നെഞ്ചോട് ചേര്‍ത്ത് വെച്ച 'മീര മാധവം' പുസ്തകത്തിലൂടെ പടരുന്ന ഇളം തണുപ്പില്‍ കണ്ണുകള്‍ അടയുമോ എന്ന് ഭയപ്പെടുമ്പോഴും മഹേശ്വരി കണ്ണുകള്‍ തുറക്കാന്‍ പാടുപെട്ട് ഫോണില്‍ മന്ത്രിച്ചു കൊണ്ടേയിരുന്നു.

'ആദി എത്തിയില്ലേ? എനിക്ക് പോകാറായെന്ന് അറിയില്ലേ മോനേ?'

''ടീച്ചറേ...ഇങ്ങനെ പേടിക്കല്ലേ. ടീച്ചറ് സമാധാനമായി കിടക്കൂ. ക്വാറന്റീൻ കഴിഞ്ഞാല്‍ നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം.''

ശിഷ്യന്‍മാരും അവരുടെ ഭാര്യമാരും ഓരോരുത്തരായി പ്രിയപ്പെട്ട ടീച്ചറുടെ സഹായത്തിന് ഉണ്ട്. അവരില്‍ പലരും നേഴ്‌സും ഡോക്ടറും ആരോഗ്യ പ്രവര്‍ത്തകരുമായി കോവിഡ് രോഗികളുടെ കൂടെ രോഗത്തിനെതിരേ പോരാടുന്നു.

റിസല്‍ട്ട് പോസിറ്റീവ് ആയി വന്നപ്പോള്‍ എന്തോ ഒരു ഉള്‍ഭയം. ദക്ഷിണ കൊറിയയില്‍ ഉള്ള മകനെ കാണണം എന്ന ആഗ്രഹം അസ്ഥാനത്ത് ആണെന്നും അറിയാം.

വീഡിയോകോളിലൂടെയുള്ള സാന്നിദ്ധ്യത്തിനും അപ്പുറം അവനെ കാണാന്‍ മനസ് വല്ലാതെ തുടിക്കുന്നു.

'രാജേന്ദ്ര, അവന്‍ വരുമ്പോള്‍ നീ മറക്കാതെ എല്ലാം കൊടുക്കണം.'

''എന്റെ ടീച്ചറേ... എല്ലാം ഞങ്ങള്‍ ചെയ്‌തോളാം. ഞങ്ങളുടെ ടീച്ചര്‍ക്ക് ഞങ്ങളില്ലേ എന്തിനും ഏതിനും.''

വാര്‍ധക്യ സംബന്ധമായ മരുന്നുകള്‍ മുറയ്ക്ക് കഴിച്ചിട്ട് പാതി ഉറക്കത്തിലേക്ക് വീഴവേ കണ്‍മുന്നില്‍ നിറഞ്ഞു നിന്നത് ആദി ആയിരുന്നു. കാത്തിരുന്ന് കിട്ടിയ കണ്‍മണി ആയത് കൊണ്ട് കൊഞ്ചിച്ചും ലാളിച്ചും വളര്‍ത്തിയ പൊന്നു മകന്‍.

എത്രയോ തവണ പറഞ്ഞതാണ് ദുബായിലെ പണി മതിയാക്കാം, ഇനി നമുക്ക് നാട്ടില്‍ പോകാം എന്ന്. പണത്തിനോടായിരുന്നില്ല ആര്‍ത്തി. നാട്ടില്‍ വന്ന് എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ പൈസ ഇറക്കിയിട്ട് അത് ശരിയായില്ലെങ്കില്‍ പൈസ നഷ്ടപ്പെടില്ലേ എന്ന പേടിയായിരുന്നു അരവിന്ദേട്ടന്.

ആദിയെക്കുറിച്ചുള്ള ആശങ്കയായിരുന്നു ആ മനസ് നിറയെ. നാട്ടില്‍ വരാന്‍ കൊതിയില്ലാത്തത് കൊണ്ടായിരുന്നില്ല രണ്ട് വര്‍ഷം കൂടുമ്പോള്‍ മാത്രം വന്നു പോയിരുന്നത്. ചില തവണ അത് മൂന്നും നാലും വര്‍ഷം വരെ നീണ്ടുപോകുമ്പോഴും ഞങ്ങള്‍ക്കിടയിലുള്ള ഏറ്റവും വലിയ സന്തോഷമായി അവന്‍ വളര്‍ന്നു.

