"പൂതനും തെറേം വയൽ വരമ്പത്തുള്ള ബംഗ്ലാവ് മുറ്റത്തെത്തിട്ട്ണ്ട് .. കൊട്ടിക്കേറി കൊട്ടിക്കേറി തറവാട്ടിൽ കേറുമ്പോ.. ഒന്നിനൊന്നോളം പോന്ന പെൺകുട്ട്യോള് കുളിച്ച് നല്ല വസ്ത്രോം അണിഞ്ഞ് നിൽക്കണം. അതിനെവടെ ശൃംഗാരികൾക്ക് നേരം ..  കിഴക്കേപ്പുറത്ത് കൊത്തിക്കല്ലാട്വല്യേ." പാറുക്കുട്ടിയമ്മ ഇരുത്തി മൂളി ശകാരിച്ച് അടുക്കളയിലേക്ക് ഒരു പോക്കു പോകും.

"എത്രൂട്ടം പറഞ്ഞതാ .. മൊലകുടി മാറാത്ത കുട്ടികളൊന്ന്വല്ലല്ലോ പറഞ്ഞാ മനസ്സിലാവാതിരിക്കാൻ ... കൊത്തിക്കല്ലാടല്ലേ... കൊത്തിക്കല്ലാടല്ലേ... തറവാട്ടിൽ കടം കേറി മുടിയും ന്ന് പറഞ്ഞു കൊടുക്കാനല്ലേ കഴിയൂ. അശ്രീകരം ന്നല്ലാണ്ട് ന്താ പറയാ.. "

പാറുക്കുട്ടിയമ്മ പുലർച്ചെ തുടങ്ങിയതാണ് തറവാട്ടിലെ പെൺകുട്ടികളെ വഴക്കു പറയാൻ .എന്നാലോ ... ഈ ശിവകാമിക്കുട്ടിയും പൂർണ്ണിമയും ദേവദത്തയുമുണ്ടോ ഇതു വല്ലതും കേൾക്കുന്നു !
രാവിലെ പല്ലുതേച്ച് കാപ്പി കുടിച്ച് കഴിഞ്ഞാ കിഴക്കേ പുറത്തിരുന്ന് കൊത്തിക്കല്ലാടുന്നത് ഒരു ശീലമാക്കിയിരിക്കയാണ്. പാറുക്കുട്ടിയമ്മ പറയുന്നതിൽ കാര്യമുണ്ട്. കടം കേറി മുടിഞ്ഞു പോയ തറവാടുകളുടെ ചരിത്രം എത്രയെണ്ണം മുന്നിലുണ്ട്. ജാനകിയമ്മ പതുങ്ങിപ്പതുങ്ങി കിഴക്കേ പുറത്തെത്തി." ന്നാലും ന്റെ ശിവകാമിക്കുട്ട്യേ.. അമ്മമ്മ പറയണതിന് ചെറിയ വില കൽപ്പിക്കണം ട്ടൊ ളു ."
" ജാനകിയമ്മേ...അമ്മമ്മ എന്താ പറഞ്ഞത്?"

"ദാ പ്പത് കഥ... അവര് എത്ര നേരായിട്ടാ കൊത്തിക്കല്ലാടല്ലേന്ന് പറേണു.. പൂതനും തെറേം വെള്ളേങ്ങാട്ട് കളത്തിലെത്തി. കൊട്ടിക്കേറി വരുമ്പോ കുളിക്കാതങ്ങനെ നിൽക്കാ... കഷ്ടം തന്ന്യാണേയ് കുട്ട്യേ..."
"ജാനകിയമ്മേ...ഞങ്ങൾ കേട്ടില്ല ട്ടൊളു.. ഇപ്പൊത്തന്നെ ആമ്പൽ കുളത്തിൽ പോയി കുളിച്ചു വരാം."
"ഏടാകൂടങ്ങളല്ലേ പറ്റൂ... അപ്പൊ തൊടിയ്ക്കപ്പുറത്തുള്ള ആമ്പൽ കുളത്തിൽ നീരാടണം. വേണ്ട വേണ്ട... വല്യ പെങ്കുട്ട്യോള് മറപ്പുര കെട്ടിയ ഈ കുണ്ടൻ കുളത്തിൽ കുളിച്ചാ മതി."

