ നടന്ന് വലിമുറ്റത്ത് കളപ്പുരയോടു ചേര്‍ത്തിടും. പത്തു പതിനഞ്ച് കരിങ്കല്‍ ചീളുകളിലായി കറ്റ മെതിച്ച് നെല്ലാക്കി വയ്‌ക്കോല്‍കന്ന് കെട്ടിയിടും. രാജാക്കന്‍മാരുടെ സ്വര്‍ണകിരീടം പോലെ വയ്‌ക്കോല്‍ കെട്ടുകള്‍കൊണ്ട് വലിമുറ്റത്ത് വയ്‌ക്കോല്‍കുണ്ട നിര്‍മിക്കും. വയ്‌ക്കോല്‍ കുണ്ടകള്‍ മകുടം ചൂടി നിന്നാലും ബാക്കി വരുന്ന വയ്‌ക്കോലുകള്‍ കൂമ്പാരം കൂട്ടി വയ്‌ക്കോല്‍ കൂനയാക്കും. കൂമ്പാരം കൂട്ടിയ വയ്‌ക്കോല്‍ത്തുറു വലിമുറ്റം മുതല്‍ കൊയ്യക്കപ്പഴത്തിന്റെയും കുളക്കരയോടു ചേര്‍ന്നുനില്‍ക്കുന്ന ഞാവല്‍മരത്തിന്റെയും ചുവടു വരെ അവിടവിടെയായി സ്ഥാനം പിടിക്കും. കുട്ടികള്‍ക്ക് ഒളിച്ചു കളിക്കുവാന്‍ പറ്റിയ ഇടമാണ് ഈ വയ്‌ക്കോല്‍ കൂനകള്‍. വൈകുന്നേരം ഒളിച്ചുകളിക്കു ശേഷം ഈ വയ്‌ക്കോല്‍ കൂമ്പാരത്തിനു മുകളിലേക്ക് ഓടിക്കയറി കൊയ്യക്കപ്പഴം കൈ കൊണ്ട് അടര്‍ത്തിയെടുക്കും. അതിനുവേണ്ടി ആഞ്ഞു വലിഞ്ഞാല്‍ പകുതി വയ്‌ക്കോല്‍ത്തുറുവിനോടൊപ്പം താഴേക്ക് മൂക്കുകുത്തി വീഴും. എന്നാലും ഒട്ടും ക്ഷതമേല്‍ക്കില്ല.. പകുതിയോളം വയ്‌ക്കോലുകള്‍ താഴെ പതിക്കുന്നതിനാല്‍ അതിനുമേല്‍ വീണാല്‍ മെത്തപ്പുറത്ത് വീണതുപോലെയുള്ള സുഖം കിട്ടും.

വയ്‌ക്കോല്‍ത്തുറുവില്‍ ഓടിക്കയറിയാല്‍ അങ്ങകലെ വെള്ളാറ മല വ്യക്തമായി കാണാം. ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് കെട്ടാക്കുന്ന മനുഷ്യരൂപങ്ങള്‍ വെള്ളാറ മലയില്‍ പലയിടത്തും കറങ്ങി നടക്കാറുണ്ട്. അച്ഛമ്മ ജയേട്ടനെ നീട്ടിയൊരു വിളിയാണ്...' ജയാ.. ആ വയ്‌ക്കോല്‍ത്തുറൂന്റെ മോളിക്കേറി പണിക്കാര് മലയിലെ ചുള്ളി പൊട്ടിച്ചു കൊണ്ടുപോവുണ്ടോന്ന് നോക്കിക്കേ... ' കിട്ടിയ സന്ദര്‍ഭം പാഴാക്കാതെ ജയേട്ടന്‍ വയ്‌ക്കോല്‍ത്തുറുവില്‍ ഓടിക്കയറും. പിന്നാലെ കയറുവാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ തള്ളിയിടും: മറ്റു ചിലപ്പോള്‍ കൈപിടിച്ച് കയറ്റും.

