'നിക്കൊരു ഫെമിനിസ്റ്റാവണം... വൈശാഖേട്ടാ, ഈ പ്രേമോം മണ്ണാങ്കട്ടയുമൊന്നും എനിയ്ക്ക് വഴങ്ങില്ല, എനിക്ക് വാഴില്ല...' ബിപിന്‍ പിറകെ നടക്കാന്‍ തുടങ്ങിയ കാലം തൊട്ടുള്ള എല്ലാ കാര്യങ്ങളും അവള്‍ വീട്ടില്‍ വന്നു പറയുമായിരുന്നു. എനിക്ക് ചിരിയടക്കാനായില്ല. ഡോക്ടറാവണം എഞ്ചിനിയറാവണം ടീച്ചറാവണം എന്നൊക്കെ പറയുന്നമാതിരി. എത്ര ലാഘവത്തോടെയായിരുന്നത്, ഫെമിനിസ്റ്റാവണമത്രേ... 

'ഒരു കട്ടന്‍ചായ കുടിക്കണമെങ്കില്‍ ബിപിന് ഞാന്‍ അടുത്ത് വേണം,' തുമ്പിയുടെ വാക്കുകളില്‍ ഒരു പതര്‍ച്ചയുണ്ടായിരുന്നു: 'ഇങ്ങേര്‍ക്ക് എന്നെ ഒരിക്കലും വെറുക്കാന്‍ കഴിയില്ല...'

സത്യത്തില്‍ ആര്‍ക്ക് ആരോടാണ് സ്‌നേഹം. എനിക്ക് സംശയം തോന്നാറുണ്ട്. ബിപിന്‍ കട്ടന്‍ചായ കുടിക്കണമെങ്കില്‍ തുമ്പിതന്നെ അടുക്കല്‍ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആരെങ്കിലും മതി, ആരെങ്കിലും... ഒരു വേലക്കാരനോ വേലക്കാരിയോ ആയാലും മതി- എല്ലാ ആണുങ്ങളും ഒരുപോലെയാണെന്ന മിഥ്യാബോധമാവാം എന്നെക്കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. സ്‌നേഹമോ വെറുപ്പോ ഒന്നുമല്ല ബിപിന് നിന്നോടുള്ളത്. വെറും മേധാവിത്വം മാത്രം, ഇങ്ങനയൊക്കെ പറഞ്ഞു വലിയവായില്‍ ഉപദേശിക്കണമെന്നുണ്ടായിരുന്നു. എരിതീയില്‍ എണ്ണയൊഴിക്കുന്നത് എന്തിനാണ് ഞാനായിട്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനുംകൂടി കാരണക്കാരനാണ് എല്ലാത്തിനും, എന്റെ ജീവിതവും. 'എനിക്കിത് പറ്റില്ലെന്ന് അന്നേ പറഞ്ഞതല്ലേ ഞാന്‍ വൈശാഖേട്ടനോട്...' ആയിരംവട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ടാവും ഈ കുറ്റപ്പെടുത്തല്‍ അവളുടെ വായില്‍നിന്ന്. 'ബിപിന് എന്തിന്റെ കുറവാണ്...' അച്ഛനും അമ്മയും ഞാനും മാറിമാറി ചോദിക്കും. 'ഒരു കുറവുമില്ല, തലയില്‍ കളിമണ്ണാണെന്നുമാത്രം.' തുമ്പി കലിതുള്ളും. ബിപിന് നല്ല ജോലിയുണ്ട്, സൗന്ദര്യമുണ്ട്, കൊള്ളാവുന്ന കുടുംബം, ദുശീലങ്ങളൊട്ടില്ലതാനും. പക്ഷേ ചില നേരത്തെ അവന്റെ പെരുമാറ്റം കാണുമ്പോള്‍ എനിക്കുതന്നെ തോന്നിയിട്ടുണ്ട് ഭാര്യയ്ക്ക് പകരം വിധവയായ ടീച്ചറമ്മയെപ്പോലെ ഒരു ജോലിക്കാരിയെയായിരുന്നു അവന് ആവശ്യമെന്ന്. ഒന്നേയുള്ളതുകൊണ്ട് ലാളിച്ച് വഷളായതാവും. കയ്യെത്തും ദൂരത്ത് എല്ലാത്തിനും ടീച്ചറമ്മയുണ്ടായിരുന്നല്ലോ കൂടെ. പക്ഷേ അവന്‍ അവര്‍ക്ക് സ്‌നേഹത്തോടെ ഒരു നോട്ടംപോലും തിരിച്ചു കൊടുക്കാറില്ല. എല്ലാം അവന്റെ അവകാശംപോലെയായിരുന്നു. ടീച്ചറമ്മയുടെ ചുമതലയെന്നവണ്ണമായിരുന്നു സംഗതിയുടെ കിടപ്പ്. 'സാമൂഹ്യബോധമോ രാഷ്ട്രീയബോധമോ ഒന്നുമില്ലാത്ത ചെക്കനാ,' ടീച്ചറമ്മ അവനെക്കുറിച്ച് എന്റെ അമ്മയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'ആത്മാര്‍ത്ഥയുള്ള ഒറ്റ കൂട്ടുകാരില്ല അവന്. സ്വന്തം ആവശ്യങ്ങള്‍ എങ്ങനെയെങ്കിലും നടക്കണം, അതിനുവേണ്ടി മാത്രം ആളെ മയക്കുന്ന രീതിയില്‍ സംസാരിക്കാന്‍ അറിയാം. കാര്യം നടന്നു കഴിഞ്ഞാണ് അവന്‍ പിന്നെ ആ പരിസരത്തോട്ടേ പോവില്ല. അത് അവന്റെ കൂട്ടുകാരായിക്കോട്ടേ ഈ ഞാനായിക്കോട്ടേ, ഇപ്പോള്‍ ദേ ഈ പെങ്കൊച്ചിനോടും അങ്ങനെതന്നെ...' ടീച്ചറമ്മ സാരിത്തുമ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കും. കായ വറത്തതും വാളരിപ്പയറും നിത്യവഴുതനയുമൊക്കെ വെവ്വേറെ പേപ്പറില്‍ പൊതിഞ്ഞ് അമ്മ ടീച്ചറമ്മയുടെ കയ്യില്‍വെച്ചുകൊടുക്കും. 

