തന്നേക്കാൾ ശക്തിയുള്ള ഒന്നിനോട് ഏറ്റുമുട്ടുന്ന ഒരേയൊരു ജീവിയേ ഉള്ളൂ ഭൂമീല്. അത് പെണ്ണാണ്.
-മരയ്ക്കാർകണ്ടി തങ്കമ്മയുടെ മാതാവ്

ഇങ്ങനെ പറയപ്പെടുന്നു. തങ്കമ്മ കേട്ടിട്ടില്ല. പക്ഷേ, അമ്മയുടെ നടത്തവും പെരുമാറ്റവും സകലതിനോടുള്ള എതിർപ്പും കണ്ടാ അങ്ങനെയേ തോന്നും.ഒറ്റക്കാണ് നടത്തം. ചന്തിയിൽ ഇടങ്കൈ മലർത്തിവെച്ച് ആനകുത്താൻ വന്നാപ്പോലും പിന്തിരിയില്ല. പുല്ലുപറിക്കാൻ പോകുമ്പോ, നെരപിടിച്ച് പൊനംകൊത്തുമ്പോ, കൂടംകൊത്തുമ്പോ, കുട്ടകടത്തുമ്പോ, കൂർക്കവാരുമ്പോ, തോട്ടിലെ കൂട്ടക്കുളിയിൽപോലും തങ്കമ്മയുടെ അമ്മ ഒറ്റക്കായിരുന്നു. കൂട്ടംകൂടി തോപ്പിക്കുന്നത് അവനോന്റെ തോറ്റപഠിപ്പാണെന്ന് ഒരിക്കലും ചിരിക്കാത്ത ആ മുഖത്ത് നിന്ന് തങ്കമ്മ പലവുരു വായിച്ചെടുത്തിട്ടുണ്ട്.

പണി കേറുന്നതിനിടെ മാറ്റിമാറ്റിവെച്ച വെറകുകൾ കവുളക്കയറുകെട്ടി വീട്ടിലേക്ക് പോന്നവഴിയാണ് കുളി. കറുത്ത ഒരേയൊരു ബ്ലൗസ്സ് അഴിച്ചാ അച്ഛന്റെ കോണകത്തിന്റെ ചോന്ന കളറുള്ള ബോഡീസാണ്. അതിന്റെ മുമ്പിലത്തെ കെട്ടങ്ങഴിക്കും. റബ്ബർ മരത്തിന് കുമ്മായമടിച്ചതുപോലെ നെഞ്ചിന് കുറുകെ വെളുപ്പുകണ്ട് തങ്കമ്മ തന്റെ കറുത്തുകറുത്തുവരുന്ന ചിന്തയിൽ നിന്ന് ശരീരം വെയില് തട്ടിക്കാതെ വെളുപ്പിക്കാൻ ശ്രമിച്ചു.

ഉയരൂള്ള മരത്തിന് കുത്തിനിർത്തിയ വെറകുകെട്ടിന്റെ മധ്യേ തെരിയ തലയിൽ വെച്ച് തങ്കമ്മയുടെ അമ്മ നിവർന്ന് വെറകുമെടുത്ത് പൈങ്കുറ്റി രാമൻ രാവിലെയും വൈന്നേരവും കാലിയെ കെട്ടാൻ പോകുന്ന വഴിയിലൂടെ ഒരു നടത്തമുണ്ട്. കാലികളുടെ കുളമ്പ് വഴുതി വൃത്തികേടായ കുഴികളിൽ കലക്കുമഴവെള്ളം കെട്ടിനിൽപ്പുണ്ടാവും. അതിൽ ചവിട്ടാതെ തങ്കമ്മയടക്കം നാല് പെമ്മക്കളും വീടുകേറില്ല. രാത്രിയാകുമ്പോഴേക്കും കാലിന്റെ വിരലുകൾക്കിടയിൽ നൂൽപ്പുഴു കടി തുടങ്ങും.

കുപ്പിയിൽ കരുതിവെച്ച കശുവണ്ടിനെയ്യിൽ പച്ചയീർക്കല് കുത്തി തങ്കമ്മയുടെ അമ്മ എല്ലാത്തിന്റെയും പുഴുക്കടിയിലൂടെ വലിക്കും.
അന്നേരം പെറ്റപുണ്ണിൽ ചൂടുവെള്ളം ഒഴിക്കുന്നതുപോൽത്തെ നിലവിളിയുണ്ടാകും
''മിണ്ടാണ്ട്ന്നോ കവ്തകളെ...''
നല്ലോണം മോങ്ങുന്നോളുടെ പുഴുക്കടിക്കൊരു കുത്തുവെച്ചുകൊടുത്ത് തങ്കമ്മയുടെ അമ്മ കണ്ണ് മിഴിക്കും.
കുപ്പിയുടെ അടപ്പിട്ട് കഴുക്കോലിൽ തറച്ച ആണിക്ക് കൊളുത്തി അകത്തേക്ക് പോകുമ്പോ ''നാലെണ്ണത്തിനോടും കൂടിയാ പറയുന്നേ, കുടുമ്മത്തിന് മാനക്കേടുണ്ടാക്കിയാ ചോറില് എലിവെഷം കലക്കി ഒരു തെരലുണ്ട്.'' എന്ന് പലയാവർത്തി പറഞ്ഞുകേട്ട് ഇപ്പോ ആരുമത് ഗൗനിക്കാതെ ചിരിക്ക് വകയാക്കി.
''ന്ന്ട്ട് ഞാനും ചാകൂന്ന് വിചാരിക്കണ്ട. അന്തസ്സോടെ ജയിലീക്കിടക്കും''
അമ്മയെ കയ്യാമംവെച്ച് കൊണ്ടുപോകുന്നത് സങ്കൽപ്പിച്ച് ഉറങ്ങാൻകിടക്കുമ്പോ നാലെണ്ണവും ചിരിക്കും.
''അങ്ങനെയെങ്കിലും ജീപ്പീക്കേറാൻ പറ്റ്വല്ലോ....''
''ഇളിക്കണ്ട. ചോറ് ബിദ്ങ്ങീട്ടേ അറിയൂ... അയില് വെഷൂണ്ട്ന്ന്. ജീവിക്കാൻ പൂതിയുള്ളോക്ക് അകത്തെ കൊട്ടയില് ഒരു സാധനം പൊതിഞ്ഞുവെച്ചിട്ടുണ്ട്. അതെടുത്ത് തിന്നോളുവ. ഭാഗ്യൂണ്ടാ രക്ഷപ്പെടാ... എന്റെ പണി ഞാനെടുക്കും മക്കളേ ''

