കഥാരചനയിൽ വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് വള്ളുവനാടൻ ഡയറി സാഹിത്യ ചർച്ചാകൂട്ടായ്മ. ഒരു ചിത്രത്തെ ആസ്പദമാക്കി, പരമാവധി അഞ്ച് പേർ അടങ്ങുന്ന സംഘം അന്യോന്യം ചർച്ചയോ സംവാദമോ ഇല്ലാതെ ഒരു പൂർണകഥ മെനയുക എന്നതായിരുന്നു മത്സര രീതി. ഓരോ തുടർച്ചയും തന്റെ തൊട്ടു മുൻപിൽ എഴുതിയ വ്യക്തികളുടെ കഥാതന്തുവിനോടൊന്നിച്ചു ചിത്രത്തിനോട് ചേർന്ന് നിൽക്കുന്ന പ്രതിപാദനവും ആവണം . കഥയുടെ ഒഴുക്ക് തീർത്തും അനിശ്ചിതമായിരിക്കും എന്നതിനാൽ കഥയുടെ പൂർത്തീകരണത്തോടെ മാത്രമേ കഥാശീർഷകവും നിർണയിക്കുവാനാകുമായിരുന്നുള്ളു. വളരെ ശ്രമകരമായ ഈ പരീക്ഷണത്തിൽ ഒന്നാം സമ്മാനം നേടിയെടുത്ത നാലംഗ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്, തീർത്തും വ്യത്യസ്ത ജീവിത തുറകളിൽ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാല് വനിതകളാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഷാഹീൻ എം (ചെന്നൈ) ശ്രീഷ്മ (അബുദാബി) സിന്ധു ജോഷി (കൊടുങ്ങല്ലൂർ ) ജോളി (തിരുവനന്തപുരം) എന്നിവർ ചേർന്നൊരുക്കിയ 'പതിമൂന്നാം രാവിലെ മോക്ഷബലി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസ്തുത കഥയുടെ മൂന്നാം ഭാഗം സിന്ധു ജോഷി് എഴുതിയ 'ഞാൻ സഫ്രീൻ' വായിക്കാം

താഹിരി മൻസിലിന്റെ ജീർണ്ണതയിലേക്ക് നടന്നടുക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു...ഉമ്മിയുടെ വിഭ്രാന്തമായ മനസ്സിന്റെ ഇടമുറിയാത്ത ജൽപനങ്ങൾ താരാട്ടായി വളർന്ന ബാല്യം... താനറിഞ്ഞ മാതൃസ്നേഹം.. താനറിഞ്ഞ മാതൃഭാഷ... ഓർമ്മകളിൽ കുഞ്ഞുനാവുകളിൽ വിരിഞ്ഞ ആദ്യ വാക്കുകൾ... എല്ലാം.. എല്ലാം.. ഭ്രാന്തിന്റെ വിചിത്ര ഭാവങ്ങളായിരുന്നല്ലോ.. മാതൃമനസ്സിന് തന്റെ കുഞ്ഞ് എത്ര പ്രിയപ്പെട്ടതാണോ.. അതേ പോലെ സ്വന്തം മാതാവ് കുഞ്ഞിനും ഭൂമിയിലേറ്റവും പ്രിയപ്പെട്ടതുതന്നെ... ഉമ്മി.. ഉമ്മി ഉമ്മി. മാത്രം... ഭ്രാന്തിന്റെ ജൽപ്പനങ്ങൾ സാന്ത്വനങ്ങളായി. തേങ്ങലുകൾ താരാട്ടുകളായി... ഭ്രാന്തമാനസവിഹ്വലതകളിലെപ്പോഴാണ് ഉമ്മി തനിക്ക് സഫ്രീൻ എന്ന് പേരുവിളിച്ചത്. സഫ്രീൻ!പരിശുദ്ധപ്രണയം... പരിശുദ്ധപ്രണയം.

