റെ ഒരുങ്ങാനൊന്നും ഇല്ല. ഏറി വന്നാല്‍ മൂന്നു പെട്ടികള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ചരിത്രം. അതു മാത്രമേ ഈ നഗരം നല്‍കിയിട്ടുള്ളൂ. മുറിയുടെ മൂലയില്‍ അടുക്കു തെറ്റിക്കിടക്കുന്ന പുസ്തകങ്ങളാണ് ഇപ്പോള്‍ സംശയം ജനിപ്പിക്കുന്നത്. അത് എടുക്കണോ? സൊസൈറ്റിയിലെ ലൈബ്രറിയിലേക്ക് കൊടുക്കണോ? പലതും ഇനിയും വായിച്ചിട്ടില്ലാത്തവയാണ്. ഖര്‍ഗറില്‍ നിന്ന് കൊളാബ വരെ നീളുന്ന യാത്രക്കിടയില്‍ വല്ലപ്പോഴും ഒത്തു കിട്ടുന്ന ഇരിപ്പിടത്തെ കരുതിയാണ് പുസ്തകം ബാഗില്‍ വക്കാറുണ്ടായിരുന്നത്. എന്നിട്ടും പുസ്തകം വാങ്ങിക്കുന്ന ശീലം മുടക്കാറില്ല. സ്വന്തമായി വരുമാനം ലഭിച്ചു തുടങ്ങിയ നാള്‍ മുതലേ തുടങ്ങിയ ഒരു പതിവാണ്. പുസ്തകശാലകളില്‍ കയറിയിറങ്ങുക എന്നതിനു പകരം ഇപ്പോള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് തുഴഞ്ഞെടുക്കുന്ന രീതിയായി എന്നു മാത്രം.
  
ഞാന്‍ പുസ്തകങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന മൂലയിലേക്ക് നടന്നു. ദസ്തവേയ്സ്‌കിയും ടോള്‍സ്റ്റോയിയും മാര്‍ക്വേസുമെല്ലാം ഒരുമിച്ചിരുന്നു ബീഡി വലിക്കുന്നു. ഞങ്ങളും പോന്നോട്ടേ? അവരുടെ പുകപടലങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പുസ്തകങ്ങളിലെ പൊടിയേറ്റ് തുമ്മല്‍ വന്നു. പൊടുന്നനെ അതിനിടയില്‍ നിന്ന് ഒരു കടലാസ് പുറത്തേക്ക് ചാടി. താഴേക്ക് കുനിഞ്ഞ് ഞാനതെടുത്തു നിവര്‍ത്തി. എന്റെ തന്നെ കൈപ്പടയായിരുന്നു അത്. കവിതയായി അച്ഛന്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ജീവിതത്തില്‍ ആദ്യമായി എഴുതിയ കവിത. എന്റെ ഉള്ളിലാകെ വിറപടര്‍ന്നു.
   
'നിനക്ക് എന്തെങ്കിലും പറയാനുണ്ടോ? ഈ സമയം കഴിഞ്ഞാല്‍ ഫോണ്‍ നിശ്ചലമാകും. ഇനി എന്നെ അന്വേഷിക്കേണ്ടതില്ല. ഹരിദ്വാരത്തില്‍ നിന്ന് നാളെ തിരിക്കുകയാണ്. ഋഷികേശ്, കേദാരം...'
'അച്ഛന്‍ പോകരുതെന്നല്ലേ ഞങ്ങള്‍ പറയൂ. പിന്നെ, യാത്ര അച്ഛന്റെ അവകാശമല്ലേ? ഞങ്ങള്‍ വിലക്കിയാലും അത് മുടങ്ങില്ലെന്നുറപ്പാണ്...'
രണ്ടു വാചകങ്ങളില്‍ എല്ലാ വിനിമയവും അവസാനിച്ചു. അതില്‍ പിന്നീട് ഏഴാം നാള്‍ കേദാരത്തില്‍ വെള്ളം കുത്തിയൊലിച്ചു. ഒഴുകിപ്പോയവരില്‍ അച്ഛനും പെട്ടുവോ? ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അന്ത്യകര്‍മങ്ങള്‍ പോലും ഒരു തീര്‍പ്പിലെത്താതെ കിടക്കുന്നു. അതിന്റെ പിടച്ചിലായിരുന്നു കവിത.

