യറ് വീര്‍ത്ത മീനുകള്‍ കനോലി കനാലില്‍ പൊന്തിക്കിടന്നു. നമ്മുടെ ചിഹ്നം എന്നെഴുതിയ നെഞ്ചുന്തിപാലത്തിന്റെ തൂണിന്റെ അടിയിലും നഞ്ഞു കലക്കിയതിനാല്‍, ചത്തുമലര്‍ന്ന മീനുകള്‍ അവിടെയും അടിഞ്ഞു കൂടിയിട്ടുണ്ട്. മഞ്ഞു നനഞ്ഞ പാലത്തിന്റെ കൈവരിയില്‍ തൊട്ടുനിന്നു കൊണ്ട് ശാരദേച്ചി ആ കാഴ്ച കണ്ടു. അടിയൊഴുക്കില്‍ കനാല്‍വെള്ളം ഒന്ന് മൂരിനിവര്‍ന്നു. മീന്‍രൂപം ചിതറിപ്പരന്ന് വീണ്ടും ഒന്നായപ്പോള്‍, അത് തന്റെ ഭര്‍ത്താവാണെന്നു ശാരദേച്ചിക്കു വെളിപ്പെട്ടു. കൈവരിയില്‍നിന്നു പിടിവിട്ടു അവര്‍ പാലത്തിലൂടെ ഓടി. പൊട്ടിപ്പൊളിഞ്ഞ പടികള്‍ കിതച്ചിറങ്ങി. ആ ദിവസത്തെ അവരുടെ ഭ്രാന്തിനു തുടക്കമായി.

'ഓള് പായുന്ന പാച്ചില് കണ്ടോ '

കനാലില്‍ എരുന്തു വാരുകയായിരുന്ന കണാരേട്ടന്‍ പറഞ്ഞു.

'ശാരദക്കു പുലര്‍ച്ചക്കുതന്നെ ഇളകിയ...'

എരുന്തു വാരി പൊങ്ങിയ ബാബു അവര്‍ പായുന്നതും നോക്കി നിന്നു. കണാരേട്ടന്‍ കുട്ടയുമായി വീണ്ടും വെള്ളത്തില്‍ മുങ്ങി. അപ്പുറത്തെ കണ്ടല്‍ കൂട്ടത്തില്‍ നിന്നു കൊറ്റികള്‍ പറന്നു.
 'കണ്ടങ്കുട്ടി പോയതോടെയാ ഓള്‍ക്ക് പിരാന്തു മൂത്തത് 'കണാരേട്ടന്‍ എരുന്തുകുട്ടയുമായി കരയിലേക്ക് കിതച്ചു കയറി.
 'രണ്ടു പിള്ളേര് വീച്ചം വെച്ചിട്ടും ഓള്‍ടെ വട്ടു മാറിയിട്ടില്ല..'
കല്‍കെട്ടില്‍ തിരിക്കിവെച്ച ബീഡിപ്പൊതി എടുത്തുകൊണ്ട് ബാബു നടന്നു

ശാരദേച്ചി അപ്പോഴേക്കും കുമാരന്റെ ടീ ഷാപ്പില്‍ എത്തിയിരുന്നു. പലഹാര ചില്ലുകൂട്ടിലുടെ കുമാരേട്ടന്‍ അവരെ കണ്ടു. ശാരദേച്ചി വെള്ളേപ്പത്തിന്റെ മണം മൂക്കിലേക്ക് വലിച്ചു കയറ്റിക്കൊണ്ടവര്‍ ഒറ്റശ്വാസത്തില്‍ ചോദിച്ചു 'എന്റെ കുട്ടിയേളെ കണ്ടിനോ'

പതിവ് ചോദ്യം ആയതുകൊണ്ട് കുമാരേട്ടന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു 'അന്റെ കുട്ട്യളേം നോക്കിനടക്കലല്ല എന്റെ പണി'

കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ട് മേശപ്പുറത്തു വെച്ച ശേഷം ശാരദേച്ചി ചില്ലുകൂട്ടില്‍ നിന്നു രണ്ടു കായപ്പം എടുത്തുകൊണ്ടു ഓടിപോയി. നേരം നന്നായി വെളുത്തു. ആ ഓട്ടം ചെന്നവസാനിച്ചത് എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ആണ്.

'ന്റെ രണ്ടു കുട്ട്യേളേം കാണാന്‍ല്ല സാറെ'
'ശാരദ ഇപ്പോ പോ... ഞങ്ങള്‍ അന്വേഷിക്കാം'

അവര്‍ പോയൊന്നും ഇല്ല. ഏറെ നേരം അവിടുത്തെ വരാന്തയില്‍ കൂനിക്കൂടി ഇരുന്നു. കായപ്പം തിന്നു തീര്‍ത്തു. കയ്യില്‍ പറ്റിയ എണ്ണമയം മുഷിഞ്ഞ നിറമുള്ള മാക്‌സിയില്‍ തുടച്ചു. വെയിലിനു ചൂട് പിടിച്ചുതുടങ്ങും മുമ്പ് എങ്ങോട്ടോ പാഞ്ഞു.ആ ഓട്ടത്തിനിടയില്‍ പല്ലില്‍ പറ്റിയ മധുരം നാവുകൊണ്ടു തപ്പിയെടുത്തു നുണഞ്ഞു.

' ചെക്കന്മാരെ കൈയില്‍ കിട്ടിയാല്‍ ഞാനിന്നു പൊതിരെ തല്ലും' 
  പാച്ചിലും പിറുപിറുപ്പും ഒരേ വേഗത്തില്‍ ആയിരുന്നു.

