രുപത്തിരണ്ട് മിനിറ്റ് വൈകി 2.47 ന് പരശുറാം എക്സ്പ്രസ് കുറ്റിപ്പുറം സ്റ്റേഷനിലേക്കെത്തുമ്പോള്‍ പരമേശ്വരന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കയറുകയായിരുന്നു. ഇടത്തെ പോക്കറ്റില്‍ തപ്പി ബൈക്കിന്റെ താക്കോല്‍ ഉണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി. എന്നിട്ട് എതിരെ വരുന്ന യാത്രക്കാരെ വകഞ്ഞ് എഞ്ചിന്റെ ഭാഗത്തേക്ക് നടക്കാന്‍ തുടങ്ങി. ദക്ഷിണേന്ത്യയില്‍ വേരുറപ്പിച്ച ഗൃഹോപകരണ കമ്പനിയുടെ മലബാറിലെ സെയില്‍സ് എക്സിക്യൂട്ടീവാണ് പരമു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന പുത്തന്‍മഠത്തില്‍ പരമേശ്വരന്‍. വൈകിട്ട് നടക്കുന്ന കമ്പനിയുടെ പ്രതിമാസ റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്കാണ് യാത്ര.

''മുന്നില്‍ മംഗള പോയതിനാല്‍ തിരക്കല്‍പ്പം കുറവായിരിക്കും. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിന് തൊട്ടു മുന്നിലുള്ള അണ്‍റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റില്‍ കയറാം. സീറ്റ് കിട്ടിയാലോ..' പരമേശ്വരന്റെ മനസില്‍ കണക്കൂകൂട്ടലുകള്‍ പെരുകി. മഴ വിരിപ്പിട്ട പ്ലാറ്റ്ഫോമിന്റെ വഴുതലുകളില്‍ കരുതലോടെ മുന്നോട്ടു നടക്കുന്നതിനിടയില്‍ സിഗ്‌നലിന്റെ നിറം ചുവപ്പില്‍ നിന്ന് മഞ്ഞയിലേക്ക് മാറി. മൂന്ന് പേര്‍ക്കിരിക്കാവുന്ന സീറ്റുകളുള്ള അണ്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റിലേക്ക് കയറിപ്പോള്‍ പരമേശ്വരന്റെ മുഖം തെളിഞ്ഞു. കണക്കുകൂട്ടല്‍ പിഴക്കാത്തതിന്റെ ചെറിയൊരഹങ്കാരം മനസിലും ഉരുണ്ടുകയറി. കമ്പാര്‍ട്ട്മെന്റില്‍ സീറ്റുകള്‍ കാലിയായുണ്ട്. മധ്യഭാഗത്ത് ഒറ്റക്കൊരാള്‍ ഇരുന്നുറങ്ങുന്ന സീറ്റിലേക്ക് അയാള്‍ നടന്നു. ബാഗ് റേക്കിലേക്ക് വെക്കുമ്പോള്‍ ഒരു നിമിഷം ചിന്തിച്ചു, ഡാന്‍ ബ്രൗണിന്റെ ലോസ്റ്റ് സിംബല്‍ എടുക്കണോ, ചിഹ്നശാസ്ത്രത്തിനും ലാങ്ടനുമൊപ്പം കോഴിക്കോട് വരെ പോകണോ അതോ ഫോണില്‍ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത ഫുട്ബോള്‍ ഗെയിം മതിയോ...