കല്യാണമെന്ന് കേള്‍ക്കുന്നതേ തുമ്പിക്ക് പേടിയായിത്തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കണം. ഉറ്റകൂട്ടുകാരികളുടേതായാല്‍പോലും എന്തെങ്കിലും ഒഴികഴിവ് പറയും. പറ്റിയാല്‍ തലേന്നത്തെ ചടങ്ങിന് പോയി മുഖം കാണിക്കും. സമ്മാനം കൊടുക്കും. ആശംസ പറയാന്‍ അവള്‍ക്ക് മടിയാണ്. അടുത്തുള്ള അമ്പലത്തില്‍ കല്യാണമേളം തുടങ്ങുമ്പോള്‍ തുമ്പി കതകുകളും ജനാലകളുമെല്ലാം കൊട്ടിയടയ്ക്കും. റേഡിയോയോ ടീവിയോ തുറന്നുവെക്കും. ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് പാട്ട് കേള്‍ക്കും. ഒടുവില്‍ ബിപിന്‍ സമ്മതിച്ചു, കൊട്ടും പാട്ടും മേളവുമൊന്നുമില്ലാത്ത ശാന്തസുന്ദരമായ ഒരിടത്തേക്ക് വീടെടുത്തു മാറാമെന്ന്. ടീച്ചറമ്മ വീട്ടില്‍ തനിച്ചായി. സമയംകിട്ടുമ്പോഴൊക്കെ അമ്മയെ കാണാന്‍ ഓടിവന്നു. കരച്ചിലും പിഴിച്ചിലും തന്നെ. എന്തോ മാപ്പിരക്കല്‍പോലെ... 

