ഞാനൊരു കഥ പറയാം... കഥ പറയുന്നതില്‍ ഞാനൊരു കേമനൊന്നുമല്ലെന്ന് പലരും പറയാറുണ്ടെങ്കിലും, ഇക്കഥ പറയാന്‍ എനിക്കൊത്തിരി ആഗ്രഹമുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്. പലരും പലപ്പോഴായ് എനിക്ക് പറഞ്ഞ് തന്നതാണ് ഈ കഥ. അദ്യമേ പറയട്ടേ; ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമൊന്നുമല്ല. മരിച്ചുപോയ പലരുമായും ജീവിച്ചിരിക്കുന്ന ചിലരുമായും ഈ കഥയ്ക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. അതില്‍ പ്രശസ്തരായവരും പ്രശസ്തരാവാന്‍ ഒട്ടും ആഗ്രഹമില്ലാത്തവരും ഉണ്ട്. ഞാന്‍ കണ്ടറിഞ്ഞവരേക്കാള്‍ കേട്ടറിഞ്ഞവരാണ് ഈ കഥയില്‍ കൂടുതലും. എല്ലാത്തിലുമുപരി എപ്പോള്‍ വേണമെങ്കിലും പൊളിച്ചു നീക്കാന്‍ പാകത്തില്‍, പൊയ്‌പോയ നല്ല കാലത്തിന്റെ, അവസാനത്തെ ശേഷിപ്പെന്നോണം മാറാല പിടിച്ചു കിടക്കുന്ന, ഓടു മേഞ്ഞ ആ പഴയ കെട്ടിടത്തിന് മുന്നിലൂടെ പോകുമ്പോഴെല്ലാം എനിക്കനുഭവപ്പെടുന്ന പറഞ്ഞറിയിക്കാനാകാത്ത ചില അസ്വസ്ഥതകളും ആകുലതകളുമുണ്ട്. പൊയ്‌പ്പോയ ആ കാലത്തില്‍ ജീവിക്കാന്‍ കഴിയാതെ പോയതിന്റെ ഖേദമോ, അല്ലെങ്കില്‍ നഷ്ടബോധമോ ആയിരിക്കണം എന്റെ ആകുലതകള്‍ക്ക് കാരണം. അതുകൊണ്ട് തന്നെ എന്റെ ആകുലതകളുടേത് കൂടിയാണ് ഈ കഥ.

ഇവിടെ ഈ താനൂരില്‍ പണ്ടാര കടപ്പുറം എന്നൊരു സ്ഥലമുണ്ട്. എന്റെ അടുത്ത സ്ഥലമാണ്. ആദ്യം ഭണ്ഡാരക്കടപ്പുറമെന്നായിരുന്നത്രേ പേര്. പണ്ടവിടെ വലിയൊരു ഭണ്ഡാരപ്പെട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് ആ സ്ഥലത്തിന് ഭണ്ഡാരകടപ്പുറം എന്ന പേര് കിട്ടിയതെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഇവിടുത്തെ സ്ഥലനാമങ്ങളൊക്കെ അങ്ങനെയാണ്. കോര്‍മന്‍ കടപ്പുറം, ഒസ്സാന്‍ കടപ്പുറം, എടക്കടപ്പുറം, ചീരാന്‍ കടപ്പുറം, തേവര്‍ കടപ്പുറം... അങ്ങനെയങ്ങനെ. ഓരോ സ്ഥലനാമത്തിനു പിന്നിലും രസകരമായ എന്തെങ്കിലും കഥയോ, ചരിത്രമോ ഒക്കെ ഉണ്ടാകും. എന്തായാലും ഭണ്ഡാരക്കടപ്പുറം, കാലമേറെ കഴിഞ്ഞപ്പോള്‍, പറഞ്ഞ് പറഞ്ഞ് അക്ഷരങ്ങള്‍ തേഞ്ഞ് ഇന്നത്തെ പണ്ടാരക്കടപ്പുറമായി മാറി. സ്ഥലനാമ ചരിത്രമൊക്കെ അവിടെ നില്‍ക്കട്ടെ. ഞാന്‍ കഥയിലേയ്ക്ക് കടക്കാം.

പണ്ട് പണ്ട് പണ്ടാരക്കടപ്പുറമെന്ന ദേശത്ത് അളന്ന് തിട്ടപ്പെടുത്താനാവാത്ത ഭൂസ്വത്തുക്കള്‍ പരമ്പരാഗതമായി പതിച്ചു കിട്ടിയ ഒരു മുതലാളിയുണ്ടായിരുന്നു. നാട്ടുകാര്‍ ''ബാവ മൊലാളി'' എന്നും അടിയാളന്മാര്‍ സ്‌നേഹത്തോടെ ''തമ്പാരനേ'' എന്നും വിളിച്ചിരുന്ന ഉമൈത്താനകത്ത് കിഴക്കേ ഒറ്റയില്‍ കുന്നുമ്മല്‍ തറവാട്ടിലെ ബാവ സാഹിബ്. ഹിറ്റ്‌ലറുടെ മീശയും സൂഫിയാക്കളുടെ ഹൃദയവുമുണ്ടായിരുന്ന ബാവ മൊലാളിക്ക് കലയോടും കലാകാരന്മാരോടും വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. എണ്ണമറ്റ വൃക്ഷങ്ങളാല്‍ നിബിഢമായ, അദ്ദേഹത്തിന്റെ മനസ്സ് പോലെ തന്നെ അതിവിശാലമായ തമ്പാരന്റെ ഭൂമികയിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഏതൊരുവന്റേയും ജാതി-മതി-ദേശ ചിഹ്നങ്ങള്‍ താനേ അഴിഞ്ഞു വീഴും. പൂര്‍വ്വികന്മാര്‍ കെട്ടിയുയര്‍ത്തിയ കുന്നുമ്മല്‍ തറവാടിന്റെ മുകള്‍നിലയില്‍ എന്നും രാത്രി മെഹ്ഫില്‍ മേളിക്കാറുണ്ടായിരുന്നു. ആ ദര്‍ബാറില്‍ നിന്നൊഴുകി വരുന്ന ഗസലിന്റേയും ഖവ്വാലിയുടേയും ശീലുകളായിരുന്നു ഒരു കാലത്ത് പണ്ടാരക്കടപ്പുറത്തിന്റെ അദൃശ്യമായ അടയാളശിലകള്‍.

തെരുവിലോ, തീവണ്ടിയിലോ വയറ്റത്തടിച്ച് പാടുന്ന ഗായകരേയോ മറ്റ് കലാകാരന്മാരേയോ കണ്ടുമുട്ടിയാല്‍ ബാവ മൊലാളി അപ്പോള്‍ തന്നെ തന്റെ വിലാസം അവര്‍ക്കെഴുതി കൊടുക്കും. ഏത് നേരത്തും തന്റെ വീട്ടിലേയ്ക്ക് വരാമെന്ന് അവരെ ക്ഷണിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആ വീട്ടില്‍ ആളൊഴിഞ്ഞ നേരമേ ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഒരു ചെമ്പ് ചോറും കൂട്ടാനും ഇങ്ങനെ അപ്രതീക്ഷിതമായി വരുന്ന അതിഥികള്‍ക്കായ് അവിടുത്തെ അടുക്കളയില്‍ കരുതിവെച്ചിരുന്നു. കലാകാരന്മാരാരും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു ബാവ മൊലാളി. ഉമൈത്താനകത്ത് കിഴക്കേ ഒറ്റയില്‍ കുന്നുമ്മല്‍ തറവാട്ടിലെ ബാവ സാഹിബ് നാട്ടുകാരുടെ ബാവ മൊലാളിയും തമ്പാരനുമൊക്കെ ആയത് ജന്മിത്വത്തിന്റെ അപ്രമാദിത്വം കൊണ്ടായിരുന്നില്ല. മറിച്ച് സ്നേഹം കൊണ്ടായിരുന്നു. നന്നായി പാടാനും ചിത്രം വരയ്ക്കാനും ഹാര്‍മോണിയം വായിക്കാനും അദ്ദേഹത്തിനറിയാമായിരുന്നു. കറുത്ത ഫിയറ്റ് കാറില്‍ ആഴ്ചയിലൊരിക്കല്‍ ഭാര്യയേയും മക്കളേയും കൂട്ടി സിനിമയ്ക്കും പോകാറുണ്ടായിരുന്നു.

