നാട്ടിലെ ഏറ്റവും വലിയ മടിയനായിരുന്നു ഹുവാന്‍. ഒരു ജോലിയും അവന്‍ ചെയ്യില്ല. ഏതു സമയവും വെറുതെ മരത്തണലില്‍ കിടന്നുറങ്ങും.

 ഒരു ദിവസം അവന്റെ അച്ഛന്‍ അവനെ വിളിച്ചു പറഞ്ഞു: ''ഈ നാട്ടില്‍ എനിക്കൊരു വിലയും നിലയുമൊക്കെയുണ്ട്. നീ കാരണം അതെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മടിയന്റെ അച്ഛനായാണ് ഞാന്‍ അറിയപ്പെടുന്നത്. അതു കൊണ്ട് ഒന്നുകില്‍ നീ വല്ല ജോലിയും ചെയ്യണം; അല്ലെങ്കില്‍ വീടുവിട്ടു പോകണം.'

 ജോലി ചെയ്യാന്‍ ഹുവാന് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. വീടുവിട്ടു പോകാന്‍തന്നെ അവന്‍ തീരുമാനിച്ചു. അങ്ങനെ അച്ഛന്‍ നല്‍കിയ കുറച്ചു പണവുമായി അവന്‍ വീടുവിട്ടിറങ്ങി.

 വഴിയിലൊരിടത്തുനിന്ന് അവന്‍ നാലു മെഴുകുതിരികള്‍ വാങ്ങി. നേരമിരുട്ടാന്‍ തുടങ്ങിയപ്പോള്‍ അതുമായി അവന്‍ ഒരു കുന്നിന്‍ചെരുവിലെ മരച്ചുവട്ടില്‍ ചെന്നിരുന്നു. അച്ഛനും അമ്മയ്ക്കും ജനിച്ചു വളര്‍ന്ന വീടിനും വേണ്ടി അവന്‍ മൂന്നു മെഴുകുതിരികള്‍ കത്തിച്ചുവെച്ചു. എന്നിട്ട് അവിടെത്തന്നെ കിടന്നുറങ്ങി. 

 പാതിരാവായപ്പോള്‍ അവന്‍ ഉണര്‍ന്നു. നാലാമത്തെ മെഴുകുതിരി കത്തിച്ചുവെച്ചിട്ട് അവന്‍ പ്രാര്‍ത്ഥിച്ചു: 'കുന്നുകളുടെ ദൈവമേ, എന്നെ രക്ഷിക്കണേ.'

 ഉടനെ നരച്ചുനീണ്ട  താടിയും മുടിയുമുള്ള കുന്നുകളുടെ ദൈവം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു: 'ഞാനാണ് കുന്നുകളുടെ ദൈവം. നിന്നെ ഞാനെങ്ങനെയാണ് സഹായിക്കേണ്ടത്?'

 'ദൈവമേ,' ഹുവാന്‍ പറഞ്ഞു: 'ലോകത്തിലെ ഏറ്റവും വലിയ മടിയനായി ജീവിക്കാന്‍ എന്നെ അനുഗ്രഹിക്കണം.'

'ലോകത്തിലെ ഏറ്റവും വലിയ മടിയനാകണമെങ്കില്‍ നീയൊരു രാജാവായിത്തീരണം.  കാരണം രാജാക്കന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ മടിയന്മാര്‍.അവര്‍ക്ക് വിഡ്ഢിത്തം നിറഞ്ഞ കല്‍പ്പനകള്‍ കൊടുത്തുകൊണ്ടിരുന്നാല്‍ മതി. അതുകൊണ്ട് ഒരു രാജാവായിത്തീരാന്‍ ഞാന്‍ നിന്നെ സഹായിക്കാം.  അതിനു വേണ്ടി നീ അടുത്ത രാജ്യത്തേക്കു പോകണം. എന്നിട്ട് നഗരത്തിനു മധ്യത്തിലുള്ള  പൊതുകുളത്തിനടുത്ത് പോയിരിക്കണം. രാജകുമാരി അവിടെ വസ്ത്രങ്ങളലക്കാന്‍ വരും. അവളുടെ മോതിരം കുളത്തില്‍ വീണുപോകും.ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് യാതൊരു ബോധവും ഓര്‍മ്മയുമില്ലാത്തവരാണ് രാജകുമാരിമാര്‍. തന്റെ മോതിരം എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അവള്‍ക്ക് യാതൊരോര്‍മ്മയും ഉണ്ടാകില്ല. നി നീ ഞാന്‍ പറയുന്നതുപോലെ ചെയ്യണം.' 

കുന്നുകളുടെ ദൈവം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതനുസരിച്ച് ഹുവാന്‍ അയല്‍രാജ്യത്തേക്ക് പുറപ്പെട്ടു.

