കഥാരചനയില്‍ വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് വള്ളുവനാടന്‍ ഡയറി സാഹിത്യ ചര്‍ച്ചാകൂട്ടായ്മ. ഒരു ചിത്രത്തെ ആസ്പദമാക്കി, പരമാവധി അഞ്ച് പേര്‍ അടങ്ങുന്ന സംഘം അന്യോന്യം ചര്‍ച്ചയോ സംവാദമോ ഇല്ലാതെ ഒരു പൂര്‍ണകഥ മെനയുക എന്നതായിരുന്നു മത്സര രീതി. ഓരോ തുടര്‍ച്ചയും തന്റെ തൊട്ടു മുന്‍പില്‍ എഴുതിയ വ്യക്തികളുടെ കഥാതന്തുവിനോടൊന്നിച്ചു ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതിപാദനവും ആവണം . കഥയുടെ ഒഴുക്ക് തീര്‍ത്തും അനിശ്ചിതമായിരിക്കും എന്നതിനാല്‍ കഥയുടെ പൂര്‍ത്തീകരണത്തോടെ മാത്രമേ കഥാശീര്‍ഷകവും നിര്‍ണയിക്കുവാനാകുമായിരുന്നുള്ളു. വളരെ ശ്രമകരമായ ഈ പരീക്ഷണത്തില്‍ ഒന്നാം സമ്മാനം നേടിയെടുത്ത നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്, തീര്‍ത്തും വ്യത്യസ്ത ജീവിത തുറകളില്‍ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാല് വനിതകളാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഷാഹീന്‍ എം, ശ്രീഷ്മ, സിന്ധു ജോഷി, ജോളി സിബി എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'പതിമൂന്നാം രാവിലെ മോക്ഷബലി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസ്തുത കഥയുടെ അഞ്ചാംഭാഗം ഷാഹീന്‍ എം എഴുതിയ 'ഞാന്‍ ബ്രോണി' വായിക്കാം.

'ഉര്‍സുള ... എനിക്കവളോട് അടങ്ങാത്ത വെറുപ്പാണ്. തീര്‍ത്താല്‍തീരാത്ത പകയാണ്.' ആ ചട്ടുകാലി വിചാരിച്ചു വെച്ചിരിക്കുന്നത്, അവളുടെ അഴകില്‍ മുഴുകിയ ഒരു വെറിയനാണ് ഞാനെന്നാണ്. ഥൂ... എന്നിലേക്കവളണിഞ്ഞെത്തുന്ന അറപ്പിനും വെറുപ്പിനും അഴകെന്നാണ് നിര്‍വ്വചനമെങ്കില്‍, ഹ ഹ ഹ... അങ്ങിനെ തന്നെയാവട്ടെ, വൃത്തികെട്ട ചട്ടുകാലി.

അവളുടെ ചട്ടുകാലിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാനനുഭവിക്കുന്ന ചാരിതാര്‍ത്ഥൃം ഹോ! എന്റെ ജീവിതം വികലമാക്കി കളഞ്ഞവള്‍ക്കു അങ്ങനെയൊരു ശിക്ഷയെങ്കിലും കൊടുക്കുവാന്‍ സാധിച്ചുവല്ലോ.
' ബ്രോണി.. ബ്രോണി മൈ ബേബി ബ്രോ.'' കുഞ്ഞുന്നാളില്‍ തന്റെ വാശികളൊക്കെയും മെരുങ്ങിയിരുന്നത് അവളങ്ങിനെകൊഞ്ചിക്കുമ്പോഴാണെന്ന് മമ്മ എത്ര വട്ടം തന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.
അന്യ-രക്തത്തോട് കൂറ് ഇണക്കിയെടുക്കുവാന്‍ മമ്മ മെനഞ്ഞെടുത്ത ട്രിക്‌സ് ആന്‍ഡ് ട്രാപ്‌സ്.
