ശരിക്കും രണ്ടു കാര്യങ്ങളാണ് അപ്പോള്‍ അലട്ടിയിരുന്നത്. അതാകട്ടെ എന്നെ പോലെ എല്ലാ കൊച്ചിക്കാരെയും ഒരു പോലെ ബാധിച്ചിരുന്നതുമാണ്. ഒന്ന് അഹോരാത്രം ചുറ്റിപറന്നു കുത്തുന്ന കൊതുകുപട തന്നെ, പിന്നെ ഇപ്പൊ ഈ ഒച്ചും. പണ്ടുതൊട്ടേയൊന്നും കൃഷിയില്‍ അത്ര കമ്പമില്ലായിരുന്നു. പിന്നെ മസനോബു ഫുക്കുവോക്കയും ഒറ്റവൈക്കോല്‍ വിപ്ലവത്തോട് സ്വന്തം ചില പരീക്ഷണനിരീക്ഷണങ്ങളും കൂട്ടി ചേര്‍ത്ത് ഒരു കൃഷിരീതി എന്ന് പറഞ്ഞാല്‍ ശരിയായി. അതായത് സ്വയം ചെടികള്‍ ഉണ്ടാവുക. എന്നിട്ടു നല്ല വിള പാകമാവുമ്പോള്‍ നമ്മള്‍ ചെന്ന് കൊയ്‌തെടുക്കുക. അത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. എന്നാലും ഈ കൊറോണക്കാലത്ത് സംഭവിച്ചത് പരമ്പരാഗത കൃഷിയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു, അങ്ങിനെ വല്യ സംഭവമായൊന്നുമല്ല, ഈ കൊതുകുകടിയൊക്കെ സഹിച്ച് ,അടുക്കളയോടുചേര്‍ന്നുള്ള മണ്ണുബാക്കിയായ ഭാഗത്തു പയറിന്റെയും പാവലിന്റെയും തൈകള്‍ നട്ടു വളര്‍ത്തുവാന്‍ ഒരു ശ്രമം. അപ്പോഴാണ് ഒരു ചെറുകിട കൃഷിക്കാരന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ അസ്വസ്ഥതയായി മനസിലേക്ക് വന്നത്.
കുത്തിനിര്‍ത്തിയ ചില്ലയിലേക്ക് ആവേശത്തോടെ മനോഹരമായ പച്ചനിറത്തില്‍ പടര്‍ന്നു കയറിയ പാവലിന്റെ വള്ളി ഒരു പ്രഭാതത്തില്‍ വാടി തുടങ്ങി. നെഞ്ചില്‍ ചെറിയ വിഷമം തോന്നി. വെള്ളവും അത്യാവശ്യം വളവുമൊക്കെ ഇട്ടു പ്രതീക്ഷകള്‍ വളര്‍ത്തിയ ഒരു തൈയ്യായിരുന്നു. പലവട്ടം അടുത്ത് ചെന്ന് പരിശോധിച്ച് വെള്ളം വീണ്ടുമൊഴിച്ചു കടഭാഗത്ത് ചെറുതായി മണ്ണിളക്കിക്കൊടുത്തു. രാത്രിയായപ്പോള്‍ വല്ല മാറ്റവും ഉണ്ടായോയെന്ന് പരിശോധിക്കുവാന്‍ ചെന്നപ്പോഴാണ് കണ്ടത് ഒരു കൈ വലിപ്പമുള്ള ഒച്ച് പാവലിന്റെ ഇളം തണ്ടില്‍ ചേര്‍ന്നിരിക്കുന്നു. കൈയ്യിലും കാലിലും കടിച്ചാര്‍ക്കുന്ന കൊതുകുകളെ തല്ലിയും ആട്ടിയുമകറ്റി മൊബൈലിന്റെ ടോര്‍ച്ചടിച്ച് കൂടുതല്‍ അടുത്തുനോക്കി. അറപ്പുളവാക്കുന്ന വഴുക്കലോടെ ഒച്ച് തണ്ടില്‍ ചേര്‍ന്നു തന്നെയിരുന്നു. കയ്യില്‍ കിട്ടിയത് പഴയൊരു പ്ലാസ്റ്റിക് ചെരിപ്പായിരുന്നു. അതുകൊണ്ടു ഒച്ചിനെ തട്ടിത്താഴെയിട്ടു തല്ലി. പുറന്തോട് പൊട്ടി കൊഴുത്ത ഒരു ദ്രാവകം മണ്ണില്‍ പരന്നു. പിന്നെ പാവല്‍ തയ്യില്‍ ഒന്നു തഴുകി ചുറ്റുമൊന്ന് കണ്ണോടിച്ചു. ചെറിയ ഞെട്ടലോടെയാണ് അത് കണ്ടത്. അടുത്ത ഒഴിഞ്ഞ പറമ്പിലെ ഇടിഞ്ഞു വീണ മതിലിനു മുകളിലും വളര്‍ന്നു നിന്ന ചേമ്പുകളിലും വാടിത്തുടങ്ങിയ താമരയുടെ വള്ളികളിലും ഒച്ചുകള്‍ നിറഞ്ഞിരിക്കുന്നു. ഒച്ചുകളെ തോല്‍പ്പിക്കാന്‍ ഉപ്പാണ് നല്ലത് അതെനിക്കറിയാം കയ്യില്‍ കുറച്ച് ഉപ്പെടുത്തത് ഒച്ചുകള്‍ക്കു നേര്‍ക്കെറിഞ്ഞു. ശീ .. എന്നൊരു ശബ്ദത്തോടെ പിടിവിട്ടു മതിലില്‍ പിടിച്ചിരുന്ന ഒച്ചുകള്‍ നിലം പൊത്തി. വര്‍ദ്ധിതമായ പ്രതികാരവാഞ്ചയോടെ ഞാന്‍ വീട്ടിലേക്കു തിരിച്ചു കയറി.
