പത്രത്തിന്റെ മാട്രിമോണിയല്‍ പേജ് എടുത്ത് കണ്ണിനോട് ചേര്‍ത്തുവച്ച് വായിക്കുകയാണ് കുഞ്ഞിരാമന്‍നായര്‍. രാത്രിഭക്ഷണം കഴിക്കാന്‍ താല്പര്യമില്ല മൂപ്പര്‍ക്ക്. നൂറു കൂട്ടം മരുന്നു കഴിക്കുന്നുണ്ട്. ഭക്ഷണത്തിനു മുമ്പുള്ളതും ഭക്ഷണത്തിന് ശേഷം ഉള്ളതുമുണ്ട്. നാരായണിയമ്മ ഗുളികയുമായി രണ്ടു മൂന്നു പ്രാവശ്യം മുന്നില്‍ വന്നു തിരിച്ചുപോയി. ഞാന്‍ വരാം 'നാരാണ്യോ, നീയെന്തിനാ മനുഷ്യന്റ പുറകെ നടന്ന് ഇങ്ങിനെ ഇടങ്ങാറാക്കുന്നത്. '
നാരാണിയമ്മ ഒന്നും മിണ്ടാതെ തിരിച്ചുപോയി. അവര്‍ക്കറിയാം ഇപ്പോള്‍ ദേഷ്യം കുറച്ചു കുടുതലാണ്. ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയാല്‍ ഭക്ഷണമെന്നല്ല ഗുളിക പോലും കഴിക്കില്ല മൂപ്പര്‍.
കുഞ്ഞിരാമന്റ മാമന്റെ മകളാണ് നാരാണി. പതിനാറു തികയുമ്പോളേക്കും കല്യാണം കഴിച്ചു കൊണ്ടുവന്നതാണ്. അന്നു മുതല്‍ നിഴലായി നായരുടെ സുഖദു:ഖത്തില്‍ കൂടെയുണ്ട്. നായരും വല്യ ദേഷ്യക്കാരനൊന്നുമല്ല. പ്രതാപം കെട്ടുപോയ നായര്‍തറവാട്ടിലെ ഇളമുറക്കാരന്‍. പഴയ പ്രതാപത്തിന്റെ ഓര്‍മ്മയില്‍ ചെറിയ കൃഷിയിടമൊരുക്കി കൃഷി ചെയ്തു കഴിഞ്ഞുപോകുന്നു. നാരാണി ഭാവിയെപ്പറ്റിയെന്തേലും പറയുമ്പോള്‍ ഒറ്റവാക്കില്‍ അവരുടെ നാവടപ്പിക്കും.'ആന മെലിഞ്ഞാലും തൊഴിത്തില്‍ കെട്ടില്ല നാരാണ്യേ.'
ഇവര്‍ക്ക് നാലു പെണ്‍മക്കളാണ്. ഏറ്റവും മൂത്തവള്‍ സുമ. രണ്ടാമത്തേത് നാരായണി ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചത്. നിഷയും ഉഷയും. മൂന്ന് പെണ്ണ് ജനിച്ചപ്പോള്‍ നാലാമത്തെ ആണാവും എന്നായിരുന്നു നായരുടെ വിശ്വാസം. അതും പെണ്ണായിരുന്നു. അവളുടെ പേര് ഗീത. നായര്‍ മക്കളെ നന്നായി പഠിപ്പിച്ചു. നാരാണിയമ്മയോട് നായര്‍ പറയും. 'സ്വര്‍ണ്ണം പണം ഒന്നുമില്ലേലും നാലണ വരുമാനമുള്ള പണിയാക്കണം കുട്ട്യോള്‍ക്ക്. ഓര തുണിയലക്കാനുള്ള സോപ്പും ഓര മുടിക്കുള്ള എണ്ണയും വാങ്ങാന്‍ ആരോടും കെഞ്ചണ്ടാലോ'.