ഉര്‍സുള!'ഹണ്‍സ് കാട്ടാള വര്‍ഗ്ഗത്തിന്റെ വാള്‍ത്തലപ്പിന് മുന്നില്‍ ജീവബലി അര്‍പ്പിച്ച ത്യാഗദേവത?!
എത്ര തവണ മമ്മയുടെ പക്കല്‍ നിന്നും കേട്ടിരിക്കുന്നു ഉര്‍സുളയുടെ വീരാപദാനങ്ങള്‍.
'ഹു വാസ് ബ്രോണി മമ്മാര..'' എന്റെ ചോദ്യം മമ്മയെ കുഴക്കിയിരുന്നോ?
അറിഞ്ഞൂടാ.
പക്ഷേ ഉത്തരം എന്നും ഒന്നു തന്നെയായിരുന്നു. 'ബ്രോണി ഉര്‍സുളയുടെ ഓമനക്കുട്ടന്‍!' കഴിഞ്ഞു തന്റെ ഐഡന്റ്റിറ്റി.
ഉര്‍സുളയുടെ അനിയനായിരിക്കുക വളരെ സന്തോഷകരമാണെന്നു ഞാനും ധരിച്ചു വെച്ചു. പക്ഷേ അവളുടെ രക്തത്തിന്റെ കറ പപ്പയെ ഞങ്ങളില്‍ നിന്നും അകറ്റി, അവളുടെ ഒടുക്കത്തെ കറ, 'ബ്രോണി; ഉര്‍സുളയുടെ ഓമനക്കുട്ടന്‍ ' എന്ന എന്നെയും വിഴുങ്ങി.
ബ്രോണി ഉര്‍സുളയുടെ പാപക്കറ' that was how the society marked me. 
(സമൂഹം എന്നെയടയാളപ്പെടുത്തിയത് അങ്ങിനെയാണ്.)
പാപം അഴിച്ചു കളയേണ്ടതാണ്. പാപം നാം നശിപ്പിച്ചിരിക്കണം. അവള്‍; ആ വിഡ്ഢി അതറിഞ്ഞില്ല. അവളുടെ ശരീരത്തിലേക്ക് ഞാന്‍ തുനിഞ്ഞ ഓരോ ആക്രമണവും അവളെ തകര്‍ക്കുവാനായിരുന്നു. അതൊരു ആക്രമണ തന്ത്രം കൂടിയാണ്. അല്ലാതെ കേവലം കാമപ്രചോദനയുടെ പ്രവൃത്തിയെന്നു അവള്‍ ധരിച്ചുവശായെങ്കില്‍, അവളെന്തൊരു മണ്ടിയാണ്!
ഡല്‍ഹിയില്‍ നിന്നും 'രാജധാനി 'ഫ്‌ലാഗ് ഓഫ് ആയപ്പോള്‍, അവളുടെയൊപ്പം ഞാന്‍ കൂടെയുണ്ടെന്ന് അവള്‍ സ്വപ്‌നേപി കരുതിക്കാണില്ല.
പപ്പയുടെ തിരോധാനത്തിന് ശേഷം സമൂഹം ഞങ്ങളെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നപ്പോള്‍, ദില്ലിയില്‍ നിന്നും അകന്നു നില്‍ക്കുന്നതാവും ഉചിതമെന്ന നിര്‍ദ്ദേശവുമായി, പപ്പയുടെ പെങ്ങള്‍, ആന്റ് ഗ്രേസ് ഞങ്ങളെ കല്‍ക്കട്ടയിലേക്കു കൂട്ടികൊണ്ടു പോകുവാനായി എത്തിയിരുന്നു.
