കഥാരചനയിൽ വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് വള്ളുവനാടൻ ഡയറി സാഹിത്യ ചർച്ചാകൂട്ടായ്മ. ഒരു ചിത്രത്തെ ആസ്പദമാക്കി, പരമാവധി അഞ്ച് പേർ അടങ്ങുന്ന സംഘം അന്യോന്യം ചർച്ചയോ സംവാദമോ ഇല്ലാതെ ഒരു പൂർണകഥ മെനയുക എന്നതായിരുന്നു മത്സര രീതി. ഓരോ തുടർച്ചയും തന്റെ തൊട്ടു മുൻപിൽ എഴുതിയ വ്യക്തികളുടെ കഥാതന്തുവിനോടൊന്നിച്ചു ചിത്രത്തിനോട് ചേർന്ന് നിൽക്കുന്ന പ്രതിപാദനവും ആവണം . കഥയുടെ ഒഴുക്ക് തീർത്തും അനിശ്ചിതമായിരിക്കും എന്നതിനാൽ കഥയുടെ പൂർത്തീകരണത്തോടെ മാത്രമേ കഥാശീർഷകവും നിർണയിക്കുവാനാകുമായിരുന്നുള്ളു. വളരെ ശ്രമകരമായ ഈ പരീക്ഷണത്തിൽ ഒന്നാം സമ്മാനം നേടിയെടുത്ത നാലംഗ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്, തീർത്തും വ്യത്യസ്ത ജീവിത തുറകളിൽ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാല് വനിതകളാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഷാഹീൻ എം (ചെന്നൈ) ശ്രീഷ്മ (അബുദാബി) സിന്ധു ജോഷി (കൊടുങ്ങല്ലൂർ ) ജോളി (തിരുവനന്തപുരം) എന്നിവർ ചേർന്നൊരുക്കിയ 'പതിമൂന്നാം രാവിലെ മോക്ഷബലി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസ്തുത കഥയുടെ രണ്ടാം ഭാഗം ശ്രീഷ്മ അനീഷ് എഴുതിയ 'ഞാൻ സുഹ്റ' വായിക്കാം.

ഗംഗയിലെ പുണ്യതീർത്ഥം വഴി തെറ്റിയൊഴുകിയ ഹൂഗ്ലി നദിയുടെ ജലധാരയിൽ, നവാബുമാരുടെയും ബ്രിട്ടീഷ് മേൽക്കോയ്മയുടേയും ചൂതാട്ടത്തിൽ മരവിച്ചു പോയ 'വേശ്യകൾ' എന്ന് മുദ്രകുത്തപ്പെട്ട അനേകം രാജനർത്തകിമാരുടെ ഹൃദയത്തിൽ നിന്നും ഉത്ഭവിച്ച ഉപ്പുരസം പുരണ്ട കണ്ണുനീർ കൂടി അലിഞ്ഞുചേർന്ന് ഒഴുകിക്കൊണ്ടേയിരുന്നു.

കോസും ജാൻ ബീഗത്തിന്റ ആറു'ബേഠി'മാരിൽ താഹിറയോട് ഏറ്റവും അടുപ്പമുള്ളവൾ.. എന്റെ 'അമ്മീജാൻ, സുഹ്റയുടെ ആത്മാവ് വിതുമ്പി.
ആ തേങ്ങലിന്റെ അലയൊലികളിലൂടെ താഹിറയുടെ മനസ്സിലേക്ക് സുഹ്റ പഴയ ഓർമ്മച്ചിത്രങ്ങൾ വരക്കാൻ തുടങ്ങി.
'സുൽത്താന്റെ 'ബീഗം സാഹിബയായി' താഹിരി മൻസിലിൽ എത്തേണ്ടവൾ താഹിറ ആപ്പാ..(വല്ല്യേച്ചി) നിങ്ങൾ ആയിരുന്നില്ല.'
സ്നേഹം പുരണ്ട ചില വിട്ടുകൊടുക്കലുകളിൽ.സ്വാർത്ഥതയുടെ കന്മഷം കലർത്തി ഹൂഗ്ലി നദിക്കരയിൽ വില്പനച്ചരക്കായി സൗന്ദര്യത്തിന്റെ മുഖമൂടി അണിഞ്ഞു നിന്നവളായിരുന്നു നിങ്ങൾ..കൂട്ടുകാരിയുടെ ഭാഗ്യം കവർന്നെടുത്തവൾ.'സുഹ്റയുടെ ആത്മാവ് പെയ്ത ശബ്ദശരങ്ങൾ മൻസിലിന്റെ നിറം മങ്ങിയ ചുമരുകളിൽ നിന്നും ഉയർന്നു വന്ന് പ്രകമ്പനമായി താഹിറയുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു..
തവായിഫിൽ (അന്തഃപ്പുരദാസി) നിന്നും കേവലം വേശ്യയായി മുദ്രകുത്തപ്പെട്ട് ജീവിതം പകർന്നാടേണ്ടി വന്ന അമ്മീജാൻ, മകൾ 'സുഹ്റ' ഒഴികെ.., മറ്റെല്ലാ ദുഃഖങ്ങളും പാപക്കറകളും എന്നെന്നേക്കുമായി ഒഴുക്കി വിട്ടത് ഹൂഗ്ലി നദിയിലെ വഴിമാറിയൊഴുകി വന്ന ആ തീർത്ഥജലപരപ്പുകളിലേക്കായിരുന്നു.

