ജൈവ കര്‍ഷകനായ പാലമുറ്റത്ത് ജോണിക്കുട്ടിയുടെ വീടും പറമ്പും ഒരു പൂങ്കാവനമാണ്. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള അയാളുടെ തലയെടുപ്പുള്ള വീടിന്റെ പിന്നാമ്പുറം ഈയടുത്താണ് പൊളിച്ചു പണിതത്.

കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ ഉയരക്കൂടുതലുള്ള ചിമ്മിനിയുടെ ഉള്ളറകളില്‍ അയാള്‍ ഏലം ഉണക്കാനിടാറുണ്ട്. അടുപ്പ് പുകയുന്ന നേരത്ത് ചിമ്മിനി മുകളിലൂടെ ഏലത്തിന്റെ മണം ഉയരും. ആ മണം പിടിച്ച് ഇഹലോകത്ത് ഇത്തിരിനേരം ഇരിക്കാമെന്ന ഒരൊറ്റ ഉദ്ദേശത്തോടെയാണ് അമ്പത്തിരണ്ടാം വയസ്സില്‍ അകാലത്തില്‍ മരിച്ച   ജനാര്‍ദ്ദനന്റെ ആത്മാവ് ചിമ്മിനി മുകളിലെ വാട്ടര്‍ടാങ്കിലേക്ക് ഇറങ്ങി വന്ന് ഇരിക്കാറുള്ളത്.

അന്നത്തെ വരവില്‍ മരണശേഷം അന്നോളം അനുഭവിക്കാത്ത തരത്തില്‍ ദുഖം ജനാര്‍ദ്ദനന്റെ മുഖത്ത് കനം തൂങ്ങി നിന്നിരുന്നു. അപ്പോള്‍ ജനാര്‍ദ്ദന്‍ ഒരു ആത്മാവ് എന്ന നിലയില്‍ നിലവിലുള്ള ജീവിത ചുറ്റുപാടുകളെ അവലോകനം ചെയ്യുകയായിരുന്നു. 

ജീവിച്ചിരുന്നപ്പോഴത്തെ നന്മതിന്മകള്‍ കൂട്ടിക്കുറച്ച് അതിനോട് മരണത്തിന്റെ ആകസ്മികത അനുസരിച്ച് ലഭിക്കുന്ന പോയന്റും കൂട്ടിക്കിട്ടുന്ന ഗ്രേസ്മാര്‍ക്ക് അനുസരിച്ചാണ് പരലോകത്തിലെ സ്പെഷ്യല്‍ സോണിലേക്ക് ആത്മാക്കളെ കടത്തി വിടുന്നത്. ഒരു നിശ്ചിത പോയന്റിനപ്പുറം ഗ്രേസ്മാര്‍ക്ക് ലഭിക്കുന്ന ആത്മാക്കള്‍ ആ പ്രത്യേക സോണിലെ അംഗങ്ങളാകും. മരിച്ച് മുകളിലെത്തുന്ന ആത്മാക്കളെല്ലാം അവിടെ അഡ്മിഷന്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ആയിരത്തില്‍ ഒരാളൊക്കെയേ ആ അര്‍ഹതയ്ക്ക് പാത്രീഭൂതരാകാറുള്ളൂ. 

സ്പെഷ്യല്‍ സോണില്‍ പ്രവേശനം ലഭിക്കുന്ന ആത്മാക്കള്‍ക്ക് സ്വന്തമായി ഒരു ഭരണ സമ്പ്രദായവും അതിനെ നിയന്ത്രിക്കാന്‍ പ്രത്യേക ഭരണഘടനയും ഉണ്ടായിരുന്നു. എല്ലാ അധികാരവും അര്‍പ്പിതമായ ആ ഭരണ സംവിധാനം ഭൂമിയിലേതു പോലെ തന്നെ പാര്‍ലമെന്റ് എന്ന പേരില്‍ അറിയപ്പെട്ടു. അന്നോളം ഉള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഗ്രേസ് മാര്‍ക്ക് ഉള്ള വ്യക്തിയാരുന്നു പാര്‍ലമെന്റിന്റെ തലവന്‍.  

സോണിനു പുറത്തുള്ള ആത്മാക്കള്‍ പ്രത്യേക വികാരവിചാരങ്ങളൊന്നുമില്ലാതെ മേഘങ്ങള്‍ക്കിടയിലൂടെ എല്ലാ നേരവും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരായിരുന്നു. എന്നാല്‍ സോണില്‍ ഉള്‍പ്പെട്ട ആത്മാക്കള്‍ക്ക് പല സവിശേഷ കഴിവുകളും ലഭിച്ചു. അവര്‍ക്ക് ആഗ്രഹിക്കുന്ന മാത്രയില്‍ ഭൂമിയില്‍ അവര്‍ക്കിഷ്ടമുള്ള ഇടത്തേക്ക് ഇറങ്ങിച്ചെന്ന് കാഴ്ച്ചകള്‍ കാണാം. മറ്റുള്ളവരുടെ വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും വരെ മനസ്സിലാക്കാം. ഇഷ്ടമുള്ള രുചികളും മണങ്ങളും ആസ്വദിക്കാം. 