പിറ്റേന്നു വൈകുന്നേരം പലചരക്കുകാരന്‍ മോഹനുമായുള്ള സംഭാഷണത്തില്‍ ഒച്ചുകളേക്കുറിച്ചുള്ള കൂടുതല്‍ പ്രാദേശികമായ വാര്‍ത്തകളും വിവരങ്ങളും എനിക്ക് കിട്ടി. 'പള്ളിയില്‍ സ്ഥിരമായി കുര്‍ബാനയ്ക്കു വരാറുള്ള ലോനപ്പന്‍ ചേട്ടനില്ലേ.. അങ്ങേര് ഈ ആഫ്രിക്കന്‍ ഒച്ചിനെ വറത്തു കഴിക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായത് അറിഞ്ഞില്ലേ.. കുറച്ചു കൂടി വലിയ നമ്മുടെ ഞവണിക്കയല്ലെ അങ്ങു കഴിച്ചേക്കാം എന്നാവും പുള്ളി കരുതിയത് '
ആഫ്രിക്കയില്‍നിന്നും കുടിയേറിയെത്തിയ ഈ ഒച്ച് അത്യന്തം അപകടകാരിയാണ് എന്നതായിരുന്നു കൂടുതല്‍ ഭയം ഉളവാക്കിയത്. അതിന്റെ ശരീരശ്രവങ്ങള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാവും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പിന്നെ അത് പെരുകിയാല്‍ കൃഷിനാശം തുടങ്ങിയ വിപത്തുകള്‍ വേറെയും. കുട്ടികള്‍ പുറത്തു കളിക്കാറുണ്ട്. അവരുടെ കാലുകളില്‍ ഈ വിഷദ്രാവകം തട്ടിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ മനസ്സില്‍ വന്നു. ഉടന്‍ തന്നെ നെറ്റില്‍ ആഫ്രിക്കന്‍ ഒച്ചിനെ നേരിടാനുള്ള വിവരങ്ങള്‍ തെരഞ്ഞു തുടങ്ങി.
'അവനെ തട്ടാന്‍ കുമ്മായം ബെസ്റ്റാ കേട്ടോ' സ്‌കൂളില്‍ കൂടെപഠിച്ച മധുവായിരുന്നു പുതിയ പ്രതിരോധം നിര്‍ദ്ദേശിച്ചത്. പിറ്റേന്നുതന്നെ കുമ്മായം വില്‍ക്കുന്ന കട കണ്ടെത്തി. ഒരു ചാക്ക് കുമ്മായം സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചു. മതിലിലും മതിലിനപ്പുറത്തേയ്ക്ക് ചേമ്പു കാട്ടിലേക്കും കുമ്മായം വിതറി. വലിയൊരു സംഘം ഒച്ചുകളുടെ പതനം കണ്ടു ഒന്നു സന്തോഷിച്ചു നിന്നു.
