കൊസ്രു എന്ന അയാളുടെ പേരല്ല, ബീശാല്‍ എന്ന എന്റെ പേരാണ് എന്നെ അമ്പരപ്പിച്ചത്.

ബീ അല്ല വീ, വിശാല്‍ , ഞാന്‍ തിരുത്തി.
അതെ ബീ, അതല്ലേ ഞാനും പറഞ്ഞത്. കൊസ്രൂ പറഞ്ഞു.
ബീ അല്ല, ഇംഗ്ലീഷ് അക്ഷരം വീ, എസ്,ടി,യൂ,വി , വീ... ഞാന്‍ വിശദീകരിച്ചു.
അതെ, എസ് ടി യൂ ബീ, അയാള്‍ പറഞ്ഞു.

ഞാന്‍ തോറ്റു. ബംഗാളിക്ക് വീ ഇല്ല, ബീയെ ഉള്ളൂ. രബീന്ദ്രനാഥ ടാഗോര്‍. ഈജിപ്ഷ്യന് ജാ ഇല്ല ഗ മാത്രം, ഗമാല്‍ അബ്ദുല്‍ നാസര്‍. അറബിക്ക് പ ഇല്ല. പാര്‍ക്കിങ് എന്നല്ല ബാര്‍കിങ്ങ് എന്നാണ് അറബികള്‍ പറയുക. മലയാളിക്ക് എന്തൊക്കെ അക്ഷരങ്ങളാണ്  ഇല്ലാത്തത് എന്നറിയില്ല, അത് മറ്റാരെങ്കിലും പറയണം. ഇയാള്‍ക്ക് ഞാന്‍ എന്നും ഭിഷാല്‍ ആയിരിക്കും.  പ്രകാശേട്ടന്‍ ദുബായില്‍ ആയിരുന്നു കുറേക്കാലം, ഓം പ്രകാശ് എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലെ പേര്. അമ്പര്‍കാഷ് എന്നായിരുന്നു അറബികള്‍ ചേട്ടനെ വിളിച്ചിരുന്നത്. ചേട്ടത്തിയമ്മ അതും പറഞ്ഞു ചേട്ടനെ എപ്പോഴും കളിയാക്കുമായിരുന്നു.

കൊസ്രു നാട്ടിലേക്ക് പോകുകകയാണ്. കൊസ്രൂവിനു പകരം ഈ അറബി വീട്ടിലേക്ക് വന്ന ഡ്രൈവറാണ് ഞാന്‍. അയാളാണ് എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടി കൊണ്ട് വന്നത്. അയാളുടെ മുറിയാണ് ഇനി  എന്റെ  മുറി. എന്റെ സൗദി ലൈസന്‍സ് ഖത്തറിലേക്ക് മാറ്റിയാല്‍ ഉടനെ അയാള്‍  ഇവിടുത്തെ ജോലി മതിയാക്കി ബംഗാളിലേക്ക് പോകും. അത് വരെ ഞങ്ങള്‍ ഒരേ മുറിയിലായിരിക്കും.  മുറിയോട് ചേര്‍ന്ന് ചെറിയ ഒരു അടുക്കളയുണ്ട്. ഞാന്‍ പെട്ടി തുറന്നു അത്യാവശ്യം വസ്ത്രങ്ങളും തോര്‍ത്തും പുറത്തെടുക്കുമ്പോള്‍ അയാള്‍ അടുക്കളയിലേക്ക് പോയി. ചായയും എന്തോ ഒരു പലഹാരവും ഉണ്ടാക്കി കൊണ്ട് വന്നു.

ആ മുറിയില്‍ മേശയില്ല. ചായയും പലഹാരവും കട്ടിലിന്റെ ഒരു മൂലക്ക് വച്ച് അയാള്‍ കട്ടിലില്‍ തന്നെ ഇരുന്നു. ഒരു നിഡോ പാല്‍പ്പൊടി ടിന്‍ ചൂണ്ടി കാണിച്ചു എന്നോട് അതിന്മേല്‍ ഇരിക്കാന്‍ പറഞ്ഞു. ചായ കുടിക്കാന്‍ തുടങ്ങിയപ്പോള്‍ പലഹാരം ചൂണ്ടി കാണിച്ചു അയാള്‍ എന്നോട് ചോദിച്ചു.

ഭീശാല്‍, ഇതെന്താണെന്ന് അറിയാമോ?
എന്തോ ബംഗാളി പലഹാരമായിരിക്കും, ഞാന്‍ പറഞ്ഞു. ചതുരമോ ഗോളമോ എന്ന് തിരിച്ചറിനാവാത്ത രൂപവും, പീയേഴ്‌സ് സോപ്പിന്റെയത്ര വലിപ്പവുമുള്ള, എണ്ണയില്‍  പോരിച്ചെടുത്ത ഒരു വിഭവം. എത്രയാലോചിച്ചിട്ടും എന്താണെന്ന് മനസ്സിലായില്ല.

