വെളുപ്പും കറുപ്പും പെയിന്റടിച്ച വീടാണ് ഭാനുവിന്റേത്. മൂന്ന് പൂച്ചകളുള്ള വീട് എന്നാണ് ഭാനുവിന്റെ വീട് ആ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അങ്ങനെ പറയുമ്പോള്‍ ആ നാട്ടില്‍ പൂച്ചകള്‍ക്ക് പഞ്ഞമാണോ എന്ന ചോദ്യമൊന്നും വേണ്ട; അല്ലേയല്ല...
മൂന്നു പൂച്ചകളെ പരിപാലിക്കുന്നത് എളുപ്പമാണോ? അല്ലായിരിക്കാം... എന്നാല്‍, ഒരേ പോലെ മൂന്നുപേരെയും സ്‌നേഹിക്കുക എന്നത് ഇത്തിരി പ്രയാസമല്ലേ. അതൊക്കെ ഭാനുവും നേരിടുന്നുണ്ട്. ഈ ബുദ്ധിമുട്ടൊക്കെ കരുതി ഇതില്‍ ഒരെണ്ണത്തിനെ അങ്ങ് ഒഴിവാക്കി കളയാം എന്ന്  മാത്രം ഭാനു ഇത് വരെ ചിന്തിച്ചിട്ടേയില്ല. പൂച്ചകള്‍ക്ക് പേരിട്ട് വിളിക്കുന്ന ശീലം ഭാനുവിനുണ്ടോ എന്നത് വ്യക്തമല്ല. എന്നാലും, നമ്മുടെ സൗകര്യത്തിന് അവരെ കറുമ്പന്‍, വെളുമ്പന്‍, പുള്ളിക്കാരന്‍ എന്നിങ്ങനെ വിളിക്കാം. പേരില്‍ നമ്മള്‍ കാണിക്കുന്ന വിവേചനമൊന്നും ഭാനു അവരോട് കാട്ടിയിരുന്നില്ല. അത് കൊണ്ട് തന്നെ, 'ഭാനു എന്റെതാണ്, എന്റെ മാത്രമാണ്' എന്ന് അവര്‍ മൂവരും കരുതിയിരുന്നു.

പൂച്ചവീടിന്റെ ചരിത്രത്തിന് അധികം പഴക്കമില്ല. ഒരു വര്‍ഷം മുന്‍പ് വരെ ഭാനുവിന്റെ വീട്ടില്‍ നിറയെ മനുഷ്യരുണ്ടായിരുന്ന കാലത്ത് അത് 'വടക്കേലെ' കുടുംബമായിരുന്നല്ലോ. ഭാനുവിന്റെ വീടിന്റെ പടിഞ്ഞാറുള്ള പാടത്തിന് നടുവിലുള്ള ചെറിയ പള്ളിയിലെ പെരുന്നാളിന്റന്നാണ് കറുകറെ കറുത്തൊരു പൂച്ച ആദ്യമായി അവളുടെ പടി കടന്നെത്തിയത്. അന്നേക്ക് അവളുടെ ഭര്‍ത്താവിന്റെ അടിയന്തിരം കൂടി ബന്ധുക്കള്‍ എല്ലാരും പിരിഞ്ഞുപോയ ദിവസമായിരുന്നു. പട്ടിണിയും പരിവട്ടവും ആണെങ്കിലും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവകക്കാര്‍  കുറവൊന്നും വരുത്താറില്ല. വെടിക്കെട്ടില്‍ നാടൊട്ടുക്ക് പൊട്ടിയടര്‍ന്നപ്പോള്‍, ജീവജാലങ്ങള്‍ പലവഴി പാഞ്ഞോടിയപ്പോള്‍ ഭാനുവിന്റെ വീടിന്റെ മലര്‍ക്കെ തുറന്നിട്ട വാതിലുകളാണ് കറുമ്പന്റെ കണ്ണില്‍ പെട്ടത്. 
കൊയ്ത്ത് കഴിഞ്ഞ പാടത്ത് ചുമ്മാ മുളച്ചു വരുന്ന പുല്‍നാമ്പുകള്‍ നോക്കിനില്‍ക്കുകയായിരുന്ന ഭാനുവിന്റെ മനസ് മരണത്തിന് മാത്രം പ്രകാശപ്പെടുത്താന്‍ കഴിയുന്ന മനുഷ്യനന്മകളുടെ ലോലതയോടൊപ്പമായിരുന്നു അന്നേരം. അവളെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന നിയോഗം സ്വയം ഏറ്റെടുത്തത് പോലെ  കറുമ്പന്‍ ഭാനുവിന്റെ മടിയിലേക്ക് ആദ്യമായി ഓടിപ്പാഞ്ഞു കയറിയിരുന്നപ്പോള്‍ അവളുടെ മനസ് അല്പം ഉറക്കെ തന്നെ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ''എന്റെയും നിന്റെയും ആവശ്യം ഒന്നായിത്തീരുമ്പോള്‍ മാത്രം ജനിക്കുന്ന പ്രണയങ്ങളില്‍ അനുവാദം ചോദിക്കലോ കൊടുക്കലോ ഉണ്ടാകാറില്ലല്ലോ''. 

