തെരുവുനായ്ക്കൾ പിന്നാലെ ഓടിയപ്പോഴാണ് അവളാ മാംസമാർക്കറ്റിലേക്ക് ഓടിക്കയറിയത്. കിതപ്പോടെ തിരിഞ്ഞുനോക്കുമ്പോൾ അവയെല്ലാം അപ്രതൃക്ഷമായിരിക്കുന്നു. വൃത്തിഹീനമാണ് മാർക്കറ്റ്. ചപ്പുചവറുകൾ പലയിടത്തായി കൂട്ടിയിട്ടുണ്ട്.പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് തറയിൽ വേരുകൾ പോലെ ചോരപ്പാടുകൾ, നിരനിരെയുള്ള കടകളുടെ മുന്നിൽ തൂക്കിയിട്ട സ്ത്രീകളുടെ കൈകാലുകൾ,മരമേശകളിൽ പരത്തിവെച്ച അവയവങ്ങൾ. മുഖമില്ലാത്ത ഒരു കച്ചവടക്കാരൻ മാടിവിളിച്ചപ്പോൾ അവൾ അങ്ങോട്ടേക്ക് നോക്കി. ചെറിയ കുട്ടയിലേക്ക് ചെവിയും കണ്ണും മൂക്കും കാതും പിന്നെ ഒരു തലയും വാരിയിട്ട് അയാൾ അവൾക്ക് നേരെ നീട്ടി.
' കൊണ്ടുപോയി മുഖമില്ലാത്തവർക്ക് പുഴുങ്ങി കൊടുക്ക്'' സംസാരത്തിനൊടുവിൽ അയാൾ അലറിച്ചിരിച്ചു. അവൾ കുട്ട തട്ടിതെറിപ്പിച്ച് പിന്തിരിഞ്ഞോടാൻ തുടങ്ങി. ചുറ്റുമുളള ചിരികളിൽ നിന്ന് ഒറ്റപ്പെട്ട് ഓട്ടത്തിനിടയിൽ എന്തിലോ തട്ടി ആഴത്തിലേക്ക് തെറിച്ചു വീണു.
നിലവിളിയോടെ ചിന്നു കിടക്കയിൽ എഴുന്നേറ്റിരുന്നു.ഇരട്ടറയിൽ ചുറ്റിലും പതുങ്ങികിടക്കുന്ന ഭയത്തെ സ്പർശിക്കാതെ, മനസിനെ തിരികെ പിടിക്കാൻ ശ്രമിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ കിടപ്പുമുറിയിലാണെന്ന് അവൾ ആശ്വാസത്തോടെ തിരിച്ചറിഞ്ഞു. കിടക്കയിൽ തപ്പി ഫോണെടുത്തു,വെളിച്ചം തെളിഞ്ഞു.സമയം 3.30.

അവളുടെ മനസിലേക്ക് സ്വപ്നത്തിന്റെ മരംപെയ്യാൻ തുടങ്ങി. ഭയം ചുറ്റിലും തങ്ങി നിൽക്കുന്നു. ഇത്രയും ഭീകരമായ രാത്രിയുണ്ടായിട്ടില്ലെന്ന് അവളോർത്തു. ഒന്ന് തിരിയാൻ പോലും അനുവദിക്കാതെ എന്തോ ചുറ്റിലും ഇറുകി പിടിച്ചിരിക്കുന്നു. കുറച്ചുനേരം അനങ്ങാതിരുന്ന ശേഷം അവൾ മെല്ലെ മെല്ലെ കിടക്കയിലേക്കമർന്നു.പുതപ്പെടുത്ത് തലവഴി മൂടി.ഫോൺ ഓഫാക്കി. ഇരുട്ടിന്റെ ലോകത്ത് ആരേയും കാണാതെ അവൾ ഒളിച്ചുകിടന്നു.