ജയേട്ടന്‍ വയ്‌ക്കോല്‍ത്തുറുവില്‍ കയറി പ്രഖ്യാപിക്കും. 'ഒരു മനുഷ്യന്റെ കുട്ടീല്യ അമ്മമ്മേ.. 'അച്ഛമ്മയ്ക്ക് സമാധാനമാവും. അച്ഛമ്മ രംഗം ഒഴിഞ്ഞാല്‍ വയ്‌ക്കോല്‍ത്തുറുവില്‍ പൊത്തിപ്പിടിച്ചു കയറി വെള്ളാറ മലയിലേക്ക് നോക്കും. ചൂളയും ചെല്ലയും അക്കമ്മയും ന്ന് വേണ്ട എല്ലാ അടിയാളരും ചുള്ളിക്കമ്പുകളും ചെറിയ മരക്കൊമ്പുകളും ശേഖരിക്കുന്നതു കാണാം.

ജയേട്ടന്‍ പറയും .. 'നീ പറഞ്ഞാ ഞാങ്കൊല്ലും. അവര് ജീവിച്ചു പോയ്‌ക്കോട്ടെ. അമ്മമ്മയ്ക്ക് ഈ ചുള്ളിക്കമ്പൊന്നും തീ കൂട്ടാന്‍ ആവശ്യല്യാ.. ആ വിറകുപുരയില്‍ ചുക്കന്‍ ധാരാളം വിറകുകള്‍ കൂട്ടിയിട്ടിട്ടുണ്ട്. വെള്ളാറ മലയിലെ ചുള്ളിക്കമ്പ് മറ്റു മനുഷ്യര്‍ക്ക് ഉപകാരപ്പെടട്ടെ.'
ആ നല്ല മനസ്സിനു മുന്നില്‍ പിന്നീട് ഒന്നും പറയുവാന്‍ കഴിയില്ല. എങ്കിലും ശുണ്ഠി പിടിപ്പിച്ചാല്‍ എടുത്തിടാനുള്ള തുറുപ്പുശീട്ടുകളാണ് ഈ കള്ളത്തരങ്ങള്‍.

കുളക്കരയിലുള്ള ഞാവല്‍മരം തുരുതുരാ പഴങ്ങള്‍ പൊതിഞ്ഞ് ഭാരം താങ്ങാനാവാതെ നില്‍ക്കുന്നുണ്ട്. വയ്‌ക്കോല്‍ത്തുറുവിന്റെ മുകളില്‍ കയറി ജയേട്ടന്‍ താഴെ ഞാവല്‍പ്പഴം കൊതിച്ചിരിക്കുന്ന മിന്നുവിനും ഉണ്ണിയ്ക്കും ധാരാളം പഴങ്ങള്‍ കോമ്പലയോടെ പൊട്ടിച്ചു കൊടുക്കും. 

മിന്നു ഉടുപ്പു കാണിച്ച് കോമ്പല പിടിക്കുവാന്‍ ശ്രമിച്ചാലും ഇടയ്ക്ക് ലക്ഷ്യം തെറ്റി ഞാവല്‍പ്പഴം കുളത്തിലേക്കും കരയിലേക്കും തെറിച്ചു വീഴും. പഴം തീനികളായ ഒരു പറ്റം ഉറുമ്പുകള്‍ കരയിലെ ഞാവല്‍പ്പഴത്തിന്റെ ഉടമസ്ഥാവകാശം പിടിക്കും. കുളത്തിലുള്ള കണ്ണന്‍മത്സ്യവും മൊയ്യും ഞാവല്‍പ്പഴം ഒന്നുകൊത്തി നോക്കി വെള്ളത്തിനടിയിലേക്ക് ഊളിയിടും.ഈ മൊയ്യും കണ്ണനും ഞാവല്‍പ്പഴം തിന്നുമോ എന്നു ചോദിച്ചാല്‍ ജയേട്ടന്‍ പറയും. 'പിന്നില്യാതെ... ഒരു മുതലച്ചന്‍ വരെ കുളക്കരയിലുള്ള അത്തിപ്പഴം തിന്നില്യേ..? പിന്ന്യാണോ ഇത്തിരി പോന്ന ഇവന്‍മാര് .. ഈ ഞാവല്‍പ്പഴം ദിവസവും തിന്നുന്നതുകൊണ്ടാണ് അവര് നമ്മെ ഉപദ്രവിക്കാത്തതു തന്നെ. അല്ലെങ്കി കൊളത്തിലിറങ്ങുമ്പോ മോന്തയ്ക്കിട്ടൊരു കൊത്ത് കിട്ടിയാല്‍ അവടെ കെടക്കും.. അല്ല പിന്നെ.. '