ഇരുപത് കൊല്ലമായി ഈ ഓട്ടം തുടരുന്നു. ശാരദേച്ചിയുടെ മൂത്ത മോനിപ്പോള്‍ പതിനെട്ടു വയസായി.
'രണ്ടാമത്തോന്‍ പത്താം ക്ലാസ് കഴിഞ്ഞിപ്പോ കൂലി പണിയാ'
 കനോലി കനാലിന്റെ തിണ്ടില്‍ ഇരുന്നു പുകവിട്ടുകൊണ്ടിരുന്ന നാരായണി തള്ള ശാരദേച്ചിയുടെ നിഴല്‍ വെള്ളത്തില്‍ ഒരു മിന്നായം പോലെ കണ്ടപ്പോള്‍ നെടുവീര്‍പ്പിട്ടു.

മുഷിഞ്ഞ വേഷം ധരിച്ച ഒരു അവതാരം പോലെ നാട്ടുകാരുടെ മുന്നില്‍ അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന വെളിപാടായിരുന്നു ശാരദേച്ചി. പിറുപിറുത്തും ചിലപ്പോള്‍ ഉറക്കെ പുലമ്പിയും മറ്റുചിലപ്പോള്‍ പ്രവചിച്ചും അവര്‍ ആള്‍ക്കാരെ നേരിട്ടു. അപൂര്‍വമായി ആ ദേശത്തിന്റെ ഏകാന്തത പേറി നടന്നു.'എന്റെ കുട്ട്യളെ കണ്ടിനോ? '

' ചെക്കമ്മാരൊപ്പം സിനിമക്ക് പോണത് കണ്ടീനല്ലോ ' സൈക്കിള്‍ ഉന്തിപോന്ന തനിയന്‍ കുട്ടി പറഞ്ഞു. കേട്ട പാതി ശാരദേച്ചി ത്രിവേണി ടാക്കീസിലേക്കു ഒറ്റപ്പാച്ചിലാണ്. സിനിമ തീരും വരെ അവര്‍ സംഭാഷണം കാതോര്‍ത്തിരുന്നു. ആ വൈകാരികതകള്‍ക്കൊന്നും അവരുടെ മനസിനെ തൊടാനായില്ല.

'എടാ അന്റെ അമ്മ്യതാ നിക്കുന്നാ... '
കൂട്ടുകാര്‍...നാട്ടുകാര്‍.. എല്ലാരും നോക്കിനില്‍ക്കേ മക്കള്‍ ആള്‍ക്കൂട്ടത്തില്‍  മറഞ്ഞു. കളിയാക്കലിനു കാതുപൊത്തി... പാഞ്ഞു സൈക്കിളില്‍ക്കേറി..

'എവടെ പോയാലും തള്ള സൈ്വര്യം തരൂലാ... ' സൈക്കിള്‍ ചവിട്ടുമ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു 
' അമ്മയല്ലേ കൊല്ലാന്‍ പറ്റോ ! '
ആ കരുതല്‍ മക്കള്‍ക്കൊപ്പം പാഞ്ഞുകൊണ്ടു വീടെത്തി.

മക്കള്‍ അകത്തുകേറിയപ്പോള്‍, വീടാകെ വറുത്തരച്ച ഞണ്ട് കറിയുടെ മണം.അമ്മ വിളമ്പി വെച്ചിരിക്കുകയാണ്. നാട്ടുഞണ്ടാണ് നല്ല രുചിയാണ് രണ്ടാള്‍ക്കും പെരുത്തിഷ്ട്ടാണ്... പണ്ട് അമ്മ തോട് പൊളിച്ചു ഞണ്ടിറച്ചി ചോറുരുളക്കൊപ്പം വായില്‍ വച്ചു തരുന്നത് ഓര്‍ത്തുകൊണ്ട് അവര്‍ കഴിക്കാനിരുന്നു. ഒരു പിടി എടുത്തപ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍.. കറികൂട്ടിക്കുഴച്ച വറ്റെടുത്ത് അടുക്കള മുറ്റത്തെ കോഴിയുടെ മുന്നില്‍ വിതറി ബൈജു നിന്നു. കോഴിക്ക് പിന്നാലെ പൂച്ചയും വന്നു. ഒരു വസ്സി ചോറ് ബൈജു അതിന്റെ മുമ്പിലേക്കും  നീക്കിവച്ചു. അവറ്റകള്‍ മൂക്കറ്റം തിന്നു. ബൈജു കാത്തിരുന്നു... കനോലി കനാലിലൂടെ പച്ചത്തേങ്ങയുമായി ഒരു തോണിപ്പാട്ട് ഒഴുകിപോയി. കോഴിയും പൂച്ചയും ചത്തു. 
    

balu

പൈതലിനെ പോലെ തേങ്ങിക്കൊണ്ട് ഒരു കലം ചോറും വലിയ ചട്ടി ഞണ്ടുകറിയും ബൈജു നോക്കി നില്‍ക്കെ അനിയന്‍ ഷിജു കുഴിച്ചിട്ടു. ആ നേരമത്രയും ശാരദേച്ചി കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. അടുത്തദിവസം ജീവനില്ലാത്ത ഒരു കോഴിയും പൂച്ചയും കനോലി കനാല്‍ വഴി കോരപ്പുഴയിലേക്കു ഒഴുകി പോകുന്നത് പലരും കണ്ടു.