പിറ്റേന്ന് രാവിലെയാണ് ബാക്കിയായ പയര്‍ വള്ളികളുടെ വാട്ടം ശ്രദ്ധിച്ചത്. വള്ളികളുടെ പടര്‍പ്പില്‍ പലഭാഗത്തായി ആഫ്രിക്കന്‍ ആക്രമണം, തിരിച്ചടിയില്‍ പയര്‍ വള്ളിയാകെ വെളുത്തുപോയി. പക്ഷെ പിറ്റേന്ന് ആകെ തളര്‍ന്നുണങ്ങിയ നിലയിലായിരുന്നു പയര്‍ വള്ളി. അന്ന് രാത്രി ആഞ്ഞു കുത്തുന്ന കൊതുകുകൂട്ടത്തെ ഒരുകൈകൊണ്ടു പ്രതിരോധിച്ച് പാതിരാവരെ കൂട്ടമായവരെയും ഒറ്റ പെട്ടവരെയും തെരഞ്ഞു പിടിച്ചു വധിച്ചു. കൈകാലുകള്‍ വെളുത്തുപോയ ആ രാത്രി ഉറക്കത്തെ ചൊറിഞ്ഞുമാറ്റികൊണ്ട് കൈകളിലും കാലുകളിലും ചുവന്ന പാടുകള്‍ തെളിഞ്ഞു വന്നു.
'ഇനി കുമ്മായം തൊടാതിരിക്കാന്‍ നോക്കൂ അലെര്‍ജിയാവും ചെലപ്പോ' ഡോക്ടര്‍ പറഞ്ഞു. പിന്നെ കുറച്ചു ദിവസ്സം മാറാതെ മഴപെയ്തു. മതിലില്‍ നിന്നും ഒച്ചുകള്‍ വീട്ടുമുറ്റത്തേയ്ക്കും പപ്പായ മരത്തിലേക്കും ഇഴഞ്ഞു കയറി. ചെടിച്ചട്ടിയില്‍ നിറഞ്ഞു പൂത്ത പൂച്ചെടിയിലും ഒച്ചിനെ കണ്ടു.
ഇന്റര്‍നെറ്റ് പുതിയ അറിവ് നല്‍കി തുരിശ് ലായനി ഒച്ചിനെ കൊല്ലും. കുറച്ച് ദൂരെ കാര്‍ഷിക വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് തുരിശും അത് വെള്ളത്തിലാക്കി ചീറ്റിക്കുവാനുള്ള കുപ്പിയും വാങ്ങിയത്. നന്നായി തന്നെ തുരിശ് ചേര്‍ത്ത് ലായനി തയ്യാറാക്കി. രാത്രിയാവാന്‍ കാത്തിരുന്നു. അന്ന് നിലാവുണ്ടായിരുന്നു, മതിലിലും ചേമ്പുകാട്ടിലേക്കും തുരിശുലായനി ചീറ്റിയൊഴിച്ചു. ഒച്ചുകള്‍ താഴെ വീഴുന്നുണ്ടായിരുന്നു. പിന്നെ പപ്പായ മരത്തിലും പൂച്ചെടികളിലും ലായനി തളിച്ചു. ഒന്ന് കുളിച്ചു കൈകളില്‍ എണ്ണ പുരട്ടിയശേഷം കിടന്നുറങ്ങി.
രാവിലെ ഉണര്‍ന്നു ചെടികളെ നോക്കി പൂച്ചെടികള്‍ പതിവില്ലാത്തവിധം വാടി നില്‍ക്കുന്നുണ്ടായിരുന്നു.
വൈകിട്ടായപ്പോള്‍ അവയുടെ നിറം മാറിത്തുടങ്ങി. രണ്ടുമൂന്നു ദിവസ്സം കൊണ്ട് അവയൊന്നായി ഉണങ്ങി പോവുകയും ചെയ്തു. തുരിശുലായനി ചെടികളോട് ചെയ്തതായിരുന്നു അത്. നാലാമത്തെ ദിവസ്സം വീടിനുള്ളിലേക്ക് കടന്നുവന്ന ഒരൊച്ചിനെ ഭാര്യ അറപ്പോടെ പുറത്തേക്കെറിഞ്ഞു. 'ഇതിനി കയറി കയറി നമുക്ക് നിലത്തുചവിട്ടാനാവാത്ത സ്ഥിതിയാവും'
വിശദമായ അന്വേഷണത്തില്‍ ഒച്ചുകളെ ആകര്‍ഷിച്ചുകൊല്ലുന്ന ഒരു പദാര്‍ത്ഥത്തെ കുറിച്ച് കേട്ടു. തുടര്‍ന്ന് അത്യാവശേത്തോടെ കുറച്ചു ദൂരെയുള്ള കടയില്‍നിന്ന് അത് വാങ്ങുകയും വീടിന്റെ പല ഭാഗത്തായി അവ വിതറിയിട്ടു. പ്രഭാതത്തില്‍ ആ അവിടമാകെ ഒച്ചുകള്‍ മരവിച്ചു കിടന്നു. ചൂലും കോരികയും കൊണ്ട് അവറ്റകളെ കൂട്ടി ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സോപ്പുവെള്ളം കൊണ്ട് അവിടമാകെ കഴുകി. രാസവസ്തുവിന്റെ കുപ്പിയെ നന്ദിയോടെ നോക്കി ഓഫിസിലേക്ക് പോയി.
