താഴപ്പഞ്ചിറയില്‍ പള്ളത്തി മീനുകള്‍ പുളയ്ക്കുന്നു. ദേഹത്ത് കറുത്ത പുള്ളികളുള്ള സുന്ദരി മീനുകള്‍. കാല്‍പാദം മാത്രം മുങ്ങാന്‍ വെള്ളമുള്ള ചിറയില്‍ ഈറ്റപാളി കൊണ്ടാണ് മീന്‍പിടുത്തം. ഇരുകയ്യിലും ഈറ്റപാളി പിടിച്ച് പള്ളത്തിയെ കുരുക്കാം. ഉണക്കി ചുട്ടു തിന്നുമ്പോഴാണ് പള്ളത്തിക്ക് സ്വാദ്. വെള്ളം കലങ്ങി. ചെളി പരന്നു. മീനുകള്‍ ആഴങ്ങളില്‍ ഒളിച്ചു.

കരണ്ടി റോസി കാല് കഴുകി. ഇഷ്ടിക കളത്തിലെ പണി കഴിഞ്ഞുള്ള വരവ്. മുട്ടുവരെ പൊക്കി കുത്തിയ കള്ളിമുണ്ട്. പച്ച അടിപ്പാവാട. നനഞ്ഞ രോമങ്ങള്‍ കാലില്‍ തളര്‍ന്നു വീണു. ബലിഷ്ടമാണ് കാലുകള്‍. മുഴുനീളന്‍ റൗക്ക. കൈകള്‍ക്ക് ഒത്ത കരുത്ത്. ചുവന്നു കത്തുന്ന കണ്ണുകള്‍. മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ ആരും ചിരി കണ്ടില്ല. തലയില്‍ വട്ടം കെട്ടിയ തോര്‍ത്തുമുണ്ട്. നരകേറാത്ത മുടിയിഴകള്‍. കരണ്ടി റോസി പലരുടെയും ഉറക്കം കെടുത്തി. മണല്‍ വാരാന്‍ പോകുന്ന അന്തപ്പന്‍, ചെത്തുകാരന്‍ ആണ്ടി, ലോറിക്കാരന്‍ മത്തായി. ഗ്രാമത്തില്‍ രഹസ്യമായി കരണ്ടി റോസിയെ വലയെറിഞ്ഞു.

നാല്പതിനടുത്ത് പ്രായമുണ്ടെങ്കിലും റോസിക്ക് തുണയില്ല. അപ്പനും അമ്മയും വളരെ മുന്‍പ് കര്‍ത്താവില്‍ അണഞ്ഞു. കൂടെപിറപ്പ് ലോനപ്പന്‍ പെണ്ണ് കെട്ടി. റോസി തനിച്ചായി. റോസി പണ്ട് വെറും റോസിയായിരുന്നു. കിണറ്റില്‍നിന്ന് വെള്ളം കോരുന്ന പാട്ടയോ, പാളയോ പൊട്ടിപ്പോയാല്‍ എടുക്കുന്ന പാതാള കരണ്ടി ഗ്രാമത്തില്‍ ആയിടെയാണ് എത്തുന്നത്. നഗരത്തില്‍ നിന്ന് റോസി വാങ്ങി കൊണ്ടുവന്നത്. നൗകകളുടെ നങ്കൂരം പോലെ. ഇരുമ്പിന്റെ മുള്ളുകള്‍ നിറഞ്ഞ പാതാള കരണ്ടി. അസൂയാലുകള്‍ കരണ്ടി ചേര്‍ത്തു വിളിച്ചു. അങ്ങനെ കരണ്ടി റോസിയായി. ഓടിട്ട പുരയില്‍ തഴപ്പായില്‍ റോസി മലര്‍ക്കെ കിടന്നു. കൈതണ്ടയാല്‍ കണ്ണ് മൂടി. ഒരു കാല്‍ നീട്ടിവെച്ചു. മറ്റൊന്ന് മുട്ടുയര്‍ത്തിയും.

അടച്ചുറപ്പുള്ള വീട്. ചില രാത്രികളില്‍ വാതിലിനപ്പുറം ബഹളം കേള്‍ക്കാം. തലയിണയ്ക്കൊപ്പം ചേര്‍ത്തുവെച്ച ഉലക്കയില്‍ പിടി ഉറപ്പിച്ച് റോസി അലറും 'ഏത് മറ്റവനാടാ ' രണ്ടോ മൂന്നോ തവണ കൂടി ശബ്ദമുയരും. പിന്നെ നിരാശ ബാധിച്ച നടത്തം. അകന്നകന്നു പോകും. കരണ്ടി റോസിയെ കരുവന്‍ കേശവന്‍ പ്രേമിച്ചു ചതിച്ചെന്ന് ചെത്തുകാരന്‍ ആണ്ടി പലരോടും പറയാറുണ്ട്. വൈകുന്നേരങ്ങളില്‍ കലുങ്കിലെ ചൂടുള്ള വര്‍ത്തമാനം.
ഒരിക്കല്‍ ചെത്തുകഴിഞ്ഞു വരുമ്പോള്‍ ആണ്ടി റോസിയെ തോട്ടിയിട്ടു. തിരുത്തയിലേക്കുള്ള വഴിയില്‍ വെച്ച്, ആരും കാണില്ലെന്ന് ഉറപ്പുള്ള നേരത്ത്.
' റോസി എപ്പോഴാ '
തലവെട്ടിച്ചു മൂര്‍ച്ചയുള്ള നോട്ടം. സൈക്കിളിന് മുന്നില്‍ നിവര്‍ന്നുനിന്നു റോസി. ആണ്ടി വിയര്‍ത്തു.
'നിന്റെ ഭാര്യ ഇപ്പോഴും കുഞ്ചിച്ചോന്റെ മോള് അല്ലിയല്ലേ. കണ്ടന്‍ പറയനൊപ്പം ഓടി പോകാന്‍ നോക്കിയ കൂത്തിച്ചി. അവള്‍ക്കില്ലാത്ത ഒന്നുണ്ട് ഈ റോസിക്ക്, ആത്മാഭിമാനം. തു ഫു..'
കഫം കലര്‍ന്ന തുപ്പല്‍ ആണ്ടിയെ മറികടന്ന് ശ്യൂന്യതയിലേക്ക്. നാവ് അനങ്ങിയില്ല ആണ്ടിക്ക്. റോസി നിലം കുലുക്കി നടന്നുപോയി. സൈക്കിള്‍ ആഞ്ഞ് ചവിട്ടി. അന്നാദ്യമായി ആണ്ടിയ്ക്ക് സമനില തെറ്റി. കണ്ണാത്തികടവിലെ ചാരായഷാപ്പില്‍ കയറി. ബോധം കെടുംവരെ കുടിച്ചു. പക. ഒടുങ്ങാത്ത പക. ആണ്ടി വിറച്ചു.
പിന്നീടങ്ങോട്ട് തക്കം പാര്‍ത്തു നടന്നു. കഴിവ് കെട്ട ആണുങ്ങളെ പോലെ റോസിയ്ക്കെതിരെ അപവാദം നിരത്തി. കള്ളു അളക്കുന്ന മാഞ്ചോട്ടില്‍, ചെത്തുന്ന തെങ്ങുകള്‍ക്ക് താഴെ, കലുങ്കില്‍, മീന്‍ പിടിക്കുന്ന കടവില്‍. ആണ്ടി ഉറഞ്ഞു തുള്ളി.