നെയ്യപ്പം, കൊസ്രൂ പറഞ്ഞു.

ഞാന്‍ ഞെട്ടി. നെയ്യപ്പം എന്നോ പഴംപൊരി എന്നോ ഒരു ബംഗാളി പറഞ്ഞാല്‍ ഞെട്ടാനൊന്നുമില്ല. കേരളത്തിലെ മിക്ക ഹോട്ടലിലും ബംഗാളി പണിക്കാറുണ്ട്. ഗോപാലേട്ടന്റെ കടയില്‍ നില്‍ക്കുന്ന ബംഗാളിയോട്  മധുരം കുറച്ചു കടുപ്പത്തില്‍ ഒരു ചായ എന്ന് പറയാറുണ്ട്. അതയാള്‍ക്ക് മനസ്സിലാവും. കേരളത്തില്‍ പണിയെടുത്ത ഒരു ബംഗാളിയെ ദോഹയില്‍ കണ്ടു മുട്ടുമെന്നും അയാള്‍ നെയ്യപ്പം ഉണ്ടാക്കുമെന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

കേരളത്തില്‍  വച്ച്  പഠിച്ചതാണ്. നാലഞ്ചു വര്‍ഷം  അവിടെയുണ്ടായിരുന്നു. അയാള്‍ പറഞ്ഞു
ഹോട്ടല്‍ പണിയായിരുന്നോ, ഞാന്‍ ചോദിച്ചു.
പല പണിയും ചെയ്യുമായിരുന്നു. ഒന്ന് നിര്‍ത്തി അയാള്‍ ചോദിച്ചു, കെ ദാസന്‍ ജയിച്ചോ?
ഏത് കെ ദാസന്‍? ഞാന്‍ അമ്പരന്നു.
കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥി. ഞാന്‍ അയാള്‍ക്ക് വേണ്ടി ചുവരെഴുതിയിരുന്നു. അയാള്‍ പറഞ്ഞു.
നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ, ഞാന്‍ ചോദിച്ചു, ബംഗാളില്‍ ഇപ്പോഴും കമ്മ്യൂണിസ്‌റുകാരുണ്ടോ?
ഞാന്‍ ബംഗാളിയല്ല, ബംഗ്ലാദേശി , അയാള്‍ തിരുത്തി. എന്റെ പാര്‍ട്ടി അവാമി  ലീഗാണ്, ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി.

കേരളത്തില്‍ മിക്ക പാര്‍ട്ടികള്‍ക്കും ബോര്‍ഡെഴുതുന്നതും പോസ്റ്ററൊട്ടിക്കുന്നതും അന്യദേശ തൊഴിലാളികളാണെന്ന് അയാള്‍ പറഞ്ഞു. രാത്രി ചുമരെഴുതാനും പോസ്റ്ററൊട്ടിക്കാനും  പോയാല്‍ അഞ്ഞൂറുറുപ്പിക കിട്ടും. കമ്മ്യൂണിസ്റ്റുകാരാണ് പ്രധാനമായും ചുമരെഴുതുന്നത്. കോണ്‍ഗ്രസ്സുകാര്‍ പോസ്റ്ററൊട്ടിക്കാന്‍ തരും. അതിന് വിചിത്രമായ ഒരു ന്യായവും അയാള്‍ പറഞ്ഞു. അരിവാള്‍ ചുറ്റിക എളുപ്പത്തില്‍ വരയ്ക്കാന്‍ പറ്റും, കൈ വരക്കണമെങ്കില്‍ സ്റ്റെന്‍സില്‍ വേണം. തിരിച്ചായിരുന്നു ഞാന്‍ കരുതിയിരുന്നത്. കൈ വരക്കുന്നതല്ലേ എളുപ്പം.

ഒരു ബംഗ്ലാദേശി മലയാളിയെ കേരള രാഷ്ട്രീയം പഠിപ്പിക്കുകയാണ്.

ബംഗ്ലാദേശിയായ കൊസ്രൂ എങ്ങനെ കേരളത്തിലെത്തി, നുഴഞ്ഞു കയറ്റക്കാരനാണോ, ഞാന്‍ ചോദിച്ചു.

അയാള്‍ ചിരിച്ചു. ബംഗ്ലാദേശിനും ഇന്ത്യക്കുമിടയില്‍ മിക്കയിടത്തും വേലി പോലുമില്ല, വെറുതെ വേണമെങ്കില്‍ നടന്നുവരാം. പക്ഷെ ഞാന്‍ അങ്ങനെ വന്നതല്ല. ബ്രഹ്മപുത്രയെപ്പറ്റി കേട്ടിട്ടുണ്ടോ. അയാള്‍ ചോദിച്ചു.

പണ്ട് സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്.

