'ദുബായില്‍ ഒരു ക്ലബ്ബുണ്ട്... നാളെ ചെല്ലാന്‍ പറഞ്ഞു.''
റബ്ബേ, ഇതൊന്ന് കിട്ടിയാല്‍ മതിയായിരുന്നു.അല്ലെങ്കില്‍ എനിക്ക് ശരിക്കും വട്ടായിപ്പോകും അബ്ബാസ്‌ക്കാ '
വാക്കുകളെ ഉന്മാദത്തിന്റെ ഗോവണിപ്പടിയിലാണ് ഇര്‍ഫാന്‍ അവസാനിപ്പിച്ചത്. സ്വപ്നങ്ങളുടെ പത്തൊമ്പതാം വയസ്സിലാണ്, അവനിങ്ങനെ ജീവിതം മുഷിഞ്ഞു നടക്കുന്നത്.
'നിനക്ക് മൊബൈല്‍ ഇല്ലല്ലോ... പിന്നെങ്ങനെയാണ് അവർ നിന്നെ കോണ്‍ടാക്റ്റ് ചെയ്യുന്നത്.?'
രണ്ടാഴ്ച മുമ്പാണ് മൊബൈല്‍ മോഷ്ടിക്കപ്പെട്ടത്. 
റോള പാര്‍ക്കിലെ ബെഞ്ചില്‍, ഒരു രാത്രിയെ വെളുപ്പിക്കുന്നതിനിടയിലാണ്, അത്താഴം കഴിക്കാന്‍ നിവൃത്തിയില്ലാത്ത ഏതോ ഒരാള്‍ അവന്റെ മൊബൈല്‍ മോഷ്ടിച്ചത്. ആ മനുഷ്യന്‍ ഒരു പക്ഷേ, ഇന്ത്യക്കാരനോ ബംഗാളിയോ പാകിസ്ഥാനിയോ ആകാം. അല്ലെങ്കില്‍ എത്യോപ്യക്കാരനോ എരിത്രിയക്കാരനോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ആഫ്രിക്കന്‍ വംശജനോ ആകാം. ആ മനുഷ്യനെ കള്ളനെന്ന് വിളിക്കാന്‍ തോന്നിയില്ല. അത് കൊണ്ട് തന്നെയാണ് പോലീസില്‍ പരാതിയൊന്നും കൊടുക്കാതിരുന്നതും. പിന്നെ, മനസ്സും ആകെ ചിതറിക്കിടക്കുകയാണല്ലോ.
പോലീസ് സ്റ്റേഷനും കേസുമൊക്കെയായാല്‍ ഗുലുമാലാണ്.ലക്ഷ്യത്തിലേക്കെത്താന്‍ പിന്നെയും കുറേ ഓടേണ്ടി വരും. മനസ്സില്‍ കരുതി.
സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ്. ഇതിനിടയില്‍ കാലില്‍ തറക്കുന്ന മുള്ളുകളും ചില്ലുകളും ഊരി മാറ്റുക മാത്രമേ നിവൃത്തിയുള്ളൂ. മറ്റ് ലോകകാര്യങ്ങളിലേക്ക് മനസ്സ് തിരിച്ചു വിട്ടാല്‍ നഷ്ടം തനിക്ക് മാത്രമായിരിക്കും.

'എന്റെ സുഹൃത്തിന്റെ മൊബൈലിലേക്കാണ് അവര്‍ വിളിക്കാറ്. അവനെ എല്ലാ ദിവസവും പോയി കാണാറുണ്ട്'
അങ്ങനെ പറയുമ്പോള്‍ അവന്റെ കണ്ഠം അല്‍പമൊന്ന് ഇടറിയോ എന്നൊരു സംശയം.
എങ്ങനെയാണ് ഇടറാതിരിക്കുക? പള്ളിയുടെ ചേതിയും പാര്‍ക്കിലെ ബെഞ്ചും രാത്രി മെത്തകളായി രൂപാന്തരപ്പെട്ടിട്ട് ദിവസങ്ങളായി.
പള്ളി കക്കൂസുകള്‍ക്ക് ആരും വിലക്ക് കല്‍പിക്കാത്തതും ഒരനുഗ്രഹമായി.
'എളാപ്പ റൂമില്‍ നിന്നും ഇറക്കി വിട്ടപ്പോഴായിരുന്നു ഏറെ സങ്കടം. '
അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കണ്ണീര്‍ പുറത്തേക്ക് തുളുമ്പാതിരിക്കാന്‍ അവന്‍ ഏറെ ബദ്ധപ്പെടുന്നുണ്ടായിരുന്നു. അവന്റെ കണ്ണീര്‍ മറ്റൊരാള്‍ കാണുന്നത് അവന് ഇഷ്ടമല്ലായിരിക്കാം. ഗള്‍ഫില്‍, ഒറ്റക്കട്ടില്‍ സാമ്രാജ്യത്തിന്റെ അധിപരാണ് ഓരോരുത്തരും. ആ ഒറ്റക്കട്ടില്‍ സാമ്രാജ്യം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന്‍ ഇടം നഷ്ടപ്പെട്ടവനായി പുറത്താക്കപ്പെടുന്നത്. ഉപ്പയുടെ അനുജനാണ്. പണം പല വഴികളിലൂടെ ഒഴുകിയെത്തുന്നുണ്ട്. മകനായി കാണേണ്ടതാണ്. എന്നിട്ടും..