ഇടക്ക് ഭ്രാന്തു മൂക്കുമ്പോള്‍ ശാരദേച്ചി ഭക്ഷണത്തില്‍ വിഷം കലക്കും. ചുറ്റിലും ശത്രുക്കള്‍ ആണെന്നാ പറച്ചില്‍.
പുരയിടം കൈക്കലാക്കാന്‍ വരുന്നവര്‍
പൂതിമാറ്റാന്‍ വരുന്നവര്‍, അങ്ങനെ ദുരുദ്ദേശം ഉള്ളവര്‍ കുറെ ഉണ്ട്.
അവരെ തുരത്താന്‍ വിഷം വെക്കുന്നതാണ്. കുറച്ചു കഴിയുമ്പോള്‍ ആളാ വിചാരം മറന്നുപോകും. ഒരിക്കല്‍ മക്കള്‍ കഞ്ഞിക്കൊപ്പം കഴിച്ച ചക്കപ്പുഴുക്കില്‍ ആണ് പണി വെച്ചത്. അന്ന് ഛര്‍ദിച്ചു ഛര്‍ദിച്ചു ചത്തില്ലെന്നേ ഉള്ളു. താലൂക്കാശുപത്രിയില്‍ ചെന്നപ്പോ ' എന്റെ കുട്ടിയോളെ ആരോ കൊല്ലാന്‍ നോക്കി ' എന്നാണ് ശാരദേച്ചി നെഞ്ചിലടിച്ചു കരഞ്ഞത്.

'ഓളെ കരച്ചില്‍ ഇന്നും ഇന്നലെ...തൊടങ്ങിതല്ല... എത്ര കൊല്ലായി. കണക്കന്‍ ചത്തപ്പോ ഓളെ ജീവിപ്പിച്ചത് പ്രാന്താണ് ' നാരായണി തള്ളക്കു ശാരദേച്ചിയോടു സ്നേഹമാണ്. മോളെപോലെ കരുതലാണ്. അയല്‍ക്കാരാണേലും വീട്ടില്‍ പോകില്ല. അവരവസാനം ആ ചെത്തി തേക്കാത്ത വീട്ടില്‍ കേറിയത് കണ്ടങ്കുട്ടിയുടെ ശവം കാണാനായിരുന്നു.
ശാരദേച്ചി കുമ്പളപ്പം ഉണ്ടാക്കിയിട്ട് നാരായണിത്തള്ളയെ വിളിക്കും, 'ഓന്‍ ഇല്ലാത്ത വീട്ടിലേക്കു ഞാനില്ല 'നാരായണിത്തള്ളക്കു ആ വീടുകേറാന്‍ പേടിയാണ്. ആ വീടിനും ഓളെ സ്വഭാവാന്നാണ് അവരുടെ ന്യായം.

അമ്മ ഉറങ്ങുമ്പോള്‍ ഷിജു അടുത്ത് വന്നിരുന്നു. കാലില്‍ തൈലം പുരട്ടിക്കൊടുത്തു ഓടിത്തേഞ്ഞ ചക്രം പോലെ മടമ്പ് വിണ്ടുകീറിയിട്ടുണ്ട്. അവന്‍ കുഴിവെട്ടുമ്പോള്‍ കരഞ്ഞതുപോലെ വീണ്ടും കരഞ്ഞു. തൈലത്തിന്റെ മണം സഹിക്കാന്‍ പറ്റാത്തതിനാല്‍ ആവാം, അമ്മയുടെ ഓട്ടം കടംകൊണ്ട് ബൈജു പുറത്തേക്കു പാഞ്ഞു. കനോലി കനാലില്‍ ചാടി നോക്കെത്താ ദൂരത്തോളം നീന്തി. എരുന്തുവാരുന്നവരും വീശുകാരും കോരുവലക്കു കാവലിരുന്നവരും കരുതിയത് ശാരദേച്ചി വെള്ളം കലക്കുകയാണെന്നാണ്. വലിയ ഇരുമീനുമായാണ് അവനന്ന് വിടണഞ്ഞത്. എന്നത്തേയും പോലെ അമ്മ രാപ്പട്ടിണി കിടന്നുറങ്ങിപ്പോയിരുന്നു. മെലിഞ്ഞ ആ രൂപം മരക്കട്ടിലിനു ഒട്ടും ചേര്‍ച്ച കൊടുത്തിരുന്നില്ല.
 
'മൊഞ്ചത്തിയായിരുന്നു ശാരദ. നാട്ടിലെ ആണിനും പെണ്ണിനും ഓളോട് അസൂയായിരുന്നു.'തൊണ്ടുതല്ലുന്ന പെണ്ണുങ്ങളോട് നാരായണിത്തള്ള പഴമ്പുരാണം പറയും.'ഓളെ കല്യാണ സാരീടെ നിറം എനക്കിപ്പോഴും ഓറ്മിണ്ട്... രണ്ടാമത്തോനെ പേറാന്‍ ആശുപത്രി പോയപ്പോ അതുടുത്തിട്ടു അവസാനം ഞാന്‍ ഓളെ കണ്ടേ..' ചകിരി പോലെയാണിപ്പോള്‍ ശാരദേച്ചിയുടെ മുടി. നരയും വീണിട്ടുണ്ട്. പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായം തോന്നും കോലം കണ്ടാല്‍. 
  