പുസ്തകം പുറത്തെടുക്കാതെ, ബാഗില്‍ നിന്ന് പഴയ പത്രത്തിന്റെ ഒരു പേജ് പുറത്തെടുത്ത് വിന്‍ഡോ സീറ്റിലെ വെള്ളം തുടച്ചു വൃത്തിയാക്കി. ബാഗ് റേക്കില്‍ വച്ചു.ഷര്‍ട്ട് അല്‍പ്പം പൊക്കിവെച്ച് സൂക്ഷമതയോടെ സീറ്റിലേക്കിരുന്നു. ജാലകത്തിന്റെ ചില്ലുപാളി താഴ്ത്തിവെച്ച്, പാന്റസിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് മടിയില്‍ വച്ചു. പിന്നെ കുറച്ചുനേരം പുറത്തേക്ക് നോക്കിയിരുന്നു. വണ്ടി രണ്ട് ഗോള്‍ പോസ്റ്റുകളുള്ള വയലിനെ അതിവേഗത്തില്‍ മറികടക്കുമ്പോള്‍ പരമേശ്വരന്‍ ഫോണെടുത്ത് ഡ്രീം ഇലവന്‍ ഗെയിം ഓപ്പണ്‍ ചെയ്തു. കളി കണ്ടു നടന്ന കാലത്തെ സെവന്‍സ് മൈതാനങ്ങളും ഫുട്ബോളിന്റെ കോര്‍പ്പറേറ്റ് രൂപമായ സൂപ്പര്‍ ലീഗിന്റെ ആഡംബരവേദികളും മാലപോലെ കൊരുത്ത് മനസിലൂടെ മിന്നിമറഞ്ഞു പോയി. ''തിങ്ങി നിറഞ്ഞ ഗാലറിയിലിരുന്ന് കളി കാണുന്നതിന്റെയൊരു സുഖം''. അയാള്‍ മനസിലോര്‍ത്തു. ഫോണില്‍ നിന്ന് ആരവമുയര്‍ന്നു, റഫറി കിക്കോഫിന് വിസിലടിക്കാന്‍ തയ്യാറാകുകയാണ്. പരമേശ്വരന്റെ റയല്‍ രാങ്ങാട്ടൂരും ഇംഗ്ലീഷ് ക്ലബ്ബ് ബ്രന്റ്ഫോഡുമാണ് മുഖാമുഖം.

തിരുന്നാവായക്കടുത്തുള്ള രാങ്ങാട്ടൂരാണ് പരമേശ്വരന്റെ ജന്‍മദേശം. ഇഷ്ട ടീം സ്പെയിനിലെ റയല്‍ മഡ്രിഡ്. ഡ്രീം ഇലവനില്‍ ടീമുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ പേരിന്റെ കാര്യത്തില്‍ സംശയമൊന്നുമുണ്ടായില്ല. റയലും രാങ്ങാട്ടൂരും ചേര്‍ന്ന് ടീമായി. ടീം നായകന്റെ കാര്യം വന്നപ്പോള്‍ കൂട്ടത്തില്‍ നിന്ന് സംശയമൊന്നുമില്ലാതെ അയാള്‍ സെര്‍ജിയോ റാമോസിനെ തെരഞ്ഞെടുത്തു. ലോക ഫുട്ബോളില്‍ റാമോസെന്ന സ്പാനിഷ് താരമാണ് പരമേശ്വന്റെ ഹീറോ. കളിയേയും കാളപ്പോരിനേയും ഇഷ്ടപ്പെടുന്ന, ചുവപ്പുകാര്‍ഡുകളെ പേടിയില്ലാത്ത, സ്വന്തം ടീമിന് വേണ്ടി ചങ്കുപറിച്ചുപോരാടുന്ന ഡിഫന്‍ഡര്‍.