ഉള്ള ആസ്തി വിറ്റാണ് നായര്‍ പെണ്‍മക്കളെ പഠിപ്പിച്ചത്. അയല്‍പക്കകാരും കുടുംബക്കാരും കളിയാക്കി, 'പെണ്‍കുട്ട്യോള പഠിപ്പിച്ചിട്ടെന്തു കിട്ടാന.? ഓല് ഓര പാടു നോക്കി പോകും നായരേ നിങ്ങളാ പൈസക്ക് നല്ല ചെക്കമാരേ നോക്ക്. പഠിപ്പിച്ചാലും അതിനനുസരിച്ച ചെക്കനെ നോക്കണം. അപ്പോള്‍ അതുപോലെ പിന്നെ പൊന്നു കൊടുക്കണം.'
നായരതൊന്നും ചെവികൊണ്ടില്ല. നാലാളെയും നല്ല വിദ്യഭ്യാസം കൊടുത്തു. മൂത്ത മൂന്നാള്‍ക്കും മോശമല്ലാത്ത ജോലിയും കിട്ടി. സുമ കോളേജ് ലക്ചറാണ്. മറ്റു രണ്ടാളും നേഴ്‌സുമാരും. നാരാണിയമ്മ പെറ്റ നാലു മക്കളില്‍ ഏറ്റവും കറുത്തു പോയത് സുമയാണ്. നീണ്ട മിഴികളും ഇടതൂര്‍ന്ന മുടിയുമുള്ള സുമ മെലിഞ്ഞ് കറുത്ത് നാരാണിയമ്മയുടെ ഇളയമ്മയുടെ രൂപമാണ്. നായര്‍ തമാശയായി ചില രാത്രികളില്‍ നാരായണി അമ്മയോട് പറയാറുണ്ട് 'നിന്റെ ചെറിയമ്മേന്റ അച്ഛന്‍ ഏതോ ചെറുമനാകും. അല്ലാതെ നമ്മുടെ കുടുംബക്കാരെല്ലാം പൊന്നിന്‍ നിറമുള്ളോരാന്ന്.' 'അതിപ്പം നമ്മുടെ മുമ്പത്തെ തലമുറയിലാരാന്നാര്‍ക്കറിയാം. മുത്താച്ചിന്റെ പേരേ എനിക്കറിയു. അതിന്റെ മോളിലോട്ട് മാപ്പിളയോ, ചെറുമനോ, പറയനോ ആരാന്ന് ആര്‍ക്കെങ്കിലും അറിയോ?.'
നാരാണിയമ്മ ആത്മഗതം പറയും..
ബാക്കി മൂന്നു മക്കളും ഗോതമ്പു നിറമുള്ള സുന്ദരികളാണ്. സുമയും ചിലപ്പോള്‍ തമാശയായി ചോദിക്കും 'അമ്മേ എന്നെ ആശുപത്രിയില്‍ നിന്നും മാറിപ്പോയതാണോയെന്ന്.' ' നിറം ഏതായാലെന്താ എന്റെസുമേ മനുച്ചമാര് കറത്തിട്ടും വെളുത്തിട്ടുമാ ഉണ്ടാകുക..' എന്നു മറുപടി പറയും നാരാണ്യമ്മ.
