അച്ചായന് കുരുകുരാ കാഷ്ഠിക്കുകയാണ്.
അപ്പി അച്ചായന്!
പക്ഷെ വെരി വെരി ഹാപ്പി ആണ് അച്ചായന്.
പാത്തു അച്ചായനെ കുറെ നേരമായി നോക്കി നില്ക്കുന്നു. വിനുവിനെ ഡൈവോഴ്സ് ചെയ്യണം എന്ന് തീരുമാനിച്ച നിമിഷം മുതല്‍ പാത്തു അച്ചായനെ ചുമ്മാ തുറിച്ചു നോക്കുകയാണ്. അച്ചായന് കേള്‍വിയും പറച്ചിലും ഉണ്ടായിരുന്നെങ്കില്‍...
വിനുവിന്റെ അമ്മ പാത്തുവിന് ഒരു ഗ്ളാസ് അനാര്‍ ജ്യൂസുമായി വന്നു.
'നീ നാളേം കൂടി ലീവാക്ക്. കണ്ണിലപ്പടി ക്ഷീണമാണല്ലോ.'
'ങ് ..ങ്ങാ 'പാത്തു തനിക്ക് അപ്പോള്‍ സാധ്യമായ ഏക മറുപടി കൊഴിച്ചിട്ടു.
'ഈ മുയലിന്റെ കൂടിവിടുന്ന് മാറ്റാന്‍ വിനുവിനോട് പറഞ്ഞിട്ട് എത്ര ദിവസായി? ഹൂ, വല്ലാത്ത നാറ്റം...'അമ്മ അച്ചായനെ നോക്കി ഇഷ്ടക്കേടോടെ മൂക്ക് ചുളിച്ച് കുടിച്ചുതീര്‍ന്ന ഗ്ളാസുമെടുത്ത് അടുക്കളയിലേക്ക് തിരികെ പോയി. പാത്തുവിന്റെ അമ്മയും ചട്ടച്ചി അമ്മായിയും അടുക്കളയിലുണ്ട്. അവിടെ പരദൂഷണത്തിരുമേളം പൊടിപൊടിക്കുകയാണ്. വിനുവിനും തനിക്കും പകരം തങ്ങളുടെ അമ്മമാരായിരുന്നു കെട്ടേണ്ടത് എന്ന് പാത്തുവിന് മിക്കപ്പോഴും തോന്നാറുണ്ട്. അമ്മാതിരി മനപ്പൊരുത്തമാണ് രണ്ടിനും. ഇനി തങ്ങള്‍ പിരിഞ്ഞുകഴിഞ്ഞാല്‍ ഇവര്‍ രണ്ടും ഒളിച്ചോടിയെന്നും വരാം. കൂടെ ശിങ്കിടിയായി ചട്ടച്ചി അമ്മായിയും കാണും. 'ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്' എന്ന പേരിട്ട ഒരു വീട്ടില്‍ അവര്‍ അര്‍മാദിച്ച് താമസിക്കുമായിരിക്കും. അത്രയും ഓര്‍ത്തപ്പോഴേക്ക് പാത്തുവിന്റെ ചുണ്ടില്‍ ഒരു ക്ഷീണച്ചിരി പരന്നു.
അച്ചായന് അപ്പിയിടല്‍ നിര്‍ത്തി പാത്തുവിന്റെ വിരലുകളില്‍ അരുമയായി കാര്‍ന്നു. അച്ചായന്റെ പളുങ്കു കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് കമ്പിക്കൂടിന്റെ അഴികള്ക്കിടയിലേക്ക് പാത്തു തന്റെ പതിനൊന്നു വിരലുകളുടെ അറ്റവും തിരുകിവച്ചു. അച്ചായന് മെനക്കെട്ട് അവയോരോന്നും കാര്ന്നുകാര്ന്നുമ്മ വച്ചു. ചങ്കിലെ പതയ്ക്കല് ഒന്നടങ്ങുന്നതുവരെ പാത്തു അനങ്ങാതെ നിന്ന് ഉമ്മ കൊണ്ടു. തിന്നുതിന്നു നിറയ്ക്കുകയും തുരുതുരെ കാഷ്ഠിക്കുകയും സന്തുഷ്ടിയോടെ ഉറങ്ങുകയും ചെയ്യുന്ന ഒരു ജീവിയായി ജനിക്കാഞ്ഞതിലുള്ള പരിഭവം കൊണ്ട് പാത്തുവിന്റെ ചുണ്ടുകള്‍ അല്പം കൂര്‍ത്തു.