'നീയും കൂടി ഒരു ജോലിക്ക് പോയാല്‍ നല്ലതല്ലെ? മോനെ നോക്കാന്‍ വേണ്ടി നീയിങ്ങനെ നാല് ചുമരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങരുത്. പുറത്തുള്ള ജീവിതം കാണണം, പഠിക്കണം.'

''അങ്ങനെ എന്നെ ജോലിക്ക് വിടാമെന്ന് ചിന്തിക്കേണ്ട. ഇതാണ് എന്റെ സ്വര്‍ഗം.''

'ഇതെല്ലാം കേള്‍ക്കാന്‍ സന്തോഷമാണ്. പക്ഷേ എല്ലാ കാലവും ഞാന്‍ നിന്റെ കൂടെയോ നീ എന്റെ കൂടെയോ ഉണ്ടാകും എന്ന് കരുതരുത്.'

''ഇങ്ങനെ ഒന്നും പറയരുത്. ദൈവ കോപം ഉണ്ടാകും. നാവില്‍ ഗുളികന്‍ കയറിയ സമയം ആണെങ്കില്‍ ദോഷമായി വരും നമുക്ക്.''

'വിശ്വാസങ്ങള്‍ ആകാം മഹീ... പക്ഷേ അന്ധവിശ്വാസം പാകത്തിന് മതി!'

''ഇത് അന്ധവിശ്വാസം ഒന്നും അല്ല. എന്റെ ചെറിയമ്മായി എപ്പോഴും പറയാറുണ്ട്.''

മകന് രാജകൊട്ടാരം ഉണ്ടാക്കാന്‍ ആണെടോ ഞാനീ മരുഭൂമിയില്‍ കിടന്നു വേവുന്നത് എന്നും എപ്പോഴും തമാശയായി പറയുമായിരുന്നു. അച്ഛനും അമ്മയുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് വളര്‍ന്നത് കൊണ്ടായിരിക്കാം അരവിന്ദേട്ടന് മോന് ഒരു കുറവും വരരുത് എന്ന് ആഗ്രഹിച്ചു.

ഇവന്റെ സ്‌ക്കൂള്‍ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അങ്ങട് വന്നിട്ട് ഒരു പണിയും എടുക്കാതെ നിന്നെ ജോലിക്കും വിട്ട് ആശമ്പളവും വാങ്ങി വീടും മോനെയും നോക്കി ഇരിക്കാന്‍ പോകുകയാണെന്ന് എപ്പോഴും എന്റെ മടിയെ കളിയാക്കി പറയുമായിരുന്നു.

പക്ഷേ ആ ആഗ്രഹം ഞങ്ങളുടെ ഇടയില്‍ ബാക്കിയാക്കി കൊണ്ട് പിറ്റെ ദിവസം അരവിന്ദേട്ടന്‍ സൂര്യോദയം കാണാന്‍ കണ്ണ് തുറക്കാതെ ഞങ്ങളെ ഇരുട്ടില്‍ തനിയെ നിര്‍ത്തി പോയി. ഭര്‍ത്താവിനെ മാത്രം ആശ്രയിച്ച് നിന്ന ഒരു ശരാശരി വീട്ടമ്മയുടെ എല്ലാ കഷ്ടപ്പാടും ഞാനും സഹിക്കണമെന്ന് ഹാര്‍ട്ട് അറ്റാക്ക് തീരുമാനിച്ചിരുന്നു.
അതുവരെ കൈ നീട്ടി വാങ്ങിയിരുന്നവര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ. എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞു പോയ നാളുകള്‍.