അന്ന് തൊട്ടിന്നു വരെയും അവന്‍ ഭാനുവിനോട് ഒന്നും ചോദിച്ച് വാങ്ങിയിട്ടില്ല. പക്ഷേ ഭാനുവാണെങ്കിലോ, കൃത്യസമയത്ത് അവന്  വേണ്ടതെല്ലാം കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. ഓഷ്യന്‍ ഫിഷ് രുചിയിലുള്ള 'വിസ്‌കാസ്' ആണ് അവന്റെ ഇഷ്ടഭക്ഷണം. എങ്കിലും ചോറും കുടമ്പുളിയിട്ട് വറ്റിച്ച മീങ്കറിയും കുഴച്ചുരുട്ടി വായില്‍ വച്ച് കൊടുക്കുമ്പോള്‍ അവന്‍ ആത്മാതിരേകത്താല്‍ പുളയാറുണ്ട്. അടുത്ത വീട്ടിലെ കുല്‍സുത്താത്ത ഇടയ്ക്കിടെ മതിലിന് മുകളിലൂടെ കൈമാറുന്ന തേങ്ങാപ്പാലൊഴിച്ച മീന്‍ കറി ആണെങ്കില്‍ അവന്റെ സന്തോഷം ഒരു പൊടിയ്ക്ക് കൂടുന്നത് ഭാനു ശ്രദ്ധിക്കാതിരുന്നിട്ടില്ല. 

 വെളുമ്പന്റെ വരവിനങ്ങനെ പ്രത്യേകിച്ചൊരു കാരണമോ അവസരമോ ഒന്നും ഉണ്ടായില്ല. പക്ഷേ, വന്ന അന്ന് മുതലേ തീവ്രമായ ആസക്തി നിറഞ്ഞ സ്‌നേഹപ്രകടനങ്ങളാല്‍ ഭാനുവിന് അല്ലറ ചില്ലറ അലോസരം ഉണ്ടാക്കിയുരുന്നു അവന്‍. മനഃപാഠമാക്കി വച്ച  കാമശാസ്ത്രത്തിന്റെ പ്രായോഗികപഠനത്തിന് വേണ്ടി മാത്രമാണോ ഇവന്റെ വരവ് എന്നും ഒരു വേള തോന്നാതിരുന്നില്ല. ഒരാളിനോട് കാമമോ പ്രണയമോ തോന്നുന്നതിന് അയാളുടെ അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്ന പ്രത്യയശാസ്ത്രക്കാരും ഈ ലോകത്തില്‍ ഉണ്ടാവാമല്ലോ...

വീട്ടില്‍ ഒരു 'ആണ്‍തുണ' ഇല്ലാത്ത ഭാനുവിനെ സദാ ജാഗ്രതയോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത കുല്‍സുത്താത്തയുടെ കണ്ണിലും ഈ 'കിടിപിടി'കള്‍  പെടാതിരുന്നില്ല.
'ന്റെ പൊന്ന് ഭാനോ...നീ ഇവനെ ഒന്ന് സൂക്ഷിച്ചോളൂട്ടാ....'എന്ന് ഓര്‍മിപ്പിക്കാനും അവര്‍ മറന്നില്ല.
'ന്റെ കുല്‍സൂ....'സ്‌നേഹം വന്ന് തുളുമ്പുന്ന അവസരങ്ങളിലൊക്കെ തന്നെക്കാള്‍ ഇരുപത് വയസ് കൂടുതലാണ്  അവര്‍ക്കെന്ന് ഭാനു സൗകര്യപൂര്‍വം മറക്കും. 'ഇവന്മാരൊക്കെ എന്നെ എന്തോ ചെയ്യുംന്നാ...പാവങ്ങളാ,സ്‌നേഹം കൊണ്ടല്ലേ...' 