"ജാനകിയമ്മയല്ലേ പറയാറ്.. കുണ്ടൻകുളത്തിന് നല്ല ആഴാണ് ... ഒറ്റയ്ക്കൊന്നും പോയി കുളിക്കണ്ടന്ന്.. "
" പോരെ പൂരം ... കുട്ട്യേ.. ഭഗവതിയേം കൊണ്ട് കേറി വരുന്ന പൂതനും തെറേം വീട്ടിൽ കേറുമ്പോ പിന്നാലെയുള്ള ജനക്കൂട്ടത്തിന് ആമ്പൽക്കുളത്തിൽ കുളിച്ച് കാഴ്ചയുണ്ടാക്കി കൊടുക്കേണ്ട ട്ടൊളു. " "അതൊന്നൂല്യാ ജാനകിയമ്മേ... കൊറച്ച് ആമ്പൽ പൂക്കൾ പറിച്ച് വാല്യക്കാരായ ആൺകുട്ട്യോൾക്ക് കൊടുക്കാം ... എന്ത്യേയ്.. "

" കുട്ടി ന്റെ ന്ന് മേടിക്കും.. ഞാൻ തറവാട്ടിലെ അടിച്ചു തളിക്കാരിയാന്ന് വെച്ചല്ലേ ഈ അഹംഭാവം പറച്ചില്.. "
"ന്റെ ജാനക്യേമ്മേ...ഞങ്ങൾ കുണ്ടൻകുളത്തിൽ കുളിച്ച് ദാ വന്നു."
ഹാവൂ... പൂതനും തിറയും തറവാട്ടു മുറ്റത്തെത്തുമ്പോഴേക്കും ന്യങ്കിലും കുളിച്ച് നല്ല പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് പെൺകുട്ടികൾ നിരന്ന് നിൽക്ക്വല്ലോ .. പാറുക്കുട്ടിയമ്മയ്ക്ക് സന്തോഷാവട്ടെ.

എത്ര കാലായി ഇവിടെ പണിക്കു നിൽക്കുന്നു .. പണിക്കാരിയെപ്പോലെ തന്നോട് പെരുമാറിയിട്ടേയില്ല. ഇതുവരെ പാറുക്കുട്ടിയമ്മ തന്നിട്ടേള്ളു... സഹായിച്ചിട്ടേള്ളു.. കെറുവിച്ചൊരു വർത്തമാനം പറഞ്ഞിട്ടില്ല. എല്ലാം ചിട്ടേല് നടക്കണം... അത്രേള്ളു.

