കഥാരചനയില്‍ വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് വള്ളുവനാടന്‍ ഡയറി സാഹിത്യ ചര്‍ച്ചാകൂട്ടായ്മ. ഒരു ചിത്രത്തെ ആസ്പദമാക്കി, പരമാവധി അഞ്ച് പേര്‍ അടങ്ങുന്ന സംഘം അന്യോന്യം ചര്‍ച്ചയോ സംവാദമോ ഇല്ലാതെ ഒരു പൂര്‍ണകഥ മെനയുക എന്നതായിരുന്നു മത്സര രീതി. ഓരോ തുടര്‍ച്ചയും തന്റെ തൊട്ടുമുന്‍പില്‍ എഴുതിയ വ്യക്തികളുടെ കഥാതന്തുവിനോടൊന്നിച്ചു ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതിപാദനവും ആവണം. കഥയുടെ ഒഴുക്ക് തീര്‍ത്തും അനിശ്ചിതമായിരിക്കും എന്നതിനാല്‍ കഥയുടെ പൂര്‍ത്തീകരണത്തോടെ മാത്രമേ കഥാശീര്‍ഷകവും നിര്‍ണയിക്കുവാനാകുമായിരുന്നുള്ളൂ. വളരെ ശ്രമകരമായ ഈ പരീക്ഷണത്തില്‍ ഒന്നാം സമ്മാനം നേടിയെടുത്ത നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്, തീര്‍ത്തും വ്യത്യസ്ത ജീവിത തുറകളില്‍ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാല് വനിതകളാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഷാഹീന്‍ എം (ചെന്നൈ) ശ്രീഷ്മ (അബുദാബി) സിന്ധു ജോഷി (കൊടുങ്ങല്ലൂര്‍) ജോളി സിബി (തിരുവനന്തപുരം) എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'പതിമൂന്നാം രാവിലെ മോക്ഷബലി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസ്തുത കഥയുടെ നാലാ ഭാഗം ജോളി സിബി എഴുതിയ 'ഞാന്‍ ഉര്‍സുള' വായിക്കാം.

ന്ത്യ സ്വതന്ത്ര രാഷ്ട്രമായതിന് പിന്നാലെയുള്ള രാത്രികളെക്കുറിച്ച് കേട്ടറിവ് മാത്രമാണെങ്കിലും അത് എനിക്ക് നല്‍കുന്ന ഭയത്തിന്റെ നോവ് ചട്ടുകാലായി കൂടെയുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ്കാരും തമ്മില്‍ രക്തരൂക്ഷിതസംഘട്ടനങ്ങള്‍ നടന്ന ചുവന്ന രാത്രിയില്‍ പ്രാണരക്ഷാര്‍ത്ഥം പരക്കം പായുന്ന ജനങ്ങള്‍ക്കിടയില്‍ വില്ലിബ്രോഡും ഭാര്യ റെയ്ച്ചല്‍മേരിയും ഉണ്ടായിരുന്നു.വില്ലിയന്ന് പരുക്കേറ്റവരെ സംരക്ഷിക്കുന്ന ചുമതല സ്വയമേറ്റെടുത്ത് താല്‍ക്കാലിക ആശുപത്രികള്‍ രൂപപ്പെടുത്തി.

ഉബൈദ് കടന്നുപോയ വീഥികളിലൊന്നും പിന്തിരിഞ്ഞ കാല്പാടുകള്‍ കണ്ടതേയില്ലെന്ന് സഫ്രീന്റെ ഉറ്റമിത്രം നിസ്സാബിയെ തേടിപ്പോയ യാത്രയില്‍ എനിക്ക് മനസ്സിലായിരുന്നു.
ഒരു പ്രത്യേക മുശട് സ്വഭാവം കാണിച്ചിരുന്ന ഷൗക്കത്തിന്റെ ബീവിയാണ് നിസ്സാബി. അവിടെ കയറിപ്പറ്റിയതും കുറച്ചുസമയം വായിട്ടലച്ചതും ജീവിതത്തിന്റെ തിരിച്ചറിവുകളെപ്പറ്റിയായിരുന്നു.
ആദ്യമായി നടത്തിയ കുശല സംഭാഷണങ്ങളില്‍ സ്വത്വം തിരിച്ചറിയുവാനുള്ള കൗശലം ഒളിപ്പിച്ചത് നിസ്സാബിക്ക് കാണാന്‍ കഴിഞ്ഞില്ല. അല്ലങ്കില്‍ സഫ്രീന്റെ മകളാണോ ഞാനെന്ന് ഒരിക്കലെങ്കിലും അവര്‍ ചോദിച്ചേനെ. ശരിക്കും വില്ലിബ്രോഡും റെയ്ച്ചല്‍മേരിയും നിസ്സാബിയുടെ നാവിലൂടെയാണ് എനിക്ക് ദൈവങ്ങളായത്.