അവള്‍ നല്ല ധൈര്യശാലിയും ആത്മവിശ്വാസമുള്ളവളും, മിടുക്കിയുമാണ്. എന്നാലിപ്പോള്‍ അവളിലും ചില അസ്വസ്ഥതകളുണ്ടെന്ന് നാരാണിയമ്മയ്ക്കറിയാം. കാരണം തന്നെക്കാള്‍ മൂന്നു വയസ്സിളപ്പമുള്ള രണ്ട് അനിയത്തിമാര്‍ക്കും വരന്മാരെ കിട്ടി അവരുടെ വിവാഹം കഴിഞ്ഞു. അവര്‍ക്ക് മക്കളായി. ഉഷ വീണ്ടും ഗര്‍ഭിണിയുമാണ്. സുമത്തിനു വേണ്ടി വന്ന അലോചനകളൊന്നും ശരിയാവാഞ്ഞപ്പോള്‍ കുട്ടികളുടെ കാരണവന്മാര്‍ക്കായിരുന്നു, നിര്‍ബന്ധം. സുമത്തിന്റെ വിവാഹം ഏതായാലും നടക്കുന്നില്ല, എന്നാല്‍ മറ്റവര്‍ക്ക് വരുന്നത് നല്ല ആലോചനകളാണ്, നാലാമത്തോളും വല്യ പെണ്ണായി. പുര നിറഞ്ഞ് നാലാളും നിന്നാല്‍ പിന്നെ കുട്ടികളെ കെട്ടാന്‍ ആള്‍ വരില്ലാന്ന്. അങ്ങിനെയാണ് ഉഷയുടെയും നിഷയുടെയും വിവാഹം നടത്തിയത്.
ഈ കാര്യം സുമത്തോടു പറഞ്ഞ ദിവസമുള്ള നായരുടെ മനസ്സ്.. കലുഷിതമായിരുന്നു.
എന്നാല്‍ വിവേകിയായ സുമയാവട്ടെ നായരോടിങ്ങിനെയാണ് പറഞ്ഞത്. 'എനിക്ക് പറ്റിയൊരാള്‍ എന്റെ നിറം നോക്കാതെ എന്നെ സ്‌നേഹിക്കാന്‍ പറ്റുന്നൊരാള്‍ വരട്ടെ. അതു വരെ ഞാന്‍ കാത്തിരിക്കും അച്ഛന്‍ വിഷമിക്കേണ്ട.'
പക്ഷെ ഒരച്ഛന്റെ ആധി.. ആരോട് പറയാനാണ്... രണ്ടാളും കല്യാണം കഴിഞ്ഞു പോയതിന്റെ പിറ്റെ ദിവസം വന്ന നെഞ്ചുവേദനയിലും സുമത്തിന്റെ മുഖമാണ് നായരെ പൊള്ളിച്ചത്. കഞ്ഞി പാത്രത്തില്‍ സ്പൂണ്‍ ഇട്ടിളക്കിയിരിക്കുന്ന കുഞ്ഞിരാമന്‍ നായര്‍ നാരാണിയമ്മയോട് പതുക്കെ ചോദിച്ചു.
സുമ ഉറങ്ങിയോ.?
ഇല്ല അവളെന്തോ വായിക്കുന്നുണ്ട് മുറിയില്‍.
ഗീതയുടെ വനിതാ പോലീസ് അപ്പോയിമെന്റ് ഓഡര്‍ വന്നിട്ടുണ്ട്. പിന്നെ കൃഷ്ണന്‍ നായര്‍ ഇന്ന് വിളിച്ചിരുന്നു. നല്ല തറവാട്ടുകാരാ, ആസ്ഥിയുമുണ്ട്. അയാളുടെ മോളെ മോന്‍ എസ് ഐ ആണ് ഗീതയെ അവര്‍ക്ക് കൊടുത്തൂടെന്ന്... സന്തോഷിക്കേണ്ട സമയമാണ്. കഞ്ഞിപ്പാത്രം നീക്കിവച്ചഴുന്നേറ്റ് നായര്‍ മുഖം കഴുകി വന്ന് കട്ടിലില്‍ കയറിക്കിടന്നു.
വനിതാപ്പോലിസായി ജോലിയില്‍ കയറിയ ഗീതക്ക് വന്ന ആലോചന ശരിയായി. കല്യാണം ഉറപ്പിക്കല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് തന്റെ സഹപാഠിയും ബാല്യകാല കളിക്കൂട്ടുകാരനും ആയ സന്തോഷിന്റെ ഫോണ്‍ കോള്‍ ആദ്യമായി സുമയ്ക്ക് വരുന്നത്. സ്റ്റേറ്റ് ബാങ്കില്‍ ഉയര്‍ന്ന ജോലിയുള്ള സന്തോഷ് അവിവാഹിതനാണ്. ഇരുനിറത്തില്‍ സുമുഖനായ യുവാവ്. അല്ലെങ്കിലും വെളുപ്പിലും പുരുഷന്മാര്‍ക്ക് ഭംഗി ഇരുന്നിറമാണ്..
