'ല നോമ്പിന് എല്ലാവേന്റം വീട്ടില് പത്തിരീം ഇറച്ചീം ആര്ന്നു, ഇവടെ മാത്രം ചോറും ഒണക്ക പയറും, അവമ്മാരൊക്കെ ക്ലാസീ വന്നിട്ട് പറയണ കേട്ടിട്ടെന്റെ നോമ്പ് വരെ പോയി കൊതി വന്നിട്ട്'. 
അഷ്‌കര്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടേയിരിക്കുന്നത് അടുപ്പില്‍ തീ ഊതുന്നതിനിടയിലും ഉമ്മ കേള്‍ക്കുന്നുണ്ടായിരുന്നു. പുറത്തെ പറമ്പില്‍ ഏതോ മരക്കൊമ്പിലിരുന്ന് ഒരു കാക്കയും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. കാക്കയുടെ ശബ്ദം അഷ്‌ക്കറിനേക്കാള്‍ ഉയര്‍ന്നു വരുന്നതു പോലെ തോന്നിയിട്ടാണോ, പായാരം പറച്ചില്‍ കൊണ്ട് ഫലമൊന്നുമില്ലെന്ന് അവന് സ്വയം തോന്നിയിട്ടാണോ എന്നറിയില്ല ആ വീട്ടില്‍ വര്‍ത്തമാനങ്ങള്‍ നിലച്ചത്. 'ഉമ്മാ, ഈ ബട്ടന്‍സ് ഇന്നും തയ്ച്ചു വെച്ചില്ലാ ലേ, ' സ്വയം പിറുപിറുത്തു കൊണ്ട് മേശവലിപ്പിലിരുന്ന പിന്‍ എടുത്ത് ഷര്‍ട്ടില്‍ കോര്‍ത്ത് തൂക്കുപാത്രവുമായി 16 വയസുകാരന്‍ പള്ളിയിലേക്ക് പതിയെ നടന്നു.

നോമ്പ് തുടങ്ങിയാല്‍ പിന്നെ 30 ദിവസവും പള്ളിയില്‍ നിന്നും ജീരക കഞ്ഞി കിട്ടും. കുറേ കുട്ടികള്‍ ഉണ്ടായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഒക്കെ അത് വാങ്ങാന്‍ പോകാന്‍. ഇപ്പോ ആരും അങ്ങിനെ പോകാറില്ല. തൂക്കുപാത്രവും തൂക്കി പിടിച്ച് അങ്ങാടിക്കപ്പുറത്തെ റോഡ് മുറിച്ചു കടന്ന് ഒരു വലിയ കയറ്റം കയറണം പള്ളി എത്തണമെങ്കില്‍. പ്രായമാകുന്തോറും മനുഷ്യനിലെ അപകര്‍ഷതയും സങ്കടങ്ങളും ഒറ്റപ്പെടലും കൂടി കൂടി വരുക എന്നത് ഒരു വിധിയാണ്.  അറിയാതെ വീണ് പോകുന്ന ചില വാക്കുകള്‍ മതി ഒരാളെ തളര്‍ത്താനും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും എന്നത് കഴിഞ്ഞ ചില ദിവസങ്ങളില്‍ അഷ്‌ക്കറിനും മനസിലായിരുന്നു. 'ദൂരദര്‍ശനിലെ ഞായറാഴ്ച നാലു മണിപ്പടങ്ങളില്‍ ഒരിക്കല്‍ ചന്ദ്രലേഖ എന്ന സിനിമയായിരുന്നു. ടി.