ബ്രഹ്മപുത്രയുടെ കരയിലുള്ള റോമാരി എന്ന ഗ്രാമത്തിലായിരുന്നു ഞാന്‍. ബ്രഹ്മപുത്രയുടെ ബംഗ്ലാദേശ് ഭാഗത്ത്. നദിയുടെ നേരെ എതിര്‍ വശത്തു ആസ്സാം കാണാം. നദിയുടെ രണ്ടു കരയിലുള്ളവര്‍ ഇടക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും കടക്കും. ചിലപ്പോള്‍ തോണിയില്‍ ചിലപ്പോള്‍ നീന്തി, തീരെ വെള്ളമില്ലാത്തപ്പോള്‍ നടന്ന്. ബ്രഹ്മപുത്ര നദിയില്‍ ഇടക്കൊക്കെ വെള്ളപ്പൊക്കം വരും.

കേരളത്തില്‍ ഈയടുത്തു വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഞാന്‍ ഇടപെട്ടു. ഞാനനുഭവിച്ച ദുരന്തമാണ് . രണ്ടാഴ്ചയോളം ദുരിതാശ്വാസ കാമ്പില്‍, അത് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വീടിന് ശവത്തിന്റെ മണം. മണം പോവാന്‍ ആഴ്ചകളെടുത്തു.

അയാള്‍ വീണ്ടും ചിരിച്ചു. ബ്രഹ്മപുത്രയില്‍  വെള്ളം കയറുമ്പോള്‍ ദുരിതാശ്വസ ക്യാമ്പില്‍ പോകുന്നവരില്‍ മിക്കവര്‍ക്കും തിരിച്ചു വരാനാകില്ല. ബ്രഹ്മപുത്രയില്‍ ഒഴുകി വരുന്നത് വെള്ളം മാത്രമല്ല, മണല്‍ കൂമ്പാരങ്ങള്‍ കൂടിയാണ്. വെള്ളമൊഴിയുമ്പോള്‍ വീടും പരിസരവുമെല്ലാം മണല്‍ കൂമ്പാരമായിരിക്കും. പിന്നെ പലായനമാണ്. അഭയാര്‍ത്ഥികളാണ്. ഒരു വെള്ളപ്പൊക്കം വന്നത് രാത്രിയാണ്. അച്ഛന്‍ നിലയില്ലാത്ത ആഴങ്ങളിലേക്ക് ഊളിയിട്ട് പോയി. അമ്മ ബംഗ്ലാദേശിലേക്കൊഴുകി, ഞാന്‍ ആസ്സാമിലേക്കും. ആസ്സാമിലെ ദുബ്രിയിലേ ഒരു ദുരിതാശ്വസ ക്യാമ്പില്‍ കുറച്ചു ദിവസം  താമസിച്ചു. ബംഗദേശികളോ അസ്സമികളോ ബംഗാളികളോ എന്നറിയാത്ത കുറെ പേര്‍. അവിടുന്ന് ഗൗഹാട്ടിയിലേക്ക്, പിന്നെ കല്‍ക്കട്ടയിലേക്ക്.

വര്‍ക്കപ്പണി, പെയിന്റടി, ചുമടെടുപ്പ് ഒക്കെയായി മൂന്നാലു കൊല്ലം ആസ്സാമിലും ബംഗാളിലും കഴിഞ്ഞു. ഇരുന്നൂറും മുന്നൂറും രൂപയായിരുന്നു കൂലി. താമസം പരിതാപകരം, അരപ്പട്ടിണി. ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന അമ്മക്ക് നൂറു ടാക്ക അയച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥ. കല്‍ക്കട്ടയില്‍ വച്ചാണ് കേരളത്തെ പറ്റി കേള്‍ക്കുന്നത്. കേരളത്തില്‍ വച്ച് പരിചയപ്പെട്ട ഒരാളാണ് ഗള്‍ഫിലേക്ക് വിസ ശരിയാക്കി തന്നത്. ഇപ്പൊ ചെറിയ സമ്പാദ്യമുണ്ട്. അത് കൊണ്ട് നാട്ടില്‍ പോയി ഒരു ബിസിനസ് തുടങ്ങണം. എന്നിട്ട് ബ്രഹ്മപുത്രക്ക് ഒരിക്കലും എത്താന്‍ കഴിയാത്തത്രയും ദൂരെ ഒരു വീട് വക്കണം. 

അഞ്ചു വാചകത്തില്‍ പറയാന്‍ മാത്രം ലളിതമാണ് അയാളുടെ  ഭൂതവും ഭാവിയും. ഒരു മലയാളിക്ക് സ്വപ്നങ്ങളെ കുറിച്ച് മാത്രം പറയാന്‍ ഒരു പുസ്തകം വേണം.