എന്നാല്‍ കൃത്യം അഞ്ചാം ദിവസം ഒച്ചുകള്‍ മതിലുകടന്നു വന്നു. രാസവസ്തു വിതറിയ ശേഷം ഓഫീസിലേക്ക് പോവുന്ന പോക്കില്‍ ഞാന്‍ ഫുക്കുവോക്കയെ പറ്റി ഓര്‍ത്തു. പ്രകൃതിയോട് ചേര്‍ന്ന് തന്നെവേണം അതിജീവനം. ജോസിനോട് ഈ വിഷയം സംസാരിച്ചപ്പോള്‍ മനസ്സിലായി അവരുടെ വീടിനടുത്ത് പറന്നിറങ്ങാറുള്ള ദേശാടന കൊക്കുകള്‍ ആഫ്രിക്കന്‍ ഒച്ചുകളെ ആഹാരമാക്കാറുണ്ട്. അങ്ങിനെ അവരുടെ വീട്ടിലെ ശല്യം ഒരു പരിധി വരെ ഒഴിഞ്ഞുപോയെന്ന്. കൊക്കുകളെ ആകര്‍ഷിക്കുവാന്‍ എന്താവും വഴി. ദേശാടനപക്ഷികള്‍ക്ക് പക്ഷേ കാലാകാലം കൊണ്ട് ഉരുവായ ഒരു പാതയുണ്ടാവും.
ആരോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ എലിയെപ്പിടിക്കുന്ന സസ്യങ്ങളെ കണ്ടതാണ് ചിന്തയെ അത്തരം ഒരു പാതയിലേക്ക് നയിക്കുവാന്‍ പ്രേരിപ്പിച്ചത്. കൊറോണ തൊഴിലിനേയും ബാധിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒരു ഭീതി ഉള്ളിലുണ്ടായിരുന്നു. ഒരു വരുമാനവും പ്രകൃത്യായുള്ള പ്രതിരോധവും ഒരേ ശ്രമത്തിലൂടെ നേടാനാവും. ഇരപിടിയന്‍ സസ്യങ്ങളുടെ ഒരു നഴ്‌സറി. ഇനി ഈ കൊതുകുകളും ഒച്ചുകളും എന്റെ വളര്‍ത്തു ചെടികളുടെ ഇരയാവുമെന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു വില്ലന്‍ ചിരി വിടര്‍ന്നു.
എസ്സ്.എച് കോളേജിലെ സസ്യശാസ്ത്ര അധ്യാപകന്‍ പ്രഹ്ലാദന്‍ ഇത്തരം സസ്യങ്ങളെ പാലിക്കുന്ന ഒരു വാര്‍ത്ത ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടി. കോളേജില്‍ ചെന്ന് അധ്യാപകനെകുറിച്ച് തിരക്കി. ഓഫീസിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മനസിലാവാത്ത ഒരു ഭാവത്തില്‍ എന്നെ നോക്കി പറഞ്ഞു. 'സാറു ലോക്ക്ഡൗണിനു ശേഷം കോളേജിലേക്ക് വന്നിട്ടില്ല. പിന്നെ ഇപ്പൊ കാട്ടിലേക്കൊന്നും കയറ്റി വിടാത്തത് കൊണ്ട് വീട്ടില്‍കാണുവാരിക്കും.'
അദ്ദേഹത്തിന്റെ വീടിലേക്കുള്ള ഏകദേശ വഴി ഞാന്‍ അയാളോട് ചോദിച്ചു മനസ്സിലാക്കി.
കരിങ്കല്‍ ക്വാറിയോട് ചേര്‍ന്ന വഴിയിലൂടെ ചെല്ലുമ്പോള്‍ പഴയ ഒരു ക്ഷേത്രത്തിനടുത്തുള്ള പലചരക്കു കടയില്‍ തിരക്കി. 'ഓ സര്‍ ഇപ്പൊ വീട്ടിലേക്കു പോയതേയുള്ളു. ഇവിടന്നു കെണിവെച്ച് എലിയെ കൊണ്ടുപോകാറുണ്ട്'.
അയാള്‍ നീട്ടിയ വഴിയേ സാറിന്റെ വീട്ടിലേക്ക് ചെന്നു.