വി കാണണമെങ്കില്‍ അയല്‍പക്കത്തെ കുന്നിന്‍ മുകളിലുള്ള വറീത് ചേട്ടന്റെ വീട്ടില്‍ പോണം . ഒനിഡയുടെ ആ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി ആ പ്രദേശത്തെ ജനങ്ങളുടെ ഇടയില്‍ അത്ഭുതമായിരുന്നു. ഞായറാഴ്ച്ച ഓത്തുപള്ളി വിട്ടു വന്നാല്‍ ഒരോട്ടമാണ്. നല്ല ഇടിപ്പടം കാണാന്‍ ആയിരുന്നു അഷ്‌കറിനിഷ്ടം. പലപ്പോഴും കണ്ണീരില്‍ കുതിര്‍ന്ന കുടുംബ ചിത്രങ്ങളാകും അഷ്‌ക്കര്‍ ചെല്ലുന്ന ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാറ്. ഒരു ഞായറാഴ്ച ചന്ദ്രലേഖ എന്ന കോമഡി പടമായിരുന്നു. ശ്രീനിവാസന്‍ ബെല്‍റ്റില്ലാത്തതിനാല്‍ കയറ് അരയില്‍ കെട്ടി വെച്ച കൊടിയ ദാരിദ്രത്തിന്റെ, മിഡില്‍ ക്ലാസ് മലയാളിയുടെ നിസഹായതയുടെ, സ്വപ്നങ്ങളുടെ വിത്ത് തേടിയുള്ള യാത്രയാണ് സിനിമയുടെ കഥ. പഴകി കീറിത്തുടങ്ങാറായ മുക്കാല്‍ പാന്റ് അരവണ്ണമില്ലാത്തതിനാല്‍ സേഫ്റ്റി പിന്‍ വെച്ച് അഡ്ജസ്റ്റ് ചെയ്തു വെച്ച് സിനിമ കാണാന്‍ വന്ന അഷ്‌ക്കിറിന് മാത്രം ശ്രീനിവാസന്റെ കോമഡി കണ്ടപ്പോ ചിരി വന്നേയില്ല. മറ്റു കുട്ടികള്‍ക്കൊപ്പം പല്ലില്ലാത്ത മോണ കാട്ടി വറീത് മാപ്പള വരെ ചിരിക്കുന്നത് കണ്ടപ്പോ അവന് ദേഷ്യമാണ് വന്നത്. തന്റെ ഇല്ലായ്മകളെയാണ്, തന്നെയാണ് ഇവര് കളിയാക്കി ചിരിക്കുന്നതെന്ന് അവന് തോന്നി.

'പാത്രം നേരെ പിടിക്കെടാ ഹമുക്കേ' പള്ളീല് തന്നെ ഓതിച്ചിരുന്ന ചെറിയ ഉസ്താദ് ആയിരുന്നു അന്ന് കഞ്ഞി വിളമ്പാന്‍ നിന്നത്. ഉസ്താദിന്റെ ഉറക്കെയുള്ള ശബ്ദമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട 'ചന്ദ്രലേഖ' എഫക്ടില്‍ നിന്ന് അഷ്‌ക്കറിനെ ബോധത്തിലേക്ക് തിരികെ എത്തിച്ചത്. തനിക്കൊപ്പം വരി നില്‍ക്കുന്നതൊക്കെ നന്നേ ചെറിയ കുട്ടികളാണ്. അവരുടെ ചിരിയേക്കാള്‍ അഷ്‌ക്കറിനെ വേദനിപ്പിച്ചത് 'ഹമുക്കേ' എന്ന ഉസ്താദിന്റെ പരാമര്‍ശമായിരുന്നു. മദ്രസ വിട്ടിട്ട് നാലു വര്‍ഷമായിരിക്കുന്നു. '16 വയസുള്ള ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഹമുക്ക് എന്നൊക്കെ ഇനി വിളിക്കാന്‍ പാടുണ്ടോ? അതും നോമ്പുകാലത്ത് പരസ്യമായി?' ഞാനെന്താ ചെറിയ കുട്ടിയാണോ?' ഉസ്താദിനോട് അപ്പോള്‍ തന്നെ  തിരിച്ചു പറയണമെന്ന് കരുതിയിരുന്ന ഈ ഡയലോഗ് തൂക്കുപാത്രം മുറുക്കെ അടച്ച് തിരികെ വഴിയിലൂടെ നടന്നുകൊണ്ടിരിക്കേയാണ് അഷ്‌ക്കറിന് തോന്നിയത്. പള്ളിക്കബറിനു തൊട്ടരികിലൂടെ ഒരിടവഴിയുണ്ട്. അങ്ങാടിയിലെ റോഡ് മുറിച്ചു കടക്കാതെ വീടെത്താനുള്ള എളുപ്പ വഴിയാണത്. മൈലാഞ്ചിച്ചെടി വിടര്‍ന്നു നില്‍ക്കുന്ന പുതുതായി മണല്‍ വിരിച്ച ഒരു ഖബറില്‍ ചവിട്ടാതെ വേണം ആ വഴിയിലേക്ക് കയറാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച ആരുടെയോ ഖബര്‍ ആയിരിക്കണമത്. അവിടെ ചവിട്ടാതിരിക്കാന്‍ എടുത്തു ചാടിയപ്പോ അഷ്‌കറിന്റെ പാകമാകാത്ത പാന്റില്‍ കൊളുത്തി വെച്ചിരുന്ന സേഫ്റ്റി പിന്‍ വേര്‍പെട്ട് മുനയുള്ള ഭാഗം വയറില്‍ ചെറുതായി അമര്‍ന്നു. 'എന്റുമ്മാ'. നിലവിളി അല്‍പം ഉയര്‍ന്നു പോയെന്ന് തോന്നുന്നു. തൊട്ടടുത്ത ഏതോ ഖബറിനു സമീപം നിന്ന് 'സൂറത്തു യാസീന്‍' ഓതി കൊണ്ടിരുന്ന താടി വെച്ച വെള്ളത്തൊപ്പി ധരിച്ച പ്രായം ചെന്ന ഒരു മനുഷ്യന്‍ കണ്ണുകള്‍ കൊണ്ട് അഷ്‌ക്കറിനെ പാളി നോക്കി. ' ഒന്നുമില്ലെന്ന്' കണ്ണുകള്‍ കൊണ്ട് തന്നെ തിരിച്ച് ആംഗ്യം കാട്ടി അവന്‍ പുറത്തേക്ക് നടന്നു. നടക്കുന്നതിനിടയില്‍ അവന്‍ എന്തോ തിരയുന്നുണ്ടായിരുന്നു. പാന്റില്‍ നിന്നും സ്വതന്ത്രമായ സേഫ്റ്റി പിന്‍ പുതുമണല്‍ നിറഞ്ഞ ആ ഖബറിനോട് അമര്‍ന്നിരുന്നു. എത്ര തിരഞ്ഞാലും ഇനി കിട്ടാത്ത സേഫ്റ്റിപിന്‍, എത്ര ആഗ്രഹിച്ചാലും ഇനി തിരിച്ചുവരാത്ത തെന്റ ഉപ്പയെ പോലെ മണ്ണോട് ചേര്‍ന്നിരിക്കുന്നു. യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ ഒരു മനുഷ്യന്‍ പഠിക്കുന്ന കാലയളവാണ് അയാളുടെ പരിമിതിയും കരുത്തും നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് പറയാറുണ്ട്. മോട്ടിവേഷനല്‍ വീഡിയോ കണ്ടും പുസ്തകങ്ങള്‍ വായിച്ചുമാണ് ചിലരത് ആര്‍ജിച്ചെടുക്കുന്നതെങ്കില്‍ അഷ്‌ക്കറിനത് സ്വന്തം ജീവിതം തന്നെയായിരുന്നു.