പക്ഷേ, ഈ സുഖസൗകര്യങ്ങളൊക്കെ ആസ്വദിക്കാനായി കടുകട്ടി നിയമങ്ങളും പാലിക്കേണ്ടിയിരുന്നു. ജീവിച്ചിരിക്കുന്നവരുടെ സൈ്വര്യതയ്ക്കോ ജീവനോ അപകടം ഉണ്ടാക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തരുതെന്നായിരുന്നു പരമപ്രധാനമായ ഒന്നാം നിയമം. യാതൊരുവിധ ശരീര സ്രവങ്ങളും പുറപ്പെടുവിക്കരുതെന്നത് രണ്ടാം നിയമവും. അങ്ങനെ പത്തിരുപത് നിയമക്രമങ്ങള്‍ അവരുടെ ഭരണഘടനയില്‍ ആത്മാക്കളുടെ ഭാഷയില്‍ എഴുതിച്ചേര്‍ത്തിരുന്നു. 

അവ ചിട്ടയായി പാലിക്കുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭൂമിയില്‍ അവര്‍ തിരഞ്ഞെടുക്കുന്ന ഗര്‍ഭപാത്രങ്ങളില്‍ വീണ്ടും ജനിക്കാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. അവരുടെ സ്ഥാനത്തേക്ക് പുതിയ ആത്മാക്കള്‍ അഡ്മിഷനെടുക്കും. അങ്ങനെയാണ് സ്പെഷ്യല്‍ സോണിലെ അംഗസംഖ്യ നിയന്ത്രിച്ചിരുന്നത്. മറിച്ച് ഈ നിയമങ്ങളില്‍ ഏതെങ്കിലുമൊന്ന് ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ആത്മാക്കളുടെ സോണില്‍ എന്നല്ല ഈ പ്രപഞ്ചത്തില്‍ നിന്നു തന്നെ അവരെ എന്നന്നേക്കുമായി തുടച്ചു നീക്കും. അവരുടെ ആത്മാംശം ഒരു അണുപോലും ബാക്കിവെക്കാതെ തച്ചുടയ്ക്കും.

അനുഭവിച്ചുകൊണ്ടിരിക്കുന്നും വരാന്‍പോകുന്നതുമായ സുഖഭോഗങ്ങളുടെ മാസ്മരികതയില്‍ മതിമറന്ന് ഒരാത്മാവുപോലും ഇന്നേവരെ ആ നിയമങ്ങളില്‍ ഒന്നുപോലും തെറ്റിച്ചതായി അറിവില്ല. ആത്മാക്കള്‍ ആരെങ്കിലും നിയമം തെറ്റിക്കുന്ന നേരത്ത് ഉറക്കെ ശബ്ദം ഉണ്ടാക്കാന്‍ പാകത്തിന് പാര്‍ലമെന്റിന്റെ ഒരു കോണില്‍ സൈറണ്‍ ഫിറ്റ് ചെയ്തിരുന്നു.

മരിച്ചു കഴിഞ്ഞാലെങ്കിലും ഊരിയിറങ്ങിപ്പോകാമെന്നു കരുതിയിരുന്ന നൂലാമലകള്‍ക്കിടയിലാണല്ലോ ആത്മാക്കളുടെ ജീവിതവും കുടുങ്ങിക്കിടക്കുന്നതെന്ന ചിന്തയോടെ ജനാര്‍ദ്ദനന്‍ അവലോകനം അവസാനിപ്പിച്ച് തല ഇടതു വശത്തേക്ക് അല്പമൊന്നു ചരിച്ചു താഴ്ത്തി. ഏലമണമുള്ള ഒരു ചാര പുകവലയം അയാളുടെ കീഴ്ത്താടിയില്‍ തൊട്ടു തൊട്ടില്ലെന്നമട്ടില്‍ വട്ടം തിരിഞ്ഞ് വായുവില്‍ അലിഞ്ഞു.

അന്നേരം ജനാര്‍ദ്ദനന്റെ ഇഷ്ടാത്മാവായ മോഹനന്‍ പിള്ള താഴേക്കിറങ്ങി വന്ന് വാട്ടര്‍ ടാങ്കില്‍ ജനാര്‍ദ്ദനന്റെ പുറം ചാരിയിരുന്നു. അടയാത്ത കണ്ണ് കൂര്‍പ്പിച്ച് മോഹനന്‍പിള്ള ജനാര്‍ദ്ദനന്റെ ദുഖത്തിലേക്ക് ഊളിയിട്ടു.

ആത്മാക്കളെല്ലാം തുല്യരാണെന്നിരിക്കിലും സഹാത്മാവായ മോഹനന്‍പിള്ളയോട് ജനാര്‍ദ്ദനന് അല്പമൊരു അടുപ്പക്കൂടുതല്‍ ഉണ്ടായിരുന്നു. ഒട്ടും സംഭവബഹുലമല്ലാത്ത അതിസാധാരണ തന്റെ ജീവിതത്തിന് അതേമട്ടിലുള്ള മോഹനന്‍പിള്ളയുടെ ജീവിതവുമായി അന്ത്യപാദത്തിലുണ്ടായിരുന്ന സാമ്യമായിരുന്നു അതിന്റെ പ്രധാന കാരണം. മരണമെന്ന മുരടന്‍ സമസ്യയെ ലഘൂകരിച്ചുകളഞ്ഞ രണ്ട് സംഭവങ്ങളിലൂടെ ഭൂമി വിട്ടുപോകേണ്ടി വന്നവരാണ് തങ്ങള്‍ ഇരുവരുമെന്ന് ആത്മാക്കള്‍ ഒത്തുകൂടുന്ന ചില നേരങ്ങളിലൊക്കെ അയാള്‍ പറയാറുണ്ടായിരുന്നു. 

