നിന്നോടൊരു സംഗതി പറയാനുണ്ട്! മൂന്നാലു ദിവസമായി മനസ്സിലിത് മുട്ടിനില്‍ക്കാന്‍ തുടങ്ങിയിട്ട്. നമുക്കോരോ ചായ പറഞ്ഞാലോ? അങ്ങോട്ട് മാറിയിരിക്കാം, തണലത്തേക്ക്.

അന്നത്തെ കാര്യമാണ്...കഴിഞ്ഞ ഞായറാഴ്ചത്തെ.

ഞായറാഴ്ചയിലെ ഉച്ചമയക്കത്തിന്റെ ആലസ്യം അറുബോറാണ്. ഒരു നല്ല ആള്‍ട്ടര്‍നേറ്റീവിന് വേണ്ടി തിരയുന്നതും മാസങ്ങളായി. പക്ഷെ കത്തുന്ന വെയിലല്ലേ! കണ്ണു തുറന്നാലും അടഞ്ഞ മാതിരി തന്നെ. പുറത്ത് ഉണങ്ങുന്ന മഞ്ഞളിന്റെ ഗന്ധം ആവിയായി ജനലിലൂടെ ഊറിയൂറിയെത്തുന്നുണ്ട്. അങ്ങനെ മെല്ലെയൊരു കാറ്റുവീശി കടന്നുപോവുമ്പോള്‍ വേതുവെള്ളത്തില്‍ കുളിച്ചു തുവര്‍ത്തിയ സുഖം. പ്രസവശേഷം ആ കുളിമണം മാത്രമേ എനിക്ക് സുഖകരമായിരുന്നുള്ളൂ എന്ന് ഞാന്‍ നിന്നോട് പറഞ്ഞിരുന്നോ. എനിക്കോര്‍മയില്ലെങ്കിലും നീ കൃത്യമായി എല്ലാം ഓര്‍ത്തുവെക്കുമെന്നെനിക്കറിയാം.
പുസ്തകങ്ങള്‍ ഏറെയുണ്ടെങ്കിലും വായിക്കാനുള്ള ഒരു മാനസികാവസ്ഥയിലെത്താത്തതുകൊണ്ട്, പൊള്ളുന്ന സോഫയിലിരുന്ന് ടി.വി ചാനലുകള്‍ ഒന്നൊന്നായി മാറ്റി നോക്കി.കണ്ണിനു പിടിക്കുന്നതൊന്നും ആ നട്ടുച്ചയ്ക്ക് കാണാനില്ല. ഏതോ ചാനലില്‍ 'സണ്‍ഡേ ഹോളിഡേ' ഓടുന്നു. വെറുതെ അപര്‍ണയുടെ തത്രപ്പാടുകളിലേക്ക് കണ്ണോടിച്ചിരുന്നു, ശബ്ദം വളരെ കുറച്ച്. അപ്പുറത്തെ പത്താംക്ലാസുകാരി ഉറങ്ങിവീണത് പഠനാലസ്യത്തിലാണോ ജീവിതക്കാഴ്ചയുടെ മടുപ്പുകൊണ്ടാണോന്ന് ഞെട്ടലോടെ ഓര്‍ത്തു. ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന് ഓരോ നിമിഷവും അവളെന്നെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ മുഖം മാറുമ്പോള്‍ നെഞ്ച് പടപടേന്ന് ഇടിക്കാന്‍ തുടങ്ങും.

കണ്ണുകള്‍ മെല്ലെ അടയാന്‍ ഭാവിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു വണ്ടിയുടെ ബ്രേക്കിംഗ് ശബ്ദം കേട്ടത്. ഹരിയല്ല. പണ്ട് ഏറെ കാതോര്‍ത്തിരുന്ന അവന്റെ വണ്ടിയുടെ ശബ്ദം ഏതുറക്കത്തിലും ഇപ്പോഴും കൃത്യമായി തിരിച്ചറിയാനാവുന്നുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുന്നു. ജനലിലൂടെ കറുത്ത ആള്‍ട്രോസ് കണ്ടപ്പോഴേ നെഞ്ച് പടപടാന്ന് ഇടിക്കാന്‍ തുടങ്ങി. സലീമാണ്!  ഗള്‍ഫിലും നാട്ടിലുമായി ബിസിനസുകളുള്ള സുന്ദരകോടീശ്വരന്‍ സലീം. ഹരിയുടെ പഴയ സഹപാഠി.
പോര്‍ച്ചില്‍ ഹരിയുടെ വണ്ടിയില്ല എന്നായിരിക്കും സലീം ആദ്യം ശ്രദ്ധിച്ചത്.