ഇന്റര്‍കോമിന്റെ ബെല്ലടിഞ്ഞു, ആ റൂമില്‍ അങ്ങനെയൊന്നുണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ചുമരില്‍ തൂക്കിയിട്ടിരിക്കുകയാണ് ഇന്റര്‍കോം. അതിന്റെ തൊട്ടടുത്തായി ഒരു കോട്ടും ടയ്യും  തൂങ്ങി കിടക്കുന്നുണ്ട് . ബംഗ്ലാദേശികള്‍ നാട്ടില്‍ പോവുമ്പോള്‍ കോട്ടിട്ടാണ് പോകുക. വിമാനത്തിലിരിക്കുമ്പോള്‍ കൊട്ടും ടൈയും നിര്‍ബന്ധമാണ്, അതുകൊണ്ടുള്ള  ബുദ്ധിമുട്ട് അവര്‍ സന്തോഷത്തോടെ സഹിക്കും.

ഭീശാല്‍ ഫോണെടുക്ക്. 
കൊസ്രൂ പറഞ്ഞു.
ഞാന്‍ ഫോണെടുത്തു. 
ഡൂ യു സ്പീക് ഇംഗ്ലീഷ് ? അപ്പുറത്തു നിന്നും ഒരു സ്ത്രീ ശബ്ദം. 
നോ, ഞാന്‍ പറഞ്ഞു. ഒരു മലയാളം മീഡിയംകാരന്  എങ്ങനെയാണ്  ആത്മവിശ്വസത്തോടെ ആ ചോദ്യത്തിന് യെസ് എന്ന് മറുപടി പറയാന്‍ കഴിയുക?
യെസ്, മാഡം. ഞാന്‍ തിരുത്തി.
പ്‌ളീസ് കം, അവര്‍ പറഞ്ഞു. ഞാന്‍ ചെന്നു.
ഗൃഹനാഥയാണ് വിളിച്ചത്. അവിടെയുണ്ടായിരുന്ന ഫിലിപ്പിനോ വേലക്കാരി നാട്ടിലേക്ക് പോകുകയാണ്. അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടണം. തന്റെ ഡ്രൈവിംഗ് ലൈസെന്‍സ്  മാറ്റിയെടുക്കാന്‍  രണ്ടാഴ്ചയെങ്കിലും പിടിക്കുമെന്ന് ഞാന്‍ പറഞ്ഞു. അതൊന്നും സാരമില്ല, അവര്‍ പറഞ്ഞു.  എന്റെ  ആദ്യത്തെ ഡ്യൂട്ടി. കൊസ്രുവിനെ കൂടെ  കൂട്ടാം  എന്ന് കരുതി. തിരിച്ചു ചെന്നപ്പോള്‍ റൂമില്‍ അയാളില്ല.

എന്താ പേര്. ഇന്ന് രണ്ടാമത്തെ ആളോടാണ് പേര് ചോദിക്കുന്നത്.
ജൂണ്‍, അവള്‍ പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടില്ല. ഫിലിപ്പിനോകളില്‍  ദിവസത്തിന്റെയും മാസത്തിന്റെയും സ്ഥലങ്ങളുടേയുമൊക്കെ പേരുള്ളവരുണ്ട്. ജൂണ്‍, ജൂലൈ, മണ്ടേയ്, പാരീസ് എന്നൊക്കെ പേരുകളുണ്ട്. അശ്വതിയും ഭരണിയും പോലെ. കന്നി എന്ന പേര് കേട്ടിട്ടുണ്ട്, തുലാം, വൃശ്ചികം എന്നൊന്നും  മലയാളികള്‍  പേരിടാത്തത് എന്തായിരിക്കും?

വേറൊന്നും സംസാരിച്ചില്ല. എയര്‍പോര്‍ട്ടില്‍ എത്തുന്നതഴവരെ ജൂണ്‍ നിശബ്ദയായി ഇരുന്നു. ഞാനാണെങ്കില്‍ പരിചയമില്ലാത്ത റോഡില്‍ നാവിഗേറ്ററിലെ പെണ്‍കുട്ടി വഴി പറയുന്നതും കേട്ട് ഡ്രൈവ് ചെയ്യുകയായിരുന്നു. പെട്ടി ട്രോളിയിലേക്ക് കയറ്റി വച്ച് കൊടുക്കുമ്പോള്‍ ചോദിച്ചു. എന്നാണ് തിരിച്ചു വരുന്നത്. ട്രോളി ഉന്തികൊണ്ട് അവള്‍ നടന്നുപോയി. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.