ഫോണ്‍ പൊടുന്നനെ ചിലച്ചു. പവന്‍കുമാര്‍ ഗുപ്ത. വിസ്മയത്തേക്കാളേറെ എനിക്ക് അരിശമാണ് തോന്നിയത്. അല്ലെങ്കില്‍ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് അകലുന്ന മനുഷ്യനോട് മറ്റെന്തു വികാരമാണ് തോന്നുക? രഘുബീര്‍ സിങ് സൊസൈറ്റിയിലെ താമസക്കാരില്‍ അത്രയേറെ അടുപ്പം മറ്റൊരാളുമായും എനിക്കുണ്ടായിരുന്നില്ല. സൊസൈറ്റിയില്‍ വന്ന നാള്‍ മുതലേ എനിക്ക് പരിചയമുള്ള വ്യക്തിയായിരുന്നു അയാള്‍. അതിരാവിലെ ഫോണിലൂടെ വിളിച്ചുണര്‍ത്തും. കൃത്യം അഞ്ചുമണിക്ക് അഡിഡാസിന്റെ ഷൂസും ബര്‍മുഡയുമിട്ട് പവന്‍ജി ലോണിലെത്തും. ചെറിയ ചെറിയ കസര്‍ത്തുകള്‍. ഓട്ടം. ചാട്ടം. അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഷട്ടില്‍ കളി. എപ്പോള്‍ സഹായത്തിന് വിളിച്ചാലും ഓടിയെത്തും. ഒരിക്കല്‍ കടുത്ത പനി വന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റായപ്പോള്‍ കൂട്ടിരുന്നത് അയാളായിരുന്നു. ആ ഓര്‍മയുടെ നനവില്‍ മറ്റെല്ലാം മറന്ന് ഞാന്‍ ഫോണിലെ പച്ച വൃത്തത്തില്‍ വിരലുരച്ചു.
'മോഹന്‍ജി...എനിക്ക് നിങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍ വരാമോ?'
'നിയന്ത്രണങ്ങള്‍ തല്‍ക്കാലം നീക്കിയെന്നേയുള്ളൂ. വൈറസ് ഇപ്പോഴും എല്ലായിടത്തും ഉണ്ട്...' അല്‍പം പരിഹാസത്തോടെയാണ് ഞാനത് പറഞ്ഞൊപ്പിച്ചത്. അടച്ചിടല്‍ കാലത്ത് സൊസൈറ്റിയില്‍ നിന്ന് പുറത്തേക്ക് പോയിരുന്ന അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു ഞാന്‍. അവശ്യ സേവനക്കാരുടെ നിയമം ഒരു ദണ്ഡു പോലെ തലക്കു മുകളില്‍ തൂങ്ങി നിന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ പോകുമായിരുന്നില്ല. സൊസൈറ്റിയിലെ എല്ലാവര്‍ക്കും അതെല്ലാം അറിയാമായിരുന്നു. എന്നിട്ടും എനിക്കെതിരെ മുറുമുറുപ്പുകള്‍ ഉയര്‍ന്നു. പവന്‍കുമാറില്‍ നിന്നായിരുന്നു അതിന്റെയെല്ലാം തുടക്കം എന്നെനിക്ക് മനസ്സിലായിരുന്നു.

'മോഹന്‍ജി...ശരിയാണ്...നിങ്ങളുടെ ഫോണ്‍വിളികളില്‍ നിന്നു പോലും ഞാന്‍ അകലം പാലിച്ചിരുന്നു. ഒന്നുമുണ്ടായിട്ടല്ല. നിങ്ങളുടെ ശബ്ദം കേട്ടാല്‍ എന്തൊക്കെ നിയന്ത്രണങ്ങളുണ്ടെങ്കിലും ഞാന്‍ ഇറങ്ങിവരുമായിരുന്നു. നിങ്ങളാണെങ്കില്‍ ദിവസവും കൊളാബ വരെ യാത്ര ചെയ്യുന്ന ആള്‍... എന്റെ വീട്ടില്‍ പ്രായം ചെന്ന രണ്ടു പേര്‍... അകലം പാലിക്കേണ്ടത് അവരുടെ കൂടെ ആവശ്യമായിരുന്നു.'
പവന്‍കുമാര്‍ ഗുപ്തയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.
'ഞാനിന്നലെയും കൊളാബ സെന്ററിലെ ഓഫീസില്‍ പോയിരുന്നു...'