ജയേട്ടന്‍ പറയുന്ന കഥകള്‍ കുട്ടികള്‍ കണ്ണടച്ച് വിശ്വസിക്കുകയൊന്നുമില്ല. ഒരു ദിവസം വയ്‌ക്കോല്‍ത്തുറുവില്‍ കയറി ഞാവല്‍പ്പഴം കോമ്പലയായി പൊട്ടിച്ചെടുക്കുന്നതിനിടയില്‍ വയ്‌ക്കോല്‍ത്തുറു ആഞ്ഞ് കുളത്തില്‍ വീണു. ഒപ്പമതാ ജയേട്ടനും... വയ്‌ക്കോലിനിടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന ജയേട്ടന് മിന്നുവിനെ നീന്തല്‍ പഠിപ്പിക്കുവാനായി അച്ഛമ്മ കരയില്‍ കൊണ്ടുവെച്ച കെട്ടിയിട്ട രണ്ടു തേങ്ങ വെള്ളത്തിലിട്ടു കൊടുത്താണ് രക്ഷപ്പെടുത്തിയത്. അച്ഛമ്മ കുളക്കരയില്‍ എത്തുമ്പോഴേക്കും കക്ഷി  കരയില്‍ എത്തിയതിനാല്‍ എല്ലാവരും ചൂരല്‍ കഷായം കിട്ടാതെ രക്ഷപ്പെട്ടു. ഓരോ ദിവസവും ഞാവല്‍മരത്തില്‍ കൂടുതല്‍ കൂടുതല്‍ പഴങ്ങള്‍ കോമ്പലകളായി പ്രത്യക്ഷപ്പെടും. വെള്ളാറ മലയിലുള്ള പലയിനം കിളികളുടെ ഇടത്താവളമാണ് ഈ ഞാവല്‍ മരം.കുട്ടികള്‍ക്ക് പക്ഷി നിരീക്ഷണത്തിന് പറ്റിയ ഇടവും. തത്തമ്മ, മൈന, പഞ്ചവര്‍ണക്കിളി, കാക്കച്ചി, ഓലഞ്ഞാലിക്കുരുവി, മരംകൊത്തി തുടങ്ങി കൃഷ്ണപ്പരുന്തു വരെ ഞാവല്‍മരത്തില്‍ പറന്നു വന്നിരുന്ന് ഞാവല്‍പ്പഴം കൊത്തിത്തിന്നും. കുറേ ഞാവല്‍ പഴങ്ങള്‍ കുളത്തില്‍ വീഴും.' ഗുളു ഗുളു ' ശബ്ദം കേട്ടാല്‍ ഓരോരുത്തര്‍ കുളത്തിന്റെ മുകള്‍പ്പരപ്പില്‍ ഊളിയിട്ടെത്തി നിരീക്ഷണം നടത്തി ഒരു പോക്കുണ്ട്. ഞാവല്‍മരത്തിന്റെ ഉച്ചിയില്‍ കയറി കുളത്തിലേക്ക് ആഞ്ഞു തൊടുന്നത് ജയേട്ടന്റെയും അനിയേട്ടന്റെയും ഒരു വിനോദമാണ്. ബാക്കി ഏവരും മറ്റു കൊമ്പുകളില്‍ സ്ഥാനമുറപ്പിച്ച് ദൈവത്തെ ഹൃദയം തുറന്ന് വിളിച്ച് ആ അഭ്യാസപ്രകടനങ്ങള്‍ കഴിയുന്നതുവരെ ശ്വാസം നിലച്ചകണക്കെ നില്‍ക്കും. വയ്‌ക്കോല്‍ത്തുറുവില്‍ കയറിക്കളിക്കുന്നത് ചൂളയ്ക്കും ചെല്ലയ്ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. അച്ഛമ്മ അവരെ വിളിച്ച് ചില ദിവസങ്ങളില്‍ വയ്‌ക്കോല്‍ കൂന വീണ്ടും വീണ്ടും ക്രമീകരിക്കും. ചെല്ല അച്ഛമ്മ കേള്‍ക്കാതെ പറയും .. ഇനി ജയന്‍ കുട്ടി വയ്‌ക്കോല്‍ത്തുറുവില്‍ കയറിക്കളിച്ചാല്‍ വയ്‌ക്കോല്‍ ഭൂതം രാത്രി കഴുത്തു പിടിച്ചു ഞെരിക്കുമെന്ന്. അങ്ങനെ ഒരു ഭൂതത്തിനെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് ജയേട്ടന്‍ പറയാറുള്ളത്. പക്ഷേ വയ്‌ക്കോല്‍ ഭൂതം രാത്രി പന്ത്രണ്ടു മണിക്കു ശേഷം ശബ്ദമുണ്ടാക്കാതെ വന്ന് കുട്ടികളുടെ കഴുത്തു ഞെരിക്കുന്നത് എത്രയോ തവണ  സ്വപ്നം കണ്ടിട്ടുണ്ട്.