ഇഷ്ടിക കളത്തില്‍ മറ്റ് സ്ത്രീകളുടെ അടുത്ത് മേസ്തിരിമാര്‍ കാട്ടുന്ന കിന്നാരം റോസിയുടെ അടുത്ത് വിലപ്പോവില്ല. ചടപടാന്ന് അച്ചില്‍ ചെളി നിറച്ച് റോസി കട്ട നിരത്തും. ഇഷ്ടികയുണ്ടാക്കാനുള്ള ചളി ഒറ്റയ്ക്ക് ചവിട്ടി കുഴയ്ക്കും. സഹായത്തിന് കൈക്കാരില്ല. പ്രാഞ്ചി മുതലാളിക്ക് പണിയെടുക്കുന്നവരെ വലിയ കാര്യമാണ്. റോസിയുമായി മുട്ടരുതെന്ന് മേസ്തിരിമാര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്. റോസി ഒറ്റപലകയില്‍ പതിനാറ് ചുടുകട്ട തലയിലേറ്റി ലോറിയില്‍ എത്തിക്കും. അങ്ങിനെയാണ് ഡ്രൈവര്‍ മത്തായി റോസിയെ ആദ്യമായി കണ്ടത്. കോഴഞ്ചേരിക്കാരന്‍. മുട്ടനാടിന്റെ സ്വഭാവം. പക്ഷെ റോസി കട്ടയ്ക്ക് ഇടിച്ച് നിലം പരിശാക്കി.

അന്നൊരു ശനിയാഴ്ചയായിരുന്നു. പണിക്കാര്‍ കുറവ്. ലോഡ് എടുക്കാന്‍ വന്നതാണ് മത്തായി. പണിക്കാരികളെ നോക്കി ഒരേ അശ്ലീലം പറച്ചില്‍. ശരീര വര്‍ണ്ണന. മുന വെച്ചുള്ള മൂളി പാട്ടുകള്‍. ചിലര്‍ പിറുപിറുത്തു. സഹികെട്ട പെണ്ണുങ്ങള്‍ ശപിച്ചു. അപ്പോഴാണ് റോസിയെ അയാള്‍ കണ്ടത്. കണ്ണുകള്‍ എക്സ്റേ യന്ത്രമായി. റോസിയെ ചുഴിഞ്ഞു. അടുത്തെത്തിയതും റോസിയുടെ ചന്തിയില്‍ മത്തായി പിടിച്ചു.
ആ.. വേദന കലര്‍ന്ന ഞെട്ടല്‍. റോസി വിറച്ചു. തലപലകയില്‍ നിന്ന് കട്ടകള്‍ താഴേക്ക് വീണു. അതിലൊന്ന് റോസിയുടെ കയ്യില്‍ തടഞ്ഞു. റോസി തിരിയുന്നത് മാത്രമാണ് മത്തായിയുടെ ഓര്‍മ. ബോധം വരുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ധര്‍മാശുപത്രിയിലെ കട്ടില്‍. തലയില്‍ വട്ടകെട്ട്. പതിമൂന്ന് തുന്നല്‍. പ്രാഞ്ചി മുതലാളി, കോരന്‍ മേസ്തിരി. മുഖങ്ങളില്‍ പുച്ഛം.
'നിന്റെ കഴപ്പ് അവളോട് തന്നെ വേണമായിരുന്നോ 'പ്രാഞ്ചി മുതലാളി.
'ജീവന്‍ കിട്ടിയത് മഹാഭാഗ്യം ' കോരന്‍ മേസ്തിരി.
'ഇമ്മാതിരി വേല കാണിച്ചാല്‍ ഇനി കളത്തിലേക്ക് വരേണ്ട' താക്കീത്. പ്രാഞ്ചി മുതലാളി ഇറങ്ങി. പിന്നാലെ കോരനും. മത്തായി തല തടവി. നല്ല വേദന.
ഒരു പെണ്ണ്...
ഓര്‍ക്കുമ്പോള്‍ സ്വയം വെറുപ്പ് തോന്നി.

പുറത്ത് എരിയുന്ന പകല്‍. അകത്ത് എരിയുന്ന പക. മത്തായി വിജനതയിലേക്ക് കണ്ണയച്ചു. കടവ് കടന്നു വേണം പള്ളിയിലെത്താന്‍. വഞ്ചിക്കാരന്‍ പക്കുവിന് ഞായാറാഴ്ച തിരക്കോട് തിരക്കാണ്. ഇക്കരപ്പുറത്ത് മുപ്പതിനടുത്ത് ഇടവകക്കാരുണ്ട്. റോസി ഞായാറാഴ്ച കുര്‍ബാന മുടക്കാറില്ല. ഓര്‍മ വെച്ച നാള്‍ മുതല്‍ കുര്‍ബാന മുടങ്ങിയത് മാസമുറയ്ക്ക് മാത്രമാണ്. അന്ന് വീട്ടിലിരുന്ന് പ്രാര്‍ത്ഥന.
വഞ്ചിക്കാരന്‍ പക്കു കമ്യൂണിസ്റ്റാണ്. സമത്വം സ്വപ്നം കാണുന്നയാള്‍. കടവൊഴിഞ്ഞ നേരങ്ങളില്‍ പുസ്തകം വായന. റോസിയോട് പ്രണയമുണ്ട്. വഞ്ചി തുഴയുമ്പോള്‍ റോസിയെ പാളി നോക്കും. തുഴതാളം തെറ്റുമ്പോള്‍ വഞ്ചി ഉലയും.