മുഗൾ സാമ്രാജ്യത്തിന്റെ പ്രൗഢിയും അന്തഃസത്തയും, വെറും വ്യാപാരികളായി കടന്നു കൂടിയ ബ്രിട്ടീഷ് അധിപൻമാർ കാൽക്കീഴിലാക്കി വ്യവഹരിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നതുകൊണ്ട് മുർഷിദാബാദിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി മാറി. രാജനർത്തകിമാർക്ക് മട്ടുപ്പാവിലെ ക്രൗഞ്ചപ്പക്ഷിയുടെ തൂവൽക്കിടക്കയിൽ മാംസം വിറ്റ് ഉപജീവനം തേടേണ്ട ദുർഗ്ഗതി കാലത്തിന്റെ വികൃതികളിൽ ക്രൂരതയുടെ ചെഞ്ചായം പൂശി.

അമ്മീജാൻ വിടവാങ്ങിയതിനു ശേഷം സ്വയം സംരക്ഷിതയാകണമെന്ന് ഞാൻ ആഗ്രഹിച്ചു... തീഷ്ണ സൗന്ദര്യവും ബുദ്ധിയും ഖുദാ എനിക്കറിഞ്ഞ് നൽകിയതാവണം. സുഹ്റ കൃതാർത്ഥതയോടെ സ്മരിച്ചു. 'അമ്മയ്ക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ മകൾക്ക്.' സുഹ്റ മനസ്സിലുറപ്പിച്ചു. 'ചുരുളഴിക്കാത്ത' ജീവിത കഥയുമായി ഹുസൂർ ജാനിന്റെ മറ്റൊരു വില്പനച്ചരക്കായി ഞാൻ, 'സുഹ്റ' താഹിരി മൻസിലിലെ നിറച്ചാർത്തായി മാറി. എന്റെ നിഷ്കളങ്കമായ നക്ഷത്രക്കണ്ണുകളിൽ ഹൂസൂർ ജാനിന്റെ അക്ഷമയും പരുപരുക്കൻ നയങ്ങളും അലിഞ്ഞില്ലാതാവുന്നതു കണ്ട്, താഹിറാ ആപാ.. നിങ്ങൾ ഒരുപാട് സന്തോഷിച്ചു. എന്റെ സ്നേഹസമ്പന്നമായ പെരുമാറ്റവും കരുതലും, നിങ്ങൾക്ക് പിറക്കാതെ പോയ മകളുടെ സ്ഥാനത്തേക്ക് എത്ര പെട്ടന്നാണ് ഞാൻ അവരോധിക്കപ്പെട്ടത്.

'പൂർണ്ണ ഗർഭിണി ആയിരുന്നിട്ടു കൂടി, നിനവിൽ നന്മ നിറയേണ്ട കാലമായിരുന്നിട്ട് കൂടി, ക്ഷയിച്ചുകൊണ്ടിരിക്കുന്ന താഹിരി മൻസിലിന്റെ പതിമൂന്നാമത്തെ അകത്തളത്തിൽ മരണത്തിന്റെ അഗാധമായ മരവിപ്പിലേക്ക് നീ എന്തിന് എന്നെ തള്ളിയിട്ടു സുഹ്റാ?' താഹിറയുടെ ആത്മാവൊന്ന് വിതുമ്പി.'തിരിച്ചറിയപ്പെടാത്ത സ്നേഹം എത്ര വരച്ചാലും തെളിയാത്ത ജലരേഖകൾ പോലെ അപൂർണ്ണമാണ്.'നിന്നോടുള്ള എന്റെ സ്നേഹം വ്യർത്ഥമായിരുന്നോ സുഹ്റാ?'

