ഥാരചനയിൽ വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് വള്ളുവനാടൻ ഡയറി സാഹിത്യ ചർച്ചാകൂട്ടായ്മ. ഒരു ചിത്രത്തെ ആസ്പദമാക്കി, പരമാവധി അഞ്ച് പേർ അടങ്ങുന്ന സംഘം അന്യോന്യം ചർച്ചയോ സംവാദമോ ഇല്ലാതെ ഒരു പൂർണകഥ മെനയുക എന്നതായിരുന്നു മത്സര രീതി. ഓരോ തുടർച്ചയും തന്റെ തൊട്ടു മുൻപിൽ എഴുതിയ വ്യക്തികളുടെ കഥാതന്തുവിനോടൊന്നിച്ചു ചിത്രത്തിനോട് ചേർന്ന് നിൽക്കുന്ന പ്രതിപാദനവും ആവണം . കഥയുടെ ഒഴുക്ക് തീർത്തും അനിശ്ചിതമായിരിക്കും എന്നതിനാൽ കഥയുടെ പൂർത്തീകരണത്തോടെ മാത്രമേ കഥാശീർഷകവും നിർണയിക്കുവാനാകുമായിരുന്നുള്ളു. വ്യത്യസ്ത ജീവിത തുറകളിൽ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാല് വനിതകളാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഷാഹീൻ എം (ചെന്നൈ) ശ്രീഷ്മ (അബുദാബി) സിന്ധു ജോഷി (കൊടുങ്ങല്ലൂര്‍) ജോളി സിബി (തിരുവനന്തപുരം) എന്നിവർ ചേർന്നൊരുക്കിയ 'പതിമൂന്നാം രാവിലെ മോക്ഷബലി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസ്തുത കഥയ്ക്ക് ഷാഹീൻ എം രചിച്ച അവസാനഭാഗം വായിക്കാം.

ന്യൂ ജെൻ! ഇവരുടെ രീതികൾ കാണുമ്പോഴാണ്, കറുത്ത ചായത്തിനുള്ളിൽ മുളച്ചു നരയ്ക്കുന്ന വാർദ്ധക്യത്തെക്കുറിച്ച് ചിലപ്പോഴൊക്കെ ഞാൻ ബോധവാനാകുന്നത്.
'ദിൽ പേ പഥർ രഖേ
മുഹ് പർ മേക്കപ്പ് കർലിയാ
മേരെ സയ്യ ജി സെ ആജ് മേ നെ
ബ്രേക്ക് അപ്പ് കർ ലിയാ'
ഇത് ഇരുപത്തിയഞ്ചാമത്തെ റിപീറ്റ് ആണ്..
ആവർത്തനവിരസതയുടെ മുഴക്കം
break-ups പോലും പാർട്ടി ടൈംസ് ആയി കൺവെർട്ട് ചെയ്യുന്ന ഈ ന്യൂ ജൻ മാഡ്നെസ്സ്. പ്രണയത്തെ പുല്ലുപോലെ വലിച്ചെറിയുന്ന ഈ ഉത്സാഹം. ഹൃദയം തകർക്കുകയും വീണ്ടും തീർക്കുകയും ചെയ്യുന്ന ഈ സ്പിരിറ്റ്..
അവൾ തന്റെ പ്രണയ വിഭജനത്തിന്റെ അതിരുകൾ നിർണ്ണയിക്കുകയാണോ, അതോ അതിരുകളുടെ മുറിവുകൾ തുന്നിയിണക്കുകയാണോ?
'ദിൽ പേ പഥർ രഖേ, മുഹ് പർ മേക്കപ്പ് കർലിയാ..'
ചുരണ്ടി മാറ്റപ്പെട്ട ഹൃദയപാതാളത്തിന്റെ വികൃതമുഖം; അത് മൂടുവാനുള്ള, മറയ്ക്കുവാനുള്ള തത്രപ്പാടിലാണവൾ.

