ണ്ട്, കാടുകള്‍ ധാരാളമുണ്ടായിരുന്ന കാലത്ത് ആളുകള്‍ എപ്പോഴും വന്യമൃഗങ്ങളെ ഭയന്നായിരുന്നു കഴിഞ്ഞിരുന്നത്. കാടുകളില്‍ ജാഗ്വാറുകളും സിംഹങ്ങളും ഒരുപാടുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവ നാട്ടിലിറങ്ങും;കന്നുകാലികളെ മാത്രമല്ല മനുഷ്യരെയും കൊന്നു തിന്നും.

 അങ്ങനെയിരിക്കെ മൂന്നു ചങ്ങാതിമാര്‍ പനമ്പഴം തിരഞ്ഞ് മലമുകളിലേക്കു പോയി. ഏറെദൂരം നടന്നിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല. ഒടുവില്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് അവരെത്തി. രണ്ടുപേര്‍ ഒരു വഴിയ്ക്കും മൂന്നാമന്‍ മറ്റേ വഴിയ്ക്കും പോകാമെന്ന് അവര്‍ തീരുമാനിച്ചു.

 ഒറ്റയ്ക്കു പോയ ആള്‍ കുറേ നടന്നപ്പോള്‍ ഒരു പാറ കിടക്കുന്നതു കണ്ടു. അയാള്‍ അതിനു മുകളില്‍ കയറി നോക്കി. എന്താണയാള്‍ കണ്ടത്? കുറച്ചു ദൂരെയായി ഒരു ഗുഹ. ഗുഹയ്ക്കു മുന്നില്‍ മനുഷ്യരുടെ എല്ലുകളും തലയോടുകളും കൂമ്പാരമായി കിടക്കുന്നു. തെല്ലുമാറി വെയില്‍കാഞ്ഞു കിടക്കുകയാണ് ഒരു വലിയ ജാഗ്വാര്‍!

 ഇതെല്ലാം കണ്ട് അയാള്‍ ബോധംകെട്ടു വീണില്ലെന്നേയുള്ളൂ. അയാള്‍ വേഗം തിരിച്ചോടി. എന്നിട്ട് കൂട്ടുകാരോടു കാര്യം പറഞ്ഞു. കാര്യം ശരിയാണോ എന്നറിയാന്‍ അവരും അയാളുടെ കൂടെ ചെന്നു നോക്കി.

 ഇത്തവണ ജാഗ്വാര്‍ അവരെ കണ്ടു. അലറിക്കൊണ്ട് അത് അവരുടെ നേര്‍ക്കു കുതിച്ചു. രണ്ടുപേര്‍ക്ക് ഉടനടി ബോധം നഷ്ടപ്പെട്ടു. എന്നാല്‍ ഒരാള്‍ക്ക് പേടി തോന്നിയില്ല . അയാള്‍ തന്റെ കവണയില്‍ കല്ലു തൊടുത്ത് ജാഗ്വാറിനെ എറിഞ്ഞു. അയാളുടെ ഉന്നം പിഴച്ചില്ല. നെറ്റിയ്ക്കു നടുവില്‍ ഏറുകൊണ്ട ജാഗ്വാര്‍ നിലത്തു വീണു. ഉടനെ അയാള്‍ തന്റെ കത്തിക്കൊണ്ട് അതിനെ കുത്തിക്കൊന്നു.

 അപ്പോഴേക്കും മറ്റു രണ്ടുപേര്‍ക്കും ബോധം വന്നിരുന്നു. ജാഗ്വാര്‍ ചത്തു കിടക്കുന്നതു കണ്ട് അവര്‍ക്ക് വിശ്വാസം വന്നില്ല. ഏതായാലും മൂന്നു പേരും കൂടി ജാഗ്വാറിന്റെ ശവം ഒരു വടിയില്‍ വെച്ചുകെട്ടിച്ചുമന്നുകൊണ്ട് രാജാവിന് കാഴ്ചവെയ്ക്കാന്‍ പുറപ്പെട്ടു.

തന്റെ രാജ്യത്തുള്ള ഒരുപാടാളുകളെ കൊന്നു തിന്ന ജാഗ്വാറിന്റെ ശവം കണ്ട് രാജാവിന് അത്ഭുതവും സന്തോഷവും അടക്കാനായില്ല. മാത്രമല്ല, അങ്ങനെ കൊല്ലപ്പെട്ടവരില്‍ രാജാവിന്റെ മകനും ഉള്‍പ്പട്ടിരുന്നു.