Art by Sreelal

എന്റെ ലൈസെന്‍സ് മാറ്റിയെടുക്കുന്നത് വരെ കൊസ്രു മുറിയിലുണ്ടായിരുന്നു. അയാള്‍ ഇടക്കിടക്ക് കോട്ടിട്ട് ടൈയും കെട്ടി കണ്ണാടിയുടെ മുമ്പില്‍ വന്നു നില്‍ക്കും. എന്നോട് അഭിപ്രായം ചോദിക്കും. മലയാളിക്കെന്ത് കൊട്ട്! കേരളത്തില്‍ ടെലിവിഷന്‍ അവതാരകരെ മാത്രമേ കോട്ടിട്ട് കണ്ടിട്ടുള്ളൂ. ഒരു വലിയ പെട്ടിയില്‍ സാധനങ്ങള്‍ വാങ്ങി നിറച്ചിട്ടുണ്ട്, ചെറിയ മൂന്ന് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുമുണ്ട്. പുതിയ സാധനങ്ങള്‍ ഇടക്കൊക്കെ  കൊണ്ട് വന്നു ആദ്യമേ തന്നെ നിറഞ്ഞിരിക്കുന്ന പെട്ടിയില്‍ അതുംകൂടി കുത്തി നിറയ്ക്കും. ഇടക്കിടക്ക് മറ്റു ചില  ബംഗ്ലാദേശികള്‍ അവരുടെ വീട്ടില്‍ കൊടുക്കാനുള്ള  സാധനങ്ങളുമായി വരും. അതും പെട്ടിയില്‍ കയറ്റും. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ വയര്‍ വീര്‍ത്തു വീര്‍ത്തു വന്നു. ദിവസവും തൂക്കം നോക്കാനുള്ള സ്‌കെലിന്റെ മുകളില്‍ നിഡോ ടിന്‍ വെച്ച് അതിനു മുകളില്‍ പെട്ടികള്‍ കയറ്റി തൂക്കം നോക്കും.

ദിവസവും അയാള്‍ നെയ്യപ്പം ഉണ്ടാക്കും. ഒന്ന് രണ്ടെണ്ണം അയാള്‍ തിന്നും. എന്നോടും തിന്നാന്‍ പറയും. 

ഇത് ബംഗ്ലാദേശി നെയ്യപ്പമാണോ? ഒരു ദിവസം ഞാന്‍ ചോദിച്ചു. 
അതെന്താ അങ്ങനെ ചോദിച്ചത്. അയാളുടെ മറുപടി.
കേരളത്തിലെ നെയ്യപ്പത്തിന്റെ മണവും രുചിയും ആകൃതിയും ഇതല്ല. ഞാന്‍ പറഞ്ഞു.

അയാള്‍ കേരളത്തില്‍ ജോലിയെടുത്ത ഹോട്ടലില്‍ നെയ്യപ്പം നല്ലോണം ചിലവാകുന്ന പലഹാരമായിരുന്നു. ഒരു ചന്ദ്രിയേച്ചിയായിരുന്നു നെയ്യപ്പം ഉണ്ടാക്കിയിരുന്നത്. ചന്ദ്രിയേച്ചിയാണ് കൊസ്രുവിനെ നെയ്യപ്പം ഉണ്ടാക്കാന്‍ പഠിപ്പിച്ചത്. അയാളുണ്ടാക്കിയ നെയ്യപ്പങ്ങളൊന്നും നെയ്യപ്പങ്ങളായില്ല. അതിലയാള്‍ക്ക് സങ്കടമുണ്ട്.

പെണ്ണുങ്ങള്‍ അവരുണ്ടാക്കുന്ന പലഹാരത്തിന്റെ കൂടെ കുറച്ചു സ്‌നേഹം ചേര്‍ക്കും, അതാണത്ര ടേസ്റ്റ്. മലയാളികളുടെ ഒരു ക്‌ളീഷേ വാചകം പറഞ്ഞു ഞാന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അല്ല, അയാള്‍ പ്രതിഷേധിച്ചു. പെണ്ണുങ്ങളുടെ കഴിവിനെ അംഗീകരിക്കാതിരിക്കാനാണ് നിങ്ങള്‍ സ്‌നേഹം എന്ന അലൂമിനിയംഫോയിലില്‍ അവരുടെ ബുദ്ധിശക്തിയെയും കാര്യക്ഷമതയെയും ഒളിച്ചു വക്കുന്നത്. അയാള്‍ കോപത്തോടെ പറഞ്ഞു. ചന്ദ്രിയേച്ചി ബുദ്ധിശക്തിയും കഴിവും കൊണ്ടാണ് നെയ്യപ്പം ഉണ്ടാക്കുന്നത്, സ്‌നേഹം കൊണ്ടല്ല. 

ഒരു ബംഗ്ലാദേശി മലയാളിയെ ഫെമിനിസം പഠിപ്പിക്കുകയാണ് .

രണ്ടു വര്‍ഷം ആ മുറിയില്‍  ഞാനൊറ്റക്ക് കഴിഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം ദിവസത്തില്‍ ഒന്നോ രണ്ടോ തവണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോവുമായിരുന്നു. പിന്നെ കൊറോണ വന്നു. ഓണ്‍ലൈന്‍ ഡെലിവെറിക്കാര്‍ മാത്രമായി റോഡില്‍. ആരും റോഡിലിറങ്ങാത്ത കാലത്ത് ഒരു ഡ്രൈവര്‍ എന്ത് ചെയ്യാന്‍. തിന്നും കുടിച്ചും ഇരുന്നും കിടന്നും ഞാന്‍ ചീര്‍ത്തു.