രാവിലെ വാതിലിലെ മുട്ടുകേട്ട് നെടുക്കത്തോടെ അവളുണർന്നു. കുറച്ചു മിനിറ്റുകൾക്ക് ശേഷം അമ്മ വിളിക്കുകയാണെന്ന് അവളറിഞ്ഞു. ശാസനയുടെ നിരപ്പുയരുന്നുണ്ട്. ഫോണെടുത്ത് സമയം നോക്കി. എട്ട് മണി. രാവിലെ ഏഴ് മണിക്കെങ്കിലും എഴുന്നേൽക്കണമെന്നത് അമ്മയുടെ നിർബന്ധങ്ങളിലൊന്നാണ്. ഇന്ന് വൈകിപ്പോയി. അതിന്റെ പ്രതിഷേധമാണ്.
'ദാ വരുന്നു'' അവൾ അമ്മയെ സമാധാനിപ്പിച്ചു.
പുറത്തെ ശബ്ദം നിലച്ചപ്പോൾ പുതപ്പുമാറ്റി നീണ്ടു നിവർന്നു കിടന്നു. അവധിയുടെ തണുപ്പിലേക്ക് ഉണർന്നെഴുന്നേൽക്കുമ്പോഴും ആ രാത്രി അവളുടെയുള്ളിൽ തണുത്തുറഞ്ഞു കിടന്നു.

സിറ്റി സ്റ്റാൻഡിലിറങ്ങി രണ്ടാം ഗേറ്റും കടന്ന് വലിയങ്ങാടിയിലേക്ക് നടക്കുമ്പോൾ ദാസന്റെ ഓർമയിലേക്ക് പണ്ടത്തെ ഞായറാഴ്ച്ചകളെത്തി. കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളാകുന്നതിന് മുമ്പുള്ള കാലം. ആലിഹാജിയുടെ കല്ലായിലെ എസ്.എം മരമില്ലിൽ ആഴ്ച്ചയിൽ ആറ് ദിവസം ജോലി. ഞായറാഴ്ച്ച അവധി. ഒഴിവുദിവസങ്ങളിൽ ഏതെങ്കിലും പുഴക്കരയിലാകും ആഘോഷം. കൂട്ടുകാർക്കൊപ്പം മീൻപിടുത്തവും നല്ല വാറ്റിന്റെ ലഹരിയും. ചൂണ്ടയിട്ട് പിടിക്കുന്ന മീനിനെ അപ്പോൾ തന്നെ തൊലി പൊളിച്ച് ഉപ്പും മുളകും തേച്ച് ചുട്ടെടുത്ത് വാറ്റിനൊപ്പം,ഹാാ...
'' നിങ്ങക്ക് അവധിയൊന്നുമില്ലേ'' എതിരെ വന്ന സുകുമാരന്റെ ചോദ്യത്തിൽ ദാസൻ ഓർമകളിൽ നിന്ന് ്വലിയങ്ങാടിയിലെ നിരത്തിലേക്ക് എടുത്തെറിയപ്പെട്ടു.
''നമ്മളൊക്കെ ചെറിയ കച്ചോടക്കാരല്ലേ, നിങ്ങളെ പോലെ മുതലാളിമാർക്കല്ലെ അവധിയെടുത്ത് സുഖിക്കാൻ പറ്റൂ'- ദാസന്റെ മറുപടിയെ ചിരികൊണ്ട് നേരിട്ട് സുകുമാരൻ കടന്നു പോയി.
കോടതിക്ക് സമീപം ഡ്രൈ ഫ്രൂട്ട്സിന്റെ മൊത്തകച്ചവടമാണ് സുകുമാരന്. വലിയങ്ങാടിയുടെ തെക്കേ അറ്റത്താണ് ദാസന്റെ പേപ്പർക്കട. പഴയ പത്രങ്ങളും പുസ്തകങ്ങളും തൂക്കി വാങ്ങുന്ന ചെറിയൊരു കട. മില്ലിലെ ജോലി നിർത്തുകയാണെന്ന് പറഞ്ഞപ്പോൾ ആലിഹാജിയാണ് തന്റെ കെട്ടിടത്തിലെ ചെറിയൊരു മുറി അഡ്വാൻസ് തുകയൊന്നും വാങ്ങാതെ ദാസന് നൽകിയത്. അത്രയും കാലം ഒപ്പം നിന്നതിനുള്ള കരുതൽ. കാര്യമായ മുതൽ മുടക്കില്ലാതെ ചെയ്യാൻ കഴിയുന്ന ബിസ്നസിനെ കുറിച്ച് ആലോചിച്ചാണ് പേപ്പർകടയിലേക്ക് എത്തിയത്.