ശങ്കരനായാടി വന്നാ മാത്രം പാറുക്കുട്ട്യേമ്മടെ മുഖത്ത് ആധികയറും.പടിയ്ക്കു പുറത്തു നിൽക്കാതെ ഉള്ളിലേക്കു കേറുമോ എന്ന ശങ്കയാണ്. ജാനക്യേ... നീ വേഗം പടിപ്പൊറത്ത്  നെല്ലും ഉപ്പും മൊളകും കൊണ്ടുപോയി കൊടുക്കാന്ന് ആജ്ഞാപിക്കും. പടിയ്ക്കു പുറത്തു നിൽക്കുന്ന ശങ്കരനായാടിയ്ക്കും കെട്ട്യോൾക്കും വയറുനിറച്ചു കൊടുക്കുമെങ്കിലും നായാടികൾ വന്നാൽ പാറുക്കുട്ട്യേമ്മയ്ക്ക് ആകെ ഒരു വെപ്രാളമാണ്. നായാടികൾക്ക് ഉയർന്ന ജാതിക്കാരുടെ വീട്ടിൽ പ്രവേശനമില്ലത്രെ. ഉയർന്ന ജാതിക്കാർ നില്ക്കുന്നിടത്തു നിന്ന് നായാടി എഴുപത്തിനാലടി ദൂരെ നിൽക്കുന്നതാ പണ്ടത്തെ ആചാരം എന്നൊരു പറച്ചിലുമുണ്ട്. പണ്ടേയ്ക്കുപണ്ടേ ഉണ്ടാക്കി വെച്ച സമ്പ്രദായമായതുകൊണ്ടാവും പാറുക്കുട്ട്യേമ്മ ആധിപിടിക്കുന്നത്. അല്ലെങ്കിൽ അവർക്ക് വലിയ വനെന്നോ ചെറിയവനെന്നോ ഒരു ഭേദവും ഇല്ലല്ലോ. കൊട്ടുകേട്ടാ തിറേം പൂതനും കാഞ്ഞനംകാട്ടെത്തീട്ടുണ്ട്..
ങ്ഹാ.. എത്തിപ്പോയല്ലോ സുന്ദരിക്കുട്ട്യോള്..
"ശിവകാമിക്കുട്ട്യേ... ആ നിലവിളക്ക് തെളിയിക്യാ... അമ്മമ്മ കുണ്ടുമുറത്തില് ഇടങ്ങഴീല് അരി വെച്ചിട്ടുണ്ടാകും. അതും ങ്ങട്ട് എടുത്തോളു ട്ടൊ ".
ശിവകാമി വിളക്കു കൊളുത്തി വരുമ്പോഴേക്കും പൂതനും തിറയും കൊട്ടുകാരും പരിവാരങ്ങളും തറവാട്ടു മുറ്റത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.

പാറുക്കുട്ടിയമ്മ കുണ്ടുമുറത്തിൽ ഇടങ്ങഴി അരി കൂമ്പിച്ചു നിറച്ചു വെച്ചത് മുറ്റത്തേയ്ക്കെടുക്കുവാൻ മടിച്ചു നിൽക്കുകയാണ് പെൺകുട്ടികൾ. പൂതന്റെ കൊട്ടും ചിലമ്പൊച്ചയും കേട്ടാൽമതി അകത്ത് ഉമ്മറപ്പടിയുടെ അപ്പുറം നിന്നേ പെൺകുട്ട്യോള് രംഗം വീക്ഷിക്കൂ. പൂതൻ കളി കഴിഞ്ഞ് പോകുമ്പോൾ കയ്യിൽ കെട്ടിയ മരത്തിന്റെ വട്ടപ്പലകയിൽ മറുകയ്യിലുള്ള മുട്ടൻ ചെറുവടി കൊണ്ട് മുട്ടി കുട്ടികളെ വിളിക്യാത്രെ.ഉണ്ണീണ്ടോ... ഉണ്ണീണ്ടോന്ന് ചോദിക്യാത്രെ...  ഇത്തരം കഥകളും ഐതിഹ്യങ്ങളും പാറുക്കുട്ടിയമ്മ കുട്ട്യോൾക്ക് സന്ധ്യാസമയത്ത് പറഞ്ഞു കൊടുക്കുക പതിവുള്ളതാണല്ലോ. ശിവകാമിക്കുട്ടി കുണ്ടുമുറത്തിലെ അരിയും തിരിയിട്ടു തെളിയിച്ച നിലവിളക്കും അണിഞ്ഞു മനോഹരമാക്കിയ മുറ്റത്തു വെച്ചു. പൂതനും തിറേം ആടിത്തിമർത്ത് കഴിഞ്ഞ് കൊട്ടിക്കൊട്ടി ഉണ്ണീണ്ടോന്ന് അന്വേഷിക്കുവാൻ തുടങ്ങി. പൂർണ്ണിമക്കുട്ടിയും ദേവദത്തയും അരി മഞ്ചയുടെ പിറകിലൊളിച്ചു.പാറുക്കുട്ടിയമ്മ അലക്കിയ മുണ്ടിനു മേൽ വെറ്റിലയിൽ ദക്ഷിണയുമായി വന്നു. പൂതനും തിറയ്ക്കും ഉപചാരപൂർവം ദക്ഷിണ സമർപ്പിച്ച് പറഞ്ഞു. "ഇനി അടുത്താണ്ട് വരുമ്പോ ഞാനുണ്ടാവോന്നറീല്യ..  എന്നാലും വെള്ളീരയുടെ പൂതൻ കെട്ടലും തിറ കെട്ടലും മൊടക്കം കൂടാതെങ്ങനെ നടക്കട്ടെ."