വിനു ഇന്ന് ലീവാണ്. അടക്കാക്കുരുവിയെ തിരികെവിടാന്‍ പോയിരിക്കുകയാണ് അവന്. ഇന്നലെ കുഞ്ഞാപ്പുവുമൊത്ത് ഒരു പുസ്തകമേളയ്ക്ക് പോയി മടങ്ങുമ്പോഴാണ് വിനുവിന് അടക്കാകുരുവിയെ കിട്ടിയത്. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ പിടിച്ചിട്ട നേരത്ത് അകത്തേക്ക് പാറി വീണതാണ് കുരുവി. പിന്നെയത് ട്രെയിനില്‍ തന്നെ ചുറ്റിത്തിരിയുകയും ഇടയ്ക്കിടെ കുഞ്ഞാപ്പുവിന്റെ മടിയിലേക്ക് പിടച്ചു വീഴുകയും ചെയ്തു.' ഇത് നിനക്കുള്ളതാ മോനേ കൊണ്ടുപോയി പോറ്റിക്കൊ'എന്നും പറഞ്ഞ് ഒരപ്പൂപ്പന്‍ അതിനെ കുഞ്ഞാപ്പുവിന്റെ കയ്യില്‍ വച്ച് കൊടുത്തു. ചുരുക്കിപ്പറഞ്ഞാല്‍ ട്രെയിനിറങ്ങിയ ശേഷം ഒരു കൂടും വാങ്ങിയാണ് രണ്ടാളും വീട്ടില്‍ വന്നത്. രാത്രി നീളുവോളം കുരുവിപരിപാലനവും നടത്തി അച്ചായന്റെ കൂടിന്റെ തൊട്ടടുത്ത് കുരുവിക്കൂടും പ്രതിഷ്ഠിച്ച് ഒരു മൃഗശാലാ മുതലാളിയുടെ സന്തുഷ്ടിയോടെയാണ് കുഞ്ഞാപ്പു ഇന്നലെ ഉറങ്ങാന്‍ പോയത്.
'അതിനു വല്ല മുട്ടയോ കുട്ടിയോ കാണും. അതാ ഈ പരാക്രമം കാണിക്കുന്നേ. കഷ്ടം! 'കൂടിന്റെ അഴികളിലേക്ക് പറന്നുവന്ന് ഇടിച്ചിടിച്ച് പ്രതിഷേധിക്കുന്ന കുരുവിയെ നോക്കി രാവിലെ അമ്മമാര്‍ മൂന്നും നെടുവീര്‍പ്പിട്ടു.
'രാത്രി അതിനെ പുറത്തേക്ക് പറത്താന്‍ തോന്നിയില്ല. പക്ഷെ ഇജ്ജമ്മം ഇവിടെ ഇത് ഇണങ്ങുമെന്ന് തോന്നുന്നില്ല. കിട്ടിയേടത്തു തന്നെ കൊണ്ടുവിടാം. കുഞ്ഞാപ്പു അറിയണ്ട. അറിഞ്ഞാലവന് സമ്മതിക്കില്ല.' വിനു പരിഹാരം കണ്ടു. അടക്കാകുരുവിക്കും അച്ചായനും റ്റാ റ്റാ പറഞ്ഞ് കുഞ്ഞാപ്പു സ്കൂള്‍ വാനില്‍ കയറിയ ഉടനെ ഒരു ഓട്ടയുള്ള കാര്‍ഡ്ബോഡ് പെട്ടിയില്‍ കുരുവിയെയും എടുത്ത് വിനു പടിയിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ടു.