valluvanaadan katha
വര: മദനൻ

തൊഴുത്തിലുള്ള പശുക്കള്‍ക്ക് വയ്‌ക്കോല്‍ത്തുറുവില്‍ നിന്ന് വയ്‌ക്കോല്‍ കൊണ്ടിട്ടു കൊടുക്കുവാന്‍ പറഞ്ഞാല്‍ കുട്ടികള്‍ കെട്ടാക്കി വെച്ച കച്ചികള്‍ തൊഴുത്തിലിട്ടുകൊടുക്കും. ഒമ്പത് കള്ളിയുള്ള തൊഴുത്തില്‍ വയ്‌ക്കോല്‍ കന്നുകള്‍ ഇടാനുള്ള മത്സരയോട്ടത്തില്‍ അടി ഇടി സൗന്ദര്യപ്പിണക്കങ്ങള്‍ വരെ നീളും.മഴക്കാലത്ത് ഈ വയ്‌ക്കോല്‍ത്തുറു കാണുവാന്‍ ഒരു ഭംഗിയുമില്ല. ചീഞ്ഞ് ഒട്ടിക്കിടക്കുന്ന വയ്‌ക്കോല്‍ത്തുറു കുട്ടികളുടെ ശ്രദ്ധയില്‍ പോലും പെടില്ല. മഴക്കാലം കഴിഞ്ഞാല്‍ വയ്‌ക്കോല്‍ത്തുറുവിനു ചുറ്റും പൊടിക്കൂണുകള്‍ പ്രത്യക്ഷപ്പെടും. ആ കൂണ്‍ മുളകരച്ചു പിടിപ്പിച്ച് അച്ഛമ്മയുടെ ഒരു കറിയുണ്ട്! ആ സ്വാദ് ഒരു കറിയ്ക്കും ഉള്ളതായി ഒരു കുട്ടിയ്ക്കും അനുഭവപ്പെട്ടിട്ടുണ്ടാകില്ല. കൂണ്‍കൃഷി നടത്തിയതുപോലെ കൂണുകള്‍ ഒരേ ക്രമത്തില്‍ മുളച്ചുപൊന്തി വയ്‌ക്കോല്‍ത്തുറുവിനു ചുറ്റും അലങ്കരിച്ചു നില്‍ക്കും. പൊടിക്കൂണുകള്‍ ക്രമത്തില്‍ കുട ചൂടി നില്‍ക്കുന്നത് കാണുമ്പോള്‍ അച്ഛമ്മയ്ക്ക് ഇരിപ്പുറയ്ക്കില്ല. ഞാവല്‍മരത്തിനു കീഴെയുള്ള വയ്‌ക്കോല്‍ത്തുറുവിനു ചുറ്റും കൂടുതല്‍ പൊടിക്കൂണുകള്‍ കുട ചൂടും. ഒരു വട്ടളത്തില്‍ ഈ കൂണുകള്‍ നുള്ളിയെടുക്കുന്ന അച്ഛമ്മയുടെ പ്രവൃത്തിയില്‍ കുട്ടിപ്പട്ടാളവും ഭാഗഭാക്കാവും. വെള്ളാറ മലയിലേക്കുള്ള ഇടുങ്ങിയ വഴി നിറയെ ഞാവല്‍ മരങ്ങളുണ്ടെങ്കിലും പക്ഷിക്കൂട്ടങ്ങളും കുരങ്ങുകളും കുളക്കരയോടു ചേര്‍ന്ന ഞാവല്‍മരത്തിലാണ് തമ്പടിച്ചിരുന്നത്. ദൈവം കനിഞ്ഞനുഗ്രഹിച്ച് തുരുതുരാ ഞാവല്‍പ്പഴങ്ങള്‍ കോമ്പല കൂട്ടുന്നതും കുളക്കരയിലെ ഞാവല്‍മരത്തില്‍ തന്നെ .