Poothana
വര: മദനൻ

"ന്താത് പാറുക്കുട്ട്യേമ്മേ... എമ്പ്രാള് ആയുരാരോഗ്യത്തോടു കൂടി ഇനിയും സസുഖം വാഴും. അതൊക്കെ കണ്ടേ ഈ വെള്ളീരടെ കണ്ണടയൂ."
ചെറിയ കുശലാന്വേഷണങ്ങൾക്കു ശേഷം വെള്ളീരയും സംഘവും പോകും. കാവിലെ പൂരത്തിന് പൂതനും തിറയും ഒരു പാടുണ്ടെങ്കിലും ത്രാങ്ങാലി ദേശത്തിന്റെ പൂതൻ വെള്ളീരയും കുടുംബവും തന്നെ. രണ്ടു വർഷമായിട്ടേയുള്ളു വെള്ളീരയുടെ മക്കൾ വേഷം കെട്ടാൻ തുടങ്ങിയിട്ട്. വാർദ്ധക്യസഹജമായ ക്ഷീണം കൊണ്ട് വെള്ളീര കളി നിർത്തി. കൊട്ടുകാരന്റെ വേഷപ്പകർച്ചയിലേക്ക് പോയി എന്നു മാത്രം.
പാറുക്കുട്ട്യേമ്മയുടെ നല്ല മനസ്സുപോലെത്തന്നെയാണ് പെരുമാറ്റ രീതിയും. വർഷങ്ങളായി ഈ തറവാട്ടിൽ നിൽക്കുന്നതു കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല. വേലയ്ക്കു നിൽക്കുന്നു എന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല.ഇവിടെ മാലതിക്കുഞ്ഞുവരെ താൻ പറഞ്ഞാൽ അനുസരിക്കാതെയില്ല. പാറുക്കുട്ടിയമ്മയുടെ കാലത്തിനു ശേഷം തറവാടിന്റെ താക്കോൽ സൂക്ഷിക്കേണ്ടത് മാലതിക്കുഞ്ഞാണല്ലോ. മാലതിക്കുഞ്ഞിന്റെ അതേ പ്രകൃതമാണ് മോള് ശിവകാമിക്കുട്ടിയും.

കാവിലെ പൂരത്തിന് വെള്ളാട്ടുകളുടെ ഒരു പട തന്നെയുണ്ടാവും. ത്രാങ്ങാലി ദേശത്തിന്റെ വെള്ളാട്ടുകെട്ടൽ കുറുമ്പയുടെ കുടുംബത്തിനു ള്ളതാണ്. കുറുമ്പയുടെ കെട്ടിയവൻ നേരത്തെ പോയതിനാൽ മക്കൾ വേഷം കെട്ടിയാടുന്നു. ഒരു ദ്രാവിഡപ്പഴമയുടെ താളത്തിനനുസരിച്ചുള്ള വെള്ളാട്ടുകളുടെ ചുവടുവെപ്പ് കാലങ്ങളോളമായി ആസ്വദിച്ചു വരികയാണ്. മാലതിക്കുഞ്ഞ് കുട്ടിയായിരിക്കുമ്പോ അതിനെ ഒക്കത്തെടുത്ത് ചക്കരമാവിന്റെ ചുവട്ടിൽ നിന്ന് വെള്ളാട്ട് കളി കാണും.