അന്നേ ദിവസം തന്നെ, എച്ച്മുകുട്ടിയുടെ 'ഇതെന്റെ രക്തമാണിതിന്റെ മാംസമാണെടുത്തുകൊള്ളുക' വായിച്ചു കൊണ്ടിരിക്കുമ്പോളാണ് വെളുമ്പന്‍ പുറത്തേക്ക് ചാടിക്കയറി ചുണ്ടത്ത് ഒരുമ്മ കൊടുത്തത്. മേല്‍ച്ചുണ്ടിന്റെ പനിച്ചൂട് മാറാന്‍ മൂന്ന് ദിവസമെടുത്തപ്പോള്‍ എട്ടാം ക്‌ളാസില്‍ തൊട്ടടുത്തിരുന്ന ചിത്ര ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കൊച്ചുപുസ്തകത്തിലെ ചൂടന്‍ പേജുകളെ ഓര്‍ത്തുപോയി.
അല്പം നീര് വന്ന ചുണ്ടും, കവിളത്തെയും ഒഴിഞ്ഞു കിടക്കുന്ന കഴുത്തിലെയും പോറലുകളും കുല്‍സുത്താത്തയില്‍ നിന്നും പച്ചക്കറിക്കാരി ശാന്തമ്മച്ചേച്ചിയില്‍ നിന്നും മറച്ച് വയ്ക്കാനുള്ള തത്രപ്പാടായി പിന്നെ. പാല്‍ക്കാരന്‍ റപ്പായിയാണെങ്കില്‍  പാല്‍ക്കുപ്പി തിരിച്ചു വാങ്ങുന്ന നേരം പതിവുള്ള വഷളന്‍ ചിരിയും ഇരുത്തിമൂളലും ഒരു പോയിന്റ് കൂട്ടിപ്പിടിച്ചിട്ടുണ്ട്. സമ്മതമില്ലാതെ നല്‍കുന്ന വാക്കുകളും ചിരികളും ഒക്കെ സ്വീകരിക്കാതിരിക്കുന്നതില്‍ താന്‍ എന്നോ മുതല്‍ വിജയിച്ചു തുടങ്ങിയിരിക്കുന്നു.

മുറിവുണങ്ങിയിട്ടും കീറിപ്പോയ മനസുമായി നടക്കുന്ന ഭാനുവിനെ കാണുമ്പോള്‍ വെളുമ്പന് ഭക്ഷണവും പാലും ഒന്നും വേണ്ടാതായപ്പോള്‍ ഭാനൂനാണ്  ആകെ സങ്കടമായത് . 'പറ്റിപ്പോയി, ക്ഷമി....'എന്ന്  ഭാനുവിനോട് പറയാതെ പറഞ്ഞു കൊണ്ടിരുന്ന അവന്റെ ഒതുക്കങ്ങളില്‍, പരാജയപ്പെട്ട ഒരു ബലാത്സംഗശ്രമത്തിന് ശേഷം ഉദ്ധാരണ ശേഷി നഷ്ടപ്പെട്ടുനില്‍ക്കുന്ന കാമുകനെ  കാണുമ്പോള്‍ അവള്‍ക്ക് ചിരിയും വരും.   