'പക്കു ഇവിടെയല്ലെന്ന് തോന്നുന്നു' ആരെങ്കിലും ഉണര്‍ത്തും.
വെള്ള ചട്ടയും മുണ്ടും. റോസി സുന്ദരിയാണ്. എന്നത്തേയും പോലെ.
വേലിപത്തല്‍ പൂത്തിരുന്നു. പെരുനാള്‍ അടുത്തെത്തി. ഇനിയിപ്പോള്‍ തുഴക്കാര്‍ കൂടും. റോസിയെ മൂന്നു ദിവസം അടുപ്പിച്ചു കാണാം. പക്കുവിന് ആശ്വാസം. ഒന്ന് കെട്ടിയതാണ് പക്കൂ. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോഴേക്കും ഭാര്യ ആശാരി കണാരന്റെ ഒപ്പം ഓടിപ്പോയി. കല്യാണത്തിന് മുന്നേ അവര്‍ തമ്മില്‍ പ്രേമമായിരുന്നു. ശരീരത്തില്‍ മുറിപാടുകള്‍ ഉണ്ടാക്കിയ പ്രണയം. പക്കുവിന് ദേഷ്യമൊന്നും തോന്നിയില്ല. പറയാമായിരുന്നു എന്നു തോന്നി. ഒരിക്കല്‍ ഒന്ന് കാണാന്‍ മോഹം. അടുവാതുരുത്തിലേക്ക് വഞ്ചി തുഴഞ്ഞ് പക്കു. കണാരന്‍ അശാരിയുടെ വീട് തേടിപ്പിടിച്ചു.
'ആരുമില്ലേ ഇവിടെ'
ചെമ്പരത്തിയും കമ്യൂണിസ്റ്റ് പച്ചയും വേലി പാകിയ പഴയ വീടിനു മുന്നില്‍ നിന്നു പക്കു. ഓടാമ്പല്‍ നീക്കി, വാതില്‍ പാളി തുറന്നു കണാരന്‍.
പക്കുവിനെ കണ്ട് അയാള്‍ ഞെട്ടി. വീതുളി പിന്നില്‍ ഒളിപ്പിച്ച് കണാരന്‍ പുറത്തെത്തി.
'ആരാ ' അറിഞ്ഞിട്ടും അറിയാത്ത പോലെ.
'അമ്മിണിയ്ക്ക് അറിയാം.. അമ്മിണിയെ കാണാന്‍ വന്നതാണ്'
അമ്മിണി വിയര്‍ത്തു കുളിച്ച് പുറത്തേക്ക് വന്നു.
'എല്ലാം കഴിഞ്ഞതല്ലേ' അമ്മിണി കൈ കുപ്പി.
'ഭയക്കേണ്ടപ്പ. സുഖമാണോയെന്ന് തിരക്കാന്‍ വന്നതാ. പിന്നെ നിന്റെ രണ്ട് പവന്‍ പണ്ടവും തരാന്‍'
ശരിയാണ്, പുലര്‍ച്ചെ കണാരന്റെ ഒപ്പം ഒളിച്ചുപ്പോന്നപ്പോള്‍ എടുക്കാന്‍ മാറുന്നത്. അമ്മിണി ഓര്‍ത്തു.
പക്കു കയ്യിലെ പൊതി നീട്ടി. കണാരന്റെ വീതുളി താഴെ വീണു.

' വാ ' കണാരന്‍ വിളിച്ചു.
തിണ്ണയില്‍ പണ്ടപൊതി വെച്ചു .
'ഇരിക്കാനൊന്നും സമയമില്ല. കടവില്‍ ആള് കൂടും' പക്കു തിരിഞ്ഞുനടന്നു.
പിന്നെയും എത്ര തവണ പക്കൂ അവരെ കടവ് കടത്തി വിട്ടു.
കണാരന്‍ ഇന്ന് പക്കുവിന്റെ ഉറ്റ ചങ്ങാതിയാണ്.
പക്കു പറയും
' സ്നേഹം ജയിക്കട്ടെ '
' എടോ ഇതെന്താ കിനാവ് കാണാ. അതും ജീവിത മധ്യാഹ്നത്തില്‍ ' നമ്പൂരി മാഷാണ്.
' എന്നാല്‍ പോട്ടെ'
പുഴയിലിറങ്ങി മണ്ണല്‍പരപ്പില്‍ നിന്ന് വഞ്ചി തള്ളുമ്പോള്‍ ദൂരെ നേര്‍ത്ത കൂവല്‍.
'കൂയ്..ആളുണ്ടെ '
റോസി.
ചട്ടയും മുണ്ടും ഉടുത്താല്‍ ഓടുക പ്രയാസമാണ്.
' മാഷെ '
' കാക്കാം പക്കു '

ഇളം കാറ്റുണ്ടായിട്ടും റോസി വിയര്‍ത്തു. വെള്ള ചട്ട നനഞ്ഞു കുതിര്‍ന്നു. തലയില്‍ നിന്ന് ഊര്‍ന്നിറങ്ങിയ വിയര്‍പ്പ് തുള്ളി ചുണ്ട് നനച്ച് മാറില്‍ വീണു. പക്കു അവളുടെ മുഖത്തുനിന്ന് കണ്ണെടുത്തില്ല. വഞ്ചി സാവധാനം മറുകര തേടി. പുഴയ്ക്ക് നടുവില്‍ മണല്‍ നിറയ്ക്കുന്ന വലിയ വളളങ്ങള്‍. തോട്ടി കുത്തി മണല്‍ വലിച്ചു കേറ്റുന്നു. മണല്‍ കൂനകള്‍ വള്ളങ്ങളില്‍ മലകളായി. വള്ളങ്ങളില്‍ ഒന്നില്‍ രണ്ടു കണ്ണുകള്‍ തീഷ്ണതയോടെ റോസിയെ നോക്കി. അന്തപ്പന്‍. അയാള്‍ മുതുകില്‍ അറിയാതെ തടവി. കര്‍ക്കിടകത്തിലെ മഴക്കാലം. പുഴ കരയേറി ഒഴുകുന്നു.  കടവ് ശ്യൂന്യം. പക്ഷെ പുഴയില്‍ മണല്‍ വരുന്ന തിരക്കും. ഗര്‍ഭപാത്രം തുരക്കുന്നു. പുഴ വയറൊഴിയുമ്പോള്‍ വള്ളങ്ങള്‍ നിറയും. പര്‍വതങ്ങളായി മണല്‍ തീരമണയും. പുഴയില്‍ സ്വര്‍ണ വേട്ടയാണ്. പക്കു ലോക്കല്‍ കമ്മിറ്റിക്ക് പോയിരുന്നു. കടവില്‍ ബോര്‍ഡ് തൂക്കി. വഞ്ചിക്കാരന്‍ വരാന്‍ വൈകും. ആവശ്യക്കാര്‍ മണല്‍ വളളങ്ങളെ ആശ്രയിക്കുക.ട