നാലോ അഞ്ചോ വയസ് പ്രായം ഉള്ളപ്പോഴാണ് അഷ്‌ക്കറിന്റെ വാപ്പ മരണപ്പെടുന്നത്. സൗദിയിലെ ഏതോ കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കുന്ന ജോലിയായിരുന്നു. നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നതിനാല്‍ അര്‍ധരാത്രിയാണ് കടയടച്ച് റൂമില്‍ എത്തിയത്. 'നല്ല ക്ഷീണണ്ട്, ഞാനൊന്ന് കിടക്കട്ടെ, രാവിലെ വീണ്ടും എണീറ്റ് പോകാനുള്ളതല്ലേ, അബ്ദുള്ളാക്ക, നിങ്ങള് സുബഹിക്ക് എണീക്കുമ്പോ എന്നേം കൂടി വിളിച്ചേക്കണേ' എന്നുംപറഞ്ഞ് കിടന്നതാണ്. ഇതൊക്കെ പിന്നീട് ഉമ്മ പറഞ്ഞ ഓര്‍മകളാണ്. 'സുബഹിക്ക് വിളിക്കാന്‍ ചെന്നപ്പോ ജമാലിന് അനക്കമില്ലായിരുന്നത്രേ'. അയല്‍പക്കത്തെ സൈനബാത്ത ഒരൂസം അവരുടെ വീട്ടില്‍ വന്ന ബന്ധുക്കാരോട് പറയണത് ഇപ്പഴും അഷ്‌ക്കറിന്റെ ഉള്ളുലയ്ക്കുന്ന, നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി വാടാതെ നില്‍ക്കുന്ന ഒന്നാണെന്ന് അവന്റെ ഉമ്മക്ക് മാത്രം മനസിലാകുന്ന ഒരു സത്യമായിരുന്നു. ബാക്കിയുള്ളവര്‍ക്കെല്ലാം വെറും നേരംപോക്കിന് പറഞ്ഞു രസിക്കാനുള്ള ഒരു കൊച്ചു വര്‍ത്താനം മാത്രമായിരുന്നു തന്റെ ഉപ്പയുടെ മരണമെന്ന് മനസിലാക്കാനുള്ള പ്രായം അന്ന് അഷ്‌കറിനുണ്ടായിരുന്നില്ല. അഞ്ചു വയസുകാരന്റെ ഓര്‍മകളില്‍ വെളുത്ത അംബാസിഡര്‍ കാറില്‍ രണ്ടു മൂന്ന് പെട്ടികളുമായി വന്നിറങ്ങിയ അപൂര്‍ണ കാഴ്ച മാത്രമാണ്. കീ കൊടുക്കുമ്പോള്‍ ഓടുന്ന ലൈറ്റ് കത്തുന്ന കളിപ്പാട്ട കാറും നിറയെ പൂക്കള്‍ കൊണ്ട് നിറഞ്ഞ ഒരു വര്‍ണ തൊപ്പിയും മാത്രമാണ് ഉപ്പയെ കുറിച്ചുള്ള ഏക ഓര്‍മ. അവധിക്ക് നാട്ടില്‍ വരാന്‍ കൃത്യം ഒരു മാസം കൂടി ഉള്ളപ്പോഴാണ് ഒരു കുടുംബത്തിന്റെ അവസാന പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയ ആ മരണ വാര്‍ത്ത എത്തുന്നത്. അന്നുമൊരു നോമ്പ് കാലമായിരുന്നു എന്നാണ് ഉമ്മ പറഞ്ഞ അറിവ് .  'മദീനയെന്ന പുണ്യനഗരിയില്‍ വെച്ച് മരിക്കാന്‍ ഞങ്ങള്‍ക്കും ഭാഗ്യം തരണേ പടച്ചവനേ' മരണ വാര്‍ത്തയറിഞ്ഞ് വീട്ടില്‍ എത്തിയ പള്ളിയിലെ വല്യുസ്താദ്  പരേതനായി ദുആ ഇരന്ന ശേഷം 'മയ്യത്ത് ഇനി ഇങ്ങട് കൊണ്ടുവരേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം ട്ടോ, ഈ നോമ്പ് കാലത്ത് ആ പുണ്യഭൂമിയില്‍  മറമാടുന്നതാണ് 'ബറക്കത്ത്'. എല്ലാം പടച്ചോന്റെ വിധിയെന്ന് സമാധാനിക്കല്ലാണ്ട് എന്താ പറയ്ക'. നിസഹായതയും വിശ്വാസവും കൂട്ടിമുട്ടിയപ്പോള്‍ അവസാനമായി ഉപ്പയുടെ മുഖമൊന്ന് കാണാന്‍ പോലും അഷ്‌ക്കറിന് ഭാഗ്യമുണ്ടായില്ല. അന്ന് ദുആക്ക് ശേഷം ഓരോരുത്തരായി പടിയിറങ്ങിയ ആ വീട്ടില്‍ ഒരു വിധവയും കുഞ്ഞുമകനും നിലനില്‍പ്പിനായി പോരാടുന്നത് എത്ര പേര്‍ കണ്ടിട്ടുണ്ടാകും, അറിഞ്ഞിട്ടുണ്ടാകും.