ആ വീട്ടിലെ അതിഥികളൊന്നും ചില്ലറക്കാരായിരുന്നില്ല. ചെറിയവരെന്നോ വലിയവരെന്നോ ഇല്ലാതെ പലരും ആ വീട്ടില്‍ വന്നു പോയിരുന്നു. ബാബുക്ക എന്ന എം.എസ്. ബാബുരാജ്, കൊച്ചിന്‍ ആന്റോ, കൊച്ചിന്‍ അബ്ദുര്‍, ബോംബെ എസ്. കമാല്‍, ചാവക്കാട് റഹ്മാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമായിരുന്നു.

'ആര്? മായാത്ത മധുരഗാനമാലിനിയുടെ കല്പടവില്‍ നമ്മളെ കൊണ്ടെത്തിച്ച എം.എസ്. ബാബുരാജോ? നമ്മുടെ നാട്ടില്‍ വന്നിട്ടുണ്ടെന്നോ? അതും ഒന്നല്ല, പലവട്ടം'- എനിക്ക് വിശ്വസിക്കാനായില്ല.

'നീ വേണമെങ്കില്‍ ആരോട് വേണേലും ചോദിച്ച് നോക്ക്.'- എന്റെ സ്‌നേഹിതന്‍ അന്‍സു പറഞ്ഞു.

അവന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയായിരുന്നു. അവന്റെ ചെറുപ്പത്തില്‍, വീണു കിടക്കുന്ന മാങ്ങയും ചാമ്പക്കയും പെറുക്കിയെടുക്കാന്‍ അവനും കൂട്ടുകാരും  ആ പറമ്പിലേയ്ക്ക് പതുങ്ങി കയറാറുണ്ടായിരുന്നത്രേ. പറമ്പിലെ ചപ്പിലയില്‍ കാല്‍പാദമമരുന്ന ശബ്ദം കേട്ടാല്‍ വീടിന്റെ അകത്തളങ്ങളില്‍ നിന്നെവിടെ നിന്നോ ഒരു ശബ്ദമുയരും.:

'ശാമളേ, ആരാണ് ഞമ്മളെ പറമ്പീ കേറീത്?'

'അത് ഞമ്മളെ കുഞ്ഞാക്കാന്റെ പേരകുട്ട്യോളാണ് തമ്പാരനേ. ഓരങ്ങട്ട് പൊയ്‌ക്കോളും.' - ശ്യാമളേച്ചി മറുപടി കൊടുക്കും.

അവന്റെ ഓര്‍മ്മയില്‍ ആ പറമ്പ് ഒരു കാടായിരുന്നു. മാവും, പ്ലാവും, പുളിയും, ചാമ്പയും, സപ്പോട്ടയുമൊക്കെ ഇടതിങ്ങി വളര്‍ന്നു നിന്നിരുന്ന, മരച്ചില്ലകളിലിരുന്ന് കിളികള്‍ ഗസലു പാടിയിരുന്ന ഓര്‍മ്മകളുടെ ഉപവനം.

റോഡരുകിലുള്ള പടിപ്പുരയോട് ചേര്‍ന്നുള്ള അവരുടെ പീടികയുടെ മുകള്‍ നിലയിലായിരുന്നു മ്യൂസിക് ക്ലബ്ബ്. താഴെ അവരുടെ റേഷന്‍ കടയും. ഈ റേഷന്‍കടയിലേയ്ക്കാണ് കയ്യില്‍ അഞ്ചു പൈസയില്ലാതെ, ബോംബെ എസ്. കമാല്‍ ആദ്യമായി വന്നത്. ഒരു ചെറിയ ബോര്‍ഡ് കുറേക്കാലം അവിടെ തൂങ്ങിക്കിടന്നത് എന്റെ ഓര്‍മ്മയിലുണ്ട്. തബലയുടേയും ഗിറ്റാറിന്റേയും ഹാര്‍മോണിയത്തിന്റേയും രേഖാചിത്രത്തിന് താഴെ ഇങ്ങനെ എഴുതിയിരുന്നു.

സരിഗ ഓര്‍ക്കസ്ട്ര, പണ്ടാരക്കടപ്പുറം

പ്രോ: യു.കെ.ഒ. ബാപ്പു

നാട്ടുകാര്‍ ബാപ്പുക്ക എന്ന് വിളിക്കുന്ന യു.കെ.ഒ. ബാപ്പു, ബാവ മൊലാളിയുടെ മകനായിരുന്നു. ബാപ്പയുടെ മരണശേഷം ആ വീടിന്റെ സംഗീതം അനാഥമാകാതെ കൊണ്ടുനടന്നത് ബാപ്പുക്ക ആയിരുന്നു. വൈകുന്നേരങ്ങളില്‍ അത് വഴി വരുമ്പോഴൊക്കെ ആ കെട്ടിടത്തില്‍ നിന്ന് ആരൊക്കെയോ പാടുന്നതും ഹാര്‍മോണിയം വായിക്കുന്നതുമൊക്കെ ഞാനൊത്തിരി വട്ടം കേട്ടിട്ടുണ്ട്. കാദര്‍ഭായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ - 'ഹാര്‍മോണ്യത്തിന്റെ മൂളക്കം.'

'ആ മൂളക്കം കേട്ടാ പിന്നെ ഇരിക്കപ്പൊറുതി കിട്ടൂല മോനേ'- കാദര്‍ഭായിയുടെ ശബ്ദത്തില്‍ പൊയ്‌പോയ കാലത്തെ തേങ്ങാച്ചോറിന്റേയും ഇറച്ചിച്ചോറിന്റേയും മണമുള്ള, പാട്ട് നിലയ്ക്കാത്ത കല്ല്യാണരാവുകളുടെ ഓര്‍മ്മകള്‍ തികട്ടി വന്നു.

ഇന്ന് മൂളക്കം നിലച്ച് വാവലുകളും മാറാലകളും നിറഞ്ഞ ആ പഴയ കെട്ടിടത്തിനകത്തെ ഉയര്‍ത്തിക്കെട്ടിയ തറയിലിരുന്ന് എത്രയോ പ്രാവശ്യം ബാബുക്ക പ്രാണസഖി പാടിയിട്ടുണ്ട്. റെക്കോര്‍ഡിംഗ് ചെയ്യുന്നതിന് മുമ്പ് താനൊരു പുതിയ പാട്ട് ചിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ബാബുക്ക, കാദര്‍ഭായിക്കും ബാപ്പുക്കയ്ക്കും ഒരു പാട്ട് പാടി കൊടുത്തിരുന്നു. ലോകത്തില്‍ ആദ്യമായ് ആ പാട്ട് കേട്ടവര്‍ അവര്‍ രണ്ടുപേരുമായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി കാദര്‍ഭായ് ആ പാട്ട് എനിക്കു പാടി തന്നു. ഹാര്‍മോണിയത്തിന്റെ മൂളക്കമില്ലാതെ, തബലയും ഗിറ്റാറുമൊന്നുമില്ലാതെ കടപ്പുറത്തിരുന്ന് കാദര്‍ഭായ് പാടി:

''സെല്ല അലൈക്കല്ലാഹ് വസ്സലാം

സയ്യിദ്‌നാ യാ ഖൈറുകല്‍ വറാ

സമദായ നാഥന്റെ പ്രിയ മെഹബൂബേ

സര്‍വ്വജ്ഞനായ നാഥന്റെ പ്രിയ മെഹബൂബേ''

സരിഗയിലെ വാദ്യോപകരണങ്ങളെല്ലാം പല നാടുകളില്‍ നിന്നും വരുന്ന സഞ്ചാരികളായ കച്ചവടക്കാരില്‍ നിന്നും വാങ്ങിയതായിരുന്നു. ഹാര്‍മോണിയം, തബല, ഗിറ്റാര്‍, ബുള്‍ബുള്‍, ട്രിപ്പിള്‍ ഡ്രം... എല്ലാം അക്കാലത്തെ ഏറ്റവും വില കൂടിയവ ആയിരുന്നു. അവിടുത്തെ ഹാര്‍മോണിയത്തിന്റെ കട്ടകള്‍ മാനിന്റെ കൊമ്പുകൊണ്ട് ഉണ്ടാക്കിയതാണത്രേ. അതൊരു ജര്‍മ്മന്‍ നിര്‍മ്മിത ട്രിപ്പിള്‍ റീഡ് ഹാര്‍മോണിയമായിരുന്നു. കല്‍ക്കട്ടയില്‍ നിന്നാണത് വാങ്ങിയത്. ഇന്നതിന് ഏകദേശം ഒന്നര ലക്ഷത്തിന്റടുത്ത് വില വരും. റസാഖ് ഷായാണ് എന്നോടത് പറഞ്ഞത്. റസാഖ് ഷാ ഇരുപത് വയസ്സുള്ളപ്പോഴാണ് സരിഗയില്‍ പാടാന്‍ വരുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുന്ന ആ ഹാര്‍മോണിയത്തിന്റെ മൂളക്കം നിലയ്ക്കണമെങ്കില്‍ രാവേറെ കഴിയണമായിരുന്നു. സരിഗയുടെ വാതിലുകള്‍ എന്നന്നേയ്ക്കുമായി അടയുന്നതുവരെ, ആ നാല് ചുവരുകള്‍ക്കകത്തെ വിശാലതയായിരുന്നു റസാഖ്ഷായടക്കം പലരുടേയും അവസാനിക്കാത്ത രാത്രികള്‍. ആ ഹാര്‍മോണിയം ഇപ്പോള്‍ ഫറോക്കിലുള്ള ബാപ്പുക്കയുടെ മരുമകന്‍ ഡോക്ടര്‍ ബഷീര്‍ദാസിന്റെ സ്വകാര്യശേഖരത്തിലാണുള്ളത്. ഒരിക്കല്‍ ഫറോക്കില്‍ ഒരു പരിപാടിക്ക് പാടാന്‍ പോയപ്പോള്‍ ഒരാള്‍ റസാഖ്ഷായെ പരിചയപ്പെട്ടിരുന്നു. വീടും സ്ഥലവുമൊക്കെ പറഞ്ഞു കൊടുത്തപ്പോള്‍ അദ്ദേഹം ചോദിച്ചു:

'സരിഗ ഓര്‍ക്കസ്ട്രയെപറ്റി കേട്ടിട്ടുണ്ടോ?'

'ഞാനവിടുന്നാ പാടി തുടങ്ങിയത്.'- റസാഖ് ഷാ മറുപടി പറഞ്ഞു. അപ്പോഴാണ് വന്നയാള്‍ താന്‍ ബാപ്പുക്കയുടെ മരുമകനാണെന്ന കാര്യം പറഞ്ഞത്. ആ പഴയ ഹാര്‍മോണിയം ഇപ്പോ തന്റെ കയ്യിലാണെന്നും ഇടയ്ക്ക് താനതെടുത്ത് വായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സരിഗയിലെ മറ്റുപകരണങ്ങള്‍ ഇപ്പോള്‍ ആരുടെയൊക്കയോ കയ്യിലാണ്. കാദര്‍ഭായിയുടെ വിരലുകള്‍ പതിഞ്ഞ തബല ഇപ്പോള്‍ മറ്റാരുടേയോ വിരല്‍ സ്പര്‍ശങ്ങളെ പരിചയിച്ചു കഴിഞ്ഞിട്ടുണ്ടാവണം. അതിന്റെ തോല്‍പൊട്ടുമ്പോള്‍, നന്നാക്കാനായ് ബാപ്പുക്കയും കാദര്‍ഭായിയും എത്രയോ വട്ടം കോഴിക്കോട്ടേയ്ക്ക് വണ്ടി കയറിയിട്ടുണ്ട്.

'അതൊരു സംഗീതപാരമ്പര്യമുള്ള കുടുംബമായതുകൊണ്ട് മാത്രമായിരുന്നു ഞാനവിടുന്ന് ബന്ധമാലോചിച്ചത്.' - ബഷീര്‍ദാസ് അത് പറയുമ്പോള്‍ മൂളക്കം നിലച്ച സരിഗയുടെ നിശ്ശബ്ദതയുടെ മുഴക്കം ആ വാക്കുകളിലുായിരുന്നു.'

'സരിഗയിലെ പാട്ട് നിലയ്ക്കാനെന്തായിരുന്നു കാരണം?'- ഞാന്‍ ചോദിച്ചു. ഫോണിന്റെ അങ്ങേത്തലയ്ക്ക്ല്‍ നിറഞ്ഞു നിന്ന മൗനം ഒരു വിഷാദഗാനം പോലെ  എന്റെ ചെവിയിലേയ്ക്കിറ്റ് വീണുകൊണ്ടിരുന്നു.

* * *

ബോംബെ എസ്. കമാലിന്റെ ഓര്‍മ്മക്കുറിപ്പ്

അന്നെനിക്ക് ഇരുപത്തേഴ് വയസ്സ്. ചെന്നൈ ജമിനി സ്റ്റുഡിയോയില്‍ കോറസ് പാടി തിരിച്ച് മംഗലാപുരം വഴി ബോംബെയ്ക്ക് പോവുകയായിരുന്നു ഞാന്‍. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലിറങ്ങി ഒരു ചായ കുടിച്ച് തിരിച്ച് സീറ്റില്‍ വന്നിരിക്കുമ്പോഴാണ് ആരോ എന്റെ പോക്കറ്റടിച്ച കാര്യം ഞാനറിയുന്നത്. ടിക്കറ്റും മുന്നൂറ്റി ചില്വാനം രൂപയും നഷ്ടപ്പെട്ടിരിക്കുന്നു. ടിടിഇ വന്ന് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. പക്ഷേ, അയാള്‍ വിശ്വസിച്ചില്ല. പക്ഷേ, എന്റെ സഹയാത്രികര്‍ നേരത്തെ എന്റെ കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നു എന്ന കാര്യം ടിടിഇയോട് പറഞ്ഞു. സത്യാവസ്ഥ ബോധ്യപ്പെട്ട അയാള്‍ എന്നെ അടുത്ത സ്റ്റേഷനില്‍ ഇറക്കിവിട്ടു. താനൂര്‍ എന്ന ചെറിയ സ്റ്റേഷനായിരുന്നു അത്. അവിടുത്തെ സ്റ്റേഷന്‍ മാസ്റ്ററോട് ഞാന്‍ കാര്യം പറഞ്ഞു. കോഴിക്കോട് വരെ ഗാര്‍ഡിനോട് പറഞ്ഞ് കയറ്റിത്തരാം. അവിടുന്ന് എങ്ങനെയെങ്കിലും പൊയ്‌ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സാധനങ്ങളൊക്കെ എടുത്ത് വെയ്റ്റിംഗ് റൂമില്‍ പോയിരുന്നു. കുറേ കഴിഞ്ഞ് ഒരു ചായ കുടിക്കണമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചായക്കടയിലേക്ക് നടന്നു. ബാഗില്‍ കുറച്ച് ചില്ലറ തുട്ടുകള്‍ ഉണ്ടായിരുന്നു. അവിടിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജുബ്ബയും മുണ്ടും ധരിച്ച ഒരാള്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

'കഹാം സേ ആയാ?'-  അയാള്‍ ചോദിച്ചു.

എനിക്ക് സമാധാനമായി. ഹിന്ദി അറിയുന്ന ഒരാളെ കണ്ടല്ലോ. ഞാന്‍ അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞു.

'ഞാന്‍ കൊച്ചിന്‍ അബ്ദുര്‍. ബാബുരാജിന്റെ തബലിസ്റ്റാണ്.'- അയാള്‍ പരിചയപ്പെടുത്തി. എനിക്ക് ബാബുരാജ് എന്ന പേരറിയില്ലായിരുന്നു. മുഹമ്മദ് സഗീര്‍ എന്നേ അറിയുമായിരുന്നുള്ളൂ. ബോംബെയില്‍ വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. അന്നദ്ദേഹം എന്നെ കോഴിക്കോട്ടേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

'ഇവിടെ കടപ്പുറത്ത് പാട്ടില്‍ താല്‍പര്യമുള്ള ഒരു മുതലാളിയുണ്ട്. അദ്ദേഹത്തിന് സ്വന്തമായി മ്യൂസിക് ക്ലബ്ബൊക്കെയുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ വണ്ടിക്കൂലി സംഘടിപ്പിക്കാം.'

അയാള്‍ പറഞ്ഞതു കേട്ട് ഞാന്‍ കൂടെ പോയി. ഞങ്ങള്‍ നേരെ പോയത് ഒരു റേഷന്‍കടയിലേയ്ക്കായിരുന്നു. ഒരാളിരുന്ന് എന്തോ എഴുതുകയായിരുന്നു. ഞാന്‍ സലാം പറഞ്ഞു.