ഞായറാഴ്ച്ചകളിൽ വലിയങ്ങാടിയിലെ മിക്ക കടകളും അവധിയായിരിക്കും. ദാസന്റെ കട നിൽക്കുന്ന ഭാഗത്ത് ഒരു കടയും തുറക്കാറില്ല. അവധി ദിവസത്തെ കച്ചവടം പ്രതീക്ഷിച്ചാണ് പേപ്പർകട തുറക്കുന്നത്. ഞായറാഴ്ച്ചകളിലാകും മിക്ക വീടുകളിലും ശൂചീകരണമൊക്കെ നടക്കുന്നത്.അങ്ങനെ പുറന്തളളുന്ന പേപ്പറും പുസ്തകങ്ങളും വന്നുചേരുമെന്ന് ഇത്രയും കാലത്തെ അനുഭവം കൊണ്ട് ദാസൻ പഠിച്ചിട്ടുണ്ട്. അയാൾ നടന്ന് കടയുടെ അടുത്തെത്താറായി കൂട്ടമായി കിടന്ന തെരുവുനായ്ക്കൾ അയാളെ കണ്ടതോടെ എഴുന്നേറ്റ് എതിർഭാഗത്തുള്ള കടത്തിണ്ണയിലേക്ക് മാറി. ഷട്ടർ തുറക്കുമ്പോഴാണ് മൊയ്തീനെ വിളിക്കാനുള്ള കാര്യം ഓർമ വന്നത്. കഴിഞ്ഞ ആഴ്ച ലോഡ് കൊണ്ടുപോകാൻ വണ്ടി വരാത്തത് അന്വേഷിക്കണം. മഞ്ചേരിക്കാരനാണ് മൊയ്തീൻ. കോഴിക്കോട്ടേയും മലപ്പുറത്തേയും മിക്ക ആക്രികടകളിൽ നിന്നും സാധനമെടുക്കുന്നത് മൊയ്തീനാണ്.

കടയുടെ അകത്തേക്ക് കയറി ദാസൻ ലൈറ്റിട്ടു. ഷർട്ടൂരി ചുമരിലെ ആണിയിൽ തൂക്കി. മുറിക്കുള്ളിൽ പേപ്പറുകളും പുസ്തകങ്ങളും നിറഞ്ഞിരിക്കുന്നു.അയാൾക്ക് വീണ്ടും മൊയ്തീനെ ഓർമ വന്നു.മരക്കസേരയിലേക്കിരുന്നശേഷം ഫോണെടുത്ത് ഡയൽ ചെയ്തു.