പിള്ളേര് കൂലിപ്പണിക്കോ ഏതെങ്കിലും കല്യാണപ്പുരയിലോ പോയി നേരം വൈകിയാല്‍ ശാരദേച്ചി രാത്രിയും തിരഞ്ഞുനടക്കും. നാലുകട്ട ടോര്‍ച്ച് ഉണ്ടാവും കൈയില്‍. റാക്ക് കാച്ചുന്ന രാജൂട്ടി ഒരിക്കല്‍ അസമയത്തു ശാരദേച്ചിയെ കണ്ടുപേടിച്ചു പോയിട്ടുണ്ട്.
 'രാത്രി കണ്ടാല്‍ പേടിയാവെങ്കിലും ഓള് ആരെയും ഉപദ്രവിക്കൂലാന്ന്. 'രാജൂട്ടി പറയും. അത് നേരാണ്. രാവും പകലും ഒരേ സ്വഭാവം ഉള്ള ഒരാളെ ഈ നാട്ടിലുള്ളൂ അത് ശാരദേച്ചിയാണ്.
 ആര്‍ക്കും ശാരദേച്ചിയെ പേടിയില്ല. എന്നാല്‍ ഭ്രാന്ത് വരും മുമ്പേ മൂപ്പത്തിക്ക് നാട്ടുകാരെ പേടിയായിരുന്നു. അന്തിയായാല്‍ വാതിലടച്ചു സാക്ഷ ഇടും. ഉരല്‍ ഉന്തി വാതിലിനു തടവെക്കും.
 'കണ്ടങ്കുട്ടി മരിച്ചെന്ന് ശേഷാ ഓള്‍ക്ക് പേടി തുടങ്ങിയെ... എങ്ങനെ പേടിക്കാണ്ടിരിക്കും, അന്തിക്ക് ചില എരപ്പന്മാര് വന്നു വാതിലില്‍ മുട്ടും. 'നാരായണിത്തള്ള നാറികളുടെ പേരുമാത്രം പുറത്തു പറഞ്ഞില്ല. രാജൂട്ടി രണ്ടൗണ്‍സ് റാക്ക് കൊടുത്തിട്ടും നാണിത്തള്ള അത് മിണ്ടിയിട്ടില്ല.

'ഒരുത്തന്റെ പൂതിയും ഓളെടുത്തു നടക്കൂല, അന്നും ഇന്നും'
ശാരദേച്ചിയുടെ ഭ്രാന്തിനോളം പഴക്കമുള്ള ഒരു കൊടുവാള്‍ ഉണ്ട് അവരുടെ വീട്ടില്‍. ഉറങ്ങാന്‍ നേരം അതെടുത്തു തലയണക്കു അടിയില്‍ വെക്കും. ആ ശീലം അവര്‍ക്കു ഇപ്പോഴും ഉണ്ട്. അന്നൊക്കെ ഉറക്കം വരുംവരെ കറുത്ത മക്കളെ കെട്ടിപിടിച്ചു കിടക്കും. ആണ്‍ തുണ ഇല്ലാത്തോള്‍ക്കു അന്തിയായാല്‍ കൊടുവാള്‍ തുണ. കണ്ടങ്കുട്ടിക്കൊപ്പം ഓടിപ്പോരുമ്പോള്‍ കാലം കൊടുത്തതാണ് അവര്‍ക്ക് ധൈര്യം.

 കാമ്പ്രത്തു കാവില്‍ അടുത്തമാസം തിറയുത്സവം ആണ്. അതിനു ഒരാഴ്ച മുമ്പേ വിനോദന്റെ കല്യാണം. രണ്ടും നിശ്ചയിച്ചതിനാല്‍ രാജൂട്ടിക്കാണ് തിരക്ക്. റാക്ക് കാച്ചണം. ചില്ലറയൊന്നും പോര. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കുടിച്ചു കൂത്താടാന്‍ ഉള്ളതാണ്.
കനോലി കനാലിന്റെ കരയിലുള്ള കൈതക്കാട് കഴിഞ്ഞുള്ള ചതുപ്പിന്റെ ഇപ്പുറം നവസാരം കലക്കിയത് നാലു തപ്പു കുഴിച്ചിട്ടു. വീര്യം കൂട്ടാനായി ബാറ്ററി പൊട്ടിച്ചെടുത്ത തണ്ടും പൊടിച്ചു ചേര്‍ത്തിരുന്നു. പറങ്കിമാങ്ങയും നെല്ലും ചേര്‍ത്ത രണ്ടിനം വീര്യമാണ് രാജൂട്ടി വാറ്റാന്‍ പോണത്.
'ഇപ്രാവശ്യം ഇമ്പള് പൊടിപൊടിക്കും'
'പ്രാക്ക് വെക്കല്ലെ പഹയാ...'
തപ്പു കുഴിച്ചിടം അടയാളം വെക്കുമ്പോള്‍ രാജൂട്ടി സഹായി ദാസനോട് പറഞ്ഞു.