അന്ന് സഫ്രീന്‍ യമുനയുടെ മണല്‍ത്തരികളില്‍ നിശ്ചലമായി കിടക്കുമ്പോള്‍ മണ്ണിന്റെയും മതത്തിന്റെയും രക്തച്ചൊരിച്ചില്‍ അറിയുന്നുണ്ടായിരുന്നില്ല.
അവളുടെ അലസമായ മുടിയിഴകള്‍ ചീഞ്ഞ മാംസത്തില്‍ പതിഞ്ഞു പോയിരുന്നു. ജനിച്ചു വീണ മാംസം ആണോ, പെണ്ണോയെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം രക്തത്തുള്ളികള്‍ ഉണങ്ങി ആവരണമായി.
അറ്റുപോയ കൈകാലുകള്‍ ചേര്‍ത്ത് തുന്നുമ്പോള്‍ ഹിന്ദുക്കളുടേതെന്നോ മുസ്ലീങ്ങളുടേതെന്നോ വില്ലിബ്രോഡ് നോക്കിയില്ല. ഇറ്റുവീഴുന്ന രക്തത്തുള്ളികളില്‍ പിടയുന്ന വേദന മാത്രമായിരുന്നു മതം. റെയ്ച്ചലിന്റെ തിരച്ചിലിലാണ് സഫ്രീന്‍ പെട്ടത്. മൂക്ക് പൊത്തിയരികിലെത്തിയപ്പോള്‍ ഉറുമ്പരിക്കുന്ന പൈതലിനെയും കണ്ടു കിട്ടി. 

ശവക്കൂനകളിലേക്ക് ആരൊക്കയോ സഫ്രീനെ തൂക്കിയെറിഞ്ഞു. അവയ്ക്ക് മതമില്ലായിരുന്നു. അത് മുസ്ലീം, ഇത് ഹിന്ദു. മുകളിലായി, മുകളിലായി ആരൊക്കെയെന്ന് കണക്കെടുക്കുന്ന മത്രഭാന്തന്മാര്‍. അങ്ങനെ സഫ്രീനും അവരിലൊരാളായി കുറിയ്ക്കപ്പെട്ടു. പതിയെപ്പതിയെ പലതും മറയ്ക്കപ്പെട്ടു.
അവരുടെ തിണ്ണമിടുക്കിലേക്ക് നോക്കി ചോരക്കുഞ്ഞ് പൊട്ടിക്കരഞ്ഞു. മുലപ്പാലിന്റെ ഗന്ധമില്ലാത്ത ഉണങ്ങിയ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്.

തൊണ്ട നനയ്ക്കാനുള്ള പ്രതിഷേധം പച്ചമാംസം കൊത്തിനുറുക്കുന്ന അലര്‍ച്ചയില്‍ ആരും ശ്രദ്ധിച്ചില്ല. അത് മറ്റാരും കേള്‍ക്കാതിരുന്നത് ഒരു തരത്തില്‍ ഭാഗ്യമായി. അല്ലെങ്കില്‍ കുഞ്ഞിനെ രണ്ടായി പിളര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും വീതിച്ചെടുക്കും. ഇരുചോരകളുടെ സംഗമം മാത്രമല്ലല്ലോ ഇരു രാജ്യങ്ങള്‍ കൂടിയല്ലേ തെരുവില്‍ പുനര്‍ജ്ജനിച്ചത്.