ഒരു വശത്തെ ഗ്രീന്‍ഹൌസ് കടന്നു വീടിന്റെ കാളിങ് ബെല്‍ അമര്‍ത്തി. സര്‍ വാതില്‍ തുറന്നു ഒന്ന് തറപ്പിച്ചു നോക്കി. എന്നിട്ടു മേശയില്‍നിന്നു ഒരു മസ്‌കെടുത്തു മുഖത്തണിഞ്ഞു. ഞാന്‍ എന്റെ ആവശ്യം പറഞ്ഞു. സര്‍ ചിരിപോലെ തോന്നുന്ന ഒരു ശബ്ദം മാസ്‌കിനടിയിലൂടെ പുറപ്പെടുവിച്ചു. അത് കേട്ടിട്ടാവണം അടുത്ത മുറിയില്‍ നിന്നും സാറിന്റെ ഭാര്യ കടന്നു വന്നു. എന്നെ നോക്കി സര്‍ അവരോടു കാര്യം പറഞ്ഞു.
അവര്‍ ഏകദേശം രണ്ടു മീറ്റര്‍ അകലത്തേയ്ക്ക് മാറി എന്നിട്ട് എന്റെ മുഖാവരണം ഊരി മാറ്റുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അനുസരിച്ചു. അവര്‍ ഉടനെ അവരുടെ മാസ്‌ക് എടുത്തണിഞ്ഞു. അവരുടെ വിടര്‍ന്ന ചുണ്ടുകളുടെ കീഴ്ഭാഗം മാസ്‌കിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് കാണാമായിരുന്നു. സസ്യ ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള വിദേശസര്‍വകലാശാലയില്‍ ജോലിചെയ്യുന്ന ആ സ്ത്രീയെ സാര്‍ പരിചയപ്പെടുത്തി.
'ഞങ്ങള്‍ ചില പരീക്ഷണങ്ങളിലാണ് ചെടികളുടെ ജനിതക മാറ്റാതെ കുറിച്ച്'. സര്‍ കുറച്ചു സാനിറ്റൈസര്‍ കൈലെടുത്ത് കുറച്ച് എന്റെ കയ്യിലും ഒഴിച്ച് തന്നു. കൈകള്‍ പരസ്പരം ചേര്‍ത്തുരച്ച് ഗ്രീന്‍ ഹൗസിലേക്കു നടന്നു. ഗ്രീന്‍ ഹൗസിന്റെ ഉള്ളില്‍ വെളിച്ചം മറച്ചു ചെടികള്‍ തൂങ്ങിക്കിടന്നു. വലിയ പിച്ചര്‍ പ്ലാന്റുകള്‍ ചുണ്ട് നീണ്ടുപോയ മുഖങ്ങളായി ഇരകളെ കാത്തുകിടന്നു. പ്രഹ്ലാദന്‍ സാര്‍ ഒരു വലിയ വീപ്പയില്‍ നിന്നും ഏലി കുഞ്ഞുങ്ങളെ കൈകള്‍ വിരിയുന്നതുപോലെ വിരിഞ്ഞ ചെടികളിലേക്കു വച്ച് കൊടുത്തു. നന്ദിപൂര്‍വം അവ കൈകൂപ്പിയടഞ്ഞു. മാസ്‌കിനടിയില്‍ സാറിന്റെ ചിരി കുറുകി. എനിക്കെന്തുകൊണ്ടോ പേടിയാവാന്‍ തുടങ്ങി. ഞാന്‍ തിരിഞ്ഞു നോക്കി. സാറിന്റെ ഭാര്യ ഒരു പിച്ചര്‍ പ്ലാന്റുപോലെ താഴേയ്ക്ക് തൂങ്ങിയ ചുണ്ടുമായി എന്നെ നോക്കി നിന്നു.
അറ്റമില്ലാത്ത വനാന്തരം പോലെ പന്നലുകളും ചെടികളും നിറഞ്ഞ ആ ഹരിതാലയത്തില്‍ മുഖം മറച്ച വനജീവികളെ പോലെ സാറും ഭാര്യയും കയ്യിലെ പാത്രത്തില്‍നിന്നും എലികളെയും ചെറുജീവികളെയും തല നീട്ടിയ സസ്യങ്ങളിലെക്കു പകര്‍ന്ന് സസ്യശ്രേണികളുടെ ഇടയിലൂടെ നടന്നു. ഒരു തിരിവില്‍ എന്നിലേക്കു കൈനീട്ടിയതു പോലെ ഒരു ചെടി തടിച്ച ഇല പോലെയുള്ള ഭാഗം നീട്ടി നിന്നു .