അന്ന് വെള്ളം കൂട്ടാതെ നല്ലോണം ഇറക്കിയശേഷം അവര്‍ ഞണ്ടിനെപ്പിടിക്കാന്‍ കനോലി കനാലിലേക്ക് പോയി. വിനോദനും ചൂണ്ടയില്‍ കോഴിത്തല കെട്ടി വെള്ളത്തില്‍ അനക്കം നോക്കി ഇരിപ്പുണ്ടായിരുന്നു. നിലാവില്‍ ബദാം മരത്തിന്റെ ചുവന്ന ഇലകളില്‍ കാറ്റു പിടിച്ചിരുന്നു.മൂവരും ജീവിതം പറഞ്ഞിരിക്കുമ്പോള്‍ അതുവഴി ശാരദേച്ചി വന്നു.
'കനാല്ലു ആരോ വെഷം കലക്കിണ്ട്... പിടിച്ച മീനൊന്നും പോരെ കൊണ്ടൊണ്ട..'
ആരും ഒന്നും പറഞ്ഞില്ല. ഒന്ന് തിരിഞ്ഞു നിന്നശേഷം ഒരു കല്ലെടുത്തു അവര്‍ വെള്ളത്തിലേക്കിട്ടു. ആമ്പലില കീറി. എല്ലാരും ചിരിച്ചു.
 'എന്റെ കല്യാണാണ് ഇങ്ങള് വരണം. '
 'ഇയ്യി വിളിക്കാഞ്ഞാലും ഞാന്‍ വരും '
 ഇതും പറഞ്ഞു അവര്‍ ഇരുട്ടില്‍ മറഞ്ഞു. കൈയിലുള്ള ടോര്‍ച്ച് അവര്‍ തെളിച്ചതേ ഇല്ല. ഞണ്ട് കുടുങ്ങുംവരെ മൂവരും ബദാം കായ പൊട്ടിച്ചു പരിപ്പെടുത്തു നേരം പോക്കി. ശാരദേച്ചി മരച്ചോട്ടില്‍ പെറുക്കി കൂട്ടിയിട്ടതായിരുന്നു അവയത്രയും.

നെറ്റിയിലും കൈക്കും വലിയ മുറിപ്പാടുള്ള  കോരപ്പേട്ടനും കണാരനും കന്നുപൂട്ടുകാരായ ചങ്ങായിമാരായിരുന്നു. വയസായിട്ടും രണ്ടാളുടെയും കൈതഴമ്പ് മാറിയിട്ടില്ല. ഉരുക്കാണ് ശരീരം. ദാസനാണ് വിഷയം എടുത്തിട്ടത്.
 'ഇപ്പളും പെണ്ണുങ്ങളെ കണ്ടാ ചെനച്ച മൂരിടെ സ്വഭാവാ രണ്ടിനും ' 
 ഞണ്ടിന്റെ കാലു വാഴനാരുകൊണ്ടു കൂട്ടികെട്ടുമ്പോള്‍ രാജൂട്ടി പറഞ്ഞു. അപ്പോള്‍ ദൂരെ നിന്നു ഒരു സൈക്കിള്‍ വെട്ടം കണ്ടു .ബൈജുവാണ്.
'എനക്കൊക്കെ നേരത്തിനും കാലത്തിനും പൊര അടങ്ങിക്കുടെട...' അവനെ കണ്ടതും രാജൂട്ടി ചൂടായി. അവന്‍ ചിരിച്ചു കൊണ്ട് നിലാപിശുക്കുള്ള നടവഴിയിലൂടെ സൈക്കിള് ഓടിച്ചുപോയി. ഇരുട്ടിലും ബെല്‍ മുഴങ്ങി.
മഴക്കാറ് മൂടിയ ഒരു ദിവസം ബാബുവും കണാരേട്ടനും ബീഡിയും വലിച്ചു ചീപ്പിന്റെ അടുത്ത്, ഒഴുക്കൊച്ച ആസ്വദിച്ചു നേരം പോക്കുകയായിരുന്നു.അവരുടെ സ്വകാര്യതയിലേക്കു ശാരദേച്ചി പാഞ്ഞെത്തി. കൊടുവാളുണ്ടായിരുന്നു കൈയില്‍. അവര്‍ പേടിച്ചൊന്നും ഇല്ല.
'എന്റെ ചെറിയ ചെക്കനെ കണ്ടിനോ? '
'ഈ വഴിക്കൊന്നും വന്നില്ലാലോ...'
കണാരേട്ടന്‍ ബീഡി കുത്തിക്കെടുത്തി.
'ചെക്കന്‍ ടൂര്‍ പോയതാന്ന്, ന്റ്റെ മോനും പോയ്യിക്കിന്ന്. പിള്ളേര്‍ക്ക് ഒരു സൈ്വരോം കൊടുക്കുല ഓള് ' ശാരദേച്ചി മറഞ്ഞപ്പോള്‍ ബാബു പറഞ്ഞു.
 'നാട്ടാരാണ് ഓളെ ഇങ്ങനാക്കിയെ... മാനം രഷിക്കാന്‍ വേണ്ടി പിരാന്തഭിനയിച്ചഭിനയിച്ചു അത് സ്ഥിരായിപ്പോയി '
കണാരേട്ടന് വിതുമ്പാന്‍ മുട്ടി. കണ്ണ് നനയുന്നത് കാണാതിരിക്കാന്‍ അയാള്‍ ആഞ്ഞു പുകയൂതി.
'കണ്ടങ്കുട്ടി എന്റെ വലിയ ചങ്ങായിയെനി... ഓളെ ഇറക്കിക്കൊണ്ടൊരാന്‍ കൂടെപോയതു ഞാനാ... തെങ്ങുമിന്ന് വീണു ചത്തപ്പോ ഓള് മാത്രല്ല ഞാനും നാന്നായിധം ആയിപോയി. '