'ഇയാളാരാണ്?'- അദ്ദേഹം ചോദിച്ചു.

'ബോംബെയില്‍ നിന്നുള്ള പാട്ടുകാരനാണ്'- അബ്ദുര്‍ പറഞ്ഞു. 'ആരോ ഇയാളുടെ പോക്കറ്റടിച്ചു.'

'ഇവിടെ നിര്‍ത്തരുത്. വേഗം നാട്ടിലേയ്ക്കയക്ക്.'- അദ്ദേഹം പറഞ്ഞു.

ഒരു പണിയും ചെയ്യാതെ കാശിന് വേണ്ടിമാത്രം പലരും അവിടെ വരാറുണ്ടത്രേ. പോക്കറ്റടിച്ചു, മോള്‍ക്ക് സുഖമില്ല എന്നൊക്കെ പറഞ്ഞ്. അതൊരു പതിവായിട്ടുണ്ടത്രേ.

'കാശൊന്നും കൊടുക്കേണ്ട. ഇയാള്‍ നന്നായ് ഖവ്വാലി പാടും. അതൊന്ന് കേട്ട് നോക്കിക്കൂടെ?' - അബ്ദുര്‍ എനിക്ക് വേണ്ടി വാദിച്ചു.

'ശരി, വീട്ടില്‍ കൊണ്ടുപോയി ഊണ് കൊടുക്ക്.'- അദ്ദേഹം പറഞ്ഞു.

അതായിരുന്നു കേരളത്തിലെ എന്റെ ആദ്യത്തെ ഊണ്. താനൂരില്‍ നിന്നും ചോറും മത്തിക്കറിയുമൊക്കെ കൂട്ടി. ഊണ് കഴിഞ്ഞപ്പോള്‍ അബ്ദുര്‍ എന്നോട് മേലെ പോയി വിശ്രമിക്കാന്‍ പറഞ്ഞു. വൈകുന്നേരം അബ്ദുര്‍ വന്ന് എന്നെ വിളിച്ച് താഴേയ്ക്ക് കൊണ്ടുപോയി. ചായയൊക്കെ കുടിച്ച് വീണ്ടും മുകളിലെത്തി. ഒരു ഹാര്‍മോണിയം എന്റെ നേരെ നീക്കി വെച്ച് അബ്ദുര്‍ എന്നോടൊരു ഖത്ത് വായിക്കാന്‍ പറഞ്ഞു. തബല പുള്ളിയുമെടുത്തു. ഞാനൊരു ഖത്ത് വായിച്ചു. ഒരു പാട്ടും പാടി. അബ്ദുര്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് താഴേയ്ക്കിറങ്ങിപ്പോയി. തിരിച്ചു വരുമ്പോള്‍ ഒപ്പം മുതലാളിയുമുണ്ടായിരുന്നു. എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാടി. പാട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നമുക്ക് ഏഴ് മണിക്ക് കൂടാം'

ഏഴ് മണിക്ക് അദ്ദേഹം കട പൂട്ടി വന്നു. അവിടെ ചെറിയൊരു മൈക്ക് സെറ്റ്, ഹാര്‍മോണിയം, തബല, ബുള്‍ബുള്‍ ഒക്കെ ഉണ്ടായിരുന്നു. പിന്നെ കുറേ ആള്‍ക്കാരും.  ഞാന്‍ രണ്ട് പാട്ട് പാടി. പാട്ട് കഴിഞ്ഞപ്പോഴേയ്ക്കും ജനക്കൂട്ടം വലുതായിരുന്നു. ആരാണീ പാട്ടുകാരന്‍ എന്നവര്‍ ചോദിക്കുന്നുണ്ടായിരുന്നു.

'ഇത് ബോംബെയില്‍ നിന്നുള്ള പാട്ടുകാരനാണ്. നാളെ ഇയാളുടെ പരിപാടി വെയ്ക്കുന്നുണ്ട്. മറ്റന്നാള്‍ ഇയാള്‍ പോകും.'- മുതലാളി പറഞ്ഞു. പിറ്റേ ദിവസം എന്റെ പരിപാടി വെച്ചു. ആ പരിപാടി കേട്ടവര്‍ മറ്റൊരു പരിപാടിക്കുകൂടി വിളിച്ചു. അങ്ങനെ ആ ഭാഗത്ത് രണ്ടാഴ്ച കൊണ്ട് 12 പരിപാടി വെയ്‌ക്കേണ്ടി വന്നു. 4000 രൂപ കിട്ടി. അവിടുന്ന് തിരിച്ചു പോകാന്‍ നേരത്ത് മുതലാളി പറഞ്ഞു:

'നമ്മുടെ നാട്ടില്‍ വന്ന സ്ഥിതിക്ക് കോഴിക്കോട്ടെ എന്റെയൊരു സുഹൃത്തിനെ ഞാന്‍ പരിചയപ്പെടുത്തിത്തരാം. പേര് ബാബുരാജ്. അവിടെയൊരു പ്രോഗ്രാം കിട്ടിയാല്‍ നിങ്ങള്‍ രക്ഷപ്പെടും.'

അദ്ദേഹം എന്റെ കൂടെ റെയില്‍വെ സ്റ്റേഷനിലേയ്ക്ക് ഒരു പയ്യനെ അയച്ച്, കോഴിക്കോട്ടേയ്ക്കുള്ള ടിക്കറ്റെടുപ്പിച്ച് തന്നു.

* * *

'അന്ന് മൂപ്പരേം കൂട്ടി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയത് ഞാനാ'- കാദര്‍ഭായ് പറഞ്ഞു.

അങ്ങനെ പലരും വന്നിട്ടുണ്ട്. ചിലര്‍ പോകാതെ ഇവിടെതന്നെ നിന്നിട്ടുമുണ്ട്. അവരുടെയൊക്കെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കാദര്‍ഭായ് ശ്രമിച്ചുനോക്കി.

'കൊച്ചിന്‍ ആന്റോ, ചാവക്കാട് റഹ്മാന്‍, കമാല്‍ഭായ്, സാമുല്‍ ഭായ്, മച്ചാട്ട് വാസന്തി, കെ.ആര്‍. വേണു...'

അതില്‍ പല പേരുകളും ഞാനും കേട്ടിട്ടുണ്ട്. ചിലര്‍ നല്ല നിലയിലെത്തിയപ്പോള്‍, ചിലര്‍ ഒന്നുമാകാനാകാതെ, ഒന്നുമാകാന്‍ ആഗ്രഹിക്കാതെ, തെരുവുകളില്‍ പാടി അവിടെ തന്നെ മരിച്ചുവീണു. ചിലര്‍ എവിടെയൊക്കെയോ ഇപ്പോഴും ജീവിക്കുന്നു.

'അന്നിവിടെ വന്നവരിലാരെയെങ്കിലും പിന്നെ  കണ്ടിരുന്നോ?'

കാദര്‍ഭായ് ഇല്ലെന്ന് തലയാട്ടി.

'മരിച്ചാലറിയും; പത്രത്തില്  വാര്‍ത്ത വന്നാല്.'- കാദര്‍ഭായിയുടെ വാക്കുകളിലെ ഹാര്‍മോണിയപ്പെട്ടിയുടെ വിഷാദ മൂളക്കം എനിക്ക് കേള്‍ക്കാമായിരുന്നു.

