പുതിയ ഒരു സിനിമയുടെ റിവ്യുവിന് വേണ്ടി ഇന്റര്‍നെറ്റില്‍നടത്തിയ തിരച്ചിലിനിടയിലാണ് തരുണ്‍ മത്തായി www.സിനിമപ്രാന്തന്മാര്‍.com എന്ന വെബ്സൈറ്റ്ല്‍ എത്തിച്ചേരുന്നത്. ഡബിള്‍ ചങ്കന്‍ എന്ന അപരനാമത്തില്‍ (pranthan ID) അറിയപ്പെടുന്ന ഒരു മോഹന്‍ലാല്‍ ഫാന്‍ എഴുതിയ റിവ്യൂ ആണ് സിനിമ പ്രാന്തനില്‍ ആദ്യം കണ്ണില്‍ പെട്ടത്. പുതിയ സിനിമയെ ഡബിള്‍ ചങ്കന്‍ ഘോരഘോരം വിമര്‍ശിച്ചിരിക്കുന്നു.
പാതിരാത്രിക്കുണ്ടായിരുന്ന ഫാന്‍സ് ഷോ ഇന്റര്‍നെറ്റിലെ ആദ്യ റിവ്യൂ പോസ്റ്റ് ചെയ്യാന്‍ വേണ്ടി ആണ് ഇദ്ദേഹം കണ്ടതെന്ന് കൂടി വായിച്ചപ്പോള്‍ താല്പര്യം കൂടി. അന്ന് റിലീസ് ചെയ്തത് മമ്മുട്ടി സിനിമ ആയിതിനാലാണ് ഡബിള്‍ ചങ്കന്റെ കൊടിയ വിമര്‍ശനം എന്നാരോപിച്ച് മമ്മുട്ടി ഫാന്‍സായ ശിവേട്ടനും ലക്കൂരാനും ആരോമലും ഡബിള്‍ ചങ്കനുമായി കമന്റുകളിലൂടെ ഓണ്‍ലൈന്‍ മല്‍പ്പിടുത്തം നടത്തുന്നതും കൂടി കണ്ടപ്പോള്‍ തരുണ്‍ മത്തായി സിനിമപ്രാന്തനിലെ മെമ്പര്‍ ആവാന്‍ തീരുമാനിച്ചു. Irrfan എന്നൊരു pranthan ID സൃഷ്ടിച്ച് ആദ്യ കമെന്റ് ആയി ഡബിള്‍ ചങ്കന്റെ റിവ്യൂന് നന്ദി പറഞ്ഞു.
ഒരു തമാശക്ക് തുടങ്ങിയ ആ മെംബെര്‍ഷിപ്പ് വളരെ പെട്ടെന്ന് തരുണിന്റെ ദിനചര്യയുടെ ഭാഗം ആവുകയായിരുന്നു. കേരള യുവത്വതിന്റ ഇന്നത്തെ സാംസ്‌കാരിക കൂട്ടായ്മകള്‍ നടക്കുന്നത് ഇത് പോലെയുള്ള നൂറുകണക്കിന് ഫോറങ്ങളിലാണെന്ന് അടുത്തെവിടെയോ വായിച്ചിരുന്നു.
ആദ്യ ദിവസങ്ങളില്‍ സിനിമാ പ്രാന്തന്മാര്‍ അംഗങ്ങള്‍ക്ക് തരുണിനെ സംശയം ആയിരുന്നു. പഴയ മെമ്പര്‍മാര്‍ തന്നെ വ്യാജ ഐ.ഡിയുമായി വന്നു രസംകൊല്ലികളാവുന്നത് അവിടുത്തെ സ്ഥിരം സംഭവമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ഒറിജിനല്‍ ആണ് എന്ന് തെളിയിച്ചു മെമ്പര്‍മാരുടെ വിശ്വാസ്യത നേടേണ്ടത് അവിടുത്തെ ഓരോ പുതിയ അഗങ്ങളുടെയും ചുമതലയാണ്.