താലൂക്ക് ഓഫീസിലെ യു.ഡി ക്ലര്‍ക്കായ ജനാര്‍ദ്ദനന്‍ ജീവിച്ചിരുന്ന കാലത്ത് ഒരുറുമ്പിനെപ്പോലും നോവിച്ചിട്ടില്ല. ഒരൊറ്റ ഫയല്‍പോലും തന്റെ മേശപ്പുറത്ത് കെട്ടിക്കിടക്കരുതെന്ന നിഷ്ഠയുള്ള ജനാര്‍ദ്ദനന്‍ ആവശ്യക്കാരുടെ ദൈവം തമ്പുരാനായിരുന്നു. വിദേശത്തു നിന്ന് രണ്ടാഴ്ച്ചത്തേക്ക് അച്ഛനമ്മമാര്‍ക്കൊപ്പം അവധിക്കു വന്ന രണ്ടു വയസ്സുള്ള ചെറുമകന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു അയാളുടെ മരണം. ലീവെടുത്ത് കൊച്ചുമോനോടൊപ്പം പറമ്പില്‍ പക്ഷികള്‍ക്കു കുടിക്കാന്‍ വെള്ളം ചിരട്ടപ്പാത്രങ്ങളില്‍ നിറയ്ക്കുമ്പോള്‍ വിളഞ്ഞ് പഴുക്കാറായ ഒരു മുട്ടന്‍ കൂഴച്ചക്ക ഉയരത്തിലുള്ള കൊമ്പില്‍ നിന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ ഉരുണ്ട് ജനാര്‍ദ്ദന്റെ ഉച്ചിയില്‍ വീണു. നന്മ നിറഞ്ഞ ജനാര്‍ദ്ദനന്റെ ദുഖഭരിതമായ ആ മരണം മികച്ച ഗ്രേസ് മാര്‍ക്കോടെ അയാളെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആത്മാക്കളുടെ കൂട്ടത്തിലേക്ക് യാതൊരു അപ്പീലുമില്ലാതെ കടത്തി വിട്ടു.

മൂന്നുനാലു തവണ മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം നേടിയ മഹാനായിരുന്നു മോഹനന്‍പിള്ള. അയാളൊരിക്കലും പാലില്‍ വെള്ളം ചേര്‍ത്തിരുന്നില്ല. മാത്രവുമല്ല ലാഭത്തെക്കാളേറെ പശുക്കളുടെ സുഖത്തിനും സുരക്ഷയ്ക്കുമായിരുന്നു അയാള്‍ പ്രാധാന്യം കൊടുത്തിരുന്നത്. 

ആത്യാധുനിക സൗകര്യങ്ങളുള്ള തൊഴുത്ത്, ഓരോ പശുവിനും ഫാന്‍, കടുത്ത വേനല്‍ക്കാലത്ത് തൊഴുത്തില്‍ എയര്‍കണ്ടീഷന്‍ സൗകര്യം, ഷവര്‍ബാത്ത്, കര്‍ക്കടകത്തില്‍ സുഖ ചികിത്സ, പ്രസവശേഷം എല്ലാ വിധത്തിലുമുള്ള പ്രസരക്ഷാ ശുശ്രൂഷുകള്‍... വിശുദ്ധ മൃഗമായ പശുവിനെ ഇവ്വിധം പരിപാലിച്ചതിനാല്‍ മോഹനന്‍പിള്ളയ്ക്ക് ആ വകയില്‍ ഉയര്‍ന്ന പോയിന്റ് ലഭിച്ചു. 

അകിടില്‍ കുത്താന്‍ ചെന്ന ഒരീച്ചയെ ഓടിക്കാന്‍ ചെന്ന മോഹനന്‍പിള്ള ചെന നിറഞ്ഞു നിന്ന ഒരു പശുവിന്റെ തൊഴി തലയ്ക്കേറ്റാണ് മരിച്ചത്. അതോടെ മോഹനന്‍പിള്ളയുടെ ഗ്രേസ് മാര്‍ക്ക് വളരെയധികം ഉയരുകയും അഡ്മിഷന്‍ കിട്ടുകയും ചെയ്തു. 

കൊണോറി എന്ന വാക്ക് ഇംഗ്ലീഷില്‍ വെള്ള പെയിന്റില്‍ എഴുതി വച്ച കറുത്ത വാട്ടര്‍ ടാങ്കിനു മുകളില്‍ പുറം ചാരിയിരുന്ന് ജനാര്‍ദ്ദനന്‍ പാലമുറ്റത്ത് ജോണിയുടെ പ്ലാവിന്‍ കൊമ്പിലേക്ക് ദുഖത്തോടെ നോക്കി. അതേസമയം ആത്മസഹജമായ നിസംഗതയോടെ പാലമുറ്റത്തു വീട്ടിലെ പ്രൗഢമായ തൊഴുത്തിലേക്ക് ഒന്നു പാളി നോക്കിയ മോഹനന്‍പിള്ള ജനാര്‍ദ്ദനന്റെ ദുഖത്തിലേക്ക് തിരികെയെത്തി.