ഹിന്ദുരക്തവും മുസ്ലിംരക്തവും ഒന്നിച്ചൊഴുകി നിലത്ത് തളംകെട്ടി നിന്നു. അവിടെ നിറഭേദങ്ങളില്ല. പിടയുന്ന ഓരോ പ്രാണനും അവസാന തുടിപ്പിലും മതസ്‌നേഹത്തിന്റെ കണക്ക് പറയുന്നു. കശാപ്പുശാലയിലെ മടുപ്പിക്കുന്ന അതേ ഗന്ധം ചുറ്റും വ്യാപിച്ചു.
നിലത്തുവീണ രക്തത്തുള്ളികള്‍ മാംസം ധരിച്ചിരുന്നുവെങ്കില്‍, ശേഷംസ്‌നേഹമെന്താണെന്ന് ഗ്രഹിച്ചിരുന്നുവെങ്കില്‍, അര്‍ത്ഥമില്ലാത്ത മോഹങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അവയും ഇടം പിടിച്ചു. കൊന്നും തിന്നും പ്രകടിപ്പിക്കുന്നതിനെ സ്‌നേഹമെന്ന് വിളിക്കരുത്. അത് ഭ്രാന്താണ്. മുഴുത്ത ഭാന്ത്.

രക്തച്ചൊരിച്ചിലിന്റെ ഇടയിലും റെയ്ച്ചലിന്റെ ഇടനെഞ്ചില്‍ അമ്മയാകുവാന്‍ കൊതിച്ചിരുന്ന മോഹം വളര്‍ച്ച പ്രാപിച്ചത് വില്ലിബ്രോഡിനെ തൃപ്തനാക്കി.

പലതും പറയുമ്പോള്‍ നിസ്സാബിയുടെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.
എല്ലാം കണ്ടുനിന്നിട്ടും നിങ്ങളെന്തേ സഫ്രീന്റെ കുഞ്ഞിനെ ഏറ്റെടുക്കാഞ്ഞതെന്ന് ചോദിക്കാന്‍ തുടങ്ങുമ്പോഴെല്ലാം ഷൗക്കത്തിന്റെ ലക്ഷണം കെട്ട് മുഖഭാവമെന്നെ തടഞ്ഞു.
സഫ്രീനെപ്പറ്റിയറിയാന്‍ ഇത്ര ദൂരം താണ്ടി. നീയെന്തിനിവിടെ വന്നു എന്ന മറുചോദ്യത്തെ ശരിക്കും ഭയന്നിരുന്നു. നിസ്സാബി വാക്കുകള്‍ മുറിയാതെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നെടുവീര്‍പ്പുകളില്‍ മറുപടിയൊതുക്കി എല്ലാം കേട്ടിരുന്നു. 

ഉണങ്ങിയ രക്തം തുടച്ചുനീക്കിയപ്പോള്‍ കുഞ്ഞിന്റെ വിടരുന്ന മിഴികള്‍ ഉബൈദിന്റേതായിരുന്നു. അവിടെ അതേ തിളക്കം കണ്ടു. സഫ്രീന്റെ നിറത്തിനും പുറമേ ഒറ്റക്കാതിലെ കാണാമറുകും
അതുപോലെയുണ്ടായിരുന്നു...
വില്ലിബ്രോഡും റെയ്ച്ചലും അവളെ ഉര്‍സുളയെന്ന് വിളിച്ചു. ഇംഗ്ലണ്ടിലെ നാടോടിക്കഥയിലെ ഉര്‍സുള. നാലാം നൂറ്റാണ്ടിലെ വിശുദ്ധരുടെ ഗണത്തില്‍ നിന്ന് അവഗണിക്കപ്പെട്ട ഉര്‍സുള.  ഉര്‍സുളയും പതിനായിരം കന്യകമാരും ചരിത്രങ്ങളാണോ കെട്ടുകഥകളാണോയെന്നറിയാത്ത വാദപ്രതിവാദങ്ങളില്‍ ഇന്നും മുങ്ങിത്താഴുന്നു.