ഇര്‍ഫാന്‍ നിഷേധിയായതായിരിക്കാം കാരണം.
'നിന്റെയൊരു ഫുട്‌ബോള്‍. മര്യാദയ്ക്ക് പണിയെടുക്ക് ചെക്കാ. ഇല്ലേല്‍ എന്റെ റൂമില്‍ കിടക്കണ്ട 'അങ്ങനെ പറഞ്ഞ് കൊണ്ടാണ് അവന്റെ പുതപ്പും വസ്ത്രങ്ങളും ലേബര്‍ ക്യാമ്പിലെ ഇരുട്ട് മുറിയുടെ വാതില്‍ ചാടി പുറത്തേക്കെത്തിയത്. എല്ലാം വാരിപ്പിടിച്ച് ഇറങ്ങിയതാണ്.
കൂട്ടുകാരന്റെ ഒറ്റക്കട്ടിലിന്റെ അടിയില്‍ എല്ലാം ചുരുട്ടിക്കൂട്ടി വെക്കുമ്പോള്‍, ഇനി തന്നെയും കൂടി ഏത് കട്ടിലിലാണ് ചുരുട്ടി വെക്കുക എന്ന ചിന്ത അവനെ മേലാകെ മൂടിപ്പുതച്ചിരിക്കുന്നു.
'അബ്ബാസ്‌ക്കാ, ഒരു ഫുട്‌ബോള്‍ പ്ലയര്‍ ആകണമെന്നാഗ്രഹിക്കുന്നത് ഒരു വലിയ തെറ്റാണോ ? '
സ്വപ്നം കാണാനാണ് മനുഷ്യന്‍ ആദ്യം ശീലിക്കേണ്ടത്. പിന്നെ ആ സ്വപ്നസാക്ഷാത്കാരത്തിനുള്ള വഴി കണ്ടെത്തുകയും വേണം. ആ വഴിയിലൂടെയുള്ള യാത്രയാണ് ഏറെ ക്ലേശകരം. വിഷജീവികള്‍ ചുറ്റുപാടും വിഷം ചീറ്റിക്കൊണ്ടിരിക്കുന്നുണ്ടാകും. വഴിയില്‍  ചില്ലുകളും മുള്ളുകളും വാരി വിതറിയിട്ടുണ്ടാകും. പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ച് ജീവിതത്തിന് തീ കൊളുത്താന്‍ തോന്നും. ഒക്കെയും ചുട്ടെരിച്ച് സ്വയം ഇല്ലാതാകാനുള്ള വെമ്പലായിരിക്കും, അപ്പോള്‍ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരുന്നത്. 

ഇനിയും അവനെങ്ങനെയാണ് പിടിച്ചു നില്‍ക്കുക?  ശരീരം തീര്‍ത്തും മെലിഞ്ഞിരിക്കുന്നു. ഒരു നേരത്തെ പാതി ഭക്ഷണം മാത്രമേയുള്ളൂ. അതും പേരറിയാത്ത ഒരു തമിഴന്‍ അപ്പാക്കടക്കാരന്റെ ഔദാര്യം കൊണ്ട്.
ആരോഗ്യമില്ലെങ്കില്‍ ഇവനെങ്ങനെ നന്നായി കളിക്കും.
അറബി വീട്ടിലെ തള്ള കാണാതെയാണ് ഇപ്പോഴവന് കുറച്ച് ബിരിയാണി പുറത്തെത്തിച്ചത്. രാത്രി കഴിച്ചോട്ടെ.എവിടെയെങ്കിലുമിരുന്ന്.
അവനെ കൂടെ താമസിപ്പിക്കണമെന്നും ഭക്ഷണം കൊടുക്കണമെന്നുമുണ്ട്. പക്ഷേ, അറബിത്തള്ളയുടെ മാറിവരുന്ന ഭീകരമുഖം മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ഒരു ഞെട്ടലോടെ അത് വേണ്ടെന്ന് വെച്ചു. എന്നെ കാണാന്‍ വേണ്ടി മാത്രമാണ് അവന്‍ ഇത്രയും ദൂരം നടന്ന് വന്നത്. റോളയിലെ പള്ളിയുടെ ചേതിയില്‍ നിന്നും ഇവിടെ വരെ നടന്നു എന്നത് എന്നെ വല്ലാതെ അതിശയപ്പെടുത്തി. എങ്ങനെ അതിശയപ്പെടാതിരിക്കും. പുറത്ത്, എവിടെ പോകണമെങ്കിലും അറബി വീട്ടിലെ ഡ്രൈവറെയും കൂട്ടിയല്ലേ പോകാറുള്ളൂ. ഇവനെ ഡ്രൈവറോടൊപ്പം അയക്കാമെന്ന് വിചാരിച്ചതാണ്. തള്ളയുടെ മകള്‍ ഡ്രൈവറേയും കൂട്ടി അബുദാബിയിലേക്ക് പോയെന്നറിയുന്നത്, മനസ്സില്‍ അങ്ങനെ തോന്നിയപ്പോഴാണ്. 
'ഈ വെയിലത്ത് നീയെന്തിനാ ഇത്രയും ദൂരം നടന്നത്. അഞ്ചെട്ട് കിലോമീറ്ററില്ലേ '
'ഇതൊക്കെ ഒരു നടത്തമാണോ അബ്ബാസ്‌ക്കാ,'
വലത് ഭാഗത്തെ മേല്‍ചുണ്ട് മുകളിലേക്ക് ചുരുട്ടിയെറിഞ്ഞ് കൊണ്ടാണ്, അവന്‍ പറഞ്ഞത്.
പിന്നെ, അറബി വീടിന്റെ മതിലില്‍ കൈചാരി ഉമ്മുല്‍ ഖുവൈനില്‍ നിന്നും ഷാര്‍ജ വരെ നടന്ന് തീര്‍ത്ത വഴികള്‍ അവന്‍ ഒരു ചുവന്ന പരവതാനിയായി മുമ്പില്‍ വിരിച്ചിട്ടു.

