'വര്‍ അങ്ങനെയുള്ള  ഒരാളാണ് പ്രതീക്.ഒരു പക്ഷെ നിങ്ങളെ കൊണ്ട് മാത്രം ഡീല്‍ ചെയ്യാന്‍ പറ്റുന്ന ഒരു റെയര്‍ കേസ്...'

അലയുടെ ഈ വാക്കുകളാണ് പ്രതീകിനെ അവളുടെ ക്ലിനിക്കിലേക്ക്  നയിച്ചത്.

'ഗ്രേസ്. രണ്ട് മൂന്നു ദിവസം മുമ്പേ കിട്ടിയതാണ്. പണ്ട് ടീച്ചര്‍ ആയിരുന്നുവെന്നാണ് പറയുന്നത്! പെരുമാറുന്നത് ഒക്കെ നല്ല നോര്‍മലായിട്ടാണ്. മിതമായി, എന്നാല്‍ വ്യക്തമായി സംസാരിക്കുന്നുണ്ട് കാര്യങ്ങള്‍. പക്ഷെ എല്ലാറ്റിലും എന്തോ.. ഒരു നിഗൂഢത. എന്താണെന്നു തിരിച്ചറിയാനും പറ്റുന്നില്ല. ഒരു പക്ഷെ നിങ്ങളെ പോലെ എക്‌സ്പീരിയന്‍സ്ഡ് ആയ ഒരു സൈക്കോളജിസ്റ്റിന് സോള്‍വ് ഔട്ട് ചെയ്യാന്‍ പറ്റിയേക്കും എന്ന് തോന്നി.'

ഗ്രേസ് ശാന്തയായിരുന്നു. ചുവപ്പില്‍ വെളുത്ത പുള്ളികളുള്ള ലോങ്ങ് ഫ്രോക്കായിരുന്നു വേഷം. പ്രായം 60  ഓടടുത്തവെന്ന് അല പറഞ്ഞെങ്കിലും  അതൊട്ടും പ്രതിഫലിക്കാത്ത മുഖം. മുടി പറ്റെ വെട്ടി, കമ്മലും മാലയുമൊന്നുമിടാത്ത ആംഗ്ലോ ഇന്ത്യന്‍ ഛായയുള്ള സ്ത്രീ. നിലക്കടല കൊറിച്ച് മാര്‍ട്ടിന്‍ ജെങ്കിന്‍സന്റെ 'എമ്പറേഴ്‌സ് എഗ്ഗ് ' എന്ന പുസ്തകത്തില്‍ മുഴുകി ഇരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ തികച്ചും നോര്‍മല്‍..!

പ്രതീകിന്റെ സാന്നിധ്യം അവരുടെ വായനയെ വെപ്രാളപ്പെടുത്തിയില്ല. തുടങ്ങി വച്ച ഭാഗം സാവധാനം മുഴുമിച്ച്,  വായിച്ചു  തീര്‍ന്നിടത്ത് കട്ടിയുള്ള പേജ് മാര്‍ക്ക് തിരുകി വച്ച് അവര്‍ എഴുന്നേറ്റു.

'പ്രതീക് 'എംബറേഴ്‌സ് എഗ്ഗ് ' വായിച്ചിട്ടുണ്ടോ...?'

ചിരപരിചിതരോടെന്ന പോലെയുള്ള ചോദ്യം അയാളെ തെല്ലമ്പരപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത, പരിചയമില്ലാത്ത ഒരാളോട് എങ്ങനെയാണ് ഇത്തരത്തില്‍ സംഭാഷണം തുടങ്ങാനാകുക.!

'എന്നെ എങ്ങിനെ അറിയും..?'

'നിനക്കിതെന്താടാ. നിങ്ങളൊക്കെ ഗ്രേസ് മിസ്സിന്റെ പിള്ളേരായിരുന്നില്ലേ. എനിക്ക് നല്ല ഓര്‍മ ഉണ്ട്.. നീയ്യ്, ലിന്റോ സ്റ്റീഫന്‍, അലന്‍. പിന്നെ ആ ചുരുളത്തലയന്റെ പേരെന്തായിരുന്നു...! ഹാ..മൈക്കിള്‍...'

ഞാന്‍ അലയിലേക്ക് കണ്ണെറിഞ്ഞു..!

'ഇങ്ങനെയാണ്... ഇതാണ് ആളുടെ ഒരു രീതി. രാവിലെ പ്രതീക് ഡോക്ടര്‍ വരും എന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഉണ്ടാക്കിയെടുത്ത  കഥ ആയിരിക്കണം.!'

അല അടക്കം പറഞ്ഞു.

പ്രതീക്  'ഗ്രേസ് മിസ്സിനെ' നോക്കി ചിരിച്ചു...!

'നമുക്കൊന്നു നടക്കാനിറങ്ങിയാലോടാ. ഇവിടെത്തന്നെ അടച്ചുകുത്തിയിരുന്ന് എനിക്കെന്തോ ഒരു വല്ലായ്ക...'

'വണ്ടിയുണ്ട് മിസ്സ്. അതില്‍ പുറത്തോട്ടൊക്കെ പോകാല്ലോ...!'

' വേണ്ട. നമുക്ക് നടക്കാം..!'

ഗ്രേസ് ചിരിച്ചു.