image 1

അതു കേട്ടമുതൽ തങ്കമ്മക്ക് കൊട്ടയിൽ ഒന്ന് കൈയിട്ടാ കൊള്ളാമെന്ന് അടിവയറ്റീന്ന് വല്ലാത്ത മോഹമുണ്ടായെങ്കിലും പിന്നീടത് മറന്നു.
തുമ്പിലാട്ടുകുന്നിൽ ആഴ്ചക്ക് നാലുവെച്ച് നടത്തുന്ന പൈങ്കുറ്റിയിൽ മുള്ളനുണക്കും കടലയും തേങ്ങാപ്പൂളും കമിഴ്ത്തിക്കഴിഞ്ഞാ മൂക്കൂട്ടടിയാണ്. എല്ലാ പൈങ്കുറ്റിക്കും കണ്ടപ്പ വാര്യരുണ്ടാകും. മൂത്ത മുത്തപ്പഭക്തനായ മൂപ്പരെ വീട്ടിൽതന്നെയായിരിക്കും മിക്കദിവസവും. മുക്കൂട്ടടിച്ചാ തിരുപ്പട്ടം തിരിഞ്ഞൊരു വരവാണ് പൈങ്കുറ്റിരാമന്റെ.
കണ്ണുകെട്ടി നടന്നാപ്പോലും വഴിതെറ്റാതെ വീട്ടിലെത്തുന്ന രാമനെ കൊണ്ടുവിടാൻ വരുന്ന അകമ്പടിക്കാരുടെ ദൃഷ്ടി വീടിന്നാത്തേക്ക് കേറാൻ തുടങ്ങിയേപ്പിന്നെയാണ് തങ്കമ്മയുടെ അമ്മ ഇമ്മാതിരി ഭീഷണി പുറത്തുവിട്ടുതുടങ്ങിയത്.
''കണ്ടപ്പ വാര്യരോട് ഒന്നിരിക്കാമ്പറഞ്ഞാ നിന്റെടങ്കാല് വറ്റിപ്പോവ്വ്വാ...?''
മുറ്റത്ത് കുത്തിയ ചൂട്ട് ആട്ടിക്കത്തിച്ച് കൂടെ വന്നോര് മിണ്ടാണ്ട് മടങ്ങുന്നത് കാണുമ്പോ പൈങ്കുറ്റി രാമന് ദേഷ്യം തുടങ്ങും. ചൂട്ടുവെട്ടം കുന്നിറങ്ങിയാലേ തങ്കമ്മയുടെ അമ്മയുടെ തൊണ്ടയനങ്ങൂ.
''മട്ടുംനക്കി വീട്ടിക്കേറി പുലിയാടിത്തരം പറഞ്ഞാ മുട്ടുകാല് ഞാൻ പൊളിക്കും നായി..''
ആദ്യത്തെ അടി അമ്മയുടെ കവിള് കൊള്ളും. ഒന്നുകിട്ടിയാ നാലെണ്ണം തിരിച്ചുവീഴുന്നത് ചിമ്മനിവെട്ടത്തിലിരുന്ന് മക്കള് പഠിക്കുന്നതിനിടെ എണ്ണും.
''ഈ ചൂളച്ചി എന്നെകൊല്ലുന്നേ...''
തുമ്പിലാട്ടുകുന്നിന് താഴെ പൈങ്കുറ്റി രാമന്റെ നിലവിളി കേട്ടപാടെ കണ്ടപ്പവാര്യർ ചൂട്ടകുത്തിക്കെടുത്തി ധൃതിയിൽ നടക്കും.
രാമനെ കൊണ്ടുവിടാൻ ഇങ്ങനെ വന്നൊരുത്തന്റെ കൂടെ മൂത്ത രമണി ഇരുട്ടത്തങ്ങ് ഇറങ്ങിപ്പോയി.
ചോറുണ്ണാന്നേരം, അരച്ചുവെച്ച കറിച്ചട്ടിയിലെ കൂർക്കച്ചാറിൽ ചോറ് പെരക്കി ബാക്കിയുള്ള മൂന്നെണ്ണത്തിനെയും നോക്കി തങ്കമ്മയുടെ അമ്മ പിന്നെയും കണ്ണ് ചുവപ്പിച്ചു.
''പോയത് കണ്ടിക്ക് പുറത്ത്. ഇത് കണ്ടിനാ...''
അമ്മയുടെ കൈമടക്കിൽ ഒരെലിക്കുഞ്ഞ് ചതഞ്ഞുമരിച്ചിരിക്കുന്നത് മൂവരും കണ്ടു.
ചോറ് പെരക്കുമ്പോൾ ചട്ടി കറങ്ങാതിരിക്കാൻ ചവിട്ടിപ്പിടിച്ച് അമ്മ വാരിക്കഴിച്ചിട്ടും മൂന്നെണ്ണത്തിനും വിശ്വാസം വന്നില്ല.
മൂന്നെണ്ണവും പേടിച്ച് അന്തിപ്പട്ടിണി കിടന്നു.
തങ്കമ്മ അമ്മയുടെ കൊട്ടയിലെ പൊതിയോർത്തു.