അല്‍ അഹ്ലന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ പുതിയ കളിക്കാരെ എടുക്കുന്നുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞാണ് അവന്‍ അങ്ങോട്ട് പോയത്.
ഒറ്റവഴി ദൂരത്തേക്ക് മാത്രമുള്ള പണമേ കൈയ്യിലുണ്ടായിരുന്നുള്ളൂ. തിരിച്ച് എങ്ങനെയെങ്കിലും വരാം. മനസ്സില്‍ കരുതി. ഉച്ചവെയിലിന്റെ പൊള്ളലാണ് രാവിലെ എട്ട് മണിക്ക്, അവന്‍ ക്ലബ്ബിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഉണ്ടായിരുന്നത്.  ഏറെ നേരം കാത്തിരുന്നു, ക്ലബ് മാനേജര്‍ ഇബ്രാഹിം അല്‍ ദൂഖിയെ കാണാന്‍. അയാള്‍ ക്യാബിനിലേക്ക് കയറിയതും അപ്പോള്‍ മാത്രം അവിടെയെത്തിയ നീളന്‍ കുപ്പായമിട്ട ഒരറബി,  അസ്സലാമു അലൈക്കുമെന്ന് പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറിച്ചെന്നു. കൂടെ പത്തൊമ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമുണ്ട്. അണ്ടര്‍ നയന്റീനിലേക്കാണ് ഒരൊഴിവുള്ളത്. അതും സെ്ന്റര്‍ പ്ലേയര്‍. തന്റെ കളിസ്ഥാനം.

അറബി ഇബ്രാഹിം അല്‍ ദൂഖിയെ ആലിംഗനം ചെയ്ത് പരസ്പരം മൂക്കുരുമ്മുന്നത് അവന്‍ ചില്ലുവാതിലിലൂടെ കാണുന്നുണ്ടായിരുന്നു. 
യാ,റബ്ബീ.. ആ ചാന്‍സ് അവന്‍ കൊണ്ട് പോകുമോ..? മനസ്സ് അധികമായി പ്രാര്‍ത്ഥനപ്പെട്ടു. ചിരിച്ച് കൊണ്ട് അധികം വൈകാതെയാണ് അവര്‍ രണ്ട് പേരും മഅസ്സലാം പറഞ്ഞ് പുറത്തേക്കിറങ്ങി വന്നത്. അവനാകട്ടെ ശരീരമാകെ വിറച്ചു കൊണ്ടാണ് അകത്തേക്ക് കയറിയതും. അപ്പോഴാണ് ഭാഷ ഒരു വലിയ മരത്തടി പോലെ മുമ്പില്‍ വന്ന് കിടന്നത്. മലയാളമല്ലാതെ ഒന്നുമറിയില്ല. പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് ജീവിതത്തില്‍ ഒരു അവശ്യഘടകമായത് കൊണ്ട് മാത്രമാണ് എസ്എസ്.എല്‍.സി പരീക്ഷ എഴുതിയത്. വിജയവും തോല്‍വിയുമില്ലാത്ത ഒരു പരീക്ഷ. ഇപ്പോഴിതാ, ഇംഗ്ലീഷും അനിവാര്യമായിരിക്കുന്നു. അറബിയിലെ വാക്കുകളൊക്കെയും അവന് അന്യമാണ്. 

'ഫുട്‌ബോള്‍, സെന്റര്‍ പ്ലെയര്‍' അങ്ങനെ മാത്രം രണ്ട്  മൂന്ന്തവണ പറഞ്ഞു. അയാള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
റബ്ബേ, ഒന്നും മനസ്സിലാകുന്നില്ലല്ലോ.. മേശമേല്‍ ആലസ്യത്താല്‍ മലര്‍ന്ന് കിടന്ന ഫോണെടുത്ത് അയാള്‍ എന്തോ രണ്ട് വാക്ക് അറബിയില്‍ പറഞ്ഞു. അധിക നേരമായില്ല, ഒരു മലയാളി അകത്തേക്ക് വന്നു. ഹൃദയത്തില്‍ ആശ്വാസത്തിന്റെ  മഴത്തുള്ളികള്‍ ഇറ്റി വീണു.
ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മറയൊന്നുമില്ലാതെ മലയാളിക്ക് മുമ്പില്‍ തുറന്നിട്ടു. അപ്പറഞ്ഞതൊക്കെയാണെന്ന് തോന്നുന്നു, അയാള്‍ തന്റെ വാക്കുകളെ അറബി ഭാഷയുടെ മേല്‍ക്കുപ്പായമണിയിച്ച് ഇബ്രാഹിം അല്‍ ദൂഖിക്ക് മുമ്പില്‍ നിവര്‍ത്തി വെച്ചു. അയാള്‍ പറഞ്ഞത് മലയാളി അവന് മുമ്പില്‍ തിരിച്ചും. തൊട്ട് മുമ്പാണത്രേ ഒരാളെ എടുത്തത്. ഒരൊഴിവേ ഉണ്ടായിരുന്നുള്ളൂ.
കരയരുത്, തളരരുത്.. മനസ്സ് ശാഠ്യം പിടിച്ചു.
ഒരു കറുത്ത ചിരി അയാള്‍ക്ക് നേരെ നോക്കി തിരികെ നടന്നു. ഇബ്രാഹിം ദൂഖി മലയാളിയോട് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആവശ്യമില്ലാത്ത വാക്കുകളുടെ വിവര്‍ത്തനത്തിന് മെനക്കെട്ടില്ല.
'വാ ' .
മലയാളിയുടെ പിറകേ നടന്നെത്തിയത് അടുക്കളക്കോണിലേക്കാണ്. സമൂന സാന്റ്വിച്ചും ചായയും തന്നു. നല്ല വിശപ്പുണ്ടായിരുന്നു. രാവിലെ രണ്ട് ദോശ തിന്നതാണ്, അപ്പാക്കടയില്‍ നിന്ന്. ആര്‍ത്തിയോടെയാണ് സാന്റ്വിച്ച് കഴിച്ചത്. വിശപ്പ് കണ്ണുകളില്‍ നിന്നും വായിച്ചെടുത്തത് കൊണ്ടാണ് മലയാളി ഒരെണ്ണം കൂടി കൊടുത്തത്. 
'ഷാര്‍ജയിലെ നാദി അല്‍ ഷഹ്ബയില്‍ ചിലപ്പോള്‍ കിട്ടും. അവിടെ പോയി നോക്കാനാണ് ദൂഖി പറഞ്ഞത്.'  വിശപ്പിന്റെ കനല്‍ അടങ്ങി എന്ന് മനസ്സിലായപ്പോഴാണ് മലയാളി അങ്ങനെ പറഞ്ഞത്. ഇന്‍ശാ അല്ലാഹ് എന്ന് പറഞ് അവിടെ നിന്ന്  ഇറങ്ങി.
കൈയില്‍ രണ്ട് ദിര്‍ഹം മാത്രമേയുള്ളൂ. ബസ്സിന് പതിനഞ്ച് ദിര്‍ഹം വേണം. വസ്ത്രമില്ലാത്ത ഉടല്‍ പോലെ നീണ്ട് മലർന്ന് കിടക്കുന്ന റോഡ്. ഉച്ചസൂര്യന്‍ മുകളില്‍ അവനെ നോക്കി ആക്രോശിക്കുന്നുണ്ടായിരുന്നു. തന്നെ വകവെക്കാത്ത ധിക്കാരിയെന്ന് പറഞ്ഞു.
സൂര്യാ, ഇത് ജീവിതമാണ്. നടന്ന് തീര്‍ക്കേണ്ടതൊക്കെ നടന്ന് തീര്‍ത്തേ മതിയാകൂ. ഇന്ന് തന്നെ ഷാര്‍ജയില്‍ എത്തിയാലേ നാളെ നാദി അല്‍ ഷഹ്ബയിലേക്ക് പോകാന്‍ പറ്റൂ. ഇപ്പോള്‍ നാദി അല്‍ ഷഹ്ബ, പ്രതീക്ഷയുടെ മരുപ്പച്ചയാണ്. 