 കറുമ്പന്റെയും വെളുമ്പന്റെയും പ്രേമത്തിലെ വെളുപ്പും കറുപ്പും ഭാനുവിന്റെ പകലിരവുകള്‍ക്ക് അല്പം ദാര്‍ശനിക ഭംഗിയൊക്കെ  പകര്‍ന്ന് കൊടുത്തു. തലച്ചോറിന്റെ തണ്ടില്‍ രൂപം കൊണ്ട ഗ്ലയോമ എട്ടു വയസ്സിന്റെ ശൈശവത്തില്‍ വിലയ്‌ക്കെടുത്ത മകനും, അതേത്തുടര്‍ന്ന് സ്വതവേ ഉണ്ടായിരുന്ന മദ്യപാനശീലത്തിന്റെ ചിറകള്‍തുറന്ന് വിട്ട് കരള്‍ പൊട്ടിയൊലിച്ച് മരണമടഞ്ഞ ഭര്‍ത്താവും ആറു മാസങ്ങളുടെ അന്തരത്തില്‍ വിട്ട് പോകുമ്പോള്‍ മുതല്‍ അവളുടെ രാത്രിക്കും പകലിനും ഒരേ നീളവും നിറവുമായിരുന്നല്ലോ. 

ഇതിനിടിയിലേക്കാണ് സ്വര്‍ണവര്‍ണത്തില്‍ പുള്ളികളുള്ള മൂന്നാമന്റെ വരവ്. അത് അല്പം രസകരവുമാണ്. കറുമ്പനും വെളുമ്പനും  പതിവ് കൊടുക്കാറുള്ള 'തൊടലും പിടിക്കലും' ഒക്കെ  കഴിഞ്ഞ്, ഉച്ച ചത്ത് കിടക്കുന്ന ആകാശത്ത് മേഘങ്ങളും പക്ഷിക്കൂട്ടങ്ങളും ചേര്‍ന്നവതരിപ്പിക്കുന്ന നാടകവും കണ്ട് സിറ്റൗട്ടിലെ ചാരുകസേരയില്‍ കിടക്കുന്ന പതിവുണ്ട് ഭാനുവിന്. ആ നേരത്താണ്  തുറന്നിട്ട ഗേറ്റിങ്കല്‍ 'അകത്തേക്ക് വന്നോട്ടെ?' എന്ന ചോദ്യഭാവത്തില്‍ 'പുള്ളി'ക്കാരന്‍ ഹാജരായത്. 

മുന്‍പേ കുടിയേറാന്‍ എത്തിയ രണ്ട് പൂച്ചകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഇവനെന്ന് ആദ്യകാഴ്ചയില്‍ തന്നെ ഭാനുവിന് തോന്നിയിരുന്നു. വിനയം എടുത്തണിയാന്‍ ആവോളം ശ്രമിച്ചിട്ടുണ്ടെങ്കിലും അങ്കം വെട്ടി വന്ന ചേകവരുടെ ഭാവം ഒളിപ്പിച്ചു വച്ചിരിക്കുന്നത്  തിരിച്ചറിഞ്ഞ  അവള്‍ ചോദിച്ചു:
' എന്താ ഹേ ഈയുള്ളവളുടെ അടുത്തേക്ക്,എന്താണ് ഉദ്ദേശ്യം ?'
'അത് പിന്നെ, ഭാനുവിനെ കുറിച്ച് ഫേസ്ബുക്കിലെ പൂച്ചഗ്രൂപ്പില്‍ നിന്നാണ് അറിഞ്ഞത്. കറുമ്പനും വെളുമ്പനും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഒക്കെ കണ്ടപ്പോ ഒരു പൂതി തോന്നി. ഡിപി കൂടി കണ്ടപ്പോള്‍ എന്തായാലും ഒന്നിത്രടം വരാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് കൂട്ടിക്കോളൂ....'
'ഹാ അത് കൊള്ളാമല്ലോ... അപ്പൊ നിന്റെ കുടുംബം.... '
'ഓ.. ഒന്നും പറയേണ്ടെന്നേ...അവളെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....''
'വെറുതെയാണ് ഭാര്യ' എന്നും പറഞ്ഞു വരുന്നവന്മാരെ ചൂല് വാടകയ്ക്ക് എടുത്തെങ്കിലും അടിക്കാനാണ് ഭാനുവിന് തോന്നാറ്.  എന്നാലും ആര്‍ദ്രതയ്ക്ക് വിവേകം പലപ്പോഴും നഷ്ടമാവുന്നത് കൊണ്ട് 'പുള്ളി'ക്കാരനോട് 'കടക്ക് പുറത്ത്' എന്ന് പറയാനും  അവള്‍ക്കായില്ല. 

