ണ്‍ലൈനിലായിരുന്നു അവരുടെ ആദ്യകൂടിക്കാഴ്ച. പിന്നീടൊരിക്കല്‍ അവര്‍ നേരില്‍ കണ്ടു. തമ്മില്‍ പരിചയപ്പെടുമ്പോള്‍ ഇരുവരും മാലാഖമാരായി. പ്രഭാവലയത്തോടുകൂടിയ വിശുദ്ധര്‍. സ്വപ്നലോകത്തിലെന്ന പോലെ ഒരു നൂല്‍പ്പാലത്തിലൂടെ നടന്നുനടന്ന് അവരൊരു മുറിയിലെത്തി. ഉള്ളില്‍ കടന്നതും വാതിലടഞ്ഞു. പിന്നെയതങ്ങ് മാഞ്ഞു പോയി. ഇനി പുറത്ത് കടക്കാന്‍ വഴി ഇല്ല! ഞെട്ടിയ പേടി രണ്ടാളും പുറത്തുകാണിച്ചില്ല. നല്ല മുറിയാണ്. പകലിനെക്കാള്‍ പകിട്ടുള്ള വെളിച്ചം. വെയിലാകാനും നിലാവാകാനും ഇടയുള്ള വെളിച്ചം. ഒരു ഗ്രഹണദിവസത്തേതുപോലെ. പക്ഷേ  വെളിച്ചം അണയ്ക്കാന്‍ വഴികളേതുമില്ല. മുറിയിലങ്ങിങ്ങായി ഓടിക്കളിക്കുന്നുണ്ട് രണ്ട് വെള്ളെലികള്‍. അവരെപ്പോലെ തന്നെ. ആണും പെണ്ണും. കമിതാക്കള്‍ക്ക് ലക്ഷണമൊത്ത സൗന്ദര്യം. വെള്ളെലികള്‍ക്കും. ആ വെളിച്ചത്തില്‍ ഇരുകൂട്ടരും തിളങ്ങി. മുറിയുടെ കോണിലായി വലിയൊരു പാത്രം നിറയെ കഞ്ഞിയും, ചുട്ട പപ്പടവും, വറുത്ത ഉണക്കമീനും. പിന്നെ തുരുമ്പിച്ച ഒരു കത്തിയും. വെറും നിലത്ത് ഒരു തേങ്ങാപ്പൂള്‍. ഗ്രഹണസൂര്യന്റെ നിഴല്‍പോലെ. എലികള്‍ക്ക് കഴിക്കാനുള്ളതാകും.

'നിനക്ക് വിശക്കുന്നുണ്ടോ? തമ്മില്‍ പുകഴ്ത്തി പരിചയത്തിന്റെ പുതുക്കം മാറുംമുമ്പ് രണ്ടിലൊരാള്‍ ചോദിച്ചു. 

'ഇല്ല. മാത്രവുമല്ല ഞാനീ കഞ്ഞിയും, പപ്പടവും, ഒന്നും കഴിക്കാറില്ല.' മറ്റേയാള്‍ പറഞ്ഞും.  'ഞാനും' ചോദ്യം ചോദിച്ചയാളും അതേറ്റുപിടിച്ചു.  പറഞ്ഞും പുകഴ്ത്തിയും അവര്‍ മനുഷ്യനില്‍ നിന്ന് മാലാഖമാരിലേക്കുള്ള ദൂരം പിന്നിട്ടു. ഒരു ഞാണളവിനപ്പുറം ഇനിമറികടക്കാന്‍ ഉള്ളത് ദൈവത്തെ മാത്രം. അപ്പോഴാണ് എലികള്‍ തമ്മില്‍ പ്രണയം തുടങ്ങിയത്. എലി 'പ്പണി' കണ്ട് കൊതിവന്ന്  ഇരുവരും തുണി ഉരിഞ്ഞു. നിലംതൊട്ട മാത്രയില്‍ തുണി മാഞ്ഞുപോയി. പിറന്നകോലത്തില്‍ അവരും പണിതുടങ്ങി. എലികള്‍ വാലുകള്‍ കൊരുത്തു. ഇണകള്‍ വിയര്‍പ്പുകൊരുത്തു. അവരവിടെ  തളര്‍ന്ന് കിടന്നു. തേങ്ങാപ്പൂളില്‍ എലിപ്പല്ലുകള്‍ ഉരയുന്ന ശബ്ദം. കമിതാക്കള്‍ക്ക് നേര്‍ത്ത വിശപ്പ്. 

balu v

'നമുക്ക് കഴിച്ചാലോ' ഒരാള്‍ ചോദിച്ചു. പക്ഷേ ഈ ഭക്ഷണം...ഇത് വളരെ ബോര്‍ അല്ലേ? മറ്റേയാള്‍ പറഞ്ഞു. ' അതേ ബോറാണ്'...  എലികള്‍ കരണ്ട് കൊണ്ടിരുന്നു. വിശപ്പ് തുടരെ ഉയിര്‍ത്തു. 'ഞാന്‍ കഴിക്കാന്‍ പോകുന്നു... കഞ്ഞിയെങ്കില്‍ കഞ്ഞി. ' ഒരാള്‍ പറഞ്ഞു. 'എന്നാല്‍ ഞാനും' ഇണയും പറഞ്ഞു. രണ്ടുപേരും വളരെ വേഗം പാത്രം കാലിയാക്കി. വയറു നിറഞ്ഞു.  എലികള്‍ അപ്പുറത്ത് ചെന്ന് കാഷ്ഠിച്ചു. ഛെ, ഇവറ്റകള്‍ ഇത് എന്താ ചെയ്യുന്നത്? 'നാണംകെട്ട വര്‍ഗം' ഇണകളിലൊരാള്‍ കണ്ണുപൊത്തി. പിന്നെയവര്‍ തൊട്ടു മുന്നേ നടത്തിയ പണിയെ പുകഴ്ത്തി. ശേഷം ശരീരത്തെയും. പുകഴ്ത്തി പുകഴ്ത്തി ദൈവത്തിലേക്കുള്ള ഒരുഞാണളവ് മറികടക്കാന്‍ നേരത്ത്  രണ്ട് പേര്‍ക്കും തൂറാന്‍ മുട്ടി.  ആരോ ഒരാള്‍ മാലാഖജന്മം പൊളിയാതിരിക്കാന്‍ അവിടെ ഒരു മറവ് നോക്കി പരാജയപെട്ടു. പിന്നെ ആ കത്തിയിലേക്ക് നോക്കി. പ്രഭാവലയത്തില്‍ കത്തിത്തുരുമ്പ് നിന്നുകത്തി.

Content highlights : malayalam short story by balu v