ദിലീപ് ഫാന്‍ ആയ മീശമാധവനും ദിലീപ്, മോഹന്‍ലാല്‍ ഫാന്‍ ആയ പങ്കജാക്ഷനും ആണ് തരുണിനെ ചോദ്യശരങ്ങളുമായി ആദ്യം നേരിട്ടത്. സരോജ് കുമാര്‍, സൂത്രന്‍ എന്നിവര്‍ പുറകേയെത്തി. തമാശയില്‍ കലര്‍ന്ന, എന്നാല്‍ അത്രയൊന്നും ശക്തമല്ലാത്ത സൌഹൃദം രൂപപ്പെടാന്‍ അധികം കാലതാമസം വന്നില്ല. സിനിമാപ്രാന്തന്മാരുടെ മെമ്പര്‍മാരില്‍ അധികവും കേരളത്തിന് വെളിയില്‍ ജോലി ചെയ്യുന്നവര്‍ ആണ്. ഡബിള്‍ ചങ്കന്‍, ശിവേട്ടന്‍ എന്നിവര്‍ ബെംഗളൂരുവിൽ നിന്നും മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി കൊമ്പ്‌കോര്‍ക്കുന്നു. ആരോമല്‍ പാലക്കാടു സ്‌കൂള്‍ അധ്യാപകന്‍ ആണ്. കര്‍ണന്‍ മഹാദേവന്‍ ഒരു പത്ര സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍. EMI എന്ന ചേച്ചി അമേരിക്കയിലെ ഒരു വീട്ടമ്മയാണ്. ടോണി കുരിശിങ്കല്‍ മോഹന്‍ലാലിന്റെ സ്വന്തം വെബ്സൈറ്റ് ഓണര്‍ ആണത്രേ! പങ്കജാക്ഷന്‍ തിരുവനന്തപുരം ദിലീപ് ഫാന്‍സിന്റെ ആജീവനാന്ത മെമ്പറും LITOS കോഴിക്കോട് മോഹന്‍ലാല്‍ ഫാന്‍സിന്റെ ട്രഷററും ആണ്. sertzui ദിവസേന ബാങ്കോക്കില്‍ നിന്നും ലോഗിന്‍ ചെയ്യും. El Mariachi ബുദ്ധിജീവി ആണ്. സിനിമാഭ്രാന്തന്‍, ബ്രദര്‍, സമുറായ് എന്നിവര്‍ ദുബായിലാണ്. തൂവാനത്തുമ്പി ഓസ്ട്രേലിയയില്‍ മലയാളം സിനിമകള്‍ വിതരണം ചെയ്യുന്നു. അങ്ങിനെ പോകുന്ന നൂറോളം വരുന്ന മെമ്പര്‍മാര്‍.
സിനിമ എന്ന വികാരത്തിനപ്പുറത്ത് ഇവരെയെല്ലാം വെബ്‌സൈറ്റില്‍ ഒന്നിച്ചു നിര്‍ത്തുന്ന മറ്റ് പലഘടകങ്ങളും ഉണ്ടെന്നു തരുണിനു ക്രമേണ മനസ്സിലായി. ജോലിയുടെ തിരക്കുകളുടെ ഇടവേളകളില്‍ അവര്‍ മുടങ്ങാതെ ദിവസേന ലോഗിന്‍ ചെയ്യുന്നു. രാഷ്ട്രീയം, വിലവര്‍ധന, സ്പോര്‍ട്സ് തുടങ്ങി പ്രാന്തന്മാര്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല. ലോകത്തിന്റെ പല ഭാഗത്ത് നിന്നും അവരുടെ ശബ്ദം സിനിമാപ്രാന്തനിലൂടെ പ്രവഹിച്ചുകൊണ്ടേയിരുന്നു. ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിന്റെ ശക്തിയും സ്വാധീനവും തെല്ലോരല്‍ഭുതത്തോടെ തരുണ്‍ മത്തായി തിരിച്ചറിയുകയായിരുന്നു.