'ന്റെ അഷ്‌ക്കറേ, മഗ്രിബ് ബാങ്ക് കൊടുക്കാറായല്ലോ, നീ എപ്പോ പോയതാ ഇവിടുന്ന്'. ചിന്തകളുടെ, ഓര്‍മകളുടെ, സങ്കടപ്പെയ്ത്തില്‍ കുട മനഃപൂര്‍വം ചൂടാതെ വെറുതെ നിന്ന് നനഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയാകാനാണ് തൂക്കുപാത്രത്തിലെ ജീരകക്കഞ്ഞി ഉമ്മയെ ഏല്‍പിച്ചപ്പോള്‍ അഷ്‌ക്കറിനു തോന്നിയത്. ഒരു കയ്യില്‍ തൂക്കുപാത്രവും മറുകയ്യില്‍ ഊര്‍ന്നു പോകാവുന്ന പാന്റും വലിച്ചുപിടിച്ച് നടന്നുവന്ന കഥന കഥയൊന്നും അവന്‍ വിളമ്പിയതുമില്ല.

'കുഞ്ഞോളേ, ഒരു വിസില് കൂടി അടിക്കുമ്പോ കുക്കറ് ഓഫ് ചെയ്തേരോട്ടോ, ഇറച്ചി ഒത്തിരി വെന്താലും പാടാ'. അയല്‍പക്കത്തെ സൈനബത്താ  പറമ്പില്‍ നിന്നും മോളെ  വിളിച്ചു പറയണതാണ്. 'ചെറിയൊരു കാറ്റ് വീശിയ പോലെ, നോമ്പിന്റെ സഹനവും കരുത്തും ക്ഷമയും ഇല്ലാതാക്കുന്ന വിധം കുരുമുളകില്‍ കിടന്നു വേവുന്ന അയല്‍പക്കത്തെ ബീഫ് അഷ്‌ക്കറിന്റെ നാസാരന്ധ്രങ്ങളെ പ്രകോപിപ്പിക്കാന്‍ വിഫല ശ്രമം നടത്തി കൊണ്ടേയിരുന്നു. 'പള്ളീല് കഞ്ഞി മേടിക്കാന്‍ പോയിട്ട് നിനക്ക് 'അസര്‍' നമസ്‌ക്കരിക്കാന്‍ തോന്നിയില്യ ലേ'. വീട്ടില് നമസ്‌ക്കരിക്കണതിനേക്കാള്‍ ' കൂലി' പള്ളിയില് പോയാലാണ്' ഉമ്മ പരാതികളുടെ കെട്ട് അഴിച്ചു വിടുന്നതിനിടെ കുറേ കിളികള്‍ ഒന്നു ചേര്‍ന്ന് ഉറക്കെ ചിലച്ചു കൊണ്ട് പറന്നു പോയി. കൂടണയാന്‍ നേരമായി എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് പടിഞ്ഞാറന്‍ ആകാശത്ത് സൂര്യനും അഹന്തയവസാനിപ്പിച്ച് താണു താണു വന്നുകൊണ്ടിരുന്നു. അന്നേരം പള്ളി മിനാരങ്ങളെ പ്രകമ്പനം കൊള്ളിച്ച് മഗ്രിബിന്റെ ബാങ്കൊലി മുഴങ്ങി.  