ടെറസില്‍ ഭംഗിയായും വൃത്തിയിലും അടുക്കിവെച്ചിരിക്കുന്ന ചെടിച്ചട്ടികളുടെ അടുത്തുള്ള അരമതിലിരുന്ന് വസന്ത് ചുറ്റും നോക്കി. പടിഞ്ഞാറ് ഭാഗത്തെ നടപ്പാലത്തിനെതിരേയുള്ള റെയില്‍വേ പാലത്തിലൂടെ ഒരു ചരക്കുവണ്ടി കൂകിയാര്‍ത്തുകടന്നു പോയി.
'ഇവിടെ പതിനെട്ട് വീടുകളുകളുണ്ട്. കൃതൃമായി പറഞ്ഞ ഞങ്ങള്‍ രണ്ട് പേരടക്കം 78 താമസക്കാര്‍. വാക്കോ തുരുത്ത് പഞ്ചായത്തിലെ എട്ടാം വാര്‍ഡിന്റെ ഭാഗമാണ്', വസന്തിന്റെ അടുത്തേക്ക് നടക്കുന്നതിനിടെയില്‍ ബാലന്‍മാഷ് തുരുത്തിനെപ്പറ്റി ചെറുതായൊന്നു പറഞ്ഞു.
' ഞാനും ദേവകിയും ഇവിടെ വന്നിട്ടുതന്നെ 21 വര്‍ഷമായി. പണ്ട് സര്‍വീസിലുള്ള കാലത്താണ് പുഴയിലെ തുരുത്തിനെപ്പറ്റി കേട്ടറിഞ്ഞത്. അങ്ങനെ അന്വേഷണമായി.ഒടുവില്‍ ഇവിടെയെത്തി.
പിന്നേ, മുറിയിലേക്ക് വരാനും പോകാനും ഈ കോണി ഉപയോഗിക്കാം. ബാലന്‍ മാഷ് കൈ ചൂണ്ടികാട്ടിയ ഭാഗത്തേക്ക് നോക്കി
കറുത്ത പെയ്ന്റടിച്ച വീതിയുള്ള കോണി. താല്‍ക്കാലികമായി കൊണ്ടുവെച്ചതാകണം.
'അത്യാവശ്യം വേണ്ട സാധനങ്ങള്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. ഗ്യാസ് സ്റ്റൗ, പാത്രങ്ങളുമുണ്ട്. മുറിയും മറ്റും ക്ലീനിങ്ങ് സ്വന്തമായി ചെയ്യണം. പുറത്തുനിന്ന് അതിനായി ആരും വരുന്നില്ല. ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്'. ചെറിയൊരു പുഞ്ചിരിയോടെ മാഷ് കാര്യങ്ങള്‍ വിശദീകരിച്ചു.
'അപ്പോ വസന്തിന്റെ കാര്യങ്ങള്‍ നടക്കട്ടേ,
താഴെത്തേക്കുള്ള വാതില്‍ അടക്കുന്നുണ്ട്, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതി'. മാഷ് താഴെക്ക് നടന്നു.
ബാത്ത് റും അറ്റാച്ഛഡ് ആയ മുറിയും ചെറിയൊരു ഹാളും. ഹാളില്‍ നിന്നുള്ള വാതില്‍ കടന്നാല്‍ ടെറസിലെത്താം. അവിടെ നിന്നാണ് താഴേക്കുള്ള കോണി. ശരതിന്റെ ഫ്രണ്ട് ഹേമന്ദിന്റെ വീടാണിത്. അവന്റെ മാതാപിതാക്കളാണ് ബാലന്‍മാഷും ദേവകി ടീച്ചറും.

കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായാണ് ശരത് വീട്ടില്‍ വന്നത്. വീട്ടുപടിക്കല്‍  ജീപ്പ് വന്ന് നിന്നപ്പോഴെ ആളെ പിടികിട്ടി. വന്നപ്പാടെ കെട്ടിപിടുത്തം.വരിഞ്ഞുമുറുക്കല്‍. അവന് പഴയ സ്വഭാവത്തിലൊന്നും മാറ്റം വന്നിട്ടില്ല.
'തകര്‍ത്തടാ, ഇത്രയും കഴിവുണ്ടായിട്ടാണോ നീ ഇത്രകാലം എഴുതാതിരിക്കുന്നത്'.
ഫെയ്സ്ബുക്കില്‍ വൈറലായ ഒറ്റരാഷ്ട്രം എന്ന കഥയെകുറിച്ചാണ് അവന്‍ പിന്നെ വാതോരാതെ പറഞ്ഞത്. ഇത്രയും ഷാര്‍പ്പായ പൊളിറ്റിക്കല്‍ കഥ അടുത്തിടെ അവന്‍ വായിച്ചിട്ടില്ലെന്ന്. അവനെന്തറിയാം.
ഒറ്റരാഷ്ട്രമായി പോകുന്ന, അവിടുത്തെ രാജാവും പ്രജയും ഒരാള്‍ തന്നെയാകുന്ന രാജ്യം അവന് കെട്ടുകഥയാകും. എന്നാല്‍ കിരീടവും ചെങ്കോലുമുണ്ടായിട്ടും അസ്വസ്ഥമായി ജീവിക്കുന്ന പ്രജയുടെ മാനസിക സംഘര്‍ഷങ്ങള്‍ അവനറിയുന്നുണ്ടോ
'നിന്നെ ഒരുകാര്യം ഏല്‍പ്പിക്കാനാണ് വന്നത്. എനിക്കൊരു സ്‌ക്രിപ്റ്റ് വേണം.
സാമൂഹികമാധ്യമങ്ങള്‍ക്ക് സ്വാധീനം വര്‍ധിക്കുന്നമ്പോള്‍ മനുഷ്യര്‍ അറിയാതെയെങ്കിലും തുരുത്തുകളായി മാറികൊണ്ടിരിക്കുകയാണ്. തുരുത്തുകളായി മാറുന്ന മനുഷ്യരെപ്പറ്റിയുള്ള ഒരു ഷോട്ട് ഫിലിം. സാമൂഹികമാധ്യമങ്ങളിലെ ഇടപെടല്‍. നിനക്കറിയാലോ, ഇതിനൊപ്പം തുരുത്തുകളില്‍ ജീവിക്കുന്ന മനുഷ്യരെപ്പറ്റിയും അറിയണം. രണ്ടും കൂടിചേര്‍ന്ന് അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ത്തമാനകാലവുമായി ചേര്‍ത്തൊരു സാധനം ഉണ്ടാക്കണം. അവാര്‍ഡ് ലൈന്‍ ഐറ്റം.