അവരിരുന്ന ചീപ്പിന്റെ ഭാഗത്തു കനാലിലെ ചളി മണത്തു. ദഹിപ്പിക്കാനായി ശവം ചേരിയില്‍ പൊതിഞ്ഞു ചളിപൊത്തിയത് കണാരേട്ടന് ഓര്‍മ്മ വന്നു.
   'ഈ നാട്ടില്‍ ആദ്യം പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീരം ഓന്റെയാണ് '
   ബാബു ഒന്നും മിണ്ടിയില്ല. ദൂരെ നെഞ്ചുന്തിപാലത്തില്‍ തല ചൊറിഞ്ഞു നില്‍ക്കുന്ന ശാരദയെ അയാള്‍ അന്തിവെയിലിനൊപ്പം കണ്ടു. ആ വെളിച്ചം ചിത കത്തുന്നതിന്റേതായി കണാരേട്ടനും തോന്നി.
   വേലിയിറക്കമുള്ള ഒരു വൈകുന്നേരം തനിയന്‍ കുട്ടി പള്ളനിറച്ചും മോന്തി കനാല്‍ക്കരവഴി വരികയായിരുന്നു. കൈതക്കാടിനരികില്‍ എത്തിയപ്പോഴേക്കും ഒരു ഒച്ച കേട്ടു. കുറുക്കന്‍മാരാണ്.അയാള്‍ക്ക് പേടി തോന്നി. കൂട്ടത്തോടെ ആക്രമിച്ചാല്‍ പിന്നെ കുടിച്ചുനടക്കാന്‍ ഈ ജന്മം പറ്റില്ല. അയാള്‍ പാടുപെട്ടു മുണ്ട് മടക്കിക്കുത്തി ചതുപ്പോരം വഴി ഓടി. നിന്നത്, രാജൂട്ടി തപ്പു കുഴിച്ചിട്ട ഇടത്താണ്. കിതപ്പ് മാറ്റി ഇരിക്കാന്‍ നോക്കിയതും, അയാള്‍ പേടിച്ചു പോയി. അഞ്ചു കുറുക്കന്മാര്‍ പുല്ലില്‍ മയങ്ങി കിടക്കുന്നു. തനിയന്‍ കുട്ടി വീണ്ടും കിതച്ചോടി.
ഓട്ടം അവസാനിച്ചത് രാജൂട്ടിയുടെ അടുത്താണ്.അയാള്‍ പാരയില്‍ തേങ്ങ പൊളിക്കായിരുന്നു.
   ' കാംബ്രത്തമ്മേ...'
   സംഗതി കേട്ടതും മണ്ണില്‍ നിന്നു പാര വലിച്ചൂരി രാജൂട്ടി കൈതക്കാട്ടിലേക്ക് പാഞ്ഞു. തനിയന്‍കുട്ടി പിറകെ എത്തിയപ്പോഴേക്കും കലിമൂത്ത രാജൂട്ടി ഒരു കുറുക്കന്റെ തല പിളര്‍ത്തിരുന്നു. പിടച്ചിലോ കരച്ചിലോ ഉണ്ടായില്ല.നവസാരം കുടിച്ചു മയങ്ങി പോയ മറ്റു നാലുകുറുക്കന്മാരെയും രാജൂട്ടി പാരകൊണ്ട് തല്ലിക്കൊന്നു. അന്ന് രാത്രി കനോലി കനാലില്‍ വേലിയേറ്റമുണ്ടായി. തനിയന്‍ കുട്ടിയും രാജൂട്ടിയും കല്‍കെട്ടിലിരുന്ന് നേരം വെളുത്താലും കെട്ടിറങ്ങാത്തവിധം കുടിച്ചുകൊണ്ടിരുന്നു.കൈതക്കണ്ടത്തില്‍ നിന്നു നിര്‍ത്താതെ ഒച്ച കേട്ടതിനാല്‍ രാജൂട്ടി ബദാം മരത്തില്‍ കയറി ദൂരേക്ക് നോക്കി. അവിടെ ശാരദേച്ചി ഇനി കൂവാന്‍ കഴിയാത്ത കുറുക്കന്മാരെ കുഴിച്ചിടുകയാണ്.
   ബദാം മരം കാറ്റില്‍ ഒന്ന് വിറച്ചു.