ഒരു ദിവസം മൊബൈലില്‍ ഒരു കാള്‍ വന്നു. 
ഡൂ യു സ്പീക് ഇംഗ്ലീഷ്, വിളിച്ചയാളുടെ ചോദ്യം.
നോ, ഞാന്‍ പറഞ്ഞു,  യെസ്.
ഞാന്‍ ഫിലിപ്പീന്‍സില്‍ നിന്നാണ് വിളിക്കുന്നത്, കൊസ്രുവാണോ. അയാള്‍ ചോദിച്ചു.
ഗള്‍ഫില്‍ ഡ്രൈവര്‍മാരുടെ പേരെ മാറൂ, മൊബൈല്‍ നമ്പര്‍ മാറില്ല. കൊസ്രു പോയപ്പോള്‍ വക്കുപൊട്ടിയ പഴയ നോക്കിയ ഫോണ്‍ എനിക്ക് തന്നു, നമ്പറും, ഞാന്‍ പോകുമ്പോള്‍ അടുത്തയാള്‍ക്ക് കൊടുക്കണം. വീട്ടുകാരുടെ മൊബൈലില്‍ സായക്ക് എന്ന പേരില്‍ ഒരു നമ്പര്‍ മാത്രമേ ഉണ്ടാകൂ.

ഞാന്‍ കൊസ്രുവല്ല. കൊസ്രു ബംഗ്ലാദേശിലേക്ക് തിരിച്ചു പോയി, ഞാന്‍ പറഞ്ഞു. 
അയാളുടെ ദീര്‍ഘ നിശ്വാസം കേള്‍ക്കാം.
കൊസ്രുവിനോട് ഒരു കാര്യം പറയാമോ. അയാള്‍ ചോദിച്ചു. ഞാന്‍ മറുപടി പറയുന്നതിന് മുമ്പ് അയാള്‍ തുടര്‍ന്ന്. ജൂണ്‍ മരിച്ചു, കൊറോണയായിരുന്നു.

എനിക്കൊന്നും തോന്നിയില്ല. 2020 ഭൂമിയില്‍ മരണങ്ങള്‍ പെയ്തിറങ്ങിയ വര്‍ഷമാണ്. രാജേട്ടന്‍ മരിച്ചു, ഹബീബ്ക്ക മരിച്ചു, അന്‍വറിന്റെ ഭാര്യയും അളിയനും മരിച്ചു, എന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ എസ്.പി. ബി മരിച്ചു. മരണങ്ങള്‍ ഇക്കാലത്ത് ആരെയും നടുക്കുന്നില്ല.

ജൂണിന് ഒരു കുട്ടിയുണ്ട്, കൊസ്രുവിന്റെ കുട്ടി. അയാള്‍ തുടര്‍ന്നു.

കൊസ്രുവും ജൂണും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും അതറിഞ്ഞ വീട്ടുടമസ്ഥന്‍ രണ്ടുപേരെയും  ജോലിയില്‍ നിന്ന് പുറത്താക്കി നാട് കടത്തിയതാണെന്നും അയല്‍വീടുകളിലെ ഡ്രൈവര്‍മാര്‍ രാത്രി സിഗരറ്റ് വലിച്ചു വെടിപറഞ്ഞിരിക്കുമ്പോള്‍ ഒന്ന് രണ്ടു തവണ  സൂചിപ്പിച്ചിരുന്നു. അത്തരം ബന്ധങ്ങള്‍ സാധാരണയായിരുന്നത് കൊണ്ട് ആരും അത്ര കാര്യമാക്കിയില്ല.

അവള്‍ ഐസൊലേഷനിലും ഐ.സി.യു വിലുമായി രണ്ടു മാസം കിടന്നു. മരിക്കുന്നതിനു മുമ്പ് എന്നെ വിളിച്ചു കുട്ടിയെ കൊസ്രുവിനെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു.
നിങ്ങള്‍ ജൂണിന്റെ ആരാ? ഞാന്‍ ചോദിച്ചു.
അച്ഛന്‍, അയാള്‍ പറഞ്ഞു.
കുട്ടിയുടെ പേരെന്താ, ഞാന്‍ ചോദിച്ചു. എന്തിനാണ് ചോദിച്ചതെന്നറിയില്ല.
ആഗസ്ത് , അയാള്‍ പറഞ്ഞു.
പറയാം, കൊസ്രുവിനോട് പറയാം. ആ സമയത്ത് അങ്ങനെ പറയാനാണ് തോന്നിയത്.

ജീവിതത്തില്‍ ആദ്യമായി ഒരു രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങിയില്ല.