കഴിഞ്ഞ ദിവസത്തെ പയര്‍ ബാക്കി വന്നത് ചൂടാക്കിയതും ചോറും പള്ളിയില്‍ നിന്നും കൊണ്ടുവന്ന ജീരകക്കഞ്ഞിയും വിളമ്പിവെച്ചത് കഴിക്കവേ കണ്ണ് നിറഞ്ഞ് തുളുമ്പി വന്നത് ഉമ്മ കാണാതിരിക്കാന്‍ അഷ്‌ക്കറൊന്ന് പാളി നോക്കി. ഉമ്മയുടെ കണ്ണും കണ്ണീര്‍ പൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അന്നേരം . അതുകൊണ്ട് തന്നെ ഇരുവരും പരസ്പരം കരഞ്ഞത് മറ്റേയാള്‍ അറിഞ്ഞതേയില്ല. വിശപ്പിനാണ് ഏറ്റവും രുചിയെന്ന് അന്നാദ്യമായി അഷ്‌ക്കര്‍ തിരിച്ചറിഞ്ഞിരുന്നിരിക്കണം. തുടര്‍ന്നുള്ള നോമ്പുകളിലൊന്നും നഷ്ടപ്പെടുന്ന പത്തിരിയുടെയും ഇറച്ചിയുടെയും ഗന്ധം അവനെ പ്രകോപിപ്പിച്ചതേയില്ല. 'ന വയ്ത്തു സൗ മയ് തിന്‍ അന്ന ദായി ഫര്‍ളി റമദാന ഹാദി ഹി ഹസനത്ത ലില്ലാഹി ത്താല', ഈ ആണ്ടത്തെ ഫര്‍ളായ വിശുദ്ധമാക്കപ്പെട്ട റമദാന്‍ മാസത്തെ നോമ്പ് പിടിക്കാന്‍ ഞാന്‍ കരുതി മനസിലുറപ്പിക്കുന്നു'. സുബഹിയുടെ കുളിരില്‍ നിശബ്ദമായ അന്തരീക്ഷത്തില്‍ അപ്പോള്‍ ബാങ്കൊലി മുഴങ്ങി തുടങ്ങിയിരുന്നു. ' ഉറക്കത്തേക്കാള്‍ ശ്രേഷ്ഠമാണ് നമസ്‌ക്കാരം' എന്ന അറബി വാചകം അഷ്‌ക്കറിന്റെ കുഞ്ഞു മനസിന്റെ ഉള്ളിലെവിടെയോ ഒരു തരി കനല്‍ വീഴ്ത്തി പൊള്ളിക്കാന്‍ പര്യാപ്തമായിരുന്നു. വരാനിരിക്കുന്ന ഏതോ ഒരു പെരുന്നാള്‍ ദിനത്തില്‍ അത്തറിന്റെ തീക്ഷ്ണ മണമുള്ള കുപ്പായമിട്ട് കയ്യില്‍ സമ്മാനപൊതികളുമായി വന്നിറങ്ങുന്ന ഉപ്പയെ ആയിരുന്നു അന്ന് സുബഹി നമസ്‌ക്കാര ശേഷം ഉറങ്ങാന്‍ കിടന്ന അഷ്‌ക്കര്‍ കിനാവ് കണ്ടത്.

Hint
1. തലനോമ്പ്: റമദാന്‍ മാസത്തിലെ ആദ്യ നോമ്പിന് പ്രാദേശിക ഇടങ്ങളില്‍ പറയുന്ന പേര്
2. സുബഹി: അഞ്ചു നേരമുള്ള നമസ്‌ക്കാരങ്ങളില്‍ പുലര്‍ച്ചെ നിര്‍വഹിക്കപ്പെടുന്നത്
3. ദുആ പ്രാര്‍ഥന
4. മഗ്രിബ്: അഞ്ചു നേരമുള്ള നമസ്‌ക്കാരങ്ങളില്‍ സന്ധ്യക്ക് നിര്‍വഹിക്കപ്പെടുന്നത്
5. അസര്‍: അഞ്ചു നേരമുള്ള നമസ്‌ക്കാരങ്ങളില്‍ വൈകീട്ട് നിര്‍വഹിക്കപ്പെടുന്നത്
6. ഫര്‍ള്:  നിര്‍ബന്ധമാക്കപ്പെട്ടത്
7. സൂറത്തു യാസീന്‍ ഖുര്‍ആനിലെ ഒരു അധ്യായം

Content Highlights: Malayalam Short story by Ansil NA