സന്തോഷിന്റെ അമ്മമ്മയെല്ലാം നായരുടെ പറമ്പത്ത് ബാല്യക്കാരായിരുന്നു. താഴ്ന്ന
ജാതിക്കാരായതുകൊണ്ട് അവരുടെ കൂടെ കളിക്കാനൊന്നും തങ്ങളെ അനുവദിക്കാറില്ലായിരുന്നു മുത്തശ്ശിയെന്ന് സുമം ഖേദത്തോടെ ഓര്‍ത്തു. അവര്‍ കളിക്കുമ്പോള്‍ കൊതിയോടെ നോക്കി നില്ക്കാറുണ്ടായിരുന്നു.
മറുതലയ്ക്കല്‍ സന്തോഷിന്റെ ഗാംഭീര്യവും എന്നാല്‍ അതിലേറെ സനേഹവും സ്പുരിക്കുന്ന ശബ്ദം
'സുമ വിവരമെല്ലാം ഞാനറിഞ്ഞു. ഉഷയെല്ലാം പറഞ്ഞു. ആഷയുടെ വിവാഹം നിശ്ചയിച്ചു അല്ലേ...? അവരുടെ വിവാഹം കഴിയട്ടെ.. ശേഷം സുമത്തിനെ ഞാന്‍ വിവാഹം ചെയ്‌തോട്ടെ... എന്നെ ഇഷ്ടമാണെങ്കില്‍ പറയാം. സഹതാപം കൊണ്ടല്ല. തന്നോടുള്ള ഇഷ്ടം കൊണ്ടാണ്. ചെറുപ്പം മുതലെ കാണുന്ന നിന്നിലെ നന്മകളറിയാം. ജാതി നിനക്ക് ഒരു പ്രശ്‌നമാകില്ലെങ്കില്‍ ആരെതിര്‍ത്താലും ഞാന്‍ വരാം. തന്നെ വിവാഹം കഴിക്കാം.എന്താ സുമയുടെ അഭിപ്രായം.' സ്തംഭിച്ചു നിന്ന സുമ ഒന്നും പറഞ്ഞില്ല.
'സന്തോഷ് ഞാന്‍ വിളിക്കാം.. 'എന്ന് പറഞ്ഞ് സുമ ഫോണ്‍ വച്ചു. സന്തോഷിനെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമൊന്നുമില്ല. ജാതി താഴ്ന്നു എന്നത് ഒരു കുറ്റമായി സുമത്തിനു തോന്നിയില്ലെങ്കിലും, അച്ഛനും അമ്മയ്ക്കും ഉണ്ടാവുന്ന വിഷമമോര്‍ത്തപ്പോള്‍ അവള്‍ അസ്വസ്ഥയായി. ഈ വിവാഹം എല്ലാവരുടെയും അനുഗ്രത്തോടെ നടക്കില്ല എന്നവള്‍ക്കറിയാം. സന്തോഷില്‍ ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു എന്നതും അതിശയമാണ് .