പാറുക്കുട്ട്യേമ്മയുടെ നീട്ടിയുള്ള വിളി കേൾക്കുന്നുണ്ട്... ഇനിപ്പോ ചെന്നില്ലേൽ പരിഭവമായി... പിന്നെ പിന്നെ സ്നേഹിച്ചു കൊല്ലും.
"ന്റെ പാറുക്കുട്ട്യേമ്മേ...ഞാൻ കുട്ടികളോടൊപ്പം ഒന്ന് നിന്നു പോയതല്ലേ.. "
"ജാനകീ .. നീ അങ്ങനെ നിന്നാ പറ്റില്ല. ഈ തറവാട്ടില് നീയില്ലേൽ ഒന്നും നടക്കില്ലെന്ന് നിനക്കറീല്യേ.. വെള്ളാട്ടിന് കൊടുക്കാൻ ഒരു നല്ല മുണ്ട് ആ തളത്തിലെ പെട്ടീല് ഉണ്ടോന്ന് നോക്കിക്കേ.. നമ്മടെ കുറുമ്പേടെ മക്കളല്യേ.. കൊടുക്കുന്നതൊന്നും മോശാവാൻ പാടില്ല."" "അല്ലെങ്കിപ്പോ... പാറുക്കുട്ട്യേമ്മ കൊടുക്കുന്നത് മോശാണോ? ഞാൻ വന്നപ്പോ കാണാൻ തുടങ്ങീതല്ലേ..."

"അതൊക്കെ ഒരു കാലം ജാനക്യേ.. നിന്റെ തന്തേം തള്ളേം കടം കേറി ഒരുമിച്ച് ജീവനൊടുക്കിയപ്പോ.. നിനക്കന്ന് പതിമൂന്ന് വയസ്സ്. " "എന്താ നിർത്തീത്  പാറുക്കുട്ട്യേമ്മേ... നായർ തറവാട്ടിലെ വികലാംഗയായ പെൺകുട്ടിയെ ആർക്കും വേണ്ടായിരുന്നൂ ല്ലെ... അവളെ പണിയ്ക്കു പോലും പറ്റില്ലെന്ന് എല്ലാരും പറഞ്ഞല്ലോ. കാലിന് മുടന്തുള്ള ഇവള് വേച്ചു വേച്ചു എന്തു പണിചെയ്യാൻ... പിന്നെ നിങ്ങളെന്തിനാ പാറുക്കുട്ട്യേമ്മേ എന്നെ കൂട്ടിപ്പിടിച്ചത്.. സമുദായ സ്നേഹം കൊണ്ടാണോ.. അതോ എന്റപ്പൻ ഇവിടുത്തെ കാര്യസ്ഥനായതോണ്ടോ..?"
"നിനക്ക് നല്ല അടി വച്ചു തരും ജാനക്യേ.. രണ്ടുമല്ല ട്ടൊ കാരണം.. നീയെന്റെ കൂടപ്പിറപ്പായതു കൊണ്ട്.... "
"പാറുക്കുട്ട്യേമ്മടെ അമ്മ നാലു പ്രസവിച്ചതേ ഞാൻ കേട്ടിട്ടുള്ളു. നല്ല സുന്ദരികളും സുശീലകളുമായ നാലു പെൺപിള്ളാരെ... അഞ്ചാമതായി ഈ മുടന്തി..."
"ജാനക്യേ... കുറച്ചേറുന്നുണ്ട് നിന്റെ സംസാരം. കൂടപ്പിറപ്പാവാൻ എന്റമ്മ തന്നെ പ്രസവിക്കണംന്നുണ്ടോ?എന്താന്നറിയില്യ... പകച്ചു നിൽക്കുന്ന ചന്തു നായരുടെ മകളേം കൊണ്ട് എന്റമ്മ പോന്നു.. വളർത്തി.. പക്ഷേ.. 

