1993ല്‍ ആദ്യപതിപ്പായി മള്‍ബെറി പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ മൗനത്തിന്റെ നിലവിളി എന്ന കഥാസമാഹാരത്തില്‍ പ്രസിദ്ധീകരിച്ച 'മറഡോണ' എന്ന ഒരു കഥ വായിക്കാം. 

രാവേറെ തണുത്തിരുന്നു.
ഉറക്കം കണ്‍പോളകളെ തലോടിക്കൊണ്ടിരിക്കും നേരമാണവള്‍ പറയാന്‍ തുടങ്ങിയത്.
'ദൈവം മറഡോണയോടൊപ്പമില്ലായിരുന്നു. അതാണിങ്ങനെ'.
യൂഗോസ്ലാവാക്യക്കെതിരെ പെനാല്‍ട്ടി ഷൂട്ട് കളഞ്ഞതിന്റെ കാരണം അയാള്‍ക്കറിയേണ്ടായിരുന്നു.
അയാള്‍ക്കൊന്നും കേള്‍ക്കേണ്ടായിരുന്നു.
പുറത്ത് മഴ പെയ്യുകയായിരുന്നു. അവള്‍ മറഡോണയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. അവളുടെ ഉള്ളിലും ആഹ്ലാദത്തിന്റെ മഴ തിമര്‍ത്തുപെയ്യുന്നതയാളറിഞ്ഞു.
'എനിയ്ക്കു മടുത്തു.' അയാള്‍ അവള്‍ക്ക് നേരെ ക്രോധത്തിന്റെ ഒരു പന്തെറിഞ്ഞു.
എന്നിട്ടും വിളക്കണച്ചു പുതപ്പിനടിയില്‍ കിടന്നപ്പോള്‍ സ്‌നേഹത്തിന്റെ ഒരു വിരല്‍ അവള്‍ക്കായി അയാള്‍ നീട്ടി.
അയാള്‍ അവളുടെ വിരല്‍ത്തുമ്പില്‍ സ്പര്‍ശിച്ചതോടെ അവളുടെ കൈ ശരീരത്തിലേക്ക് ഉള്‍വലിയുന്നത് അയാള്‍ അറിഞ്ഞു.
അവളുടെ ഓരോ അവയവങ്ങളും ഉള്‍വലിഞ്ഞ് ഏറെത്താമസിക്കും മുമ്പേ അവളൊരു പന്തായി മാറി.
കാലത്ത് ഉറക്കമുണര്‍ന്ന അയാളുടെ കിടക്കറയില്‍ 
അവള്‍ക്ക് പകരം ഒരു പന്താണുണ്ടായിരുന്നത്.
അന്ന് ഡിഗോ മറഡോണ എന്ന മാന്ത്രികന്റെ പേര് വിളിച്ച് അയാള്‍ ജീവിതത്തിലാദ്യമായി കരഞ്ഞു.

പി.കെ പാറക്കടവിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: PK Parakkadavu Malayalam story Maradona