റോസി ഇതൊന്നുമറിഞ്ഞില്ല. അവള്‍ വഞ്ചി തേടി വന്നു. കൂവി കൂവി തളര്‍ന്നു. പക്കു വന്നില്ല. പള്ളീലച്ചനെ കാണണം, അത്യാവശമാണ്. ദൂരെ വലിയ വള്ളം. കൂവല്‍ കേട്ട് വന്നതാണ്. അന്തപ്പന്‍. പാതി എരിഞ്ഞ ബീഡി. മുട്ടോളം മടക്കിയ കൈലി. കയ്യില്ലാത്ത വെള്ള ബനിയനില്‍ തടിച്ചു വീര്‍ത്ത ശരീരം.
' വരുന്നോ 'പരുക്കന്‍ ശബ്ദം.
റോസിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. അവള്‍ കയറി. അന്തപ്പന്‍ കൈ നീട്ടിയെങ്കിലും റോസി അവഗണിച്ചു.
വള്ളത്തില്‍ കയറുമ്പോള്‍ ചട്ട പൊന്തി. മുട്ടു വരെ വെള്ളത്തില്‍ തെളിഞ്ഞു. അയാള്‍ കാമ പരവശനയി. വള്ളം തുഴഞ്ഞു. കഴക്കോലില്‍ മാത്രം നിയന്ത്രണമുള്ള വള്ളം പങ്കായത്തില്‍ ഗതിമാറി. നിയന്ത്രിക്കാനായില്ല. ദിശ തെറ്റി. വള്ളം ഒഴുക്കില്‍ കായല്‍ ലക്ഷ്യമാക്കി കുതിച്ചു. റോസി ഭയന്നു. കോന്തന്‍ പല്ല് കാട്ടി അന്തപ്പന്‍ ചിരിച്ചു. വള്ളം ചുഴിവിട്ട് ഗതി മാറി വേഗത കുറഞ്ഞ് ആള്‍ പാര്‍പ്പില്ലാത്ത ഗുളികന്‍ തുരുത്തിലെത്തി. തെങ്ങും കവുങ്ങും മുളയും ഇടതൂര്‍ന്ന് തണല്‍ വിരിച്ച ഗുളികന്‍ തുരുത്ത്. പകല്‍ പോലും ആരും തുരുത്തില്‍ പോകാറില്ല. മുക്കുവ മുത്തന്റെ തുരുത്ത്.

വളരെ പണ്ട്. പറഞ്ഞു കേട്ട കഥയാണ്. മുക്കുവ മുത്തനും സുന്ദരിയായ മകള്‍ ചീറുവും മാത്രം താമസിച്ചിരുന്ന ഗുളികന്‍ തുരുത്ത്. മുത്തന് അല്‍പ്പം ദുര്‍മന്ത്രവാദം വശമുണ്ട്. ചുട്ട കോഴിയെ പറപ്പിക്കല്‍, ഗുരുതി. ഇതെല്ലാം മുത്തനെ നാടറിയിച്ചു. പല കരയില്‍നിന്ന് ആളുകള്‍ ക്രിയയ്ക്കായി തേടിയെത്തി. അങ്ങനെ വന്നതാണ് പൈലി. മൂന്ന് ശനിയാഴ്ച മുത്തനെ കാണാനെത്തിയ പൈലി നാലാംതവണ വന്നത് വെള്ളിയാഴ്ച. പുഴ നീന്തി വന്നു. മുത്തന്റെ മകള് പെഴച്ചു. തുരുത്തിന്റെ നാല് അതിരിലും കോഴിത്തല വെച്ചു. മഞ്ഞള്‍പൊടി വിതറി. വിരല്‍ മുറിച്ചു രക്തം നല്‍കി. മുത്തന്‍ അലറി
' മൂദേവി. മണ്ണ് മുടിഞ്ഞു. മാനം മുടിഞ്ഞു, മനം മുടിഞ്ഞു പെണ്ണ് മുടിഞ്ഞു. കുലം മുടിഞ്ഞു. തുള്ളി വന്നിട്ടും നീ കാണിച്ചു തന്നില്ല കുലദ്രോഹിയെ' അയാള്‍ നെഞ്ചില്‍ കൈ ഇടിച്ചു.
പരദേവത കല്ലുകള്‍ വലിച്ചെറിഞ്ഞു. കോപം കൊണ്ട് കണ്ണുകളില്‍ നിന്ന് രക്തമൊഴുകി. പിറ്റേന്ന് ഒരു കബന്ധം കരയടിഞ്ഞു. മുത്തവന്റെ മകള്‍ ചീറു.
മുത്തവനെ ആരും പിന്നെ കണ്ടിട്ടില്ല.
പൈലിയ്ക്ക് ഭ്രാന്ത് പിടിച്ചു. അയാള്‍ മടക്കോലിയിലെ പാറമടയില്‍ മുങ്ങി മരിച്ചു.

'പേടിയുണ്ടോ'
അന്തപ്പന്‍ ചിരിയൊതുക്കി ചോദിച്ചു.
റോസി മിണ്ടിയില്ല.
മഴ. ഇടിമിന്നല്‍. റോസിയും അന്തപ്പനും ഗുളികന്‍ തുരുത്തും. അന്തപ്പന്‍ വള്ളത്തില്‍ നിന്ന് ചാടിയിറങ്ങി. റോസി ഭയം ഉള്ളില്‍ ഒളിപ്പിച്ചു. മഴ ശരീരം നനച്ചു. തനിക്ക് മുന്നിലുള്ളത് മനുഷ്യനല്ല. അവള്‍ ഉറപ്പിച്ചു.
അയാള്‍ വള്ളം കുലുക്കി. റോസി പുഴയില്‍ വീഴാതിരിക്കാന്‍ ശ്രമിച്ചു. അന്തപ്പന്റെ ചിരിയും, ഇടിയും മിന്നലും.
ഒറ്റക്കുതിപ്പ്. പങ്കായം കയ്യില്‍. റോസി അഭ്യാസിയെ പോലെ അന്തപ്പനെ പ്രഹരിച്ചു. തല വെട്ടിച്ച അയാള്‍ മുതുകില്‍ അടി ഏറ്റുവാങ്ങി. അന്തപ്പന് പ്രതിരോധിക്കാനായില്ല. ഉള്ളിലെ ചാരായം അയാളെ തളര്‍ത്തി. അടിയേറ്റ് താഴെ വീണു. ഒരടി മുഖത്തു കൊണ്ടെന്ന് തീര്‍ച്ച. അവശനായ അന്തപ്പന്‍ പാതി പുഴയിലും കരയിലുമായി വീണു. സര്‍വശക്തിയുമെടുത്ത് അയാളെ വലിച്ച് റോസി കരയ്ക്കിട്ടു. വലിയ വാഴയില ഓടിച്ച് അയാളുടെ മുഖത്ത് വെച്ചു.
പിന്നെ ഒഴുക്കില്‍പെടാതിരിക്കാന്‍ കര ചേര്‍ന്ന് തുഴഞ്ഞു. അടക്കാനാവാത്ത കരച്ചില്‍, മഴയില്‍ അലിഞ്ഞു പോയി. പള്ളിയില്‍ എത്തി. കുമ്പസാരക്കൂട്ടില്‍ മനസൊഴിഞ്ഞു. ഇടവക വികാരി കപ്യാരെ വിളിച്ച് ഗുളികന്‍ തിരുത്തില്‍ പോകാന്‍ പറഞ്ഞു. ചാക്കുണ്ണിയ്‌ക്കൊപ്പം കപ്യാര് പീറ്റര്‍ ഗുളികന്‍ തുരുത്തിലെത്തി. ഞെരുക്കം കേള്‍ക്കാം.