രണ്ട്

കാട്ടുപോത്ത് കുത്തിമലർത്തിയിട്ട കൂരിരുട്ടോടെ നാടുകാണിക്കാട് പകയുടെ കിതപ്പും കിതച്ച് ഇരകളെ കാത്തുനിന്ന നട്ടുച്ച. മൂന്ന് ദിവസം മുമ്പ് കുപ്പത്തേക്ക് പോയ ഉടുമ്പൻ തിരിച്ചുവന്നില്ല. നാടുകാണി വഴി ഒറ്റക്ക് പോണ്ട കുരിപ്പേന്ന് നൂറാള് നൂറ്റാവർത്തി പറഞ്ഞിട്ടും ഉടുമ്പൻ പോയി.

ചാക്ക് നിറയെ മീനത്തിലെ വിളവ് തലച്ചുമടുകെട്ടി കുപ്പത്തേക്ക് ഉടുമ്പൻ നടന്നു. രണ്ടുകൊല്ലായി പുരമേഞ്ഞിട്ട് ചോർന്നൊലിക്കാത്ത സ്ഥലമില്ല. പിള്ളരേ മാറിമാറി വട്ടിമ്മേൽ കിടത്തിയിട്ട് ഉടുമ്പനും കുംഭയും നേരാംവണ്ണം ഉറങ്ങാറില്ല. ഇത്തവണ പുരമേയണം. മുക്രയിട്ടോണ്ടുവന്ന കാട്ടുപന്നിയെ പണ്ട് വാരിക്കുന്തം കുത്തി കൊന്ന ധൈര്യംവെച്ച് ഉടുമ്പൻ പോയി. പിന്നിൽ നിന്ന് കുംഭ കാളി.

ഉടുമ്പനെ അന്വേഷിച്ച് ആരും പോയില്ല. പോയിട്ട് കാര്യമില്ലെന്നറിയാം. ഒറ്റക്ക് പോയവരാരും തിരിച്ചുവന്നിട്ടില്ല. ആണുങ്ങളെ കുറുക്കന്മാർക്ക് എത്തുംവിധത്തിൽ കെട്ടിത്തൂക്കും. പെണ്ണുങ്ങളെ ആവിശ്യം കഴിഞ്ഞാൽ അണ്ണാക്കിൽ വിഷമൊഴിച്ചുകൊല്ലും. ദുർമരണങ്ങളുടെ ഉറക്കമറ്റ നിശ്വാസങ്ങൾക്ക് നാടുകാണിക്കാറ്റിന്റെ രക്തഗന്ധമുണ്ട്.

അടുത്തമരണം തുമ്പിലാട്ടുകുന്നിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ നെട്ടൂർ ഗോവിന്ദന്റേതായിരുന്നു. വെട്ടിക്കൊന്നെന്നാണ് വാർത്ത. വേറെ എവിടുന്നോ കൊന്ന് നാടുകാണിയിൽ കൊണ്ടിട്ടതാണ്. തുമ്പിലാട്ടുകുന്നിൽ റബ്ബർ ടാപ്പിംഗ് ചെയ്തോണ്ടിരുന്ന നെട്ടൂർ ഗോവിന്ദൻ നാടുകാണിക്കപ്പുറം അടുത്തകാലത്തൊന്നും പോയിട്ടില്ല. ഉടുമ്പന്റെ മരണത്തിന്റെ നാൽപ്പത് കഴിഞ്ഞ് ഒരിക്ക കുപ്പത്തെ മാപ്പിള വന്ന് കുംഭക്ക് നേരെ ഒരു പ്രമാണം വെച്ചുനീട്ടി. ഉടുമ്പന്റെ പന്ത്രണ്ട് സെന്റ് ഭൂമിയും പുരയിടവും വിറ്റ പ്രമാണത്തിന്റെ ചോട്ടിലിട്ട ചുണ്ടൊപ്പ് കാട്ടി ഒഴിഞ്ഞുപോകാൻ വക്കീലിനെയും കുട്ടിവന്നുള്ള നിൽപ്പാണ്. കുംഭ വെറുംവയറ്റിൽ നിലവിളിച്ചു.

image 2

നെട്ടൂർ ഇടപെട്ടു. ആളെ കൊന്ന് കള്ളയൊപ്പിട്ട് വസ്തു വസൂലാക്കുന്ന ഏർപ്പാട് ഇനി നടക്കില്ലെന്ന് പറഞ്ഞ് മാപ്പിളക്ക് വിലങ്ങിട്ടു. നാട്ടുകാരും കൂടെ നിന്നു.
മാപ്പിള പോയെങ്കിലും കോടാലി തൊമ്മനും അല്ലിക്ക അച്ചുതനും കൂടി പിറ്റേദിവസം റബ്ബർതോട്ടത്തിലിട്ട് നെട്ടൂരിനെ തട്ടി നാടുകാണിയിൽ കൊണ്ടിട്ടു. അവരുടെ കാട്ടുരാജ്യമാണ് നാടുകാണി. രണ്ടുപേരും തുമ്പിലാട്ടുകുന്നുകാരായിരുന്നു. ചെറുപ്പത്തിൽ ചെമ്പ് കട്ടതിന് നാട്ടുകാര് മരത്തിൽ പിടിച്ചുകെട്ടി നല്ലവണ്ണം പൂശി പോലീസിനെ ഏൽപ്പിച്ചു. രണ്ടാംനാൾ രണ്ടും ജയില് ചാടിയെന്നാണ് കേട്ടത്. അതിനുശേഷം ആരും അവരെ നേരിട്ട് കണ്ടിട്ടില്ല. കണ്ടവരാരും ശേഷിക്കുന്നുമില്ല.