ഡാക്കയിലിറങ്ങിയ അന്നത്തെ  വിമാനത്തിലെ കോട്ടിടാത്ത ഒരേയൊരു യാത്രക്കാരനായിരുന്നു ഞാന്‍. ഡാക്കയില്‍ ഒരാഴച ക്വാറന്റൈന്‍.  അത് കഴിഞ്ഞു ഒരു രാത്രിയും പകലും ബസ്സില്‍. റൊമാരിയില്‍ കൊസ്രുവിന്റെ വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. ആദ്യം ചോദിച്ച ആള്‍ തന്നെ മുസ്തഫയെ കാണിച്ചു തന്നു.കൊസ്രുവിന്റെ അമ്മാവനായിരുന്നു മുസ്തഫ. 
കൊസ്രു മരിച്ചു, മുസ്തഫ പറഞ്ഞു.
ഈ കൊറോണക്കാലത്ത് ആരാണ് മരിക്കാത്തത്, മരിക്കുന്നതില്‍ എന്തത്ഭുതമാണുള്ളത്. 
കൊറോണ പിടിച്ചല്ല മരിച്ചത്, എന്റെ മനസ്സ് വായിച്ച പോലെ  മുസ്തഫ തുടര്‍ന്നു.

മാടുകളെ കൊണ്ട് വരുന്നതായിരുന്നു കൊസ്രുവിന്റെ ജോലി. മുസ്തഫ പറഞ്ഞു തുടങ്ങി. ബ്രഹ്മപുത്രയുടെ മറുവശത്തു നീണ്ടു കിടക്കുന്ന മലനിരകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു. മലമുകളിലൂടെ പശുക്കൂട്ടങ്ങള്‍ നടന്നുവരുന്നത് ഇക്കരെ നിന്ന് കാണാം. നൂറു കണക്കിന് പശുക്കള്‍.

മറുകരയിലുള്ള ധുബ്രിയില്‍ ഒരു പാട് പരിചയക്കാരുണ്ടായിരുന്നു കൊസ്രുവിന്. ദുരിതാശ്വാസക്യാമ്പിലെ ബന്ധങ്ങള്‍. യുപിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ട്രാക്കുകളില്‍ ആസ്സാമിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക്  കൊണ്ടുവരുന്ന മാടുകളെ അവര്‍ വില കൊടുത്തു വാങ്ങും. രണ്ടു വലിയ വാഴത്തടികള്‍ക്കിടയില്‍ പശുവിന്റെയോ  കാളയുടെയോ തല മാത്രം പുറത്തു കാണുന്ന രീതിയില്‍ കെട്ടിവച്ച് അവയെ ബ്രഹ്മപുത്രയിലേക്ക് ഇറക്കി വിടും. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി വാഴത്തട്ടക്ക് മുകളില്‍ കുറെ പച്ചിലകളും കെട്ടിവെക്കും. പച്ചിലകള്‍ക്ക് കീഴെ, വാഴതട്ടകള്‍ക്കിടയില്‍, മാടുകള്‍ ബ്രഹ്മപുത്രയിലൂടെ ആസ്സാമില്‍ നിന്ന് താഴോട്ടൊഴുകും. രണ്ടു മൂന്നു കിലൊമീറ്റര്‍ ഒഴുകുമ്പോള്‍ കൊസ്രുവും കൂട്ടരും ചെറിയ തോണിയില്‍ പോയി മാടുകളെ കെട്ടിവലിച്ചു റൊമാരിയിലേക്ക് കൊണ്ട് വരും.  

അഞ്ചാറു മാസം കൊണ്ട് ദാബ്രി-റൊമാരി ഘാട്ടിയിലെ ഘാട്ടിയാല്‍ ആയി മാറി കൊസ്രു. ദിവസവും ആയിരത്തോളം മാടുകള്‍ വരുന്ന ഈ ഘാട്ടിയില്‍ പകുതിയോളം കൈകാര്യം ചെയ്തത് അവനായിരുന്നു. ഇന്ത്യയില്‍ നിന്ന് ദിനേന പശു സംരക്ഷകരെപ്പറ്റിയും പശുക്കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന ഞാന്‍ വിശ്വസിക്കാതെ തലവെട്ടിച്ചു.

നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ചു ഒന്നുമറിയില്ല. അയാള്‍ പറയുകയാണ്. പതിനായിരക്കണക്കിന് പശുക്കള്‍ ബംഗ്ലാദേശിലേക്ക് വന്നില്ലെങ്കില്‍ ഇന്ത്യയിലെ റോഡില്‍ മുഴുവന്‍ പശുക്കളായിരിക്കും. അയാള്‍ പറഞ്ഞു.
 ഇന്ത്യയിലെ  റോഡുകളില്‍ ഇപ്പോഴും പശുക്കള്‍ക്ക്  കുറവൊന്നുമില്ല. ഞാന്‍ പറഞ്ഞു. 
ഒരു കൊല്ലം ഇരുപത്തഞ്ച് ലക്ഷത്തിനടുത്ത് പശുക്കള്‍ അതിര്‍ത്തി കടന്നുവരും, അതാണ് കണക്ക്, ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ആണ്. ഡല്‍ഹിയിലെയും ഡാക്കയിലെയും രാഷ്ട്രീയക്കാരും പട്ടാളക്കാരുമൊക്കെ അറിഞ്ഞുകൊണ്ടുള്ള ഏര്‍പ്പാടാണ്. പശു സംരക്ഷകര്‍ വന്നത് കടത്തുകാര്‍ക്ക് ലാഭമായി. പണ്ട് വീടുകളില്‍ പോയി വിലപേശി വാങ്ങിയിരുന്ന പശുക്കളെയും കാളകളെയും ഉടമസ്ഥര്‍ തന്നെ റോഡിലേക്ക് കെട്ടഴിച്ചു വിടാന്‍ തുടങ്ങി. ഉരുവിനെ സൗജന്യമായി കിട്ടും. യാദവരും ജാട്ടുകളുമൊക്കെ കടത്തുകാരായത് കൊണ്ട് തല്ലിക്കൊല്ലുന്ന പേടിയില്ല.

ഒരു ബംഗ്ലാദേശി, ഇന്ത്യക്കാരനെ ഇന്ത്യന്‍ രാഷ്ട്രീയം പഠിപ്പിക്കുകയാണ്.

മിക്കവാറും അതിര്‍ത്തിയിലെ പട്ടാളക്കാര്‍ കണ്ണടക്കും. ഇടക്കൊക്കെ അവര്‍ ബോട്ടുകളില്‍ വന്നു പശുക്കളെ പിടിച്ചു കൊണ്ടുപോകും. പിന്നീടവയെ ലേലത്തിന് വെക്കും, കടത്തുകാര്‍ അതേ പശുവിനെ തിരിച്ചുലേലത്തില്‍ വാങ്ങും . 

ഇടക്കൊക്കെ അവര്‍ വെടിവക്കും. അങ്ങനെ ഒരു വെടിവെപ്പില്‍ കൊസ്രു കൊല്ലപ്പെട്ടു..

ഞാന്‍ അയാളോടൊപ്പം കൊസ്രുവിന്റെ വീട്ടിലെത്തി. അയാളുടെ അമ്മ മാത്രമാണ് അവിടെയിപ്പോള്‍ താമസം. അന്‍പതിനടുത്ത്  പ്രായം വരും. ജൂണിന്റെ കുട്ടിയെ ഇങ്ങോട്ടു വിളിച്ചുകൊണ്ട് വരാന്‍ കൊസ്രുവിനോട് പറയാനാണ് വന്നത്. ഇവരോട് പറഞ്ഞിട്ടെന്തിനാണ്, ഈ സ്ത്രീ എങ്ങനെ കുട്ടിയെ വളര്‍ത്തും? ആ കുട്ടി ഇവിടെ വന്നാല്‍ കഷ്ടപ്പെടുകയേ ഉളളൂ.  ഇവരോടൊന്നും  പറയാതെ തിരിച്ചു പോവുന്നതാണ് നല്ലത്.

മുസ്തഫ അവരോട് എന്നെപ്പറ്റി പറഞ്ഞു. കൊസ്രുവിന്റെ കൂട്ടുകാരന്‍ ഇന്ത്യയില്‍ നിന്ന് വന്നതാണ് എന്നാണ് ഞാന്‍ അയാളോട് പറഞ്ഞിരുന്നത്. അത് തന്നെ  ആയിരിക്കും അയാള്‍ ആ സ്ത്രീയോടും പറഞ്ഞിട്ടുണ്ടാകുക. ജൂണിന്റെ കാര്യം അയാളോട് പറയാതിരുന്നത് നന്നായി എന്ന് തോന്നി.

അവര്‍ അകത്തേക്കു പോയി. ഒരു സ്റ്റീല്‍ ഗ്ലാസില്‍ ചായയും ചെറിയൊരു പ്ലേറ്റില്‍ പലഹാരവും കൊണ്ട് വന്നു. പ്ലേറ്റിലേക്ക് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു. നെയ്യപ്പം. ഇത്തവണ ബംഗ്ലാദേശി നെയ്യപ്പമല്ല, കൃത്യമായ ആകൃതിയിലും നിറത്തിലും ലക്ഷണമൊത്ത കേരള നെയ്യപ്പം.

ഞാന്‍ ഒരു കയ്യില്‍ ചായയും മറ്റേ കയ്യില്‍ നെയ്യപ്പവും എടുത്തു. ഒരു കഷ്ണം നെയ്യപ്പം കടിച്ചു, കൊതിപ്പിക്കുന്ന മണവും സ്വാദുമുള്ള മൃദുവായ നെയ്യപ്പം! ചായ ഒരിറക്ക് അകത്തായ സ്ഥിതിക്ക് ജൂണിന്റെയും ആഗസ്റ്റിന്റെയും കഥ അവരോട് പറയണോ?

Content Highlights : Malayalam Story Kosru by Farook