ഒരു രാത്രി മുഴുവനും ചടുല താളത്തിന്റെ ആവർത്തനം കൂട്ട് പിടിച്ചു ഹൃദയഗർത്തം ഒരു കല്ലിനാൽ മറവു ചെയ്ത്, മേക്കപ്പും പൂശി ജീവിതത്തിലേക്ക് മടങ്ങാമെന്ന് അവൾ വ്യാമോഹിക്കുന്നു.
anyways why should I bother about all that ഈ ചട്-പട് സാധനത്തെ വളച്ചെടുത്തു മുർഷിദാബാദിൽ എത്തിക്കുന്നതെങ്ങിനെ? she is drinking like a fish..സ്പിരിറ്റ് മൊത്തവും അവളുടെ ഡാൻസിങ് സ്പിരിറ്റ്സ് കൂട്ടുകയല്ലാതെ, അവളിൽ തളർച്ചയായി ആവേശിക്കുന്നതേ ഇല്ല. അവളുടെ സുഹൃത്തുക്കളിൽ ചിലരൊക്കെ പാർട്ടി വിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. കൂടെയുള്ളവരിൽ പലരും flat-out ന്റെ വക്ക് പിടിച്ച് കുഴയുന്നു. ഇവൾ മാത്രമിങ്ങനെ, ഷോക്കടിച്ച കമ്പി പോലെ.. വിറ ബാധിച്ചത് പോലെ നൃത്തം ചെയ്യുന്നു. thats enough .. അവളുടെ ഡ്രിങ്ക് spike ചെയ്യുവാൻ ഞാൻ ബെയററിന് സിഗ്നൽ നൽകി.

വിചാരിച്ചതു പോലെ തന്നെ നടന്നു. 'MPD' എന്ന മാന്യമുദ്ര മറവായി അണിഞ്ഞ വാഹനത്തിൽ, അവരെയൊക്കെയും താന്താങ്ങളുടെ വീടുകളിൽ എത്തിക്കാമെന്ന് ഓഫർ ചെയ്തു. അവറ്റകൾ എന്റെ നന്മയെ വാനോളം പുകഴ്ത്തി.. ഇഡിയറ്റ്സ്!
കാറിന്റെ പുറകിലത്തെ സീറ്റിൽ, കയ്യും കാലുമെറിഞ്ഞു അവൾ സുഖനിദ്രയിലാണ്. കൂടിപ്പോയാൽ ഇനിയുമൊരു മണിക്കൂർ.തീർച്ചയായും പുലർച്ചെ കീറുന്നതിനു മുൻപേ തനിക്കിവളെ ആ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്കെത്തിക്കുവാൻ സാധിക്കും.
ജീർണ്ണത മണക്കുന്ന ആ മുറിയിലേക്ക് അവളെ തള്ളിയിട്ട്, മുറി പുറത്തു നിന്നും ഭദ്രമായി പൂട്ടി, താക്കോൽ ദത്തയെ ഏൽപ്പിക്കുവാനായി ഞാനയാളുടെ വീട്ടിലേക്കു തിരിച്ചു.ഏകദേശം രണ്ടാഴ്ച മുമ്പാണ് ആ പതിമൂന്നുകാരിയെ ഞാനിവിടെ കൊന്നു കുഴിച്ചു മൂടിയത്.. ഇനി ഇവളെ എന്ത് ചെയ്യേണ്ടി വരുമോ എന്തോ?