ആറു മണിക്ക് പോകുമെന്നാണല്ലോ പറഞ്ഞത്. എന്നിട്ട് ആളെവിടെ?
ഹരിയെവിടെയെന്ന ചോദ്യത്തിന് കള്ളക്കളികള്‍ ഉപേക്ഷിച്ച് എനിക്കറിയില്ല എന്ന് മറുപടി പറയാന്‍ ഞാനിപ്പോള്‍ പഠിച്ചിരുന്നു.
തണുപ്പാര്‍ന്ന ഐസ്‌ക്രീം ബോക്‌സും ചോക്കലേറ്റും നീട്ടുന്നതിനിടയില്‍ സലീം എന്നോട് തന്നെയാണോ, സ്വയമാണോ ചോദിച്ചതെന്ന് മനസ്സിലായില്ല. ഇവന് ഒരു മൂവ്‌മെന്റ് രജിസ്റ്റര്‍ വെച്ചൂടെ എന്ന് പണ്ട് കളിയായി ചോദിച്ചപ്പോള്‍ അതിനായി കുറിച്ചിട്ട സ്ഥലത്തേക്ക് ഞാന്‍ പാളിയൊന്നു നോക്കി. 

ഇന്നലെ സുഹൃത്തുക്കളോടൊപ്പം വന്ന് ചിരിച്ചുംകളിച്ചും തിരിച്ചുപോയ സലീമിന്റെ ഈ വരവത്ര പന്തിയല്ല- പ്രേമമാണ് ആദ്യം മണത്തത്. അവസരവാദികള്‍ക്ക് അനവധി അവസരങ്ങളുണ്ടാക്കുന്നതാണല്ലോ വരമ്പത്ത് നില്‍ക്കുന്ന പെണ്‍ജീവിതം.

സലീം സോഫയിലിരിക്കുമ്പോഴേയ്ക്കും അപര്‍ണ സ്‌ക്രീനിലെവിടെയും ഇല്ല. അരോചകമായതെന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ ടി.വി. ഓഫ് ചെയ്യാമോ എന്ന് സലീം അപേക്ഷിച്ചു. അപ്പോഴേയ്ക്കും എനിക്കിഷ്ടമില്ലാത്ത ഒരു പെര്‍ഫ്യൂമിന്റെ ഗന്ധം ആ മുറി മുഴുവന്‍ ഒഴുകി നിറഞ്ഞു. കൗതുകം നിറഞ്ഞ നിശ്ശബ്ദതയും.

'നിന്നോട് തുറന്നു പറയാലോ.'
സലീമിന്റെ മുഖപ്രസംഗത്തിന് ഒരു ഗാംഭീര്യമൊക്കെ ഉണ്ടായിരുന്നു.ഇത്രയും വിദ്യാഭ്യാസവും വിവരവും പക്വതയുമുള്ള നിങ്ങളെ ഒരുപക്ഷേ ആരും ഇങ്ങനെ ഉപദേശിച്ചിട്ടുണ്ടാവില്ല.
ഇതൊക്കെ ഉണ്ടോന്ന് കൃത്യമായി അറിയില്ലെങ്കിലും അതെനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ കാര്യങ്ങളുടെ പോക്കിന്റെ ഒരു ദിശ ഏതാണ്ട് മനസിലായതോടെ തൊണ്ടയില്‍ വെള്ളംവറ്റി. കാലുകള്‍ക്ക് വിറയല്‍. ഒരിക്കലും ഒളിപ്പിക്കാന്‍ പറ്റാതെ പുറത്തേക്ക് തള്ളിവരുന്ന മനസിനെ പലപ്രാവശ്യം അകത്തു കെട്ടാനുള്ള എന്റെ ശ്രമം എന്നത്തെയും പോലെ പൊളിഞ്ഞു പാളീസായി. പക്ഷേ, പത്തേ പത്തു മിനിറ്റുകൊണ്ട് എന്റെ ഇളി ചിരിയായി മാറ്റാന്‍ എനിക്കു കഴിഞ്ഞു.