കഥക്കായി ഒരാളെ തപ്പികൊണ്ടിരിക്കുമ്പോഴാണ് നിന്റെ കഥ വായിച്ചത്. മനുഷ്യന്‍ രാഷ്ട്രമാകുന്ന ട്രീന്റ്മെന്റ് സൂപ്പര്‍... നിനക്കിത് പറ്റും'.
അതിരുകടഞ്ഞ ആത്മവിശ്വാസത്തിലാണ് ശരതിന്റെ വര്‍ത്തമാനം. ചായയുമായി വന്ന അമ്മയോടും അവനീകാര്യം അവതരിപ്പിച്ചു.
'എടാ എന്റെ ഇപ്പോഴത്തെ ഷോട്ട് ഫിലിം കഴിഞ്ഞാല്‍ നമുക്കിത് തുടങ്ങാം. പ്രോഡ്യൂസറൊക്കെ നമ്മുടെ കൈയ്യിലുണ്ട്. നിനക്ക് പോകാനുള്ള തുരുത്തും ബാക്കി കാര്യങ്ങളും ഓകെ ആക്കിയിട്ട് വിളിക്കാം'.
എന്റെ മറുപടികള്‍ക്ക് സ്ഥാനമില്ലെന്ന് അറിയാവുന്നത് കൊണ്ടൊന്നും പറയാന്‍ പോയില്ല. കോളേജ് കാലം മുതല്‍ അങ്ങനെയാണ്. ശരത് എന്തെങ്കിലും പറഞ്ഞാല്‍ മറുത്തൊന്നും പറയാന്‍ കഴിയില്ല.
ജീപ്പ് പൊടിപറത്തികൊണ്ട് നടവരമ്പിലൂടെ പാഞ്ഞുപോയി.
'എന്താ നിന്റെ തീരുമാനം, നീ കുറച്ചുദിവസം മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലത്'. അമ്മ നയം വ്യക്തമാക്കി.
'അപ്പോ ഇവിടെയാരാണ'്.
'അപ്പുവിന്റെ പരീക്ഷ കഴിഞ്ഞതല്ലേ, അവന്‍ വന്നോളും. രാത്രി ഗിരിജയെ വിളിക്കുമ്പോള്‍ പറഞ്ഞാളോം'. അമ്മ തീരുമാനിച്ച മട്ടാണ്.
'എന്ന് പോകേണ്ടി വരും'
'ശരത് വിളിക്കാമെന്നാണ് പറഞിട്ടുള്ളത്. എന്നിട്ട് തീരുമാനിക്കാം'.
പുറത്തുകിടന്ന അയയില്‍ നിന്ന് തോര്‍ത്തെടുത്ത് വസന്ത് ബാത്ത്റൂമിലേക്ക് നടന്നു.

ജനല്‍ തുറന്നപ്പോള്‍ ആദ്യം കണ്ടത് കണ്ടല്‍ കൂട്ടത്തിനിടെയില്‍ മിന്നുന്ന മിന്നാമിന്നികൂട്ടത്തെയാണ്. പുഴ ശാന്തമായി ഒഴുകുന്നു. റെയില്‍വേ പാലത്തിലേക്ക് അടുത്തുളള സ്ട്രീറ്റ് ലൈറ്റില്‍ നിന്ന് വെളിച്ചമെത്തുന്നുണ്ട്. ലാപ്ടോപ് തുറന്നു. കൂറെ പണികളുണ്ട്. എല്ലാമൊന്ന് ക്രമീകരിക്കണം. വാക്കോ തുരുത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയണം. ഇവിടെയുള്ളവരെ ഓരോരുത്തരായി കണ്ട് സംസാരിക്കണം. പാലത്തിനപ്പുറമുള്ള കടകളില്‍ ബന്ധം സ്ഥാപിക്കണം. നാളെ മുതല്‍ എല്ലാം തുടങ്ങണം. കിടക്കയില്‍ തുറന്നുവച്ച ലാപ് ടോപ്പിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഇതെല്ലാം വസന്തിന്റെ മനസിലൂടെ മിന്നിമറിഞ്ഞു.

വീട്ടില്‍ നിന്ന് പോയതിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞാണ് ശരത്തിന്റെ വിളി വന്നത്. വാക്കോ തുരുത്തിലെല്ലാം അറേഞ്ച് ചെയ്ത ശേഷമാണ് അവന്‍ വിളിച്ചത്. ശരത്തിനൊപ്പം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്ന ഹേമന്ദിന്റെ അച്ഛന്‍ ബാലന്‍ മാഷ് തുരുത്തിലാണ് താമസം. മാഷെ കണ്ടാല്‍ മതിയെന്നും അടുത്ത ദിവസം തന്നെ അവിടേക്ക് പോകമെന്നും പറഞാണ് അവന്‍ ഫോണ്‍വെച്ചത്.

ജീവിതം നാടകമോ സിനിമയോ ഒന്നുമല്ല. ചെറിയ ചെറിയ സംഭവങ്ങളുടെ പിരിയന്‍ ഗോവണിയാണ്. മരണം വരെ അത് അവസാനിക്കാതെ കയറികൊണ്ടിരിക്കണം.ഇന്നലെ വരെ താന്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് കയറിയിരുന്നതെങ്കില്‍ ഇന്നത് കഥാകൃത്തിന്റെയാകുന്നു. നാളെ എന്താകുമോ. സിഗരറ്റിന്റെ ചാരം ജനലിലൂടെ  തട്ടി വസന്ത് പുറത്തേക്ക് നോക്കി. തുരുത്തിലെ തെങ്ങിന്‍തോപ്പിന് മുകളില്‍ ഇരുട്ടു വിരിഞ്ഞുനില്‍ക്കുന്നു. അപ്പോളയാള്‍ക്ക് നേതാവ് സുധാകരേട്ടനെ ഓര്‍മ വന്നു. രക്തം ഛര്‍ദിച്ച് പിടയുന്ന സഹകരണ ബാക്കിലെ ക്ലാര്‍ക്ക് ജിനേഷിനേയും വാറ്റുകാരി ദമയന്തിയേയും ഓര്‍മ വന്നു. വസന്ത് പെട്ടെന്ന് ജനലടച്ചു.വിയര്‍പ്പുചാലുകള്‍ അതിവേഗത്തില്‍ നെറ്റിയില്‍ നിന്ന് താഴേക്ക് പടര്‍ന്നുകയറുന്നു. ഫാനിന്റെ വേഗം കൂട്ടി അയാള്‍ കിടക്കയിലേക്ക് വീണു.