കമ്പനിയുടെ ടാര്‍ജറ്റ് നേടിയെടുക്കാതെ മീറ്റിങ്ങുകളില്‍ തലകുനിച്ചു ഇരിക്കേണ്ടി വരുമ്പോള്‍ റാമോസാകാണമെന്നയാള്‍ക്ക് തോന്നാറുണ്ട്. ഫുട്ബോളിലെ ഫോര്‍മേഷന്‍ പോലെ കണക്കുകൊണ്ട് കസര്‍ത്തുനടത്തുന്ന മാനേജറുടെ മുഖത്ത് നോക്കി നല്ല നാല് വാക്ക് പറഞ്ഞ് ഒരു ചുവപ്പുകാര്‍ഡും വാങ്ങി പുറത്തുപോരാന്‍ കൊതിക്കാറുണ്ട്. എന്നാല്‍ വായ്പകളും ബാധ്യതകളും വലം വെക്കാന്‍ തുടങ്ങിയതോടെ ഇനി ഒരിക്കലും റാമോസാകാന്‍ കഴിയില്ലെന്ന് പരമമേശ്വരന് നന്നായി അറിയാം. കളി തുടങ്ങി. ബ്രന്റ് ഫോഡാണ് പന്ത് തൊട്ടുനീക്കിയത്. എ.ബി.സി വൃത്തങ്ങളിലൂടെ വിരല്‍ ചലിപ്പിച്ച് പരമേശ്വരന്‍ രാങ്ങാട്ടൂരിന്റെ ആക്രമണവും പ്രതിരോധവും സജീവമാക്കി. രാങ്ങാട്ടൂര്‍ താരത്തിന്റെ ഷോട്ട് എതിര്‍പോസ്റ്റില്‍ തട്ടി മടങ്ങുമ്പോളാണ് വണ്ടി തിരൂര്‍ സ്റ്റേഷനിലേക്ക് കയറിയത്.

ഉറങ്ങുന്നയാള്‍ക്കും പരമേശ്വരനുമിടയിലെ സ്ഥലത്തേക്കാണയാള്‍ മെല്ലെ വന്നത്. ചെറിയ സഞ്ചി നിലത്തുവെച്ചശേഷം രണ്ട്പേര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തവിധം സൂക്ഷമതയോടെ അയാള്‍ സീറ്റിലേക്കിരിന്നു. പിന്നെ മുന്നോട്ടാഞ്ഞ്, പരമേശ്വരന്റെ കളിക്കളത്തിലെ നീക്കങ്ങളിലേക്ക് മനസിനെ വിട്ടു. 'ഗുഡ് ചാന്‍സ്' പരിധി വിട്ടുപൊങ്ങിയ അയാളുടെ ശമ്പ്ദം കമ്പാര്‍ട്ട്മെന്റിലെ ഒരു വിഭാഗത്തിന്റെ ശ്രദ്ധ പൊടുന്നനെ അവരിലേക്ക് തിരിച്ചു. എന്നാല്‍ അതേ സ്പീഡില്‍ തന്നെ അവര്‍ അവരുടെ ലോകത്തേക്ക് തിരിച്ചു പോകുകയും ചെയ്തു. അപ്പോഴാണ് പരമേശ്വരന്‍ സഹയാത്രികനെ ശ്രദ്ധിച്ചത്. വെള്ളയില്‍ കറുപ്പ് വരകളുള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച മധ്യവയസ്‌ക്കന്‍. നെറ്റിയോട് ചേര്‍ന്ന് സമൃദ്ധമായ കഷണ്ടി. ബാക്കി മുടിയില്‍ നരകയറിയിട്ടുമുണ്ട്. സാധാരണ തൊട്ടടുത്തിരിക്കുന്നയാളെ നിരീക്ഷിക്കല്‍ പരമേശ്വരന്റെ വിനോദമാണ്. അവരുടെ ചില പ്രത്യേകതകള്‍ ആ യാത്രക്കിടെ അയാള്‍ മനസിലാക്കും. എന്നാല്‍ റയല്‍ രാങ്ങാട്ടൂരിന്റെ കളിയില്‍ വെള്ളകുപ്പായക്കാരന്റെ വരവ് അറിയാതെ പോയി.

