ഞാന്‍ സായാഹ്ന സവാരിക്ക് പോവുകയായിരുന്നു. പുതിയ റോഡിന്റെ ഭംഗി ആസ്വദിച്ചു ശ്മശാനത്തിന് മുന്പില് നടന്നെത്തിയപ്പോള്‍ ഒരു ആംബുലന്‍സ് അതിനകത്തേക്ക് കയറുകയാണ്. ഒരു നൂറടികൂടി മുന്നോട്ടു നടന്നു ജംഗ്ഷനില്‍ എത്തി തിരിച്ചു നടക്കുകയാണ് പതിവ്. വീണ്ടും എതിര്‍വശത്തെ നടപ്പാതയിലൂടെ തിരിച്ചു വരുമ്പോള്‍ കുറച്ചു നേരംഎതിര് വശത്തെ നടപ്പാതയില്‍ നിന്ന് ശ്മശാനത്തിലേക്ക് നോക്കി. അവിടെ ഒരറിയിപ്പു കണ്ടു. പരമ്പരാഗത ശവസംസ്കാരം ഇനി ഒരറിയിപ്പു വരെ ഉണ്ടായിരിക്കില്ല.
ഇപ്പോള്‍ വൈദ്യുതി ശ്മശാനം മാത്രമേ പ്രവര്‍ത്തനമുള്ളൂ. ആമ്പുലന്‍സില്‍ നിന്നും ശവം ഒരു സ്ട്രച്ചറില്‍ കിടത്തിയിരിക്കുകയാണ്. ആകെ പോളിത്തീന്‍ ഷീറ്റ് പോലെ കിറ്റ് ഇട്ട് മൂടിക്കെട്ടിയിരിക്കുന്നു. ആകെ മൂന്നു പേര് കിറ്റുകളും മാസ്കുകളും ധരിച്ച് ക്രിയകള്‍ ചെയ്യുന്ന പോലെ. വേറെ ആരുമില്ല. ആര്‍ക്കും പ്രവേശനമില്ല. വേഗത്തില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി അവര്‍ സ്ട്രച്ചറുമായി കെട്ടിടത്തിനകത്തേക്കു പോയി. ഇനി ഒരു സ്വിച്ചിട്ടു മടങ്ങുമായിരിക്കും. വേദനതോന്നി ഞാന്‍ തിരിച്ചു നടന്നു.. മഹാമാരിയെ ഭയക്കുന്ന ഈ സമൂഹത്തില്‍ നമ്മള് എത്ര നിസ്സഹായരാണ്.അസ്വസ്ഥമായ മനസില്‍ ഉറക്കം വന്നതെപ്പോഴെന്നറിഞ്ഞില്ല.
മുത്തശ്ശന് പറഞ്ഞപുരാവൃത്തം സ്വപ്നമായ് തെളിഞ്ഞു. പെരവന്റെ വണ്ടിക്കാളകളുടെ കൊടമണിശബ്ദം!
വണ്ടിയുടെ മരച്ചക്രത്തിന്റ ഇരുമ്പ് പട്ട നിലത്തമരുന്ന കരകരശബ്ദം! അവന്റെ ചെറുമി മരിച്ചു പോയി. അവന് രാത്രി കാളവണ്ടിയുമായി പുറത്തിറങ്ങും. പകല്‍ ഉച്ചവരെ ചാളയില്‍ കിടന്നുറങ്ങും. രാത്രിയുടെ കൂരിരുട്ടില്‍ ആ ശബ്ദം പതിയെതുടങ്ങി കേള്‍ക്കെക്കേള്‍ക്കെ ഉച്ഛസ്ഥായിലേക്ക് നീങ്ങുന്നു. ചീവീടുകളുടെ കിരി കിരി ശബ്ദവും അതിലലിയുന്നു.
നാട്ടുപാതയില്‍ മുനിസിപ്പാലിറ്റിയുടെ എണ്ണവിളക്കുകള്‍ വിതറുന്ന വെട്ടം ആകാശത്ത് ശശികലയോടൈപ്പം മൂടല്‍മഞ്ഞില്‍ വിളറി. വണ്ടി നിന്നു. പെരവന് താഴെയിറങ്ങി. കാലുകള്‍ ഉറക്കുന്നില്ല. എന്നാലും നിലത്ത് അമര്‍ത്തി നിന്നു. ചുറ്റും നോക്കി. അടുത്തൊന്നും ആരുമില്ല. ഉടുമുണ്ട് അഴിച്ചു ഒന്നു കുടഞ്ഞു. വീണ്ടും മുണ്ട് ഏന്തിവലിഞ്ഞുടുത്ത്.. തമ്പ്രാനേല്പ്പിച്ച തുണിപ്പൊതി കക്ഷത്തിറുക്കി. നിവര്‍ന്നു നിന്നു.
അയാള്‍ ആടുന്നുണ്ട്. കാളകളും ഒന്നു തലയാട്ടി. റാക്കിന് കുപ്പിയുടെ തിരുക്കഴിച്ച് നന്നായി ഒന്നു കൂടി മോന്തി.. അരയില്‍ തിരുകി. വണ്ടിയില്‍ തൂക്കുന്ന റാന്തല്‍ എടുത്ത് മിന്നിച്ചു അയാള്‍ ആടിയാടി നടന്നു.
തെരുവില്‍ പലവീടുകളും ഒറ്റപ്പെട്ടിരിക്കുന്നു.