തുമ്പി എന്നെ ഫോണില്‍ വിളിക്കുമ്പോള്‍ ഞാനും ചങ്ങാതിമാരും പൂജാരിയുടെ വീട്ടുമുറ്റത്ത് സൊറപറഞ്ഞിരിക്കുകയായിരുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടാണത്. വീടെന്ന് വിളിക്കാന്‍ പറ്റില്ല. ഒരു അസ്ഥികൂടം. വേലിയും മതിലുമൊന്നുമില്ല. കുട്ടിക്കാലത്ത് ഇവിടെ താമസക്കാരുണ്ടായിരുന്നതായാണ് എന്റെയൊരു ഊഹം. പക്ഷേ അച്ഛന്‍ പറയുന്നത് അച്ഛന്റെ ചെറുപ്പത്തില്‍പോലും ഈ വീട് ഒരു പ്രേതാലയമായിരുന്നെന്നാണ്. ചിലപ്പോള്‍ അച്ഛന്റെ തോന്നലാവാം. അല്ലെങ്കില്‍ എന്റെ തോന്നലാവാം. പല കഥകളും കേട്ടിട്ടുണ്ട്. പൂജാരിയുടെ മകള്‍ക്ക് ഭ്രാന്തായിരുന്നെന്നും, വിഷമം കാരണം കൂട്ടത്തോടെ വിഷമടിച്ചു മരിച്ചതാണെന്നും, കടംകയറി മുടിഞ്ഞു നാടുവിട്ടതാണെന്നും, അതൊന്നുമല്ല ഭാര്യയെയും മകളെയും സംശയമാതിനാല്‍ കൊലപ്പെടുത്തിയതാണെന്നും, കഥകള്‍ക്കാണോ പഞ്ഞം...

ഞാന്‍ തുമ്പിയോട് തര്‍ക്കിക്കാന്‍ നിന്നില്ല. ഉച്ചയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അവള്‍ ഇപ്പോഴും പറയുന്നത്: 'എന്റെ വൈശാഖേട്ടാ ഞാന്‍ പറയുന്നത് കാര്യമാ, ബിപിന് ഞാനില്ലാതെ പറ്റില്ല- കുളിക്കണമെങ്കില്‍, മുടി ചീവണമെങ്കില്‍...'

ഞങ്ങടെ കൂട്ടത്തില്‍ ഒരുത്തന്‍ ഏതോ ഒരു വിദേശ കവിയെ വായിക്കുകയായിരുന്നു ഉറക്കെ. എല്ലാവരും നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു. നല്ല തണുത്ത കാറ്റ്. ചെമ്പകം പൂത്ത മണം. കിളികളുടെ കൂജനം. 

'എനിക്ക് ഓരോ ദിവസവും എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയെന്നാണ് ഇപ്പോള്‍, ജീവിച്ചു തീര്‍ക്കണം ഈ ജീവിതം.' 

ഒന്നിനും സമയം തികയാതെ ദിവസം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. ജീവിച്ചു കൊതിതീരാതെ മരിക്കുന്നവരുണ്ട്. സന്തോഷത്തെയും സങ്കടങ്ങളെയും ഒരേപോലെ ആസ്വദിച്ച് ഓരോ നിമിഷവും ജീവിതത്തെ ജീവിതമായി തന്നെ ജീവിച്ചുതീര്‍ക്കുന്നവരുണ്ട്. അതേ, സങ്കടങ്ങളെയും ആസ്വദിച്ച്... കേട്ടുകൊണ്ടിരുന്ന കവിതയെ ഞാന്‍ ഇവ്വിധമെല്ലാം മനസ്സിലിട്ട് വിവര്‍ത്തനം ചെയ്തു.

ചീവീടുകള്‍ മൂളി. മരങ്ങളിലെ ഇലയനക്കം നിലച്ചു. പുല്‍നാമ്പുകളിലൊക്കെ എന്നോ പെയ്തു പോയ മഴയുടെ വിളറിയ വടുക്കള്‍. പൂജാരിയുടെ വീടിനു മുന്നില്‍ നിന്നും കൂട്ടുകാര്‍ ഓരോരുത്തരായി കൊഴിഞ്ഞു പോയി.