മരുഭൂമിയില്‍ താറിട്ട് മിനുക്കിയെടുത്ത റോഡില്‍ വെയില്‍ തിളച്ചു പൊങ്ങി. കണ്ണുകള്‍ക്ക് ഉണര്‍ന്നിരിക്കാന്‍ കഴിയുന്നില്ല. കണ്‍പോളകള്‍ താനേ അടഞ്ഞ് പോകുന്നു... മുന്നിലേക്ക് നോക്കുമ്പോള്‍ വെയില്‍ നിറമുള്ള ജ്വാലകള്‍ കാണാം. കാല്‍ മുന്നോട്ട് എടുത്തു വെക്കാന്‍ വല്ലാത്തൊരു ഉള്‍ക്കാന്തല്‍.  അഴിച്ചു വിട്ട വേഗതയില്‍ മിന്നിപ്പായുന്ന ആഢംബര കാറുകളുടെ കാറ്റില്‍ ശരീരമാകെ ഉലയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ. 
എത്ര നേരമങ്ങനെ നടന്നു എന്നറിയില്ല. ആക്രോശിച്ച സൂര്യന്‍ മിണ്ടാതെ പോയി കിടന്നുറങ്ങി. റോളയിലെ പള്ളിക്കോലായില്‍ എത്തിയതും തളര്‍ന്ന് വീണു. കൈയ്യിലുണ്ടായിരുന്ന രണ്ട് ദിര്‍ഹമിന് ഒരു ഖൂബ്ബൂസ് സാന്റ് വിച്ചും വെള്ളവും കുടിച്ചിരുന്നു. വിശപ്പിന്റെ വെപ്രാളത്തിന് എന്നിട്ടും ഒരു ശമനമില്ല. അപ്പാക്കടയില്‍ പോയി ഒരു പൊറോട്ട തിന്നാമെന്ന് തോന്നിയപ്പോഴാണ് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞതും കട അടച്ചിട്ടുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതും. ആ തിരിച്ചറിവ് തന്നെയാണ് പന്ത്രണ്ട് മണിക്കൂര്‍ നേരത്തെ വഴി ദൂരമാണ് നടന്ന് തീര്‍ത്തതെന്ന് ബോധ്യപ്പെടുത്തിയതും. ഹൃദയം രണ്ടായി പിളരുന്നത് പോലെ വിശപ്പ് പുതച്ചാണ്,  തളര്‍ച്ചയുടെ പള്ളിക്കോലായില്‍ ശരീരം ചുരുട്ടി വെച്ച് ആ രാത്രിയെ ഉറക്കിയത്. 

'യാ,റബ്ബേ.. ഇത്രയും നീ കഷ്ടപ്പെടുന്നുണ്ടോ? 'ഹൃദയത്തില്‍ ആരോ തീക്കൊള്ളി കൊണ്ട് ചൊറിയുന്നത് പോലെയാണ് അപ്പോള്‍ എനിക്ക്  തോന്നിയത്. ശരീരമാകെ പൊള്ളുന്നു.
'വേണ്ട, ഇനി നീ എന്റെ കൂടെ കിടന്നോ' അങ്ങനെ പറയാതിരിക്കാന്‍ എനിക്കാകുമായിരുന്നില്ല. തള്ളയുടെ ഹിമാര്‍ വിളിയൊന്നും അപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയതേയില്ല. 
'അള്ളോ, വേണ്ട, വേണ്ട.. തള്ളച്ചി അറിഞ്ഞാല്‍ ഇങ്ങളെ പണി പോകും ' ഒരു ഞെട്ടലോടെ ആ ആശയത്തെ അവന്‍ കരിച്ചു കളഞ്ഞു. 
ഒരു ഖദ്ദാമ പെണ്‍കുട്ടിയും തള്ളയുടെ രണ്ട് പെണ്‍കുട്ടികളുമുള്ള വീടാണ്. അത് കൊണ്ടായിരിക്കാം ഒരൊറ്റ ഹിന്ദിച്ചെക്കന്മാരെയും അടുപ്പിക്കാത്തത്. വയസ്സന്മാര്‍ എന്ന ആനുകൂല്യത്തിലാണ് ഞാനും ഡ്രൈവറും ഇവിടെ പിടിച്ച് നില്‍ക്കുന്നത്. 
'എന്നെക്കൊണ്ട് ആരും ബുദ്ധിമുട്ടരുത്.' ഇറ്റി വീണ വാക്കിന്‍ തുള്ളികള്‍ അവന്‍ ചേര്‍ത്ത് വെച്ചു.
' നാദി അല്‍ ഷഹ്ബയില്‍ പോയോ? '
'പിന്നേ... പിറ്റേന്ന് രാവിലെ തന്നെ പോയി.' 