വന്ന ദിവസം മുതല്‍ കറുമ്പനെയും വെളുമ്പനെയും തമ്മില്‍ അടിപ്പിക്കാനും ഭാനുവിനെ അവരില്‍ നിന്നകറ്റാനും ഉള്ള  ചില നമ്പറുകള്‍ ഒക്കെ ഇറക്കി നോക്കിയെങ്കിലും ഒന്നിനോടൊന്ന് അവയെല്ലാം തകര്‍ന്ന് തരിപ്പണമാവുകയാണ് ഉണ്ടായത്. ലോകം ക്ലബ്ഹൗസില്‍ എത്തിയിട്ടും പൈങ്കിളി 'മ' കഥകളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ ഇപ്പോഴുമുണ്ട്.
സ്‌പെഷല്‍ ഉണ്ടാക്കുന്ന ദിവസങ്ങളില്‍ കുല്‍സുത്താത്ത മതിലിന് മുകളിലൂടെയുള്ള എക്‌സര്‍സൈസ് ഉപേക്ഷിച്ച് ഭാനുവിന്റെ വീട്ടിലേക്ക് വരുന്ന പതിവുണ്ട്. ഒറട്ടിയും കോഴിമപ്പാസും വെള്ളയില്‍ പിങ്ക് പൂക്കളുള്ള കാസറോളിലാക്കി അടുക്കളയിലെത്തുമ്പോഴാണ് കുളിമുറിയിലെ തുറന്നിട്ട ഷവറിന്റെ കൂടെ ആമസോണ്‍ പ്രൈം   'ചല്‍ത്തേ , ചല്‍ത്തേ , യൂ ഹീ കോയി മില്‍ ഗയാ ഥാ ......' പാടുന്നത് കേട്ടത്. തവിട്ട്‌നിറത്തിലെ  ക്രോഷേയില്‍ നെയ്‌തെടുത്ത ലൈനര്‍ വിരിച്ച ഊണ് മേശയില്‍ കാസറോള്‍ വച്ചിട്ട്  മടങ്ങാന്‍ നേരമാണ് സോഫയില്‍ വിശ്രമിക്കുന്ന പൂച്ചകളുടെ കൂട്ടത്തിലെ നവാഗതനെ കുല്‍സു ശ്രദ്ധിച്ചത്. 'ഇത് ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല' എന്ന ഉറച്ച തീരുമാനത്തോടെ വീട്ടിലെത്തിയ കുല്‍സു തന്റെ തീരുമാനം നടപ്പാക്കാന്‍ ഭാനു അടുക്കള ഭാഗത്തേക്ക് വരുന്നതും കാത്ത് മതിലിന്റെ പരിസരങ്ങളില്‍ തന്നെ ചുറ്റിപ്പറ്റി നടന്നു.

'ഭാനോ ....ഈ കണ്ടന്‍ പൂച്ചകള്‍ക്കൊക്കെ  ഇങ്ങനെ ഇടം കൊടുക്കണത് ശരിയാവില്ല കേട്ടോ.....ഒന്നായി, രണ്ടായി, ഇപ്പൊ മൂന്നാമനും വന്നു...നീ ഇതെന്ത് ഭാവിച്ചാ ഭാനോ...' ജനാലയ്ക്കല്‍ തലവെട്ടം കണ്ടതും സ്വതഃസിദ്ധമായ ഈണത്തില്‍ കുല്‍സുത്താത്ത പറഞ്ഞു തുടങ്ങി.
'എന്താപ്പോ ഇങ്ങനെ തോന്നാന്‍,കുല്‍സൂന്.' ഭാനുവിന്റെ മറുചോദ്യത്തില്‍ സ്‌നേഹം തീരെ കുറഞ്ഞിരുന്നില്ല.
'അനക്ക് പിരാന്താ ഭാനോ, കണ്ടന്‍ പൂച്ചകളെ നമ്പാന്‍ കൊള്ളൂല്ല ...ഇനി അനക്ക് അത്ര നിര്‍ബന്ധാണെങ്കി പാപ്പിപ്പൂച്ചകളെ വീട്ടിക്കേറ്റി വളര്‍ത്ത്.' താത്തയ്ക്ക് കലി അടങ്ങുന്നില്ല.
'ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവന്റെ കാര്യങ്ങളില്‍ ഇങ്ങനെ തലയിട്ടു കൊണ്ടിരിക്കുന്നതാണ് നിങ്ങളുടെ പിരാന്ത്' എന്നും 'ഈ ലോകത്ത് ഓരോരുത്തര്‍ക്കും ഏറ്റവും വിലപ്പെട്ടതാണ് അവനവന്റെ പിരാന്തുകള്‍' എന്നും പറയണമെന്നുണ്ടായിരുന്നു, ഭാനുവിന്.