'പ്രൗഡ് ഓഫ് യു മൈ ഡിയര്‍'. ഞാന്‍ എന്നോടുതന്നെ പറഞ്ഞു.
സോഫയില്‍ ചാഞ്ഞിരുന്ന സലീം സംസാരിച്ചു തുടങ്ങി. ഹരിയുടെ കാര്യങ്ങളൊന്നും നിങ്ങള്‍ക്കറിയില്ല എന്നുള്ളത് എന്നെ ശരിക്കും ഞെട്ടിച്ചു. എവിടെ പോകുന്നു, എപ്പോ വരുമെന്നും ഒന്നും.
''എന്താ നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നം? ഇത്ര അടുത്തായിട്ടും വീട്ടിലേക്കുള്ള ഞങ്ങളുടെ വരവില്‍ നിന്നും അവന്‍ ഒഴിഞ്ഞു മാറുന്നതിന്റെ കാരണം എനിക്കിന്നലെയാണ് മനസിലായത്. ഒരു സുഹൃത്ത് എന്ന നിലയില്‍ ...........

ഒരു സുഹൃത്ത് എന്ന നിലയില്‍ നീ എന്ത് ഉണ്ടാക്കാനാ സലീമെ? എന്നുള്ള എന്റെ മുഖഭാവം കണ്ടിട്ടോ എന്തോ സലിം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
എന്റെ കൂസലില്ലാത്ത മുഖഭാവം സലീമിനെ അത്ഭുതപ്പെടുത്തിയോ.... കണ്ണീരോ ചുരുങ്ങിയതൊരു ഗദ്ഗദമോ സലീം പ്രതീക്ഷിച്ചിരുന്നോ? എന്റെ നിസംഗമായ മുഖഭാവത്തിനും ഉറച്ച ശബ്ദത്തിനും പിന്നില്‍ വര്‍ഷങ്ങളുടെ പരിശീലനമുണ്ടെന്ന് അയാള്‍ക്ക് ഏത് ഭാഷയില്‍ പറഞ്ഞാല്‍ മനസിലാവും.
''സലീം നിങ്ങള്‍ വിചാരിക്കുപോലെ സിംപിള്‍ അല്ല കാര്യങ്ങള്‍. ഇത് സ്റ്റേജ് മാറിയ കാന്‍സറിനേക്കാളും ഭീകരമാണ്''
ഒരുദിവസം കൊണ്ട് സലീമിനോടിത്രയും പറയാനുള്ള മാനസികനില പതിനഞ്ച് വര്‍ഷം കൊണ്ടുപോലും അയാളോട് തോന്നിയില്ലല്ലോ എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

''എത്രയായാലും സ്ത്രീക്ക് തുണയാവാന്‍ വേണ്ടിയാണ് ദൈവം പുരുഷനെ സൃഷ്ടിച്ചത്
തിരിച്ചല്ലേ സലീം എന്ന് എന്റെ കണ്ണുകള്‍ ചോദിച്ചു.അയാള്‍ പക്ഷെ അത് കണ്ടില്ല.
പിന്നെ സലിം സ്ട്രാറ്റജി അല്‍പമൊന്നു മാറ്റി പിടിച്ചു.

വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍. എല്ലാം തികഞ്ഞ ജീവിതത്തിന്റെ സൗഭാഗ്യം, ജോലിയുടെ പ്രൗഢി....   സലീം വാതോരാതെ പറഞ്ഞു കൊണ്ടേയിരുന്നു.
ഇതുപറഞ്ഞ് അയാളോട് വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാനെത്ര കലമ്പി - സലീം നിങ്ങളോടെങ്ങനെ അതൊക്കെ ചുരുക്കിപ്പറയണം എന്നെനിക്കറിയില്ല.
പരസ്പരം ക്ഷമ, അഡ്ജസ്റ്റ്‌മെന്റ് ഇതൊന്നുമില്ലാതെ ഇതൊന്നും മുന്നോട്ടു പോവില്ല. 
സലീം എന്തുകൊണ്ട് സ്‌നേഹം അതില്‍പ്പെടുത്തിയില്ല എന്ന് ഞാന്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
സലീം സംസാരത്തെ അടുത്ത ഗിയറിലേക്ക് മാറ്റുന്നു.
ശാരീരികബന്ധം.അതിന് ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. അതിന് ഒരു ഹീലിംഗ് പവറുണ്ട്. നിങ്ങള്‍ തമ്മി......
എട്ട് മാസം. എന്റെ കിറുകൃത്യമായ മറുപടിയില്‍ അയാള്‍ നടുങ്ങിയോ?
സലീം വിയര്‍ത്തു.
വയസാവുമ്പോള്‍ നിങ്ങള്‍ക്ക്, നിങ്ങള്‍ രണ്ടാളും മാത്രമേ തുണയായുണ്ടാവൂ. മറ്റെല്ലാവരും കാഴ്ചക്കാരായിരിക്കും - ഈ നല്ല പ്രായത്തിലുള്ള ആവേശമൊന്നും ചിലപ്പോ.......
ഞാന്‍ നിന്നോട് അന്വേഷിക്കാന്‍ പറഞ്ഞ ഓള്‍ഡ് എയ്ജ് ഹോമിന്റെ തണുത്ത സിമന്റ് ബെഞ്ചുകളെ അപ്പൊ ഞാന്‍ തമാശയായി ഓര്‍ത്തു. 

ആ ഓര്‍മ തന്നെ സലീമിനെ പിന്നെയും വിയര്‍പ്പിച്ചത് എന്നെ അതിശയിപ്പിച്ചു.
എനിക്കൊരു കട്ടന്‍ ചായ വേണം. സലീം ക്ഷീണിച്ചു. ഞാന്‍ മധുരം കൂടിയ കുട്ടന്‍ ചായയാണ് കേട്ടോ കൊടുത്തത്. സലീം മെല്ലെ ഗോള്‍ഡ് ഫ്‌ളെയ്ക്ക്സ് സിഗരറ്റിന്റെ പാക്കറ്റ് പുറത്തെടുത്തു.''
നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍...അയാളെന്നോട് സമ്മതം ചോദിക്കുകയാണോ?

എന്റെ ചിരി അയാള്‍ക്കുള്ള സമ്മതമായെടുത്ത് തീ കൊളുത്തി. 
വിരോധമില്ലെങ്കില്‍ ഒന്നെനിക്കും തരൂ സലീം. 
വിറയാര്‍ന്ന കൈകളോടെ സലീം ഒരു സിഗരറ്റ് നീട്ടി.
ശരിക്കും അപ്പോഴാണ് വേതുവെള്ളത്തിന്റെ മണത്തില്‍ നിന്നും ഞാന്‍ മുക്തയായത്. സലീം വിയര്‍ത്തു തന്നെയിരുന്നു.

ഞാന്‍ ഹരിയോട് സംസാരിച്ചിട്ട് വിളിക്കാം.
എന്റെ മുറുകിയ കൈ സലീമിന്റെ ഉറപ്പില്ലാത്ത, വിയര്‍ത്ത കൈകളെ ഹസ്തദാനം ചെയ്യുമ്പോള്‍ അയാള്‍ ഒന്നുകൂടി ദുര്‍ബ്ബലനായോ എന്നെനിക്കു തോന്നി. സലീം മെല്ലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പുറത്തേക്കിറങ്ങുമ്പോള്‍ സിറ്റൗട്ടിലിരുന്ന് ഞാനെന്റെ ആദ്യ സിഗരറ്റ് പുകയ്ക്കുകയായിരുന്നു.

അപ്പൊ തുടങ്ങിയ മുട്ടലാണ്. എനിക്കിത് നിന്നോട് പറയാന്‍.
ഇനി നീ പറ... 

Content Highlights : Malayalam Short Story Ini Nee Para Written by A K Shimna