'മഴ തൂങ്ങി നിൽക്കുന്നുണ്ട്, കടയിലേക്ക് എത്തുന്നതിന് മുമ്പ് പെയ്യുമോ?'
മനസിലെ വടംവലിക്കൊടുവിൽ റെയിൻ കോട്ട് ആക്ടീവയുടെ സീറ്റിനടിയിൽ നിക്ഷേപിച്ച്, ഹെൽമറ്റ് മുറുക്കി ചിന്നു വണ്ടിയിലേക്ക് കയറി.
അമ്മാ ഇറങ്ങുന്നേ'' അവൾ അകത്തേക്ക് നോക്കി പറഞ്ഞു. അടുക്കളയിൽ നിന്ന് അമ്മ തിടുക്കത്തിൽ പുറത്തേക്ക് വന്നു.
''ആ കോട്ടിട്ടൂടായിരുന്നോ?', മഴ പെയ്യില്ല'' ഒരുറപ്പ് അമ്മക്ക് കൊടുത്ത ശേഷം അവൾ റോഡിലേക്കിറങ്ങി.
മീഞ്ചന്ത വട്ടകിണറിനടുത്താണ് ചിന്നുദാസിന്റെ വീട്. അച്ഛന്റെ ദാസന്റെ പേപ്പർ കടയിലേക്ക് ഇറങ്ങിയതാണ്. ദാസന് സുഹൃത്ത് മമ്മദിന്റെ മകന്റെ കല്യാണം കൂടാൻ പോകാനുണ്ട്. ആ സമയത്ത് കടയിലിരിക്കാനാണ് ചിന്നുവിന്റെ യാത്ര. പേപ്പർ കടയിലിരിക്കുന്നത് ചിന്നുവിനും ഇഷ്ടമുള്ള കാര്യമാണ്. നന്നായി പരതിയാൽ വായിക്കാൻ കൊള്ളുന്ന പുസ്തകങ്ങൾ കിട്ടുമെന്ന് അവൾക്കുറപ്പാണ്. എം.പി നാരായണപിള്ളയുടെ പരിണാമവും കവാബത്തയുടെ ഹിമഭൂമിയുമൊക്കെ അങ്ങനെ കിട്ടിയതാണ്. ചില്ലറ പരിക്കുകളൊഴിച്ചാൽ വായിക്കാൻ പറ്റുന്ന പുസ്തകം.

ഞായറാഴ്ച്ച ദിവസങ്ങളിൽ ചില അവശ്യഘട്ടത്തിൽ മാത്രമേ അവളോട് കടയിലിരിക്കാൻ ദാസൻ ആവശ്യപ്പെടാറുള്ളു. പൂട്ടിയിട്ട് പോകേണ്ടയെന്ന് കരുതി മാത്രം. അവധി ദിവസങ്ങളിൽ കടയുടെ എതിർവശത്ത് ഉന്തുവണ്ടിയിൽ ചായകച്ചവടവുമായി അമ്മിണി ചേച്ചിയുമുണ്ടാകും. അതാണ് മകളെ കടയിലിരുത്താൻ ദാസനുള്ള ധൈര്യവും.
നഗരത്തിലെ പ്രശസ്തമായ കോളേജിൽ മൂന്നാംവർഷ സാമ്പത്തികശാസ്ത്ര ബിരുദവിദ്യാർഥിയാണ് ചിന്നുദാസ്. വായനക്കൊപ്പം അത്യാവശ്യം ചിത്രം വരയും കൈയ്യിലുണ്ട്. പിന്നെ പോക്കറ്റ് മണിക്കായി ട്രാൻസലേഷൻ ജോലികളും. സെക്കൻ് ഹാൻഡ് സ്കൂട്ടറും ലാപ്പ് ടോപ്പുമൊക്കെ പരിഭാഷയിൽ നിന്നുള്ള സാമ്പാദ്യമാണ്. പടം വരക്കൽ കുഞ്ഞുനാൾ മുതൽ അവൾക്കൊപ്പമുണ്ട്.

വണ്ടി കല്ലായ് ജംഗ്ഷനും കഴിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് കയറി. യാത്രതുടങ്ങാനായി ഏറനാട് ട്രെയിൻ കൂകി വിളിക്കുമ്പോൾ ദിൽവാർ ഹോട്ടൽ ജംഗ്ഷനിൽ നിന്ന് അവൾ വണ്ടി ഇടത്തോട്ട് തിരിച്ച് പേപ്പർകടയുടെ അടുത്തെത്തി.

