കൂത്തംകോടിനപ്പുറം മലയരു കുണ്ടില്‍ പണ്ട് ധാരാളം മലയര്‍ കുടില്‍കെട്ടി പാര്‍ത്തിരുന്നത്രെ. വെള്ളക്കുറുഞ്ഞി മലയില്‍ സ്ഥിരവാസമുണ്ടായിരുന്ന അപരിഷ്‌കൃതരായ മലയര്‍ മലമ്പനി പിടിപെട്ട് യാതൊരു ഗതിയുമില്ലാതെ വന്നപ്പോഴാണത്രെ മലയരു കുണ്ടില്‍ പറ്റമായി വന്ന് പാര്‍പ്പുറപ്പിച്ചത്. മലയര്‍ വന്ന് സ്ഥിരതാമസമാക്കുന്നതിനു മുന്‍പ് ഊരംമുറിച്ചിക്കുണ്ട് എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. മലയരുടെ കുടിലുകള്‍ ഉയര്‍ന്നതോടെ പിന്നീടത് മലയരുകുണ്ടായി മാറി. മലയരുകുണ്ടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നു പോലും പ്രദേശവാസികള്‍ക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മലയിറങ്ങി വന്ന മലയരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കാന്‍ ആരും മെനക്കെട്ടതുമില്ല. നാട്ടിലെ പ്രമാണിമാര്‍ക്കിടയില്‍ മാത്രം ചെറിയ മുറുമുറുപ്പ് ഉണ്ടായത്രെ. പണ്ട് നാടുനീങ്ങിയ ഒരു തിരുമേനിയുടെ വസ്തുവകകളിലുള്ളതായിരുന്നു ഈ മലയരുകുണ്ടെന്ന് കേട്ടുകേള്‍വിയുണ്ട്.

മലയരുകുണ്ടിന്റെ വടക്കുവശം വിസ്തൃതമായി കിടക്കുന്ന കരുവപ്പാടി പറമ്പ്. അതിനുമപ്പുറം ആഭിജാത്യ നായര്‍ തറവാടായ വെള്ളേങ്ങാട്ടുകളത്തിലെ പൊന്നു വിളയുന്ന കൃഷിയിടങ്ങള്‍. പെരിഞ്ഞാമ്പാടം വടക്കേ കണ്ടം മുതല്‍ പുളിക്കിലെ കണ്ടം വരെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. വെള്ളേങ്ങാട്ടു കളത്തിലെ പ്രമാണിമാരായ ആഢ്യ ഭ്രാതാക്കള്‍ക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂപ്രദേശങ്ങളാണത്രെ അവ.

വെള്ളേങ്ങാട്ടുകളത്തിലെ നെല്‍കൃഷിപ്പണി തകൃതിയായി മുന്നോട്ടു പോയിരുന്നത് കുഞ്ഞുമൊളയനും ചിന്നാണ്ടിയും കൊടിച്ചിയും അടങ്ങുന്ന കര്‍ഷകത്തൊഴിലാളികളുടെ നീണ്ടനിര നിരന്തരമായി പണിയെടുത്തായിരുന്നു. വള്ളുവച്ചെറുമന്‍ വിഭാഗത്തില്‍ പെട്ട ഈ കര്‍ഷകത്തൊഴിലാളികള്‍ വെള്ളേങ്ങാട്ടുകാരുടെ ഭൂവിഭാഗത്തില്‍ തന്നെ പുര കെട്ടി കുടികിടപ്പവകാശം വരെ ലഭിച്ചവരാണ്.
വെള്ളേങ്ങാട്ടുകളക്കാരുടെ കാളപൂട്ട്, ഞാറുനടല്‍, കൊയ്ത്ത് മെതിയുമെല്ലാം തറവാട്ടിലെ പ്രധാനികള്‍ക്കെന്നപോലെ നാട്ടുകാരുടെയും കാര്യസ്ഥന്‍മാരുടെയും കൃഷിപ്പണിക്കാരുടെയും ആഘോഷമോ ഉത്സവമോ ഒക്കെയായിരുന്നു. പെരിഞ്ഞാമ്പാടം മുതല്‍ പുളിക്കിലെ കണ്ടം വരെ നാട്ടുകാരും പണിക്കാരും അണിനിരക്കും. കൃഷിയിടത്തിന് ചാരുതയേകിയുള്ള ഞാറ്റു കണ്ടങ്ങള്‍ കണ്ണിനാകര്‍ഷണ കേന്ദ്രമായിരുന്നു.
ഇടവം ,മിഥുനമായി ഒന്നാം വിള നട്ട വിരിപ്പു കൃഷി കന്നിയില്‍ കൊയ്‌തെടുക്കണം. വെള്ളേങ്ങാട്ടു കളത്തിലെ സേതുമാധവന്‍ നായരും പത്‌നി സതീദേവി തമ്പ്രാട്ടിയും കര്‍ഷകത്തൊഴിലാളികളുടെ കാണപ്പെട്ട ദൈവങ്ങളാണ്. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞാല്‍ പണിക്കാര്‍ക്കു മാത്രമല്ല, നാട്ടിലെ  ചില്ലറ കാര്യസ്ഥന്‍മാരെപ്പോലെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും വെള്ളേങ്ങാട്ടു കളത്തില്‍ നിന്ന് വലിയ നാക്കിലയില്‍ ഇടങ്ങഴി ചോറ് തരപ്പെടും. വടക്കിനിയുടെ മുന്നിലുള്ള വിശാലമായ പുരയിലിരുന്ന് ഊണ്‍ കഴിച്ച് അന്ന് രാത്രിയ്ക്കുള്ളത് തോര്‍ത്തില്‍ കിഴി കെട്ടി കൊണ്ടുപോകുന്നവരും വിരളമല്ല.