'നിങ്ങള്‍ക്ക് പിച്ചര്‍ പ്ലാന്റുകളാവും നല്ലത്. അതില്‍ തുടങ്ങാം '
'എനിക്കങ്ങനെ ഇവറ്റകളെ പരിപാലിച്ചു പരിചയമില്ല.. എങ്ങിനെയാണ് ..രീതി'
'നിങ്ങള്‍ സാധാരണ ചെടികളെ പരിചരിക്കുന്നതുപോലെ യാതൊരു വളവും ഇട്ടു കൊടുക്കുകയോ ചെയ്യരുത് അപ്പോള്‍ അവരില്‍ ഇര തേടുന്ന കൈകള്‍ വളരും.. പ്രകൃതിയുടെ രീതികള്‍ അങ്ങിനെയെല്ലാണ് വെരി സ്‌ട്രേഞ്ച്.. യു നോ.. നിങ്ങളുടെ പ്രോബ്ലം ആഫ്രിക്കന്‍ ഒച്ചില്ലേ.. അവയ്ക്കു ആവശ്യാനുസരണം ലിംഗമാറ്റം സാധ്യമാണ്. സം ടൈംസ് മെയില്‍ സം ടൈംസ് ഫീമെയില്‍.'
സാര്‍ ഭാര്യയെ നോക്കി കണ്ണിറുക്കി. ഞാന്‍ അത് കാണാത്തതായി ഭാവിച്ചു നിന്നു. എവിടെനിന്നോ ഒരു സ്പ്രിംഗ്‌ളര്‍ വെള്ളം ചീറ്റി തെറിച്ചു കറങ്ങാന്‍ തുടങ്ങി. ഞാന്‍ തിരിച്ചുനടന്നു കൂടെ സാറും ഹരിതഭവനത്തിനു പുറത്തേയ്ക്കെത്തി. എങ്ങിനെയാണ് ഈ ചെടി വളര്‍ത്തിയെടുക്കേണ്ടത് എന്ന വിവരം ഏകദേശം മനസ്സിലാക്കി ഞാന്‍ ചെടിയുടെ വിലയുടെ കാര്യം ചോദിച്ചു. സാര്‍ ചിരിച്ചു.
'നിങ്ങള്‍ ആദ്യം പിച്ചറിനെ വളര്‍ത്തൂ. എന്നിട്ടു ഇടയ്ക്കിറങ്ങൂ മറ്റിനങ്ങള്‍ കൂടി നിങ്ങള്‍ക്ക് തരാം ..'
നീണ്ട ഒരു പിച്ചര്‍ മാത്രം വിടര്‍ന്ന ചെടി ഞാന്‍ വീടിനു പിന്നിലെ വര്‍ക്ക് ഏരിയയുടെ അടുത്തായി തൂക്കിയിട്ടു. കുട്ടികള്‍ പേടിയോടെ ചെടിയെ നോക്കി.
'ആരും അതിനടുത്തു പോകരുത് അതുപദ്രവിക്കും കേട്ടോ '
'ഇന്ന് തന്നെ അത് ഒച്ചിനെ പിടിക്കുമോ? ഏഴുവയസ്സുകാരി മകള്‍ ഭയം മറച്ചു ചോദിച്ചു.
'പിന്നേ.. ഇന്ന് പത്തെണ്ണത്തിനെ പിടിക്കും '
അങ്ങിനെ ആ സസ്യം പതുക്കെ പുതിയ അന്തരീക്ഷവുമായി ഇണങ്ങി വളര്‍ന്നുവെങ്കിലും ഒച്ചുകളെ പിടിക്കുന്നത് കാണുവാന്‍ കഴിഞ്ഞില്ല. പക്ഷേ വീട്ടില്‍ സ്ഥിരമായി സന്ദര്‍ശനത്തിനെത്തുന്ന അണ്ണാനെ സസ്യം വിഴുങ്ങുമോയെന്ന പേടി മകളെ അസ്വസ്ഥയാക്കിയിരുന്നു. അവള്‍ അണ്ണാനെ പരിസരത്തുനിന്നും ഓടിച്ചു മാറ്റുവാന്‍ പരിശ്രമിച്ചിരുന്നു. സസ്യം ഒരു വലിയ വണ്ടിനെ പിടിച്ചു ഭക്ഷണമാക്കുന്ന വീഡിയോ മകന്‍ അവന്റെ സ്‌കൂള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചു. ചെടി കാണുവാനെത്തിയ ആദ്യ സന്ദര്‍ശകരായി അവന്റെ കൂട്ടുകാരനും കുടുംബവും വീട്ടിലെത്തി. ബാങ്കില്‍ എന്റെ സന്ദര്‍ശനത്തില്‍ അത്ര താല്പര്യമില്ലാത്ത മട്ടില്‍ പെരുമാറാറുള്ള ഒരു സ്ത്രീയായിരുന്നു അവന്റെ അമ്മ. അവര്‍ ഗൗരവത്തോടെ ചെടിയേയും എന്നെയും മാറിമാറി നോക്കി .