ക്രൂരനായ ജാഗ്വാറില്‍ നിന്ന് നാടിനെ രക്ഷിച്ച ധീരന് തക്കതായ പ്രതിഫലം കൊടുക്കാന്‍ രാജാവ് തീരുമാനിച്ചു. അദ്ദേഹം അയാളോടു പറഞ്ഞു:'ഞാന്‍ നിനക്ക് ആറ് സഞ്ചി നിറയെ സ്വര്‍ണനാണയങ്ങളും അത് കൊണ്ടു പോകാന്‍ മൂന്ന് കഴുതകളെയും തരാം. അവയുമായി നീ വീട്ടിലേക്ക് പോവുക. വീട്ടുകാരെ അത് ഏല്‍പ്പിച്ചതിനുശേഷം തിരികെ വന്ന് എന്റെ മകളെ വിവാഹം കഴിച്ച് ഇവിടെ കഴിയാം.'

 കൂട്ടുകാരെ കൊട്ടാരത്തില്‍ വിട്ടിട്ട് ജാഗ്വാറിനെ കൊന്നയാള്‍ തന്റെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ അന്നു രാത്രി വീട്ടിലെത്താന്‍ അയാള്‍ക്കു കഴിഞ്ഞില്ല- കഴുതകളെ കെട്ടിയിട്ട് ഒരു മരച്ചുവട്ടില്‍ അയാള്‍ കിടന്നുറങ്ങി. എന്നാല്‍  കൂട്ടുകാര്‍ അയാളെ ചതിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. അവരയാളെ പിന്തുടര്‍ന്നു. രാത്രി അയാള്‍ ഉറക്കംപിടിപ്പോള്‍ കഴുതകളെയുംകൊണ്ട്  അവര്‍ കടന്നുകളഞ്ഞു.
 
 രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍  കഴുതകളും സ്വര്‍ണവും മോഷ്ടിക്കപ്പെട്ടതറിഞ്ഞ് അയാള്‍ക്ക്  വല്ലാത്ത വിഷമംതോന്നി. ഏതായാലും ഇനി വീട്ടില്‍ പോയിട്ട് കാര്യമില്ല; തിരിച്ചു പോവുക തന്നെ - അയാള്‍ വിചാരിച്ചു.

 '' അങ്ങു തന്ന സ്വര്‍ണ്ണം വീട്ടുകാരെ ഏല്‍പ്പിച്ചിട്ട് ഞാനിതാ തിരിച്ചുവന്നിരിക്കുന്നു.' അയാള്‍ രാജാവിനോട് പറഞ്ഞു.''കൊള്ളാം, ' രാജാവ് പറഞ്ഞു: ''പക്ഷേ  കഴുതകളെയും സ്വര്‍ണം നിറയ്ക്കാന്‍ ഉപയോഗിച്ച് ചാക്കുകളും നീയെനിക്ക് തിരിച്ചു തരണം.'

 അയാള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു. അപ്പോള്‍ രാജാവിന് സംശയം തോന്നി-ഇയാളെത്തന്നെയാണോ ഞാന്‍ സ്വര്‍ണ്ണം ഏല്‍പ്പിച്ചത്?  അങ്ങനെയായിരുന്നെങ്കില്‍  തീര്‍ച്ചയായും ആ കഴുതകളെയും ചാക്കുകളെയും ഇയാളെനിക്ക് തിരിച്ചുതരുമായിരുന്നു. ദേഷ്യം വന്ന രാജാവ് അയാളെ തുറുങ്കിലടയ്ക്കാന്‍ ആജ്ഞാപിച്ചു.

image by Jayakrishnan

 ധനം അപഹരിച്ചുകൊണ്ടുപോയ കള്ളന്മാര്‍ ഏറെ ദൂരം സഞ്ചരിച്ചു. പിന്നെ അവര്‍ കുറെ സ്വര്‍ണ്ണം കൊടുത്ത് ഒരു വലിയ വീടും സ്ഥലവും വാങ്ങി. എന്നിട്ട് ആദ്യത്തെ കള്ളന്‍ രണ്ടാമനോടു പറഞ്ഞു:' ഞാന്‍ രാവിലെ എന്റെ ഭാഗ്യം പരീക്ഷിക്കാന്‍ പോകുന്നു.' എന്നിട്ട്  അയാള്‍ സ്വര്‍ണ്ണം നിറച്ചിരുന്ന ചാക്കുകളെയും മൂന്നു കഴുതകളെയുംകൊണ്ട്  രാജധാനിയിലേക്കു പുറപ്പെട്ടു.