'എന്ത് പറ്റിയട അന്തപ്പ.' ചാക്കുണ്ണി അന്തപ്പനെ നേരെ നിര്‍ത്തി ചോദിച്ചു.
'വെള്ളപ്പാച്ചിലില്‍ തടി പിടിക്കാന്‍ ഇറങ്ങിയതാ.
നല്ല മുട്ടു തടി. വഴുതി പോയി' അന്തപ്പന്‍ പറഞ്ഞൊപ്പിച്ചു.
'അപ്പോള്‍ ഈ മുറിവോ' ചോര കിനിയുന്ന മുതുക് നോക്കി കപ്യാര്‍.
'അത് പിന്നെ നീര്‍ നായ, മാന്തിയതാ'
റോസിയെ ഓര്‍ത്ത് അവന്‍ പല്ലു ഞെരിച്ചു. നിന്നെ ഞാന്‍ നീര്‍നായയ്ക്ക് കൊടുക്കും. അന്തപ്പന്‍ ഉറപ്പിച്ചു.
അന്തപ്പന്റെ നുണ കരയില്‍ ഭീതി നിറച്ചു. നീര്‍നായ. കാല്‍പാദം കടിച്ചുകൊണ്ടുപോകുന്ന ജന്തു. പുഴയില്‍ ആരും കുളിക്കാതെയായി. കക്ക വരുന്ന പെണ്ണുങ്ങളും പണിക്ക് ഇറങ്ങിയില്ല. അപ്പോഴും മണലൂറ്റ് നിര്‍ബാധം തുടര്‍ന്നു.
പെരുന്നാളിന് കൊടിയേറി. വഴി നീളെ ട്യൂബ് ലൈറ്റുകള്‍. തെങ്ങിന്റെ മണ്ടകളില്‍ കോളാമ്പി മൈക്കുകള്‍. കുരുത്തോല തോരണങ്ങളും വര്‍ണ കടലാസുകളും വഴി അതിര്‍ത്തി നിശ്ചയിച്ചു. അമ്പ് തിരുന്നാള്‍. പള്ളിയിലേക്കുള്ള വഴിയില്‍ തിരക്കേറി.പൊരിക്കച്ചവടക്കാര്‍, ബലൂണുകള്‍ തൂക്കിയ ചെറു കളിപ്പാട്ട കടക്കാര്‍, കോല്‍ ഐസിന്റെ പെട്ടികളുമായി സൈക്കിളുകള്‍ നിരന്നു. ഇരുമ്പ് പട്ടയില്‍ ണിം ണിം നാദം.
തിരക്ക് കൂടി വന്നു.

ഇക്കൊല്ലം വര്‍ഗ്ഗീസ് മാപ്പിളയാണ് പ്രസുദേന്തി. വെളിച്ചെണ്ണ ആട്ടുന്ന പൂത്ത പൈസക്കാരന്‍. കൊടിയേറ്റത്തിന്റെ അന്ന് രാത്രി ഇടവകകാരുടെ കലാപരിപാടികളാണ്. ജാതി മതോം ഒന്നുമില്ല. ജോണിയുണ്ടാകും, ആലിയുണ്ടാകും ദിവാകരനും. വികാരിയുടെ ഇടപെടലാണ്. ഇടവകയിലെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അച്ഛനെ പിണക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടായില്ല. അവസാന ദിനം അമ്പെടുപ്പ്. വൈകീട്ട് പ്രദക്ഷിണം. പിന്നെ നാടകം. പിറ്റേന്ന് ഉച്ചയ്ക്ക് തിരുന്നാള്‍ കഞ്ഞിയും. അതോടെ പെരുന്നാള്‍ കഴിയും. കൊടിയേറ്റിത്തിനു റോസി അതിരാവിലെ പള്ളിയില്‍ പോയി വന്നു. ലോനപ്പനും കെട്ടിയോളും വരും. കൊല്ലത്തില്‍ രണ്ടു തവണമാത്രമാണ് ലോനപ്പന്‍ പെങ്ങളെ കാണാന്‍ വരുന്നത്. അമ്മയുടെ ഓര്‍മ ദിവസം. പിന്നെ തിരുഃമാതയുടെ തിരുന്നാള്‍ ദിവസവും.
പോത്തിറച്ചി കറിവെച്ചു, നല്ല നാടന്‍ കായ ചേര്‍ത്ത്. മീനും മാങ്ങയുമുള്ള മഞ്ഞ കൂട്ടാന്‍. പപ്പടം വറുത്തു. പുഴുക്കലരി ചോറ്, മരച്ചീനി ഇടിച്ച് ഉലര്‍ത്തി. ലോനപ്പന്‍ വന്നപാടെ തിണ്ണയില്‍ മലര്‍ന്നു കിടന്നു.
കണ്ണത്തികടവിലെ ഷാപ്പില്‍ മൂന്ന് ആണുങ്ങള്‍. ചാരായ ഗ്ലാസ്സുകള്‍ വേഗത്തില്‍ കാലിയായി. ആണ്ടി, മത്തായി, അന്തപ്പന്‍. അവരെ ഒരുമിപ്പിച്ചത് കരണ്ടി റോസി. ആണ്ടിയാണ് മത്തായിയെ തേടിപ്പിടിച്ചത്. മത്തായി അന്തപ്പനെയും. ഞണ്ടിന്റെ കാലുകള്‍ അന്തപ്പന്റെ പല്ലുകള്‍ക്കിടയില്‍ കിടന്ന് ഞെരിഞ്ഞു. കുഞ്ഞന്‍ മത്തി പൊരിച്ചത് ചാരായത്തിനൊപ്പം ആണ്ടി തിന്നു. മത്തായിക്ക് മത്തു പിടിച്ചു.