സന്തോഷ് വച്ചു നീട്ടുന്നത് ഒരു ജീവിതമാണ്. അവന്റ മാതാപിതാക്കളെയും സഹോദരിമാരെയും നന്നായറിയാം. നല്ല സ്‌നേഹമുള്ള കുടുംബം. എല്ലാവരും നല്ല നിലവാരത്തിലെത്തിയിരിക്കുന്നു. തന്റ വിവാഹം നടന്നില്ലെങ്കിലും കുടുംബക്കാര്‍ ഇതംഗികരിക്കില്ലെന്നവള്‍ക്കറിയാം. ഇരുളടഞ്ഞു കിടന്ന ജീവിതം, വെളിച്ചവുമായി മുന്നിലൊരാളുണ്ട്. പാരമ്പര്യങ്ങളെ മുറുക്കിപ്പിടിച്ചു നില്ക്കാം ഇരുട്ടിലിരിക്കാം. പകരം എല്ലാം മറന്ന് പുതുജീവിതമേറ്റെടുക്കാം. സുമ ആലോചനയിലായി.
കല്യാണ നിശ്ചയം കഴിഞ്ഞ് എല്ലാരും പോയിരുന്നെങ്കിലും ഉഷ പോയിട്ടില്ലെന്നു മാത്രമല്ല. അവളുടെ ഭര്‍ത്താവ് നിശ്ചയത്തിനു വന്നിട്ടുമില്ലായിരുന്നു. സുന്ദരിയായ ഉഷ കോലം കെട്ടുപോയിട്ടുണ്ട്. വിവാഹത്തോടെ. ഉഷ ചേച്ചിയുടെ അടുത്തേക്ക് വന്നു. സുമ അവളെ നോക്കി. 'എന്താ മോളെ നിനക്കു പറ്റിയത്.??' അടക്കിപ്പിടിച്ചിരുന്ന വിങ്ങല്‍ അവളുടെ മുഖത്ത്‌നിന്ന് സുമ വായിച്ചെടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ സുമയുടെ ദേഹത്തേക്കവള്‍ ചാഞ്ഞു.. ചേച്ചി സൗന്ദര്യമോ സമ്പത്തോ, ഒന്നുമല്ല കുടുംബ ജീവിതത്തില്‍ വേണ്ടത് സ്വസ്ഥതയാണ്. പരസ്പര വിശ്വാസവും യോജിപ്പും ആണ്. അതില്ലേല്‍ എന്തുണ്ടായിട്ടും കാര്യമില്ല. അയാള്‍ക്ക് സംശയരോഗമാണ്.
ഞാന്‍ പുറത്തിറങ്ങിക്കൂട.. ക്രൂരമായി വേദനിപ്പിക്കും. ആരോടും ഞാന്‍ സംസാരിക്കുന്നതു പോലും ഇഷ്ടമല്ല.
സുമ ഞെട്ടിപ്പോയി.. 'എന്തിനാ മോളെ നീ ഇതെല്ലാം ഇത്രനാളും ഒളിച്ചുവച്ചത്.'
\ഇനി വയ്യ ചേച്ചി ഞാനങ്ങോട്ടിനി പോകുന്നില്ല.'
ചേച്ചി ഞാനിന്നലെ തെക്കേതിലെ സന്തോഷിനെ കണ്ടിരുന്നു. ഞങ്ങള്‍ കുറെ സംസാരിച്ചു. സന്തോഷ് വളരെ നല്ലൊരാളാണ്. നമ്മളെക്കാള്‍ നല്ല നിലയിലാണവര്‍ ജീവിക്കുന്നത്. സുമ ഉഷയെ അത്ഭുതത്തോടെ നോക്കി. ജീവിതം അവളെ എത്രമാത്രം പക്വമതിയാക്കിയിരിക്കുന്നു...
നിറത്തിന്റെ പേരില്‍ താനേറ്റ അപമാനങ്ങളെല്ലാം ഒരു നിമിഷം നേരം കൊണ്ട് ആവിയായിപ്പോയതായി തോന്നി സുമയ്ക്ക് സന്തോഷിന്റെ ആത്മാംശമുള്ള ആ ശബ്ദം അവളിലേക്ക് ഒരു കുളിരായി പെയ്തിറങ്ങി...
അവള്‍ ഫോണടുത്ത് സന്തോഷിന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു.....
Content Highlights: Malayalam Story by Lakshmi Damodar