'വൈശാഖേട്ടനറിയുമോ, ഈ ഭൂമിയില്‍ അസാധ്യമായതൊന്നുമില്ലെന്നൊക്കെ ആളുകള്‍ ചുമ്മാ പറയണതാ. എന്നെയിങ്ങനെ തീ തീറ്റിക്കാതെ ഇങ്ങേര്‍ക്ക് ഏതെങ്കിലും പെണ്ണുങ്ങളെ പ്രേമിച്ച് ഒളിച്ചോടിപ്പോയ്ക്കൂടേന്ന് ചിന്തിക്കും ചിലപ്പോള്‍ ഞാന്‍. ഇങ്ങേരെക്കൊണ്ട് അതിനൊന്നും കൊള്ളില്ല. പ്രായത്തിന്റെ ചോരത്തിളപ്പില്‍ എന്റെ പിറകേ കുറേ നടന്നു. എന്നെക്കൊണ്ടാവുന്ന രീതിയിലൊക്കെ ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. പിന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും ഇങ്ങേരെ വല്ലാണ്ടങ്ങ് ബോധിച്ചു പോയിരുന്നല്ലോ. ഇതിനെ വിധിയെന്നൊന്നും പറഞ്ഞ് സമാധാനിക്കാന്‍ എനിക്ക് വയ്യ. നീണ്ട പന്ത്രണ്ട് വര്‍ഷം ആരോടും ഒരു പരാതിയുമില്ലാതെ എല്ലാം ഞാന്‍ സഹിച്ചില്ലേ. ഒരിക്കല്‍പോലും ഞാന്‍ നിങ്ങളെ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലല്ലോ. വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇതൊക്കെ പറയുന്നത്. എന്നേക്കാള്‍ ദുരിതം അനുഭവിക്കുന്നവര്‍ വേറെയും ഒരുപാടുപേരുണ്ടല്ലോ എന്നൊക്കെ വെറുതേ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിക്കും, വെറുംവെറുതേ.'

നിലാവെളിച്ചത്തില്‍ കൂടുതല്‍ സുന്ദരികളായി പൂത്ത തുമ്പച്ചെടികള്‍, പാറിപ്പറക്കുന്ന ഏകാകികളായ രാത്രിശലഭങ്ങള്‍, ഒന്നും ആസ്വാദ്യമായി തോന്നിയില്ല എനിക്ക്...

ഞാന്‍ തുമ്പിയുടെ കൊച്ചിനെക്കുറിച്ചോര്‍ത്തു. 'സ്വന്തം മക്കളെക്കാള്‍ കാര്യമാണ് നിങ്ങള്‍ക്കതിനെ...' ഇടയ്ക്ക് സുമ കുശുമ്പ് പറയാറുണ്ട്. പക്ഷേ പഞ്ചപാവമാണ് എന്റെ സുമ, തുമ്പിയുടെ തോഴി. തുമ്പിയുടെ കൊച്ചിന് ഓരോരോ സാമാനങ്ങള്‍ വാങ്ങാന്‍ എന്നേക്കാള്‍ കൂടുതല്‍ പണം ചിലവാക്കുന്നത് സുമയാണെന്ന് പറയുന്നതാണ് വാസ്തവം. 'എന്തിനാ മനുഷ്യാ നിങ്ങടെ പുന്നാരത്തുമ്പി ഒരു പാവം ചെറുക്കന്റെ ജീവിതം ഇങ്ങനെ കോഞ്ഞാട്ടയാക്കുന്നത്...' ചില രാത്രികള്‍ വീര്യമുള്ളതെന്തേലും രണ്ടെണ്ണം അകത്തു ചെല്ലുമ്പോള്‍ സുമ ഫോമിലാവും. ബിപിനെ പരിഹസിച്ച് ഉറക്കെയുറക്കെ ചിരിക്കും: 'തുമ്പിയ്ക്ക് സ്വന്തമായി രണ്ട് ചിറകുകളുള്ളതല്ലേ, ഈ എടുത്താല്‍ പൊങ്ങാത്ത കല്ലും ചുമന്ന് എന്തിനാ പാവം ഇങ്ങനെ... എങ്ങോട്ടേലും പറന്നു പൊയ്ക്കൂടേ...' അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിട്ടുണ്ടാവും. 