കൃഷിയിടങ്ങളിലവിടവിടെയായുള്ള ഞാറ്റടിക്കണ്ടങ്ങളുടെ ഹൃദയഹാരിയായ പച്ചപ്പു നോക്കിക്കൊണ്ട് ' ഞാറുറച്ചാല്‍ ചോറുറച്ചു ' എന്ന് കുഞ്ഞുമൊളയന്‍ എപ്പോഴും പറയുമായിരുന്നത്രെ. 
രണ്ടാമത്തെ വിള മുണ്ടകന്‍ കന്നി, തുലാം ആദ്യം നട്ട് മകരത്തില്‍ കൊയ്യും. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ പൂട്ടിയിട്ട് വല്ലോട്ടിയില്‍ ചവറ്റില കോരിയിട്ട് ചുടും. പിന്നീട് ചില പാടങ്ങളില്‍ മാത്രമായി മൂന്നാമത്തെ വിളയായ പുഞ്ചക്കൃഷി. കുംഭം മീനമായി നട്ട് ഇടവത്തില്‍ കൊയ്ത്ത്. പുഞ്ച അറുപതു ദിവസം കൊണ്ട് കൊയ്‌തെടുക്കാമെന്നാണ് കുഞ്ഞുമൊളയന്‍ പറഞ്ഞു കേട്ടിട്ടുള്ളത്. ഞാറു നടുമ്പോള്‍ കുഞ്ഞുമൊളയന്റെ പെണ്ണ് കുഞ്ചിക്കാളി പാടുന്ന ഞാറ്റു പാട്ടും ഞാറ്റുമുടി കെട്ടിയിട്ടതിന്റെ ചന്തവുമൊക്കെ ആസ്വദിച്ച് നില്‍ക്കുന്ന വെള്ളേങ്ങാട്ട് കളത്തിലെ പ്രഭുക്കന്‍മാരുടെ കാര്‍ഷികവൃത്തിയില്‍ നിര്‍ബാധം പൊന്‍ കതിര്‍ വിളഞ്ഞു.

കുഞ്ഞുമൊളയനിഷ്ടം ഞാറ്റുകണ്ടത്തിന്റെ ഹരിത ഭംഗിയാണ്. തന്റെ പെണ്ണ് കുഞ്ചിക്കാളിയെ നോക്കിയിരിക്കുന്നതു പോലെ എത്ര നേരം  ഞാറ്റടി നോക്കിയിരുന്നാലും അയാള്‍ക്ക് മടുപ്പില്ലത്രെ.
കാലങ്ങളോളം ഇടതടവില്ലാതെ കുഞ്ഞു മൊളയനും ചിന്നാണ്ടിയും കൊടിച്ചിയും വെള്ളേങ്ങാട്ടുകാരുടെ കൃഷിപ്പണി നടത്തി വന്നു. പണിക്ക് ആളെ തികഞ്ഞില്ലെങ്കില്‍ മലയരു കുണ്ടില്‍ കൂട്ടം കൂടി പാര്‍ക്കുന്ന മുണ്ടി , അക്കി, കാളന്‍ തുടങ്ങിയ മലയരേയും ആദ്യ കാലങ്ങളില്‍ നെല്‍പ്പണിയ്ക്ക് കൂട്ടിയിരുന്നു. കുഞ്ഞുമൊളയന്‍ തന്നെയാണ് പണിക്കാരെ കൂട്ടുന്നതും ആവശ്യം കഴിഞ്ഞാല്‍ പറഞ്ഞു വിടുന്നതും. ഇതിനിടെ കന്യകയായ മലയി പെണ്ണ് മുണ്ടിയ്ക്ക് ഉണ്ടായ ദിവ്യ ഗര്‍ഭത്തില്‍ കുഞ്ഞു മൊളയന്റെ ആളുകളും മലയരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ച് കുഞ്ഞുമൊളയന്‍ ഒളിവിലുമായി.
വെള്ളേങ്ങാട്ട് കളത്തിലെ തമ്പ്രാനും തമ്പ്രാട്ടിയും ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പുകല്‍പിച്ചു എങ്കിലും കുഞ്ഞുമൊളയന്റെ കുറച്ചു ദിവസത്തെ തിരോധാനം കാരണം അയാളുടെ അടിയാത്തി പെണ്ണ് കുഞ്ചിക്കാളി മലയരുടെ കൂടെ പൊറുക്കാന്‍ തുടങ്ങിയത് കുഞ്ഞു മൊളയനെ തീരാദു:ഖത്തിലാഴ്ത്തി. കള്ളപ്പാടിക്കുണ്ട് വഴി നടന്നു പോയ കുഞ്ഞുമൊളയനെ പിന്നീടാരും കണ്ടതേയില്ലത്രെ.