വിനോദന്റെ കല്യാണത്തിന് റാക്ക് നല്ലോണം ഒഴുകി. രാജൂട്ടി തന്നെയാണ് സാധനം സംഘടിപ്പിച്ചു കൈകാര്യം ചെയ്തത്. എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് ശാരദേച്ചി കല്യാണപ്പുരയില്‍ നിറഞ്ഞുനിന്നു. തന്റെ കല്യാണസാരി ഉടുത്താണ് അവര് വന്നത്. വലിയ  വട്ടപ്പൊട്ടു കൂടി തൊട്ടതിനാല്‍ മറ്റാരോ ആണെന്നാണ് എല്ലാരും ആദ്യം കരുതിയത്. കൈയില്‍ ഒരു നീണ്ട കടലാസ് പൊതി ഉണ്ടായിരുന്നു. അവര്‍ പെണ്ണിനോടും ചെക്കനോടും അല്ലാതെ മറ്റാരോടും ചിരിച്ചില്ല. ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല.
   'ഇങ്ങളെന്തിനാ ഇടെ തിരിഞ്ഞുകളിക്കുന്നെ, വേഗം പോയിക്കോളിന്ന്.' ബൈജു ആള്‍ക്കൂട്ടത്തില്‍ നിന്നു അമ്മയെ നുള്ളി.
   ചെക്കന്റേയും പെണ്ണിന്റെയും അടുത്തുള്ള തിരക്ക് ഒഴിയാന്‍ കാത്തുനില്കാതെ ശാരദേച്ചി കൈയില്‍ കരുതിയ പൊതി പുതുപെണ്ണിന് സമ്മാനിച്ചു.
   'പെണ്ണാണെന്ന് വിചാരിച്ചു ഈയ് പേടിക്കൊന്നും വേണ്ട.'
   ഇതും പറഞ്ഞു ശാരദേച്ചി ഒരു പാച്ചിലങ്ങു പാഞ്ഞു!
   പൊതിയില്‍ തുരുമ്പെടുത്തൊരു കൊടുവാള്‍!
   'എത്ര കൊല്ലായി ഓള് ഇങ്ങനെ നടക്കുന്നു. ഡോക്ടറെ കാണിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല.' നാരായണിത്തള്ള സദ്യ കഴിച്ചു കൈകഴുകുമ്പോള്‍ ആണ് ശാരദേച്ചിയുടെ പാച്ചില്‍ കണ്ടത്. അവര്‍ ചിരട്ട വെള്ളത്തിലേക്കിട്ടു സങ്കടം നീട്ടി തുപ്പി.
   'പിള്ളേര് സ്‌കൂള് പഠിക്കുമ്പോ ഓള് കായപ്പൂം പഴംപൊരിയും ആയിട്ട് ആടെ ചെല്ലും. എന്നിട്ട് ജനലിന്റെ ഉള്ളുക്കൂടെ ബൈജുനും ഷിജുനും എറിഞ്ഞു കൊടുക്കും. ഇപ്പളും പിള്ളേരാടെ പഠിക്കാനെന്നു കരുതി ഇടക്ക് ചെല്ലും '
   'എനക്ക് വേറൊന്നു കേക്കണോ...എന്നെ കാണുമ്പോക്കാണുമ്പോ ഒരു ഉറുപ്യ ചോയിക്കും.
നോട്ടൊന്നും ഓള്‍ക്ക് വേണ്ട. കോയിന്‍ തന്നെ വേണം.'
ബാബുവും ദാസനും കനോലി കനാലില്‍ മീന്‍ തപ്പി പിടിക്കുമ്പോള്‍ ശാരദേച്ചിയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.
'പക്ഷേ പിള്ളേര്‍ക്ക് ഓളെ വല്യ കാര്യട്ടോ'
സംസാരത്തിനിടയില്‍, കനോലി കനാലിലൂടെ ഒഴുകിവന്ന ഒരു ഉണക്കത്തേങ്ങ ബാബു എത്തിപ്പിടിച്ചു.
അന്നവര്‍ക്ക് വിചാരിച്ചതിലധികം മീന്‍ കിട്ടി.

ഒരു വേനല്‍ കാലത്താണ് കൊരപ്പേട്ടന്‍ പോയത്. കല്ലായി പുഴ മുതല്‍ കോരപ്പുഴ വരെ അയാള്‍ക്ക് കുടുംബക്കാരുണ്ടായിരുന്നു.
   'ഉച്ചക്കെടുക്കും '
   മരിച്ചവീട്ടില്‍ പോയി മടങ്ങുന്ന നാരായണിത്തള്ള,  കുമാരേട്ടനെ ഇടവഴിയില്‍ വെച്ചു കണ്ടു.
   'കുളിപ്പിക്കാന്‍ള്ള ബെഞ്ച് രാജൂട്ടിനോട് എടുത്തുകൊണ്ടോയിക്കോളാന്‍ പറഞ്ഞിന്. കുമാരാ ഓനെ കണ്ടാ ഇയ്യൊന്നു പറഞ്ഞേക്ക്'
   അല്പം കഴിഞ്ഞു രാജൂട്ടിയും ബാബുവും ചേര്‍ന്ന് മരബെഞ്ചു നെഞ്ചുന്തിപാലം കടത്തുന്നത് ശാരദേച്ചി കണ്ടു. അവര്‍ മരണവീട്ടില്‍ രണ്ടും വട്ടം കേറി ഇറങ്ങിയെങ്കിലും ശവം കാണാന്‍ കൂട്ടാക്കിയില്ല.
   വൈകുന്നേരം, രാജൂട്ടി നനവ് വറ്റാത്ത ബെഞ്ച് തലച്ചുമടായി കനാല്‍ കരയിലൂടെ നാണിത്തള്ളയുടെ വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ ശാരദേച്ചി ഓടിവന്നു റാക്ക് മണക്കുന്ന കിതപ്പിനു മുമ്പില്‍ നിന്നു.
   ' ഇയ്യ് ശവം കുളിപ്പിക്കുമ്പോള്‍... കഴുത്തിലും പള്ളക്കും ഉള്ള വെട്ടുപാടില്‍ ചെറുപയര്‍പൊടി തേച്ചിനോ ' 
   ഒറ്റശ്വാസത്തിലുള്ള ആ ചോദ്യത്തിന് മുന്നില്‍ രാജൂട്ടി പതറി. ശാരദേച്ചിയുടെ നോട്ടം സഹിക്കാന്‍ കഴിയാതെ തലച്ചുമടുമായി വേഗത്തില്‍ ചുവടു വെച്ചു. ഭാരം താങ്ങാനാവാതെ അയാള്‍ ഉടന്‍ വീഴുമെന്നു തോന്നി.
   അന്ന് നല്ല വെയിലുണ്ടായിരുന്നു. വിനോദന്റെ അമ്മ അടക്ക പാകിയ ചാക്ക് ഉതുപ്പത്തേക്ക് വലിച്ചിടുമ്പോഴാണ്, പിറകില്‍ നിന്നൊരു വിളി 
   'സതിയേടത്തിയെ എനിക്കിച്ചിരി കഞ്ഞെള്ളം കുടിക്കാന്‍ തരോ '
     ശാരദേച്ചി വിയര്‍ത്തു നില്‍ക്കാണ്. സതിയേടത്തി ഉപ്പിട്ട ഒരു ഗ്ലാസ് കഞ്ഞിവെള്ളം വറ്റോടെ കൊടുത്തു. ഒരിറക്ക് കുടിച്ചിട്ട് ശാരദേച്ചി ചോദിച്ചു 'മരോള്‍ക്കു പള്ളേലുണ്ടോ? '
     സതിയേടത്തി ചിരിച്ചു. ഗ്ലാസ് കാലിയാക്കി ശാരദേച്ചിയും ചിരിച്ചു. എന്നിട്ട് കൊലച്ചില്‍ കൂട്ടിയിട്ട കണ്ടം വഴി തൊട്ടാവാടിയെ വകവെക്കാതെ ഓടിപോയി.