ചത്തു പണ്ടാറമടങ്ങിയിട്ടും ഇയാളെന്തിനാടോ ഉവ്വേ ഇങ്ങനെ ദുഖിക്കുന്നത്?  ആ ചോദ്യം കേട്ട് ജനാര്‍ദ്ദനന്‍ താടി താങ്ങിയിരുന്ന വലതു കൈയെ സ്വതന്ത്രമാക്കി. താന്‍ ചോദിച്ചില്ലേലും തന്നോട് ഞാനത് പറയാനിരുന്നതാ. എനിക്ക് തെറ്റ് പറ്റിയെടോ തെറ്റ്. 

ആത്മാക്കള്‍ക്ക് ഏതറ്റം വരെയും ഉപയോഗപ്പെടുത്താവുന്ന ആറാം ഇന്ദ്രിയത്തിന്റെ ബട്ടണ്‍ മോഹനന്‍ പിള്ള ഓണാക്കി. ജനാര്‍ദ്ദനന്‍ കഥ പറഞ്ഞു തുടങ്ങുംമുമ്പ് ആ കഥയിലെ കേന്ദ്ര കഥാപാത്രത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ കൈയിലുള്ളത് നന്നായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. 

ആറാമിന്ദ്രിയത്തിന്റെ സ്‌ക്രീനില്‍ മേഘ ചന്ദ്രശേഖരന്‍ എന്ന ഇരുപത്തൊമ്പതുകാരിയുടെ പേര് തെളിഞ്ഞു. അതിനോട് ചേര്‍ന്നുള്ള ബ്രായ്ക്കറ്റിനുള്ളില്‍ മേഘ നീലിമ ആര്‍ക്കേയ്ഞ്ചല്‍ എന്നും എഴുതിയിരുന്നതില്‍ നിന്ന് അവള്‍ ഫേയ്സ്ബുക്കില്‍ ആ പേരിലാണ് അറിയപ്പെടുന്നതെന്ന് മനസ്സിലായി. 

നടപ്പു ബുദ്ധിജീവികളുടെ പൊതു താത്പര്യത്തിണങ്ങിയ വിധത്തില്‍ മുടി വെട്ടിയ മേഘ ബുദ്ധജീവികളുടെ ഡ്രസ്‌കോഡും പിന്തുടര്‍ന്നിരുന്നെന്ന് മോഹനന്‍പിള്ള മനസ്സിലാക്കി. 

ഒരു പരസ്യകമ്പനിയിലെ ജോലിക്കാരിയായ മേഘ ഫേസ്ബുക്കിലെ പേര് വച്ച് മൂന്നാല് കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് സര്‍ക്കിളുകളില്‍ നല്ല രീതിയില്‍ പ്രശംസിക്കപ്പെട്ട ആ കഥകള്‍ പക്ഷേ മേഘയെ തൃപ്തിപ്പെടുത്താന്‍ പോന്നവയായിരുന്നില്ല. ലോകസാഹിത്യത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടാന്‍ തക്ക പാങ്ങുള്ള കനപ്പെട്ട ഒരു നോവലോ ചെറിയപക്ഷം ഒരു ചെറുകഥയെങ്കിലും യൗവനം കടക്കും മുമ്പ് എഴുതിത്തീര്‍ക്കണമെന്ന തീവ്രാഭിലാഷമായിരുന്നു അവളുടെ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. 

പലതവണ ശ്രമിച്ചിട്ടും അടിയുറയ്ക്കാതെ പോയ ആ ശ്രമങ്ങളുടെ ഈര്‍ഷ്യകളെ റൈറ്റേഴ്സ് ബ്ലോക്ക്, ഡിപ്രഷന്‍, വിഷാദം തുടങ്ങിയ ക്ലീഷേ പദങ്ങളുടെ അകമ്പടിയോടെ മൂഡിന് ചേരുന്നതരത്തിലുള്ള ഫോട്ടോകള്‍ക്കൊപ്പം അപ്ലോഡ് ചെയ്തുകൊണ്ടിരുന്നു.

മേഘ നീലിമ ആര്‍ക്കേയ്ഞ്ചലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന താത്പര്യത്തോടെ മോഹനന്‍പിള്ള അവളുടെ ഫേസ്ബുക്ക് പേജില്‍ ഒന്നു കേറി നോക്കി. മുഖഭാഗങ്ങളുടെയും കാല്‍പാദത്തിന്റെയും ബലമില്ലാത്ത രോമങ്ങളുള്ള കൈവിരലുകളുടെയും പല പോസുകളിലുള്ള ഫോട്ടോകള്‍. 

ജീവിച്ചിരുന്നപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടോ അതിനുതകുന്ന സാങ്കേതിക പരിചയമോ ഇല്ലാതിരുന്ന മോഹനന്‍പിള്ളയ്ക്ക് ഒരു ആത്മാവ് എന്ന നിലയില്‍ ഇപ്പോള്‍ അതൊന്നും മനസ്സിലാക്കിയെടുക്കാന്‍ അല്പം പോലും കഷ്ടപ്പെടേണ്ടി വന്നില്ല. അവളുടെ ഇടതു മൂക്കിലെ വട്ടത്തിലുള്ള മൂക്കുത്തിയിലേക്ക് ഒരു ചുവന്ന വിയര്‍പ്പു തുള്ളി ഒഴുകി വരുന്ന പ്രൊഫൈല്‍ പിക്ചറിന് തൊള്ളായിരത്തിലധികം ലൈക്കുകള്‍ ഉണ്ടായിരുന്നു.