പക്ഷെ അവര്‍ മമ്മയോട് ഒരു നിബന്ധന വെച്ചു. കല്‍ക്കട്ടയിലേക്കു ഉര്‍സുള ഒപ്പം ഉണ്ടാകുവാന്‍ പാടില്ലെന്ന്. ഉര്‍സുളയെ, ദില്ലിയ്ക്കും ആഗ്രയ്ക്കും മദ്ധ്യേയുള്ളൊരു ഉള്‍ഗ്രാമത്തില്‍ കോണ്‍വെന്റില്‍ പാര്‍പ്പിക്കുവാനായി അവര്‍ ചട്ടകെട്ടി വെച്ചിരുന്നു. പക്ഷേ മമ്മ ആ പ്രൊപ്പോസല്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ഉര്‍സുളയെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു അവര്‍ ആന്റ് ഗ്രേസ്നെ ശകാരിച്ചു. അവളുടെ പേരില്‍ ദിനവും സ്‌കൂളില്‍ നിന്നും, ബേക്കറി വില്‍പനക്കാരില്‍ നിന്നും ഞാന്‍ നേരിട്ട അപഹാസ്യപരമായ പെരുമാറ്റങ്ങളെക്കുറിച്ചും നിന്ദാവചനങ്ങളെ കുറിച്ചും താന്‍ എത്ര തവണ മമ്മയോട് പരാതിപ്പെട്ടിരിക്കുന്നു? പക്ഷേ അതേക്കുറിച്ച് മമ്മ ഓര്‍ത്തതു പോലുമില്ല. ഉര്‍സുള! അവളാണല്ലോ മമ്മക്ക് ഹീറോയിന്‍! പിന്നെ ഞാനാരാകണം?
.Yes,, You Said it... I am the Villain! ഉര്‍സുളയുടെ കാലന്‍.
So what you say? Let's go kill her? 
 രാജധാനിയുടെ ഈ കോച്ചില്‍, ഞാനും, അവളും, മറ്റു രണ്ടോ മൂന്നോ ഫാമിലിയും അല്ലാതെ, വേറെ ആരും ഉണ്ടെന്നു തോന്നുന്നില്ല.എങ്കിലും ഒരു കരുതല്‍ നല്ലതാണ്. ഇത്തവണ ആക്രമണം മാത്രമല്ല, എന്നന്നേയ്ക്കുമായി അവളെ ഇല്ലാതാക്കുവാനാണ് എന്റെ പ്ലാന്‍. 
അവളുടെ കണ്ണില്‍ പെടാതെ ഞാനവളുടെ ക്യാബിനിന്റെ അരികിലൂടെ നടന്നു. പുറത്തേക്കു കണ്ണും നട്ട് അവളെന്തോ കഴിച്ചു 
കൊണ്ടിരിക്കുന്നു. സമയമായിട്ടില്ല. അവളൊന്നു ഉറക്കം പിടിക്കട്ടെ, എന്നിട്ടാവാം. മല്‍പ്പിടുത്തത്തിന്റെ ശബ്ദങ്ങള്‍ കഴിവതും ഒഴിവാക്കണം.
ഏകദേശം ഒരൊന്നര മണിക്കൂര്‍ കഴിഞ്ഞിരിക്കണം.ടിക്കറ്റ് ചെക്കിങ് ഓഫീസര്‍ അവളുടെ അടുത്തേക്ക് നടന്നടുത്തതും വെപ്രാളത്തോടെ ക്യാബിനിലൂടെ ഓടി 'ബന്ധുക്കളാരെങ്കിലുമുണ്ടോ? എന്നലറി വിളിച്ചു കൊണ്ടേയിരുന്നു. ഒരു പന്തിയില്ലായ്മ അയാളുടെ സ്വരത്തില്‍ വ്യക്തമായിരുന്നു. രണ്ടും കല്‍പ്പിച്ചു ഞാനയാളെ സമീപിച്ചു. ഉര്‍സുള, അവള്‍ എന്റെ സഹോദരിയാണെന്ന് പറഞ്ഞു. ചോദിക്കുന്നതിനു മുന്‍പ് തന്നെ അവളുടെ പേരെടുത്തു പറഞ്ഞത് ഓഫീസറെ കണ്‍വിന്‍സ് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. . 'she is dying..she is dying... നിര്‍ത്താം, നിങ്ങള്‍ വേഗം അവളെയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകൂ.''