രാത്രി തുമ്പിലാട്ട് വന്ന് റിപ്പർ പണി ചെയ്യുമെന്ന് കരുതി കുറേനാൾ ചെറുപ്പക്കാർ ഇരുമ്പുവടിയും പിച്ചാത്തും മമ്മട്ടിത്തള്ളയുമായി ഉറക്കമൊഴിച്ചിരുന്നിരുന്നു. വന്നില്ല. നാടുകാണിയുടെ ഗുഹാമുഖത്ത് അവർ ഇവരെ കാത്തിരുന്നു.
നെട്ടൂരിന്റെ അടക്കത്തിന് വികാരപ്പെട്ട് പൈങ്കുറ്റി രാമൻ പരസ്യമായി ഒരു പ്രസ്താവനയിറക്കി.
''കുപ്പത്തെ മുറിയമ്മാരാണ് ഈറ്റ്ങ്ങളെ തീറ്റിപ്പോറ്റുന്ന്''
പിറ്റേന്നുതന്നെ പോലീസുകാര് വന്നു. നെട്ടൂർ ഗോവിന്ദൻ വധക്കേസിലെ പ്രതിയാക്കി പൈങ്കുറ്റി രാമനെ പൊക്കി.
പതിനാറ് ദിവസം റിമാന്റ് കഴിഞ്ഞിറങ്ങിയ പൈങ്കുറ്റി രാമൻ തുമ്പിലോട്ട് വരാതെ നാടുവിട്ടു. ഇരുവശവും ഇടതൂർന്നുനിൽക്കുന്ന കശുമാവിൻ തോട്ടങ്ങളും പൊന്തക്കാടുകളും വകഞ്ഞ് തുമ്പിലാട്ടുകാർ നാടുകാണി അരിച്ചുപെറുക്കിയിട്ടും പൈങ്കുറ്റി രാമന്റെ കൊട്ടുപോലും കിട്ടിയില്ല.

തങ്കമ്മയുടെ അമ്മക്കത് വല്ലാതെ നാണക്കേടായിപ്പോയി. പേടിച്ചുതൂറി നാടുവിടുന്നതിനേക്കാളും നല്ലത് കോടാലി തൊമ്മന് ഇരയാകുന്നതാണെന്ന് അവർക്ക് തോന്നി. നാട്ടിലും തോട്ടിലും പെണ്ണുങ്ങള് അക്കാര്യം വിളിച്ചു പറയാനും തുടങ്ങി. അത് കേട്ടേപ്പിന്നെ തങ്കമ്മയുടെ അമ്മ പണിക്ക് പോയില്ല. പട്ടിണി കിടന്ന് ചത്തുകൊടുത്തു.
മൂന്ന് പെമ്പിള്ളേര് ബാക്കി.

അതിൽ മൂത്തതിനെ കണ്ടപ്പവാര്യര് കിടക്കവിരിക്കാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നടുതളർന്ന് കിടക്കുന്ന വാര്യത്തിക്ക് രാത്രിക്കത്തെ കുതിരകേറ്റത്തിന് ശമനം കിട്ടിയതിലുള്ള സന്തോഷം. മൂന്നാമത്തെ പെണ്ണ് ഒരുത്തന്റെ ഗർഭം താങ്ങി നാട്ടുകാര് പിടിച്ചുകെട്ടിച്ചപ്പോൾ തങ്കമ്മ നല്ലപ്രായത്തിൽ തനിച്ചായി.

ഓലമടക്കിന്റെ ഇറയിൽ പണ്ട് അമ്മ തിരുകിയ എലിവിഷം പരതിപ്പിടിച്ച് തങ്കമ്മ നിൽക്കേ, ഉമ്മറത്ത് നിന്ന് തുമ്പിലോട്ടുകാരൻ തന്നെയായ അച്ചാലി തമ്പാന്റെ വിളി കേട്ടു. ഒറ്റാന്തടിക്കാരൻ.
കയ്യിലെ എലിവിഷം പിന്നിൽ പിടിച്ച് തങ്കമ്മ വാതിൽപ്പടി ചാരി.
''വന്നിനി... ?''
വേർത്തുകുളിച്ച് നിൽപ്പാണ് തമ്പാൻ. ചെന്നിക്കൂടെ ഒഴുകിയ വേർപ്പ് തള്ളവിരലുകൊണ്ട് മാടി നിലത്തേക്ക് ഉറ്റിച്ച് പറമ്പത്തോട്ട് നോക്കി.
''എത്രേക്രീണ്ട്''
''സ്ഥലം വിക്കുന്നില്ല.''
തങ്കമ്മ എലിവിഷം മുറുകെപിടിച്ച് അകത്തേക്ക് പോകാൻ നോക്കി.
''നിക്കറാ.... വിപ്പനക്ക് വന്നതല്ല. കാടുകേറി വെഷമം കൊണ്ട് ചോയിച്ചതാണ്. കിർഷി എറക്കിയാലോ... ആദായത്തിന്റെ പഗ്തി''
കറുത്തുകരിവാളിച്ച തമ്പാന്റെ കവിളത്ത് ഒരിളംചിരി വെളിച്ചത്തായി. തങ്കമ്മയുടെ കണ്ണ് താണു. പിന്നിൽ കെട്ടിയ കൈ അയഞ്ഞു.
കാണുന്നത്രയൊന്നൂല്ല. തങ്കമ്മക്ക് അതിന്റെ തുമ്പുപോലും അറിയില്ല. അമ്മ പോയേപ്പിന്നെ മണ്ണ് ഇരുമ്പ് കണ്ടിട്ടില്ല. കാട്ടുമുണ്ടയുടെ അതിരുവെച്ച് തമ്പാൻ ആദ്യംതന്നെ കവുങ്ങുകീറി വേലികെട്ടി. തന്നെ അതിനുള്ളിലാക്കി.
തമ്പാന്റെ കൈത്തയമ്പിൽ അവളുടെ മുല വേദനിച്ചു.
രാവിലെ വെച്ചുനീട്ടിയ കട്ടഞ്ചായയിൽ ചത്ത ചോന്നുറുമ്പിനെ പുളിച്ച് തമ്പാൻ പുറത്തേക്ക് തുപ്പി.
''കടുപ്പം കൂടിപ്പോയാ... ?''
തങ്കമ്മക്ക് ശീലങ്ങളായി വരുന്നതേയുള്ളൂ.
തമ്പാൻ ചിരിച്ചു.
''ഇതിന്റെ ചൊമരൊന്ന് മാറ്റണം.''
വീടിന് പിന്നാമ്പുറത്തെ പാറക്കിടയിലെ കറുത്തമണ്ണ് കുഴച്ചുകുഴച്ച് തമ്പാൻ കട്ടപ്പെട്ടിയിൽ നിറച്ച് കട്ടചുട്ടു. പണ്ട് തീപ്പെട്ടിക്കൂടുകൊണ്ട് ചെളിക്കട്ടവീട് ഉണ്ടാക്കിക്കളിച്ചതാണ്. വീട് മാറുന്നു. തമ്പാനെ നോക്കി അവൾ ചെളിപോലെ കുഴഞ്ഞു.