ഫോട്ടോകളെല്ലാം നോക്കിത്തീര്‍ന്ന മോഹനന്‍ പിള്ള പോസ്റ്റുകളിലേക്കിറങ്ങി. സമകാലിക വിഷയങ്ങില്‍ നിലപാട് വ്യക്തമാക്കുന്ന തരത്തില്‍ മിഷ്ടര്‍, അത്രമേല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുന്ന  അഞ്ചാറു പോസ്റ്റുകളെങ്കിലും ദിവസേന അവള്‍ കുറിച്ചിരുന്നു. കൂടുതല്‍ ലാളിത്യം ആവശ്യമുള്ളപ്പോള്‍ സിനിമയിലെ പ്രശസ്തമായ തമാശ ഡയലോഗുകളും വച്ചു കാച്ചി. ഏഴുദിവസം മുമ്പ് കുറിക്കപ്പെട്ട പോസ്റ്റില്‍ കണ്ണുടക്കി മോഹനന്‍ പിള്ള തരിച്ചിരുന്നു. 

മരിച്ചുപോയവരുടെ പ്രൊഫൈലുകളിലേക്ക് ഒളിഞ്ഞു നോക്കുന്ന ......... ആത്മാക്കള്‍. വാചകത്തിന്റെ കുത്തുകളിട്ട ഭാഗത്ത് തെളിഞ്ഞു നിന്ന തെറിവാക്ക് ആത്മാക്കള്‍ക്ക് വായിക്കാനാവാത്ത വിധം സെന്‍സര്‍ ചെയ്തിരുന്നതില്‍ മോഹനന്‍പിള്ളയ്ക്ക് ചെറിയ ദുഖം തോന്നി. അവള്‍ ബുദ്ധിജീവി ആയതുകൊണ്ടു തന്നെ ലിംഗസമത്വം പാലിക്കുന്ന തെറിയാകാനേ തരമുള്ളൂ എന്ന വിശ്വാസത്തില്‍ ആറാമിന്ദ്രിയത്തിന്റെ സഹായമില്ലാതെ തന്നെ അയാള്‍ ആ തെറി കണ്ടെത്തി. അറംപറ്റിപ്പോയ ആ വാചകത്തില്‍ നിന്ന് കണ്ണെടുത്ത് മോഹനന്‍പിള്ള ബാക്കി കഥ ജനാര്‍ദ്ദനനില്‍ നിന്ന് നേരിട്ട് കേള്‍ക്കാനെന്നോണം  ചെവി തിരിച്ചു.

വേണ്ടത്ര കഥാപാത്ര പരിചയം മോഹനന്‍പിള്ള നേടിക്കഴിഞ്ഞു എന്ന തിരിച്ചറിവോടെ ജനാര്‍ദ്ദനന്‍ മുഖവുരയൊന്നും കൂടാതെ  ആ സംഭവ കഥ പറഞ്ഞു തുടങ്ങി. മനസ്സിരുത്തി അതു കേള്‍ക്കാനെന്ന മട്ടില്‍ മോഹനന്‍പിള്ള ഒരു കാല്‍ വാട്ടര്‍ടാങ്കിനു മുകളിലേക്ക് കയറ്റി വച്ചു.

പതിവായി സ്‌കൂട്ടറില്‍ ജോലിക്കു പോകാറുള്ള മേഘ നീലിമ ആര്‍ക്കേഞ്ചല്‍ അന്ന് ആ പതിവ് തെറ്റിച്ചു. അവള്‍  ജോലിസ്ഥലത്തേക്ക് ബസ് കേറുമ്പോള്‍ ഏലത്തിന്റെ മണം പിടിച്ച് ജനാര്‍ദ്ദനന്‍ ജോണിക്കുട്ടിയുടെ വാട്ടര്‍ ടാങ്കില്‍ കാലു രണ്ടും താഴേക്ക് താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. 

രണ്ടു കണ്ണുകൊണ്ടും ഈ ലോകം മുഴുവന്‍ ഒരേ സമയം കാണാന്‍ ത്രാണിയുള്ള ആത്മാവായ ജനാര്‍ദ്ദനന്റെ നോട്ടം  മേഘ നീലിമ ആര്‍ക്കേഞ്ചല്‍ ധരിച്ചിരുന്ന ആങ്കിള്‍ ലെങ്ത് പാന്റിലേക്കും വലതു കാലില്‍ പാദത്തിനു തൊട്ടു മുകളില്‍ മുറുക്കി കെട്ടിയ കറുത്ത ചരടിലേക്കും അതിനു നടുവിലെ ചെറിയ ശംഖിലേക്കും പതിഞ്ഞു. അവള്‍ അന്നേരം ഗിയര്‍ബോക്സിന്റെ ഇടതു വശത്തുള്ള ഒഴിഞ്ഞ സീറ്റില്‍ ജനലരികിലേക്ക് ചേര്‍ന്നിരിക്കുകയായിരുന്നു.

അപ്പോള്‍ ജനാര്‍ദ്ദന്‍ ബുദ്ധിജീവികളുടെ നിലവിലെ കോസ്റ്റ്യൂമുകളെപ്പറ്റിയും അവരുടെ കോസ്മെറ്റിക്കുകളെപ്പറ്റിയും ആലോചിച്ചു തുടങ്ങി. ഭൂമിയിലുള്ള തന്റെ വേണ്ടപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും ബുദ്ധിജീവി ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കപ്പെടുന്ന അത്തരമൊരു ഫാന്‍സി സ്റ്റോര്‍ തുറക്കാനുള്ള ബുദ്ധി തോന്നിയിരുന്നെങ്കില്‍ എന്നൊന്നാഗ്രഹിച്ചു പോയി. അയാള്‍ അവളുടെ വൃത്താകൃതിയുള്ള വലിയ മൂക്കുത്തിയെപ്പറ്റി ആലോചിച്ചു. 