മകളെ കണ്ടതോടെ ദാസൻ കടയിൽ നിന്നിറങ്ങി. അവളുടെ വിരലിൽ കിടന്ന് തിരിഞ്ഞ താക്കോൽ റാഞ്ചിയെടുത്ത് വണ്ടിയിലേക്ക് കയറി.
'വീട്ടിൽ പോയി കുപ്പായം മാറണം, നിനക്ക് തിരക്കില്ലല്ലോ, വരാൻ വൈകുന്നേരമാകും, എന്തെങ്കിലും അവശ്യമുണ്ടെങ്കിൽ വിളിച്ചോ' മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ ആക്സിലേറ്റർ തിരിച്ചു.
''നിറയെ പേപ്പർകെട്ടുകളാണല്ലോ'' പഴകിയ മണത്തിൽ അവളുടെ അത്മഗതം അലിഞ്ഞു. കസേരയിലിരിക്കുമ്പോൾ പേപ്പർ കൊട്ടാരത്തിലെ രാജകുമാരിയാണെന്ന് അവൾക്ക് തോന്നി. കുട്ടിക്കാലത്തെ രാജാവും രാജ്ഞിയുമൊക്കെയായി കളിക്കുന്നത് മനസിൽ മിന്നിമറഞ്ഞു.

മേശപ്പുറത്ത് കിടന്ന വെള്ളപേപ്പറും പേനയുമെടുത്ത് അലക്ഷ്യമായി അവൾ വരക്കാൻ തുടങ്ങി.
'' ഇമ്മാതിരി ചിത്രം വരക്കുന്ന നേരം എന്നെ വരച്ചൂടെ, എത്ര നാളായി പറയുന്നതാ''തലയുയർത്തിയപ്പോൾ ആദ്യം കണ്ടത് പാൽചായയുടെ ഗ്ലാസ്, പിന്നിൽ അമ്മിണി ചേച്ചി.
അവളുടെ ചിത്രം വരയെപ്പറ്റി ദാസൻ പറഞ്ഞ് അമ്മിണിക്കറിയാം. ചില ചിത്രങ്ങൾ അയാൾ കാണിച്ചുകൊടുത്തിട്ടുമുണ്ട്.സ്വന്തം മുഖം വരച്ചുകാണാൻ അമ്മിണിക്ക് കൊതിയുണ്ട്. ചിന്നുവിനെ കാണുമ്പോഴേല്ലാം അവളതോർമിപ്പിക്കുകയും ചെയ്യും.

''ഇനി കാണുമ്പോൾ ചേച്ചിയുടെ ചിത്രം തരും.ഷുവർ'' അവൾക്ക് തന്നെ അത്ര ഉറപ്പില്ലാത്ത ഒരുറപ്പ് വിശ്വസിച്ചെന്ന് വരുത്തി അമ്മിണി ചായ വണ്ടിയിലേക്ക് തിരികെ നടന്നു.

ഞായറാഴ്ചകളിലാണ് അമ്മിണി ചായവണ്ടിയുമായി വലിയങ്ങാടിയിൽ എത്തുക. അല്ലാത്ത ദിവസങ്ങളിൽ ഭർത്താവ് ചന്ദ്രൻ പാളയം മാർക്കറ്റിൽ ചായ വിൽക്കും. ആഴ്ചയിൽ ഒരു ദിവസം വണ്ടിയും കച്ചവടവും ചന്ദ്രൻ ഭാര്യക്ക് വിട്ടുനൽകി അയാൾ ഉത്തമ ഭർത്താവാകും. സ്വന്തമായി വരുമാനമെന്ന അമ്മിണിയുടെ ആവശ്യത്തിനുള്ള പരിഹാരമാർഗ്ഗം കൂടിയായിരുന്നു അത്. അവധി ആഘോഷിക്കാൻ കടപ്പുറത്തേക്ക് പോകുന്നവരും ചില്ലറ ആവശ്യങ്ങൾക്കായി വലിയങ്ങാടിയിലെത്തുന്നവരും അമ്മിണിയുടെ ചായക്കായി എത്തും. രാവിലെ 11 മണിയോടെ തുടങ്ങി വൈകുന്നേരം അഞ്ചരയോടെ തീരുന്ന കച്ചവടം. വണ്ടിയിൽ വച്ചുണ്ടാക്കുന്ന പരിപ്പുവടക്കും ബാജിക്കുമൊക്കെ ആവശ്യക്കാരുമുണ്ട്.