'അവസരമൊത്തുവന്നാല്‍ അടിച്ചു വലയിലിടണം. ഗ്രൗണ്ടിലായാലും ഫോണിലായാലും''.അമ്പരപ്പോടെ മുഖമുയര്‍ത്തിയ പരമേശ്വരനോട് യാതൊരു അനുകമ്പയുമില്ലാതെ അയാള്‍ പറഞ്ഞൂ തീര്‍ത്തു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പരമേശ്വരന്റെ വരുത്തിയ പിഴവിന് യാതൊരു ഇളവും നല്‍കാന്‍ അയാള്‍ തയ്യാറായില്ല. ബ്രന്റ്ഫോഡിന്റെ ക്രിസ് മാത്യൂസിന്റെ ഗോളാഘോഷമാണ് പരമേശ്വരനേയും വെള്ളകുപ്പായക്കാരനേയും തിരികെയത്തിച്ചത്. ''സോറി''... രണ്ടക്ഷരത്തില്‍ ആശ്വാസം കണ്ടെത്തി അയാള്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു. ഗോള്‍ മടക്കാന്‍ നില്‍ക്കാതെ ഗെയിമില്‍ നിന്ന് ലെഫ്റ്റ് ചെയ്ത് പരമേശ്വരന്റെ ചില്ലുപാളികളിലേക്ക് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു. വണ്ടി വള്ളിക്കുന്ന് സ്റ്റേഷന്‍ കടന്നു. 'അടുത്തത് കടലുണ്ടി. ഈ പോക്ക്പോയാല്‍ നാലരയാകുമ്പോഴേക്കും കോഴിക്കോട്ടെത്താം. നാലാം നമ്പര്‍ പ്ലറ്റ്ഫോമിലൂടെ ഇറങ്ങി വലിയങ്ങാടിയില്‍ നിന്ന് ഓട്ടോ പിടിക്കാം. റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോക്കായി മുടിഞ്ഞ തിരക്കായിരിക്കും'' പരമേശ്വരന്‍ മനസിലോര്‍ത്തു.

അയാള്‍ ചെരിഞ്ഞ് വെളളക്കുപ്പായക്കാരനെ നോക്കി. എവിടെയോ കണ്ടുമറന്ന മുഖം. കഷണ്ടി മാത്രമാണ് യോജിക്കാത്തത്, പരമേശ്വരന്‍ സ്വയം പറഞ്ഞു. 'ഇന്നലെ റയലിന്റെ കളി കണ്ടോ'' വെളളക്കുപ്പായക്കാരന്റെ  ശബ്ദം അയാളുടെ ചിന്തകളെ ആട്ടിയോടിച്ചു. 'അത്ര പോര, എന്നാലും ജയിച്ചു റാമോസും ബെന്‍സമയും പിടിച്ചാല്‍ കിട്ടാത്ത ഫോമിലാ. കപ്പ് ങ്ങോട്ട് തന്നെ പോകും'. വെള്ളക്കുപ്പായക്കാരന്‍ നിര്‍ത്താനുള്ള ഭാവത്തില്ലെന്ന് തോന്നിയതോടെ റയലിനോടുളള ഇഷ്ടം വിട്ട് പരമേശ്വരന്‍ ബാഴ്സലോണ ആരാധകനായി കൂട് മാറി. '' ഇത്തവണ ലീഗില്‍ കള്ളക്കളിയാ, അല്ലെങ്കി ഇത്രയും പെനാല്‍ട്ടി റയലിന് കിട്ടുമോ. പരമേശ്വരന്‍ സഹയാത്രികന്റെ ഹാഫിലേക്ക് പ്രത്യാക്രമണം അഴിച്ചുവിട്ടു. പന്തിന്റെ ബ്ലാഡര്‍ വീര്‍ത്തുവരുന്നതുപോലെ മനസില്‍ വെറുപ്പ് നിറയുന്നത് അയാളറിഞ്ഞു. 'കളിക്കളത്തിന് പുറത്തുനില്‍ക്കുന്നവര്‍ക്ക് എന്തും പറയാം.കളിക്കാനിറങ്ങിയാലെ അതിന്റെ വില അറിയൂ. നെഞ്ചിലും പന്തിലും ഒരേ കാറ്റാണ്. നല്ല കളിക്കാരനൊന്നും ഗ്രൗണ്ടില്‍ നെറികേട് കാട്ടില്ല'' വാക്കുകള്‍ പുറത്തുവരുമ്പോള്‍ വെള്ളക്കുപ്പായക്കാരന്റെ നെഞ്ചൊന്ന് കലങ്ങിയപോലെ പരമേശ്വരന് തോന്നി.