വൈകുന്നേരം കുഞ്ഞാപ്പു വരുമ്പോള്‍ ഒഴിഞ്ഞ കൂടുനോക്കി കണ്ണ് നിറയ്ക്കും എന്നുറപ്പാണ്. അതോര്‍ത്തപ്പോള്‍ പാത്തുവിന്റെ അമ്മച്ചങ്കില് മുള്ളുകുത്തി. അവന് വരുമ്പോഴേക്ക് പകരമായി ഒരു തത്തയെ വാങ്ങി കൂട്ടില്‍ ഇട്ടാലോ എന്ന് പാത്തുവിന് ഒരൈഡിയ തോന്നി. സദാസമയവും പഠിക്ക്, പഠിക്ക് എന്ന് മാത്രം പറയുന്ന ബോറത്തി അമ്മയുടെ പരിണാമം കുഞ്ഞാപ്പുവിനും ഇഷ്ടമാവും.
'ഞാനൊരു സാധനം വാങ്ങീട്ട് വരാം. വാതില്‍ അടച്ചോ...'പേഴ്സുമെടുത്ത് മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ പാത്തു വിളിച്ചു പറഞ്ഞു. ഉടനെ മൂന്നു പെണ്ണുങ്ങളും പൂമുഖത്തേക്ക് പറന്നു വന്നു.
'നിന്റെ തലവേദന മാറിയോ?എന്തേലും വേണെങ്കില്‍ വിനൂന് ഒരു മെസേജ് ഇട്ടാല്‍ പോരെ?' വിനുവിന്റെ അമ്മ അലിവോടെ ചോദിച്ചു.
'ഈ നേരത്ത് വെയില് കൊള്ളേണ്ട. ഇന്നാ കുട.' ചട്ടച്ചി അമ്മായി കുട നീട്ടി.
സ്കൂട്ടറുമെടുത്ത് പോകുന്ന തനിക്കാണ് കുട! എങ്കിലും അവരുടെ കരുതലും സ്നേഹവും വെറുതെ കളയണ്ടല്ലോ എന്നോര്‍ത്ത് പാത്തു അത് വാങ്ങി.
'മര്യാദയ്ക്ക് ഡ്രൈവിങ് പഠിച്ചിരുന്നെങ്കില്‍ ആ കാറെടുത്ത് പോകാമായിരുന്നല്ലോ. അതെങ്ങനെയാ കുഴിമടിക്ക് കയ്യും കാലും വച്ചതല്ലേ? സ്കൂട്ടറില്‍ കുലുങ്ങിക്കുലുങ്ങി എന്തായിത്തീരും?'
അമ്മ പിറുപിറുക്കുന്നതിന്റെ ഒരറ്റം പാത്തുവിന്റെ ചെവിയില്‍ വന്നു മുട്ടി .
അതികരുതലുള്ള മൂന്നുജോഡി കണ്ണുകളുടെ ദംശനമേറ്റ് പുറം ഞെളിപിരികൊള്ളുന്നതറിഞ്ഞു കൊണ്ട് പാത്തു സ്കൂട്ടറുമായി കുതിച്ചു.
തനിക്ക് ഇപ്പോഴും ഗര്‍ഭമാണെന്നു വിചാരിച്ചിട്ടാണ് ഇവരുടെ ഈ മേളമെല്ലാം. പാത്തു ചുണ്ടുകോട്ടി. താനതിനെ കലക്കിയൊഴുക്കി എന്ന് കേട്ടാല്‍ മൂന്നിന്റേയും കളിചിരി മായും. ഹും! അധികം വെറുപ്പിച്ചാല്‍ അവരെ അടിക്കാനുള്ള വടിയായി പാത്തു അപ്പോഴും കിനിഞ്ഞുകൊണ്ടിരുന്ന ആ അബോര്‍ഷനെ മനസ്സിന്റെ മൂലയില്‍ ചാരിവച്ചു.