എനിക്ക് ചിന്തിക്കുവാനോ പുനര്‍പദ്ധതിയൊരുക്കുവാനോ നേരം തരാതെ ട്രെയിന്‍ ഇടവഴിയിലെവിടെയോ നിര്‍ത്തിയിട്ടു. ആ വെറുപ്പിന്റെ ഭാണ്ഡത്തെ ഓഫീസര്‍ എന്റെ കൈകളിലേല്‍പ്പിച്ചു. ട്രെയിന്‍ ചൂളംവിളിയോടെ അകന്നുപോയി...
റെയിലിന്റെ ഒരു തിണ്ടിനപ്പുറം വാഹനങ്ങള്‍ പാഞ്ഞുപോകുന്ന റോഡ് എനിക്ക് കാണാമായിരുന്നു. മറു തിണ്ടിനപ്പുറം കുറ്റിച്ചെടികളും കളകളും നിറഞ്ഞു അലങ്കോലമായ പുറമ്പോക്കു ഭൂമിയും. ഞാനാ കൃമിയെയും ചുമന്നു പുറമ്പോക്കിലേക്കു നടന്നു. അപ്രതീക്ഷിതമായി എത്ര എളുപ്പത്തിലാണ് കാര്യങ്ങള്‍ എന്റെ വഴിക്കു വന്നത്...
 ജനിച്ച അന്നുമുതല്‍ എന്നിലേക്ക് ചുമടായി വീണ ഈ പാപത്തെ എരിച്ചു കളയുവാന്‍ പോവുകയാണ്.
ഒട്ടു ദൂരം നടന്ന്, ആരുടെയും കണ്ണില്‍പ്പെടില്ല എന്ന് ഉറപ്പു വരുത്തി, ഞാനാ പാപഭാണ്ഡത്തെ ഉണങ്ങിയ കളകളിലേക്ക് വലിച്ചെറിഞ്ഞു. തീപ്പെട്ടിക്കായി പോക്കറ്റിലേക്ക് കൈയെത്തിച്ചപ്പോഴാണ് അവളുടെ വിരലുകളില്‍ മുറുകിയിരുന്ന ആ കുറിപ്പ് ഞാന്‍ ശ്രദ്ധിച്ചത്. അവളുടെ പങ്കിലമായ ചോരക്കറകള്‍ അവിടെയും പറ്റിപ്പിടിച്ചിരുന്നു. അത് തൊടുവാന്‍ എനിക്ക് അറപ്പു തോന്നി. എങ്കിലും ജിജ്ഞാസ.. മനുഷ്യനെന്ന ജീവിക്ക് ഒരിക്കലും അതിനെതിരെ പിന്തിരിഞ്ഞു നില്‍ക്കുവാന്‍ സാധ്യമല്ല. കുറിപ്പിന്റെ അറ്റം ചേര്‍ത്ത് ഞാനതവളുടെ മുറുകുന്ന വിരലുകള്‍ക്കിടയില്‍ നിന്നും വലിച്ചെടുത്തു...
 ' നിസ്സാബീ ഞാന്‍ നിങ്ങളുടെ സഫ്രീന്റെ മകള്‍......'
പഴയ രക്തക്കറ പുതച്ചവളുടെ പേര് ആ കടലാസില്‍ ഒട്ടിപ്പിടിച്ചിരുന്നു.ആ മുഷിഞ്ഞ രക്തത്തിന്റെ ചൂര്; നൂറ്റാണ്ടുകള്‍ പുറകെയുള്ള കുരിശ് വൈരാഗ്യത്തിന്റെ യുദ്ധക്കറ പുരണ്ട വെറുപ്പിന്റെ ആണികള്‍ എന്റെ 
ഓരോ രോമകൂപത്തില്‍ നിന്നും, പൊടിഞ്ഞുയര്‍ത്തെഴുന്നേല്‍ക്കുന്നതു പോലെ..