* * *

അവിടെയിപ്പോള്‍ പോയ കാലത്തിന്റെ ശേഷിപ്പായി ഒന്നും ബാക്കിയില്ല; ആ പഴയ കെട്ടിടമല്ലാതെ. പതിനഞ്ചേക്കറിലധികം വരുന്ന ആ പറമ്പ് പലര്‍ക്കായി മുറിച്ചു വിറ്റിരിക്കുന്നു. അന്‍സുവിന്റെ ഓര്‍മ്മയിലെ വൃക്ഷനിബിഢമായ ആ ഉപവനത്തിലിപ്പോള്‍ ഒത്തിരി വീടുകളുയര്‍ന്നിരിക്കുന്നു. പുതിയതായി ഒരു മദ്രസ്സയും പിന്നെ റോഡും ഒത്തിരി ഇടവഴികളുമെല്ലാമായി അവിടെ ഇപ്പോള്‍ മറ്റൊരു സ്ഥലമായി പരിണമിച്ചിരിക്കുന്നു. ആ ഇടവഴികളിലൂടെ നടക്കുമ്പോള്‍ അന്‍സുവും നൂരിസഫയറും പഴയ ഓര്‍മ്മകളിലേയ്ക്ക് മടങ്ങി. നൂരിസഫയര്‍ ബാവ മൊലാളിയുടെ കൊച്ചു മകനാണ്. ഞങ്ങള്‍ മൂവരും ഒരുമിച്ച് പഠിച്ചവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ നല്ലൊരു ഭാഗത്തെ അടയാളപ്പെടുത്തിയിരുന്നു ആ മണ്ണ്. അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ മാത്രമായിരുന്നു അപരിചിതന്‍. പക്ഷേ, അവിടെ എത്തിയപ്പോള്‍ ആ സ്ഥലത്ത് എന്നെപ്പോലെത്തന്നെ അവരും തീര്‍ത്തും അപരിചിതരാവുന്നത് എനിക്ക് കാണേണ്ടി വന്നു. ഓരോ അവധിക്കാലത്തും നൂരിസഫയര്‍ ഒത്തിരി സന്തോഷത്തോടെ ഓടി വന്നിരുന്ന ഉമ്മയുടെ തറവാട് നിന്നിരുന്ന സ്ഥലം കണ്ടുപിടിക്കാന്‍ അവന് കഴിഞ്ഞില്ല. അന്‍സുവിന് അവന്റെ പ്രിയപ്പെട്ട മരത്തണലുകളും. വികലമാക്കപ്പെട്ട ആ ഭൂമിയില്‍ അവര്‍ രണ്ടുപേരും സ്വന്തം ഓര്‍മ്മകളെ തിരയുമ്പോള്‍ എന്തു തിരയണമെന്നറിയാതെ വെറുതേ കാഴ്ചക്കാരായി ഞാനവിടെ ഒറ്റപ്പെട്ടപോലെ നിന്നു.

ഓടുകളടര്‍ന്ന്, ജനല്‍പ്പാളികള്‍ വിജാഗിരിയില്‍ നിന്നിളികി, വികലമായി തുറന്ന് വവ്വാലുകളുടെ ചിറകടിയൊളിപ്പിച്ച് വെച്ച് അന്ന് കാദര്‍ഭായിക്ക് മുന്നില്‍ എന്നന്നേയ്ക്കുമായ് അടഞ്ഞ പോലെ തന്നെ, സരിഗ ഞങ്ങള്‍ക്ക് മുന്നില്‍ വിഷാദരാഗം മീട്ടി നിന്നു. പാതി തുറന്ന ജനലുകളിലൂടെ ബാബുക്കയുടെ പാട്ടിന്റെ മാറ്റൊലി കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ കാതോര്‍ത്തു.

* * *

'രണ്ടോ മൂന്നോ വരിയേ മൂപ്പര് പാട്വള്ളൂ. ബാക്കി ബാപ്പൂനോട് പാടാന്‍ പറയും.'

എപ്പോളാണ് ബാബുക്ക വരികയെന്ന് പറയാന്‍ കഴിയില്ല. എപ്പോള്‍ വേണമെങ്കിലും വരാം. താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നേരെ ഇങ്ങോട്ട് നടക്കും. അന്ന് വാഹനങ്ങള്‍ കുറവായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് തോളിലൊരു ബാഗുമായി നടന്നുവരുന്ന ആ മനുഷ്യന്‍ എം.എസ്. ബാബുരാജാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. കോട്ടും ടൈയുമൊക്കെ കെട്ടി നില്‍ക്കുന്ന ബാബുക്കയുടെ ചിത്രം മാത്രം കണ്ട് ശീലിച്ചവരായിരുന്നല്ലോ അവര്‍. രണ്ടോ മൂന്നോ ദിവസം ബാബുക്ക കുന്നുമ്മല്‍ തറവാട്ടിലുണ്ടാകും. വയസ്സ് കൊണ്ട് ബാവ മൊലാളിയായിരുന്നു ഒത്തിരി മൂത്തതെങ്കിലും, പ്രായത്തിന്റെ അകല്‍ച്ച അവര്‍ക്കിടയില്‍ തീരെയില്ലായിരുന്നു. ബാബുക്കയുടെ ആ സൗഹൃദം പിന്നെ മകനിലേയ്ക്കും നീളുകയായിരുന്നു. 

ബാബുക്കയ്ക്ക് താനൂരില്‍ മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. മദിരാശിയില്‍ ബിസിനസ്സൊക്കെയുള്ള ഒരു വലിയ മുതലാളി. ബാബുക്ക റെക്കാര്‍ഡിംഗിന് മദിരാശിയിലെത്തിയാല്‍ അദ്ദേഹം തന്റെ വീടുകളിലൊന്ന് ബാബുക്കയ്ക്കായി വിട്ടുകൊടുക്കും. ഒരിക്കല്‍ ബാബുക്ക താനൂരിലെത്തിയപ്പോള്‍ അദ്ദേഹം നാട്ടിലുണ്ടെന്നറിഞ്ഞു.

'ഡാ, കാദറേ നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്.'- ബാബുക്ക കാദര്‍ഭായിയെ വിളിച്ചു. പൊടിമഴ ഗൗനിക്കാതെ ബാബുക്ക പുറത്തേയ്ക്കിറങ്ങി. കുടയെടുക്കാമെന്ന് കാദര്‍ഭായ് പറഞ്ഞെങ്കിലും ബാബുക്ക സമ്മതിച്ചില്ല.

'ഡാ, അവിടെ തിന്നാന്‍ പലതുംണ്ടാവും. കൊറവ് കാട്ടാണ്ട് അടിച്ച് മാറിക്കോണം.'

ചെറുമഴ, പെരുമഴയായി. ആ മഴയില്‍ നനഞ്ഞൊലിച്ച് ചെന്നുകേറിയ ബാബുക്കയെ കെട്ടിപ്പിടിച്ച്, ആ മുതലാളി അകത്തേയ്ക്ക് വിളിച്ചു പറഞ്ഞു:

'ഡ്യേ, ബാബു വന്നിട്ടുണ്ട്. ചായേം പലഹാരോം എട്‌ത്തോ.' അടിച്ചുമാറാനായ് കാദര്‍ഭായ് കാത്തുനിന്നു.

ആ അനുഗ്രഹിക്കപ്പെട്ട, പാമരനാം പാട്ടുകാരന്റെ കൂടെ മഴ നനഞ്ഞ് നടക്കാന്‍ അവസരം കിട്ടിയ കാദര്‍ഭായിയുടെ ഭാഗ്യമോര്‍ത്ത് എനിക്ക് ഉള്ളില്‍ അസൂയ തോന്നി.

ബാബുക്ക മരിച്ചപ്പോള്‍ കാദര്‍ഭായിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ബാപ്പുക്ക  പോയി കണ്ടു. പോകാന്‍ കഴിഞ്ഞിരുന്നെങ്കിലും താന്‍ ബാബുക്കയുടെ മയ്യത്ത് കാണാന്‍ പോകുമായിരുന്നോ എന്ന ചോദ്യത്തിന് കാദര്‍ഭായിക്ക് ഇപ്പോഴും ഉത്തരമില്ല.

* * *

സാമുല്‍ഭായ്

ബാബുക്ക വരുമ്പോള്‍ ചിലപ്പോള്‍ കൂടെയാരെങ്കിലും ഉണ്ടാകും. ഒരു തബലിസ്റ്റോ, ഗിറ്റാറിസ്റ്റോ, പാട്ടുകാരനോ അങ്ങനെയാരെങ്കിലും. അങ്ങനെ വന്നതാണ് സാമുല്‍ഭായ്. ബാബുക്കയുടെ കൂടെ വന്നവര്‍ അദ്ദേഹത്തിന്റെ കൂടെ തിരിച്ചുപോകാറാണ് പതിവ്. പക്ഷേ സാമുല്‍ഭായ് പോയില്ല. ബാബുക്ക പിന്നീട് പല തവണ വന്നുപോയിട്ടും സാമുല്‍ഭായ് തിരിച്ചു പോകാന്‍ കൂട്ടാക്കിയില്ല. സാമുല്‍ഭായ് എന്നത് ശരിയായ പേരാണോ എന്നറിയില്ല. ബാബുക്കയുടെ നാട്ടുകാരനാണ്. വിവാഹം കഴിച്ചിട്ടില്ല. വീട്ടില്‍ ഒരു പെങ്ങളോ മറ്റോ ഉണ്ടെന്ന് മാത്രമേ കാദര്‍ഭായിക്കറിയൂ. ഒരിക്കല്‍ കോഴിക്കോട് പോയപ്പോള്‍ കാദര്‍ഭായിക്ക് വീട് കാട്ടി കൊടുത്തിട്ടുണ്ട്. ബാബുക്കയുടെ ഗിറ്റാറിസ്റ്റായിരുന്നു. അതിനുപുറമേ പെയിന്ററും. ആകെ ഒരു കുഴപ്പമുള്ളത് വെള്ളമടി മാത്രമായിരുന്നു.