പുസ്തകകെട്ടുകളിൽ കെട്ടിമറിഞ്ഞ് പരതിയിട്ടും കാര്യമായൊന്നും കിട്ടാത്തതിന്റെ നിരാശ ചിന്നുവിനെ മടുപ്പിച്ചു. ചലച്ചിത്ര വാരികകളും നോട്ട്ബുക്കുകളുമാണ് കൂടുതലും. മറ്റ് വാരികകളും കുറച്ചുണ്ട്. കസേരയിലേക്ക് തിരികെയെത്തുമ്പോൾ മനസ് ശൂന്യമായപോലെ അവൾക്ക് തോന്നി.
ഫോണെടുത്ത് വാട്സ് ആപ്പിലൂടേയും ഫെയ്സ്ബുക്കിലൂടേയും ഒരു റൗണ്ട് സഞ്ചരിച്ചു. മെസേജുകളും കുറവ്. മടുപ്പ് ചെറുവിരലിലൂടെ തലവരെ കയറുന്നതായി അവൾക്ക് തോന്നി. എഴുന്നേറ്റ് കടയുടെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് അലമാരയുടെ അടുത്ത് നിലത്തുവീണുകിടക്കുന്ന നീലചട്ടയുള്ള ചെറിയ പുസ്തകം കണ്ടത്. ഒരാകർഷണത്തിന് അതിനടുത്തെത്തി കൈയ്യിലെടുത്തു. എന്നിട്ട് മടക്കി പിടിച്ച് പുസ്തകത്തിന്റെ പേജുകളിലൂടെ ചിതറി നോക്കി. എന്തൊക്കയോ കുറിപ്പുകൾ, ചില പേജുകളിൽ വരച്ചുവെച്ച ചിത്രങ്ങൾ. നല്ല വടിവൊത്ത അക്ഷരങ്ങൾ. എന്താണ് ഇത്രയും മനോഹരമായി എഴുതിപിടിപ്പിച്ചിരിക്കുന്നതെന്ന മോഹം അവളുടെയുള്ളിൽ വളർന്ന് വലുതായി.
അവൾ കസേരയിലേക്ക് തിരികെയെത്തി. പുസ്തകം തുറന്നു.

ഒരോ പേജിലും ചെറിയ കുറിപ്പുകൾ. അടുത്തിടെ മാധ്യമങ്ങളിൽ വന്ന സംഭവങ്ങളാണ് പേജുകളിൽ നിറയുന്നതെന്ന് അക്ഷരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ചില ക്രൈം വാർത്തകൾക്കൊപ്പമാണ് ചിത്രങ്ങളുള്ളത്. അതുമായി ബന്ധപ്പെട്ട മനുഷ്യാവയവങ്ങളാണ് ഭീതിപ്പെടുത്തുന്ന രീതിയിൽ വരച്ചുവെച്ചിരിക്കുന്നത്. കണ്ണും മൂക്കും ചെവിയും തലയുമൊക്കെ പേജുകളിലിരുന്ന് അവളെ നോക്കി. പുസ്തകത്തിന്റെ പകുതി വരെയാണ് എഴുതിയിട്ടുള്ളത്. അപൂർണമായ പുസ്തകം.