ആ സമയത്ത് മേഘ നീലിമ ആര്‍ക്കേഞ്ചല്‍ ടിക്കറ്റും ബാക്കികിട്ടിയ ഒറ്റ രൂപാ നാണയവും വലതുകൈയില്‍ ഇറുക്കിപ്പിടിച്ച് ഒരു ചെറിയ മയക്കം തുടങ്ങി. മുഖത്തേക്ക് വീശിയ ഇളം കാറ്റില്‍ മയക്കം മുറുകി. അവള്‍പോലുമറിയാതെ വിരലൊന്നയഞ്ഞ് ഇളംനീല നിറമുള്ള ബസ്ടിക്കറ്റ് ജനലു വഴി പുറത്തേക്ക് പറന്നു. 

പറ്റിയൊരു തീം അടിയന്തിരമായി ആവശ്യമുള്ള മേഘ നീലിമ ആര്‍ക്കേഞ്ചല്‍ അപ്പോഴൊരു സ്വപ്നം കണ്ടു. ഉഗ്രനൊരു കഥയാക്കാന്‍ കാമ്പുള്ള കനപ്പെട്ടൊരു കഥ. ഉണരും മുമ്പ് മാഞ്ഞുപോകാതെ ആ കഥയെ മനസ്സില്‍ പതിപ്പിക്കാന്‍ ആര്‍ക്കേഞ്ചലിന്റെ ഉപബോധ മനസ്സും സമസ്ത കോശങ്ങളും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കെ ആത്മാവായ ജനാര്‍ദ്ദനന്റെ നോട്ടം അവളിലേക്ക് തിരികെ വന്നു. വൃത്താകൃതിയുള്ള മൂക്കുത്തിക്ക് ചേരുന്ന വിധത്തിലൊരു മോതിരം അവളുടെ ഇടതു ചൂണ്ടു വിരലില്‍ ഉണ്ടോ എന്നറിയാനായിരുന്നു ആ വരവ്. 

മോതിരം ആണെന്നതോന്നലില്‍ ആത്മാവ് വിരലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഒറ്റ രൂപാ നാണയത്തിലേക്ക് തറപ്പിച്ചു നോക്കി. പക്ഷേ ഒരു ആത്മാവിന്റെ തീക്ഷണ നോട്ടത്തെ താങ്ങാന്‍ കെല്പില്ലാത്ത ആ നാണയം പെട്ടെന്നുണ്ടായ എനര്‍ജി വൈബ്രേഷന്റെ ഫലമായി മേഘയുടെ വിരലു കുടഞ്ഞ് താഴേക്ക് ചാടി. 

അതിന്റെ കമ്പനത്തില്‍ ഉറക്കം നഷ്ടപ്പെട്ട മേഘയ്ക്ക് താഴെ വീണ് വട്ടത്തില്‍ കറങ്ങിക്കൊണ്ടിരുന്ന നാണയം ടണ്ടം ടണ്ടടം ടണ്ടം ടണ്ടടം എന്ന താളത്തില്‍ ചുറ്റിത്തിരിയുന്ന ദൂരദര്‍ശന്‍ ലോഗോ ആണെന്നു തോന്നി. കറക്കത്തിനൊടുവില്‍ ഭൂതല സംപ്രേഷണം നിലച്ചു എന്നൊരു കുറിപ്പും അതിനടിയില്‍ തെളിഞ്ഞു വരുന്നതു പോലൊരു തോന്നലില്‍ മുറിഞ്ഞ ഉറക്കത്തിനൊപ്പം ഒളിച്ചോടിപ്പോയ കഥയെയോര്‍ത്ത് മേഘ ദുഖിച്ചു.

ആത്മാവായ ജനാര്‍ദ്ദനന്റെ ആത്മത്വത്തെ ഉലച്ചു കളഞ്ഞ ആ സംഭവം തൊട്ടടുത്ത നിമിഷത്തിലാണ് നടന്നത്. ഒന്നാന്തരമൊരു കഥയെ പതിപ്പിക്കാന്‍ ശേഷിയില്ലാത്ത മേഘയുടെ ശരീര കോശങ്ങളോട് പിണങ്ങി  അവളുടെ ഹൃദയം മുന്നറിയിപ്പൊന്നും കൊടുക്കാതെ പൊടുന്നനെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.  

കട്ടി ഫ്രെയിമുള്ള കണ്ണടയുടെ ഉള്ളില്‍ അസാധാരണമാം വിധത്തില്‍ തുറന്നകണ്ണുകളോടെ ഒരു ഈച്ചയ്ക്ക് കടക്കാന്‍ തക്ക വിടവോടെ വായ തുറന്ന് മേഘയുടെ ശരീരം അനക്കമറ്റു.