ശത്രുരാജ്യത്തെ കാണുന്നതു പോലെയാണ് സൊസൈറ്റിയിലുള്ളവരില്‍ പലരും എന്നെ നോക്കിയിരുന്നത്. വൈറസ് വാഹകനെന്ന് ചില ജനലഴികള്‍ അടക്കം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. ഒരു സമാശ്വാസത്തിനു വേണ്ടി പലവട്ടം പവന്‍കുമാറിനെ വിളിച്ചിരുന്നു. എന്നാല്‍ അയാള്‍ ഫോണ്‍ അറ്റന്‍ഡു ചെയ്യാതെ മാറിക്കളയുകയായിരുന്നു. ഒരൊറ്റ പദമാണ് അതിനു പിറകിലെന്ന് എനിക്ക് അധികം വൈകാതെ ഊഹിക്കാന്‍ കഴിഞ്ഞു.
സൂക്ഷ്മാണു വാഹകന്‍.
'എനിക്കിപ്പോള്‍ ഭയങ്ങളില്ല...എല്ലാ ഭയങ്ങളും എന്നില്‍ നിന്ന് പറന്നു പോയിരിക്കുന്നു...'
ചെറിയൊരു മൂളലില്‍ അനുവാദം കൊടുത്ത് ഞാന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. അര മണിക്കൂര്‍ കഴിഞ്ഞില്ല. അപ്പോഴേക്കും വാതിലില്‍ മുട്ടു കേട്ടു.

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നെറ്റിയിലെ നീളന്‍ മുറിവടയാളമില്ലായിരുന്നെങ്കില്‍ ഗുപ്താജിയെ എനിക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ശരീരം വല്ലാതെ ശോഷിച്ചിരുന്നു. കാര്‍മേഘം പോലെ മുഖത്ത് കരുവാളിപ്പ് പടര്‍ന്നിരുന്നു. വിളര്‍ത്ത ചുണ്ടുകള്‍. കലങ്ങിച്ചുവന്ന കണ്ണുകള്‍. പ്രസന്നതയോടെയല്ലാതെ ഞാനയാളെ മുമ്പ് കണ്ടിട്ടേയില്ല.  
'ഞാന്‍ മാസ്‌കണിഞ്ഞിട്ടില്ല... മോഹന്‍...നിങ്ങള്‍ക്ക് ഭയമുണ്ടോ?'
പവന്‍കുമാര്‍ ഗുപ്ത അങ്ങനെയൊരു ചോദ്യത്തോടെയാണ് അകത്തേക്ക് കയറിയത്. കസേരയില്‍ ഇരിക്കുന്നതിനു മുന്നേ, മുറിയുടെ മൂലയില്‍ വിതറിയിട്ട പുസ്തകങ്ങളുടെ അടുത്തേക്കാണ് അയാള്‍ ആദ്യം നീങ്ങിയത്. രണ്ടു പുസ്തകങ്ങള്‍ കൈയ്യിലെടുത്തു. കവറിലെ പടത്തിലേക്ക് കുറച്ചു നേരം നോക്കി നിന്നു.
'ബഷീര്‍?' പവന്‍കുമാറിന്റെ മുഖത്ത് ചില തിളക്കങ്ങള്‍ കാണാന്‍ തുടങ്ങി.
'അതെ...ഞങ്ങളുടെ ഭാഷയിലെ സുല്‍ത്താന്‍...'
'കൊല്‍ക്കത്തയിലെ പഠന കാലത്ത് ഇദ്ദേഹത്തിന്റെ ചില കൃതികളുടെ ട്രാന്‍സ്ലേഷന്‍ വായിച്ചിട്ടുണ്ട്...'
'പരിഭാഷകള്‍ക്ക് ബഷീറിനെ പൂര്‍ണമായും ഒപ്പിയെടുക്കാനാവില്ല... ബഷീര്‍... ബഷീര്‍...ഞങ്ങളുടെ ഭാഷയില്‍ അതൊരു പ്രതിഭാസമാണ്...'