ആദി മൂന്നാം ക്ലാസിലാണ്. ഞാന്‍ പലയിടത്തും ജോലിക്ക് ശ്രമിച്ചു. കഴിയുന്നത് വരെ ഒരു വിധേന അവിടെ പിടിച്ചു നിന്നു. അതിനും ഒരുപാട് പേര്‍ സഹായിച്ചു. പക്ഷേ മറ്റുള്ളവരുടെ കാരുണ്യത്തിന്റെ ചൂടിലുള്ള അഭയാര്‍ത്ഥി ജീവിതം എന്നെ ഒരുപാട് പൊള്ളിച്ചു.

വയറ്റില്‍ കുരുത്ത ജീവന്‍ ഇരട്ടകള്‍ ആണെന്ന് അതിനിടയില്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഏത് വിധേനയും നാട്ടില്‍ പോകാന്‍ ധൃതി തോന്നി. ഗള്‍ഫില്‍ ഇതെല്ലാം അറിയാനുള്ള സംവിധാനം ഉള്ളത് കൊണ്ട് മാനസികമായി തയ്യാറെടുപ്പുകള്‍ നടത്താന്‍ പറ്റും. നാട്ടിലേക്ക് വരുന്നുവെന്ന് അപ്പോഴേ വീട്ടില്‍ വിളിച്ച് പറഞ്ഞു.

മകനെ കോളേജില്‍ വിട്ട് നല്ല രീതിയില്‍ പഠിപ്പിക്കാന്‍ പറ്റുമോ അറിയില്ല. ഇനി പ്രസവ കാര്യങ്ങളും നോക്കണം. അക്കൗണ്ടിലെ പൈസ കുറഞ്ഞ് വരുന്നത് ഭീതിയോടെ അറിഞ്ഞു. എന്നാലും അരവിന്ദേട്ടന്റെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാതിരിക്കാന്‍ കഴിയുമോ?

ഗള്‍ഫില്‍ നിന്നും ജോലി നിര്‍ത്തി നാട്ടില്‍ വന്നാല്‍ തന്നെ ഗള്‍ഫുകാരന്റെ വില കഴിഞ്ഞു. അപ്പോഴാണ് ഭര്‍ത്താവ് മരിച്ച അവസ്ഥയില്‍ ഭാര്യ മാത്രമായി വീട്ടിലേക്ക് കയറി ചെല്ലുന്നത്.

ആദ്യത്തെ ഒന്നു രണ്ട് ആഴ്ച കഴിഞ്ഞപ്പോഴേ നാത്തൂന്റെ സംസാരത്തില്‍ ഒരു ചെറിയ കുത്തലുകള്‍ ഉള്ള പോലെ. അമ്മയോട് സൂചിപ്പിച്ചപ്പോള്‍ അത് നിനക്ക് തോന്നുന്നതാ എന്ന് മറുപടിയും. അമ്മയ്ക്ക് അങ്ങനെ പറയാന്‍ അല്ലേ സാധിക്കൂ. അച്ഛന്‍ മരിച്ച ശേഷം മൂത്ത മകന്റെ ദയയില്‍ കഴിയുന്ന അമ്മയ്ക്ക് മകളുടെ നിസ്സഹായ അവസ്ഥയ്ക്ക് നേരെ ചിലപ്പോള്‍ കണ്ണടയ്‌ക്കേണ്ടി വന്നേക്കാം.

അമ്മയെ കുറ്റം പറയാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും നിലനില്‍പ്പ് തന്നെയാണ് പ്രധാനം. അവര്‍ക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും പറഞ്ഞ് മുഷിച്ചില്‍ ഉണ്ടായാല്‍ അമ്മയോട് വന്ന് എന്റെ കൂടെ താമസിക്കാം എന്ന് പറയാന്‍ എനിക്ക് വീട് പോലും ഇല്ല.

അന്ന് വൈകുന്നേരം ഭാര്യയുടെ ചെവിയിലെ ഓതല്‍ കേട്ട് മടുത്ത് പൊന്നാങ്ങള അടുത്തെത്തി.

'എന്താ ഇനി നിന്റെ പരിപാടി?''

ഒന്നും തീരുമാനിച്ചിട്ടില്ല.