ബുദ്ധിജീവിശരീരത്തില്‍ കച്ചവട സാധ്യതകള്‍ തേടി എന്ന നിര്‍ദ്ദോഷമായ ചെയ്തി തന്നെ വലിയൊരു പാതകത്തിലാണ് എത്തിച്ചതെന്ന ചിന്ത, പുകഞ്ഞുകൊണ്ടിരുന്ന ചിമ്മിനിമുകളിലിരുന്ന ജനാര്‍ദ്ദനനെ രണ്ടാമത്തെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ചു. സ്രവങ്ങള്‍ പുറപ്പെടുവിക്കരുതെന്നുള്ള നിയമം ലംഘിച്ച് അയാളുടെ കണ്ണ് രണ്ടും ചുരന്നു.

നിര്‍വികാരനായി ഇതത്രയും കേട്ടുകൊണ്ടിരുന്ന മോഹനന്‍ പിള്ള കയറ്റി വച്ചിരുന്ന കാല്‍ താഴേക്ക് തൂക്കിയാട്ടി ജനാര്‍ദ്ദനനെ ആശ്വസിപ്പിച്ചു. എടോ പാര്‍ലമെന്റിലെ സൈറണ്‍ കാലങ്ങളായി കേടായിക്കിടന്നതുകൊണ്ട് താന്‍ തെറ്റ് ചെയ്തെന്നുള്ള വിവരം ഒരൊറ്റ കുഞ്ഞുപോലും അറിഞ്ഞിട്ടില്ല. പിന്നെ ചത്തു പോയ ആ പെണ്ണ് ! നമ്മടെ ഏരിയായുടെ പടികടക്കാനുള്ള ഗ്രേസ് മാര്‍ക്കൊന്നും തലകുത്തി നിന്നാല്‍പ്പോലും അവള്‍ക്ക് കിട്ടില്ല. അതുകൊണ്ട് താനതങ്ങ് മറന്നേക്ക്. 

രണ്ട് ആത്മാക്കളുടെ അദൃശ്യമായ ചലനത്തില്‍ ഉഴറിയിട്ടെന്നപോലെ വളം കുടിച്ച് തിടമ്പിച്ച് നിന്ന ഒരു വാഴക്കൈ ഒടിഞ്ഞ് താഴേക്ക് തൂങ്ങി.

പകല്‍, രാത്രി തുടങ്ങിയ സാമ്പ്രദായിക സമയക്രമൊന്നുമില്ലാത്തതാണ് ആത്മാക്കളുടെ ജീവിതം. മോഹനന്‍പിള്ളയുടെ ഉറപ്പിന്‍മേല്‍ അങ്കലാപ്പുകളൊന്നുമില്ലാതെ ഭൂമിയിലെ രണ്ടു പകലുകള്‍ക്കും ഒരു രാത്രിക്കും തുല്യമായ സമയം പരലോകത്ത് കഴിച്ചുകൂട്ടി ഒന്നാശ്വസിച്ചു തുടങ്ങിയ ജനാര്‍ദ്ദനന്റെ പള്ളയ്ക്ക് കിട്ടിയ ഇടികിട്ടിയപോലെ പാര്‍ലമെന്റ് അപ്രതീക്ഷിതമായി ഒത്തു കൂടി. 

ഓര്‍ക്കാപ്പുറത്തുള്ള മീറ്റിങ്ങിന്റെ കാരണമെന്താകുമെന്നൊരു സംശയം ആത്മാക്കളുടെ വിളറിയ മുഖത്ത് ഒട്ടി നിന്നു. കൂടുപൊട്ടിയ തേനീച്ചകളുടെ ഇരമ്പല്‍ പോലുള്ള ഒച്ചയോടെ അവര്‍ സഭയിലേക്ക് നിലം തൊടാതെ നടന്നു. അവസാനത്തെ വരിയില്‍ ഒട്ടും തിരക്കുകൂട്ടാതെ മുന്‍വരിയിലെ പൊക്കക്കൂടുതലുള്ള ആത്മാവിന്റെ മറവില്‍ ആത്മാക്കള്‍ക്കു ചേരാത്ത തരത്തിലൊരു പരുങ്ങലോടെ ജനാര്‍ദ്ദനന്‍ വെളിപ്പെടാതെ നിന്നു. 

വരിവരിയായി നിന്ന വിശിഷ്ഠ്യരായ ആത്മാക്കളുടെ കണ്ണു തുളയ്ക്കുന്ന പ്രഭാവലയത്തിനിടയിലൂടെ അധികം പണിപ്പെടാതെ തന്നെ അയാള്‍ ആ കാഴ്ച്ച കണ്ടു. തിളങ്ങുന്നൊരു സിംഹാസനത്തില്‍ തലവന്റെ വലതു വശത്ത് മോഹനന്‍ പിള്ള. ഞെട്ടിപ്പോയ ജനാര്‍ദ്ദനനെ ഒന്നു തറപ്പിച്ചു നോക്കിയ ശേഷം തലവന്‍ പ്രസംഗം തുടങ്ങി. 

നമ്മളിലൊരാള്‍ തെറ്റു ചെയ്തിരിക്കുന്നു. തെറ്റ് ചൂണ്ടിക്കാണിക്കേണ്ട സൈറണ്‍ പ്രവര്‍ത്തനം നിലച്ചെങ്കിലും നമ്മുടെ കൂട്ടത്തിലെ തന്നെ നല്ലവനായ ഒരാത്മാവ് ആ വിവരം നമ്മളിലേക്കെത്തിച്ച് ഈ സ്പെഷ്യല്‍ സോണിന്റെ അന്തസത്തയും അഭിമാനവും കാത്തു സൂക്ഷിച്ചിരിക്കുന്നു. മാനുഷിക ഭാവങ്ങളായ വിധേയത്വവും പക്ഷപാതവും പാടേ ഉപേക്ഷിച്ച് ആ പ്രവര്‍ത്തിയിലൂടെ മോഹനന്‍പിള്ള തന്റെ ആത്മത്വം ഉയര്‍ത്തിയിരിക്കുന്നു.