പതിമൂന്ന് വയസ്സ് മുതൽ...നനഞ്ഞ പാടത്തിലെ സീസണൽ കൃഷി പോലെ, ഇത് എത്രാമത്തെ ബ്രേക്ക് അപ്പ് ആണ്. മടുത്തു. ഇരുപത്തിമൂന്നിന്റെ ഒടുക്കത്തിൽ കയറിയിറങ്ങിയ പ്രണയം ഒടുക്കത്തേതെന്നു അവൾ നിർണ്ണയം കൂട്ടി.
ചെറുതായി തുറന്നിരുന്ന ജനൽപ്പാളിയുടെ വിടവിലൂടെ സ്ഥലകാലബോധത്തിന്റെ തുമ്പ് തേടുവാൻ അവൾ ശ്രമിച്ചു. വല്ലാത്ത ദാഹം തോന്നി. എന്തെങ്കിലും കുടിക്കുവാൻ കിട്ടിയിരുന്നെങ്കിൽ...മുറിയുടെ ഒരു മൂലയിൽ നിരത്തിവെച്ചിരുന്ന മിനറൽ ബോട്ടിലുകളും ബിസ്ക്കറ് പാക്കറ്റുകളും അവളുടെ ശ്രദ്ധയിൽ പെട്ടു. കെട്ടിപിണയുന്ന സംശയക്കുരുക്കുകൾക്ക് തൽക്കാലം വിരാമമിട്ട്, രണ്ട് കുപ്പി വെള്ളം അവൾ ഒറ്റയടിക്ക് കുടിച്ചു തീർത്തു. ഒരു പാക്കറ്റ് ബിസ്കറ്റ് ചറപറാ കടിച്ചു തീർത്തു. വീണ്ടും ആ ജനൽപാളി തുറക്കുവാൻ ശ്രമിച്ചു. അവളുടെ ശ്രമത്തിനോടിണക്കം കൂട്ടി ജനൽപ്പാളി മെല്ലെയൊന്നനങ്ങി കൊടുത്തു. അവൾക്കു കഷ്ടിച്ച് തല പുറത്തിടാമെന്നായി. തലയിലേക്ക് ഭൂമിയുടെ ഗന്ധവും കാറ്റിന്റെ തോണ്ടലും അൽപ്പാൽപ്പമായി അരിച്ചിറങ്ങിയതോടെ താൻ ട്രാപ്പ്ഡ് ആണെന്നുള്ള ബോധം അവളിലേക്ക് തിരിച്ചറിവായി.

തന്റെ സെൽഫോണും മറ്റും തന്നെ കടത്തിയവർ മാറ്റിവെച്ചിരിക്കും എന്നവൾ ഊഹിച്ചെങ്കിലും ഒരു തരി പ്രതീക്ഷയിൽ അവൾ മുറിയാകെ തിരഞ്ഞു. സ്വർണ്ണവരകൾ പോറലുകൾ ചേർത്ത ചില കുപ്പിവളത്തുണ്ടുകളും, അറിയാത്തൊരാഘാതത്തിൽ ഉൾവലിഞ്ഞെന്നോണം ചതവ് പറ്റിയ കൊലുസുമണികളും അവളാ മുറിയുടെ മൂലകളിൽ നിന്നും പെറുക്കിയെടുത്തു. ഇവയ്ക്കു പറയാനുള്ള കഥകളെന്തായിരിക്കും?അവൾ വെറുതെ ആലോചിച്ചു.പോക്കുവെയിലിന്റെ അന്ത്യയാമങ്ങൾ അപ്പോൾ നടന്നടുക്കുകയായിരുന്നു. രക്ഷപ്പെടുവാൻ പഴുതുകളൊന്നുമില്ല. ആപത്‌കാലത്തെ കാത്തിരിക്കാം.

അവളുടെ കൈകൾ അറിയാതെ ഗാഗ്രയുടെ കൺസീൽഡ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐപോഡ് തിരഞ്ഞു. textile science ൽ ബിരുദമെടുത്തത് ഭാഗ്യമായെന്ന് അവളോർത്തു. ഇങ്ങിനെയൊരു പോക്കറ്റ് അവരുടെ ശ്രദ്ധയിൽപെടാതിരിക്കുവാൻ അത് കാരണമായി.
'മോഹെ പൻഘട് പെ നന്ദ്ലാൽ ഛേഡ് ഗയോ രേ..' വളരെ പഴയൊരു ഗാനംഇയർഫോണിലൂട അവളിലേക്ക് തഴുകിയിറങ്ങി.. യമുനാതീരത്ത്, തന്നെ തനിച്ചാക്കി മറഞ്ഞകന്ന ശ്യാമരൂപനോടുള്ള രാധയുടെ പരാതി. എത്ര നൂറ്റാണ്ടുകൾ, എത്ര ശബ്ദങ്ങൾ, എത്ര ഗായകർ ആ കാതര ഭാവത്തിൽ ആലാപനം ചേർത്തിരിക്കുന്നു. ഇന്നിതാ താനും പ്രണയത്തിന്റെയും ഉപേക്ഷയുടെയും അതേ പഴയ താളത്തിൽ അറിയാതെ അലിയുന്നു.. പൊലിയുന്നു. എവിടെയോ ഒരു തേങ്ങൽ കേട്ടുവോ?തോന്നിയതായിരിക്കാം.