' റോസിയെ പൊക്കണം ' ആണ്ടി പറഞ്ഞു.
അന്തപ്പന്‍ പെട്ടെന്ന് ആണ്ടിയുടെ വാ പൊത്തി.
ശ്.. മിണ്ടരുതെന്ന് മുന്നറിയിപ്പ്.
അന്തപ്പന്‍ ചിന്തിച്ചിരുന്നു.
' റോസിയെ പണിയണം' മത്തായി മൊഴിഞ്ഞു.
' പ്ലാന്‍ വേണം' അന്തപ്പന്‍.
' പെരുന്നാളാണ്, ഓര്‍മ വേണം' ആണ്ടിക്ക് ബോധം വെച്ചു.
ഉം.. അന്തപ്പന്‍ ഇരുത്തി മൂളി.
' റോസി കേറുന്ന വള്ളം മുക്കണം.' മത്തായിയുടെ ആശയം.
' വേണ്ട റോസിയുടെ വീട്ടില്‍ കയറണം. അവളെ വേണം' ചുണ്ടില്‍ നാവ് ചുഴറ്റി ആണ്ടി.
തിരുന്നാള്‍ ഞായര്‍. ലോനപ്പനും ഭാര്യയും മടങ്ങി. റോസി പിന്നെയും തനിച്ചായി.
' അടുത്തയാഴ്ച നിന്നെ കാണാന്‍ ചൊവ്വരയില്‍ നിന്ന് ഒരാള് വരും. വണ്ടി പണിക്കരാനാണ്. ഞാന്‍ തലേന്ന് എത്തിയേക്കാം' ഇറങ്ങും മുന്‍പ് ലോനപ്പന്‍ പറഞ്ഞു.
പ്രദക്ഷിണത്തിന് പോകണം. സാരി മതിയെന്ന് തീരുമാനിച്ചു. വോയില്‍ സാരി. പെരുന്നാളിന് ലോനപ്പന്‍ വാങ്ങി കൊടുത്തത്.

റോസി കടവിലേക്ക് നടന്നു. പക്കൂ, ഒപ്പം നാല് തുഴക്കാരും. വഞ്ചികളില്‍ ആള്‍ നിറഞ്ഞു. കടവ് വിട്ടു.
പക്കൂ ഊഴം കാത്തിരിപ്പാണ്. റോസിയെ കണ്ടതോടെ അയാളുടെ കണ്ണുകള്‍ തെളിഞ്ഞു. തിരുഃമാത, പെരുന്നാളിന് ഉടുത്തൊരുങ്ങി വന്നപോലെ. പക്കൂവിന് തോന്നി. അന്നാദ്യമായി റോസി പക്കുവിനെ നോക്കി ചിരിച്ചു.
അടുത്ത വഞ്ചിയും കടവ് വിട്ടു. റോസി പക്കുവിന്റെ വഞ്ചിയില്‍ കയറി. ആളുകള്‍ തിക്കി തിരക്കി. പക്കു സാവധാനം തുഴയെറിഞ്ഞു. പുഴയില്‍ സ്നേഹത്തോണി ഒഴുകിയൊഴുകി തിരമുറിച്ചു. അത്രമേല്‍ പതിയെ തോണി കര ലക്ഷ്യമിട്ടു.
' പക്കു. തോണിയ്ക്ക് എന്താ ഇത്ര ഇഴച്ചില്‍ '
ആരോ ചോദിച്ചു.
' നല്ല അടിയൊഴുക്കുണ്ട് ' പകല്‍ കിനാവിന് അവധി നല്‍കി പക്കൂ.
വഞ്ചി കരയ്ക്കടുത്തു. ഒന്നും രണ്ടും തുട്ടുകള്‍ പക്കുവിന്റെ കയ്യില്‍ നിറഞ്ഞു. അവസാനം കേറിയവര്‍ ആദ്യവും ആദ്യം കയറിയവര്‍ അവസാനവും തോണിയില്‍ നിന്നിറങ്ങി.

ഒറ്റരൂപ തുട്ട് നല്‍കുമ്പോള്‍ റോസിയുടെ വിരലില്‍ പക്കൂ സ്പര്‍ശിച്ചു. പക്കൂ വഞ്ചി തെങ്ങില്‍ കെട്ടിയിട്ടു.
റോസി പോയ വഴിയെ അനുയാത്ര. ചെമ്മന്‍ പാതയില്‍ മച്ചിങ്ങകള്‍ വീണുകിടന്നു. പണിക്കന്റെ മുറ്റത്തെ ചെമ്പകത്തില്‍ നിന്ന് ഒരു നുള്ള് മണം കാറ്റ് കടമെടുത്തു. പക്കുവിനെ തഴുകി കടന്നുപോയി.
റോസിയുടെ കാലടികള്‍ പിന്തുടര്‍ന്ന് അയാള്‍ പള്ളിമുറ്റത്തെത്തി. കൃത്രിമ വെളിച്ചത്തില്‍ കുളിച്ച് തിരുഃമാത ദേവാലയം. കൈകള്‍ വാനിലുയര്‍ത്തി വിശ്വാസികള്‍ക്ക് ആശ്വാസമായി അമ്മ. ബാന്‍ഡ് മേളം ആസ്വദിച്ച് പക്കൂ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു. അയാള്‍ റോസിയെ തേടി. പള്ളിമുറ്റത്ത് കാല് കുത്താനിടമില്ല. പലപ്പോഴായി റോസിയെ മിന്നായം പോലെ അയാള്‍ കണ്ടു. പ്രദക്ഷിണം തുടങ്ങി. മുന്നില്‍ ചെണ്ടമേളക്കാര്‍. അതിനടുത്ത് പ്രസുദേന്തി. ഇടവക വികാരിയും പെരുന്നാള്‍ കമ്മിറ്റിക്കാരും. അവര്‍ക്ക് പിന്നില്‍ ബാന്‍ഡ് വാദ്യം. മെഴുകി തിരി നാളവുമായി പെണ്‍നിര. കെട്ടിയതും കെട്ടാത്തതുമായ പെണ്ണുങ്ങള്‍. പുതു വസ്ത്രങ്ങളില്‍ മാലാഖമാര്‍. അമ്പ് എഴുന്നള്ളിപ്പ്. മരമണി മുഴുക്കി കാവലാളുകള്‍. ഇതിനു പിന്നിലാണ് പുരുഷാരം. അവര്‍ക്കിടയില്‍ ചെണ്ട മേളക്കാര്‍. മദ്യപിച്ച് നൃത്തം വെയ്ക്കുന്ന പുരുഷന്മാര്‍. വഴിയ്ക്കിരുവശവും കാഴ്ചക്കാര്‍. പക്കൂ റോസിയെ തേടി. അമ്പ് എഴുന്നള്ളിപ്പ് സംഘത്തിന് മുന്നില്‍ മൂന്നാമതായി റോസി. മെഴുകുതിരി നാളത്തില്‍ റോസി കൂടുതല്‍ സുന്ദരിയായി. വിടര്‍ന്ന കണ്ണുകളില്‍ തിളക്കം. ചുണ്ടില്‍ പ്രാര്‍ത്ഥനയുടെ ഇളംചിരി. കവിളിണകളില്‍ ചുകപ്പ്. തിരുഃമാതാവ്. പക്കൂ ഉറപ്പിച്ചു.