'നിനക്ക് ഒരു കട ഇട്ട് തരാം. അരവിന്ദന്‍ കുറെ ഉണ്ടാക്കി കാണുമല്ലോ. ആ പൈസ എടുക്ക്...'

''അവിടെ ലോണ്‍ എടുത്താണ് ബിസിനസും കാര്യങ്ങളുമെല്ലാം ചെയ്തിരുന്നത്. ഏട്ടന്‍ മരിച്ചതില്‍ പിന്നെ അവിടെ ഉണ്ടായിരുന്ന കടവും ബാങ്ക് ലോണും എല്ലാം അടച്ചു തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്രയും കാലം അവിടെത്തന്നെ പിടിച്ചു നിന്നത്. ഇനി കുറച്ച് പൈസ മാത്രമേ ഉള്ളു. അതും കൂടി എടുത്താല്‍ ആദിയുടെ പഠിപ്പ് അവതാളത്തിലാകും. ഒരു കടത്തിണ്ണയില്‍ കിടന്ന് ആയാലും എനിക്ക് പ്രസവിച്ചേ പറ്റൂ. ഇപ്പോള്‍ തന്നെയും ശ്വാസം മുട്ടലും കാര്യങ്ങളും ഒക്കെ ഉണ്ട് ഏട്ടാ. ചെക്കപ്പിന് പോലും പോയി മാസങ്ങളായി. പ്രസവം കഴിയുന്നവരെയെങ്കിലും ഏട്ടന് ഞങ്ങളെ ഇവിടെ നിര്‍ത്താന്‍ പറ്റുമോ?''

''എനിക്ക് പൈസ തന്ന് സഹായിക്കേണ്ടി വരുമെന്ന് ഓര്‍ത്ത് ആരും പേടിക്കണ്ട. രാത്രിയില്‍ കേറി കിടക്കാന്‍ ഒരിത്തിരി സ്ഥലം തന്നാല്‍ മതി. ഞാന്‍ എങ്ങോട്ടെങ്കിലും പൊയ്‌ക്കോളാം പകലില്‍.''

'നിനക്കറിയാലോ ഇവിടെ ഇത്രയും പേര്‍ താമസിക്കുന്നുണ്ട്. ഇനി നിന്നെയും മോനെയും കൂടി ഇവിടെ എവിടെ കിടത്തും. നിനക്ക് ഒരു വാടക വീട് ശരിയാക്കി തരാം. നിന്റെ വീട് പണിക്ക് എന്നും പറഞ്ഞ് ഇവിടെ നിന്നും ഓഹരി ശരിക്കും വാങ്ങിയിട്ടല്ലെ നീ പോയത്. പിന്നെ ഇനി ബാധ്യതകള്‍ ഒന്നും ഇല്ല. നീ ഡിഗ്രി വരെ പഠിച്ചവള്‍ അല്ലെ. ജോലി എന്തെങ്കിലും കിട്ടാതിരിക്കില്ല.'

''ഏട്ടത്തിക്ക് ഒന്ന് പറയാമോ ഏട്ടനോട്?''

'ഞാന്‍ പറയില്ല. ഇന്ന് വൈകുന്നേരം അജയേട്ടന്റെ കൈയ്യിലെ മസാല ദോശടെ പൊതി കണ്ടപ്പോള്‍ തന്നെ ആദിടെ ഒരു നോട്ടം ഉണ്ടായിരുന്നു. എന്തൊരു കൊതിയാണ് ചെക്കന്. അവന്‍ കാരണം പ്രശ്‌നം എന്റെ കുട്ടികള്‍ക്കാ ഉണ്ടാവുക. അതുകൊണ്ട് അമ്മയും മകനും ഇവിടെ നിന്ന് നാളെ രാവിലെ തന്നെ പോകാന്‍ നോക്ക്. വല്ലപ്പോഴും നിനക്ക് വരാം. പക്ഷേ ഇവിടെ അന്തിയുറങ്ങാമെന്ന് നീ കരുതണ്ട!'