രാവിലെ അപ്പാക്കടയില്‍ നിന്നും ദോശയും ചായയും കുടിച്ചാണ് പോയത്. നേരെ നടന്നു. അപ്പോഴേക്കും കാലുകള്‍ വണ്ടിച്ചക്രങ്ങളായി മാറിപ്പോയിരുന്നു. അന്ന് അവിടെ ടെസ്റ്റിന് തെരഞ്ഞെടുത്ത ധൈര്യത്തിലാണ്  പള്ളിയിലെ മുക്രിയോട് അമ്പത് ദിര്‍ഹം കടം വാങ്ങിയത്.
അവന്റെ എളാപ്പയ്ക്ക് അവനെയൊന്ന് സഹായിക്കാമായിരുന്നു. മനസ്സിന്റെ സ്വകാര്യതയില്‍ ഞാന്‍ സ്വയം പറഞ്ഞ വാക്കുകളായിരുന്നു അത്. 
നാദി അല്‍ ഷഹ്ബയില്‍ പോയ ആദ്യ ദിവസം തന്നെയാണ് ടെസ്റ്റിന് അവസരം ലഭിച്ചത്. മൂന്ന് ദിവസത്തെ ടെസ്റ്റാണ്. മൂന്നിലും വിജയിച്ചാല്‍ ട്രെയിനിയായി നിയമനം കിട്ടും. ആറ് മാസമാണ് ട്രെയിനിങ്ങ് കാലാവധി. പിന്നീടാണ് ക്ലബ്ബിലെ കളിക്കാരനായി മാറുക. ലക്ഷ്യം ഇപ്പോഴും അകലെത്തന്നെയാണ് നില്‍ക്കുന്നത്. മനസ്സും ശരീരവും പോലെ സമയവും തളര്‍ന്നിരിക്കുന്നു. തളരരുത്. സ്വയം ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരുന്നു. ക്ലബ്ബിലെ ഫുട്‌ബോള്‍ കളിക്കാരനായാല്‍ രാജ്യത്തിനകത്തും പുറത്തും കളിക്കാം. രാത്രികളില്‍ യൂട്യൂബിന്റെ വാതിലുകള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി മാത്രം തുറന്നിട്ടു. 

രാവിലെ ബുഹൈറ കോര്‍ണീഷ് വരെയാണ് ഓടി ശരീരത്തെ ഉറപ്പിച്ച് നിര്‍ത്തുന്നത്. കോര്‍ണീഷിലെ പുല്‍പാര്‍ക്കില്‍ ബോളുമായി ഏകലവ്യനെ പോലെ ഏകാംഗ പരിശീലനവും. അണ്ടര്‍ 22വിലാണ് ടെസ്റ്റിന് അവസരം ചേർത്തത്. കര്‍ണ്ണപുടങ്ങളില്‍ അപ്പോള്‍ ഒരു ഇടിയൊച്ച. ഇരുപത്തിരണ്ട്കാരോടൊപ്പമാണ് പത്തൊമ്പത്കാരന്‍ പോരാടേണ്ടത്. ഇമാറാത്തികളാണ് കളിക്കാര്‍. ചെറുപ്പം മുതലേ പരിശീലനക്കളരിയില്‍ നിറഞ്ഞത് കൊണ്ടാകാം ഇവരുടെയൊക്കെ ശരീരം ഇങ്ങനെ ദൃഢമായത്. പള്ളിദര്‍സിന്റെ മൈതാനിയിലെ കളിമാത്രമല്ലേ തന്റെ പരിശീലനമെന്ന് അപ്പോള്‍ അവനോര്‍ത്തു. പള്ളിയില്‍ ഓതാന്‍ വരുന്ന മൊയ്‌ല്യാ കുട്ട്യോള്‍ ഒന്ന് മേലനങ്ങാന്‍ കളിക്കുന്ന കളി. ആദ്യ ദിവസം സെന്റര്‍ പൊസിഷനിലാണ് ഇടം നല്‍കിയത്. അണ്ടര്‍ 22 ആണെങ്കിലും അപ്പോഴൊരു സന്തോഷമായി. തന്റെ സ്ഥിരം പൊസിഷന്‍.
'അള്ളാഹ്..കൂടെയുണ്ടാകണേ ' മനസ്സില്‍ ദൈവത്തെ കൂടെ ചേര്‍ത്തു. ബാഗില്‍ കരുതിയ ബൂട്ട് കാലിലണിഞ്ഞു. ഷാര്‍ജയിലെത്തി, കഫ്‌തേരിയയിലെ ആദ്യമാസത്തെ വിയര്‍പ്പ് ചോര്‍ന്നൊലിച്ചത് സ്പപോര്‍ട്‌സ് കടയിലാണ്.