ഇതിനിടെ മലയരു കുണ്ടില്‍ കൂട്ടത്തോടെ  മാറാവ്യാധി പിടിപെട്ട് മലയര്‍ ഐരമലയിലേക്ക് കുടിയേറിയത്രെ. ചിന്നാണ്ടിയും കൊടിച്ചിയും മറ്റു പണിക്കാരായ കുഞ്ചമ്മയേയും കണ്ടനേയും കൂട്ടി കുറച്ചു കാലം കൂടി വെള്ളേങ്ങാട്ടെ കൃഷിപ്പണി കൊണ്ടു നടന്നു. സേതുമാധവന്‍ തമ്പ്രാന്റെ മക്കള്‍ കൃഷ്ണന്‍ നായരും ശിവശങ്കരന്‍ നായരും സുഖലോലുപതയുടെ പര്യായമായിരുന്നു. പൊന്നു വിളഞ്ഞ ഭൂവിഭാഗം കഷ്ടി ഞാറു നട്ടെങ്കിലെന്നായി. സേതുമാധവന്‍ നായരുടെയും സതീദേവി തമ്പ്രാട്ടിയുടെയും കാലശേഷം വെള്ളേങ്ങാട്ടുകളത്തിലെ കൃഷിയിടങ്ങള്‍ വിണ്ടുകീറി കിടന്നു. ചിന്നാണ്ടിയുടെയും കൊടിച്ചിയുടെയും മക്കള്‍ മറു നാടുകളില്‍ നിന്ന് കച്ചവട ക്കൊതിയോടെ വന്നുചേര്‍ന്ന വരുടെ  റബ്ബര്‍ എസ്റ്റേറ്റ് പണികളില്‍ വ്യാപൃതരായി. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വേതനം കിട്ടിയപ്പോള്‍ ചിന്നാണ്ടിയുടെയും കൊടിച്ചിയുടെയും മക്കള്‍ക്ക് നെല്‍കൃഷി പഴഞ്ചനായി.

വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രാമത്തില്‍ ഒരു പടുകിഴവന്‍ വന്നെത്തിയതായും വെള്ളേങ്ങാട്ട് കളത്തിലെ കൃഷിയിടങ്ങളിലൂടെ രാത്രി പകല്‍ഭേദമെന്യേ നടക്കുന്നതായും ഒരു ശ്രുതി പരന്നു. ഗ്രാമവാസികള്‍ കാര്യമറിയുവാന്‍ തടിച്ചു കൂടി. കാല്‍  വലിച്ചുള്ള പടുകിഴവന്റെ നടത്തം കണ്ട് കരുവാന്‍ അയ്യപ്പന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ' ഇത് ... ഇത് നമ്മടെ കുഞ്ഞുമൊളയനല്ലേ ...?'

njaattadi
വര: മദനൻ

പടുകിഴവന്‍ അതു കേട്ടില്ല. അയാള്‍ പെരിഞ്ഞാമ്പാടത്തിന്റെ വീണ്ടുകീറിയ മാറില്‍ കമിഴ്ന്നു കിടന്നു.
'കുഞ്ഞുമൊളയാ...' അയ്യപ്പന്‍ തട്ടി വിളിച്ചു. ഞാറ്റു കണ്ടങ്ങളുടെ സമൃദ്ധമായ പച്ചനിറം കുഞ്ഞുമൊളയന്‍ ഭാവനയില്‍ കണ്ടു.
ഹൃദയത്തുടിപ്പ് എരിഞ്ഞടങ്ങും വരെ ... ചവറ്റില  കോരിയിട്ട്  ചുടും വരെ ...

Content Highlights: ഞാറ്റടി-വള്ളുവനാടന്‍ കഥ