അവള്‍..ആ പിശാച്.. അത് മരിച്ചിരുന്നോ, അതോ ജീവന്റെ ബാക്കി നിലനിന്നിരുന്നോ? എനിക്കോര്‍മ്മയില്ല.. വെറുപ്പിന്റെ ആണികള്‍ കോര്‍ത്തുവലിച്ച് ഞാനവളുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി.. പകയുടെ മുള്‍മുനകള്‍ ചേര്‍ത്ത്, അവളുടെ അഹങ്കാരം വലിച്ചു കീറി.പകയൊടുങ്ങും വരെ...
തീപ്പെട്ടികോലുകള്‍ ഓരോന്നായി ചേര്‍ത്തുരച്ച് ഉണങ്ങിയ കളകളോടൊപ്പം ഞാനാ കളങ്കത്തെ ചുട്ടെരിച്ചു.അവളുടെ തലയോട് പൊട്ടി പിളരുന്ന ശബ്ദം എന്നില്‍ ഉന്മാദം സൃഷ്ടിച്ചു. അവളുടെ ചര്‍മ്മം വലിഞ്ഞു മുറുകി തീക്കുമിളയായി തിണര്‍ത്തു പൊടിഞ്ഞുടയുന്ന ശബ്ദം... the sound of her flesh cracking up... it was music! pure music. അന്ന് തുടങ്ങിയ ഹരമാണ്. ഇന്ന് ഈ അറുപതാം വയസ്സിലും എനിക്കാ കൊതിയടങ്ങുന്നില്ല.
പെണ്‍കുട്ടികളെ കണ്ടെത്തുകയും, വലയില്‍ വീഴ്ത്തുകയും, ഭോഗിക്കുകയും എനിക്കൊരു ഹരമായി തീര്‍ന്നു. മാത്രവുമല്ല കന്യകാ വില്‍പ്പന വമ്പന്‍ ആദായം നേടിത്തരുന്നൊരു കച്ചവടം കൂടിയാണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ദില്ലിയിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ഞാന്‍ കല്‍ക്കത്തയിലേക്കു, സോറി; കൊല്‍ക്കൊത്തയിലേക്കു കുടിയേറി. ആന്റ് ഗ്രേസിനോടൊപ്പം കുറച്ചു കാലം ചിലവഴിച്ചതിനു ശേഷം ആംഗ്ലോ ഇന്ത്യന്‍ തെരുവിലൊരു പ്രോപ്പര്‍ട്ടി തരപ്പെടുത്തി.
ഞാനിവിടെ എത്തിയതിനു ശേഷം ആദ്യം ചെയ്തത് എന്റെ പേര് മാറ്റുകയാണ്. വിശ്വസ്തത നേടിയെടുത്ത് തരപ്പെടുത്തുന്ന പറ്റിപ്പ് കച്ചവടങ്ങള്‍ക്കു ബ്രോണി എന്ന നാമത്തിനേക്കാള്‍ ഉതകുക മാത്യു എന്നൊരു സാദാ പേരായിരിക്കുമെന്നു തോന്നി..റിപ്പണ്‍ സ്ട്രീറ്റില്‍ Mathew's Pub And Discotheque(MPD) എന്ന പേരില്‍ മാന്യതയുടെ മുഖാവരണം മുഖമുദ്രയാക്കി മധ്യവര്‍ഗ്ഗ യാഥാസ്ഥിതികര്‍ക്കു ഇണങ്ങുന്ന രീതിയില്‍ ഞാനത് പടുത്തുയര്‍ത്തി. എണ്‍പതുകളുടെ തുടക്കകാലമായിരുന്നു അത്. ഡ്രഗ് ഉപയോഗം സര്‍വ്വസാധാരണമെന്ന രഹസ്യം പരസ്യമായി തുടങ്ങിയ കാലം. പക്ഷെ MPD-യില്‍രഹസ്യ ലഹരികള്‍ക്കു കര്‍ക്കശമായ നിരോധമെന്ന ഇമേജ് വളരെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ വളര്‍ത്തിയെടുത്തു. മധ്യവര്‍ഗ്ഗ സമൂഹത്തിലെ, ഒരല്‍പം ലഹരിയും ജീവിതവും നുണയുവാനാഗ്രഹിക്കുന്ന കന്യകമാരെ ആകര്‍ഷിക്കുക തന്നെയായിരുന്നു എന്റെ ഗൂഢലക്ഷ്യം എന്നത് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ? 