മാര്‍ക്കറ്റില്‍ പോയി വന്നതിന് ശേഷമാണ് ബാലന്‍മാഷ് വസന്തിനേയും കൂട്ടി തുരുത്തിന്റെ തെക്കേ അറ്റത്തുള്ള കണ്ടല്‍കൂട്ടത്തിനടുത്തേക്ക് നടന്നത്.
'ഇവിടെയിരുന്ന് സംസാരിക്കാം, നല്ല കാറ്റും കിട്ടും,ആരുടേയും ശല്യവുമുണ്ടാകില്ല'.
'തുരുത്തിന്റെ ചരിത്രമാണ് ആദ്യം അറിയേണ്ടത്. മാഷ് പറഞ്ഞോളു. പോയന്റ് നോട്ടുചെയ്തെടുക്കാം.കൂടുതല്‍ വേണമെങ്കില്‍ ഇടക്ക് ചോദിക്കാം'.
'അങ്ങനെ അധികം ചരിത്രമൊന്നുമില്ല. പത്തുതൊണ്ണൂറ് കൊല്ലം ഈ ഭാഗത്തുള്ള ഒരു പ്രമാണിയുടെ കൈയ്യിലായിരുന്നു ഈ തുരുത്ത്. അയാളുമായി ബന്ധമുണ്ടായിരുന്ന സ്ത്രീക്ക് നല്‍കിയതാണ് തുരുത്ത്. ഏറെകാലം അവരുടെ കൈയ്യിലാരുന്നു ഈ സ്ഥലം. അന്ന് ഇവിടെ ആള്‍താമസമൊന്നുമുണ്ടായിരുന്നില്ല. കാടുപിടിച്ചുകിടക്കുന്ന സ്ഥലം. അവരുടെ കാലശേഷം മക്കള്‍ ഇത് മറ്റൊരാള്‍ക്ക് വിറ്റു. അയാളില്‍ നിന്നാണ് ഇപ്പോഴിവിടെയുള്ളവര്‍ പല പല ഭാഗങ്ങളായി ഈ സ്ഥാലം വാങ്ങിയത്.
ഏതാണ്ട് രണ്ടര ഏക്കറോളം സ്ഥലം വരുമിത്. കുറച്ചു സ്ഥലം അവരുടെ കൈയ്യില്‍ തന്നെയാണ്. ഈ സ്ഥലത്തോട് ആകര്‍ഷണീയ തോന്നി വന്നവരും ബഹളത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് ഇങ്ങോട്ടുവന്നത്. ഇടക്കാലത്ത് ഒരു റിസോര്‍ട്ട് ടീം വലിയ വിലയുമായി പലരേയും സമീപിച്ചിരുന്നു. ആരും വില്‍ക്കാന്‍ തയ്യാറായില്ല.
'വില വലിയ രീതിയില്‍ കൂടിയോ'
'ഞങ്ങള്‍ അന്ന് വാങ്ങിയ വിലയുടെ അഞ്ചിരട്ടിയാണ് ഇപ്പോള്‍ വാഗ്ദാനം. എന്നാലും ആരും വില്‍ക്കുമെന്ന് തോന്നുന്നി്ല്ല. ഇവിടെയൊരു സമാധാനം ഉണ്ട'.
'മാഷെ ഇവിടുത്തെ കുടുംബം, ആളുകള്‍'
മൊത്തം 18 കുടുംബങ്ങള്‍. അതില്‍ 78 പേര്‍. ഇതില്‍ 26 കുട്ടികള്‍. രണ്ട് കുടുംബങ്ങളില്‍ കുട്ടികളില്ല. പലരും പല ജോലികളുള്ളവരാണ്. ഭൂരിഭാഗവും ടൗണില്‍ ജോലിക്ക് പോകുന്നു. കുട്ടികള്‍ അധികവും ഒരേ സ്‌കൂളിലാണ്. പാലത്തിനപ്പുറം അവര്‍ക്കുള്ള മിനിബസ് വരും.  അധികം പേരും ഉള്‍വലിഞ്ഞു ജീവിക്കുന്നവരാണ്. അധികം സംസാരമൊന്നുമില്ല. കുട്ടികള്‍ വൈകുന്നേരം കളിക്കുമ്പോഴുളള ശബ്ദകോലാലഹം മാറ്റിനിര്‍ത്തിയാല്‍ തുരുത്ത് എപ്പോഴും ശാന്തമായിരിക്കും. പാലത്തിനപ്പുറം കോയക്കയുടെ പലചരക്ക് കടയുണ്ട്. പിന്നെ തോമസിന്റെ ചായക്കടയും.

പുഴയുടെ മുകളിലേക്ക് ഉയര്‍ന്ന് മീന്‍ വെളളത്തില്‍ ഓളമുണ്ടാക്കി.  അകലെ നിന്ന് ഒരു തോണി നിറയെ ആളുകളുമായി തുരുത്തിനെ ലക്ഷ്യം വച്ച് വരുന്നുണ്ട്.
'അത് പുഴയില്‍ കറങ്ങാന്‍ വരുന്നവരാണ്. ആരേയും തുരുത്തിലേക്ക് കയറ്റാറില്ല. നമുക്ക് നടക്കാം'. മാഷ് എണീറ്റു.
'അല്ല മാഷെ ഇവിടുത്തെ കള്‍ച്ചര്‍'
'അത് നീ അനുഭവിച്ച് തന്നെ അറിയൂ', മാഷ് ചിരിച്ചു. വൈകുന്നേരം നമുക്ക് തുരുത്തിലൂടെ ഒന്ന് കറങ്ങാം. എല്ലാരേയും പരിചയപ്പെടാം. നിനക്ക് ആവശ്യമുള്ളത് എടുത്തോളു..
'ഓകെ മാഷെ'.