''നിങ്ങള് കളിക്കാരനാ..'' തമാശയില്‍ തിരുകിയൊരു ചോദ്യം പരമേശ്വരന്‍ എടുത്തിട്ടു. അതിന് അയാള്‍ മറുപടി പറഞ്ഞില്ല. പകരം മറ്റൊന്ന് ചോദിച്ചു.'' തിരൂര്‍ യുണൈറ്റഡെന്ന ടീമിനെ അറിയുമോ''. മഞ്ഞ കുപ്പായവും കറുപ്പ് ട്രൗസറും ധരിച്ച മൈതാനത്തിന്റെ കിഴക്ക് ഭാഗക്ക് പ്രാക്ടീസ് ചെയ്യുന്നത്. ഓര്‍മയിലേക്ക് ഒരനൗണ്‍സ്മെന്റ് ഒഴുകി വന്നു. തിരൂരില്‍ കായികോപകരണങ്ങളുടെ കട നടത്തിയിരുന്ന ജാഫര്‍ക്കയുടെ ടീം. തിരൂര്‍ യുണൈറ്റഡ്. ഒരു കാലത്ത് സെവന്‍സ് വേദികളില്‍ വെടിച്ചില്ലുപോലെ തറച്ചുപോയ ടീം. മുന്നേറ്റത്തില്‍ നേപ്പാളുകാരന്‍ ഥാപ്പയും ഉസ്മാനും ബീജീഷും. പ്രതിരോധത്തില്‍ കരീമിക്കയും സെയ്ദുമുഹമ്മദും അന്‍വറും. ഗോളിയായി  പ്രകാശനും. അന്നത്തെ ടീം ഇപ്പോഴും കാണാപാഠം. കുട്ടിക്കാലത്ത് പത്രത്തിന്റെ ലോക്കല്‍ പേജില്‍ വന്ന വാര്‍ത്തകളില്‍ നിന്നാണ് തിരൂര്‍ യുണൈറ്റഡ് മനസിലേക്ക് കയറിയതെന്ന സത്യം പരമേശ്വരന്‍ അപ്പോഴാണ് മനസിലാക്കിയത്. ഒറ്റക്കും കൂട്ടുകാരുമൊത്തും കണ്ട ഒരുപാട് കളികള്‍.

ജയിക്കാന്‍ വേണ്ടി മാത്രമുള്ള കളിയല്ല യുണൈറ്റഡിന്റേത്. സെന്‍ട്രല്‍ സ്ട്രൈക്കറായ ഉസ്മാനും ലെഫ്റ്റ് വിങ്ങര്‍ ബിജീഷും ഒന്നാന്തരം ഡ്രിബ്ലിങ് പ്ലെയേഴ്സായിരുന്നു. ടീമിലെ ഏക വിദേശി ഥാപ്പ അതിവേഗക്കാരനും. മൂവരും ചേരുമ്പോള്‍ ഏത് പ്രതിരോധവും ഒന്ന് വിറക്കും. ലെഫ്റ്റ് വിങ്ബാക്ക് അന്‍വര്‍ മിക്കവാറും കയറികളിക്കും. കരീമിക്കയും സെയ്ദുവും രണ്ടറ്റം കാത്ത് കോട്ടക്കെട്ടും. കളിക്കാരന് വേണ്ടതിലും ഭാരം കൂടുതലുള്ള കരീമിക്ക എങ്ങനെയാണ് കളിക്കുന്നതെന്ന് പലപ്പോളും ആലോചിച്ചിട്ടുണ്ട്. സെയ്ദു ശരിക്കും പ്രൊഫഷണല്‍ താരമായിരുന്നു. ഉറച്ച ശരീരം, നീട്ടി വളര്‍ത്തിയ മുടി. ഒന്നാന്തരം ടാക്ലിങ്ങുകള്‍, ഹൈബോളുകളില്‍ പുലര്‍ത്തുന്ന ആധിപത്യം. ഇന്നാണ് കളച്ചിരുന്നതെങ്കില്‍ ഏതെങ്കിലും സൂപ്പര്‍ ലീഗ് ക്ലബ്ബ് പുഷ്പം പോലെ കൊത്തികൊണ്ടു പോകുമായിരുന്നു.