മൂന്ന്

ആദ്യത്തെ വിളവെടുപ്പുംകൊണ്ട് കുപ്പത്തേക്ക് പോകാൻ ഒരുമ്പെട്ടുനിൽക്കുന്ന തമ്പാന്റെ മുന്നിൽ പണ്ട് കുംഭ കാളിയതുപോലെ തങ്കമ്മയും ആവർത്തിച്ചു.
''അങ്ങനെ വിട്ടാപറ്റ്വാ... ? ഈനൊരൊടുക്കം വേണ്ടേ....''
''കുംഭേനപ്പോലെ ദെണ്ട്യാരം തിന്നാൻ കയ്യൂലെനക്ക്''
തങ്കമ്മ പിന്നെയും പിന്തിരിപ്പിക്കാൻ നോക്കി.
''ഈ ചാക്കുപണ്ടാരം എന്തുചെയ്യാനാ... എത്രോസം പൂങ്ങിത്തിന്നും'' തലയിലെ ചുമടിലേക്ക് പുരികം വളച്ച് തമ്പാൻ മുഷിഞ്ഞു. തങ്കമ്മക്ക് അത് സഹിച്ചില്ല.
''നാലെണ്ണം വന്നാ തെറമ്പാനുള്ള പൊതൊക്കെ എനക്ക്ണ്ട്''
കക്ഷം തഴമ്പിച്ച വെള്ളബനിയൻ പൊക്കി തമ്പാൻ അരയിൽ തിരുകിയ പീശാക്കത്തിയും കാണിച്ചു.
''വഴീലാള്ണ്ടാവും. ചതുപ്പൻ കൂടെ വരാന്നേറ്റിട്ട്ണ്ട്. നേരംവെളുക്കുമ്പം ഞാനെത്തും. നീ നിരീക്കാണ്ട് കെടന്നോ പെണ്ണേ....''
കണ്ടിക്കോളം തങ്കമ്മ കരഞ്ഞുനടന്നു.
തങ്കമ്മ അരസമ്മതം മൂളി. ചതുപ്പന് രണ്ട്കുടം കള്ളും കപ്പയും വാങ്ങിക്കൊടുത്താ ചാകുംവരെ കൂടെനിക്കും.
പറഞ്ഞേൽപ്പിച്ച പ്രകാരം ചതുപ്പനെയും കൂട്ടി തമ്പാൻ നടത്തം തുടങ്ങിയെങ്കിലും അയാളുടെ കെട്ട്യോക്ക് പെട്ടെന്ന് പെറാൻമുട്ടിയ വിവരം കേട്ട് അയാൾ തിരിഞ്ഞോടിക്കളഞ്ഞു.
തമ്പാൻ നടത്തം തുടർന്നു. തലയിൽ ഉദിച്ചുനിൽക്കുന്ന വെട്ടം നിലച്ചു. ഇരുട്ട് വാപിളർന്നു. സൗകര്യത്തിൽ വലിച്ചെടുക്കാൻ പാകത്തിൽ തമ്പാൻ അരയിൽ കത്തി നിർത്തിവെച്ചു.
പലരും പിന്തുടരുന്നതായി അയാൾക്ക് തോന്നി. പലപ്പോഴും തിരിഞ്ഞുനോക്കിപ്പോയി. കുത്തനെ വളർന്ന ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചവരകൾ. കരിയിലകളിലൂടെ മരയോന്തുകൾ നിറംമാറ്റി അയാളെ തുറിച്ചുനോക്കി.