പക്ഷേ കല്യാണം കഴിച്ചു  കുടുംബമായി ജീവിക്കാൻ അവൾക്കു പറ്റീല.. ആരും... അതു മാത്രാ മരിക്കുമ്പോ അമ്മയ്ക്കുണ്ടായിരുന്ന ഏക ദുഃഖം."
"അത് നടക്കാത്തോണ്ട് ഈ തറവാട്ടിലിങ്ങനെ എല്ലാരേം കണ്ട്... ഭരിച്ച് നടക്കാൻ പറ്റീല്യേ പാറുക്കുട്ട്യേമ്മേ... എന്റെ കുടുംബം ഇതല്ലേ.. " "ങ്ഹാ... നീ പോയി മുണ്ട് എടുത്തു വെയ്ക്ക് .. അതാ.. വേറെ സംഘം പൂതനും തിറയും വരുന്നു.മാലതിയോടോ ശിവകാമിയോടോ പറഞ്ഞ് അരിയും നെല്ലും തയ്യാറാക്ക്.. "
"അങ്ങനെയാവട്ടെ പാറുക്കുട്ട്യേമ്മേ.. "

 മാലതിക്കുഞ്ഞു മാത്രമേ ഇപ്പോൾ തറവാട്ടിലുള്ളു. ബാക്കിയുള്ള രണ്ടു മക്കളും പാറുക്കുട്ട്യേമ്മയെ തിരിഞ്ഞു നോക്കില്ല. അമേരിയ്ക്കേന്നും മദ്രാസിന്നും വരുമ്പോ വലിയ സ്നേഹപ്രകടനമാണ്. ഒക്കെ പൊള്ളയാ...
മാലതിക്കുഞ്ഞു മാത്രം പാവാ.. മൂന്നും പെൺകുട്ടികളാണ് പാവത്തിന്.ശിവകാമിക്കുട്ടിക്ക് ഒരു അറിവും ബോധോം ഒക്കേണ്ട് .. പഠിക്കാനും മിടുക്കിയാണ്. താഴെ വളർന്നു വരുന്ന പൂർണ്ണിമക്കുട്ടിയും ദേവദത്തയും അങ്ങനെത്തന്നെയായാൽ മതിയായിരുന്നു.
ഭർത്താവുപേക്ഷിച്ചു പോയതാ മാലതിക്കുഞ്ഞിനെ... കർണ്ണാടകയിലാണത്രെ. അവിടെ ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നാണ് കേൾവി.
പാറുക്കുട്ടിയമ്മ എത്ര ദാനധർമ്മങ്ങൾ ചെയ്യുന്നു ! പൂതനും തെറേം കെട്ടുന്ന വെള്ളീരവരെ പറയും..  ''എമ്പ്രാളെ.. മാലതിക്കുഞ്ഞിന്റെ കെട്ട്യോൻ തിരിച്ചു വരും. കാവില് തെറേടുമ്പോ അടിയൻ ഉള്ളുതുറന്ന് പ്രാർത്ഥിക്കാറുണ്ട്.. " ന്ന് ...
എന്നിട്ടെവിടെ... കൺതുറക്കാത്ത ദൈവങ്ങളന്നെ... പാറുക്കുട്ടിയമ്മ കേൾക്കണ്ട.. പിന്നെ തൊടങ്ങും... നീ ദൈവങ്ങളെ ശകാരിക്കാൻ മാത്രായോ ന്ന് ചോദിച്ച് ...

മാലതിക്കുഞ്ഞിന് വില്ലൻ ചുമ പിടിപെട്ട സമയത്താണ് അയാള് ഉപേക്ഷിച്ചു പോയത്.പുലർച്ചെ തന്നെ കൊക്കിക്കൊരച്ച് കോഴിക്കൂടിനപ്പുറത്ത് ഛർദ്ദിച്ച് ഛർദ്ദിച്ച്... എത്ര വൈദ്യൻമാരെ മാറി മാറിക്കാണിച്ചു.. തൊണ്ണൂറു ദിവസം കഴിയാതെ ഭേദമാവില്ലെന്ന് വൈദ്യൻ വിധിയെഴുതി. ഇനീപ്പോ ഭേദമായാൽ തന്നെ വേഗം അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതകളും കൂടുതലാണത്രെ.