'എത്തറ കുടിച്ചാലും ഒരാളോടും വേണ്ടാത്ത വാക്ക് മൂപ്പര് പറയൂല.'

കുന്നുമ്മല്‍ തറവാട്ടിലെ പത്തായപ്പുരയിലായിരുന്നു സാമുല്‍ഭായിയുടെ താമസം. വീടുകള്‍ക്ക് പെയിന്റടിച്ചും മറ്റ് അല്ലറ ചില്ലറ പണികളൊക്കെയെടുത്ത് സാമുല്‍ഭായി പതിയെ പതിയെ ഇന്നാട്ടുകാരനായി മാറി. സാമുല്‍ഭായി എന്ന് കേട്ടാല്‍ ചെറിയ കുട്ടികള്‍ക്കുവരെ അറിയാമായിരുന്നു. സാമുല്‍ഭായിയുടെ കൂടെ സഹായിയായ്  ഇടയ്ക്ക് കാദര്‍ഭായിയും കൂടിയിരുന്നു. കാദര്‍ഭായ് അന്ന് തബല പ്രാക്ടീസ് ചെയ്തുവരുന്ന ചെറിയ പയ്യനായിരുന്നു. ഒരിക്കല്‍ പെയിന്റ് വാങ്ങാനായി രണ്ടുപേരും കൂടി കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ ഇളകി തുടങ്ങിയിരുന്നു. ടിക്കറ്റെടുക്കാന്‍ നിക്കാതെ നേരെ ഓടിക്കയറിയത് ഗാര്‍ഡിന്റെ മുന്നിലേയ്ക്ക്.

'ടിക്കറ്റെവിടെ?'

'എടുത്തിട്ടില്ല.'

'വാ'- അയാള്‍ മറ്റ് രണ്ട് ഗാര്‍ഡുകളുടെ മുമ്പിലേയ്ക്കവരെ കൊണ്ടുപോയി. പുള്ളികളെ ചോദ്യം ചെയ്യുമ്പോലെ അവര്‍ ചോദ്യം ചെയ്യാനാരംഭിച്ചു. സ്ഥലം എവിടെയാണെന്നും എങ്ങോട്ട് പോകുന്നുവെന്നുമൊക്കെ. കോഴിക്കോട്ടേയ്ക്ക് പെയിന്റ് വാങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അതിലൊരാള്‍ സാമുല്‍ഭായിയോട് ചോദിച്ചു:

'കോഴിക്കോട് പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ?'

'ഉണ്ട്.'- സാമുല്‍ഭായ് മറുപടി പറഞ്ഞു.

'ആരാണ്?'

'എം.എസ്. ബാബുരാജ്, കൊച്ചിന്‍ അബ്ദുര്‍...'- സാമുല്‍ഭായ് പട്ടിക നിരത്താന്‍ തുടങ്ങി. അതുകേട്ടപ്പോള്‍ അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. പക്ഷേ സാമുല്‍ഭായിയുടെ മുഖഭാവത്തില്‍ നിന്നും പറഞ്ഞത്  നുണയല്ല എന്നവര്‍ക്ക് ബോധ്യം വന്നതുകൊണ്ടാവാം അവര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു:

'അപ്പോ ഗിറ്റാറിസ്റ്റാണല്ലേ? താന്‍ തബലയും. ഞങ്ങളും കലാകാരന്മാരാ. ഇദ്ദേഹം പാടും. ഞാന്‍ ഹാര്‍മോണിയം. ഇവിടിപ്പോ ഹാര്‍മോണിയവും തബലയും ഒന്നുമില്ലാതെ പോയി. അല്ലെങ്കില്‍ നമുക്കൊരു പാട്ട് പാടി പരിപാടി വെയ്ക്കാമായിരുന്നു. സാരമില്ല. തല്‍ക്കാലം നിങ്ങള്‍ ഫറോക്കിലിറങ്ങി ടിക്കറ്റെടുത്ത് അടുത്ത വണ്ടിക്ക് കേറിക്കോ. ടിക്കറ്റില്ലാതെ കോഴിക്കോടെത്തിയാല്‍ പ്രശ്‌നമാവും.'

അവര്‍ പറഞ്ഞപോലെ ഫറോക്കില്‍ ഇറക്കിവിട്ടു.

പത്തു കൊല്ലത്തിലധികം സാമുല്‍ഭായ് ഇവിടെ നിന്നിട്ടുണ്ടാകും. ഒരിക്കല്‍ ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ഒരു മുള സാമുല്‍ഭായിയുടെ നെഞ്ചില്‍ വന്നു വീണത്രേ. അതിന്റെ ആഘാതം ആ ശുഷ്‌കിച്ച ശരീരത്തിനകത്ത് പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരിക്കണം. സാമുല്‍ഭായ് ദിവസം ചെല്ലുന്തോറും ക്ഷീണിച്ചു വന്നു. നെഞ്ചിനകത്ത് നിന്ന് കമ്പി പൊട്ടിയ ഗിറ്റാറിന്റേതുപോലെ അപശബ്ദങ്ങള്‍ കേട്ടു തുടങ്ങി. ഗിറ്റാര്‍ കയ്യിലെടുക്കാനുള്ള ശേഷി ശരീരത്തില്‍ നിന്ന് ചോര്‍ന്ന് പോയപ്പോള്‍ താനൊന്നുമല്ലാതായിരിക്കുന്നു എന്ന് സാമുല്‍ഭായ് തിരിച്ചറിഞ്ഞിട്ടുണ്ടാകും. കാദര്‍ഭായിക്ക് കൃത്യമായി ഓര്‍ത്തെടുക്കാനാകാത്ത ഏതോ ഒരു ദിവസം സാമുല്‍ഭായ് തിരിച്ചുപോയി. കുറച്ച് മാസങ്ങള്‍ക്കുശേഷം മരണപ്പെട്ടു എന്ന് ബാപ്പുക്ക പറഞ്ഞറിഞ്ഞു.

* * *

സ്ത്രൈണം

ഉയര്‍ത്തിക്കെട്ടിയ കോളാമ്പിയില്‍ നിന്ന് സുന്ദരമായ ഒരു സ്ത്രീ ശബ്ദം മുഴങ്ങി:

''യാ നബിയേ സലാം, യാ റസൂലേ സലാം, യാ മുഹമ്മദ് നബിയേ സലാം...''

കടപ്പുറത്ത് അതിന് മുമ്പൊരിക്കലും പെണ്ണ് പാട്ട് പാടിയ പരിപാടിയേ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ വലിയ പരിപാടികള്‍ നടത്തുമ്പോള്‍ ബാപ്പുക്കയും കാദര്‍ഭായിയും കൂടി കോഴിക്കോട്ടെ അട്ടന്‍സ് ക്ലബ്ബില്‍ നിന്ന് ഗായകരെ കൊണ്ടുവരാറുണ്ട്. അക്കൂട്ടത്തില്‍ വന്നതായിരിക്കും ആ ഗായിക എന്നാണ് പലരും കരുതിയത്. പാട്ടില്‍ വലിയ താല്‍പര്യമില്ലാതെ കടപ്പുറത്തും പറമ്പിലുമൊക്കെയായി മാറി നിന്നിരുന്നവര്‍ ലൗഡ്സ്പീക്കറിലെ സ്ത്രീ ശബ്ദം കേട്ട് ഓടിക്കൂടി. നിമിഷനേരം കൊണ്ട് അവിടം മണ്ണിട്ടാല്‍ കൊഴിയാത്തവിധം ആളുകള്‍ നിറഞ്ഞു. സുന്ദരിയായ പെണ്‍കൊടിയെ പ്രതീക്ഷിച്ചു വന്നവര്‍ക്ക് മുന്നില്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിഭിന്നമായ രൂപത്തോടെ കൊച്ചിന്‍ ആന്റോ മൈക്ക് പിടിച്ച് നിന്നു. ആ ദൃശ്യം നേരില്‍ കണ്ടിട്ടെന്ന പോലെ എനിക്ക് ചിരി പൊട്ടി.