image 3

ഉണക്കുവിറകുകൾ തലച്ചുമടായി കൊണ്ടുപോകുന്ന പെണ്ണുങ്ങളെ വഴിയിൽ വെച്ചു കണ്ടപ്പോൾ തമ്പാൻ ആശ്വാസത്തോടെ തങ്കമ്മയെ ഓർത്തു. തണുത്ത കാറ്റ് അയാളുടെ വിയർപ്പ് തുള്ളികൾ ഒപ്പി. ഉച്ചച്ചൂട് മായുമ്പോഴേക്കും നടുകുനിഞ്ഞ് തമ്പാനെത്തി.
കുപ്പത്ത് ഔക്കറാജിയുടെ പച്ചക്കറികടയിൽ തമ്പാൻ ചാക്കുകെട്ട് കമിഴ്ത്തി. വിളകൾ ഓരോന്നായി അയാളുടെ കാൽക്കീഴിൽ അടിയറവ് പറഞ്ഞു.
ഓരോന്നെടുത്ത് തൂക്കിയും എണ്ണം വെച്ചും ഔക്കറാജി കണക്കെഴുതി. മേശവലിപ്പിൽ നിന്ന് ഇരുന്നൂറെടുത്ത് കൊടുത്തു.
തമ്പാൻ നോട്ട് മണപ്പിച്ച് പ്ലാസ്റ്റിക് കവറിലിട്ട് അരയിൽ തിരുകി.
''ചായ കുടിക്ക്ന്നാ...?'' ഔക്കറാജി മൂക്കിൽ നിന്ന് ഊർന്ന് വീഴാറായ കണ്ണടക്ക് പുറത്തൂടെ വെറുംവാക്ക് ചോദിച്ചു.
''കുടിച്ചോളാ...''
തെരിയ തിരിച്ച തോർത്തെടുത്ത് തമ്പാൻ കഴുത്ത് തുടച്ചു.
''എപ്പഴാ മടക്കം?''
''കാലത്ത്''
''അപ്പോ ഈട്ന്ന് പൂസാട്ടടിച്ച് തീരുവല്ലോ പൈസ..?''
ഔക്കറാജി കുംഭ കുലുക്കി ചിരിച്ചു.
''ല്ല''
പൈസ അരയിൽ ഭദ്രമാണെന്ന് തമ്പാൻ ഒന്നുകൂടി ഉറപ്പിച്ചു.
''ഇപ്പോ തന്നെ മടങ്ങിക്കോ.... കുറുക്കൻ കൂക്കുന്നേന് നുപ്പട്ടേ പൊരപിടിക്കാം. ഓളാട ഒറ്റക്കല്ലേ...''
ഒറ്റക്കൊരു കാട് തമ്പാന്റെയുള്ളിൽ കൊളുത്തിവലിക്കുന്നത് കണ്ട് ഔക്കറാജി ചിറി കോണിച്ചു.
''കോടാലിയെ പോലീസ് പൊക്കിയേപ്പിന്നെ എല്ലോർക്കും സുഖായല്ലോ ല്ലേ...''
തള്ളിവന്ന ആകാംക്ഷയോടെ തമ്പാൻ അയാളെ തുറിച്ചുനോക്കി.
''യെപ്പോ ?''
ഔക്കറാജി പണിക്കാരെയും കൂട്ടി വീണ്ടും കുംഭകുലുക്കി. ''ഇതൊന്നും അറിയാഞ്ഞ് എന്ത് ധൈര്യത്തിലാ വന്നത്, പഹ്യൻ''
പേടിച്ച് ഉറക്കം കിട്ടാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്ന തങ്കമ്മയോട് മുമ്പെങ്ങുമില്ലാത്ത പ്രണയം മൂത്ത് തമ്പാൻ അപ്പോ തന്നെ പച്ചവെള്ളംപോലും കുടിക്കാതെ നിൽക്കാതെ മടങ്ങി.
തന്റെ മേശവലിപ്പിലുണ്ടായിരുന്ന ഇരുന്നൂറ് രൂപ നടന്നുപോകുന്ന പോക്കുംനോക്കി ഔക്കറാജി ഇരുന്നു.