പ്രദക്ഷിണം നാല്‍കവല കറങ്ങി വീണ്ടും പള്ളിമുറ്റത്തേക്ക്. ദൂരെ ഇരുട്ടിനപ്പുറം. പെട്രോള്‍ മാക്‌സ് വെളിച്ചത്തില്‍ കിലുക്കികുത്ത്.
'വെയ് രാജ വെയ്. പത്ത് വെച്ചാല്‍ ഇരുപത്. ഇരുപത് വെച്ചാല്‍ നാല്പത്. വെയ് രാജ വെയ്'
കിലുക്കികുത്തിന് സമീപം മുണ്ടുമടക്കി കുത്തി അന്തപ്പന്‍.
ചുണ്ടില്‍ എരിയുന്ന തെറുപ്പ് ബീഡി. തെങ്ങില്‍ ചാരി ആണ്ടി. താടി തടവി മത്തായി.
'എന്താണ് പ്ലാന്‍' ആണ്ടി അന്തപ്പനെ നോക്കി.
' വഞ്ചി മുക്കണം' അന്തപ്പന്‍.
' എലിയെ പിടിയ്ക്കാന്‍ ഇല്ലം കത്തിക്കണോ അന്തപ്പ' മത്തായി സംശയം പ്രകടിപ്പിച്ചു.
' പൊളിച്ചു പണിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇല്ലം കത്തിക്കാം' അന്തപ്പന്‍ പറഞ്ഞതിന്റെ സാരം ആണ്ടിക്കോ മത്തായിക്കോ പിടികിട്ടിയില്ല.
സ്വന്തമായി ആശയമില്ലെങ്കില്‍ മറ്റുള്ളവനെ ആശ്രയിക്കുക. ആണ്ടി ഉറപ്പിച്ചു.
ഘടികാര സൂചിക്ക് ഭ്രാന്ത് പിടിച്ചു. അതിവേഗം ചലിച്ചു.
വെടിക്കെട്ട് തുടങ്ങി. ആകാശത്തു വര്‍ണമഴ, പുഴയിലും. പെരുന്നാള്‍ കഴിയുകയാണ്.
റോസി ആള്‍ത്താരയില്‍ കയറി. മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. എന്തെന്നറിയില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകി.
'പരിശുദ്ധ മാതാവേ കാത്തുകൊള്ളാണമേ' നെറ്റിയില്‍ കുരിശു വരച്ചു. പിന്നെ കടവിലേക്ക് നടന്നു. നല്ല തിരക്ക്. റോസി പക്കൂവിന്റെ വഞ്ചിയില്‍ തന്നെ കയറി. പിന്നാലെ അന്തപ്പനും. പക്കൂ പിന്നെയും സന്തോഷിച്ചു.

വഞ്ചിയില്‍ പത്തോ ഇരുപതോ പേര്‍. ഒരു തലയ്ക്കല്‍ അന്തപ്പന്‍. മറുത്തലയ്ക്കല്‍ തുഴയേറിഞ്ഞു പക്കൂ. അന്തപ്പന്‍ റോസിയെ തീഷ്ണമായി നോക്കി. പകയെരിയുന്ന കണ്ണുകള്‍. പെട്ടെന്ന് വഞ്ചി ചരിഞ്ഞു. ഇരുട്ടില്‍ ആര്‍ക്കും ഒന്നും മനസ്സിലായില്ല. അന്തപ്പനെ കാണാനില്ല. പുഴയില്‍ മുങ്ങിയ അന്തപ്പന്‍ വഞ്ചി മുക്കി. നീന്താന്‍ അറിയാവുന്നവര്‍ കരയിലേക്ക് നീങ്ങി. ചിലര്‍ മുങ്ങി താഴ്ന്നു. കുറെ പേര്‍ കമഴ്ന്നുപോയ വഞ്ചിയില്‍ അള്ളി പിടിച്ചുകിടന്നു. നിലവിളി. അക്കരയും ഇക്കരയും ടോര്‍ച്ച് ലൈറ്റുകള്‍. പുഴയിലേക്ക് വള്ളങ്ങള്‍ അതിവേഗം. മുങ്ങി താഴ്ന്ന റോസിയെ അന്തപ്പന്‍ വട്ടം പിടിച്ച് കൂടുതല്‍ ആഴങ്ങളിലേക്കു കൊണ്ടുപോയി. രക്ഷപ്പെടാന്‍ അവള്‍ കുതറി. കരുത്താര്‍ന്ന അന്തപ്പന്റെ കൈകളില്‍ നിന്ന് മോചനം ഉണ്ടായില്ല. ശ്വാസം മുട്ടുന്ന പോലെ. കണ്ണുകള്‍ തുറിച്ചു. അന്തപ്പന്‍ ഇരുട്ടില്‍ പുഴയ്ക്ക് മുകളില്‍ പൊന്തി. അതും ഗുളികന്‍ തുരുത്തിന് സമീപം. മണല്‍ വള്ളത്തില്‍ മത്തായിയും ആണ്ടിയും കാത്തുനിന്നു. ശ്വാസത്തിനായി പിടയ്ക്കുന്ന റോസിയെ അന്തപ്പന്‍ വള്ളത്തിലേക്കിട്ടു. ജീവന്‍ തിരിച്ചു കിട്ടിയ മാത്രയില്‍ റോസി ഛര്‍ദ്ദിച്ചു. നനഞ്ഞ സാരിയില്‍ മണല്‍ പറ്റി. ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മൂന്ന് രൂപങ്ങള്‍. റോസി ഭയന്നു വിറച്ചു. മത്തായി റോസിയെ തൂക്കിയെടുത്ത് ഗുളികന്‍ തുരുത്തിലേക്ക് നടന്നു. പിന്നാലെ അന്തപ്പനും ആണ്ടിയും. മുളങ്കാട് കടന്ന് തെങ്ങുകള്‍ക്കിടയിലൂടെ അവര്‍ നടന്നു. അതുവരെ തെളിഞ്ഞ മാനം ഇരുണ്ടു. ഇടി മുഴങ്ങി.