''അവന്‍ കുഞ്ഞാണ്. ഭക്ഷണ സാധനം കാണുമ്പോള്‍ നോക്കാന്‍ പാടില്ല എന്ന വിവരം ഒന്നും കാണില്ല. ഇത്രയ്ക്കും മോശമായി ചിന്തിക്കരുത് ചേച്ചി. ഞങ്ങള്‍ അവധിക്ക് വരുമ്പോള്‍ കൊണ്ടു വന്നിരുന്ന ചോക്കോളേറ്റും പെര്‍ഫ്യൂമും മറ്റ് എല്ലാ സാധനങ്ങളും കാണുമ്പോഴും ഇവിടെയുള്ളവര്‍ക്കും ആക്രാന്തം ഉണ്ടായിരുന്നു. ചേച്ചി അതും മറക്കണ്ട. എന്തായാലും നാളെ രാവിലെ ഒരു യാത്ര പറച്ചിലിന് പോലും നില്‍ക്കുന്നില്ല. അമ്മയോട് ഞാന്‍ ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം.''

പിറ്റേ ദിവസം ഒരു യാത്രാമൊഴി പോലും ഇല്ലാതെ ഇറങ്ങുമ്പോള്‍ മനസ്സ് വിങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ് അരവിന്ദേട്ടന്റെ വീട്ടിലേക്ക് ആദ്യമായി പോകുമ്പോഴാണ് ഇതിന് മുമ്പ് ഇത്രയും നെഞ്ചിടിപ്പ് ഉണ്ടായിട്ടുള്ളത്. ഇപ്പോളിതാ സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നിരിക്കുന്നു.

ഇനി എങ്ങോട്ട് പോകണമെന്ന് അറിയില്ലല്ലോ ഈശ്വരാ എന്ന് നെടുവീര്‍പ്പിട്ട് നടുറോഡില്‍ മോന്റെ കൈയ്യും പിടിച്ച് നിറവയറുമായി നിന്നത് ഇന്നലെ എന്ന പോലെ ഇന്നും ഓര്‍മയില്‍ പച്ചപ്പ് ആയി തന്നെ പൂത്തു നില്‍ക്കുന്നു.

അപ്രതീക്ഷിതമായി അച്ഛന്റെ പഴയ സ്‌നേഹിതന്‍ കരീം മാഷുടെ ഒരു ബന്ധുവിനെ കണ്ടുമുട്ടിയതില്‍ നിന്നും ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍ ആരംഭിച്ചു.

പിന്നീട് ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ജീവിതത്തിനോടുള്ള വാശിയില്‍ നിന്നും ഉണ്ടായതാണ്. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയോട് സ്വന്തം വീട്ടുകാര്‍ കാണിച്ച അവഗണനയില്‍ നിന്നും ഉണ്ടായ വേദന എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വയറ്റിലുള്ള പിഞ്ച് ജീവനുകളുടെ ജീവന്‍ അണഞ്ഞു പോകാതിരിക്കാനായി ഞാന്‍ സഹിച്ച വേദന ഒരായിരം കത്തി നെഞ്ചില്‍ കുത്തിയിറക്കിയതിനേക്കാള്‍ കൂടുതല്‍ ആയിരുന്നു.
കൂടെ നില്‍ക്കും എന്ന് കരുതിയ കൂടപ്പിറപ്പ് കളം മാറ്റി ചവിട്ടിയപ്പോള്‍ അരവിന്ദേട്ടന്റെ സ്വപ്നങ്ങളും മോഹങ്ങളും പാതിയില്‍ അവസാനിപ്പിക്കാന്‍ എനിക്കും മനസ്സില്ലായിരുന്നു.

പലപ്പോഴും വീണു പോകുമെന്ന അവസ്ഥയില്‍ ആര്‍ത്തലച്ച് ഓടി വന്ന് വീണു കരഞ്ഞിരുന്നത് മൂത്തമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന ബീവാത്തുമ്മടെ മടിയില്‍ ആയിരുന്നു. ഈ ലോകത്തില്‍ ഏട്ടന്‍ എനിക്ക് ബാക്കി വെച്ചു പോയ സൗഭാഗ്യം. മക്കളും ഭര്‍ത്താവും ചെറുപ്പത്തിലേ നഷ്ടപ്പെട്ട മൂത്തമ്മയ്ക്ക് ഏട്ടനോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു. ഒരു ബന്ധവും പറയാന്‍ തമ്മില്‍ ഇല്ലെങ്കിലും ബന്ധുക്കള്‍ ആയി മാറിയവര്‍.