ഇരുമ്പ് സ്റ്റാന്‍ഡുകളില്‍ വച്ചിരിക്കുന്ന പച്ചക്കറിച്ചെടികളെ പരിപാലിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് കുല്‍സുത്താത്തയുടെ ടെറസില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ തന്നെത്തന്നെ നോക്കിനില്‍ക്കുന്നത് ഭാനുവിന്റെ കണ്ണില്‍ പെട്ടത്. തന്റെ അടിവസ്ത്രങ്ങള്‍ വല്ലതും സ്ഥാനം തെറ്റി കിടക്കുന്നുണ്ടോ എന്ന പരിശോധനയിലൂടെ ഭാനു ഉടനടി പ്രതികരിക്കുകയും ചെയ്തു.

കുല്‍സുത്താത്തയുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. വല്ലപ്പോഴും വീട്ടില്‍ എത്തുന്ന അവരും കുടുംബവും അല്ലാതെ അവിടെയും വിരുന്നുകാര്‍ വരുന്ന പതിവില്ല. 'ഇതാരാണ് ഈ പുതുമുഖം' എന്നാലോചിച്ച് താഴേക്കുള്ള പടികള്‍ ഇറങ്ങുമ്പോഴും തന്റെ ശരീരത്തിന്റെ കയറ്റിറക്കങ്ങളെ വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മപ്പെടുത്തിയ ആളിനെ ഒന്ന് തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അയാളുടെ  നോട്ടത്തിന്റെ ഭാവം വായിച്ചെടുത്തു എന്നയാള്‍ക്ക് പിടി കിട്ടിയിട്ടുണ്ടാവണം. എന്നിട്ടും  കണ്ണുകള്‍ പിന്‍വലിക്കാന്‍ തയാറാകാതെ  വെള്ളയും കറുപ്പും വരകള്‍ കുത്തനെ നെയ്ത ടീ ഷര്‍ട്ടില്‍ അയാള്‍ സമാന്തരമായി തലോടിക്കൊണ്ടിരുന്നു.