തത്തക്കടയില് റാഫി ഉണ്ടായിരുന്നു. നാശം പിടിക്കാന്‍ എന്ന് പാത്തു പല്ലു ഞെരിച്ചു. കുഞ്ഞാപ്പുവിന് തത്തയെ തേടി ഇറങ്ങുമ്പോള്‍ റാഫിയുടെ പപ്പയുടെ കടയിലേക്കാണല്ലോ എന്ന് ഒരുനിമിഷം പോലും ഓര്ക്കാഞ്ഞതോര്ത്ത് പാത്തുവിന് മനസ്സ് കയ്ച്ചു.കടയിലേക്ക് കേറണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച് പാത്തുവിന്റെ കാലുകള്‍ തിത്തൈ തകതോം എന്ന് ഇടറി. പക്ഷെ അതിനകം പാത്തുവിനെ കണ്ടു കഴിഞ്ഞ റാഫി ഓരിയിട്ടു വിളി തുടങ്ങി.
'ഡീ മൂത്രപ്പാത്തൂ,പ്രാപ്പീപ്പീ, എന്താണ് തിരിഞ്ഞു കളിക്കുന്നത്? 'കടയില്‍ വേറെ ആരുമില്ല എന്നുറപ്പ് .അതാണിവന്‍ കിടന്നു തുള്ളുന്നത്. ഇന്നിനി ഈ കുരിശിന്റെ കുറച്ചു പഞ്ചാരയും കേള്‍ക്കേണ്ടി വരും എന്നോര്‍ത്തപ്പോള്‍ പാത്തുവിന് ലേശം ശ്വാസം മുട്ടി.
വിനയ് പ്രകാശ് എന്ന വിനുവും പ്രാര്‍ത്ഥന പി.പി എന്ന പാത്തുവും ചേലക്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പത് ഡിയില്‍ പ്രേമിച്ചിരിക്കുമ്പോള്‍ നേരെ എതിരേയുള്ള ഒമ്പത് എ യുടെ ജനല്‍ വഴി പാത്തുവിന് നേരെ ലൗ ചിഹ്നമുള്ള ഹെലിക്കോപ്റ്റര്‍ പറത്തിയ ജന്തുവാണ് ഈ റാഫി . എന്നെങ്കിലും തങ്ങളുടെ പ്രേമം പൊട്ടുമെന്നോര്‍ത്ത് എന്നും പ്രതീക്ഷയോടെ സ്കൂളില്‍ വന്ന റാഫി.
രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സാക്ഷിയായി ഒപ്പിടും മുന്‍പേ' വിനൂനെപ്പോലൊരു മണുങ്ങൂസിനെ കെട്ടിയാല്‍ ഇഞ്ഞി ഒണങ്ങിപ്പോകും പാത്തുക്കുരിപ്പെ' എന്ന് പരസ്യമായി മുന്നറിയിപ്പ് തന്ന റാഫി. എത്രയൊക്കെ വെറുപ്പിച്ചാലും വിനുവിന്റെ ഖല്‍ബിലെ തേനായ റാഫി.
ഇന്ന് താനും വിനുവും എത്തി നില്ക്കുന്ന നിര്‍ണായകമായ അവസ്ഥയില്‍ കേറി മേയാനും അവന് മടിക്കില്ല. പാത്തു ജാഗ്രതപ്പാത്തുവായി.
'ഒരു തത്തയെ വേണം. എത്രയാവും?'
'ഇവിടെ തല്ക്കാലം ലൗ ബേഡ്സ് മാത്രമേ ഉള്ളൂ. എത്ര എണ്ണം വേണമെങ്കിലും തരാം. വിലയൊക്കെ അഡ്ജസ്റ്റ് ചെയ്യാ ഗൗരവപ്പാത്തൂ ...'.