പുസ്തകത്തില്‍ അല്‍പനേരം കൂടി കണ്ണോടിച്ച് അയാള്‍ അവ കൂട്ടത്തില്‍ തന്നെ വച്ചു. പിന്നീട് കസേരയില്‍ വന്നിരുന്നു. എനിക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എവിടെ തുടങ്ങണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

'നമ്മള്‍ പലതും കണക്കുകൂട്ടുന്നു. പക്ഷേ, ഭൂമിയിലുള്ളതെല്ലാം മറ്റെവിടെ നിന്നോ ആണ് തീരുമാനിക്കപ്പെടുന്നത്. അല്ലേ?'
അയാള്‍ തന്നെയാണ് സംഭാഷണത്തിന് തുടക്കമിട്ടത്.
'ഗുപ്താജി...എന്തു പറ്റി? ഫിലോസഫി പറയുന്നു...'
പവന്‍കുമാര്‍ ഗുപ്തയുടെ മുഖം അല്‍പം കൂടെ വിളറി.  'കോവിഡ് രോഗം നിങ്ങളെ ഇതു വരെ സ്പര്‍ശിച്ചിട്ടില്ല. അല്ലേ? തലേ ദിവസം പോലും നിങ്ങള്‍ ജോലിക്കു പോയെന്നു പറയുന്നു...'
'എന്തുകൊണ്ടോ ഇല്ല...'
'മുറിക്കുള്ളില്‍ അടച്ചിരുന്ന ഞങ്ങള്‍ എന്തായി?' സ്ഥിര ബുദ്ധിയില്ലാത്ത ഒരാളെപ്പോലെ അയാള്‍ ചിരിച്ചു.
'രോഗം ബാധിച്ചെന്നോ? ഇപ്പോള്‍ മാറിയില്ലെ?' എന്റെ ഉള്ളില്‍ നേരിയ വിറയലുണ്ടായി.
'ശാപം പിടിച്ച ഈ രോഗം എന്നെ ഭൂമിയില്‍ തനിച്ചാക്കി...' ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി.
'ഗുപ്താജിയുടെ അച്ഛന്‍, അമ്മ, ഭാര്യ....' സൊസൈറ്റിയിലെ പാര്‍ക്കില്‍ എല്ലാ വൈകുന്നേരങ്ങളിലും വെടിപറയാനായി അവര്‍ ഒരുമിച്ചാണ് വരാറുണ്ടായിരുന്നത്. അവരെ കാണുമ്പോഴൊക്കെ ഭൂമിയില്‍ ഇത്രയും സന്തോഷിക്കുന്നവര്‍ വേറെയുണ്ടോ എന്ന് ഞാന്‍ കൗതുകം കൊള്ളാറുണ്ടായിരുന്നു. സന്താനഭാഗ്യം എന്ന സ്വപ്നം പവന്‍കുമാറിനെ നോവിച്ചിട്ടില്ലെന്നു തന്നെ തോന്നിപ്പിക്കും.
അയാള്‍ കസേരയിലിരുന്ന് ചെറിയ കുട്ടികളെപ്പോലെ വിതുമ്പാന്‍ തുടങ്ങി. ഇനി എന്താണു പറയേണ്ടതെന്ന് അറിയാതെ ഞാന്‍ പതറി.
'രണ്ടാമതും ലോക്ഡൗണ്‍ വരുമെന്ന് വാര്‍ത്തകള്‍ പരന്നു തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. റാഞ്ചിയിലെ മുളങ്കാടുകള്‍ക്കിടയിലെ ഭയങ്ങളൊന്നുമില്ലാത്ത വീട് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ നഗരത്തിലെപ്പോലെ നശിച്ച രോഗം അവിടെ ഉണ്ടാവില്ലെന്നു തന്നെ ഞങ്ങള്‍ നിനച്ചു...'
ഗുപ്ത പൊടുന്നനെ സമനില വീണ്ടെടുത്തു.
'ലോക്ഡൗണ്‍ നിലവില്‍ വരുന്നതിനു മുമ്പേ, ഞങ്ങള്‍ അതിര്‍ത്തി കടന്നു. പുറമെയുള്ളവരുമായി സമ്പര്‍ക്കമൊഴിവാക്കാനായി എന്റെ സ്വന്തം വാഹനത്തിലായിരുന്നു യാത്ര. പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല. നാല്‍പതു മണിക്കൂറോളം എവിടെയും നിര്‍ത്താതെയുള്ള യാത്ര....'
ഞാന്‍ അറിയാതെ വാ പൊളിച്ചു. 'പ്രായമേറിയവരുമായി റോഡിലൂടെ ഇത്ര ദൂരം...?!'  
'അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. പക്ഷേ, റാഞ്ചിയിലെ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ചുമയ്ക്കാന്‍ തുടങ്ങി....'  
റാഞ്ചിയിലെ വീടിനെക്കുറിച്ച് ഗുപ്ത പലപ്പോഴായി പറഞ്ഞത് എനിക്കോര്‍മ വന്നു. മുളങ്കാടുകള്‍ക്കിടയിലെ കൂടാരം. ഇടതുവശത്തൂടെ ഒഴുകുന്ന കൊച്ചരുവി. അരുവിയുടെ നനുത്ത ശബ്ദത്തില്‍ ചിറകു കുടയുന്ന കിളികള്‍...
'പിന്നെ എല്ലാം പെട്ടെന്നായിരുന്നു മോഹന്‍ജി...എവിടെ നിന്നാണ് വൈറസ് കയറി വന്നതെന്ന് ഒരൂഹവുമില്ല...' പവന്‍കുമാര്‍ ഗുപ്ത കണ്ണു തിരുമ്മി.
   
അപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു. നാട്ടില്‍ നിന്ന് ചന്ദ്രന്‍ കാരണവരാണ്. എന്തിനാണ് വിളിക്കുന്നതെന്ന് എനിക്കൂഹിക്കുവാന്‍ കഴിഞ്ഞു. അതിനാല്‍ ഫോണ്‍ എടുത്ത പാടെ ഞാന്‍ അങ്ങോട്ട് സംസാരിക്കാന്‍ തുടങ്ങി.
'നാളെയോ മറ്റന്നാളോ റിലീവ് ചെയ്യും...അതു കഴിഞ്ഞാ ഉടനെ നാട്ടിലേക്ക്...'
'നീ മറക്കില്ലെന്നറിയാം. എങ്കിലും ഒന്നോര്‍മിപ്പിക്കാന്‍ വിളിച്ചതാണ്...'
തറവാട്ടില്‍ ഇപ്പോള്‍ കാരണവരും കുടുംബവും മാത്രമേയുള്ളൂ. അച്ഛന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലവിലുണ്ട്. ഇടക്കിടെ പൊലീസ് വിളിപ്പിക്കും. അപ്പോഴെല്ലാം കാരണവരാണ് ഓടിച്ചെല്ലാറുള്ളത്.
'മാന്‍ മിസ്സിങ്ങിന്റെ കാര്യമായതു കൊണ്ടാണ്...അല്ലെങ്കില്‍ നമുക്കാ കേസങ്ങ് ഒതുക്കാമായിരുന്നു. ഇതിപ്പോ നമ്മള് വിചാരിച്ചിട്ടും കാര്യമില്ല...'
ചന്ദ്രന്‍ കാരണവരുടെ സ്വരത്തിലെ നീരസം എനിക്ക് തിരിച്ചറിയാനായി. നാട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ എല്ലാത്തിനും മൂപ്പര് തന്നെ പോകണം. അടുത്ത തവണ ലീവെടുത്തിട്ടാണെങ്കിലും അവിടെ വരുമെന്നും പൊലീസ് സ്റ്റേഷനില്‍ പോയിക്കൊള്ളാമെന്നും ഞാന്‍ വാക്കു കൊടുത്തിരുന്നതാണ്. ഭാഗ്യം പോലെ നാട്ടിലേക്കു തന്നെ ട്രാന്‍സ്ഫറും ശരിയായി.
അച്ഛന്‍ സ്വയം ഇറങ്ങിപ്പോയതായിരുന്നു. പോകരുതെന്ന് പല തവണ വിലക്കിയിട്ടും ഏകാന്തതയെ നേരിടാന്‍ തനിക്കു മറ്റു വഴികളില്ലെന്നും പറഞ്ഞാണ് അച്ഛന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ആര്‍ക്കുമൊരു ഭാരമാകരുതെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു അച്ഛന്‍. ഇതിപ്പോള്‍ ഏതൊക്കെയോ അദൃശ്യ വഴികളിലൂടെ അച്ഛന്‍ ഞങ്ങളെ പരീക്ഷിക്കുകയാണ്...
   
ഞാന്‍ ഫോണ്‍ കട്ടുചെയ്ത് സെറ്റിയില്‍ ചെന്നിരുന്നു.