അയാളുടെ കാഴ്ചക്കപ്പുറം താഴെയെത്തുമ്പോള്‍ കുല്‍സുത്താത്ത മതിലിന് മുകളിലേക്ക്  സ്റ്റീല്‍ തൂക്കുപാത്രവും നീട്ടി പിടിച്ചു കാത്തുനില്‍ക്കുന്നുണ്ട് .
'ദേ, ഇത് ഇത്തിരി ചൗവ്വരി പായസമാ കൊച്ചേ.സ്‌പെഷലാ സ്‌പെഷല് .....' പതിവില്ലാത്ത 'കൊച്ചെ' വിളി തന്നെ ഇത്തിരി സ്‌പെഷല്‍ ആണല്ലോ എന്നാണ് ഭാനു അപ്പോള്‍ ഓര്‍ത്തത്. 
'ആരാ വിരുന്നുകാര് ...കുല്‍സൂ...' 'വിരുന്നുകാര്' എന്ന് ചോദിച്ചെങ്കിലും മുകളില്‍ കണ്ട ടീഷര്‍ട്ട്കാരന്‍ ആരെന്ന് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു ഭാനുവിന്.
'വിരുന്നൊകാരൊന്നുമില്ല ഭാനോ.എന്റെ മയിനീടെ മോനാ.വാപ്പേം ഉമ്മേം ഒക്കെ അങ്ങ് പേര്‍ഷ്യയിലാ.ഇവന്‍ നമ്മളെ നാരായണഗുരു കോളേജില് ഗസ്റ്റ് ലെച്ചറര്‍ ആണ്. അവിടെ കുട്ടിയോളെ ഹോസ്റ്റലില്‍ ആയിരുന്നു താമസം. ലോക്ക്ഡൗണ്‍ ആയപ്പോ ഹോസ്റ്റല് പൂട്ടി. നാട്ടിലോട്ട് പോകാനും വയ്യാത്ത അവസ്ഥയായി. എന്നാ പിന്നെ കുറച്ച് കാലം ഇബടെ കൂടിക്കോളീ എന്ന് ഞാന്‍ പറഞ്ഞു .....' കുല്‍സുവിന്റെ വാക്കുകളിലൂടെ ടീഷര്‍ട്ട്കാരന്റെ നോട്ടം കുറെകാലത്തേക്ക് ഉറപ്പായെന്ന് ഭാനുവിന് മനസിലായി.
പറഞ്ഞു തീരും മുന്‍പേ കുല്‍സു അകത്തേക്ക് നോക്കി വിളിച്ചു : 'സാജിദേ , ഡാ സാജിദേ.....'
'ഹ്ങാ.....പൂച്ചേച്ചീ .....പൂച്ചേച്ചിയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്....മാമി എപ്പോഴും പറയും.' തന്റെ നോട്ടങ്ങളെ കുല്‍സുത്താത്തയുടെ വാത്സല്യം നിറഞ്ഞ കണ്ണുകളില്‍ നിന്നൊളിപ്പിക്കുന്നതില്‍ സാജിദ് അതീവശ്രദ്ധാലു ആയിരുന്നു. കുല്‍സുത്താത്ത അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചിട്ടാണോ എന്തോ 'ഗ്രീന്‍പീസ് കറി വെന്തോന്ന് നോക്കട്ടെ' എന്നും പറഞ്ഞ് അകത്തേക്ക് പോയി. 

കൊച്ച് ചെക്കന്മാര്‍ 'ചേച്ചീ,' 'ഏച്ചീ' എന്നൊക്കെ വിളിച്ചു വരുമ്പോള്‍ എന്താണെന്നറിയില്ല  ഭാനുവിന് ഓക്കാനം വരും. എന്നാല്‍  'പൂച്ചേച്ചി' എന്ന പേര് ഭാനുവിന് എന്തോ അങ്ങ് ഇഷ്ടപ്പെട്ടു.  

പര്‍പ്പിള്‍ വൈനിന്റെ നീണ്ടു തുടങ്ങിയ വള്ളികള്‍ വിക്കറ്റ് ഗേറ്റിന് മുകളില്‍ പിടിപ്പിച്ചിരിക്കുന്ന വളഞ്ഞ കമ്പിയില്‍  പടര്‍ത്തിവിട്ടു കൊണ്ട് നില്‍ക്കുമ്പോഴാണ് സാജിദ് വീണ്ടും ഭാനുവിനെ മുഖാമുഖം കാണുന്നത്. 
'പൂച്ചേച്ചീ....എനിക്ക് പൂച്ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് കേട്ടോ.'
ആദ്യമായി നഴ്‌സറിയില്‍ കൊണ്ടാക്കിയ കുട്ടി അമ്മയെ കാണാത്തതിനാല്‍ കരഞ്ഞ് മൂക്കള ഒലിപ്പിച്ചു ടീച്ചറിന്റെ സാരിത്തുമ്പില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് എന്ത് കൊണ്ടോ അപ്പോള്‍ ഭാനുവിന്റെ മനസിലേക്ക് ഓടിയെത്തിയത്. അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകുക എന്നതാണ് ആ സമയത്ത്  കുട്ടിയ്ക്ക് ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ സഹായം. എന്നാല്‍ ടീച്ചറാവുമ്പോള്‍ കുട്ടിയ്ക്ക് വീട്ടിലേക്ക് മടങ്ങണമെന്ന് തോന്നാതെ അവിടെ തന്നെ നില്ക്കാന്‍ കുട്ടിയെ ഇണക്കിയെടുക്കേണ്ട ഉത്തരവാദിത്തം മറക്കാനും പാടില്ലല്ലോ.