സൂപ്പര്‍സ്റ്റാര്‍സിന്റ പുതിയ സിനിമകളുടെ റിലീസ് ദിവസങ്ങള്‍ വെബ്‌സൈറ്റില്‍ ആഘോഷമായിരുന്നു. സിനിമ ഗംഭീരമെന്ന് അതതു താരങ്ങളുടെ ഫാന്‍സും അല്ലെന്നു മറുപക്ഷവും ശക്തിയുക്തം സ്ഥാപിച്ചു പോന്നു. critic, dinodazzlin, guru തുടങ്ങിയ മെമ്പര്‍മാര്‍ താരത്തിളക്കത്തില്‍ പെട്ട്‌പോകാതെ നല്ല സിനിമാ അസ്വാധകരായി തങ്ങളുടെ ഇംപാര്‍ഷല്‍ റിവ്യൂസ് മുടക്കമിലാതെ പോസ്റ്റ് ചെയ്ത് ഫോറത്തിന്റെ അഭിമാനം വര്‍ദ്ധിപ്പിച്ചു.
ആരോമല്‍ മാഷ് കൊണ്ട് വന്ന ലൈവ് സിനിമ റിവ്യു എന്ന ആശയം തുടക്കത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. സിനിമകളുടെ അഭിപ്രായമറിയാന്‍ ആദ്യ ഷോ തീരുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതിരുന്ന അംഗങ്ങള്‍ക്ക് വേണ്ടി ആദ്യഷോയ്ക്ക് കയറുന്ന മെമ്പര്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടെ തന്റെ ഫോണിലുടെ അതതു സീനിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയായിരുന്നു അത്. തങ്ങളുടെ സിനിമ ആസ്വാദനത്തെ ബാധിച്ചത്‌കൊണ്ടായിരിക്കണം, തുടക്കത്തിലേ ആവേശത്തിന് ശേഷം ആ ആശയം ഫോറത്തില്‍ പ്രചാരത്തിലായില്ല.
മെമ്പര്‍മാരുടെ പിറന്നാളും അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും പ്രാന്തന്മാര്‍ കൃത്യമായി ആഘോഷിച്ചുപോന്നു. ഓണ്‍ലൈന്‍ പിറന്നാളാഘോഷം എന്നൊരു ആശയത്തെ കുറിച്ച് തരുണ്‍ മത്തായി ഒരിക്കല്‍ ആലോചിച്ചുവെങ്കിലും അത് പ്രാവര്‍ത്തികമായില്ല. ടോണി കുരിശിങ്കല്‍ മുന്നോട്ടുവെച്ച സിനിമ പ്രവര്‍ത്തകരുമായി നേരിട്ട് സംവേദിക്കാനുള്ള ത്രെഡ് (ഒരു മെമ്പര്‍ പോസ്റ്റ് ചെയ്യുന്ന ഒരു പുതിയ ടോപ്പിക്ക് ആണ് ത്രെഡ്, മറ്റു മെംബേര്‍സിന് തങ്ങളുടെ കമന്റ്സ് ആയി ആ വിഷയത്തെകുറിച്ച് ചര്‍ച്ച ചെയ്യാം) ഫോറത്തില്‍ സൂപ്പര്‍ഹിറ്റായി.
സൂത്രന്‍ ഒരു ദിവസം ഫോറത്തിലെത്തിയത് പുതിയ ഒരു ആശയവുമായിട്ടയിരുന്നു. ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റിവല്‍. മെമ്പര്‍മാരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ സിനിമാപ്രാന്തന്‍മാരുടെ ആഭിമുഖ്യത്തില്‍ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുക. അപ്രയോഗികമായി മറ്റുള്ളവര്‍ക്ക് തോന്നിയെങ്കിലും താല്‍പര്യത്തോടെ എല്ലാവരും വിവിധ ഇനങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്തു. കഥ, കവിത എന്ന് തുടങ്ങി ഓണ്‍ലൈന്‍ ഡിബേറ്റ് മത്സരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെട്ടു. കൃത്യം 8 മണിക്ക് അമേരിക്കയില്‍ നിന്ന് കുട്ടൂസും കൊച്ചിയില്‍ നിന്ന് കൊച്ചാപ്പിയും ബോംബയില്‍ നിന്ന് കെവിനും ലണ്ടനില്‍ നിന്ന് മുന്‍ഷിയും ലോഗിന്‍ ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുവാക്കളുടെ സാധ്യതയെ കുറിച്ച് അവര്‍ ഘോരഘോരം ചര്‍ച്ച ചെയ്തു.