ഞാവല്‍മരത്തിനോടു ചേര്‍ന്ന കുളവും കീഴെയുള്ള വയ്‌ക്കോല്‍ത്തുറുവും എല്ലാ കാലത്തും ഞാവല്‍മരത്തിന് ഈര്‍പ്പവും വളവും നല്‍കുന്നു എന്നാണ് അച്ഛമ്മയുടെ പക്ഷം. കഠിനമായ വേനലിലും ഞാവല്‍മരത്തിനു കീഴെയുള്ള വയ്‌ക്കോല്‍ത്തുറുവില്‍ കയറുന്നത് സുഖമുള്ള ഒരു അനുഭവമാണ്. ആ ഞാവല്‍മരവും കുളക്കരയും കുളവും തമ്മില്‍ എന്തെല്ലാം കഥകളാണ് പരസ്പരം കൈമാറുന്നുണ്ടാവുക! കുട്ടികളുടെ ഞാവല്‍മരവും കുളവും വയ്‌ക്കോല്‍ത്തുറുവും അച്ഛമ്മയ്ക്കും അടിയാളര്‍ക്കും എന്നുമൊരു ചെറിയ പേടി സ്വപ്നമാണ്. വയ്‌ക്കോല്‍ത്തുറുവില്‍ കളിച്ച് മിന്നുവും ഉണ്ണിയും മറ്റും കുളത്തിലേക്ക് വീണുപോകുമോ എന്ന ഭയം വീട്ടുകാര്‍ക്കുണ്ട്. കുളത്തിന്റെ ആഴം അത്രയ്ക്കുണ്ടത്രെ! ചൂളയുടെ കെട്ടിയവന്‍ അച്ഛമ്മയെ ഇsയ്ക്ക് ഭയപ്പെടുത്തുന്നുമുണ്ട്.'' എമ്പ്രാട്ടി വിചാരിക്കണ പോലല്ല കാര്യങ്ങള്.. ആ കുളത്തി വീണാ വെള്ളം വറ്റിച്ചാലും പൊടിക്കുഞ്ഞുങ്ങളെ കിട്ടില്ല. എത്രൂട്ടം ജന്തുക്കളാ അതിനുള്ളിലെന്ന് എന്റപ്പന്‍ ചാത്തി പറയാറുണ്ട്.'അച്ഛമ്മ ഇതൊന്നും കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കിലും ഒരു ഉള്‍ഭയം ഉണ്ടെന്ന് മനസ്സിലാക്കാം. കുട്ടികള്‍ ഞാവല്‍മരത്തിന്റെ വയ്‌ക്കോല്‍ത്തുറുവില്‍ എത്തുമ്പോള്‍ തോട്ടിയുമായി അച്ഛമ്മ ഇറങ്ങും. ദൂരെ നിന്ന് കൊക്ക ഉപയോഗിച്ച് മാങ്ങ പറിയ്ക്കുമ്പോഴും കണ്ണ് വയ്‌ക്കോല്‍ത്തുറുവിലായിരിക്കും.
കാട്ടുപന്നികള്‍ വയ്‌ക്കോല്‍ത്തുറു കുത്തിമലര്‍ത്തി വയ്‌ക്കോല്‍ത്തുറുവിന് ബലക്ഷയം ഉണ്ടെന്ന് അച്ഛമ്മ ആവര്‍ത്തിച്ചു പറഞ്ഞാലും കുട്ടികള്‍ എന്നും വൈകീട്ട് വയ്‌ക്കോല്‍ത്തുറുവിനു മുകളില്‍ തന്നെ .