ചിന്തകളില്‍ നിന്ന് പുറത്തു വന്ന ഭാനു ഇങ്ങനെയാണ് ഉത്തരം കൊടുത്തത്: 'എനിക്കും ഇഷ്ടമാണല്ലോ സാജിദിനെ. സാജിദ് ഏത് രീതിയിലാണ് എന്നെ ഇഷ്ടപ്പെടുന്നത് എന്നെനിക്ക് നിശ്ചയമില്ല. ഒരു അമ്മയുടെ വാത്സല്യമാണ് എനിക്ക് നിങ്ങളോട് തോന്നുന്നത്...'
പ്രതീക്ഷിച്ചത് ഉടനെ കിട്ടില്ലെന്ന് ഉറപ്പായിരുന്നുവെങ്കിലും ഇങ്ങനെയൊരു മറുപടി ഭാനു പറയുമെന്ന് സാജിദ് തീരെ കരുതിയില്ലെന്ന് തോന്നുന്നു. പക്ഷേ, വെട്ടിയ വഴി അടയ്ക്കാനും അവന് മനസ് വന്നില്ല. പെട്ടെന്ന് അവന്‍ ഇങ്ങനെ പറഞ്ഞു.' അതേ...എനിക്ക് ഈഡിപ്പസ് കോംപ്ലെക്‌സ് ആണ് നിങ്ങളോട്....'
മുഖത്തെ രക്തസഞ്ചാരം പൊടുന്നനെ വര്‍ധിച്ചത് സാജിദ് ശ്രദ്ധിക്കുന്നതിന് മുന്‍പേ പടര്‍ത്തിക്കൊണ്ടിരുന്ന വള്ളികളെ വായുവില്‍ ഉലയാന്‍ വിട്ടിട്ട് ഭാനു കൊടുങ്കാറ്റ് പോലെ അകത്തേക്ക് പോയി. 

'ഇന്നലെ എന്തോ അങ്ങനെ പറഞ്ഞുപോയതാണ്. പൂച്ചേച്ചി ക്ഷമിക്കില്ലേ. എന്നെ ഒരു കൊച്ചുകുട്ടിയെ പോലെ ചേര്‍ത്ത് പിടിക്കില്ലേ? 'അടുത്ത ദിവസം രാവിലെ തന്നെ സാജിദിന് ഇത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 
തന്റെ തന്നെ കഷ്ണങ്ങളെ കുഴിച്ചിട്ടിരിക്കുന്ന ഇരുണ്ട തീരങ്ങളില്‍ ഓരോ പെണ്ണും ഇന്ദ്രിയങ്ങളെ ഉറക്കിക്കിടത്തിയിട്ടുണ്ടാവും. അവിടേക്ക് കൈപിടിച്ചു നടത്തുന്ന സ്‌നേഹങ്ങള്‍ അവളെ പൊടുന്നനെ സ്വയം കണ്ടെത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെയാണ് ഈഡിപ്പസ് കോംപ്ലക്‌സില്‍ ഒളിച്ചിരിക്കുന്ന വിചിത്ര സ്‌നേഹവുമായി ഭാനുവിന് അതിവേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിഞ്ഞത്.
പൂച്ചേച്ചിയായി മാറിയ ഭാനുവിന് ഇപ്പോള്‍ വേറൊരു മണം ആണെന്ന് മൂന്ന് പൂച്ചകളും അധികം വൈകാതെ തിരിച്ചറിഞ്ഞു; അല്പം നീരസത്തോടെയും അമര്‍ഷത്തോടെയും.  

ലോക്ക് ഡൗണ്‍ അവസാനിച്ച് സാജിദ് ഹോസ്റ്റലിലേക്ക് മടങ്ങിയെങ്കിലും പൂച്ചേച്ചിയായി ഉയിര്‍ക്കാന്‍ എത്രവട്ടം മരിക്കാനും കാത്തിരിക്കുന്ന ഭാനുവിനെ ചേര്‍ത്തുപിടിക്കുന്ന പൂച്ചവീടിന് അന്ന് മുതല്‍ ചുവപ്പ് രാശിയാണ്.

Content Highlights : Poochechi malayalam Story by Dr Maya Madhavan