രാവിലെ ഭീകരസ്വപ്നം, ഉച്ചക്ക് പാതിയിൽ നിലച്ച കിറുക്കെഴുത്തുകൾ. വല്ലാത്ത ദിവസം തന്നെ ചിന്നു മനസിലോർത്തു. പുറകോട്ട് ചാഞ്ഞിരുന്നപ്പോൾ ലോകത്തെ കുറിച്ചാണ് ആലോചിച്ചത്. ഒരോ സമയത്തും നടക്കുന്ന കോടിക്കണക്കിന് സംഭവങ്ങൾ. അതിനിടയിൽ ഇങ്ങനെയും ചിലത്. ആരാണിതെല്ലാം പ്ലാൻ ചെയ്യുന്നത്?എന്താണിതിന്റെയൊക്കെ അർത്ഥം? അവളുടെ മനസ് ചിലന്തിവല നെയ്തുകൊണ്ടിരുന്നു.
തിങ്കളാഴ്ച്ച നാലാമത്തെ പിരിയഡ് പൊളിറ്റിക്കൽ സയൻസാണ്. അജയൻ സാറിന്റെ ക്ലാസ്. ആളൊരു രസികനാണ്. കുട്ടികളെ മടുപ്പിക്കാതെ ക്ലാസെടുക്കാൻ കഴിയുന്ന അധ്യാപകൻ. ക്ലാസ് കഴിഞ്ഞാൽ വീട്ടിൽ പോയാലോയെന്ന ചിന്നുവിന്റെ ആലോചന പൂർത്തിയാകും മുമ്പേ അജയൻ സാർ കടന്നു വന്നു. ചെറിയ സൗഹൃദസംസാരങ്ങൾക്ക് ശേഷം സാർ വിഷയത്തിലേക്ക് കയറി.

'' വാട്ട് ആർ ദ ഫണ്ടമെന്റൽ റൈറ്റ്സ് ഓഫ് ആൻ ഇന്ത്യൻ സിറ്റിസൺ'' കഴിഞ്ഞ ക്ലാസിന്റെ തുടർച്ചയായി അജയൻ സാറിന്റെ ചോദ്യം മുഴങ്ങി. ചോദ്യത്തിന്റെ മുന നീണ്ടുവന്നപ്പോൾ ചിന്നു എഴുന്നേറ്റു നിന്നു. റൈറ്റ് ടു ഇക്വാലിറ്റി, റൈറ്റു ടു ഫ്രീഡം,റൈറ്റ് എഗൈയ്ൻസ്റ്റ് എക്സ്പ്ലോയിറ്റേഷൻ...
പെട്ടെന്നവളുടെ മനസ്സ് വെളളിടിയിൽ പിളർന്നു. തലേന്ന് കണ്ട സ്വപ്നവും നീലച്ചട്ടയിട്ട പുസ്തകവും ഒരുമിച്ച് കയറിവന്നു. അവളുടെ ഉത്തരം പാതിവഴിയിൽ നിലച്ചു. മുഴുമിക്കാൻ സാർ ആവർത്തിച്ചു പറയുന്നത് ബോധത്തിന്റെ വേറൊരു കോണിൽ മുഴങ്ങികൊണ്ടിരുന്നു. ബാഗെടുത്ത് അവൾ ക്ലാസിന്റെ മധ്യഭാഗത്തേക്കിറങ്ങി. അമ്പരന്ന കണ്ണുകളിലേക്ക് നോക്കി
''റൈറ്റു ടു ഫ്രീഡം''എന്ന് മന്ത്രിച്ചവൾ പുറത്തേക്കിറങ്ങി.

പിന്നെ കോളേജിന്റെ അടുത്തുള്ള സി.പി. സ്റ്റേഷനറിയിൽ നിന്നും ആർട്ട് പേപ്പർ വാങ്ങി ചുരുട്ടിയെടുത്ത് വണ്ടിയിൽ വച്ചു. എന്നിട്ട് നേരെ പേപ്പർ കടയിലേക്ക് അതിവേഗത്തിൽ കുതിച്ചു.
''എന്താ മോളെ'', ക്ലാസ് സമയത്തുള്ള അപ്രതീക്ഷതമായ ആ വരവിൽ എന്തോ പന്തികേട് തോന്നി ദാസൻ ചിന്നുവിനോട് ചോദിച്ചു.
അവളൊന്നും പറഞ്ഞില്ല. കടയിലേക്ക് കയറി നീല പുസ്തമെടുത്തു. പേജുകൾ മറിച്ചു. ചിലതൊക്കെ ഒന്നുകൂടി വായിച്ചുറപ്പിച്ചു. എന്നിട്ട് മനസിൽ പറഞ്ഞു, ചിത്രങ്ങളെല്ലാം സ്ത്രീകളുടേത് തന്നെ. പിന്നെ അതിലെ ചിത്രങ്ങൾ നോക്കി മനസുകൊണ്ടളന്നു. എന്നിട്ട് കടയുടെ ഒഴിഞ്ഞ ഭാഗത്തിരുന്നു പേപ്പറിൽ വരക്കാൻ തുടങ്ങി.