റാഫി മനഃപൂര്‍വമാണ് ലൗ ബേഡ്സ്ന്റെ കാര്യം പറയുന്നത്. പക്ഷിക്കിടാന് ഇതിലും വൃത്തികെട്ട പേര് വേറെ ഇല്ല എന്ന് പാത്തുവിന് തോന്നി.
'തത്ത മാത്രേ വേണ്ടൂ.കുഞ്ഞാപ്പൂന് അതാ ഇഷ്ടം.'
'മോന്ത മത്തങ്ങാ പോലെ ഉണ്ടല്ലോ. നിന്നോട് അന്നേ ഞാന്‍ പറഞ്ഞതല്ലേ വിനൂനെ കെട്ടണ്ടാന്ന്.ഹ ഹ ഹ!. എന്താ രണ്ടുംകൂടി ഒപ്പിച്ചത്? ഞാന്‍ ചോയ്ക്കണോ ഓനോട്?'
വായാടിക്കിളിയെപ്പോലെ ചിലയ്ക്കുന്ന റാഫിയെ അവഗണിച്ച് കിളിക്കൂടുകള്ക്കിടയിലൂടെ പാത്തു
പുറത്തേക്ക് നടന്നു. മരപ്പൊട്ടന്റെ മുഖഛായയുള്ള ലൗ ബേഡുകള്‍ പ്രണയത്തിന്റെ അംശം പോലുമില്ലാത്ത കണ്ണുകള്‍ കൊണ്ട് അവളെ നോക്കി.
'ഡാ വിനൂ, നീ വരുമ്പം പാത്തൂന് ഒരു തത്തയെ കൊണ്ടുക്കൊടുക്ക്. ഓളിതാ ലീവുമെടുത്ത് തത്തയെ വാങ്ങാന്‍ വന്നിരിക്കുന്നു. ഇനി എന്നെ കാണാന്‍ വന്നതാണൊന്ന് ആര്‍ക്കറിയാം. യൂ നോ, തേര്‍ട്ടീസ് ആര് ടീനേജ് റീലോഡഡ്. ഹ!ഹ!...'
റാഫി ഫോണില്‍ വിളിക്കുകയാണ് വിനുവിനെ.
കടയുടെ മൂലയ്ക്ക് കണ്ട ഇരുമ്പു കട്ടി എടുത്ത് റാഫിയുടെ തല തകര്‍ക്കാന്‍ പാത്തുവിന്റെ കൈതരിച്ചു. അവള് ഒരക്ഷരം മിണ്ടാതെ തത്തക്കടയില് നിന്നിറങ്ങി സ്കൂട്ടറില്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.
ഏയ്ഞ്ചല്‍ ബ്യൂട്ടി ക്ലിനിക്കിന്റെ മുന്നിലാണ് സ്കൂട്ടര്‍ നിന്നത്. ആരും തന്നെ ഓമനിക്കാനോ സ്നേഹിക്കാനോ ഇല്ലാ എന്ന് വിങ്ങുന്ന പെണ്ണുങ്ങളാണ് ഇടയ്ക്കിടെ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് എന്നതാണ് പാത്തുവിന്റെ തിയറി. എത്ര കാശ് കൊടുത്താലെന്താ? സ്നേഹത്തോടെ രണ്ടക്ഷരം പറയാനും അരുമയായി തഴുകാനും അവരുണ്ടാകും. ഓമനിക്കപ്പെടാത്ത പെണ്ണുങ്ങള് ഒന്നുകില്‍ ആള്‍ദൈവങ്ങളെ തേടിപ്പോകും,അല്ലെങ്കില്‍ ബ്യൂട്ടി പാര്‍ലറിന്റെ അടിമയാകും. കൂടുതല്‍ ധൈര്യമുള്ളവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തും. നീ എന്റേതാണെന്നു പൊള്ളിച്ചുമ്മ വച്ച് കെട്ടിപ്പിടിക്കുന്ന കാമുകനൊപ്പം ഇല്ലാതാവുന്ന കാമുകിമാര്‍...