മാലതിക്കുഞ്ഞിന്റെ ഭർത്താവ് വലിയ തറവാടിയാണെങ്കിലും ഒരു ജോലിയും കൂലിയും ഉള്ളോനായിരുന്നില്ലല്ലോ. മാലതിക്കുഞ്ഞ് സ്നേഹിച്ച് കല്യാണം കഴിച്ചതല്ലേ. തറവാട്ടില് ആരും സമ്മതിക്കാത്ത കല്യാണമാണ് പാറുക്കുട്ട്യേമ്മ നടത്തിക്കൊടുത്തത്. ഇനി പ്പൊ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം.. തൊണ്ണൂറു ദിവസം മാലതിക്കുഞ്ഞിനെ ശുശ്രൂഷിച്ച് ഊണും ഉറക്കവും ഒഴിച്ച് കാത്തിരുന്നു പാറുക്കുട്ട്യേമ്മ.. കെട്ടിയവൻ തിരിഞ്ഞു നോക്കീല്യാ.. അങ്ങനെ മാലതിക്കുഞ്ഞിന്റെ ഭർത്താവ് ബാലൻ നായരെ കാണാഞ്ഞ് ത്രാങ്ങാലി ദേശം മുഴുവൻ തെരച്ചിലോടു തെരച്ചല് ... ഓർക്കാൻ വയ്യ... അതിനിടെയാണ് ബാലൻ നായർ കർണ്ണാടകത്തിലേക്ക് കടന്നതും  ഭാര്യയും കുട്ടികളും ഒക്കെയുള്ള അവിടുത്തെ ചരിത്രം  ബാലൻ നായരുടെ കൂട്ടാളി ചെറുമുണ്ടത്ത് പത്മൻ നായർ നാട്ടിൽ പാട്ടാക്കിയത്.പാറുക്കുട്ടിയമ്മ വിശ്വസ്തരെ വിട്ട് അന്വേഷിച്ചപ്പോൾ കാര്യം ശരിയാണ്. മാലതിക്കുഞ്ഞിനെ വിവാഹം ചെയ്യുന്നതിനു മുൻപു തന്നെ കർണ്ണാടകയിൽ ഭാര്യയും കുട്ടിയും അയാൾക്കുണ്ടായിരുന്നത്രെ.

കർണ്ണാടകത്തിലെ ഒരു കടയിൽ കണക്കെഴുത്തുകാരനായിരുന്നു ബാലൻനായർ. അവിടെ നിന്ന് കൃത്രിമം കാണിച്ച് ജോലി നഷ്ടമായി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാലതിക്കുഞ്ഞ് വലയിൽ വീണത്.
എന്തായാലും മാലതിക്കുഞ്ഞുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല. അതിന്റെ ആവശ്യം അയാൾക്കില്ലല്ലോ. മാലതിക്കുഞ്ഞ് അയാളുടെ ആദ്യ ഭാര്യയല്ലല്ലോ. അയാൾ ആദ്യ ഭാര്യ നിലവിലുള്ളപ്പോൾ തന്നെ മാലതിക്കുഞ്ഞിനെയും വിവാഹം കഴിച്ചതല്ലേ; കഷ്ടം! മാലതിക്കുഞ്ഞിന്റെ വില്ലൻ ചുമ ഭേദമായെങ്കിലും കുഞ്ഞ് പഴയ ആരോഗ്യത്തിലേക്ക് പ്രവേശിച്ചതേയില്ല. . എന്നും അസുഖക്കാരിയാണ്. ഇപ്പോഴാണെങ്കിലോ ആരോടും മിണ്ടുകേം ഇല്ല. ദൈവമേ... എന്തൊക്കെ ചിന്തകളാണ് തിക്കിക്കയറി വരുന്നത്.മനസ്സിന് ഒരു സമാധാനവും ഇല്ല. ഒന്നു രണ്ടു നല്ല മുണ്ടുകൾ എടുത്തു വെച്ചാൽ ഇന്നിനി ഒന്നിനും വയ്യ. 