ഇതിനിടെ കൊലപാതകങ്ങള്‍ ചെയ്തിരുന്നുവോ എന്ന് ചോദിച്ചാല്‍ സുമാര്‍ ഒരു അഞ്ചാറ് കൊലപാതകങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി എന്ന് പറയേണ്ടി വരും.. എന്ത് ചെയ്യാന്‍! ചില പെണ്‍കുട്ടികള്‍ അങ്ങനെയാണ്. അവര്‍ വരുതിയില്‍ നില്‍ക്കില്ല. അവരെ ഇല്ലാതാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഒരു രണ്ടാഴ്ച മുന്നേയും കൂടെ അങ്ങിനെ ഒരുവളെ എനിക്കൊടുക്കേണ്ടിവന്നു. പതിമൂന്ന് വയസ്സ് മാത്രമേ അവള്‍ക്കു പ്രായമുള്ളൂ എന്ന് തോന്നിച്ചു. ഇതൊരു പുതിയ തലവേദനയാണ്. അധികാരി ബാബുമാര്‍ക്കു കൗരമാരക്കാരെയാണ് പ്രിയം. അവരുടെ ഡിമാന്റ്റിനനുസരിച്ചു സപ്ലൈ കണ്ടെത്തുവാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ കണ്ടെത്തിയേ തീരൂ. കാരണം താന്‍ നടത്തിയ ഓരോ കന്യാഹത്യയും മണ്ണിട്ട് മൂടിയതവരാണല്ലോ.
ബാബുലോകിന്റെ കൗമാരകമ്പങ്ങള്‍ക്കു കൊല്‍ക്കൊത്ത പട്ടണം വേണ്ടത്ര മറ പിടിക്കില്ലെന്ന തിരിച്ചറിവാണ്, മുര്‍ഷിദാബാദ് എം എല്‍ എ, ദേബോ ദത്ത, തന്റെ മണ്ഡലത്തില്‍ കാടും പടലവും പിടിച്ചു കിടക്കുന്ന ഏതോ പുരാതന ഗൃഹത്തിലേക്ക് ഞങ്ങളെ എത്തിച്ചത്.
അടുത്തെങ്ങും ജനവാസമില്ലാത്ത ഈ ഇടം തങ്ങളുടെ വികട വികാരങ്ങള്‍ക്ക്, പുറംലോകമറിയാതെ കുട പിടിച്ചു മറയാക്കുമെന്നു അവര്‍ ഉറപ്പിച്ചു.
ആ ജീര്‍ണ്ണതയില്‍ കാലത്തിന്റെ കേടുപാടുകള്‍ അത്രയധികമൊന്നും ബാധിക്കാതെ ഒരു മുറി ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. തങ്ങളുടെ ലൈംഗിക വികല്പനകള്‍ വിസര്‍ജ്ജിച്ചു കളയുവാന്‍ ആ ജീര്‍ണ്ണത അവര്‍ക്ക് ധാരാളമായിരുന്നു. what can I say.. they are the customers and the place is their choice.
ഇന്നത്തെ ഉരുപ്പടി കണ്ടെത്തേണ്ടിയിരുന്നത് ദെബോ ദത്തയ്ക്ക് വേണ്ടി തന്നെയായിരുന്നു. എവിടെ നിന്നൊപ്പിക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, ബഹളത്തിന്റെ ചിരിയലകള്‍ തീര്‍ത്ത് അവള്‍ MPD യുടെ പുഷ് ഡോര്‍ തള്ളിത്തുറന്ന് ഡയസ്സിലേക്ക് വന്നുകയറിയത്. 

(തുടരും)

Content Highlights: Pathimoonnam Ravile Mokshabali Story Series by Shaheen M Sreeshma SindhuJoshy JolySiby part 5