വില്ലിബ്രോഡ് എനിക്ക് ഉര്‍സുളയെന്ന് പേരിട്ടപ്പോള്‍ ഒരു ബലഹീനതയ്ക്കും അടിമപ്പെടാത്തവളായി വളരട്ടെയെന്ന് മാത്രമാവാം ചിന്തിച്ചത്. അല്ലങ്കില്‍ ഒരു അനാഥയ്ക്ക് കൂടി ജന്മം കൊടുത്ത് കൊണ്ട് സഫ്രീനെപ്പോലെ ചീര്‍ത്ത് മലര്‍ന്ന് തെരുവില്‍ കിടക്കരുതെന്നുമാകാം.
പിന്നീട് വില്ലിബ്രോഡിനെ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്‌തെന്നും റെയ്ച്ചലിനെ ആരും കണ്ടിട്ടില്ലന്നും അഭ്യൂഹങ്ങള്‍ പരന്നു.

സത്യത്തില്‍ അവരുടെ അധ്യായം മനപൂര്‍വ്വം മറന്നതാണന്ന് നിസ്സാബി പറഞ്ഞപ്പോള്‍ എന്റെ ഉള്ള് പിടഞ്ഞു. മടക്കയാത്രയില്‍ ഫ്യൂറിഡാന്റെ ബോട്ടില്‍ തുറന്ന് പഴത്തിനുളളിലേക്ക് തരികള്‍ക്കുത്തിയിറക്കുമ്പോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു. രാജധാനി എക്‌സ്പ്രസ്സിന്റെ ജനാലകളിലൂടെ പുറത്തേയ്ക്ക് നോക്കി.

വിരിഞ്ഞ് കൊഴിഞ്ഞ പൂക്കളും കയറിയിറങ്ങിയ കുന്നില്‍ ചരിവുകളും വിജയ പരാജയങ്ങളുടെ പ്രത്യക്ഷ പതിപ്പുകളായി തോന്നിയിട്ടും ജീവിതത്തിലേക്ക് മടങ്ങാന്‍ തോന്നാത്ത മരവിപ്പ്. നിരാശയുടെ ഭാവങ്ങള്‍ ശൂന്യത സൃഷ്ടിക്കുമ്പോള്‍ സകലത്തിന്റെയും നിറം ഇരുട്ടാകുന്നു. വികാരങ്ങള്‍ തണുക്കുമ്പോഴാണല്ലോ മരവിപ്പ് പ്രകടമാകുന്നത്. പ്രതീക്ഷയറ്റവള്‍ക്ക് മുന്നില്‍ പ്രതിസന്ധികള്‍ക്ക് ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയല്ലേ? ദത്തുപുത്രിയുടെ അവകാശമല്ലായിരുന്നു എനിക്ക് വില്ലിയും അമ്മയും തന്നത്. ആണ്‍കുട്ടിയായി വളര്‍ത്തി. വില്ലിയെന്ന് വിളിക്കുവാനുള്ള സ്വാതന്ത്ര്യം തന്നു.
എന്നിട്ടും അവസാനം തളര്‍ന്ന് വിഷക്കുപ്പിയില്‍ ചുരുണ്ടുകൂടാന്‍ ഇടയാക്കിയ സാഹചര്യം പറയാതെ വയ്യ. 

ഞങ്ങള്‍ സന്തോഷമായി കഴിയുന്നതിനിടയ്ക്ക് പുതിയൊരു അതിഥി വന്നു. അമ്മ പ്രസവിച്ചത് മോനെയാണെന്നറിഞ്ഞപ്പോള്‍ ബ്രോണിയെന്ന് വിളിച്ചത് ഞാന്‍ തന്നെ.
കുഞ്ഞനുജനെ കിട്ടിയ സന്തോഷത്തില്‍ മതിമറന്ന സുദിനങ്ങള്‍.
ഒരേ പാത്രത്തിലുണ്ടും അമ്മയ്ക്കിരുവശമുറങ്ങിയും ഒരമ്മ മക്കളായി ഞങ്ങള്‍ വളര്‍ന്നു. ഇന്ത്യ പാക് വിഭജനത്തിന്റെ രക്തച്ചൊരിച്ചിലൊക്കെ ഒന്നടങ്ങി വരുന്നതേയുള്ളൂ. തീവ്രവാദങ്ങള്‍ മുള പൊന്തിത്തുടങ്ങി. എന്റെ വളര്‍ച്ചയില്‍ മതം കണ്ടെത്താന്‍ ശ്രമിച്ച പേക്കൂത്തില്‍ വില്ലി രാജ്യദ്രോഹിയായി. മുസ്ലിം പെണ്‍കുട്ടിയെ ഉര്‍സുളയെന്ന് പേരിട്ട് ക്രിസ്ത്യാനിയാക്കി. മതപരിവര്‍ത്തനം. അതായിരുന്നു വില്ലി ചെയ്ത രാജ്യദ്രോഹം. പരിഹാരമില്ലാത്ത പ്രക്ഷോഭങ്ങള്‍. ഞാനും ബ്രോണിയും തിരിച്ചറിഞ്ഞതെല്ലാം ഒരു പ്രഹേളികയായി അവസാനിച്ചിരുന്നുവെങ്കില്‍.