'ഓന്‍ പെണ്ണ്ങ്ങളെ കൂറ്റില്‍ പാടണ ആളാണ് '

സ്ത്രീ ശബ്ദത്തില്‍ പാടുന്ന കൊച്ചിന്‍ ആന്റോയെപ്പറ്റി ഞാനും കേട്ടിട്ടുണ്ട്. ഏതോ ബസ് സ്റ്റാന്റില്‍ തളര്‍ന്നു കിടക്കുന്നത് കണ്ട് ആരൊക്കയോ ആശുപത്രിയിലെത്തിച്ചുവെന്നും പിന്നെ മരിച്ചുവെന്നും പത്രത്തില്‍ വായിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് പഴയ കൂട്ടുകാരുടെ വിയോഗങ്ങള്‍ കാദര്‍ഭായ് അറിഞ്ഞിരുന്നത്.

സംഗീതം തപസ്യയാക്കിയ ബാപ്പുക്ക ഇനി ഓരോര്‍മ്മ

(ചന്ദ്രിക ദിനപത്രം 21.06.2016)

താനൂരിലെ പ്രമുഖ സംഗീതജ്ഞന്‍ യു.കെ.ഒ. ബാപ്പു വിട പറഞ്ഞു. അമ്പത് വര്‍ഷമായി സംഗീതരംഗത്ത് നിസ്വാര്‍ത്ഥ തല്‍പ്പരനായ് നിലകൊണ്ട ബാപ്പുവിന്റെ ചരിത്രം താനൂരിന്റെ സംഗീത ചരിത്രമാണ്. താനൂരിലെ പഴമക്കാര്‍ എക്കാലവും സ്മരിക്കുന്ന പണ്ടാരക്കടപ്പുറം കുന്നുമ്മല്‍ ബാവയുടെ മകനാണ് ബാപ്പു. ബാവയാണ് താനൂര്‍ കടപ്പുറത്തേയ്ക്ക് സംഗീത പ്രതിഭകളെ എത്തിച്ചത്. പിതാവിന്റെ താല്‍പര്യം മുഴുവന്‍ ബാപ്പു ആവാഹിച്ചെടുക്കുകയായിരുന്നു. പല കലാകാരന്മാര്‍ക്കും അവസരമൊരുക്കിയ ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള സരിഗ ഓര്‍ക്കസ്ട്ര ഇന്നും താനൂരിന് നിറച്ചാര്‍ത്താണ്. താലപ്പൊലി, പടവാള്‍, അഭയാര്‍ത്ഥി, ദ്വീപ് എന്നീ നാടകങ്ങള്‍ക്ക് ബാപ്പു സംഗീതമൊരുക്കിയിട്ടുണ്ട്.

* * *

ബാപ്പുക്കയും കാദര്‍ഭായിയും ഒരേ പ്രായക്കാരായിരുന്നു. കാദര്‍ഭായ് ഇല്ലാതെ ബാപ്പുക്ക ഒരു വഴിക്കും പോകില്ലായിരുന്നു. കാദര്‍ഭായിയെ കൂട്ടി പലവട്ടം മെഡിക്കല്‍ കോളേജിലേയ്ക്ക് പോയി വന്നിട്ടും തന്റെ അസുഖമെന്തെന്ന് മാത്രം ബാപ്പുക്ക കൂട്ടുകാരനോട് പറഞ്ഞില്ല. കാദര്‍ഭായ് ചോദിക്കുമ്പോഴൊക്കെ ബാപ്പുക്ക എന്തെങ്കിലും പറഞ്ഞൊഴിയും.ഒരു ദിവസം പാട്ടൊക്കെ കഴിഞ്ഞ് ക്ലബ്ബ് പൂട്ടുന്നതിന് മുമ്പായി ബാപ്പുക്ക ചോദിച്ചു:

'ന്റെ കാലശേഷം ഇതാര് നടത്തിക്കൊണ്ട് പോകും?'

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ചെറുപ്പക്കാരെല്ലാം അത് കേട്ടപ്പോള്‍ വല്ലാതായി. കാദര്‍ഭായിയുടെ മനസ്സില്‍ എന്തൊക്കെയോ അശുഭ സൂചനകള്‍ ഉടലെടുത്തു. ആരും ഒന്നും മിണ്ടിയില്ല.

'കാദര്‍ഭായ് നടത്തിക്കോട്ടെ ല്ലേ?'- ബാപ്പുക്ക തന്നെ ആ ചോദ്യത്തിനുള്ള മറുപടിയും പഞ്ഞു. അന്ന് എല്ലാവരും പോയി കഴിഞ്ഞപ്പോള്‍, സരിഗയുടെ താക്കോല്‍ കാദര്‍ഭായിയുടെ കൈയ്യില്‍ വെച്ചുകൊടുത്തിട്ട് ബാപ്പുക്ക, തനിക്ക് വയറ്റില്‍ കാന്‍സറാണെന്ന  സത്യം കാദര്‍ഭായിയോട് പറഞ്ഞു. ആ താക്കോല്‍ ഏറ്റു വാങ്ങുമ്പോള്‍ ഉള്ളം കയ്യിലനുഭവപ്പെട്ട തണുപ്പും ആ വാക്കുകള്‍ കേട്ടപ്പോള്‍ ഹൃദയത്തിലുറഞ്ഞു കൂടിയ തണുപ്പും മുന്‍പൊരിക്കലും അനുഭവപ്പെട്ടതായ് കാദര്‍ഭായിക്ക് തോന്നിയതേയില്ലായിരുന്നു. അതിന് ശേഷം ബാപ്പുക്ക വല്ലപ്പോഴും മാത്രമേ സരിഗയിലെത്തിയിരുന്നുള്ളൂ. പിന്നെ പിന്നെ അതും നിലച്ചു. ബാപ്പുക്ക പാടെ കിടപ്പിലായി. ഒരു ദിവസം കാദര്‍ഭായ് വീട്ടിലേയ്ക്ക് ചെന്നു. ബാപ്പുക്ക കിടക്കുകയായിരുന്നു.

'ഒറങ്ങാണ് വിളിക്കണ്ട.'- ബാപ്പുക്കയുടെ ഭാര്യ പറഞ്ഞു.

ദൂരസ്ഥലങ്ങളില്‍ പരിപാടിക്കുപോയി രാത്രി ഏറെ വൈകിയെത്തുന്ന ബാപ്പുക്കയ്ക്കും തനിക്കും ഒരുപാട് തവണ ചോറ് വിളമ്പിത്തന്ന അവരുടെ വാക്കുകള്‍ ധിക്കരിക്കാന്‍ കാദര്‍ഭായിക്ക് മനസ്സ് വന്നില്ല. വേദനയില്‍ തളര്‍ന്നുറങ്ങുന്ന കൂട്ടുകാരനെ നിശ്ശബ്ദമായ് കുറച്ചുനേരം നോക്കി നിന്ന് കാദര്‍ഭായ് അവിടെ നിന്നിറങ്ങി. അന്ന് അപശകുനം പോലെ, സരിഗയില്‍ പിള്ളേര് പാടിയ പാട്ടുകളിലെല്ലാം മരണം നിശ്ശബ്ദമായ് നിറഞ്ഞു നിന്നിരുന്നു.

'ഈ ലോകം മരിക്കും. നീയും മരിക്കും. ഞാനും മരിക്കും'

പണ്ട് ഈ പാട്ട് പാടിയ ഒരുത്തനെ ബാപ്പുക്ക ഓടിച്ചു വിട്ട കാര്യമോര്‍ത്തപ്പോള്‍ കാദര്‍ഭായ് ഉള്ളില്‍ വേദനയോടെ ചിരിച്ചു. പിറ്റേ ദിവസം ബാപ്പുക്കയെ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. കാദര്‍ഭായ് കാണാന്‍ ചെന്നപ്പോള്‍ സംസാരിക്കാനാവാതെ ബാപ്പുക്ക വിതുമ്പി.