Veecee യുടെ തലയില്‍ ഫോറം എലക്ഷന്‍, ഫോറം പാര്‍ലമെന്റ് എന്നീ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത് ഫെസറ്റിവലിനെ തുടര്‍ന്നായിരുന്നു. ലണ്ടന്‍, ദുബായി, എന്നിങ്ങനെ 5 മണ്ഡലങ്ങള്‍ ആയി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കപ്പെട്ടു. Voting panel ,വോട്ടു ചോദിക്കല്‍, എന്നീ കര്‍മ്മങ്ങളുമായി കുറെയേറെ ദിവസങ്ങള്‍ പ്രാന്തന്മാര്‍ തിരഞ്ഞടുപ്പ് ചൂടിലായിരുന്നു. ഒടുവില്‍ കുട്ടേട്ടനും Tanisha-bpw veecee -യും rebel-Dw jamesbond-Dw വിജയികള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ പരാജിതരെ ഓണ്‍ലൈന്‍ആയി ആശ്വസിപ്പിച്ചു.
ആല്‍ഫി എന്നാ കുഞ്ഞനുജത്തി തുടങ്ങിയ ഫുഡ് കോര്‍ട്ട് ത്രെഡില്‍ പല മെമ്പര്‍മാരും മൂന്നു നേരം തങ്ങള്‍ കഴിച്ച വിഭവങ്ങളുടെ വിശേഷങ്ങള്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തു പോന്നു. വിദേശികളായ മെമ്പര്‍മാര്‍ കേരള വിഭവങ്ങളുടെ ഫോട്ടോകളുടെ നൊസ്റ്റാള്‍ജിയയില്‍ അസൂയ പൂണ്ടു. കാര്‍ത്തികേയന്‍ തുടങ്ങിയ യാത്ര ത്രെഡില്‍ മെമ്പര്‍മാര്‍ യാത്ര ചെയ്തതും യാത്ര ചെയ്യേണ്ടതുമായ സ്ഥലങ്ങളുടെ വിശേഷങ്ങള്‍ ലഭിച്ചു പോന്നു. സാഗര്‍ ഏലിയാസ് ജാക്കി ആഴ്ച തോറും സിനിമകളുടെ തിയേറ്റര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരുന്നത് സിനിമകളുടെ ശരിയായ ബോക്സ് ഓഫീസ് അവസ്ഥ അറിയാന്‍ വായനക്കാര്‍ക്ക് ഉപകാരമായി.
കണ്ണേട്ടന്റെ കള്ളുകുടിയന്മാരുടെ ത്രെഡ്ല്‍ മദ്യപാനികളായ മെമ്പര്‍മാര്‍ ആഘോഷങ്ങള്‍ പങ്കുവച്ചു. മഹി ആരംഭിച്ച ഓണ്‍ലൈന്‍ വെള്ളമടി എന്നാ ആശയം വളരെ വേഗത്തില്‍ പ്രചാരം പിടിച്ചുപറ്റി. മുന്‍കൂട്ടി നിശ്ചയിച്ച ഒരു സമയത്ത് മെമ്പര്‍മാര്‍ മദ്യവുമായി കമ്പ്യൂട്ടര്‍നു മുന്നിലെത്തുകയും ഓരോ പെഗ് അടിച്ചതിനു ശേഷം അതിന്റെ വിവരം ത്രെഡില്‍ രേഖപ്പെടുത്തുക എന്ന അതിനൂതനമായ മദ്യപാനപ്രക്രിയയായിരുന്നു അത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സമയവ്യതിയാനങ്ങള്‍ക്ക് കീഴടങ്ങാതെ മെമ്പര്‍മാര്‍ സൈബര്‍ മദ്യപാനം നടത്തി കൊണ്ടിരുന്നു.