സുമയും ഞാനും തമ്മില്‍ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ. ഏയ്, ഒരു സാധ്യതയുമില്ല. ഞാന്‍ എന്നെയും സുമ സുമയെയും സ്‌നേഹിക്കുന്നുണ്ടാവും, അതിനു ഒരുപാട് സാധ്യതകളുണ്ട്. അതിനേ സാധ്യതയുള്ളൂ. ഞാന്‍ ഉറക്കത്തില്‍ ഓരോന്ന് പുലമ്പിക്കൊണ്ടിരിക്കും. 'നിങ്ങള് ഈ നട്ടപ്പാതിരാത്രീല് ഏതവളുമാരുടെ കാര്യമാ മനുഷ്യനേ ഈ പിറുപിറുക്കണത്...' സുമ ചിലമ്പിച്ചിരിക്കും: 'നിങ്ങള് ആരുടെ കൂടെവേണമെങ്കിലും കിടന്നോ മനുഷ്യാ, ഈ സുമയ്ക്ക് പുല്ലാ പുല്ല്. എന്നാലേ മറ്റേജാതി വല്ല അസുഖോം പിടിപ്പിച്ചോണ്ട് ഇങ്ങോട്ട് വന്നാലുണ്ടല്ലോ, ഈ സുമയുടെ ശരിയ്ക്കുള്ള മുഖം നിങ്ങള് കാണും.' അവള്‍ സംതൃപ്തിയോടെ ചിണുങ്ങും: 'എന്റെ മനുഷ്യനേ... നിങ്ങള് ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ കിടന്നിട്ടില്ലിയോ എന്നതല്ല ഇവിടത്തെ ഇപ്പോഴത്തെ വിഷയം. എനിക്ക് ആരോടെങ്കിലും ഒരു ഇത് തോന്നിയാല്‍, ഏത്...' തലയ്ക്കുള്ളില്‍ പെരുപ്പനുഭവപ്പെട്ട് അവള്‍ മാന്തുകയാവും അപ്പോള്‍: 'പക്ഷേങ്കില് നിങ്ങള് വേറെ കിടന്നത് എന്നോടുവന്ന് വിളമ്പാന്‍ നില്‍ക്കരുത്. സങ്കടംകൊണ്ടൊന്നുമല്ല കേട്ടോ. ഞാനും പറയൂല്ല. നമുക്ക് നമ്മുടേതായ ചില സ്വകാര്യതകളൊക്കെ വേണ്ടേ. ചില കൊച്ചുകൊച്ച് കള്ളത്തരങ്ങള്‍. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍, പരസ്പരം കുരങ്ങുകളിപ്പിക്കാന്‍...' തളര്‍ന്ന ഉടലും ഉലഞ്ഞ മുടിയുമായി അവള്‍ എന്നിലേക്ക് ഒട്ടി. ഇനി പുലരുവോളം ഞങ്ങള്‍ ഒരുമിച്ച് കൂര്‍ക്കം വലിക്കട്ടെ.

'വൈശാഖേട്ടന്‍ വല്ലോം കേക്കണുണ്ടോ... ഇങ്ങേര് ജീവിതത്തില്‍ എന്തേലും നേടിയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണക്കാരി ഈ തുമ്പിയാണ്. തുമ്പിമാത്രമാണ്. ഏതൊരു പുരുഷന്റെയും വിജയത്തിനുപിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്ന് പണ്ടാരാണ്ട് പറഞ്ഞത് ഇങ്ങേരുടെ കാര്യത്തില്‍ പച്ചപ്പരമാര്‍ത്ഥമാണ്. നേരെ ചൊവ്വേ പത്രം വായിക്കില്ലായിരുന്നു. എന്നോട് കൂടിയതില്‍പിന്നെയാണ് ആദ്യമായി ഒരു പുസ്തകംപോലും കൈകൊണ്ട് തൊടുന്നതുതന്നെ. ഞാനാണ് ഇങ്ങേരെ ഒരു മനുഷ്യജീവിയാക്കി മാറ്റിയത്...'

പള്ളിക്കൂടത്തിലും വായനശാലയിലുമൊക്കെ ഞാനും തുമ്പിയും ഒരുമിച്ചായിരുന്നു പോയിരുന്നത്. മഴയുള്ളപ്പോള്‍ ഒരേ കുടയിലും വെയിലുള്ളപ്പോള്‍ തുമ്പി എന്റെ നിഴലിലും. പൂജാരിയുടെ മകളെ നേരില്‍ കണ്ട കാര്യം പറയുമ്പോള്‍ എന്നെ കളിയാക്കാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം തുമ്പിയും കൂടും. 'ഓഹ് ഒരു ദിവ്യദൃഷ്ടിക്കാരന്‍...' സത്യത്തില്‍ ആ പ്രേതാലയത്തിനു മുന്നില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ണില്‍ കണ്ടിട്ടുണ്ടാവും. അടുത്തുള്ള വീട്ടിലെയാവാം. പഴുത്തമാങ്ങ പെറുക്കാനോ ചുള്ളിലൊടിക്കാനോ വന്നതാവാം. ചിലപ്പോള്‍ ഞാന്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടേയുണ്ടാവില്ല. കുപ്പിവളയുടെ കൊഞ്ചലോ പദസരത്തിന്റെ കിലുക്കമോ പാട്ടുപാവാടയുടെ ഉലച്ചിലോ അങ്ങനെ എന്തോ ഒന്ന്, എനിക്ക് ഒന്നും വ്യക്തമായി ഓര്‍മ്മയില്ല.