അവര്‍ ഇരുവരും നടന്നു തുടങ്ങി. ഒരു വാക്കു പോലും ഉരിയാടാതെ വളരെ വേഗത്തില്‍ ഗ്രേസ് മുന്നില്‍ നടന്നു. മുമ്പേ കണ്ട പ്രസന്നതയും ചിരിയുമൊന്നും ആ മുഖത്തില്ലയെന്ന പോലെ..! എങ്ങോട്ടെന്നില്ലാതെ അയാള്‍ അവരെ പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍...!

ഒടുവിലിലൊരിടമെത്തിയപ്പോള്‍ ഗ്രേസ് സാവധാനം നിന്നു.

'പ്രതീക് പെന്‍ഗ്വിനുകളുടെ കഥ കേട്ടിട്ടുണ്ടോ..! ഞാന്‍ വായിച്ചു കൊണ്ടിരുന്നത് അവയെ പറ്റിയാണ്. മുട്ടയിട്ട് ആണ്‍ ഇണയെ അതിനു കാവലിരുത്തി അമ്മപ്പക്ഷി ഹിമക്കടലിലേക്ക് ഇര പിടിക്കാന്‍ പോകും. ഇരുപത് മൈലുകള്‍. നടന്നും ഒഴുകിയും..! ചിലപ്പോള്‍ കാലിടറി വീഴും. തണുത്തുറഞ്ഞ ഹിമക്കട്ടകളില്‍ തട്ടി മേലാകെ മുറിയും. എന്നാലും തിരികെ നടന്നെത്തി കുഞ്ഞിനും ഇണയ്ക്കും ഇരയൂട്ടുന്നത് വരെ ഇങ്ങനെ തളരാതെ തളരാതെ നടന്ന് നടന്ന്...'

അവര്‍ ആര്‍ത്ത് ചിരിച്ചു...

'നിനക്ക് ഗ്രേസ് മിസ്സിന്റെ വീട് ഓര്‍മ്മയുണ്ടോ..! വാ...ദാ, അവിടെയാണ്..

പോകരുതെന്ന് മനസ്സ് പലകുറി വിലക്കിയെങ്കിലും കാന്ത മണ്ഡലത്തില്‍ അകപ്പെട്ട ഇരുമ്പുതരിയെ പോലെ അയാള്‍ അവരെ പിന്തുടരാന്‍ വിധേയനായി...!

വീട്ടിലെ ഇരുട്ടുപടര്‍ന്ന  മുറിയിലേക്ക് കാലെടുത്തു കുത്തും മുമ്പേ ഗ്രേസ് പ്രതീകിനോട് പറഞ്ഞു:

'പതിയെ വേണം. സഫ, അവള്‍ ഉറങ്ങുകയായിരിക്കും..!' 

'സഫ...' ..ആ പേര് അയാളെ അസ്വസ്ഥനാക്കി. ഓര്‍മകളുടെ വേഗം അയാളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുമ്പോഴേക്കും മുറിയുടെ വാതിലുകള്‍ പതിയെ അടഞ്ഞു.

'പേടി തോന്നുന്നുണ്ടോ പ്രതീക്...?' ഗ്രേസ് ഭ്രാന്തമായി ചിരിച്ചു. പുളിച്ചു തികട്ടി വന്ന ഓര്‍മ്മകളില്‍  അയാളുടെ ശരീരം ആകമാനം  വിറച്ചു.

ഇരുളില്‍ നിന്നെവിടെ നിന്നോ വൃദ്ധനായ ആണ്‍  രൂപവും ഒരു യുവതിയും പ്രത്യക്ഷപ്പെട്ടു.

'കഥ ഞാന്‍ മുഴുമിപ്പിച്ചില്ലായിരുന്നു പ്രതീക്..! ഇര പിടിച്ചു തിരികെ വരുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ അവ കടലില്‍ മുങ്ങിപ്പൊങ്ങുമത്രേ. മീനുകള്‍ മരിക്കാതിരിക്കാന്‍...! ചത്ത ഇരകളെയല്ല, ജീവസ്സുള്ളവയെയാണ് കരയ്ക്കെത്തിക്കുക. എന്നിട്ട് കുഞ്ഞിന്റെ ചുണ്ടുകളിലേക്ക് വച്ച് കൊടുക്കുന്നതിന്റെ ഒരു നിമിഷം മുമ്പേ, പതിയെ പതിയെ ചെകിളകളില്‍ ബലം വര്‍ധിപ്പിച്ച് വര്‍ധിപ്പിച്ച് ജീവനെടുത്ത്  മൂവരും ഭക്ഷിക്കുന്നു...!'

കുതറി മാറാനോ ഓടിയൊളിക്കാനോ ശ്രമിക്കാതെ അയാള്‍ കണ്ണുകളടച്ചു. ചെകിളകളില്‍ കാത്തുവച്ച അവസാന തരി ശ്വാസം കവരും വരെയും  കാലത്തിന്റെ മുറിവും വര്‍ഷങ്ങളുടെ വിശപ്പും പേറുന്ന മൂന്നു പെന്‍ഗ്വിനുകള്‍ അയാള്‍ക്ക് ചുറ്റും വലം വയ്ക്കുന്നുണ്ടായിരുന്നു.

Content Highlights: Malayalam short story Penguin