മാനം ഇരുളാൻ തുടങ്ങിയിരിക്കുന്നു. മുറി തിരഞ്ഞപ്പോൾ ലഭിച്ച മെഴുകുതിരികളിലൊന്ന് കത്തിക്കുമ്പോഴാണ് അവൾക്കാ തോന്നലുണ്ടായത്.. ബാബയുടെയും മാജാനിയുടെയും വിയോഗത്തിന് ശേഷം, സംഘർഷങ്ങളിൽ പെട്ടുഴന്നു പോകുമ്പോൾ, വ്യുജാ ബോർഡ് നിരത്തി, മരിച്ചുപോയ തന്റെ രക്ഷിതാക്കളുടെ കൂട്ട് തേടുക അവൾ പതിവാക്കിയിരുന്നു. വ്യുജ ബോർഡ് തന്റൊപ്പമുണ്ടായിരുന്നെങ്കിൽ എന്നവൾ കഠിനമായി ആഗ്രഹിച്ചു. അനാഥത്വത്തിന്റെ ഏകാന്തത അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. നിസ്സഹായതയുടെ മനംമടുപ്പിൽ അവൾ പോക്കറ്റിൽ കിടന്നിരുന്ന ചോക്ലേറ്റുകൾ ഒന്നൊന്നായി അഴിക്കുവാൻ തുടങ്ങി.

അപ്പോഴാണ് അവളുടെ വിരലുകൾക്കിടയിൽ, കടും ചുവപ്പു ചായം നിറച്ച ലിപ്സ്റ്റിക് കൂട് തടഞ്ഞത്.
അക്ഷരങ്ങളും അക്കങ്ങളും ചേർത്ത് വെറും തറയിൽ ചുവന്ന നിറത്തിലൊരു വ്യുജ ബോർഡ് വരയുവാൻ തുടങ്ങി. നടുക്ക് മെഴുകുതിരി കത്തിച്ചു വെച്ചു. പൊട്ടിയ വളത്തുണ്ടുകളും, ഒട്ടിയ ചിലങ്ക മണികളും ചേർത്ത് വെച്ചൊരു സൂചിക മെനഞ്ഞെടുത്തു.കളത്തിനിരുവശവുമായി കയ്യിലുണ്ടായിരുന്ന മിഠായി മണികൾ വിളമ്പി വെച്ചു എന്നിട്ടവൾ കണ്ണടച്ചു വിളിച്ചു തുടങ്ങി.'any good spirits passing by, please come...please come...