''ഹുസൂർ സാഹിബിന്റെ ധൂർത്തും അപഥ സഞ്ചാരവും മൻസിലിന്റെ കൂറ്റൻ ചുവരുകളെ പിടിച്ചുലയ്ക്കുന്ന കൊടുംങ്കാറ്റായി വീശുന്നത്, പദവിയുടെ ഹുങ്കും അലസതയും ബാധിച്ചിരുന്ന നിങ്ങളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല ആപാ ബീഗം.' മാത്രവുമല്ല, ഞാൻ ഗർഭിണി ആയതോടെ നിങ്ങൾ ഏവരിൽ നിന്നും അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നത് പോലെ എനിക്കും തോന്നിയിരുന്നു. ഒരു പക്ഷേ ഹുസൂർ സാഹിബിന് ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ദൈവഹിതത്തിൽ ജനിക്കാൻ പോകുന്ന എന്റെ കുഞ്ഞിനോട് നിങ്ങളും അനിഷ്ടം സൂക്ഷിച്ചുവോ? വഞ്ചനയും സ്വാർത്ഥതയും എന്നും നിങ്ങളുടെ മുഖമുദ്രയായിരുന്നല്ലൊ.എന്റെ അമ്മീജാന്റെ സൗഭാഗ്യങ്ങൾ എരിച്ചു കളഞ്ഞവളായിരുന്നു നിങ്ങളെന്ന സത്യം എനിക്ക് വിസ്മരിക്കുവാനാകുമായിരുന്നൊ?

എന്റെ കുഞ്ഞ് ജനിച്ചു വീഴുന്നതിനു മുൻപ്, ഏവരുടെയും മനസ്സിലേക്ക് വേരൂന്നിയപോലെ...ഈ 'താഹിരി മൻസിലിൽ' എന്റെ സ്ഥാന മാനങ്ങൾക്ക് ഒരു ഉറപ്പ് ഉണ്ടാക്കേണ്ടതുണ്ട്. എന്റെ കുഞ്ഞിന് ഒരിക്കലും എന്റെ നിർഭാഗ്യം വന്ന് ചേരരുത് എന്നെനിക്ക് നിർബ്ബന്ധമായിരുന്നു. അതിനുള്ള കെണിയൊരുക്കുവാൻ ഞാൻ നിശ്ചയിച്ചു!

കാലങ്ങളായി മനസ്സിൽ കുറിച്ചു വച്ച കണക്ക് കൂട്ടലിന്റെ പിഴവുകൾ നിഷ്കരുണം മായ്ച്ചു കളഞ്ഞ്, തന്റെ സൂത്രവാക്യങ്ങൾ എഴുതിപ്പിടിപ്പിക്കുവാൻ സുഹ്റ തുനിഞ്ഞു തുടങ്ങി. തന്റെ അമ്മീജാന്റെ സൗഭാഗ്യങ്ങൾ തട്ടിയെടുത്തവളെ അധികനാൾ ഇവിടെ പൊറുപ്പിച്ചു കൂടാ...തന്റെ കുഞ്ഞിന്റെ ഓമനമുഖം അവർ കാണരുത്. 'സുൽത്താനെ പ്രീതിപ്പെടുത്തി അവർ കൈക്കലാക്കിയ ഭാവിയുടെ കരുതലുകൾ തന്റെ കുഞ്ഞിന് വന്നുചേരണം 'എന്ന ചിന്ത താഹിറ ബീഗത്തിന്റെ അവസാന ശ്വാസവുമെടുക്കുവാൻ സുഹ്റയെ വല്ലാതെ പ്രേരിപ്പിച്ചിരുന്നു.
തന്നെ കാലപുരിക്കയച്ച സുഹ്റയുടെ വാക്കുകൾ എങ്ങുനിന്നെന്നില്ലാതെ ആ തകർന്നടിഞ്ഞ പ്രതാപത്തിൽ ഇരുണ്ടു പോയ മൻസിലിൽ അലയടിക്കുന്നതായി താഹിറക്ക് തോന്നി.