രാത്രീല് പാറുക്കുട്ട്യേമ്മ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണല്ലോ. ഇങ്ങനെ വരാറില്ല.. ദൈവത്തെ പ്രാർത്ഥിച്ച് വേഗം ഉറങ്ങാറുള്ളതാ.."ജാനക്യേ.. ജാനക്യേ... നാളെയല്ലേ പൂരം.. എത്ര പൂതനും തിറയുമാണെന്നറിയോ നമ്മടെ മുറ്റത്ത്... വെള്ളീര പറഞ്ഞില്യേ.. മാലതീടെ ഭർത്താവ് തിരിച്ചു വരും ന്ന്.. വെള്ളീര ഉള്ളുതുറന്ന് പ്രാർത്ഥിക്കാറുണ്ടത്രെ.. തെറ കെട്ടിയാൽ പിന്നെ കാവിലമ്മേടെ പ്രതിനിധിയല്യേ..?അപ്പൊ പ്രവചനം സത്യാവും ല്ലെ.. " ദൈവേ...ചിന്തിച്ചുകൂട്ടി ഉറങ്ങുന്നില്ലല്ലോ. ഭർത്താവ് മാലതിക്കുഞ്ഞിന്റെ അടുത്ത് വരണം ന്ന് ഹൃദയമുരുകി പ്രാർത്ഥിക്കാനും കഴിയില്ലല്ലോ. അവിടെയും ഒരു പെണ്ണിന്റെ ജീവിതം.....
"പാറുക്കുട്ട്യേമ്മേ... കാവിലമ്മയെ മനസ്സിൽ ധ്യാനിച്ച് ഉറങ്ങൂ .. നാളെ നമുക്ക് കാവിൽ പോയി തൊഴുത് പ്രാർത്ഥിക്കാം.. "

" ജാനക്യേ.. വെള്ളീര അതാ നമ്മുടെ മുറ്റത്ത്.. തിറയാടുന്നു.. ശിവകാമിക്കുട്ട്യേ.. പൂർണ്ണിമക്കുട്ട്യേ.. ന്ന് കൈമുട്ടി വിളിക്കുന്നു .. അവരടെ അച്ഛൻ വന്നത്രെ.. അതാ മാല തീടെ ബാലൻ വന്നിരിക്കുണു.. നീ പോയി മാലതീനെ വിളിച്ചുണർത്തൂ.. കാവിലമ്മേ.. പൂതനായി.. തിറയായി ആടി ഇത്ര കാലം എന്നെയും കുട്ടികളെയും പരീക്ഷിച്ച്... ഒടുവിൽ.. ബാലനെ തിരിച്ചു തന്നൂല്യേ .. വെള്ളീരയും മക്കളും അതാ മുറ്റം നിറഞ്ഞ് ആടുന്നു.. കുണ്ടുമുറത്തിൽ ഇടങ്ങഴി അരി വെയ്ക്കൂ.. നിലവിളക്ക് കൊളുത്തണം.. "
"പാറുക്കുട്ട്യേമ്മേ.. പാറുക്കുട്ട്യേമ്മേ .. എന്തായിത്? കുട്ടികളെപ്പോലെ .. "
" ന്റെ മാലതിയ്ക്ക്... ബാലൻ വന്നു.. പൂതനും തെറേം.. നിലവിളക്ക്... വെള്ളീര.."
"കാവിലമ്മേ .. ന്റെ കൂടപ്പിറപ്പിനെ നീ കൊണ്ടോയല്ലോ? ... മാലതിക്കുഞ്ഞിനെ ഈ മുടന്തിയെ ഏൽപ്പിച്ച്.." കാവിലമ്മേ.. മാലതിക്കുഞ്ഞേ..ശിവകാമി.. മോളേ.. പൂതനും തിറയും മുറ്റത്തതാ തകർത്താടുന്നു .. തകർത്താടുന്നു....

Content Highlights: Poothanayum Thirayum Valluvanadan Katha Short Story Rajani Suresh Madanan