സ്വന്തമായൊരു ഫുട്‌ബോള്‍. നല്ല കമ്പനിയുടേതാണ്. ഒറ്റ കിക്കിന് ഗോള്‍ പോസ്റ്റിനുമപ്പുറം കടന്ന് പോകും. ഗോളിയുടെ കണ്‍മുമ്പിലൂടെ ഒരു മിന്നലാട്ടമേ ഉണ്ടാകൂ. പിന്നെയൊരു ബൂട്ടും സ്വന്തത്തില്‍ പെടുത്തി. നാട്ടിലെ പള്ളിമൈതാനിയില്‍ നിന്ന് കളിക്കുമ്പോഴൊക്കെ ആഗ്രഹങ്ങള്‍ മനസ്സില്‍ പെരുകി വന്നിരുന്നു. ബൂട്ടിട്ട് കളിക്കണമെന്ന്. ഉപ്പയോട് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചതാണ്. അങ്ങനെ വേണ്ടെന്ന് വെച്ചതിന് കാരണം ഉപ്പയോടുള്ള അമര്‍ഷം തന്നെ. ആര്‍.എന്‍.എം സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴല്ലേ. ഉപ്പ ടി.സി വാങ്ങി അങ്ങ് ദൂരെ പൂനൂരിലെ പള്ളിയില്‍  ചേര്‍ത്തത്. യതീംകുട്ടികളും നിരാലംബരും പഠിക്കുന്ന പള്ളിയും സ്‌കൂളും. മുസ്ല്യാരാക്കാനായിരുന്നത്രേ ഉപ്പ അങ്ങനെ ചെയ്തത്. എന്നാല്‍ പുസ്തകങ്ങളും യൂനിഫോമും വാങ്ങിത്തരാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് മനസ്സ് പലപ്പോഴും പരദൂഷിച്ചു. പത്താം വയസ്സ് മുതല്‍ സ്വന്തം വീട്ടില്‍ മാസത്തിലൊരിക്കല്‍ വരുന്ന വെറുമൊരു അതിഥിയായി മാറി. ആര്‍.എന്‍.എം സ്‌കൂളിലായിരുന്നെങ്കില്‍ നന്നായി പഠിക്കുമായിരുന്നിരിക്കാം. പിന്നെ, ഫുട്‌ബോളിന് പ്രത്യേക പരിശീലനവും കിട്ടുമായിരുന്നിരിക്കാം. സ്‌കൂള്‍ ടീമില്‍ നിന്നും സംസ്ഥാന ടീമിലേക്ക് കുതിച്ച് പായുന്ന ഇല്ലാത്ത ഭൂതകാലത്തെ അങ്ങനെ സ്വയം മനസ്സില്‍ സൃഷ്ടിച്ചു.

ആ ബൂട്ടുമിട്ട് കൊണ്ടാണ് ഇന്ന് ആദ്യടെസ്റ്റിന് ഇറങ്ങുന്നത്. നാദി അല്‍ ഷഹബ ഓപണ്‍ സ്റ്റേഡിയത്തില്‍. പ്രതീക്ഷയുടെ ഭാരം ചുമന്ന്   ഭൂമിയിലേക്ക് മൂക്ക്കുത്തി വീഴുന്നത് പോലെ. ശരീരം മാത്രമല്ല മനസ്സും വിയര്‍ക്കുന്നു. മനസ്സിലപ്പോള്‍ ഏകലവ്യന്‍ ശബ്ദം കേട്ട ദിക്കിലേക്ക് അമ്പുകള്‍ എയ്യുകയായിരുന്നു. ഇര്‍ഫാന്‍ ബൂട്ടിട്ട കാല് കൊണ്ട് സെന്റര്‍ ഫോര്‍വേഡില്‍ നിന്നും ഗോള്‍ പോസ്റ്റിലേക്ക് ബോളിനെ പായിച്ചു. 
ഒരു മണിക്കൂര്‍ കൊണ്ട് പരീക്ഷകന്‍ ദീര്‍ഘ വിസിലടിച്ചു. 'മബ്‌റൂക്, മബ്‌റൂക് ' പരീക്ഷകന്‍ പുറത്ത് തട്ടി പറഞ്ഞതിന്റെ അർത്ഥം അറിയില്ലെങ്കിലും തന്നെ അഭിനന്ദിച്ചതാണെന്ന്  തിരിച്ചെടുത്തത് അയാളുടെ മുഖത്ത് നിന്നായിരുന്നു. 
'ബുക്‌റ തആല്‍' അങ്ങനെ പറഞ്ഞ ഉടനെ തന്നെ അയാള്‍ അതിനെ ഇംഗ്ലീഷിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 'കം ടുമോറോ '
സന്തോഷത്തിന്റെ പെരുമഴക്കാലവുമായാണ് അന്ന് പള്ളിക്കോലായിലെത്തി മുക്രിയോട് അമ്പത് ദിര്‍ഹം കടം വാങ്ങിയത്. മുക്രി ബംഗാളിയാണെങ്കിലും മലയാളിയായ അവനോട് അനുകമ്പയുള്ളതായി തോന്നിയിട്ടുണ്ട്.