ദത്തയെയും കൊണ്ട് മാത്യു; അല്ല ബ്രോണി, താഹിരീ മൻസിലിൽ എത്തികൊണ്ടിരിക്കുന്നതിനു ഒരു അരനാഴിക നേരം മുന്നെയാണ് ഉർസുള, താഹിറയും സുഹറയും സഫ്രീനും കാത്തിരിക്കുന്നിടത്തേക്കു എത്തിച്ചേർന്നത്. താന്താങ്ങളുടെ കുറ്റമല്ലാഞ്ഞിട്ടു കൂടി ദുർമരണങ്ങൾ വരിച്ച പ്രേതങ്ങളായി ഭൂമിയിൽ അലയേണ്ടി വന്ന നാലാത്മാക്കൾ
'നാം കാത്തിരിക്കുന്നതാർക്കു വേണ്ടിയാണ്? 'കൂട്ടത്തിൽ ഒടുക്കം ചേർന്നെത്തിയ ഉർസുള ചോദിച്ചു.അവളുടെ ചോദ്യത്തിനുത്തരമായി മണികളടർന്ന ഗുംഗുരുവിൽ മൃദുതാളം ചേർത്ത് ഒരു പതിമൂന്നുകാരി അവിടെ എത്തി.
' ആജ് തെഹ്ര ദിൻ ഹൈ.(പതിമൂന്നാം ദിവസം ) അവൾ എന്റെ ആത്മാവിന് ശാന്തിയേകുവാൻ വിളിക്കുകയാണ്. അവളിലൂടെയാണ് എന്റെ മോചനം. ആത്മാക്കൾ തനിയെ വിരുന്നു സ്വീകരിക്കരുത് എന്നാണ്. എന്റൊപ്പം വരുന്നതിൽ വിരോധമുണ്ടോ?'കൃത്യം പതിമൂന്ന് ദിവസം മുൻപേ ബ്രോണി കശാപ്പു ചെയ്തു കളഞ്ഞ പെൺകുട്ടിയുടെ ആത്മാവ് ചോദിച്ചു.
പതിമൂന്നുകാരിയെ അനുഗമിച്ച്, താഹിരി മൻസിലിലേക്ക് സുഹ്റ കെട്ടടങ്ങിയ ആ മുറിയിലേക്ക് അവർ നടന്നു തുടങ്ങി..
കുപ്പിവള തുണ്ടുകളും ഗുംഗുരൂ മണികളും ഒന്ന് വിറച്ചതായി അവൾക്കനുഭവപ്പെട്ടു. പക്ഷേ അതേ നിമിഷത്തിൽ ഞെരക്കത്തോടെ നിരങ്ങിയ മുൻവാതിൽ, വികൃതലോകമെന്ന യാഥാർത്ഥ്യം അവൾക്കു മുന്നിൽ തുറന്ന് വരികയും ചെയ്തു.
' ആഹാ .. വിളക്കൊക്കെ കത്തിച്ചു കാത്തിരിക്കയാണോ ' ഒരു വഷളൻ ചിരി വല്ലാതങ്ങു ചിരിച്ചു ദത്ത. സിഗററ്റിലേക്കു ഒരു തീപ്പെട്ടി ഉരച്ചു, ബ്രോണിയും ആ ചിരിയിൽ പറ്റ് ചേർന്നു.
ഉർസുളയുടെ അരിശം ശൈത്യം വിറച്ചൊരു കാറ്റായി ആ തീക്കൊള്ളിയെ വിഴുങ്ങിക്കളഞ്ഞു. തന്റെ സിഗരറ്റിന് ചൂട് പകരാൻ ബ്രോണി ഉരച്ചു ചേർത്ത തീക്കൊള്ളികളത്രയും, ജീവൻ വെടിഞ്ഞ ശവങ്ങളെ പോലെ തറയിൽ തണുത്തു വിറച്ചു.
'കുഛ് ഠീക് നഹി ഹെ യാർ.' എന്തോ ഒരു പന്തികേട് അനുഭവപ്പെടുന്നതായി ബ്രോണിക്കു തോന്നി.
'നീ പുറത്തു പോയി നിൽക്ക്.. അപ്പോഴേക്കും ഞാൻ പരിപാടി കഴിച്ചെത്താം.' ചിറി കോട്ടി വക്രിച്ചു ദത്ത തന്റെ അക്ഷമ പ്രകടിപ്പിച്ചു..
' പരിക്കുകൾ കുറയ്ക്കുവാൻ പ്രതിരോധിക്കാതിരിക്കുക'
സുരക്ഷാ ക്ലാസ്സുകളിലെ പ്രതിരോധ പാഠങ്ങളിലൊന്ന്..
അവൾ നേരെ പോയി കിടക്കപ്പായിൽ മലർന്നു കിടന്നു
' അഛാ ജി, ഫുൾ റെഡി ഹോ.. ആദൃമായിട്ടല്ലായെന്ന് തോന്നുന്നു.'അശ്ലീലത്തിന്റെ നീരിറങ്ങിയ 'പാൻ' അവളുടെ മുഖത്തേക്ക് തുപ്പി, അവളുടെ മുകളിലേക്ക് ചായ്ഞ്ഞ് ദത്ത ചോദിച്ചു.. 'കിത്നേ ഉമർ കെ ഹോ തും?'