സരോജ് കുമാര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫിലിം മേക്കിങ് കോംപറ്റീഷന്‍ സിനിമാമോഹികളായ ആംഗങ്ങള്‍ വലിയ പ്രചോദനം ആയിരുന്നു. മൊബൈല്‍ ക്യാമറയിലും വീഡിയോ ക്യാമറയിലും പകര്‍ത്തിയ പലരുടെയും സൃഷ്ടികള്‍ മെമ്പര്‍മാരുടെ അഭിനന്ദനം ഏറ്റുവാങ്ങി.
സിനിമാ പ്രാന്തന്മാര്‍ക്ക് കാരുണ്യത്തിന്റെ മുഖവും ഉണ്ടെന്നു തരുണ്‍ മത്തായി തിരിച്ചറിഞ്ഞത് മെമ്പര്‍മാര്‍ സംഘടിപ്പിച്ച ആതുരസേവനതിനുള്ള ഒരു ഫണ്ട് റെയ്സിങ്ങിൽ നിന്നാണ്. മണവാളന്‍ പോസ്റ്റ് ചെയ്ത ഒരു പത്രവാര്‍ത്തയിലെ സഹായനിധിയിലെ അക്കൗണ്ട് നമ്പറിലേക്ക് വെബ്‌സൈറ്റിലെ മെമ്പര്‍മാരില്‍ നിന്നും സംഭാവനകള്‍ ഒഴുകിയെത്തി.
പല മെമ്പര്‍മാര്‍ക്കും സൈറ്റ് ഒരു ആശ്വാസം ആവുന്നത് എങ്ങിനെയെന്ന് തരുണ്‍ മത്തായി തിരിച്ചറിഞ്ഞത് ജോണിമോന്‍ എന്ന മെമ്പറിലൂടെ ആയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ ജോണി ചില ശാരീരിക അസ്വസ്ഥതകള്‍ കാരണം പഠനം തുടരാനാവാത്ത അവസ്ഥയിലാണ്. വെബ്സൈറ്റില്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍ അവനു സന്തോഷത്തിന്റെതാണ്. കൃഷ്ണന് ജോലി നഷ്ടപ്പെട്ടപ്പോഴും സഹാറ പൂക്കളുടെ പ്രണയം പരാജയപ്പെട്ടപ്പോഴും മെമ്പര്‍മാരുടെ ഓണ്‍ലൈന്‍ ആശ്വാസവാക്കുകള്‍ അവര്‍ക്ക് തണലേകി. പെണ്ണ് കിട്ടാത്ത വിഷമത്തില്‍ നവര്‍ അണ്ണന്‍ തുടങ്ങിയ ത്രെഡ് അദ്ദേഹത്തിന് രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു ആശംസകളര്‍പ്പിക്കാനും മെമ്പര്‍മാര്‍ ഉപയോഗിച്ച് പോന്നു.
ബെംഗളൂരുവില്‍ നിന്നുള്ള 'ബ്ലാക്ക് ടിക്കറ്റ്' ന്റെ മരണം സിനിമാപ്രാന്തന്മാരെ ഞെട്ടിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന ബ്ലാക്ക് ടിക്കറ്റ് ഒരപകടത്തില്‍ പെട്ട് മരണമടഞ്ഞ വിവരം പ്രാന്തന്മാര്‍ അറിഞ്ഞത് പത്രവാര്‍ത്തയിലൂടെയായിരുന്നു. തലേന്ന് രാത്രി കൂടി ബ്ലാക്ക് ടിക്കറ്റ് ഫോറത്തില്‍ പോസ്റ്റ് ചെയ്ത തമാശകള്‍ തരുണിനെ കരയിച്ചു. ഒരിക്കലും കാണാത്ത ഒരു സുഹൃത്ത് കാണാനാവാത്ത അകലത്തിലേക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയോളം സിനിമാപ്രാന്തന്മാര്‍ നിശ്ചലം ആയിരുന്നു. എന്ത്‌കൊണ്ട് അംഗങ്ങള്‍ക്ക് വേണ്ടി ഒരു സംഗമം സംഘടിപ്പിച്ചു കൂടാ എന്ന ആശയം മുന്നോട്ടു വെച്ചത് കൊച്ചിക്കാരനായ EMMES ആയിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് പ്രാന്തന്മാര്‍ ആ ആശയത്തെ സ്വീകരിച്ചത്. വരുന്ന വിഷുക്കാലത്ത് മെമ്പര്‍മാരില്‍ ഭൂരിഭാഗവും നാട്ടിലെത്തുന്ന സമയവും ആയിരുന്നു. കൊച്ചിയില്‍ വെച്ചൊരു ഒത്തുകൂടല്‍ അങ്ങിനെ തീരുമാനിക്കപ്പെട്ടു.