'നഗരം വിട്ടു പോയതായിരുന്നു ഞങ്ങള്‍ക്കു പറ്റിയ തെറ്റ്...ഇവിടെത്തന്നെ കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു. ചുമ കൂടിക്കൂടി വന്നു. പനി, ശ്വാസംമുട്ടല്‍, വയറിളക്കം.... നാലുപേര്‍ക്കും ഒരു പോലെ... ഹോസ്പിറ്റലില്‍ പോകാതെ തരമില്ലെന്നായി... ആ വയ്യാത്ത അവസ്ഥയിലും ഞാന്‍ തന്നെ കാര്‍ ഓടിച്ചു. എന്നാല്‍ ചുറ്റുവട്ടത്തുള്ള ഹോസ്പിറ്റലുകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. ചിലയിടങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. സ്വാധീനമുള്ള ഇടങ്ങളിലെല്ലാം വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല... അതൊരിക്കലും ഞാന്‍ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു...'
പവന്‍കുമാര്‍ ഗുപ്തയുടെ മുഖം അല്‍പം കൂടെ തെളിഞ്ഞുവരുന്നതായി എനിക്ക് തോന്നി. തുറന്നുള്ള സംഭാഷണം അയാളെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നുണ്ട്.
'മോഹന്‍ജി... നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചതിനേക്കാള്‍ ഭീകരമായിരുന്നു സ്ഥിതി. ഒടുക്കം റാഞ്ചിയില്‍ നിന്ന് ഏറെ അകന്നൊരു ഹോസ്പിറ്റലില്‍ ഞങ്ങള്‍ അഡ്മിറ്റായി. എന്നാല്‍ ഒരു കട്ടില്‍ പോലും ഒഴിവുണ്ടായിരുന്നില്ല. വെറും നിലത്താണ് ഞങ്ങള്‍ കിടന്നത്'
അന്നേരം അയാള്‍ ദീര്‍ഘമായി ചുമച്ചു. എനിക്ക് വീണ്ടും പേടി തോന്നി. ചുമ വിട്ടുപോയിട്ടില്ല. ഗുപ്ത ശരിക്കും നെഗറ്റീവ് അല്ലേ? ഒരു മുഖാവരണം പോലും ധരിച്ചിട്ടില്ല.
'സംഗതി ഗുരുതരമാകുകയായിരുന്നു.. ശ്വാസമെടുക്കാന്‍ പ്രയാസമേറി വന്നു. പിന്നീട് നിങ്ങള്‍ വാര്‍ത്തകളില്‍ കണ്ടതു പോലെ വായുവിനായുള്ള അന്വേഷണങ്ങള്‍... ആരുടെയോ ഔദാര്യമായി മുന്നിലെത്തിയ സിലിണ്ടര്‍... കോളേജു കാലത്ത് ഒരു സിഗരറ്റ് സുഹൃത്തുക്കളുമായി പങ്കിട്ടു വലിക്കാറുണ്ടായിരുന്നു. അതിനെ അനുസ്മരിപ്പിക്കും വിധം സിലിണ്ടറില്‍ നിന്ന് ഞങ്ങള്‍ മാറിമാറി വായുവിനെ വലിച്ചെടുക്കാന്‍ ശ്രമിച്ചു...'
പവന്‍കുമാര്‍ ഗുപ്ത ഒന്നു നിര്‍ത്തി മൂക്കു പിഴിഞ്ഞു. കര്‍ച്ചീഫെടുത്ത് ഒപ്പി. വീണ്ടും വാക്കുകളെ കൂടഴിച്ചു വിട്ടു.
'ഒരാള്‍ക്കുമാത്രം അതിജീവിക്കാം. സിലിണ്ടറിലെ അളവു കുറഞ്ഞു വരുന്നു. ജീവന്റെ കാര്യം വരുമ്പോള്‍ എല്ലാവരും സ്വാര്‍ഥരാണ്. ഒരു തവണ എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പിന്നെ അത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്റെ കണ്‍മുന്നിലാണ് അവര്‍ മൂന്നുപേരും പിടഞ്ഞൊടുങ്ങിയത്...'
എനിക്ക് കൂടുതല്‍ എന്തൊക്കെയോ അറിയണമെന്നുണ്ടായിരുന്നു. പക്ഷേ, എന്തെങ്കിലും ചോദിക്കാന്‍ കഴിയാതെ എന്റെ നാവ് വരണ്ടുപോയിരുന്നു.