തന്റെ മസ്തിഷ്ക്കത്തിലെന്തോ മരവിപ്പ് ബാധിക്കുന്നതായി അവൾക്കു തോന്നി. അവളുടെ ബോധം മറഞ്ഞു. അവളുടെ നെറ്റിയിൽ വലുതായി എന്തോ ചുവന്ന പാട് തിണർത്തു വരുന്നതായി ദത്ത കണ്ടു. ബോധം മറഞ്ഞ അവളുടെ കവിളത്ത് നിരാശയും അമർഷവും മൂത്ത് ദത്ത ആഞ്ഞടിച്ചു.
അവളുടെ നെറ്റിയിലെ തിണർപ്പ് രക്തവർണ്ണത്തിൽ ഉദിച്ചുയർന്ന് എഴുതി ചേർത്തു..13! അവളുടെ കഴുത്തിലും കവിളിലും നിറയെ തിണർപ്പുകൾ വീണ്ടും വീണ്ടും എഴുതി ചേർത്തു 13... 13... 13... 13... ദത്ത ആർത്തലച്ചു പുറത്തേക്കോടി.

ഒരുപാട് ശ്രമത്തിനു ശേഷം സിഗരറ്റ് കത്തിച്ചു പുക ആസ്വദിക്കാൻ തുടങ്ങിയതേ ഉണ്ടായുള്ളൂ ബ്രോണി. ഭ്രാന്ത് പിടിച്ചോടുന്ന ദത്തയെ പിടിച്ചുവെച്ച് അവൻ കാര്യം അന്വേഷിച്ചു. ഒന്നും പറയാനാവാതെ ദത്ത കെട്ടിടത്തിന് നേരെ വിരൽ ചൂണ്ടി കൊണ്ടേ ഇരുന്നു.അയാളെ എങ്ങിനെയോ കാറിൽ പിടിച്ചിരുത്തി ബ്രോണി കെട്ടിടത്തിന് നേരെ നടന്നു. കെട്ടിടത്തിന്റെ പടിക്കെട്ടിലേക്കു കാലെടുത്തു വെച്ചതും, മൃതശരീരം കത്തിക്കരിയുന്ന മണം; ഉർസുളയുടെ മരണത്തിന്റെ മണം; തന്നെ പൊതിയുന്നതായി ബ്രോണിക്കനുഭവപ്പെട്ടു. മുറിയിലേക്ക് കടക്കുവാൻ ബ്രോണി തുനിഞ്ഞില്ല. മരണമിപ്പോൾ മടുപ്പായി തുടങ്ങിയിരിക്കുന്നു തനിക്ക്.മുറി പുറത്തു നിന്ന് പൂട്ടുവാനായി താക്കോൽ കൈയ്യിലെടുത്തതും, ആരോ തട്ടിത്തെറിപ്പിച്ചത് പോലെ പൂട്ടും താക്കോലും തെറിച്ചു താഴെ വീണു. ..പിന്നെ അയാളുമത് കണ്ടു... കതകിൽ ചുവന്നു തിണർത്തു തടിക്കുന്ന അക്കങ്ങൾ...13 !
'അവരെ എന്ത് ചെയ്യണം?'
'രണ്ടുകാലുമൊടിച്ചേക്കാം..' സഫ്രീനും ഉർസുളയും ഒരു പോലെ പറഞ്ഞു.
'നട്ടെല്ലൊന്നു തകർത്തേക്കാം' പതിമൂന്നുകാരിയും നിർദ്ദേശിച്ചു.. ജീവച്ഛവങ്ങൾ ആവട്ടെ രണ്ടും.
പിന്നെയവർ അഞ്ചു പേരും ചേർന്ന് അവർക്കായി നീക്കി വെച്ച മധുരം നുണഞ്ഞു. പതിമൂന്നാം രാവിലെ മോക്ഷബലിയുടെ മധുരം! .
തുറന്നു കിടക്കുന്ന വാതിലുകളും ജനലുകളുമാണ് അവളെ എതിരേറ്റത് ഹൂഗ്ലിയുടെ ഒഴുക്കിന്റെ തീരത്തു പ്രഭാതം വരവേറ്റുണരുന്ന അങ്കണത്തിലേക്കവൾ നടന്നു.