റോസിയെ തറയില്‍ കിടത്തി. മൂവരും അട്ടഹസിച്ചു. തളര്‍ച്ചയില്‍ എഴുന്നേല്‍ക്കാന്‍ പോലും റോസിക്കായില്ല. ഞെരുങ്ങി. കരഞ്ഞു. അവളുടെ കണ്ണീര്‍ ഭൂമിയ്ക്കടിയിലേക്ക് ആഴ്ന്നിറങ്ങി. ആണ്ടി അരയില്‍ കെട്ടിയ തുണി ബെല്‍റ്റ് ഊരി.
'നിനക്ക് ആണിന്റെ വിലയറിയില്ലടീ' ആണ്ടി അവളെ തല്ലി.
വോയില്‍ സാരിയില്‍ അങ്ങിങ്ങായി ചുവന്ന പൊട്ടുകള്‍. അവയ്ക്ക് വലുപ്പംവെച്ചു. റോസിയുടെ കരച്ചില്‍ മുളങ്കാറ്റില്‍ നേര്‍ത്തു പോയി. ആണ്ടിയെ മത്തായി പിടിച്ചു മാറ്റി.' ചത്തു പോകുമട'
' ഇവളൊക്കെ ചാകട്ടെ 'ആണ്ടിയുടെ കലി അടങ്ങിയില്ല.
തെറുപ്പ് ബീഡി ആഞ്ഞുവലിച്ചു അന്തപ്പന്‍. 'നിങ്ങള്‍ മാറി നില്‍ക്കിന്‍ 'അന്തപ്പന്‍ മത്തായിയോടും ആണ്ടിയോടും നിര്‍ദേശിച്ചു.
'അപ്പോള്‍ അതാണ് കാര്യം നടക്കട്ടെ ' ആണ്ടിയും മത്തായിയും ഗൂഢമായി ചിരിച്ചു. മുളങ്കാട്ടിലേക്ക് അവര്‍ നടന്നു മറഞ്ഞു. അന്തപ്പന്‍ ഷര്‍ട്ട് ഊരി. വേദനയില്‍ പുളയുന്ന റോസിയെ അയാള്‍ ആപാദചൂഡം നോക്കി.
ഏറെ മോഹിപ്പിച്ച പെണ്ണ്. ഭയത്താല്‍ റോസിയുടെ നിലവിളി തൊണ്ടയില്‍ കുടുങ്ങി. അന്തപ്പന്‍ ആര്‍ത്തിയോടെ റോസിക്കരികിലേക്ക്. ഭൂമി പിളര്‍ത്തിയ കണ്ണുനീര്‍ മണ്ണുമൂടിയ മുക്കുവ മുത്തന്റെ പരദേവതയുടെ മുഖത്തുവീണു.
പുഴയില്‍ വലിയ ഓളങ്ങളുണ്ടായി. ഗുളികന്‍ തുരുത്തിനെ ഓളങ്ങള്‍ വലംവെച്ചു. പുഴയില്‍നിന്നൊരു ജടാധാരി തെങ്ങിന്‍ തോപ്പിനേയും കമുങ്ങിന്‍ കൂട്ടത്തെയും മറികടന്ന് മുളങ്കാട്ടിലൂടെ ഓടി. കാലടികള്‍ കരിയിലകള്‍ ഞെരിച്ചു. ഗുളികന്‍ തുരുത്തില്‍ കുറുക്കന്‍മാര്‍ ഓരിയിട്ടു. കടവാവലുകള്‍ അലക്ഷ്യമായി പറന്നു. തന്റെ ചുണ്ടിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന അന്തപ്പന്റെ തലയ്ക്ക് മുകളില്‍ കറുത്തരൂപം. റോസി പേടിയോടെ കണ്ണുകള്‍ ഇറക്കിയടച്ചു.

ജരാനരകള്‍ ബാധിച്ച് ജടകെട്ടിയ മുടി. രക്തം വാര്‍ന്നിറങ്ങുന്ന കണ്ണുകള്‍. പിരിയന്‍വാളില്‍ നിന്നും വെള്ളം ഇറ്റുവീണു. ഇടിമുഴക്കം. ശരീരത്തില്‍ വെള്ളത്തുള്ളികള്‍ വീണതോടെ അന്തപ്പന്റെ ശ്രദ്ധ തെറ്റി. അയാള്‍ തിരിഞ്ഞു നോക്കി. മുക്കുവ മുത്തന്‍. അന്തപ്പന്‍ നിലവിളിച്ചു. അയാള്‍ ഓടി. തെങ്ങിന്‍ വേരില്‍ കാല് തട്ടി താഴെ ഉരുണ്ടു വീണു. മുളങ്കാട്ടില്‍ വീണ് ദേഹത്ത് മുള്ള് കയറി.
'മൂതേവി. മണ്ണ് മുടിഞ്ഞു. മാനം മുടിഞ്ഞു, മനം മുടിഞ്ഞു പെണ്ണ് മുടിഞ്ഞു. കുലം മുടിഞ്ഞു. തുള്ളി വന്നിട്ടും നീ കാണിച്ചു തന്നില്ല കുലദ്രോഹിയെ ' മുക്കുവ മുത്തന്‍ അലറി വിളിക്കുകയാണ്.
അന്തപ്പന്‍ ഏന്തി വലിഞ്ഞ് ഓടി. പുഴ അകന്നു പോകുന്ന പോലെ തോന്നി.
' ആണ്ടി.. മത്തായി...'ഭയന്നുവിളിച്ചു അന്തപ്പന്‍.
എന്നാല്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല.
ഗുളികന്‍ തുരുത്തിന്റെ തെക്ക് മാറി ആണ്ടിയും മത്തായിയും പുഴയില്‍ എന്തോ കണ്ട് ഭയന്നു നില്‍ക്കുന്നു. തലയില്ലാത്ത പെണ്‍ ശരീരം. ഒഴുകി വന്നു. ജലപ്രതലത്തില്‍ എഴുന്നേറ്റ് നിന്നു. തലയറ്റ കഴുത്തില്‍നിന്നും രക്തം ചീറ്റുന്നു. മത്തായി ബോധമറ്റു വീണു. ആ രൂപം കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി. തലയിലത്ത ഭാഗത്ത് വെളിച്ചം തെളിഞ്ഞു. 'തിരുഃമാത' ആണ്ടി അറിയാതെ പറഞ്ഞു. നാവിറങ്ങി. കണ്ണുകള്‍ ഭയത്താല്‍ പുറത്തേക്ക് തള്ളി. തുരുത്തില്‍ കാറ്റ് വീശിയടിച്ചു.

മയക്കത്തിലാണ് റോസി.
' മകളെ, എന്റെ പൊന്നുമകളെ' അവള്‍ക്ക് അവ്യക്തമായി കേള്‍ക്കാം മുക്കവ മുത്തന്റെ ശബ്ദം. അണകെട്ടിയ ദുഃഖം പൊട്ടിയൊലിച്ചപോലെ.
' ചീറു എന്‍ മകളെ'
മഴ പെയ്യാന്‍ തുടങ്ങി. എന്നിട്ടും റോസിക്ക് ഉണരാനായില്ല. ആരുടെയോ മടിയില്‍ കിടക്കുകയാണ്.
മഴ. മണ്ണ് നനച്ചു. മാനം നനച്ചു.
അഴുകിയ കോഴിതല കുത്തിയൊലിച്ച് പുഴയിലേക്ക്. തലയറ്റ മൂന്ന് ശരീരങ്ങളെ വലംവെച്ച് കോഴിത്തല മോക്ഷത്തിനായി കടല്‍ തേടി പോയി.

Content Highlights: Malayalam Short Story By Rajesh Koyikkal