സ്റ്റൗവിന് മുകളിലെ പാത്രത്തിലേക്ക് കഞ്ഞിക്കുള്ള അരി കഴുകിയിടുമ്പോള്‍ വസന്ത് ഓര്‍ത്തത് ബാലന്‍മാഷിനെ കുറിച്ചായിരുന്നു. എന്തുകൊണ്ടാകാം മാഷ് ഇവിടേക്ക് വന്നത്. അതിന് പിന്നിലും ഒരു കഥയുണ്ടാകാം. ശരിക്കും ഇവിടെയുള്ളവരെല്ലാം നല്ല കഥാപാത്രങ്ങളാണ്. കഥകളുടെ ഖനിയാണ് ഈ തുരുത്ത്. ഇതിന് കഥാതുരുത്ത് എന്നാണ് പേരിടേണ്ടത്.
വാട്സാപ്പിലെ മെസേജിന്റെ ശബ്ദമാണ് വസന്തനെ സങ്കല്‍പ്പ ലോകത്തിന് നിന്ന് ഉണര്‍ത്തിയത്. ഇവിടെ വന്നതിന് ശേഷം തന്നെ ആരും വിളിച്ചില്ലല്ലോ എന്ന് അയാളോര്‍ത്തു. മെസേജ് ബോക്സ് തുറന്നു. പുസ്തക ഗ്രൂപ്പില്‍ നിന്നാണ്. അവരുടെ ഓഫറുള്ള കുറച്ചു പു്സ്തകങ്ങളുടെ ലിസ്റ്റുണ്ട്.

ഓ.. പ്ലേഗ്.

ആല്‍ബര്‍ട്ട് കമ്യൂവിന്റെ വിഖ്യാത പുസ്തകം. 20 ശതമാനം വിലക്കിഴിവുണ്ട്. കുറച്ചുകാലമായി വാങ്ങണമെന്ന് വിചാരിക്കുന്നതാണ്. ഗൂഗില്‍ പേ വഴി പുസ്തകത്തിന്റെ പണമടച്ച ശേഷം ഗ്രൂപ്പില്‍ മെസേജിട്ടു. എന്നിട്ട് ബാലന്‍മാഷുടെ വിലാസം വിലാസവും നല്‍കി. രണ്ടോ മൂന്നോ ദിവസത്തിനുള്ള അവര്‍ പുസ്തകം എത്തിക്കാറുണ്ട്. ഇവിടുത്തെ എകാന്തതയില്‍ പ്ലേഗ് കൂട്ടിരിക്കട്ടെ.

വാറ്റുകാരി ദമയന്തി നല്‍കിയ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് ജിനേഷ് കുടിച്ചുതീര്‍ത്തു. അവന്റെ കണ്ണുകള്‍ ചുകന്നുമറിയുന്നു. ദമയന്തി വീണ്ടും നിറക്കുന്നുണ്ട്. ജിനേഷ് കാണാതെ അതിലേക്ക് എന്തോ പൊടി ചേര്‍ക്കുന്നു. വീണ്ടും കൊടുക്കുന്നു, അവന്‍ കുടിക്കുന്നു. കുറച്ചുകഴിയുമ്പോള്‍ പിടച്ചില്‍, വായിലും മൂക്കിലും രക്തം. കട്ടപിടിച്ച ഇരുട്ടില്‍ തെളിയുന്ന ടോര്‍ച്ച് വെളിച്ചത്തില്‍ ചിരിയോടെ സുധാകരേട്ടന്‍. പിന്നെ ശക്തിയായി പെയ്യുന്ന മഴ...

അമ്മേ.... ഞെട്ടിയുണര്‍ന്ന് വസന്തന്‍ കിടക്കയില്‍ പകച്ചിരുന്നു. ഒന്നും മനസിലാകുന്നില്ല. രാവിലെയാണോ,അതോ രാത്രിയോ, തലക്ക് വല്ലാത്ത കനം. ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ പുഴയില്‍ പടിയിറങ്ങുന്ന വെയില്‍. തലകുനിച്ചിരിക്കുമ്പോള്‍ തെങ്ങിനോട് ചേര്‍ന്ന് നിര്‍ത്തി സുധാകരേട്ടന്‍ പറഞ്ഞത് ഓര്‍മ വന്നു. 'രാഷ്ട്രീയമാണ്. പലതും കാണും പലതും കേള്‍ക്കും. പുറത്തുപറഞ്ഞാല്‍ പിന്നെ നീയും നിന്റെ കുടുംബവുമുണ്ടാകില്ല. നിനക്ക് സുധാകരന്റെ ഒരു മുഖം മാത്രമെ അറിയൂ. നിന്നെ കൊല്ലാതെ ഇപ്പോ കൊല്ലാതെ വിടുന്നത് ഇത്രകാലം കൂടെ നിന്നത് കൊണ്ടാണ്. ചതിക്കാതിരുന്നാല്‍ നിന്റെ ആയുസ് നീളും'. അതും പറഞ്ഞ് സുധാകരേട്ടന്‍ നടന്നു.പിന്നാലെ  പട്ടിക കഷ്ണവുമായി ബാബുവും.