പുലർച്ചെയുള്ള സ്വപ്നത്തിലെ കണ്ണും മൂക്കും ചെവിയും നീലപുസ്തകത്തിലെ ചെവിയും കണ്ണും മൂക്കും ഒരു പോലെയെന്നവൾക്ക് തോന്നി. എന്തോ ചോദിക്കാൻ ഒന്ന് രണ്ട് തവണ ദാസൻ അവൾക്കരികിലെത്തിയെങ്കിലും ചുവന്നു തുടുത്ത മുഖം കണ്ടയാൾ ഒന്നും ചോദിക്കാതെ തിരിച്ചു പോയി.
'എവിടെയോ കണ്ട പോലെയുണ്ട്' വര പൂർത്തിയായ ചിത്രത്തിലേക്ക് നോക്കി അവൾ സ്വയം പറഞ്ഞു. എഴുന്നേറ്റ് ചിത്രം അകത്തിപിടിച്ചു ഒരു വട്ടം കൂടി നോക്കി. എവിടെയോ... പെട്ടെന്ന് അവൾ എതിർ വശത്തേക്ക് തിരിഞ്ഞ് ഭിത്തിയിലെ പൊട്ടിയ കണ്ണാടിയിലേക്ക് നോക്കി. എന്നിട്ട് ചിത്രത്തിലേക്കും. നോക്കി നോക്കി നിൽക്കെ കണ്ണാടിയിലെ കാഴ്ച്ചയും ചിത്രവും ഒന്നായി മാറുന്നത് അവളറിഞ്ഞു.

നോക്കട്ടെ മോള് വരച്ച ചിത്രം'' അനുവാദത്തിന് കാത്തുനിൽക്കാതെ അമ്മിണിചേച്ചി ചിത്രം കൈയ്യിലേക്കെടുത്തു. ''അത്ര ശരിയായില്ല.എന്നാലും ചില ഭാഗങ്ങളിൽ എന്റെ ഛായയുണ്ട്, അടുത്ത വരയിൽ അടിപൊളിയാക്കണം''. അഭിപ്രായം പറഞ്ഞ ശേഷം ചിത്രം മേശപ്പുറത്തുവച്ചു. വലിയങ്ങാടിയിലേക്ക് സാധനങ്ങൾ പോകുമ്പോൾ ചിന്നുവിനെ കണ്ട് കയറിയതാണവർ.

ചിന്നു നേരിയ ഭയത്തോടെ ചിത്രത്തിലേക്ക് വീണ്ടും നോക്കി.കടയിൽ സ്ഥിരമായി വരാറുള്ള തമിഴത്തി വനജയും മമ്മദ്ക്കയുടെ മകൾ ഹാജറയും പിന്നെ പേപ്പർ വിൽക്കാൻ വന്ന പേരറിയാത്ത പെൺകുട്ടിയുമൊക്കെ ചിത്രത്തിൽ തങ്ങളുടെ മുഖം തിരിച്ചറിയുന്നത് ഉൾക്കിടിലത്തോടെ അവൾ കണ്ടുനിന്നു. ആ മുഖങ്ങൾ ഒന്നിൽ നിന്ന് പത്തായി നൂറായി ആയിരമായി അവൾക്ക് മുന്നിൽ പെരുകിക്കൊണ്ടിരുന്നു.

Content Highlights: Malayalam Short Story Neelachattayulla Pusthakam By Aneesh P Nair