നാല്

മഴ നനഞ്ഞോണ്ട് മഴ വന്നു. അച്ചാലി തമ്പാൻ വന്നില്ല. ബലിയിട്ട് വേറെ ജീവിതം നോക്കിക്കോളാൻ പറഞ്ഞ് ബന്ധുക്കളൊഴിഞ്ഞു. കർക്കിടകം കഴിഞ്ഞു. തുമ്പിലാട്ടുകുന്നിൽ നിന്ന് എന്നും നാടുകാണിവഴി പോയിവരുന്ന, ഇതുവരെയും പരിക്കേൽക്കാത്ത കല്ല്യാണി മുറുക്കിചുവപ്പിച്ച് ഒരുദിവസം മുറ്റത്തേക്ക് കേറിവന്നു.
''പൊരീലെ ആണുങ്ങള് ചത്താപ്പിന്നെ എല്ലോനും എടങ്കണ്ണാ... നാട്ടാർക്ക് കെടന്നേക്കറ് പെണ്ണേ, എന്റെ വയിക്ക് വാ?''
തുന്തമുറിയെ ഒന്ന് കൊടുക്കാനാണ് തോന്നിയത്. അടുത്തതവണ കല്ല്യാണി വരുമ്പോ ടൗണിൽ നിന്ന് മൂസേതിനെയും കൂട്ടി വഴികാണിച്ചുകൊണ്ടുവന്നു..
''ഇതാണ് മറയ്ക്കാക്കണ്ടി തങ്കമ്മേടെ പൊര''
ഞാമ്പോന്നേന്ന് പറഞ്ഞ് കല്ല്യാണി വിട്ടു. എറങ്കല്ലുമ്മേൽ ഒരുകാലെടുത്തുവെച്ച് മൂസത് ടൗസറിന്റെ കീശയിൽ നിന്നൊരു കടലാസ് നീട്ടി.
''കുപ്പത്തെ ഔക്കറാജി വിറ്റ ചെക്ക്ണ്ട് കൈമ. തമ്പാൻ ലേശം കടംവാങ്ങിയേന്. ജാമ്യംവെച്ചതാ. ഓറ് എന്റെടുത്തുന്നാ പൈസ വാങ്ങിക്കൊടുത്തത്. എത്ര്യാ കിട്ടുവാന്ന് വെച്ചാ വാങ്ങിക്കോളാൻ പറഞ്ഞു. ''
ചെക്കിന് പുറത്ത് തമ്പാന്റെ ചോരകല്ലിച്ച ചുണ്ടൊപ്പ് കണ്ട് തങ്കമ്മയുടെ കണ്ണിൽ ജലംപൊട്ടി.
''ഓറ് തെരും''
ചെക്ക് നാലായി മടക്കി മൂസത് പഴയപടിവെച്ചു. രണ്ടാമത്തെ കാല് ധൈര്യത്തോടെ ഉമ്മറത്തേക്കുവെച്ചപ്പോൾ തങ്കമ്മയുടെ ഉള്ളശക്തിയുംചോർന്നു.
''ഓൻ തൂങ്ങിയത് പൈസകായ്ക്കുന്ന കൊമ്പിലൊന്നല്ല, പറങ്കിമാവിനാ...''
ചോരയൊലിക്കുന്ന ചിരിയോടെ മുസത് അടുത്തേക്കുവന്നു. തങ്കമ്മ രണ്ടടി ഇരുട്ടിലേക്ക് വലിഞ്ഞു.
''പൈസ കിട്ടിയാ മൂസേത് പോകും. നാളെ കല്ല്യാണി വരുമ്പാ കുളിച്ചിട്ട് കൂടെവന്നാ മൂസേത് പൈസ പോട്ടേന്ന് വെക്കും''
രണ്ടുകൈയും പിടിച്ച് ചുമരിൽ തറച്ച് മൂസേതിന്റെ കുടവയറ് തങ്കമ്മയെ ഇറുക്കി. അവൾക്ക് ശ്വാസം മുട്ടി. കയലിമുണ്ട് അടിയിൽ നിന്ന് ഊർന്ന് വീഴുന്നത് അവളറിഞ്ഞു.
''അഞ്ചുർപ്യാ ഇപ്പ പെണ്ണുങ്ങക്ക് കൂലി. നീയിന്ന് പണിക്ക് പോയീന്ന് വിചാരിച്ചാമതി''
മൂസതിന്റെ അമറൽ നിലച്ചപ്പോൾ ചുമരിലെ ആണിയിൽ തറച്ച അമ്മയുടെ കൊട്ടക്കൊപ്പം അവൾ നിലത്തേക്ക് ഊർന്നുവീണു. നടുനിവർത്തിയപ്പോൾ അമ്മയുടെ കൊട്ടയിൽ കൈയിട്ട് മടക്കിവെച്ച സാധനം തുറന്നുനോക്കി.
അവളത് മണപ്പിച്ചു.
അവൾ ഛർദിച്ചു.
പിറ്റേന്ന് കല്ല്യാണിയുടെ കൂടെ കുളിച്ച് പെട്ടിയിൽ മടക്കിവെച്ച കള്ളി ബ്ലൗസും മേൽമുണ്ടുമിട്ട് തങ്കമ്മ ടൗണില് പണിക്ക് പോയി തുടങ്ങി.
നാടുകാണിയിലെ കശുമാവിന്റെ പടർപ്പുകൾക്കിടിയിൽ തങ്കമ്മയുടെ ശ്വാസമുടക്കി. എവിടെയായിരിക്കും പൈങ്കുറ്റി രാമൻ. എതായിരിക്കും അച്ചാലി തമ്പാന്റെ കൊമ്പ്. അവരിപ്പോൾ കാണുന്നുണ്ടാകും. വീട്ടുവിചാരം കൊണ്ട് ഒന്നിച്ച് കുടിക്കുന്നുണ്ടാകും. ഉണക്കപ്പുല്ല് മെതിഞ്ഞ പാറമടക്കുകളിലെ ഒഴിഞ്ഞ കുപ്പികളിൽ തങ്കമ്മയുടെ കാല് തട്ടി.
ഔക്കറാജി സമക്ഷം തങ്കമ്മയെ കൊണ്ടിട്ട് കണ്ണുറുക്കി കാണിച്ച ഒരുത്തന്റൂടെ കല്ല്യാണി പോയി. വിളഞ്ഞ കാച്ചിലിനെപ്പോലെ ഔക്കറാജി തങ്കമ്മയെ നോക്കി വേവിച്ചുവെച്ചു. പക്ഷേ ഉച്ചകഴിഞ്ഞിട്ടും അയാൾക്ക് മുള്ളാൻപോലും സമയംകിട്ടിയില്ല..
''ഓളെ കാക്കണ്ട. ഇന്ന് നീ വിട്ടോ.''