പിച്ചറുകളുടെ എണ്ണം കൂടി തുടങ്ങുകയും ചെടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുകയും ചെയ്തപ്പോള്‍ ഞാന്‍ വീണ്ടും പ്രഹ്ലാദന്‍ സാറിന്റെ കാണുവാന്‍ ചെന്നു. 'ഇനി വീനസ് ഫ്ളൈട്രാപ് പരീക്ഷിക്കാം ഇതെല്ലം നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരും'. വിടര്‍ന്ന കൈകള്‍ കൂപ്പി സസ്യം എന്നെ തൊഴുതു. അതിന്റെ വിരലുകള്‍ക്കിടയില്‍ ഒരു പല്ലിയുടെ വാല് വിറച്ചുമറഞ്ഞു. സസ്യങ്ങള്‍ പതുക്കെ അവയുടെ അതിര്‍ത്തികള്‍ ഭേദിച്ചു വളര്‍ന്നുതുടങ്ങി. ഞാനാകട്ടെ കേരളത്തിലെ ചില മാംസാഹാരികളായ ചെടികളേയും കണ്ടെത്തി വളര്‍ത്തി തുടങ്ങി. ഇതിനിടയില്‍ ഞാന്‍ ഒച്ചുകളെ കുറിച്ച് മറന്നു പോയിരുന്നു. അവയെ പിന്നീട് ആ പരിസരത്തൊന്നും കാണാനിടയായില്ല. ഓന്തുകളും പല്ലികളും അണ്ണാനുകളും കിളികളും വീടിന്റെ പരിസരത്തു നിന്നും അ പ്രത്യക്ഷമായിരുന്നു. പതിവായി അടുത്ത ഒഴിഞ്ഞ പറമ്പിലെ മരത്തിലെ പഴങ്ങള്‍ കഴിക്കുവാന്‍ വന്നിരുന്ന് ചിലച്ചിരുന്ന പക്ഷികളുടെ ശബ്ദവും മറഞ്ഞുപോയി.
അടുത്തുള്ള ഇറച്ചിക്കോഴിക്കടയില്‍നിന്നും അവശിഷ്ടങ്ങള്‍ ശേഖരിച്ചു ഞാന്‍ സസ്യങ്ങളെ പോറ്റി വളര്‍ത്തി. ഓരോ മാംസതുണ്ടും അവ ആസ്വദിച്ചിറക്കുന്നത് കണ്ടുനില്‍ക്കുന്നതുതന്നെ എനിക്കൊരു ഹരമായി. ചെടികള്‍ വീടിനുള്ളിലും നന്നായി വളര്‍ന്നു. വീടിനുള്ളിലെ ചെറിയ ഇടങ്ങളിലും ജനാലപടികളിലും ചെടികള്‍ പലരൂപത്തില്‍ എപ്പോഴെങ്കിലും കടന്നു വരുന്ന ഇരയെ കാത്തു നിന്നു. ഭാര്യയും മകളും വീടിനുള്ളില്‍ അല്പം പേടിയോടെയാണ് പെരുമാറിയിരുന്നത് ചിലപ്പോഴെങ്കിലും 'അയ്യോ ചെടി എന്റെ നേരെ നീങ്ങി വന്നു 'എന്നു മകള്‍ നിലവിളിച്ചിരുന്നു. എന്നാല്‍ എന്റെ മകന്‍ സസ്യങ്ങളുടെ ആഹാരരീതികളും ഇരപിടുത്തവും വീഡിയോ ചിത്രീകരണം നടത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അത്യാവശ്യം പണം സമ്പാദിച്ചു. മാത്രമല്ല അത് ഈ സസ്യങ്ങള്‍ ആളുകള്‍ വാങ്ങുവാന്‍ പ്രേരകമാവുകയും ചെയ്തു. ഇതിനോടകം തന്നെ ഞാന്‍ ജോലി ഉപേക്ഷിച്ചിരുന്നു എനിക്ക് കിട്ടിയിരുന്ന ശമ്പളത്തേക്കാള്‍ വരുമാനം ഈ സസ്യങ്ങളുടെ വിപണനത്തിലൂടെ ലഭിച്ചിരുന്നു .
ഇതിനിടെ മാറുന്ന കേരളം സമൂഹം എന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ അതിഥിയായി എന്നെ വിളിച്ചിരുന്നു. പക്ഷെ ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കാനുള്ള കഴിവ് കുറവ് കൊണ്ടാവാം എനിക്ക് ചിലപ്പോഴെങ്കിലും ചിരിയടക്കി നിശ്ശബ്ദനായിരിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. എന്നാല്‍ പിറ്റേന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ടു പേരും എന്റെ പക്കല്‍ നിന്നും ചെടികള്‍ വാങ്ങുവാനെത്തി. വീടിനു മുന്നിലൂടെ കടന്നു പോകുന്നവരിലും ഒരു സൗഹൃദഭാവം വിടര്‍ന്നു തുടങ്ങി.