അതെന്താണ്, അതൊരു പ്രഹേളികയോ? മരണശേഷവും തനിക്ക് അതിനൊരുത്തരം കിട്ടിയിട്ടില്ലല്ലോ. ഉമ്മിയുടെ ഭ്രാന്തിന് ചെല്ലും ചെലവും കൊടുത്തു പോറ്റാൻ ഹുസൂർ സാഹിബ് തയ്യാറായിരുന്നില്ല. ഉമ്മിയേയും തന്നെയും ഇല്ലാതാക്കാനുള്ള സാഹിബിന്റെ തീരുമാനം മണത്തറിഞ്ഞ സമീറ.. ഹുസൂർ സാഹിബിന്റെ പീഡനങ്ങളേറ്റു വാങ്ങിയിരുന്ന മറ്റൊരു അടിമ... ഉമ്മിയുടെ ഭ്രാന്തിൽ ഭ്രാന്തമാകാതെ എന്നെ മാറോടണച്ചിരുന്ന മാതൃഹൃദയം എന്നെയുമെടുത്ത് എങ്ങോട്ടെന്നില്ലാതെ പാലായനം ചെയ്തു.

ആ ഓട്ടം ചെന്നുനിന്നത് യമുനാ നദിക്കരയിലെ അലിഖാൻ എന്ന ഹിന്ദുസ്ഥാനി സംഗീത ചക്രവർത്തിയുടെ ഗുലാബ് മൻസിൽ എന്ന സംഗീത കൊട്ടാരത്തിലേക്കായിരുന്നൂ... പ്രണയ ചക്രവർത്തി ഷാജഹാന്റെ കൊട്ടാരം ഗായകരുടെ പിൻതലമുറകളിലെ കണ്ണി. ഗുലാബ് മൻസിൽ. പേരുപോലെ വിവിധവർണ്ണങ്ങളിലുള്ള മനോഹരമായ പനിനീർപൂക്കൾ വിടർന്നു നിൽക്കുന്ന വിശാലമായ ഒരു ഉദ്യാനം മൻസിലിനു മുന്നിലുണ്ടായിരുന്നു. അവിടെ ഉദ്യാനപാലകരിലൊരാളായാണ് സമീറക്ക് അഭയം ലഭിച്ചത്. ആ പനിനീർ പൂക്കൾക്കു നടുവിൽ മറ്റൊരു പനിനീർപൂവായി കൊച്ചുസഫ്രീൻ വളർന്നു.

മൻസിലിലെ സായംസന്ധ്യകളിൽ സായിപ്പ്മാരും പണ്ഡിറ്റ്മാരും അടങ്ങുന്ന അതിഥി സൽക്കാരങ്ങൾക്കവസാനം നടക്കുന്ന സംഗീതവിരുന്ന് ആസ്വദിക്കാനുള്ള അനുവാദം മൻസിലിലെ എല്ലാ പരിചാരകർക്കും സംഗീതം പോലെ നിർമ്മല ഹൃദയത്തിനുടമയായ അലിഖാൻ നൽകിയിരുന്നു. ഒരു വിരുന്നിനിടയിൽ, സംഗീതത്തിന്റെ മാസ്മര ലഹരിയിൽ ലയിച്ചിരുന്ന അലീഖാന്റെ കണ്ണുകൾ സദസ്സിലെ കഥക് നർത്തകിമാരേക്കാൾ താളത്തിൽ പരിചാരകർക്കിടയിൽ തന്റെ ഗാനത്തിനൊപ്പം ചുവടുവക്കുന്ന കൊച്ചു പെൺകുട്ടിയിൽ ഉടക്കി. പിറ്റേദിവസം അലിഖാന്റെ മുന്നിൽ അവൾ ഹാജരാക്കപ്പെട്ടു. അവളെ ചേർത്തുനിർത്തി നെറുകയിൽ തലോടിയ അദ്ദേഹം അവളുടെ നൃത്തപഠനത്തിനായി സാഹചര്യമൊരുക്കി.
വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്. പതിനേഴിന്റെ ഏഴഴകിൽ സഫ്രീൻ ഒരു പനിനീർ പൂന്തോട്ടം പോലെ.