അയാള്‍ ഒരു വീട്ടിലേക്കു ലക്ഷ്യംവച്ച് നടന്നു. അധികാരിത്തമ്പ്രാ പറഞ്ഞ വീട്. വിട് അത് തന്നെ.. കാലുകള്‍ വല്ലാതെ ആടുന്നുണ്ട്. ഒച്ച കേള്‍ക്കുന്നുണ്ടോ? അയാള്‍ ആവീട്ടിലേക്ക് ചെവികൂര്‍പ്പിച്ചു. ഇല്ല! സമാധാനം
വാതില്‍ക്കലേക്ക് റാന്തല്‍ വെട്ടമോടിച്ചൂ പൊളി ചാരീട്ടേയുള്ളൂ...
അകത്തു വെളിച്ചമില്ല.
അകത്തേക്ക് കടന്നു നോക്കി. അതാ.. അവിടെ ആ മൂലയില്‍...
അയാള്‍ അങ്ങോട്ട് നീങ്ങി. അവിടെ പഴംപായില്‍ കിടക്കുന്നു.!
അയാള്‍ റാന്തല്‍ തിരി ഒന്നൂടെ നീട്ടി ശ്രദ്ധിച്ചുനോ ക്കി. റാക്ക് കുറച്ചു കൂടി കുടിച്ചു കൈത്തണ്ടകൊണ്ട് ചുണ്ട് തുടച്ചു.
താഴെ പായില്‍ കിടക്കുന്നത് അനങ്ങുന്നില്ല. മൂക്കിനടുത്ത് കൈ വീശി നോക്കി. അനക്കമില്ല. കണ്ണുകള്‍ തുറന്നിരിക്കുന്നു. പല്ലിളിച്ചു വേദനഭാവിക്കുന്നു. അപ്പുറത്ത് ഒരു കീറത്തുണി അയയില്‍ കണ്ടു. അയാള്‍ അതെടുത്തു. താഴെകിടക്കുന്നതിന്റെ മുഖത്തേക്കിട്ടു. ഒന്നു തുടച്ചു. പൊതിയഴിച്ചു വെള്ളയെടുത്ത് മേലാസകലം മൂടി. മേലാസകലം പൊന്തിയപാടുകളുണ്ടായിരുന്നു. കുരിപ്പാണ്. നാറ്റം അറിയുന്നുണ്ടോ..?
അയാള്‍ നാടന്‍ റാക്ക് ഒറ്റ വലിക്ക് മുഴുവനും. കുടിച്ചു തീര്‍ത്തു..
ആ പായയടക്കം മൂടിക്കെട്ടി. ആ പായക്കെട്ട് പൊക്കി തോളിലേറ്റി. പെരവന് നടന്നു ആടിയാടി. അയാള്‍ ആ കെട്ട് വണ്ടിയില്‍കേറ്റി അതില്‍ക്കയറിയിരുന്നു.. ചാട്ടകൊണ്ട് മെല്ലെ തട്ടി.. കാളകള്‍ നടന്നു തുടങ്ങി...
തെരുവിലെഒരു വിധം എല്ലാവരും സ്ഥലം കാലിയാക്കിയിരിക്കുന്നു. ആര്‍ക്കെങ്കിലും കുരിപ്പ് വന്നാല്‍ അയാളെ വീട്ടില്‍ ഉപേക്ഷിച്ചു പോകുമായിരുന്നു വത്രെ! കാളവണ്ടിയുടെ കൊടമണിശബ്ദം അവിടം വിട്ടു പോകാത്തവരുടെ ഉറക്കം കെടുത്തി. ഉറങ്ങാത്ത കുട്ടികളെ പറഞ്ഞു പേടിപ്പിക്കും... പെരവന്റെ കാളവണ്ടിയുടെ കുടമണിശബ്ദത്തെ പറ്റി പറഞ്ഞാല്‍ കുട്ടികള്‍ അടങ്ങിക്കിടന്നോളും.
അയ്യപ്പന് കാവ് അതാണ് ലക്ഷ്യം. എല്ലാവരും അങ്ങോട്ടാണ്. തെരുവുകള്‍ തോറും ആ കൊടമണിശബ്ദം മാറ്റൊലികൊണ്ടു. അയ്യപ്പന് കാവിലേക്കെത്തുമ്പോളേക്കും നേരം ഒരുപാടായി. അയാള്‍ പകല്‍ സമയങ്ങളില്‍ കുഴിച്ചു വെച്ച ഒരു കുഴിയിലേക്ക് ആ പായക്കെട്ട് ഇറക്കി വെച്ചു. അതിന്റെ തല തെക്കോട്ടാക്കിവെച്ച് മാറിനിന്നു. കുറച്ചു നേരം അയാള്‍ അതിനെ നോക്കി ധ്യാനത്തിലെന്നപോലെ നിന്നു. എന്നിട്ട് അതിന്റെ പാദത്തിന്റെ ഭാഗത്ത് നിന്ന് ഒന്നു നമസ്കരിച്ചു. പിന്നെ കൈക്കോട്ടെടുത്ത് മണ്ണു നീക്കി ആ കുഴി ഒരുവിധമടച്ചു. മണ്ണിട്ടു മൂടീലെങ്കില് കുറുക്കന് മാന്തും..
അതു മൂടിക്കഴിഞ്ഞ് പുഴയില്‍ മുങ്ങിക്കുളിച്ച് പെരവന് ചാളയില്‍ പാ വിരിച്ച് ഉറങ്ങി. അവന് മരണഭയമില്ലായിരുന്നു!
ആരാ..... മുത്തശ്ശാ.. ഈ പെരവന്?...
ഭൈരവന്..! ഭഗവാന്റെ ഭൂതഗണങ്ങളില് ഒന്ന്..
പെട്ടെന്ന് ഒരു ശബ്ദം കേട്ടപോലെ ഞെട്ടി യുണര്‍ന്നു.
അല്ല കൊടമണിശബ്ദമല്ല.. ക്ലോക്ക് രണ്ടടിച്ചതാ..
Contennt Highlights: Malayalam Short Story Bhairavan