അന്ന് തിരൂരിന്റെ കളി കണ്ട് വരുമ്പോഴേല്ലാം ചര്‍ച്ച സെയ്ദുവിന്റെ പ്രകടനമാകും. ഗോളടിച്ചുകൂട്ടുന്നവനേക്കാള്‍ പ്രതിരോധതാരത്തിനും ആരാധകരുണ്ടാകുമെന്ന് മനസിലാക്കിതന്നത് സെയ്ദുവായിരുന്നു. ഒന്ന് രണ്ട് തവണ തൊട്ടടുത്ത് നിന്ന് അയാളെ കണ്ടിട്ടുള്ള കാര്യം പരമേശ്വരന്റെ മനസിലെത്തി. നാട്ടില്‍ ലോക്കല്‍ സെവന്‍സ് നടന്നപ്പോള്‍ വളളിക്കാഞ്ഞിരം ടീമിന് വേണ്ടിയും മറ്റൊരു തവണ ആലത്തിയൂര്‍ ബ്രദേഴ്സിന് വേണ്ടിയും. ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ സോഡ പൊട്ടിച്ച് മുഖത്തേക്ക് ഒഴിക്കുന്ന സെയ്ദു മനോഹരമായ കാഴ്ച്ചയായിരുന്നു. എട്ട് വര്‍ഷം മുമ്പുളള ഒരു കളി ഇപ്പോഴും നെഞ്ചുലക്കുന്നതായി പരമേശ്വരന് തോന്നി. കോഴിച്ചെനയിലെ സൂപ്പര്‍കപ്പിന്റെ ആദ്യ സെമി. കാണികള്‍ ഗ്രൗണ്ട് കൈയ്യേറിയതിനെ തുടര്‍ന്ന് ഒരു വട്ടം മാറ്റിവെച്ച മത്സരം. ഒരു വശത്ത് തിരൂര്‍. എതിരാളികളായി കെ.എഫ്.സി കാളികാവ്. ശരിക്കും പൊരിഞ്ഞ പോരാട്ടം. സെയ്ദുവും കരീമിക്കയും അന്‍വറുമൊക്കെ പ്രതിരോധത്തില്‍ ആഞ്ഞു പൊരുതുന്നു. കാളിക്കാവ് മുന്നേറ്റത്തില്‍ ഘാനക്കാരായ സാമുവലും എറ്റീക്കെയുമാണ് അപകടം വിതക്കുന്നത്. ഇരുവരും അതിവേഗക്കാര്‍.  ഏത് നിമിഷവും തിരൂരിന്റെ പോസ്റ്റിലേക്ക് ഗോള്‍ വീഴുമെന്ന ഘട്ടത്തിലാണ് കൗണ്ടര്‍ അറ്റാക്കില്‍ ബിജീഷ്  കാളികാവ് വല കുലുക്കിയത്.