വാടക വീട്ടില്‍ നിന്നും അവരുടെ ഉള്ളം കൈയ്യിലേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യം ഉണ്ട്. ഇന്ന് നമ്മള്‍ സഹജീവികളോട് കാണിക്കുന്ന സ്‌നേഹവും കരുണയും കരുതലും ഈശ്വരന്‍ മറ്റൊരു ദിവസം മറ്റൊരു രൂപത്തില്‍ നമ്മുടെ മേലില്‍ ചൊരിയും. അമ്മയുടെ സ്‌നേഹ വാത്സല്യത്തോടെ അവര്‍ എന്നെ ചേര്‍ത്ത് പിടിച്ചപ്പോള്‍ കണ്ണുനീരില്‍ കുതിര്‍ന്ന എന്റെ ദിനങ്ങള്‍ സൂര്യ പ്രകാശത്തില്‍ ഉയര്‍ത്തെഴുന്നേറ്റ പോലെ തോന്നി.

ട്യൂഷന്‍ എടുത്തും, പാരലല്‍ കോളേജില്‍ ക്ലാസുകള്‍ എടുത്തും ജീവിത മാര്‍ഗം കണ്ടെത്തി. വീടുകളില്‍ പണി ചെയ്തും അമ്പലങ്ങളിലും പള്ളിയിലും പുറം പണിക്ക് പോയും ചെറിയ ചില്ലറ വരുമാനങ്ങള്‍ കണ്ടു പിടിച്ച് ആദിയെ മിടുക്കനായി വളര്‍ത്തി. അതിനിടയില്‍ ഗവണ്‍മെന്റ് ടെസ്റ്റുകള്‍ക്കും ശ്രമിച്ചു കൊണ്ടിരുന്നു.

വയ്യായ്കളുടെ കഥ പറഞ്ഞ് വിശ്രമിക്കാന്‍ ഗര്‍ഭിണിയായ എനിക്ക് സമയമില്ലായിരുന്നു. എന്റെ മക്കളുടെ ജീവിതം മാത്രമേ ഞാന്‍ മുന്നില്‍ കണ്ടുള്ളു. ഒരു ദിവസത്തെ അന്നം മുടങ്ങിയാല്‍ അവരുടെ ഉള്ള് മാത്രമല്ല പിടയ്ക്കുക, ഇതെല്ലാം കണ്ട് നിസ്സഹായനായി സ്വര്‍ഗത്തില്‍ ഇരിക്കുന്ന ഒരാള്‍ കൂടി നെഞ്ചുരുകി കരയും.

മുമ്പോട്ടുള്ള ഓരോ വഴിയും അടയുമ്പോഴും മൂത്തുമ്മയും കരീം മാഷും പിന്നെ കുറേ നല്ല ആള്‍ക്കാരും താങ്ങി നിര്‍ത്തി. വിഷാദം എന്ന അവസ്ഥയൊക്കെ ഇന്നല്ലേ ഇത്രയും സംസാര വിഷയമായത്. അന്ന് ഞാന്‍ കടന്നു പോയ അവസ്ഥടെ പേര് വിഷാദമായിരുന്നെന്ന് ഇപ്പോഴല്ലേ മനസിലായത്. താങ്ങായും തണലായും കരള്‍ പറച്ച് തന്ന് സ്‌നേഹിച്ച ഒരു കൂട്ടം നല്ലവര്‍ എന്റെ അരവിന്ദേട്ടന്‍ കാണാന്‍ ആഗ്രഹിച്ച പോലെ ഉദ്യോഗസ്ഥയാകാന്‍ എന്റെ കൂടെ കെടാവിളക്കായ് നിന്നു.