'അച്ഛന്‍, അമ്മ...അവര്‍ എന്നേക്കാളധികം ലോകം കണ്ടവരല്ലേ... ഇനിയും അധിക കാലം ജീവിച്ചാല്‍ അവര്‍ക്കു തന്നെ ഭാരമാവില്ലേ...? പിന്നെ ഭാര്യയുടെ കാര്യം... തരിശായിപ്പോയ ഗര്‍ഭപാത്രത്തെ പ്രതി ഇനി അവള്‍ക്ക് പരിഹാസമൊന്നും കേള്‍ക്കേണ്ടല്ലോ... അപ്പോള്‍ പിന്നെ നിലനില്‍ക്കാന്‍ പ്രകൃതി എന്നെ പ്രേരിപ്പിക്കുകയായിരുന്നിരിക്കണം... അതൊരു തെറ്റാണോ?'
 സാന്ത്വനിപ്പിക്കുന്നൊരു മറുപടിയാണ് എന്നില്‍ നിന്നും അയാള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് തോന്നിച്ചു. പക്ഷേ, എന്റെ വായില്‍ നിന്ന് വന്നത് ഇങ്ങനെയായിരുന്നു.
'ഗുപ്താജി... ഞങ്ങളുടെ ഭാഷയില്‍ ഉരലിന്റെ പരാതി മദ്ദളത്തോടോ എന്നൊരു ചൊല്ലുണ്ട്... അതുപോലെയാണ് നമ്മുടെ കാര്യങ്ങള്‍. പിതാവ് മരിച്ചെന്നൊരു തീര്‍പ്പ് നിങ്ങളുടെ കാര്യത്തിലുണ്ട്... എന്റെ കാര്യം നോക്കൂ... അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ എന്നോ മരിച്ചെന്നോ ഒരു നിശ്ചയവുമില്ല. അതിന്റെ ഓരോ നൂലാമാലകള്‍ ഇപ്പോഴും ഞങ്ങളെ വേട്ടയാടുന്നു...'
'മോഹന്‍... ഒരിക്കല്‍ നിങ്ങള്‍ അതെന്നോട് പറഞ്ഞിരുന്നു... എത്ര തന്നെ അന്വേഷിച്ചിട്ടും ഒരുത്തരത്തിലെത്താനാകാതെ ആശ്വാസത്തിനായി കേദാറിലെ പ്രളയത്തെ വിശ്വസിക്കുകയാണെന്നും നിങ്ങളൊരിക്കല്‍ പറഞ്ഞതോര്‍മയുണ്ട്...'
പവന്‍കുമാര്‍ ഗുപ്തയുടെ മുഖം കൂടുതല്‍ തെളിഞ്ഞു. ഇപ്പോള്‍ ദുഃഖത്തിന്റെ യാതൊരു അടയാളങ്ങളും അയാളില്‍ ഉണ്ടായിരുന്നില്ല.
'ഞാനും ഒരു യാത്രക്കിറങ്ങുകയാണ്... റാഞ്ചിയിലെ ഞങ്ങളുടെ വീട് ആശ്രമത്തിന് കൊടുത്തു. ഉണ്ടായിരുന്ന ഭൂമിയെല്ലാം കൃഷിക്കാര്‍ക്ക് വീതിക്കാനായി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്... സൊസൈറ്റിയിലെ വീടൊഴിഞ്ഞു. അതിനു മുമ്പ് നിങ്ങളെയൊന്നു കാണണമെന്നു കരുതി...'
'വന്നത് നന്നായി... എനിക്കും സ്ഥലംമാറ്റമായി... പിന്നെ ഒരു കാര്യം... നിങ്ങളുടെ യാത്രയിലെവിടെയെങ്കിലും എന്റെ ആകൃതിയിലുള്ള ഒരാളെ കണ്ടാല്‍ അറിയിക്കണം...'
 ഗുപ്ത വെറുതെ തലയനക്കി. ഞാന്‍ അച്ഛന്റെ ശരീരത്തിലെ അടയാളങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മൂടല്‍മഞ്ഞു പോലെ എന്തോ ഒന്ന് എന്റെ ശിരസ്സിനെ വന്നു പൊതിഞ്ഞു.

Content Highlights: Malayalam short story by Yasar Arafath