'എന്താ വേണ്ടത്?' റിസപ്ഷനില്‍ ഇരുന്ന തത്തപ്പെണ്ണ് അലസമായി ചോദിച്ചു. ചെഞ്ചോരച്ചുണ്ടും പച്ചസാരിയും കിളിസഹജമായ തല വെട്ടിക്കലൂം ഉള്ള അസ്സലൊരു തത്തച്ചി.
'അരക്കിലോ സ്നേഹം. 'എന്നാണ് പാത്തുവിന് മനസ്സില്‍ വന്നത്. പക്ഷെ താന്‍ ഇട്ടിരിക്കുന്ന നരച്ച കുര്‍ത്ത നോക്കി തത്തച്ചി തനിക്ക് മാര്ക്കിട്ടുകാണും എന്ന് പാത്തുവിന് പെട്ടെന്നൊരു ഉള്ളാന്തല്‍ വന്നു. എന്തുവില കൊടുത്തും അത് തകര്ക്കണമെന്നോര്ത്ത് അവള് ലിസ്റ്റ് നിരത്തി.
'ഒരു ഹെന്ന, പെഡിക്യൂര്‍,മാനിക്യൂര്‍, ഫെയ്സ് ക്ളീന്‍ അപ്. ബാക്കി നിങ്ങളുടെ സര്‍വീസ് നോക്കീട്ട് ചെയ്യാം'.
തത്തച്ചി ഞെട്ടലും ആരാധനയും അടക്കാനാവാതെ പാത്തുവിനെ ആനയിച്ച് ഒരു സിംഹാസനത്തില്‍ കൊണ്ടിരുത്തി.
ടബ്ബില്‍ ഇറക്കിവച്ച കാല്‍വിരലുകളില്‍ മീനുകള്‍ ഉമ്മ വെച്ചുകൊണ്ടേയിരിക്കുന്നു. കണ്ണ് ചിമ്മി ചാരിയിരുന്ന പാത്തുവിന് കരച്ചില് വന്നു.അച്ഛന്റെ മീശയുമ്മ, വല്യച്ഛന്റെ താടിയുമ്മ, അമ്മമ്മയുടെ മുറുക്കാനുമ്മ, മാമന്മാര് എടുത്തുയര്‍ത്തി ആകാശത്തിലേക്ക് എറിഞ്ഞ ശേഷം തന്നിരുന്ന കിക്കിളിയുമ്മ...മുതിര്‍ന്ന ശേഷം ആരുമാരും തരാതെ എവിടെയൊക്കെയോ ഉണങ്ങിക്കൊഴിഞ്ഞു പോയ ഉമ്മകള്‍ ..പിജിക്ക് പഠിക്കുമ്പോള്‍ തന്നെ കാണാന്‍ ഹോസ്റ്റലില്‍ വന്ന വിനു പതിനൊന്നാം വിരലില്‍ ഒരിക്കല്‍ മാത്രം തന്ന ഒരു തൂവലുമ്മ.
ഓരോ ഉമ്മകളുടെയും ഓര്‍മ്മകള്‍ മീന്നിഴലുകളായി അവളുടെ കാലില്‍ മെല്ലെ മെല്ലെ കൊത്തി. പേരിനു പോലും ഒരുമ്മ തരാത്ത, ഉമ്മ കിട്ടാനോ കൊടുക്കാനോ തരിമ്പു പോലും ആഗ്രഹമില്ലാത്ത ഒരുവനെ പത്തുകൊല്ലം പ്രേമിച്ചു കെട്ടിയത് ഓര്‍ത്തോര്‍ത്ത് പാത്തു വിതുമ്പി. ദിവസവും രണ്ടുനേരം ഉമ്മപ്പിച്ച ചോദിച്ചു വാങ്ങേണ്ടി വന്ന അരിശത്തില്‍ അവള് കലക്കിക്കളഞ്ഞ ഒരു കുഞ്ഞുമ്മ അവളുടെ തുടയിലൂടെ അരുമയായി ഒലിച്ചു.
Content Highlights: Pathummakal Malayalam Story Written by Akhila Priyadarshini