ഇന്ന് ഞാന്‍ തഹസില്‍ദാര്‍ ആയി റിട്ടയര്‍ ചെയ്തു. വിശ്രമ ജീവിതം എന്നൊക്കെ നാട്ടുകാര്‍ വിളിക്കും. ഇനി കാത്തിരിക്കുന്നത് സയന്റിസ്റ്റ് ആദിത്യന്റെ നാട്ടിലേക്കുള്ള ആദ്യ വരവിനായാണ്. കഴിഞ്ഞയാഴ്ച അവന്‍ അയച്ചു തന്ന ഫോട്ടോയിലെ ഡയാനയെക്കുറിച്ച് അന്വേഷിച്ചതില്‍ കുറ്റം ഒന്നും കാണാനില്ല. എന്നാലും അവനോട് പോസിറ്റീവ് ആയി ഒന്നും പറഞ്ഞില്ല. സിവില്‍ സര്‍വീസ് നേടിയേ അടങ്ങൂ എന്ന വാശിയില്‍ ഇരിയ്ക്കുന്ന അപര്‍ണയും അര്‍ച്ചനയും പച്ചക്കൊടി കാണിച്ചിട്ടുണ്ട് നാത്തൂനെ വരവേല്‍ക്കാന്‍.

'അവന്‍ നമ്മുടെ ഉത്തരത്തിനായി കുറച്ച് അച്ചാലും മുച്ചാലും നടക്കട്ടെ അല്ലേ ഏട്ടാ?' മരിച്ച അരവിന്ദന്റെ ജീവനുള്ള ആ ഫോട്ടോ പതിവുപോലെ മഹേശ്വരി അമ്മയെ നോക്കി പുഞ്ചിരിച്ചു. മരുമകള്‍ ആക്കാമോ എന്ന് ഞാന്‍ ആലോചിക്കുന്നില്ല. എന്റെ മകള്‍ ആയി ഈ കുടുംബത്തിലേക്ക് വരാന്‍ തയ്യാറായ കൊച്ച് ആണെങ്കില്‍ അവന്റെ ആഗ്രഹം തന്നെ നടക്കട്ടെ.

'നമുക്ക് വേണ്ടി സംസാരിക്കാനും ഇപ്പോള്‍ ആരുമില്ലല്ലോ. ആകെ ഉണ്ടായിരുന്ന ബന്ധു അജയേട്ടനാണ്. സാമ്പത്തിക ബാധ്യത കൂടി വീട് ജപ്തി ചെയ്യും അവസ്ഥ വന്നപ്പോള്‍ കുടുംബത്തോടെ വിഷം കഴിച്ചു. എല്ലാവരും മരണത്തില്‍ ലയിച്ച് ചേര്‍ന്നപ്പോഴും സീമ ചേച്ചി മാത്രം എല്ലാ ഓര്‍മ്മയും പേറാന്‍ ബാക്കിയായി. മാനസിക നില തെറ്റിയ അവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കിയിട്ടുണ്ട്. എന്റെ ക്വാറന്റീൻ കഴിഞ്ഞാല്‍ ഞാന്‍ പോയി ചേച്ചിയെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരാം. നമ്മളോട് ചെയ്തത് ഒന്നും ഇനി ആലോചിക്കണ്ട. അല്ലേ അരവിന്ദേട്ടാ?''

പതിവ് പോലെ പുഞ്ചിരി സമ്മതമായെടുത്ത് ജാലകത്തിലൂടെ മുഖത്തേക്ക് വീണ് മഴത്തുള്ളികള്‍ ഏറ്റ് തിരിഞ്ഞു കിടക്കുമ്പോഴാണ് മൊബൈല്‍ റിങ്ങ് ചെയ്തത്. ആദി കോളിംഗ്... ഡയാനയെക്കുറിച്ച് നമ്മുടെ തീരുമാനം അറിയാനുള്ള അവന്റെ വെപ്രാളം കണ്ടില്ലേ? ആദിയ്ക്കുള്ള സര്‍പ്രൈസ് പൊളിക്കാന്‍ ഫോണ്‍ എടുത്തു.

'ഹലോ മോനേ...'

Content Highlights: Malayalam Story Sparsham