'ഉപ്പാക്ക് കാദര്‍ഭായിനോട് എന്തോ പറയാന്ണ്ടല്ലോ ഉമ്മാ. പക്ഷേ പറയാന്‍ പറ്റണില്ലല്ലോ.'- ബാപ്പുക്കയുടെ മകളുടെ കരച്ചില്‍ കേട്ട് കാദര്‍ഭായ് നിലത്ത് വീണ് ചിതറിയ ഹാര്‍മോണിയം പോലെ നുറുങ്ങി. അന്ന് രാത്രി ബാപ്പുക്ക മരിച്ചു. ത്വാഹാ പള്ളിയിലെ ബാങ്ക് വിളി വിഷാദഗാനമായി സരിഗയുടെ അടച്ചിട്ട വാതിലുകള്‍ തള്ളി തുറക്കാന്‍ ശ്രമിച്ചു.

ബാപ്പുക്കയുടെ മരണശേഷം മൂന്നു കൊല്ലത്തോളം സരിഗയെ കാദര്‍ഭായ് നയിച്ചു. അക്കാലയളവിനിടയില്‍ കുന്നുമ്മല്‍ തറവാട് പല ഭാഗങ്ങളായ് മുറിഞ്ഞ് മുറിഞ്ഞ് ആ മണ്ണില്‍ നാമാവശേഷമായി. അവരുടേതായ് അവിടെ ആ പീടിക മുറി മാത്രം ശേഷിച്ചു. ആ കുടുംബത്തിലുള്ളവര്‍ മറ്റ് പല സ്ഥലങ്ങളിലേയ്ക്കായി മാറിപ്പോയി.

* * *

സാധാരാണയായ് പൂട്ടിയ ശേഷം ഇറയത്തെ കഴുക്കോലിനിടയിലാണ് താക്കോല്‍ സൂക്ഷിക്കാറുള്ളത്. നേരത്തെ വരുന്നവരാരോ അവര്‍ തുറക്കാറാണ് പതിവ്. ഒരു ദിവസം താക്കോല്‍വെച്ച സ്ഥലത്ത് കാണാനില്ലായിരുന്നു. അവിടം മുഴുവന്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. പുഴയ്ക്കപ്പറത്തെ കുന്നുമ്മല്‍ക്കാരുടെ പുതിയ വീട്ടിലേയ്ക്ക് ഒരു പയ്യനെ കാദര്‍ഭായ് പറഞ്ഞുവിട്ടു. കുറേനേരം കഴിഞ്ഞ് പയ്യന്‍ വെറും കയ്യോടെ മടങ്ങിവന്നു. അവരെടുത്തില്ലത്രെ. പാതി തുറന്ന ജനാലയിലൂടെ കാദര്‍ഭായ് അകത്തേയ്ക്ക് നോക്കി. ഉള്ളിലെ ഇരുട്ടുമായി താദാത്മ്യം പ്രാപിക്കാത്തതുകൊണ്ട്  തന്റെ  കണ്ണുകള്‍ തന്നെ കബളിപ്പിച്ചതാവും എന്നാണ് ആദ്യം കാദര്‍ഭായിക്ക് തോന്നിയത്. ക്രമേണ അകത്തെ ഇരുട്ടുമായി കണ്ണുകള്‍ പരിചയിച്ചു കഴിഞ്ഞപ്പോള്‍, അതിനകത്തുണ്ടായിരുന്ന വാദ്യോപകരണങ്ങളെല്ലാം അപ്രത്യക്ഷമായതായി കാദര്‍ഭായിക്ക് മനസ്സിലായി. ഉമൈത്താനകത്ത് കിഴക്കെ ഒറ്റയില്‍ കുന്നുമ്മല്‍ തറവാട് അതിന്റെ സ്വത്തുക്കള്‍ തിരിച്ചെടുത്തിരിക്കുന്നു! ജീവിതത്തിലാദ്യമായി ഒറ്റപ്പെടലിന്റെ വേദന കാദര്‍ഭായി അറിഞ്ഞു. ബാപ്പുക്ക ഉണ്ടാക്കിയ ശൂന്യത നിറയ്ക്കാന്‍ തനിക്ക് കഴിയില്ലെന്ന് കാദര്‍ഭായ് തിരിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ട മുസാഫിറിനെപ്പോലെ ആ കെട്ടിടത്തിന്റെ കോണിപ്പടികള്‍ എന്നന്നേയ്ക്കുമായിറങ്ങി കാദര്‍ഭായ് പുറത്തെ പകലിന്റെ തീഷ്ണതയിലേയ്ക്ക് നടന്നു.

'അതെന്താ അവരങ്ങനെ ചെയ്തത്?'- ഞാന്‍ ചോദിച്ചു

ആ ചോദ്യത്തിന് കാദര്‍ഭായ് മറുപടി പറഞ്ഞില്ല. എനിക്ക് മുന്നില്‍ വെളിപ്പെടുത്താനാവാത്ത എന്തോ ഒന്ന് അദ്ദേഹത്തിനെ കുത്തിനോവിക്കുന്നുണ്ടാവണം. ഞാനെത്ര ചോദിച്ചിട്ടും അദ്ദേഹമത് പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു:

'സംഗീതം ഹറാമല്ല മോനെ. പണ്ട് പ്രവാചകന്‍ മക്കേന്ന്  മദീനത്തേയ്ക്ക് ഹിജറ പോയപ്പോള്‍ ദഫ് മുട്ടി പാട്ട് പാടീട്ടാണ്  മദീനത്തുള്ളോര്  പ്രവാചകനെ  സ്വീകരിച്ചത്. ഉള്ളില്‍ കല ഉള്ളോന് ആരേം സ്നേഹിക്കാന്‍ പറ്റും . കല ഇല്ലാത്തോനെയടക്കം.'

കാദര്‍ഭായ് നീണ്ട കഥാകഥനം അവസാനിപ്പിച്ചു. അതിനുശേഷം കുറേ നേരം ഞങ്ങള്‍ക്കിടയില്‍ നിശബ്ദത പരന്നു. അത്രയും കാലത്തെ അനുഭവങ്ങളെല്ലാം കഥ കേള്‍ക്കാനും പറയാനും ഇഷ്ടമുള്ള എനിക്ക് മുന്നില്‍ പറഞ്ഞതു തീര്‍ത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പോയപ്പോള്‍ ഞാനാലോചിച്ചു;

 'ഗസലുകളും ഖവ്വാലികളും തീര്‍ത്ത കടപ്പുറത്തിന്റെ സംഗീതം അതിന് നഷ്ടമായിരിക്കുന്നു. ആളുകളുടെ കൗതുകങ്ങള്‍ മറ്റു പലതിലേയ്ക്കും നീണ്ടു നീണ്ടു പോവുകയാണ്. ബാവ മൊലാളി പടിക്ക് പുറത്ത് നിര്‍ത്തിയ പലതും മനസ്സിന്റെ പടിപ്പുരകള്‍ തകര്‍ത്ത് ആളുകളുടെ ഉള്ളിലേയ്ക്കിറങ്ങി വരികയാണ്. ആരെയൊക്കെയോ ബോധിപ്പിക്കാന്‍ വേണ്ടിയെന്നോണം പണ്ടത്തെ സ്‌നേഹബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും വികലമായി അനുകരിക്കാന്‍ ശ്രമം നടക്കുന്നു. രാത്രിയാവുമ്പോള്‍ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കടപ്പുറത്തിന് അതിന്റെ സംഗീതം തിരിച്ച് പിടിക്കാനാകുമോ? റസാഖ് ഷാ പറഞ്ഞപോലെ മനുഷ്യരുടെ മനസ്സുകളിലേയ്ക്ക് സഹജീവികളോടുള്ള സ്‌നേഹവും ദയവുമൊക്കെ തിരിച്ചുവരുമോ? സരിഗ ഓര്‍ക്കസ്ട്രയ്ക്ക് അതിന്റെ മൂളക്കം തിരിച്ച് കിട്ടുമോ?'

ഇങ്ങനെ നൂറ് നൂറ് ചോദ്യങ്ങള്‍ എന്റെയുള്ളില്‍ തിരമാലകള്‍ പോലെ ആര്‍ത്തലച്ചു. ഉള്ളിലൊരു കടലുമായ് ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.

Content Highlights: Malayalam story by subhash Ottumburam