ആ അമ്പത് ദിര്‍ഹമില്‍ നിന്നാണ് രണ്ട് ജ്യൂസുകള്‍ വാങ്ങി ഒന്ന് മുക്രിക്ക് കൊടുത്തതും മറ്റേത് സ്വയം വലിച്ചുകുടിച്ചതും. രണ്ടാം നാളിലെ ആകാശത്തിന് രാവിലെ മുതലേ ഒരു നിദ്രാഭാവമാണ്. മുഖത്ത് ഛായം തേക്കാത്ത പെണ്ണിനെ പോലെ ആകാശം വിവര്‍ണ്ണമായിരിക്കുന്നു. പള്ളിമുറ്റത്തുള്ള ഈന്തപ്പനകള്‍ക്ക് എന്തോ പിണക്കമുള്ളത് പോലെയും. ഒരു അനക്കവുമില്ല. എട്ടാം നമ്പര്‍ ബസ്സില്‍ കയറി നാദി അല്‍ ഷഹബയിലെത്തി, കളിക്കാന്‍ ഗ്രൗണ്ടില്‍ നിരത്തിയപ്പോഴാണ് തല പെരുക്കുന്നത് പോലെ ഒരു ഞെട്ടലുണ്ടായത്. സെന്റര്‍ ഫോര്‍വേഡില്‍ നിന്നും ലെഫ്റ്റ് വിങ്ങിലേക്ക്മാറ്റിയിരിക്കുന്നു. സെന്റര്‍ ഫോര്‍വേഡില്‍ അപ്പോഴുണ്ടായിരുന്ന ഇമാറാത്തിക്കാരന്റെ ചുണ്ടുകള്‍ കൂട്ടിത്തുന്നിയ ചിരി അവന് അരോചകമായി തോന്നി. 'യാ,അള്ളാഹ്' കളിക്കുക തന്നെ. ഹിമാലയത്തിന്റെ ഉത്തുംഗതയിലേക്കുള്ള യാത്രയില്‍, വഴിയില്‍ ചില ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍, ഒന്ന് വഴിമാറി സഞ്ചരിക്കുന്നു. അത്രയേ ഉള്ളൂ.ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
ഒന്നാം മണിക്കൂറിന്റെ അവസാനത്തില്‍, ദീര്‍ഘ വിസിലിന് ശേഷം, പരീക്ഷകനെ നോക്കി.

'ഫെയില്‍, ഫെയില്‍, ഗോ, ഗോ' അയാള്‍ ഒരു തെരുവ് പട്ടിയെപ്പോലെ ആട്ടിപ്പായിക്കുന്നതായി തോന്നി.
'സര്‍, വണ്‍ ചാന്‍സ്, പ്ലീസ് ' ഏച്ചു കെട്ടിയ ഇംഗ്ലീഷില്‍ അവന്‍ കെഞ്ചി.
'നോ ചാന്‍സ്, നോ ചാന്‍സ് 'അയാള്‍ പുലമ്പിക്കൊണ്ട് നടന്നകലുമ്പോള്‍ ഇമാറാത്തിക്കാരന്‍ തല ചെരിച്ച് ചൊറിപിടിച്ച ചിരി അവന് നേരെ വലിച്ചെറിഞ്ഞു. ആര്‍ക്കും വേണ്ടാത്ത ചിരി. എല്ലാ കണക്ക് കൂട്ടലുകള്‍ക്കുമപ്പുറമാണ് ജീവിതം ചിലത് വരച്ചിടുന്നത്. നാദി അല്‍ ഷഹബ എന്ന സ്വപ്നത്തുരുത്ത് കണ്ണിനും കാതിനും മനസ്സിനും എത്താന്‍ പറ്റാത്തത്രയും വിദൂരതയിലേക്ക് ഓടി മറഞ്ഞു. 
'നീ ജോലിക്ക് വന്ന കഫ്‌തേരിയക്കാര്‍ എന്ത് പറയുന്നു. അവിടെയല്ലേ നിന്റെ വിസ.'
അവര്‍ ആകെ പ്രശ്‌നത്തിലാ. എളാപ്പാന്റെ കടയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല അബ്ബാസ്‌ക്കാ. എളാപ്പ തന്നെയല്ലേ റൂമില്‍ നിന്ന് ഇറക്കി വിട്ടത്.' അവന്‍ ദീര്‍ഘമായൊന്ന് നെടുവീര്‍പ്പിട്ടു.

'കഫ്‌തേരിയ വിസയില്‍ വരുമ്പോള്‍ തന്നെ മനസ്സിലുള്ള ഏകലക്ഷ്യം ഫുട്‌ബോള്‍ ഗ്രൗണ്ട് തന്നെയായിരുന്നു. ' 
നിരന്തരമായ പരിശീലനവും ശാരീരിക പുഷ്ടി നിലനിര്‍ത്തല്‍ അനിവാര്യമായതും കൊണ്ടാണ് പത്ത് മാസത്തെ കഫ്‌റ്റേരിയ ജോലിക്ക് ശേഷം ലീവെടുത്ത് ഇങ്ങനെയൊരു സാഹസത്തിന് പുറപ്പെട്ടത്. ആദ്യത്തെ രണ്ട് മാസത്തേക്കുള്ള തുക മാത്രമേ കരുതിയിരുന്നുള്ളൂ.ബാക്കിയൊക്കെ പലപ്പോഴായി ഉപ്പയ്ക്ക് അയച്ചു കൊടുത്തതാണ്. രണ്ട് മാസത്തിനിടയില്‍ ഏതെങ്കിലും ക്ലബ്ബില്‍ കയറാന്‍ പറ്റുമെന്ന് മനസ്സ് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ മൂന്ന് മാസവും ഇരുപത്തിയാറ് ദിവസവുമായി, ജോലിയില്ലാതെ, ക്ലബ്ബുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. നാളത്തെ ടെസ്റ്റില്‍ കിട്ടിയില്ലെങ്കില്‍ കഫ്‌റ്റേരിയയിലേക്ക് തന്നെ തിരികെ കയറണം. അവര്‍ അത്രയും പ്രശ്‌നമാക്കുന്നുണ്ട്.. മാനേജര്‍ ഉപ്പയെ വിളിച്ച് ഭീഷണി സ്വരത്തില്‍ സംസാരിച്ചിരുന്നു, ഒരാഴ്ച മുമ്പ്. അവിടെ കയറിയാല്‍ ശരീരത്തിന്റെ പുഷ്ടിയെല്ലാം പോകും. പതിനാറ് മണിക്കൂറാണ് ജോലി. വിശ്രമമില്ലാതെ. ബാക്കിയുള്ള എട്ട് മണിക്കൂറില്‍ ഉറക്കവും കുളിയും തുണിയലക്കലുമെല്ലാം കുത്തി നിറക്കണം. 
'ഇന്‍ശാ അല്ലാഹ്. നിനക്ക് കിട്ടും. നാളെത്തന്നെ'
അവനോട് അങ്ങനെ പറയുമ്പോള്‍ ഹൃദയം അല്ലാഹുവിന് നേരെ തുറന്നിടുകയായിരുന്നു. കീശയിലുണ്ടായിരുന്ന നൂറ് ദിര്‍ഹം അവന്റെ കയ്യില്‍ വെച്ച് കൊടുത്തു.
'നാളെ ദുബായ്ക്ക് പോകാനുള്ളതല്ലേ. നടക്കാനൊന്നും നില്‍ക്കണ്ട.. നന്നായി ഭക്ഷണം കഴിക്കണം. സെലക്ഷന്‍ കിട്ടിയാല്‍ ആ മുക്രിക്ക് ഒരു ബിരിയാണി വാങ്ങിച്ചു കൊടുക്കൂ ട്ടോ. കരഞ്ഞ് കൊണ്ട് ചിരിക്കുകയായിരുന്നു അവനപ്പോള്‍. അത് വഴി വന്ന ടാക്‌സിയില്‍, എനിക്ക് മുഖം തരാതെ, അവന്‍ വലിഞ്ഞു കയറി. 