 അവയെല്ലാം രാജാവിന് സമര്‍പ്പിച്ചിട്ട്  അയാള്‍ പറഞ്ഞു: 'രാജാവേ, ഞാനിതാ കഴുതകളുമായി തിരിച്ചുവന്നിരിക്കുന്നു. ഞാനാണ് ജാഗ്വാറിനെ കൊന്നത്, അങ്ങയുടെ മകളെ  എനിക്കു വിവാഹംകഴിച്ചുതരണം.' 'ശരിയായിരിക്കാം.' രാജാവ് പറഞ്ഞു:  'പക്ഷേ മറ്റൊരാള്‍കൂടി ഇതുതന്നെപറഞ്ഞ്  ഇവിടെ എത്തിയിട്ടുണ്ട്. നിങ്ങളില്‍ ആരാണ് ശരിക്കും  ജാഗ്വാറിനെ കൊന്നതെന്ന് എനിക്ക് അറിയണം.'

 എന്നിട്ട് രാജാവ്  തടവിലാക്കിയ ആളെ അവിടേക്ക് വിളിപ്പിച്ചു. 'നിങ്ങള്‍ ആരുടെ കയ്യിലാണ്  ജാഗ്വാറിനെ കല്ലെറിഞ്ഞ കവണ ഉള്ളത്? ' ഉടനെ തടവുകാരന്‍ പറഞ്ഞു: 'അത് എന്റെ കയ്യിലുണ്ട്.'    എന്നിട്ട് അയാള്‍ കവണ പുറത്തെടുത്തു. ''ആദ്യം നിന്റെ അവസരമാണ്.' കഴുതകളെ കൊണ്ടുവന്നയാളോട് രാജാവു പറഞ്ഞു: 'ആ കവണകൊണ്ട്  തടവില്‍ കിടന്ന ആളുടെ നെറ്റിയില്‍ കല്ലെറിഞ്ഞു കൊള്ളിക്കുക; എങ്കില്‍ നീ തന്നെയാണ് ജാഗ്വാറിനെ കൊന്നതെന്ന് എനിക്ക് ബോധ്യമാകും.'

 അങ്ങനെ  കള്ളന്റെ കൈയില്‍  കവണയും കല്ലും നല്കപ്പെട്ടു. അയാള്‍ ഉന്നംനോക്കി കല്ലെറിഞ്ഞു. പക്ഷേ തടവുകാരന്റെ ദേഹത്ത് അത് തൊട്ടതു പോലുമില്ല.''ഇനി നിനക്ക് മറ്റേയാളെ കല്ലെറിയാം.' രാജാവ് തടവുകാരനോട് പറഞ്ഞു. തടവുകാരന്‍ ഉടന്‍ തന്നെ കല്ലും കവിണയും വാങ്ങി. അയാളുടെ ഉന്നം പിഴച്ചില്ല; കല്ല് കള്ളന്റെ കണ്ണില്‍ തന്നെ കൊണ്ടു.

തടവുകാരന്‍ തന്നെയാണ്  ജാഗ്വാറിനെ കൊന്നതെന്ന്  രാജാവിനു  ബോധ്യമായി. അദ്ദേഹം ഉടന്‍തന്നെ മകളെ അയാള്‍ക്ക് വിവാഹംകഴിച്ചുകൊടുത്തു. കള്ളന്മാരെ രണ്ടുപേരെയും അദ്ദേഹം തൂക്കിലേറ്റുകയും ചെയ്തു.

(മാതൃഭൂമി ബുക്ക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കൻ കഥകൾ എന്ന പുസ്തകത്തിൽ നിന്ന്)

Content Highlights: Latin American folktale Panambazham Thedippoya Moonnuper translated by Jayakrishnan