അന്നുതന്നെയാണ് ആരു ശ്രദ്ധിച്ചാലും എനിക്കൊന്നുമില്ലെന്ന മട്ടില്‍ കണാരേട്ടന്‍ വിഷം പുരട്ടിയ ആണി ശാരദേച്ചിയുടെ തൊടിയിലെ മുതിര്‍ന്ന തെങ്ങില്‍ അടിച്ചു കേറ്റിയത്. അടുത്ത ദിവസം മീന്‍കഴുകിയവെള്ളം തെങ്ങിന്റെ കടക്കല്‍ ഒഴിക്കുമ്പോള്‍ ആണ് ശാരദേച്ചി അത് കണ്ടത്. തെങ്ങിന്റെ വേരിലും തടിയിലുമായി കുറെ വലിയ ആണികള്‍... കറയോലിപ്പിച്ചു തറഞ്ഞുകിടക്കുന്നു.
     'ആ തെങ്ങ് കാണുമ്പോ എനക്ക് ഓനെ ഓര്‍മ്മ വരും. അതാ ഓണക്കാന്‍ നോക്കിയെ '
  കണാരേട്ടന്‍ എരുന്തു വരുമ്പോള്‍ ബാബുവിനോട് പറഞ്ഞു.
  'പിണക്കം മാറി അമ്മായപ്പനും അമ്മായമ്മയും നല്ലേരം പോരെ വന്നപ്പോ എളന്നിയിടാന്‍ കേറിയതാ ഓന്‍...' സംഭവം നടന്ന അന്നേ ദിവസത്തെ പോലെ കണാരേട്ടന്‍ കരഞ്ഞു.
ആണി വലിച്ചൂരാന്‍ നോക്കി പരാജയപ്പെട്ടപ്പോള്‍ ശാരദേച്ചി അകത്തു കേറി വാതിലടച്ചു. രണ്ടൂസം കഴിഞ്ഞപ്പോള്‍ അവരെ കാണാതായി. ബൈജുവും ഷിജുവും മനസ് ചത്തു കനാല്‍ കരയില്‍ ഇരുന്നു.

   തിരഞ്ഞുമടുത്ത നാട്ടുകാര്‍ കുമാരേട്ടന്റെ ടീ ഷാപ്പില്‍ ഒത്തുകൂടി പോലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചു. ബാബു നൂറില്‍ വിളിച്ചു. ശാരദേച്ചി നൂറില്‍ വിളിക്കാറുള്ള അതെ കോയിന്‍ ബോക്‌സില്‍ നിന്നു തന്നെ. അപ്പോഴേക്കും നാരായണിത്തള്ള ഓടിക്കിതച്ചു വന്നു.
   'ഓള് തെങ്ങിന്റെ മണ്ടക്ക് കേറി ഇരിക്യാണ് '
  നാട്ടുകാര്‍ ഓടിവരുന്നത് ശാരദേച്ചി ഉയരത്തില്‍ ഇരുന്നു കണ്ടു. അവരൊരു കുലയില്‍ പിടിച്ചു തൂങ്ങി.നാട്ടുകാര്‍ ഓടിക്കൂടുംമുമ്പ് അവര്‍ ഒരു ഇളനീരിനൊപ്പം നിലംപതിച്ചു.

മഴക്കാലം കഴിഞ്ഞിട്ടും കണാരേട്ടന്‍  കനോലി കനാലില്‍ എരുന്തു വാരാന്‍ ഇറങ്ങിയതേ ഇല്ല. ഒരൂസം രാത്രി രാജൂട്ടിയും ദാസനും കനാല്‍ കെട്ടിന്റെ പൊത്തിലേക്കു ടോര്‍ച് അടിച്ചു ഞണ്ടും ഇരിമീനും കോരിപിടിക്കാന്‍ പോയപ്പോള്‍ ബാബുവിന്റെ നിര്‍ബന്ധപ്രകാരം കണാരേട്ടനും ഒപ്പം കൂടി. നിലാവുണ്ടായിരുന്നു, അന്ന് നല്ല കൊയ്ത്തായിരുന്നു. രാജൂട്ടിയുടെ അരയില്‍ വലിയകുപ്പി റാക്കുണ്ടായിരുന്നു. അവരുടെ ആനന്ദ രാത്രിയിലേക്ക്, കല്‍ക്കെട്ടിലൂടെ ഒരാള്‍ ഓടി വന്നു.
'ശാരദ! 'കണാരേട്ടന്‍ നെടുവീര്‍പ്പിട്ടു.
പാച്ചില്‍കിതപ്പ് അടുത്തെത്തി. അവരെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ബൈജു ചോദിച്ചു.
'ന്റെ അമ്മേനെ കണ്ടിനോ?'

Content Highlights: Malayalam story by Vinod Krishna