വിഷുവിനു ഇനിയും മാസങ്ങള്‍ ഏറെയുണ്ടായിരുന്നു. എങ്കിലും പിന്നീടുള്ള എല്ലാ ദിവസത്തെയുംചര്‍ച്ചകളില്‍ ഒത്തു കൂടലിന്റെ ആവേശം നുരഞ്ഞു പൊന്തുമായിരുന്നു. ആദ്യമായി കണ്ടു മുട്ടുമ്പോള്‍ പ്രിഥ്വിരാജ് ഫാന്‍ ആയ രായുട്ടനോട് തീര്‍ക്കാനുള്ള കണക്കുകളെ കുറിച്ച് പങ്കജാക്ഷന്‍ ആവേശം കൊണ്ടു. പലരുടെയും ആഗ്രഹങ്ങള്‍ നുരപതയായി ഒഴുകി. അങ്ങിനെയെല്ലമിരിക്കെ സിനിമാപ്രാന്തന്മാര്‍ ഒരു ദിവസം തരുണിന്റെ ജീവിതത്തില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷം ആയി. പതിവ് പോലെ ഒരു ദിവസം സിനിമാപ്രാന്തനില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എറര്‍ മെസേജ് എന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അത് തന്നെ ആവര്‍ത്തിച്ചപ്പോള്‍ സംശയമായി.
ഇമെയില്‍ കോണ്ടാക്ടുള്ള ചില മെമ്പര്‍മാരെ ബന്ധപ്പെട്ടപ്പോള്‍ അവരുടെയും അവസ്ഥ തരുണിന്റെത് തന്നെ. എങ്ങിനെ വെബ് ലോകത്തില്‍ നിന്നും അപ്രത്യക്ഷം ആയി എന്നതിനെ കുറിച്ച് അവര്‍ക്കും കൃത്യമായി അറിയില്ല. അവരും തരുണിനെ പോലെ എവിടുന്നോ വന്നു മെമ്പര്‍മാരായവര്‍. സിനിമാപ്രാന്തന്മാര്‍ ഹോസ്റ്റ് ചെയ്ത സെര്‍വറിന്റെ കുഴപ്പം മൂലമാണെന്ന് ചിലര്‍ പറഞ്ഞു. സൈറ്റ് നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണെന്നും പറഞ്ഞു കേട്ടു.
കുറച്ചു ദിവസത്തേക്ക് അതൊരു വേദന ആയിരുന്നു. പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന ഒരു ചെറിയ ലോകം തരുണിന് നഷ്ടപ്പെട്ടിരിക്കുന്നു. കാണാന്‍ മോഹിച്ചിരുന്ന ചില സുഹൃത്തുക്കള്‍ ഒരു പക്ഷെ എന്നെന്നേക്കുമായി വേര്‍പിരിഞ്ഞിരിക്കുന്നു. പിന്നീട് തിരക്കുകളില്‍ ആ വേദനയും അലിഞ്ഞില്ലാതായി. പങ്കജാക്ഷനും ടോണിയും ആരോമല്‍ മാഷുമെല്ലാം എവിടെയൊക്കെയോ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ആര്‍ക്കറിയാം പുതിയ ഒരു വെബ് ലോകത്തില്‍ ഇവരെയെല്ലാം തരുണ്‍ മത്തായി വീണ്ടും കണ്ടെത്തിയേക്കാം. ഈ ലോകം അത്രയും ചെറുതായി കൊണ്ടിരിക്കുകയാണല്ലോ..
Content Highlights: Malayalam Short story By Ranjith Sankar