അതിനിടയിലാണ് കോട്ടയത്തുനിന്ന് വറീതു ചേട്ടന്‍ വെള്ളാറമലയ്ക്കപ്പുറമുള്ള തീക്കൊള്ളിമലയില്‍ കുറച്ചു സ്ഥലം വാങ്ങി റബ്ബര്‍ കൃഷിയുമായി തീക്കൊള്ളിമലയില്‍ ഒരു കുടിലുകെട്ടി താമസമാക്കിയത്. എന്നും പ്രഭാതത്തിലും വൈകീട്ടും നീളമുള്ള ഒരു തോക്ക് തോളത്തു വെച്ച് അയാളുടെ ഒരു സവാരിയുണ്ട്.. കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് മാംസം ഭക്ഷിക്കുന്നതിനാണെന്നാണ് അച്ഛമ്മ പറഞ്ഞത്. ലൈസന്‍സില്ലാത്ത തോക്കുമായി അയാള്‍ റോന്തുചുറ്റുന്നത് അപകടമാണെന്ന് ജയേട്ടന്‍ പറയുകയുണ്ടായി. അയാളെക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടാല്‍ അയാളെ ജയിലിലടയ്ക്കും എന്നും ജയേട്ടന്‍ പറഞ്ഞു.ഒരു ദിവസം അയാള്‍ മയിലുകളെ വെടിവെച്ചു വീഴ്ത്തുന്നത് ദൂരെ നിന്ന് കുട്ടികള്‍ കാണാനിടയായി. മുയലുകളെയും അയാള്‍ കൊല്ലുന്നുണ്ട്. മയിലമ്മയുടെ പിടപ്പ് കുട്ടികളുടെ മനസ്സില്‍ മായാതെ കിടന്നു. അയാള്‍ക്കെതിരേ പരാതിപ്പെട്ടാല്‍ അയാള്‍ കുട്ടികളെയും വെടിവെച്ചു കൊല്ലുമെന്ന് ഉണ്ണി പറഞ്ഞു. അയാള്‍ക്ക് കുട്ടികളെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് ജയേട്ടന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ അയാള്‍ക്കെതിരേ ഒരു പരാതി തയ്യാറാക്കി. പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്ന വറീതു ചേട്ടനെ ഞാവല്‍മരത്തില്‍ കെട്ടിയിട്ട് വിചാരണ തയ്യാറാക്കി പത്ത് ചാട്ടവാറടി നല്‍കി ഉപദേശിക്കണമെന്ന ശിക്ഷാരീതിവരെ കുട്ടികള്‍ പരാതിയിലെഴുതിയുണ്ടാക്കി. പരാതി എഴുതി തയ്യാറാക്കിയ ആളിന്റെ കയ്യക്ഷരം വറീതു ചേട്ടന്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് അനിയേട്ടന്‍ പ്രസ്താവനയിറക്കി. ഒടുവില്‍ പരാതി അച്ഛമ്മയുടെ കൈകളിലെത്തി. മേശപ്പുറത്തു തയ്യാറാക്കി വെച്ച പരാതിയെടുത്ത് മിന്നുവും ഉണ്ണിയും അച്ഛമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വിദുഷിയായ അച്ഛമ്മ പരാതി വായിച്ച് ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. അന്ന് വൈകീട്ട് കുട്ടികള്‍ വയ്‌ക്കോല്‍ത്തുറുവില്‍ കളിക്കുന്ന നേരം തോളത്ത് നീളമുള്ള തോക്കും പിടിച്ച് വെള്ളാറ മലയിറങ്ങി വറീതു ചേട്ടന്‍ വരുന്നു. അച്ഛമ്മ മിന്നുവിനെ വിട്ട് കണ്ണടയും പരാതിയും എടുപ്പിച്ചു. വറീതു ചേട്ടനെങ്ങാനും പരാതി എഴുതി തയ്യാറാക്കിയ ആളുടെ കൈപ്പട മനസ്സിലാക്കിയാല്‍ തീര്‍ന്നു കഥ!