അലിഖാന്റെ ഏകപുത്രൻ ഉബൈദ് നൂർ മുഹമ്മദ്. ബാപ്പുവിനെപ്പോലെതന്നെ സംഗീതച്ചക്രവർത്തി. അതിസുന്ദരനായ യുവാവ് മൻസിലിന്റെ വിരുന്നുകളിൽ അവന്റെ ഗസലുകളിൽ സൗമ്യവും ചടുലവും ലാസ്യവുമായി അവൾ ചുവടുകൾവച്ച് ആടിക്കയറിയത് അവന്റെ ഹൃദയത്തിലേക്കായിരുന്നു. അവളുടെ സുൽത്താൻ. കൊട്ടാരമറിയാതെ റോസാപുഷ്പ്പങ്ങൾക്കിടയിൽ അവരുടെ പ്രണയം പൂത്തുലഞ്ഞു. അവനെ കാത്തുനിൽക്കുന്ന പ്രണയാർദ്രമായ പുലരികൾ. തമ്മിൽ ഒരിക്കലും പിരിയില്ലെന്നോതുന്ന മാസ്മരികമായ നട്ടുച്ചകൾ. ഒരു തണുത്ത പുലരിയിൽ മഞ്ഞുകണം ഇറ്റുവീഴുന്ന ഒരു പനിനീർ പൂവ്. അതിനെ താലോലിച്ചു നിന്നിരുന്ന അവളെ ഉബൈദ് പിന്നിലൂടെ വന്ന് ഇറുകെ പുണർന്നു. പരിഭവത്തോടെ പിടഞ്ഞുമാറിയ അവളെ ചേർത്ത് പിടിച്ചു അവളുടെ ചെവിയിൽ അവൻ മന്ത്രിച്ചു. പ്രിയേ. ഇന്ന് രാത്രി താജ്മഹലിന്റെ വെണ്ണക്കൽ പടവിൽ എന്റെ ഗസലിനൊപ്പം നീ ചുവടുകൾ വയ്ക്കണം.നാളേറെയായി ഞാൻ കൊണ്ടുനടക്കുന്ന ഒരാഗ്രഹമാണിത്.
ശരത് പൂർണ്ണിമയിലെ മനോഹരമായ രാത്രി. പാൽനിലാവിൽ കുളിച്ചു നിൽക്കുന്ന താജ്മഹൽ. മഞ്ഞു പൊഴിയുന്ന പ്രണയകുടീരം. വെണ്ണക്കൽ മണ്ഡപത്തിൽ മറ്റൊരു വെണ്ണക്കൽ പ്രതിമപോൽ മനോഹരിയായി അവൾ നിന്നു. അവൾ ധരിച്ചിരുന്ന നേർത്ത തൂവെളളപട്ടിനാൽ നെയ്ത അനാർക്കലി യമുനയിൽ നിന്നും വീശുന്ന തണുത്തകാറ്റിൽ വെൺമേഘങ്ങളെപ്പോലെ പറന്നു.

കനത്ത വെണ്ണക്കൽ തൂണിൽ ചാരി ഉബൈദ് അവളെ ഇമവെട്ടാതെ നോക്കിയിരുന്നൂ. പതിയെ അവൻ പാടിതുടങ്ങി. രാധാകൃഷ്ണ പ്രണയം ഗസൽ വരികളായ് ലാസ്യമായ്. താളമായ്. അവൾ ചുവടുവച്ച് തുടങ്ങി.കൃഷ്ണ്ണന്റെ വേണുഗാനത്തിൽ ലയിച്ചു എല്ലാം മറന്ന രാധികയോ. ഷാജഹാന്റെ മുന്നിൽ പ്രണയഗീതമായ് മാറിയ മുംതാസോ.യമുനയുടെ ഓളമായി. കാറ്റിന്റെ സീൽക്കാരമായി. മുന്നിൽ വെൺനിലാവിൽ തിളങ്ങി ഒഴുകുന്ന യമുനയിൽ പ്രതിഫലിക്കുന്ന പ്രണയകുടീരം.ദൂരെ ജല ആരതികളുടെ ഘോഷയാത്ര. ജല ആരതിയിലെ അഗ്നി ഇപ്പോൾ അവന്റെ കണ്ണുകളിലാണ്. പ്രണയാഗ്നിയായ്. ദാഹാഗ്നിയായ്.