മേശ വലിച്ച് കുറച്ച് തുട്ടെടുത്ത് ഔക്കറാജി തങ്കമ്മക്ക് നീട്ടി.
അവൾ വാങ്ങാതെ പുറപ്പെട്ടു.
ഒരു മഴക്കാറ് പോലെ. നല്ല മുകിലാച്ച്. വിശപ്പും ദാഹവും കത്തുന്നു. കഴുത്തും കക്ഷവും നനഞ്ഞ് അവളെ പെണ്ണിനെ മണത്തു.
ഹൃദയമിടിപ്പോടെ തങ്കമ്മ നാടുകാണിപ്പാറ തൊട്ടു. കൊടുംചൂടുപാറ. തന്നിലേക്ക് ചുരുങ്ങിയ നിഴലെപ്പോലും അവൾ ഭയന്നു.
ഉണക്കിലകളിലൂടെ ഭയപ്പാമ്പ് ഇഴഞ്ഞു. ഉള്ളിൽ കാട്ടുമുളകളുരസി നിലവിളിച്ചു. കൂടെ പരിചയമുള്ള ആരോ ടെന്നപോല തങ്കമ്മ വിശേഷം പറഞ്ഞു നടന്നു.
പിന്നിൽ നിന്ന് മുടിക്കുത്തിൽ ഒരു പിടുത്തം. തങ്കമ്മ അവിടെത്തന്നെ മലർന്നടിച്ചു. ആകാശത്തോളം ഉയർന്ന രണ്ട് ആണുങ്ങൾ. മാടിക്കെട്ടിയ ഉടുമുണ്ടിനുള്ളിൽ ഞേന്ന വൃഷണങ്ങൾ.
തോർത്താല് കയ്യുംകാലും കെട്ടി അവർ തങ്കമ്മയെ വഴിയിൽ നിന്ന് വലിച്ച് മാറ്റിക്കിടത്തി. ഇലകൾക്കിടയിലൂടെ വെളിച്ചപ്പൊട്ട് തങ്കമ്മയുടെ നെഞ്ചിൽ തുളഞ്ഞുകേറി.
തോളത്ത് നിന്ന് കൈക്കോടാലി താഴെവെച്ച് കോടാലി തൊമ്മൻ അവളുടെ ഉടുമുണ്ടിനുള്ളിൽ കൈയിട്ട് മണപ്പിച്ച് അച്ചുതനെ നോക്കി ആസ്വദിച്ചു.
''ഞാനാദ്യം''
തങ്കമ്മയുടെ ദുർബലമായ ഞെരക്കങ്ങൾക്കുമേലെ തൊമ്മൻ കോടാലിമൂർച്ചയുള്ള പല്ലുകളാഴ്ത്തി. അടിമുണ്ടഴിഞ്ഞപ്പോൾ തങ്കമ്മയുടെ അമ്മയുടെ പൊതി ദൂരെ തെറിച്ചു.
അല്ലിക്ക അച്ചുതൻ, ഔക്കറാജി, കണ്ടപ്പവാര്യർ, മൂസേത്, ആരൊക്കെ വന്നുകേറിയെന്ന് തങ്കമ്മ മറവിപ്പെട്ടു. കവിളിൽ വിരലമർത്തി വാ പിളർത്തിയതും വായിലേക്ക് തുയിക്കുന്ന ദ്രാവകം ഒഴിച്ചതും ഔക്കാനിച്ചതും അന്നേരം വാപൊത്തി മരണത്തെ കമിഴ്ത്തിപ്പിടിച്ചതും തങ്കമ്മ മറവിപ്പെട്ടു.
എപ്പോഴോ കൈവിരലിൽ അമ്മയുടെ തെറിച്ചുപോയ പൊതിതൊട്ടു. ശേഷിച്ച ജീവൻകൊണ്ട് തങ്കമ്മ അതഴിച്ചു.
നാറ്റം.
പഴകിയ നായിത്തീട്ടം.
വർഷങ്ങളായി പൊതിഞ്ഞുവെച്ചത്. തങ്കമ്മ അതെടുത്ത് ചവച്ചുതിന്നു. കുടലുമാലയടക്കം ഉരുണ്ടുമറിഞ്ഞ് പുറത്തേക്ക് ചാടി.
വെളുപ്പിന് ഉറക്കമുണർന്ന അച്ചുതൻ കോടാലി തൊമ്മന്റെ ഉടുമുണ്ടിനുള്ളിലെ കമാനം കണ്ട് തട്ടിവിളിച്ചു. കണ്ണ് മിഴിച്ച തൊമ്മൻ മുണ്ടഴിച്ച് കാണിച്ചു.
''തീർന്നിറ്റ്ല്ലേ നിന്റെ എണീപ്പ്''
തൊമ്മൻ എഴുന്നേറ്റിരുന്നു.
''കുറക്കൻ കടിച്ച ബാക്കിയുണ്ടാവ്വ്വോ ?''
''ഒടിയില്ല, വെറകുകൊള്ളി മാതിരിയായിട്ടുണ്ടാവും''
അഴിഞ്ഞ മുണ്ടെടുത്തുടുത്ത് കോടാലി തൊമ്മൻ തങ്കമ്മ കിടന്നിടത്തേക്ക് നടന്നു. ചതഞ്ഞരഞ്ഞ ഉണക്കിലകളിൽ തങ്കമ്മയുടെ അവിശിഷ്ടംപോലുമില്ല. നിവർത്തിയിട്ട പൊതിയും പൊടിയും മാത്രം. പൊതിയെടുത്ത് മണപ്പിച്ച് നിവരും മുമ്പേ തൊമ്മന്റെ മുഖത്തേക്ക് ഒരു തുപ്പൽ തെറിച്ചു.
മുഖം നിറയെ ചോരത്തുപ്പിലുമായി അയാൾ വീണുപെരങ്ങി എങ്ങോട്ടോ ഓടി.
''എന്താടാ...'' അച്ചുതൻ അവന്റെ കൈമാറ്റി നോക്കി. കുപ്പിച്ചില്ല് തെറിച്ച കോടാലി തൊമ്മന്റെ മുഖത്ത് നിന്ന് കട്ടച്ചോരയിറ്റുന്നു.
പിറ്റേന്ന് അച്ചുതനും അതിന്റെ പിറ്റേന്ന് ഔക്കറാജിക്കും ഓരോ ദിവസം ഇടവിട്ട് മൂസേതിനും കണ്ടപ്പവാര്യർക്കും കുപ്പിച്ചില്ല് വസൂരി പിടിപെട്ടു.

Content Highlights :Marakkarkandi Thankammayude Kuppichillu Gundayisam Short Story by Pramod Koovery