അവസാനമായി സുഹ്റയുടെ പാമ്പെന്നു പറഞ്ഞു കൊണ്ടുള്ള നിലവിളി മാത്രമേ തനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു. പക്ഷേ ഇന്ന് സുഹ്റയുടെ സതൃങ്ങളിലൂടെ അറിയുന്നു. രക്തത്തിൽ വിഷം കലർന്നത് സർപ്പ ദംശനത്താലായിരുന്നില്ല. വെറുമൊരു പേനക്കത്തിയുടെ മൂർച്ചയുള്ള അഗ്രങ്ങളിൽ ഉഗ്രമായ പാമ്പിൻ വിഷം പുരട്ടി അവൾ 'സുഹ്റ' താൻ പോലുമറിയാതെ തന്റെ കൈകളിൽ ചെറിയൊരു പോറൽ ഏല്പിച്ച് ഒന്നുമറിയാത്ത പോലെ, തന്റെ മരണ വെപ്രാളം കാണുവാൻ കാത്തിരുന്നവളായിരുന്നു.. മകളെന്നു കരുതി താൻ സ്നേഹിച്ചവൾ,'സുഹ്റ.'
നമ്മളാൽ സ്നേഹിക്കപ്പെട്ടവരും പശ്ചാത്താപത്തിന്റെ നീറ്റലിൽ ഉള്ളുരുകുന്നവരും തീർച്ചയായും 'മാപ്പ് ' അർഹിക്കുന്നുവെന്ന ലോകനീതി നടപ്പാക്കുന്നതിൽ താഹിറയും കരുവാക്കപ്പെട്ടിരിക്കുന്നു.

'ഈ നേരമത്രയും അപരാധത്തിന്റ നോവുമായ് പുകമറക്കുള്ളിൽ മറഞ്ഞു നിന്നെങ്കിലും, എന്റെ തെറ്റുകൾ ഏറ്റു പറഞ്ഞപ്പോൾ, കാലത്തിന്റെ ദൂരങ്ങൾ താണ്ടി ആപാ ബീഗത്തിന്റെ കാൽക്കൽ വീണു മാപ്പ് അപേക്ഷിച്ചപ്പോൾ, എന്നിലേക്ക് ജന്നത്തണഞ്ഞത് പോലെ തോന്നി.
താഹിറയുടെ കൊലപാതകത്തിന്റെ പാപക്കറയുടെ അവശേഷിപ്പുകൾ 'താളം തെറ്റിച്ച' സുഹ്റയുടെ ഭ്രാന്തമായ മനസ്സിനെ പിടിച്ചു കെട്ടാൻ താഹിരി മൻസിലിലെ പതിമൂന്നാം അറയിലെ മൃത്യുവിന്റെ ഗന്ധം ആവാഹിച്ചു മരവിച്ചു പോയ ചുവരുകൾക്കേ സാധിച്ചുള്ളൂ. വിഷാദാഗ്നി എരിച്ച മനസ്സിൽ നിന്നും ഒരിക്കൽ പോലും തന്റെ മകൾക്കായി ഒരു വരി താരാട്ടോ. ആ ഇളംചുണ്ടിൽ ഒരിറ്റ് മുലപ്പാലോ ഏകാൻ സുഹ്റയിലെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല.

'സുഹ്റാ...നിന്നോട് ഞാൻ എന്നേ ക്ഷമിച്ചിരിക്കുന്നു.' ആ വാക്കുകൾ സുഹ്റയെ അശാന്തമായ ചിന്തകളിൽ നിന്നും മുക്തയാക്കി ആത്മാവിൽ നിത്യശാന്തിയുടെ തിരി തെളിച്ചു. താനടക്കമുള്ള സ്ത്രീ ജന്മങ്ങളെ 'ആഡംബര നായ്ക്കളെപ്പോലെ' കൊണ്ടു നടന്ന യജമാനൻ ഹുസൂർ സാഹിബിന്റെ ക്രൂരതകളെ മറവിയായി മായ്ച്ചു കളയാൻ ആ നിമിഷത്തിൽ സുഹ്റയുടെ ആത്മാവ് പ്രാപ്തമായിരിക്കുന്നു.

ഈ സമയം താഹിറയുടെ ചുണ്ടിൽ വിരിഞ്ഞ നിഷ്കളങ്കമായ ആ ചെറു പുഞ്ചിരി സുഹ്റയെ തന്റെ പാൽമണം മാറാത്ത അരുമ മകൾ 'സഫ്രീനെ 'ഓർമ്മിപ്പിച്ചു. കൊഞ്ചൽ മറന്ന ശൈശവവും, കളിമറന്ന ബാല്യവും.തേങ്ങൽ മാത്രമായ കൗമാരവുമായി അവൾ സുഹ്റയുടെ മകൾ.

Content Highlights : Pathimoonnam Ravile Mokshabali Story Series by Shaheen M Sreedhma SindhuJoshi Joly Second Part

(തുടരും)