സൂര്യനെപോലെ അവൻ ജ്വലിച്ചു. ഗാനം നിലച്ചു. അവൻ പതിയെ എഴുന്നേറ്റു. പാതിവിടർന്ന മുദ്രയിൽ നിശ്ചലമായി നിൽക്കുന്ന അവളുടെ മുന്നിൽ അവൻ നിന്നു. തിളങ്ങുന്ന അവളുടെ കണ്ണുകളിൽ നോക്കി അവന്റെ മുഖം പനിനീർപൂവിലേക്ക് പറന്നിറങ്ങുന്ന പൂമ്പാറ്റയെപോലെ അവളുടെ നനഞ്ഞുതുടുത്ത അധരങ്ങളിലമർന്നു. പതിയെ ഒരു മാലതീലത പോലെ അവൾ അവനിൽ പടർന്നു. അവന്റെ വിരലുകൾ അനാർക്കലിയുടെ നീളൻ നാടകളഴിക്കുന്നത് കണ്ട് മഞ്ഞു പൊഴിയുന്ന അശോകങ്ങളും മേഘങ്ങളും കണ്ണുപൊത്തി. പ്രണയത്തിന്റെ അതിപുരാതനവും ലോലവുമായ സംഗീതം. നേർത്ത കുറുകലായ്. യമുനയിലെ ഓളങ്ങൾ വെളളിനാഗങ്ങളെപോലെ പരസ്പരം പിണഞ്ഞു പുളഞ്ഞു. തടാകത്തിൽ നീലോൽപലങ്ങൾ വിടർന്നു.

ആരോഹണാവരോഹണമായ്. ചടുലതാളത്തിൽ പൂത്തുലഞ്ഞ അശോകങ്ങൾ ഒരു കൊടുങ്കാറ്റിലെന്നപോലെ. ആടി. പതിയെപ്പതിയെ... കാറ്റിന്റെ സീൽക്കാരം നിലച്ചു. അവളിൽ നിന്നും അടർന്നു മാറി അവൻ അവളെ നോക്കി കിടന്നു. ഇന്ദ്രനീലം പോലെ തിളങ്ങുന്ന അവളുടെ മിഴികൾ അവന്റെ മിഴികളിൽ കൊരുത്തു. നാലുമിഴികൾ നിറഞ്ഞൊഴുകി. വെണ്ണക്കല്ലിൽ ഒഴുകി പരന്ന അവളുടെ കാർകൂന്തൽ. കാളിന്ദിപോലെ അതിലേക്കവൻ മുഖമമർത്തി. താജിന്റെ ഗോപുരത്തിൽ ഉദിച്ചുനിന്ന ചന്ദ്രൻ ഒരു വെൺമേഘതുണ്ടിലേക്ക് മുഖമൊളിപ്പിച്ചു.

ദിവസങ്ങൾ സുന്ദരമായൊരനുഭൂതിയായ് നീങ്ങി. പ്രണയാർദ്രമായ ദിനങ്ങൾ.
പെട്ടന്നാണ് ഗുലാബ് മൻസിലിന്റെ അന്തരീക്ഷം മാറിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ഭാരതം രണ്ടായി വിഭജിക്കുന്നു. പാകിസ്താൻ. ഇന്ത്യ. സഹോദരങ്ങൾ ശത്രുക്കളാവുന്നു.

അങ്ങോട്ടും ഇങ്ങോട്ടും പലായനങ്ങൾ, രക്തചൊരിച്ചിലുകൾ... ആകെ മൂകവും ഭീതിജനകവുമായ ദിനങ്ങൾ. അലിഖാനും കുടുംബവും പാകിസ്താനിലേക്ക് പോകുന്നു. പരിചാരകരെ പറഞ്ഞുവിട്ട് പല കുതിരവണ്ടികളിലായി ഉള്ളതെല്ലാം വാരിയെടുത്ത് അവർ ജന്മഭൂമി വിടുകയാണ്. സമീറയുടെ മരണത്തോടെ അനാഥയായവൾ സഫ്രീൻ. പക്ഷേ ഉബൈദിന്റെ പ്രണയത്തിൽ അവൾ അവളുടെ സുൽത്താന്റെ സുൽത്താനയായിരുന്നു ഇതുവരെ.