രണ്ടാം പകുതിയിലും കളിയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെയാണ് അന്‍വറിന്റെ പിഴവില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി സാമുവല്‍ ബോക്സിലേക്ക് കടന്നത്. വെട്ടിത്തിരിഞ്ഞ്‌ കരീമിക്കയെ മറികടന്ന സാമുവലിനെ തടയാന്‍ സെയ്ദുവിന്റെ സൈഡ് ടാക്ലിങ്. പൊന്തിയ പൊടി ആറിത്തണുത്തപ്പോള്‍ സെയ്ദുവിനെ സ്‌ട്രെക്ച്ചറിലേക്ക് എടുത്തുകിടത്തുകയായിരുന്നു. ആംബുലന്‍സ് നേരെ കോട്ടക്കലിലെ ആശുപത്രിയിലേക്ക് പോയി. പെനാല്‍ട്ടി എറ്റീക്കെ പാഴാക്കിയതോടെ തിരൂര്‍ ഫൈനലില്‍. പിന്നെ സെയ്ദു കളിക്കളത്തിക്കേ് വന്നതുമില്ല. കാലിന് ഗുരുതര പരിക്കാണെന്ന് ആരൊക്കയോ പറഞ്ഞറിഞ്ഞു. അല്ലെങ്കിലും കളിക്കാരന് കളത്തില്‍ മാത്രമാണല്ലോ നിലയും വിലയുമുള്ളത്. തിരൂര്‍ യുണൈറ്റഡും അധികം നിലനിന്നല്ല. ജാഫര്‍ക്കയുടെ മരണത്തോടെ ക്ലബ്ബിന്റെ പ്രവര്‍ത്തനവും നിലച്ചു.

''ന്നാ ഞാനിറങ്ങട്ടെ' വെള്ളകുപ്പായക്കാരന്‍ എഴുന്നേറ്റു. നിലത്തുവെച്ച സഞ്ചിയുമായി അയാള്‍ വാതിലിനടത്തുത്തേക്ക് നീങ്ങി, പരമേശ്വരന്‍ പുറത്തേക്ക് നോക്കി. വണ്ടിയുടെ വേഗം കുറഞ്ഞുകൊണ്ടിരുന്നു. ഫറോക്ക് സ്റ്റേഷനിലെ വളവുകളിലേക്ക് പരശുറാം മെല്ലെ കയറി. പതിയെ പ്ലാറ്റ്ഫോം കണ്ടുതുടങ്ങി.

''സെയ്ദു മുഹമ്മദ്, തിരൂര്‍ യുണൈറ്റഡിലെ പഴയ കളിക്കാരനാണ്''. വണ്ടിയില്‍ നിന്നിറങ്ങി ജനാലക്കരികില്‍ വന്ന് അയാള്‍ പറഞ്ഞു. പരമേശ്വരന്‍ അറിയാതെ സീറ്റില്‍ നിന്നുയര്‍ന്നു. ഇഞ്ചുറി ടൈമിലെ ഗോളിന്റെ ആവേശം പോലെ എന്തോ ഒന്ന് ശരീരം മുഴുവന്‍ വ്യാപിക്കുന്നതായി അയാളറിഞ്ഞു. സെയ്ദുമുഹമ്മദിന്റെ കൈകളില്‍ ആവേശത്തോടെ തൊട്ടശേഷം അയാള്‍ പറഞ്ഞു, ''ഞങ്ങളുടെ ഹീറോയായിരുന്നു.

സെയ്ദു ഒന്നും പറഞ്ഞില്ല, മുണ്ടിന്റെ കോന്തല കൈയ്യിലേക്കെടുത്ത് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഓരോ ചുവടിലും അയാള്‍ മുടന്തി,ശരീരം ഉലഞ്ഞു. ലാവ പോലെ എന്തോ ഒന്ന് മുഖം പൊള്ളിക്കുന്നത് പരമേശ്വരന്‍ അറിഞ്ഞു.കണ്ണുകളില്‍ ഈറന്‍പാളികള്‍ നിറയുന്നു. പ്ലാറ്റ്ഫോമിലെ മേല്‍പാലത്തിന്റെ കൈവരിയില്‍ പിടിച്ച് സെയ്ദു കമ്പാര്‍ട്ട്മെന്റിന് അഭിമുഖമായി ഒന്ന് തിരിഞ്ഞു, പിന്നെ കൈ വിട്ട് നെഞ്ചുവിരിച്ച് നിന്നു. പണ്ട് സെവന്‍സ് മൈതാനങ്ങളില്‍ കണ്ട അതേ പോലെ. പരമേശ്വരന്റെ മനസിലേക്ക് അപ്പോള്‍ പന്തുമായി റാമോസ് ഓടിക്കയറി.

Content Highlights: Malayalam short story by Aneesh P Nair