' കുറച്ചു മണ്ണെടുത്തോട്ടെ മാ?' അങ്കണപ്പടിക്കൽ രണ്ടുമൂന്നു ചാക്ക് കെട്ടുകളുമായി ചില ഗ്രാമവാസികൾ. താൻ കെട്ടിടത്തിന്റെ ഉടമയെന്നു അവർ തെറ്റിദ്ധരിച്ചുവോ? മണ്ണെടുക്കുന്നത് എന്തിനെന്ന് അവൾ അവരോടാരാഞ്ഞു..
' യഹ് തെഹ്?രി മൻസിൽ ഹെ ന മാ... വേശ്യാ പാരമ്പര്യമുള്ള കെട്ടിടം. ഗംഗാതടത്തിലെ മണ്ണിനോടോപ്പം, വേശ്യാങ്കണത്തിലെ മണ്ണും കൂടെ ചേർന്നാലേ ദുർഗ്ഗാ വിഗ്രഹത്തിന്റെ വാർപ്പ് പരിശുദ്ധമാകു, ദുർഗ്ഗയുടെ ശക്തി പൂർണ്ണമാകൂ.'
പോകാൻ നേരം അവർ അവളുടെ പേര് അന്വേഷിച്ചു. 'ഇഷ്ടമുള്ള പേര് വിളിച്ചോളൂ...' അവൾ തമാശ രൂപേണ അവരോട് പറഞ്ഞു. കൂട്ടത്തിൽ മുതിർന്നൊരാൾ കൈനിറയെ ദുർഗ്ഗാതിലകവുമായി, അവളുടെ തിരു നെറ്റിയിൽ നെടുനീളത്തിൽ രക്തതിലകമണിയിച്ചു കൊണ്ട് പ്രാർത്ഥിച്ചു..
'ത്വം ശ്രീ ത്വം ഈശ്വരി
ത്വം ഹ്രീം ത്വം ബുദ്ധി ബോധ ലക്ഷണാം
ലജ്ജാപുഷ്ടി തഥാ ദൃഷ്ടി ശാന്തി ശാന്തി രേവത
ഘടകിനി ശൂലിനി ഘോരാ ഗദിനി ചക്രിണി
തഥാ ശംഖിനി ചാപിണി ബാണ
ഭൂഷണി പരതായുധാ'
നീണ്ടു പരന്ന് കിടക്കുന്ന വനഭൂമിയിലേക്ക് അവൾ കണ്ണോടിച്ചു. നീൽചിത്രകങ്ങൾ മൊട്ടിട്ടു തുടങ്ങുന്നതിൽ അവളുടെ കണ്ണുകൾ ഉടക്കി. അറ്റത്തും തറ്റത്തുമായി മഞ്ചീസ്തകൾ മഞ്ഞമണികളായി എത്തി നോക്കുന്നത് അവൾ കണ്ടു.. ഒരു കൂട്ടം മഹാരാഝ്നകൾ തെഴുപ്പുകൾ നീട്ടി തന്റെ ചുവന്ന ഗാഗ്രയിലേക്കു കൊളുത്തി വിളിക്കുന്നതായി അവൾക്കു തോന്നി. നിറങ്ങളുടെ പറുദീസയാണ് താൻ നിൽക്കുന്ന ഭൂമി എന്നവൾ അതിശയത്തോടെ തിരിച്ചറിഞ്ഞു. വാതിലിനു മുകളിൽ മായ്ഞ്ഞു തുടങ്ങുന്ന 13 എന്ന അക്കത്തിൽ അവളുടെ കണ്ണുകൾ ഉടക്കി. തെഹ്രി മൻസിൽ! 13-ാം മൻസിൽ!.. 'താഹിരി മൻസിൽ' അഞ്ചു പ്രേതാത്മാക്കൾ ഒന്നിച്ചവളുടെ ചെവിയിൽ മന്ത്രിച്ചത് അവൾ കേട്ടോ ആവോ..!

(അവസാനിച്ചു)

Content Highlights: Pathimoonnam Ravile Mokshabali Story Series by Shaheen M Sreeshma Sindhu Joshy joly siby