'എനിക്ക് പ്രാന്ത് പിടിക്ക്ണൂ എന്റെ വൈശാഖേട്ടാ, മധുരം പുരട്ടി സംസാരിച്ച് സംസാരിച്ച് ഞാന്‍ ഇങ്ങേരുടെ സ്നേഹത്തിന് അടിമപ്പെട്ടുപോവുമോന്നാ ഇപ്പോള്‍ എന്റെ പേടി. നമ്മുടെ അച്ഛന്‍ എന്നെ ഇങ്ങേരുടെ കൈയ്ക്ക് പിടിച്ച് ഏല്‍പ്പിച്ച ദിവസം എന്നാണെന്നറിയുമോ... എനിക്ക് ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത ദിനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടാവും ആ സുദിനം. നമ്മള്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുമ്പോള്‍തന്നെ എവിടെയൊക്കെയോ എത്രയോപേര്‍ ഏതെല്ലാം തരത്തില്‍ മരണപ്പെടുന്നു. എന്തോരം ജനനങ്ങള്‍ സംഭവിക്കുന്നു. ഇതേ നിമിഷം തന്നെ എത്രയോ ആളുകള്‍ മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന തരത്തില്‍ കൈകോര്‍ത്ത് മുട്ടിയുരുമ്മി സൈ്വരവിഹാരം നടത്തുന്നു. തമ്മില്‍തമ്മില്‍ പുഞ്ചിരിക്കുന്നു. സംവദിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ചുംബിക്കുന്നു. ഒന്നാവുന്നു. അങ്ങനെ എന്തെന്തെല്ലാം... ലളിതമെന്ന് മുഴുവനായി പറയേണ്ടാത്തത്ര ലളിതമായ ഈ കുഞ്ഞുജീവിതം ഇനിയും ഇത്ര സംഘര്‍ഷം നിറഞ്ഞതാക്കണോ ഞാന്‍...' തുമ്പിയുടെ ശബ്ദം ഇടറി. അവള്‍ അലറിക്കരയുകയാണോയെന്ന് ഒരുവേള ഞാന്‍ ശങ്കിച്ചു. ആരും ഗൗനിക്കാതെപോകുന്ന ശബ്ദമില്ലാത്ത ഒരുപാട് അലര്‍ച്ചകളില്‍ ഒന്ന്... 

'എനിക്ക് ഞാനാകാന്‍ ഒരവസരം, ഇങ്ങേര് ഇങ്ങേരായിത്തന്നെ നൂറുവട്ടം ജീവിക്കുമ്പോള്‍ എനിക്ക് ഞാനാകാന്‍ ഒരേയൊരവസരമെങ്കിലും തന്നിരുന്നെങ്കില്‍.' കുറേ നേരത്തേക്ക് തുമ്പി ഒന്നും ഉരിയാടിയില്ല. അവള്‍ വിതുമ്പുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. പൊടുന്നനെ അവളുടെ ഭാവമേ മാറി. എന്തോ ഉന്മാദത്തിലെന്നപോലെ സന്തോഷവതിയായി: 'ഇന്ന് നമ്മുടെ പൂജാരിയുടെ വീട്ടില്‍ പോയിരുന്നു ഞാന്‍. അതിയാന് തീരെ സുഖമില്ല. തിണ്ണയ്ക്ക് ചാരുകസേരയില്‍ ചുരുണ്ടുകൂടിയിരിപ്പുണ്ട്. ഭാര്യയും മകളും അടുക്കല്‍തന്നെയുണ്ട്. പാവോണ്ട് ല്ലേ വൈശാഖേട്ടാ...'

കണ്ണും കാതും തുറന്നുവെച്ച് പൂജാരിയുടെ വീടിനു മുന്നില്‍ ഞാന്‍ കാവലിരുന്നു.

Content Highlights: Malayalam Short story Thumbi