എന്നെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും ഞാന്‍ ആരോടുമൊന്നും ചോദിച്ചില്ല.തളര്‍ന്നു കിടന്ന അമ്മയില്‍ നിന്നാണ് നിസ്സാബിയെക്കുറിച്ച് എപ്പഴോ അറിഞ്ഞത്. വളരുന്തോറും ബ്രോണിയെന്നെ വെറും പെണ്ണായി കാണാന്‍ തുടങ്ങി. അവന്റെ നോട്ടത്തില്‍ മാത്രമാണ് നിസ്സഹായത എന്നെ വട്ടം ചുറ്റിയത്. താമസിക്കാതെ അവനെന്നെ ശത്രുവിനെപ്പോലെ കാണും. പാക്കിസ്ഥാന്‍ ചോരയോടുള്ള അറപ്പ് പ്രകടപ്പിക്കാന്‍ നീചവഴികളെ കൂട്ടുപിടിക്കും. ബ്രോണിയുടെ കൈവലയത്തില്‍ ഒരിക്കല്‍ ഞെരിഞ്ഞപ്പോള്‍ രക്ഷപെടാന്‍ നടത്തിയ യുദ്ധത്തിലാണ് ഇടത്തെക്കാല്‍ ചട്ടുകാലായത്. ഉര്‍സുളയെന്ന എന്റെ പേരിനെ മാത്രം മുറുകെപ്പിടിച്ച് അവിടുന്നിറങ്ങി.

മുടന്തി മുടന്തി നിസ്സാബിയുടെ പക്കല്‍ ചെല്ലുമ്പോള്‍ മരണമെന്നെ മണത്ത് തുടങ്ങിയിരുന്നു.
ദേഹി ദേഹത്തെ വിട്ടു പിരിഞ്ഞാല്‍ പിന്നെ രൂപമില്ല, പ്രായമില്ല. ഓടിച്ചെന്ന് സഫ്രീനെ കെട്ടിപ്പുണരണം. അമ്മേയെന്ന് നീട്ടിവിളിക്കണം. പക്ഷെ എനിക്ക് കഴിയുന്നില്ല. ഞാന്‍ അടുക്കുന്തോറും സഫ്രീന്‍ അകലും പോലെ.

വിഷം ചവച്ചരച്ചപ്പോള്‍ എനിക്ക് ഒട്ടും കയ്പ്പ് തോന്നിയില്ല. ജീവിതത്തിനെപ്പോഴും കയ്പ്പിന്റെ തികട്ടല്‍ തന്നെയായിരുന്നല്ലോ. ട്രെയ്‌നിന്റെ പിന്‍സീറ്റില്‍ നിശ്ചലയായിരിക്കുമ്പോള്‍ വായില്‍ നിന്ന്‌രക്തത്തുള്ളികള്‍ ഇറ്റിറ്റു വീണ പേപ്പര്‍ത്താളില്‍ ഞാന്‍ കുറിച്ചിരുന്നത് ഒരേയൊരു വരി മാത്രം. 'നിസ്സാബീ...ഞാന്‍ നിങ്ങളുടെ സഫ്രീന്റെ മകള്‍ കന്യകയായ ഉര്‍സുള.' 

(തുടരും)

Content Highlights : Pathimoonnam Ravile Mokshabali Story Series by Shaheen M Sreeshma Sindhu Joshi Joly Siby Part Four