അടിയേറ്റതിന്റെ ആഘാതം മാറുന്നില്ല. ബാബു പട്ടിക കൊണ്ടാകും അടിച്ചത്. ആദ്യത്തെ അടിയില്‍ തന്നെ വീണിരുന്നു. ജിനേഷിനെ കൊല്ലുന്നത് കണ്ട് പുറത്തുപറയാതിരിക്കാനുള്ള ഭീഷണി. കോളേജ്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയാണ് സുധാകരേട്ടനെ പരിചയപ്പെടുന്നത്. പാര്‍ട്ടിയിലെ സൗമ്യമുഖം. എതിരാളികള്‍ക്ക് പോലും ആദരവ്. എന്തുകാര്യത്തിനും ഒപ്പം നില്‍ക്കും. നേതാവായിട്ടല്ല ചേട്ടന്റെ സ്ഥാനമായിരുന്നു. എന്തിനായിരിക്കും സഹകരണ ബാങ്കിലെ ക്ലാര്‍ക്കായ ജിനേഷിനെ സുധാകരേട്ടനും ദമയന്തിയും ചേര്‍ന്ന് കൊന്നത്. കേസ് തേയ്ച്ചുമായ്ച്ചുകളഞ്ഞത്. അന്നത്തെ സംഭവത്തിന് ശേഷം വീട്ടിനുള്ളില്‍ തന്നെ അടഞ്ഞിരിപ്പായി. അമ്മയുടെ ചോദ്യങ്ങള്‍ക്കൊന്നും പിടികൊടുത്തില്ല. രാവിനും പകലിനും അതിര്‍ത്തികളില്ലാതെയായി. മനസ് പുകഞ്ഞുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ നിയന്ത്രണം വിട്ടുപോകുമെന്നഘട്ടത്തിലെത്തിയതാണ്. അപ്പോഴാണ് ശരത്തിന്റെ വരവും തുരുത്തിലേക്കുള്ള യാത്രയും.

ഇവിടെത്തിയപ്പോള്‍ പലതും മറക്കാന്‍ തുടങ്ങുന്നു. തുരുത്തിന്റെ ശാന്തത മനസിലേക്കും പടരുന്നു. സ്വപ്നത്തിലൂടെ സുധാകരേട്ടന്‍ ഓര്‍മപ്പെടുത്തിയെങ്കിലും തിരിച്ചുപോകുമ്പോഴേക്കുമെല്ലാം ഇവിടെ ഉപേക്ഷിക്കണം. അമ്മ പറയുന്നത് പോലെ ജീവിതത്തില്‍ വിജയിക്കണം.
 
'വസന്താ...
താഴേ നിന്ന് ബാലന്‍മാഷുടെ വിളി.
'ഇപ്പോ വരാം മാഷെ, ഒന്നുറങ്ങിപോയി'

തുരുത്തിലെ കറക്കത്തില്‍ ആദ്യം കയറിയത് ടൗണില്‍ റേഷന്‍ കട നടത്തുന്ന ദിനേശന്റെ വീട്ടിലേക്കായിരുന്നു. ദിനേശന്‍ എത്തിയിട്ടില്ല. ഭാര്യ രാധ അകത്തുന്നുണ്ട്. മാഷെ കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് അവരിറങ്ങി വന്നു.
'മക്കളെവിടെ'
'അവരാ ഗ്രൗണ്ടില്‍ കളിക്കുന്നുണ്ട് മാഷെ. ഇതാരാ അതിഥി'.

'നമ്മളുടെ കഥ എഴുതാന്‍ വന്നയാളാ' ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു.
'ചായ എടുക്കട്ടെ',ചിരിയില്‍ പങ്കുചേര്‍ന്ന് രാധ ചോദിച്ചു
വേണ്ട രാധേ, ഇന്ന് എല്ലാവരേയും ഒന്ന് പരിചയപ്പെടുത്തണം. നാളെ മുതല്‍ വസന്തന്‍ ഒറ്റക്കിറങ്ങിക്കോളും. നമ്മളുടെ ജീവിതം കണ്ടറിയട്ടെ'.
രണ്ട് മണിക്കൂര്‍ കൊണ്ട് മാഷ്‌ക്കൊപ്പം തുരുത്തിലെ എല്ലാ വീടുകളിലുമായി ഓട്ടപ്രദക്ഷിണം നടത്തി. എല്ലാവരേയും പരിചയപ്പെട്ടു. പോലീസില്‍ നിന്ന് വിരമി്ച്ച ധര്‍മരാജന്‍, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സൈനുദ്ധീന്‍, ബാങ്കില്‍ ജോലിയുള്ള വാസന്തി, മരുന്ന് കട നടത്തുന്ന മുകേഷും ജമീലയും, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ പരമേശ്വരന്‍,ഹോട്ടല്‍ മുതലാളി ഇബ്രാഹിം കുട്ടി, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീതാംബരന്‍, അങ്ങനെ അങ്ങനെ...

പരിചയപ്പെട്ടവരുടെ പേരും ജോലിയും ഡയറിയില്‍ കുറിച്ചുമ്പോള്‍ കൗതുകം തോന്നി. ഒരേ ജോലി ചെയ്യുന്ന ഒന്നിലധികം പേര്‍ തുരുത്തിലില്ല. സാംപിള്‍ പോലെ ഓരോരുത്തരെ തുരുത്തില്‍ ഇട്ടപോലെ. പിന്നെ തോന്നുന്ന കാര്യം എകാന്തതയാണ്. ഇവിടെ കൂട്ടായ്മകളൊന്നുമില്ല. എല്ലാവരും ഓരോ തുരുത്തുപോലെ. ഓരോ കുടുംബത്തിനും തൊട്ടടുത്ത കുടുംബത്തിലെ കാര്യങ്ങളൊന്നും കാര്യമായി അറിയില്ല. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ എല്ലാവരും ഒന്നിക്കും. ഇക്കാര്യങ്ങള്‍ മാഷുടെ സാംസാരത്തില്‍ നിന്ന് കിട്ടിയതാണ്. മാഷും ഒന്നും മുഴുവനായി പറയുന്നുമില്ല.

രാവിലെ ചായയുമായി നേരത്തെ ടെറസിലേക്ക് ഇറങ്ങിയിരുന്നു. തുരുത്തില്‍ നിന്ന് ജോലിക്ക് പോകുന്നവരെ കാണാനുള്ള ആഗ്രഹം കൂടി അതിന് പിന്നിലുണ്ട്. ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ കയറി തുടങ്ങി. ഒന്ന് രണ്ട് പേര്‍ക്ക് കാറുണ്ട്. അത് പാലത്തിനപ്പുറം നിര്‍ത്തിയിടാറാണ് പതിവ്. പത്ത് മണിയാകുന്നതോടെ തുരുത്ത് ശാന്തമാകും. ഇടയ്ക്ക് അലക്കുകല്ലില്‍ തുണിയടിക്കുന്നതിന്റെ ശബ്ദം മാത്രം. ബാലന്‍മാഷും ധര്‍മരാജനും മാത്രമെ പകല്‍ പുരുഷന്‍മാരായി വീടുകളില്‍ കാണൂ. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന ഒന്ന് രണ്ട് വീടുകള്‍ അടഞ്ഞു കിടക്കും.