ഭൂമിയിലെ സങ്കടങ്ങളൊക്കെ ഒരു വലിയ പാത്രത്തിലാക്കി തലയില്‍ ചുമന്ന് നടക്കുന്നത് പോലുള്ള ഒരനുഭവമായിരുന്നു അപ്പോള്‍.  പിറ്റേന്ന് വൈകുന്നേരമായിട്ടും അവന്റെ വിവരങ്ങളൊന്നുമറിയാതെ ആകെ അസ്വസ്ഥനായിരിക്കുകയായിരുന്നു. ഒരു കൈഫോണ്‍ ഇല്ലാതിരിക്കുക എന്നത് ഇക്കാലത്ത് ആഴമുള്ള ഒരു ന്യൂനതയാണ്. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും കലപില കൂട്ടുന്നു. മൊബൈലില്‍ തെളിഞ്ഞ് ഒരു ലാന്റ് ഫോണ്‍ നമ്പര്‍. അവന്‍ തന്നെയാണ്.
'അബ്ബാസ്‌ക്കാ' ഒരു കരച്ചിലായിരുന്നു അങ്ങേത്തലയ്ക്കല്‍ 
'എന്തായി മോനേ.. കിട്ടിയോ?  '
അതായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. രണ്ട് പേര്‍ക്കുമിടയില്‍ മൗനം ദീര്‍ഘ സഞ്ചാരം നടത്തി.
'പറയൂ മോനേ'
ഫോണിന്റെ അങ്ങേത്തലക്കല്‍ അവന്റെ വിതുമ്പുന്ന ചുണ്ടുകള്‍ അപ്പോഴെനിക്ക് കാണാമായിരുന്നു. അവന്‍ വാക്കുകള്‍ ഫോണിലൂടെ കോരിയൊഴിച്ചു.
നല്ല പെര്‍ഫോമന്‍സായിരുന്നു. അഭിനന്ദിച്ചു കൊണ്ടാണ് സെലക്ഷന്‍ പേപ്പര്‍ കൈയില്‍ കൊടുത്തത്. ക്ലബ്ബ് തന്നെയാണ് വിസകൊടുക്കുക. ട്രെയ്‌നിങ്ങ് പിര്യേഡില്‍ രണ്ടായിരം ദിര്‍ഹം സ്‌റ്റൈപ്പന്‍ഡ്. മനസ്സില്‍ ആഹ്ലാദത്തിന്റെ വേലിയേറ്റം. ആ വേലിയേറ്റത്തിന്റെ ഒഴുക്കിലാണ് കഫ്‌റ്റേരിയയിലേക്ക് പാഞ്ഞത്. എളാപ്പയും മാനേജരും ഉണ്ടായിരുന്നു. അവനെ കണ്ടതും മാനേജര്‍ ആരെയോ ഫോണ്‍ ചെയ്തു.
ക്ലബ്ബിലെ കാര്യങ്ങള്‍ അവന്‍ വിശദമായിത്തന്നെ പറഞ്ഞു. നാളെ മുതല്‍ ട്രെയിനിങ്ങ് തുടങ്ങുന്ന കാര്യവും. പെട്ടെന്ന് തന്നെ വിസ ക്യാന്‍സല്‍ ചെയ്യാനും എന്‍.ഒ.സി കൊടുക്കാനുമാണ് അവന്‍ എളാപ്പയോട് ആവശ്യപ്പെട്ടത്.
എളാപ്പയുടെ മുഖത്ത്, അപ്പോള്‍ ആവശ്യമില്ലാത്തൊരു വക്രിച്ച ചിരി എവിടുന്നോ വലിഞ്ഞ് കയറി വന്നു. അധികം സമയം ആ ചിരി  അവന് കാണേണ്ടി വന്നില്ല. അപ്പോഴേക്കും രണ്ട് സി.ഐ.ഡികള്‍ വന്ന് അവനെ കൊണ്ട് പോയി. ജോലിസ്ഥലത്ത് നിന്നും ചാടിപ്പോയെന്ന് പറഞ്ഞാണ് തൊഴില്‍കാര്യ മന്ത്രാലയത്തില്‍ പരാതിപ്പെട്ടത്.
പാസ്‌പോര്‍ടില്‍, ഈ രാജ്യത്തേക്ക് ആജീവാനന്ത വിലക്കിന്റെ മുദ്രകള്‍ പതിച്ച്  കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് ഇനിയവനെ പറത്തി വിടും. ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ വിതറിയ ഈ ഭൂമികയില്‍ ഇനിയൊരിക്കലും വരാനാകാതെ..
അപ്പോള്‍ ,അങ്ങേത്തലക്കല്‍ പോലീസ് സ്റ്റേഷനിലെ ടെലിഫോണ്‍ ഞെരിഞ്ഞമര്‍ന്നു. 

Content Highlights: Malayalam story by Velliyodan