 നഗരമധ്യത്തിലുള്ള പൊതുകുളത്തിനടത്തുചെന്ന് അവന്‍ ഇരിപ്പായി. കുറെ സമയം കഴിഞ്ഞപ്പോള്‍ വസ്ത്രങ്ങളലക്കാന്‍ വേണ്ടി രാജകുമാരി അവിടേക്കു വന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഹുവാനെ അവള്‍ ഗൗനിച്ചതേയില്ല. വസ്ത്രങ്ങളലക്കിയിട്ട് അവള്‍ കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.

Books

കുന്നുകളുടെ രാജാവ് പറഞ്ഞതനുസരിച്ച് ഹുവാന്‍, രാജകുമാരി കുളത്തിന്റെ ഏതുഭാഗത്താണ് വസ്ത്രങ്ങളലക്കിയതെന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നിട്ട് ഒരു നീണ്ട വടിയുംകൊണ്ട് അവന്‍ കൊട്ടാരത്തിന്റെ മുന്നില്‍ പോയിരുന്നു. 

കൊട്ടാരത്തിനകത്ത് വലിയ കോലഹലമായിരുന്നു. തന്റെ പ്രിയപ്പെട്ട മോതിരം നഷ്ടപ്പെട്ടതറിഞ്ഞ് രാജകുമാരി കരയാന്‍ തുടങ്ങി. അത് എവിടെയാണ് പോയതെന്ന് അവള്‍ക്ക് തീരെ ഓര്‍മ്മ വന്നില്ല. രാജഭടന്മാരും പരിചാരികമാരും കൊട്ടാരം മുഴുവന്‍ തിരഞ്ഞു. മോതിരം കണ്ടുകിട്ടിയില്ല.  പിന്നീട്, രാജാവ് മന്ത്രവാദികളെയും ജ്യോത്സ്യന്മാരെയും വരുത്തി. അവര്‍ക്കും മോതിരമെവിടെയാണെന്ന് മനസ്സിലായില്ല. ഒടുവില്‍ മോതിരം കണ്ടെത്തുന്നവര്‍ക്ക് തന്റെ പകുതി സ്വത്ത് നല്‍കുമെന്ന് രാജാവ് വിളംബരം ചെയ്തു.

പിറ്റേദിവസം രാജകുമാരി കൊട്ടാരത്തിനു പുറത്തേക്കു വന്നു. കൈയില്‍ നീണ്ട വടിയുമായി വാതിലിനു പുറത്തിരിക്കുന്ന ഹുവാനെക്കണ്ട് അവള്‍ ചോദിച്ചു: 'നിങ്ങളാരാണ്?'

 'ഞാനാണ് ജ്ഞാനിയായ ഹുവാന്‍.' ഹുവാന്‍ പറഞ്ഞു.

 'നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ എന്റെ മോതിരം കണ്ടു പിടിക്കാനാകുമോ?' രാജകുമാരി വീണ്ടും ചോദിച്ചു.

 ''തീര്‍ച്ചയായും.' ഹുവാന്‍ മറുപടി പറഞ്ഞു.

രാജകുമാരി വേഗം രാജാവിന്റെയടുത്തു ചെന്ന് കാര്യം പറഞ്ഞു. രാജാവ് ഹുവാനെ കൊട്ടാരത്തിനകത്തേക്കു വിളിപ്പിച്ചു. തനിക്ക് മോതിരമെവിടെയാണെന്നറിയാമെന്ന് ഹുവാന്‍ രാജാവിന് ഉറപ്പു നല്‍കി. എന്നിട്ട് തന്റെ നീണ്ട വടിയുമായി അവന്‍ കുളത്തിനടുത്തേക്കു പുറപ്പെട്ടു. രാജാവും രാജകുമാരിയും പരിവാരങ്ങളും അവനെ പിന്തുടര്‍ന്നു. രാജകുമാരി വസ്ത്രങ്ങളലക്കിയിടത്ത് ഹുവാന്‍ വടി താഴത്തി. മോതിരം അവിടെയുണ്ടായിരുന്നു!

രാജാവ് വാക്കുപാലിച്ചു.അദ്ദേഹം തന്റെ രാജ്യത്തിന്റെയും സ്വത്തിന്റെയും പാതി ഹുവാനു നല്‍കി. അങ്ങനെയാണ് മടിയനായ ഹുവാന്‍ രാജാവായിത്തീര്‍ന്നത്. തുടര്‍ന്ന് അവന്‍ വിഡ്ഢിത്തം നിറഞ്ഞ കല്‍പ്പനകള്‍ പുറപ്പെടുവിച്ചും അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചും കൂടുതല്‍ വലിയ മടിയനായി ജീവിച്ചു.

Content Highlights:Raajavayitheernna madiyante Kadha, latin american folktale, Mathrubhumi Books