രാവും പകലും ഇവിടെ തുരുത്താണ്. വലിയ തുരുത്തിനുള്ളിലെ തുരുത്തുകള്‍. ഒരാഴ്ച്ച കൊണ്ട് തന്നെ മടുപ്പ് ബാധിച്ചുതുടങ്ങിയിരിക്കുന്നു. പുറത്തിറങ്ങിയാല്‍ തന്നെ ആരും സംസാരിക്കാന്‍ വരാറില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കിലുള്ള മറുപടികള്‍. മധ്യവയസ്‌ക്കരും കുട്ടികളുമാണ് തുരുത്തിലുളളത്. യുവാക്കള്‍ ജോലിക്കായി പലയിടങ്ങളിലാണ്. വല്ലപ്പോഴുമാകും വരവ്. ഇടക്ക് സംസാരിക്കാന്‍ താല്‍പ്പര്യം കാട്ടാറുള്ളത് ധര്‍മരാജനാണ്. അയാളാകട്ടെ പോലീസിലെ വീരകഥകള്‍ വിളമ്പും. പാലത്തിനപ്പുറമുള്ള കടകളിലും ഇതേ അവസ്ഥ. ബാലന്‍ മാഷിന്റെ സംസാര സ്റ്റോക്കും തീര്‍ന്ന പോലെയാണ്. ഇവിടെയുള്ളവര്‍ എന്തോ മറയ്ക്കുന്നുണ്ടോ, പുറത്തുനിന്ന് വരുന്നവരുടെ സാന്നിധ്യം ഭയപ്പെടുന്നുണ്ടോ. അങ്ങനെയാണ് തോന്നുന്നത്.
'വസന്താ, പോസ്റ്റുണ്ട്'
താഴോട്ട് ചെല്ലുമ്പോള്‍ യൂണിഫോം ധരിച്ച സുമുഖനായ പോസ്റ്റ്മാന്‍. തടിച്ച കവര്‍ നീട്ടി. പുസ്തകമാണല്ലേ. ഒപ്പിട്ടുനല്‍കുമ്പോള്‍ അയാള്‍ ചോദിച്ചു. 
'അതേ. ഏതാ ബുക്ക്'
'കമ്യൂവിന്റെ പ്ലേഗ്.'
മുകളിലേക്ക് കയറുന്നതിനിടെ കവറില്‍ നിന്ന് പുസ്തകം പുറത്തെടുത്തു. ചുവന്ന കവറില്‍ ഒറ്റകണ്ണുള്ള മുഖചിത്രം.

ഈ പുസ്തകം വായിച്ചുകഴിയുന്നതോടെ മരിക്കുമോ? അങ്ങനെയൊരു ചിന്ത ഒരു നിമിഷം ഉള്ളിലൂടെ പാഞ്ഞു. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ അതില്‍ നിന്ന് മുക്തനാവുകയും ചെയ്തു. പുസ്തകം മേശപുറത്തേക്ക് മാറ്റിവെച്ചു.

വൈകുന്നേരത്തെ പതിവു കറക്കം കഴിഞ്ഞ് തിരികെയെത്തിയപ്പോളാണ് പ്ലേഗിനെ കണ്ടത്. പുസ്തകം കൈയ്യിലെടുത്തപ്പോള്‍ പെട്ടെന്ന് മരണത്തിന്റെ ചിന്ത ഓര്‍മ വന്നു. പുസ്തകം വായിച്ചുകഴിയുമ്പോള്‍ മരിക്കുമോയെന്ന് മനസിലുയര്‍ന്ന ചിന്തയെ അപ്പോള്‍ തന്നെ തിരുത്തിയില്ലെന്നകാര്യം അപ്പോളാണോര്‍മ വന്നത്.

വിചിത്രമായ ചില ചിന്തകള്‍ പലപ്പോഴും മനസിലേക്ക് കടന്നു വരാറുണ്ട്. അപ്രതീക്ഷിതമായി വരുന്ന കാര്യങ്ങള്‍ സംഭവിക്കാറുമുണ്ട്. പലവട്ടം ആലോചിച്ചിട്ടുണ്ട്. എങ്ങനെയാണ് ആ കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന്. ചിലപ്പോള്‍ പൊടുന്നനെ ചിലരെകുറിച്ച് ഓര്‍മ വരും. മിനിറ്റുകള്‍ക്കുള്ളില്‍ വരെ മുന്നില്‍ കാണും. പലവട്ടം അങ്ങനെ സംഭവിച്ചിട്ടുണ്ട്. കളി കാണുമ്പോള്‍ തൊട്ടടുത്ത നിമിഷം ഗോളാണോ,പെനാല്‍ട്ടിയാണോ എന്നൊക്കെ തോന്നുന്നതും സംഭവിക്കുന്നതും പലതവണ ആവര്‍ത്തിച്ചു. ജീവിതത്തിലെ പല സംഭവങ്ങളും ദുരന്തങ്ങളും മുന്നറിയിപ്പുകളായി മനസിലൂടെ പാഞ്ഞുതുടങ്ങിയപ്പോഴാണ് അതിലൊക്കെ വിശ്വാസം വന്നത്.

പിന്നീട് സംഭവിക്കാന്‍ പാടില്ലാത്ത കാര്യം മനസിലേക്ക് എത്തിയാല്‍ അപ്പോള്‍ തന്നെ അങ്ങനെ സംഭവിക്കരുതെന്ന് തിരുത്താന്‍ തുടങ്ങി. തിരുത്തിയതൊന്നും സംഭവിക്കാതിരിക്കുകയും തിരുത്താന്‍ വിട്ടുപോയത് നടക്കുകയും ചെയ്തതോടെ ശരിക്കും ജാഗ്രത പുലര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ പ്ലേഗിന്റെ കാര്യത്തില്‍ പിഴവ് പറ്റിയിരിക്കുന്നു.