തലവന്റെ പ്രസംഗം തുടരുന്നതിനിടെ ആയിടെ അഡ്മിഷന്‍ നേടിയ ചെറുപ്പക്കാരനായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സൈറണില്‍ തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു തട്ടലില്‍ കേടുപരിഹരിക്കപ്പെട്ട യന്ത്രം ജനാര്‍ദ്ദനന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പാപങ്ങളെ തുടരെത്തുടരെയുള്ള രണ്ട് മുഴങ്ങലുകളിലൂടെ ഉച്ചത്തില്‍ പുറത്തേക്കിട്ടു. 

മല്ലന്മാരെപ്പോലെ തോന്നിപ്പിക്കുന്ന രണ്ടാത്മാക്കള്‍ രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങളെ രണ്ട് കയറുകളില്‍ കെട്ടിവലിച്ച് കൊണ്ട് അവിടെക്ക് കയറി വന്നു. തലവന്റെ തലയാട്ടല്‍ കണ്ട് മൂന്നാമതൊരു മല്ലന്‍ തല താഴ്ത്തി നിന്ന ജനാര്‍ദ്ദനനെ ഒറ്റത്തള്ളിന് ആ തമോഗര്‍ത്തങ്ങള്‍ക്കിടയിലേക്ക് ഉരുട്ടിയിട്ടു. അപ്പോള്‍ സഭയില്‍ കൂടിനിന്ന പുണ്യാത്മാക്കളെല്ലാവരും നടപടിയെ ശരിവെക്കുന്ന വിധത്തില്‍ അഹോ അഹോ എന്ന് ഉച്ചത്തില്‍ ഒച്ചവെച്ചു.   കൂട്ടത്തില്‍ നിന്ന് പത്തിരുപത് മല്ലന്മാര്‍ ആ താളത്തില്‍ ഓടി വന്ന് രണ്ടു തമോഗര്‍ത്തങ്ങളെയും തമ്മിലടുപ്പിക്കാന്‍ തുടങ്ങി. അതിനിടയില്‍ അകപ്പെട്ട ജനാര്‍ദ്ദനനന്‍ തവിടുപൊടിയായി അസംഖ്യം ചെറുകണങ്ങളായി താഴേക്കു പതിച്ചു. 

അറബിക്കടലിന്റെ വടക്കു കരയില്‍ ഒരു മൂലയില്‍ അന്തരീക്ഷത്തിന്റെ താഴത്തെ പാളിയിലേക്ക് കടക്കുന്നതിനിടെ ജനാര്‍ദ്ദനന്റെ ആത്മാംശത്തിന്റെ അവസാനത്തെ കണവും അലിഞ്ഞുപോയി. അപ്പോള്‍ അതേ കടല്‍ക്കരയില്‍ ആറേഴു മാസം മുമ്പ് വ്യാകുല മാതാവ് എന്ന ക്യാപ്ഷനോടെ മേഘ നീലിമ ആര്‍ക്കേഞ്ചല്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ദുഖഭരിതമായ ചിത്രം എന്‍ലാര്‍ജ് ചെയ്ത് അതിനു മുന്നിലിരുന്ന് ഒരു ചെറുപ്പക്കാരന്‍ ഗിത്താര്‍ വായിക്കുകയും ഏതോ ഒരു ഇംഗ്ലീഷ് പാട്ട് വായില്‍ തോന്നും വിധത്തില്‍ പാടുകയും ചെയ്യുന്നുണ്ടായിരുന്നു. 

അവനെ കേട്ടിരുന്ന കുറേ ചെറുപ്പക്കാരില്‍ ഒരുത്തന്റെ മൊബൈലിലെ ലൗഡ് സ്പീക്കര്‍ പെട്ടെന്ന് ഓണാവുകയും ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം എന്ന പാട്ടിന്റെ അവസാന വരി ഒഴുകി വരികയും ചെയ്തു. അപ്പോള്‍ പാട്ടു നിര്‍ത്തിയ ഗിത്താര്‍ വാദകന്‍ പാട്ട് പ്ലേ ചെയ്ത ആര്‍. ജെയുടെ പേര് കേട്ട് ചെറുതായൊന്ന് നടുങ്ങി. അന്‍മിഖ അല്‍മിത്ര. 

മേഘ നീലിമ ആര്‍ക്കേഞ്ചലിന്റെ ബുദ്ധിജീവിതം പാകത പ്രാപിക്കുന്നതിനു മുമ്പ് ഒരു ലോല നിമിഷത്തില്‍ നമുക്കൊരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ അവള്‍ക്ക് അന്‍മിഖ അല്‍മിത്ര എന്ന് പേരിടാമെന്ന് പറഞ്ഞത് അവനോര്‍ത്തു. ആ സന്ദര്‍ഭങ്ങളുടെ പാരസ്പര്യത്തില്‍ അയാള്‍ക്ക് അന്‍മിഖ അല്‍മിത്രയെ പ്രേമിച്ചാല്‍ കൊള്ളാമെന്നു തോന്നി.

Content Highlights: Malayalam Short story by VR Praveena