ഓരോ വണ്ടികളായി നീങ്ങിക്കൊണ്ടിരിക്കുന്നു. അനാഥമായ മൻസിലിന്റെ പനിനീർപൂന്തോട്ടത്തിൽ അവൾ നിന്നു. സഫ്രീൻ... പരിശുദ്ധപ്രണയം... അവസാന കുതിരവണ്ടിയിൽ അവനുണ്ട്. അവളുടെ പ്രണയം; അല്ല പ്രാണൻ. അവൻ തിരിഞ്ഞു നോക്കുമെന്നും ഓടിവന്നു തന്നെ മാറോടണച്ച് കൂടെ കൂട്ടുമെന്നും പ്രതീക്ഷിച്ചു, നിറമിഴികളോടെ. ഇല്ല.. അവസാനവണ്ടിയും കുടമണിയാട്ടി നീങ്ങി.. അവൾ ആരോരുമില്ലാത്തവളായിരിക്കുന്നു. അവളുടെ സുൽത്താൻ അകന്നകന്നു പോയി. അവളുടെ പ്രണയ സാമ്രാജ്യവും.ദൂരെ മറഞ്ഞ ആ വില്ലീസുവണ്ടിക്ക് പിന്നാലെ അവൾ ഓടി.

മധുരക്ക് പോകുന്ന കൃഷ്ണരഥചക്രപ്പാട് നോക്കി ഓടിയ മറ്റൊരു രാധികയായി, വഴിയിൽ എവിടെയോ അവൾ തളർന്നു വീണു.
താഹിരി മൻസിലിന്റെ ജീർണ്ണിച്ച ചുവരിൽ ചാരിയിരുന്ന് സഫ്രീൻ ഓർക്കുകയാണ്.ഓർമ്മകൾ അവ്യക്തമാകുന്നു. ഉമ്മിയുടെ ഭ്രാന്തമാനസത്തിലേക്ക് താൻ എപ്പോഴാണ് കൂടുവിട്ടു കൂടുമാറിയത്?

മാസങ്ങൾ കഴിഞ്ഞു. പലായനങ്ങളും രക്തച്ചൊരിച്ചിലുകളും... പങ്കിലമാക്കിയ തെരുവിൽ വീർത്തുന്തിയ വയറുമായി അലയുന്ന ഒരു ഭ്രാന്തി പതിവുകാഴ്ച്ചയായിരിക്കുന്നു. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ കഴിക്കും. എപ്പോഴും ദൂരെക്ക് കണ്ണുനട്ട് ആരേയോ പ്രതീക്ഷിക്കുന്ന പോലെ അവൾ ഇരിക്കും. ഇടക്ക് എണീറ്റ് ഓടും.. എന്റെ സുൽത്താനേ എന്നലറിവിളിച്ച് എവിടെയെങ്കിലും തളർന്നു വീഴും. പ്രാണനകന്ന പ്രണയിനി സഫ്രീൻ; പരിശുദ്ധപ്രണയം....

ഒരു അമാവാസി രാത്രിയിൽ കടുത്ത വേദനയാൽ പുളഞ്ഞു കരഞ്ഞുകൊണ്ട് ആ ഭ്രാന്തി ഏതോ ഉൾപ്രേരണയാൽ യമുനാതീരത്തേക്ക് ഏന്തിവലിഞ്ഞു നീങ്ങുന്നതിന് സാക്ഷിയായി ഒരു നക്ഷത്രം പോലും ഇല്ലായിരുന്നു. അപ്പോഴും അവൾ ദീനസ്വരത്തിൽ കരയുന്നുണ്ടായിരുന്നൂ.. സുൽത്താൻ. നീ എവിടെയാണ്. പിറ്റേന്ന് പുലർച്ചെ യമുനയുടെ വിശാലമായ മണൽപരപ്പിൽ ആ ഭ്രാന്തിയുടെ നിശ്ചലശരീരം കിടന്നിരുന്നു. അവളുടെ തുടയിടുക്കിൽ രക്തപ്പൊതിയായി ഏത് നിമിഷവും നിശ്ചലമാകാവുന്ന ഒരു ജീവസ്പന്ദനവും! ദൂരെ യമുനയിൽ പുലരിവെട്ടത്തിൽ താജ് തെളിയുകയാണ് പ്രണയകുടീരം; പ്രണയത്തിന്റെ ശവകുടീരം...

Content Highlights: Pathimoonnam Ravile Mokshabali Story Series by Shaheen M Sreeshma Sindhu Joshi Joly Third Part