വായന തുടങ്ങണോ വേണ്ടയോ

ജീവിതം വെച്ചാണ് കളി. വായിച്ചുതീരുമ്പോള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പ്രത്യേകിച്ചൊന്നുമില്ല. മറിച്ചായാല്‍. പ്ലേഗ് വായിക്കേണ്ടെന്നുറപ്പിച്ച് പുസ്തകം ബാഗിലേക്ക് എടുത്തുവെച്ച് ഉറക്കം കാത്തുകിടന്നു.

വസന്തനെത്തി 13-ാം നാളിലാണ് അത് സംഭവിച്ചത്.

രാവിലെ മാഷുടെ പരിഭ്രാന്തിയോടെയുള്ള വിളി കേട്ടാണ് താഴേക്കിറങ്ങിയത്.
'നമ്മുടെ വാസന്തിക്ക് കടുത്ത പനി. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുകയാണ്. എന്തൊക്കയോ വിളിച്ചുപറയുന്നുണ്ട്'- മാഷ് ഒറ്റശ്വാസത്തില്‍ വിവരം പറഞ്ഞു.
വാസന്തിയുടെ വീട്ടിലെത്തുമ്പോള്‍ തുരുത്തിലുള്ളവര്‍ എല്ലാം തന്നെ അവിടെ കൂടിയിട്ടുണ്ട്. കസേരയില്‍ തളര്‍ന്നിരുന്ന് അവളെന്തോ എന്തോക്കയോ പുലമ്പുന്നു. മാഷെ കണ്ടതോടെ ശബ്ദം കൂടി.
'പറ്റിച്ചു, എല്ലാവരേയും ഞാന്‍ പറ്റിച്ചു. 25 ലക്ഷമാണ് തട്ടിയെടുത്തത്. തിരിമറി, ബാങ്കില്‍ തിരിമറി'- വാസന്തി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഗോവിന്ദാ നീ കാറെടുക്ക്. നമുക്ക് വാസന്തിയെ ടൗണിലെ ആശുപത്രിയില്‍ കാണിക്കാം. മാഷ് പറഞ്ഞതോടെ ഗോവിന്ദന്‍ ഭാര്യയെ താങ്ങിയെടുത്ത്  പാലത്തിനപ്പുറമുള്ള കാറിലേക്ക് നടക്കാന്‍ തുടങ്ങി. മാഷും ധര്‍മരാജന്റെ ഭാര്യയും ഒപ്പം പോകാന്‍ തയ്യാറായി. കാറിലേക്ക് നടക്കുമ്പോഴും വാസന്തി താന്‍ ബാങ്കില്‍ നടത്തിയ തിരിമറികളെപ്പെറ്റി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 

ഉച്ചയോടെ മാഷും ധര്‍മരാജന്റെ ഭാര്യയും തിരിച്ചുവന്നു. വാസന്തിയെ അഡ്മിറ്റ് ചെയ്തെന്നും, പനി കുറഞ്ഞിട്ടില്ലെന്നും തുരുത്തിലുള്ളവരെ അറിയിക്കുകയും ചെയ്തു. ധര്‍മരാജന്റെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉണര്‍ന്നത്. തുരുത്തിലൂടെ നടന്ന് അയാള്‍ എന്തൊക്കയോ വിളി്ച്ചുപറയുന്നു. താഴേക്കിറങ്ങി ചെന്നപ്പോഴാണ് പണ്ട് ലോക്കപ്പില്‍ വന്ന് ഒരു പ്രതിയെ മര്‍ദ്ദിച്ചുകൊന്നതിലെ പങ്കാണ് ധര്‍മരാജന്‍ വെളിപ്പെടുത്തികൊണ്ടിരിക്കുന്നത്. അയാള്‍ കടുത്ത പനിയില്‍ വിറച്ചുതുള്ളുന്നുണ്ടായിരുന്നു.
മിണ്ടാതിരിക്ക് മനുഷ്യ, ആളുകള്‍ നോക്കുന്നു'-
ധര്‍മരാജന്റെ ഭാര്യ അയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല. മാഷുടെ നേതൃത്വത്തിലാണ് ധര്‍മരാജനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അടുത്ത മൂന്ന് ദിവസങ്ങളിലായി ജമീലക്കും സൈനുദ്ധീനും പരമേശ്വരനും പനി വന്നു.
മരുന്ന് കമ്പനിയുമായി ചേര്‍ന്ന് അടുത്തുളള കോളനിയിലെ പാവങ്ങളെ ചൂഷണം ചെയ്തതിലെ പങ്കാണ് ജമീല വിളിച്ചുപറഞ്ഞത്. തുരുത്തിലെ ഗോപാലന്റെ ഭാര്യയുമായുള്ള അവിഹിതമാണ് സൈനുദ്ധീന്‍ വെളിപ്പെടുത്തിയത്. മൂന്ന് പെണ്‍മക്കളുള്ള ഒരച്ഛനെ സ്വത്ത് ചതിവിലൂടെ സ്വന്തമാക്കിയതായിരുന്നു പരമേശ്വരന്റെ ഏറ്റുപറച്ചില്‍.

വാക്കോ തുരുത്തിലെ പനിയും പുറത്തുവരുന്ന സത്യങ്ങളും  മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായി. അതുവരെ മറഞ്ഞിരുന്ന സാക്ഷികള്‍ പുറത്തുവന്ന സത്യങ്ങളെ സാക്ഷ്യപ്പെടുത്തി. പനിയുടെ കാരണം തേടി ആരോഗ്യവകുപ്പും വെളിപ്പെടുത്തലുകളിലെ സത്യം തേടി പോലീസും അവര്‍ക്കൊപ്പം മാധ്യമങ്ങളും തുരുത്തിലെത്തി. അതുവരെ ശാന്തമായി കിടന്ന തുരുത്ത് ബഹളമയമായി. അവിടെയുള്ളവരുടെ സമാധാനം പോയി. ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് അന്നത്തെ പനിക്കാരനേയും അയാള്‍ അതുവരെ മനസിലൊളിപ്പിച്ച സത്യത്തേയും കേള്‍ക്കുന്നതിനായി.