സസ്യങ്ങളുടെ വളര്‍ച്ച ഭാര്യയെയും കുട്ടികളെയും ഭാര്യവീട്ടിലേക്കു മാറ്റുവാന്‍ കാരണമാക്കി. ഇംഗ്ലണ്ടിലെ പ്രശസ്തമായ സര്‍വ്വകലാശാലയിലേക്കു സസ്യശാസ്ത്ര പഠനത്തിനായി പോകും വരെ വീഡിയോ ചിത്രീകരണത്തിനായി മാത്രം മകന്‍ പലദിവസ്സങ്ങളിലും വരുമായിരുന്നു. അവന്‍ അവിടെ തന്നെ ഉദ്യോഗത്തില്‍ പ്രവേശിച്ചശേഷം ഭാര്യയും മകളും അവന്റെ അടുത്തേയ്ക്കു പോയി അവിടെതന്നെ സ്ഥിര താമസമാക്കി.
വളര്‍ച്ചപ്രാപിച്ച് ഉയരം വച്ച സസ്യങ്ങള്‍ പലപ്പോഴും എന്റെ നേരെ കൈ നീട്ടാന്‍ തുടങ്ങിയിരുന്നു. എന്റെ സാന്നിധ്യത്തില്‍ ചില ചെടികള്‍ ഇണങ്ങിയ ആട്ടിന്‍ കുട്ടികളെപ്പോലെ ദേഹത്തോടു ചേര്‍ന്നുരുമ്മി. ആദ്യം പ്രഹ്ലാദന്‍ സാറിന്റെ അടുത്തുനിന്നെത്തിച്ച പിച്ചര്‍ പ്ലാന്റ് വളര്‍ന്നു വലുതായി മാറിയിരുന്നു. അതിനോട് എനിക്ക് സഹജമായ ഒരിഷ്ടം ഉണ്ടായിരുന്നു. ഇഷ്ടം കൊണ്ടെന്ന വണ്ണം അത് അതിന്റെ പിച്ചര്‍ ഒരു പ്രത്യേക രീതിയില്‍ വക്രിച്ചു. അതെനിക്ക് ഒരു പുഞ്ചിരി സമ്മാനിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. മനുഷ്യനോടുള്ള സഹവാസം സസ്യങ്ങളില്‍ ഉണ്ടാക്കുന്ന പരിണാമം എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. ഞാന്‍ അതിന്റെ ചുണ്ടുകളില്‍ മൃദുവായി തട്ടി എന്റെ വിരല്‍ ആ ദളങ്ങള്‍ക്കുള്ളിലേക്ക് കടന്ന ക്ഷണം അതിന്റെ ദളങ്ങള്‍ ബലമേറി എന്റെ കൈ ആ ദളപാത്രത്തിലേക്ക് വലിച്ചടുപ്പിക്കുവാന്‍ തുടങ്ങി എനിക്കുകഴിയാവുന്ന ശക്തിയെടുത്ത് ഞാന്‍ കൈ വലിച്ചെടുത്തു. വിരല്‍ മുറിഞ്ഞു ചോര പൊടിയുന്നുണ്ടായിരുന്നു. ചോര പുരണ്ട ചുണ്ടുകളുമായി സസ്യം എന്റെ നേരെ ഒന്നാടിയടുത്തു. ഞാന്‍ പുറത്തേയ്ക്ക് ഓടി മാറി.
എന്റെ ചൂണ്ടുവിരലിന്റെ മുന്‍ഭാഗം മുറിഞ്ഞുപോയിരുന്നു. വീടിനു പിന്നില്‍ നിറഞ്ഞ ചെടികള്‍ക്കപ്പുറം അലക്കുകല്ലിലിരുന്നു ഞാന്‍ മുറിവു പരിശോധിച്ചു അപ്പോഴാണ് പിന്നിലെ ഒഴിഞ്ഞ പറമ്പിലെ ചേമ്പുകളുടെ പൂവുകളുടെ രൂപമാറ്റം ഞാന്‍ ശ്രദ്ധിച്ചത്. താഴെ കെട്ടിക്കിടന്നു കറുത്തുപോയ വെള്ളത്തില്‍ എവിടെനിന്നോ പറന്നെത്തിയ വണ്ടിന് നേരെ ഇതളുകള്‍ കൈകളായി വിടര്‍ത്തിയ ഒരു പൂവ് വിടര്‍ന്നു.
Content Highlights: Malayalam Story Pitcher plant