വറീതു ചേട്ടന്‍ അടുത്തെത്തുന്തോറും കുട്ടികളുടെ മനസ്സ് പിടയ്ക്കുന്നുണ്ട്. അച്ഛമ്മ വറീതു ചേട്ടനെ കൈകൊട്ടി വിളിച്ചു. കുട്ടികള്‍ ഏറ്റു കൈകൊട്ടി. അച്ഛമ്മ അയാള്‍ക്ക് ആ പരാതിക്കടലാസ് കൈകളില്‍ കൊടുത്തു. വറീതു ചേട്ടന് എഴുത്തും വായനയും വശമില്ലെന്നറിഞ്ഞപ്പോള്‍ അച്ഛമ്മ അയാളെ പരാതി വായിച്ചു കേള്‍പ്പിച്ചു. പരാതി വായിച്ചു തീര്‍ന്നപ്പോള്‍ വറീത് ചേട്ടന്‍ അച്ഛമ്മയെ കൈകൂപ്പി ഒന്നും ഉരിയാടാതെ നടന്നു പോയി. പേടിച്ച് വയ്‌ക്കോല്‍ത്തുറുവിനു മുകളില്‍ രക്ഷപ്പെടാന്‍ കയറിയ കൗമാരക്കാര്‍ ആര്‍പ്പുവിളിച്ചു. അയാള്‍ തിരിഞ്ഞ് രൂക്ഷമായൊന്നു നോക്കി. പിന്നീട് ആ നോട്ടം പൊട്ടിച്ചിരിയായി.. ഒടുവില്‍ അട്ടഹസിച്ച് വറീതു ചേട്ടന്‍ നടന്നകന്നു.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഞാവല്‍മരത്തിനു കീഴെ പ്രത്യക്ഷപ്പെടാറുള്ള
വയ്‌ക്കോല്‍ത്തുറുവിന്റെ ഉയരം ക്രമേണ കുറയുവാന്‍ തുടങ്ങി. കൃഷിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ അച്ഛമ്മ ചെറിയ കണ്ടത്തില്‍ വാഴകൃഷി നടത്തുവാന്‍ തുടങ്ങി. പിന്നീട് പിന്നീട് എല്ലാ വയ്‌ക്കോല്‍ത്തുറുകളും അപ്രത്യക്ഷമായതോടെ പൊടിക്കൂണുകളും കണി കാണാതായി. ഞാവല്‍മരത്തിലെ കോമ്പലപ്പഴങ്ങള്‍ വട്ടപൂജ്യം.. വാഴകൃഷിയും അച്ഛമ്മയുടെ തലമുറയോടു കൂടി നിലച്ചപ്പോള്‍ ചെറുകണ്ടം വിണ്ടു വരണ്ട് കിടന്നു. ജോലിയും കുടുംബവുമായി ബാല്യ കൗമാരക്കാര്‍ നഗരങ്ങളില്‍ ചേക്കേറി. ഒരിക്കല്‍ ന്യൂജനെ ഞാവല്‍മരം കാണിക്കുവാന്‍ പോയപ്പോള്‍ ആ മരം അവിടെയില്ല. ചൂളയുടെ മകന്‍ പറഞ്ഞത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തിലേക്ക് കടപുഴകി വീണു എന്നാണ്. ഒരു കാലത്ത് അവിടെയുണ്ടായിരുന്ന വയ്‌ക്കോല്‍ത്തുറുവിനെക്കുറിച്ച് പറഞ്ഞു കൊടുക്കുവാന്‍ തുനിഞ്ഞത് പാഴ്ശ്രമമായി... കുളവും വറ്റിവരണ്ടിരിക്കുന്നു.. പക്ഷിക്കൂട്ടങ്ങളും പ്രകൃതിയുടെ ഈണവും നഷ്ടപ്പെട്ട നിശ്ശൂന്യമായ ഗ്രാമം... കുളക്കരയിലെ ഞാവല്‍മരം കടപുഴകിയപ്പോള്‍ പക്ഷികള്‍ തീക്കൊള്ളിമലയിലുള്ള അനിയത്തി ഞാവല്‍മരത്തില്‍ കുറച്ചു കാലം കൂടുകൂട്ടിയിരുന്നത്രെ. ഒടുവില്‍ ഗ്രാമത്തിലെ ഞാവല്‍മരങ്ങളെല്ലാം തനിയെ അപ്രത്യക്ഷമായ കഥ ചൂളയുടെ മകന്‍ വിവരിച്ചു.. ഇന്നിപ്പോള്‍ ഒരു പക്ഷിയും അവിടെ വരുന്നില്ലത്രെ. വയ്‌ക്കോല്‍ കൂമ്പാരങ്ങള്‍ക്കു പകരം അവിടവിടെയായി സിമന്റുകട്ടകള്‍ കൂമ്പാരം കൂട്ടിയിരിക്കുന്നു. ചൂളയുടെ മകന് ഈ കട്ടകള്‍ നിര്‍മിച്ചുകൂട്ടുന്ന പണിയാണത്രെ. ജീവന്റെ തുടിപ്പു നഷ്ടപ്പെട്ട ഗ്രാമത്തോടു വിട പറഞ്ഞ് നഗരത്തിലെത്തിയപ്പോള്‍ നഷ്ടങ്ങളുടെ പട്ടിക നീളുന്നതറിഞ്ഞു... തിരിച്ചു കിട്ടാത്ത സൗഭാഗ്യങ്ങളിലേക്ക് വെറുതെ.... വെറുതെയൊരു യാത്ര....

Content Highlights: Valluvanaadan Katha, Short Stories, Mathrubhumi Books