തുരുത്തിലേക്ക് വന്ന അതിഥിയായതിനാല്‍ പോലീസിന്റേയും ആരോഗ്യവകുപ്പിന്റേയും  നോട്ടപുള്ളിയായി വസന്ത് മാറിക്കഴിഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിനൊപ്പം ആരോഗ്യവകുപ്പ് വസന്തിന്റെ ശരീരത്തില്‍ നിന്ന് വിവിധ സാംപിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. പനിയുടെ കാര്യത്തില്‍ തീരുമാനമാകുന്നത് വരെ തുരുത്ത് വിട്ടുപോകരുതെന്ന് പോലീസ് നിര്‍ദ്ദേശിക്കുകും ചെയ്തു.
പനി പിന്നേയും തുരുത്തിനെ കീഴടക്കികൊണ്ടിരുന്നു. ഓരോ വീട്ടില്‍ നിന്നും ഓരോരുത്തര്‍ എന്ന കണക്കിനാണ് ആണ്‍-പെണ്‍ വ്യാത്യാസമില്ലാതെ രോഗം ബാധിച്ചത്. പുറത്തുവന്ന കഥകള്‍ പലതും മുമ്പ് കേട്ടതിനേക്കാള്‍ ഞെട്ടിക്കുന്നതുമായിരുന്നു.

പതിനഞ്ചാം ദിവസമാണ് ബാലന്‍മാഷ്‌ക്ക് പനിച്ചത്. ദേവകി ടീ്ച്ചറുടെ നിലവിളി കേട്ടാണ് വസന്ത് താഴേക്കോടിയത്. മാനേജ്മെന്റ് സ്‌കൂളില്‍ മാനേജര്‍ക്കായി നടത്തിയ കള്ളത്തരങ്ങളാണ് മാഷ് എണ്ണിയെണ്ണി പറഞ്ഞത്. പറഞ്ഞു പറഞ്ഞുകുഴഞ്ഞുവീണ മാഷെ  വസന്തും ദേവകി ടീച്ചറും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോയത്.

സന്ധ്യ സമയത്ത് മാഷ് കൈ കൊണ്ട് മാടി വിളിക്കുന്നത് കണ്ടാണ് ആശുപത്രിക്കിടക്കയുടെ അടുത്ത ചെന്നത്. മാഷുടെ ശബ്ദം നേര്‍ത്തിരുന്നു. തല താഴ്ത്തിയപ്പോഴാണ് പറയുന്നത് കേട്ടത്.
'മോനെ, ഇനി കണക്ക് പ്രകാരം അവിടെ മൂന്ന് കുടുംബങ്ങളും നീയുമാണ് ബാക്കിയുള്ളത്. അടുത്ത നാല് ദിവസത്തിനുളളില്‍ നിനക്കും പനിക്കും. അതിന് മുമ്പ് നീ തുരുത്ത് വിട്ടു പോകണം'. ക്ഷീണിച്ച സ്വരത്തിലാണ് മാഷ് പറഞ്ഞത്.

balu


ശരീരത്തിനുള്ളില്‍ പനിക്ക് മൂമ്പേയുള്ള കുളിര് കോരി. വേഗം പുറത്തിറങ്ങി ഓട്ടോ പിടിച്ചു. മുറിയില്‍ നിന്ന് സാധനങ്ങളെടുത്ത് ഈ ഓട്ടോയില്‍ തന്നെ തിരിച്ചു പോകണം.
ഓട്ടോ പാലത്തിനടുത്ത് നിര്‍ത്തി ഇറങ്ങിയപ്പോഴാണ് പോലീസുകാരെ കണ്ടത്.
നീ അല്ലേടാ വസന്ത്. നിന്നോട് ഇവിടം വിട്ടുപോകരുതെന്ന് പറഞ്ഞതല്ലേ.. ശകാരത്തിനൊപ്പം ഒപ്പം മുഖമടച്ച് അടിയും വീണു.
തരിപ്പും മൂളലും.. എന്താണ് സംഭവിച്ചതെന്നറിയാന്‍ പിന്നെയും സമയമെടുത്തു.
'വീട്ടില്‍ പോയി ഇരിക്ക്. ഇവിടുത്തെ കാര്യത്തില്‍ തീരുമാനമായശേഷം പുറത്തുപോയാല്‍ മതി. സി.ഐ സാര്‍ വന്നോട്ടെ, വിശദമായി ചോദ്യം ചെയ്യുന്നുണ്ട്'- കൂട്ടത്തില്‍ പ്രായം തോന്നിക്കുന്ന പോലീസുകാരനാണ് പറഞ്ഞത്.
പാലത്തിലേക്ക് കയറുമ്പോള്‍ തലകറങ്ങുന്നത് പോലെ. ഒരു വിധത്തിലാണ് മുറിയിലെത്തിയത്.
വാഷ്ബേയ്സിലേക്ക്  മുഖം കഴുകി നിവര്‍ന്നു. ചെറിയൊരാശ്വാസം പോലെ.
'നാല് ദിവസത്തിനുള്ളില്‍ നിനക്കും പനി വരും'-മാഷുടെ ശബ്ദം വീണ്ടും കാതിലേക്കെത്തി.

'അറിയാലോ നീയും കുടുംബവും ബാക്കി കാണില്ല'- മുഖം ചെമപ്പിച്ച് സുധാകരേട്ടന്‍ ഭീഷണി. കരയണോ,അതോ പൊട്ടിച്ചിരിക്കണോ. വസന്തിന്റെ ഉള്ളില്‍ ലാവ ഉരുകിയൊലിച്ചു. പാലത്തിനപ്പുറം പോലീസ് ജീപ്പിന്റെ ശബ്ദം ഒരിക്കല്‍ കൂടി മുഴങ്ങി.

പനിക്കും തനിക്കുമിടയില്‍ ഇനി നാല് ദിവസം മാത്രം വസന്ത് ബാഗിനുളളില്‍ നിന്ന് കമ്യൂവിന്റെ പ്ലേഗ് പുറത്തെടുത്തു. കിടക്കയിലേക്ക് ചാരി ഇരുന്ന് പുസ്തകം തുറന്നു. ഓരോ ഏടില്‍ നിന്നുമപ്പോള്‍ ചോര പൊടിയാന്‍ തുടങ്ങി.

Content Highlights: Malayalam story by Aneesh P Nair