കുന്നേപ്പാലത്തിന് കീഴെ ആറാട്ടുകടവിൽ, ഉണ്യേട്ടന്റെ ശരീരം ചത്തുമലച്ച് പൊന്തിയത് ആദ്യം കണ്ടത് ഞാനാണ്. പുഴമീനുകൾ കൊത്തിയടർത്തിയ ഉണ്യേട്ടന്റെ തൊലിപ്പാളികളിൽ വെള്ളനിറം പടർന്നിരുന്നു. ഉണ്യേട്ടന്റെ വെള്ളയിൽ നീല വരകളുള്ള ഷർട്ടിന്റെ ബട്ടൻസുകൾ പൊട്ടിയിരുന്നു. ഷർട്ടിന് പുറത്ത് ദൃശ്യമായ ഉണ്യേട്ടന്റെ വീർത്ത ശരീരത്തിന് പുറത്ത് പോളപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. നല്ല വയലറ്റ് നിറമുള്ള പൂക്കൾ. പൂത്തുനിന്ന പോളകൾക്കും നെയ്യാമ്പലുകൾക്കും സമീപത്തുകൂടി വെള്ളത്തിന് മുകളിൽ പൊങ്ങുതടി പോലെ ഉണ്യേട്ടൻ അങ്ങനെ ഒഴുകി നടന്നു.
കടവിൽ നിന്ന് കരയിലേക്കടിച്ച കാറ്റിനത്രയും ഉണ്യേട്ടന്റെ മണമായിരുന്നു. അത് മൂക്കിലേക്ക് അടിച്ചുകയറിയതോടെ എനിക്ക് ഓക്കാനിക്കണമെന്ന് തോന്നി. കടവിലേക്ക് പുറപ്പെടും മുന്നേ വെറുംവയറ്റിൽ കുടിച്ച കട്ടൻകാപ്പി ഒരു വലിയ ഒച്ചയോടെ പുറത്തേക്ക് ഒഴുകിപ്പോയി. കട്ടൻകാപ്പിയുടെ കറുപ്പുനിറം പുഴവെള്ളത്തിൽ വീണ് കറുപ്പല്ലാതായി. എനിക്ക് വീണ്ടും ഓക്കാനം വന്നു. വീണ്ടും വീണ്ടും ഛർദ്ദിച്ചെങ്കിലും ശബ്ദം മാത്രമാണ് പുറത്തേക്ക് വന്നത്. അടിവയറ്റിൽ അതികഠിനമായ വേദന പടർന്നു. കുടൽമാല പറിച്ചെറിയും പോലെ. വയറ്റിൽ കൈവെച്ച് കടവത്ത് ഞാനിരുന്നുപോയി. പുളച്ചിൽ എന്നിട്ടും മാറിയില്ല. മുഴുത്ത ഒരു പച്ചത്തവള വെള്ളത്തിലേക്ക് എടുത്തുചാടി. ഉണ്യേട്ടൻ വീണ്ടും ഒഴുകാൻ തുടങ്ങി.
മൂന്ന് ദിവസം മുമ്പ് ഇതേ കടവിൽവെച്ചാണ് ഉണ്യേട്ടനെ അവസാനമായി കണ്ടത്. കുളിക്കാനായി എത്തിയപ്പോൾ, കുളികഴിഞ്ഞ് കയറുകയായിരുന്നു ഉണ്യേട്ടൻ. കൈ ഉയർത്തി വെള്ള കച്ചത്തോർത്തുകൊണ്ട് കക്ഷം തുടയ്ക്കുന്നതിനിടയിൽ അന്നും അയാൾ ആ പല്ലവി ആവർത്തിച്ചു.
'നമുക്കൊന്ന് കാണണേട്ടോ...'
മറുപടി പറയാതെ മുഖം കറുപ്പിച്ചപ്പോൾ ഉണ്യേട്ടന്റെ കണ്ണുകളിൽ വിഷാദം നിറഞ്ഞു.
'ഒരു വട്ടംകൂടി, ഒരേ ഒരു വട്ടം...' അയാളുടെ ശബ്ദം നേർത്തിരുന്നു.
അത് അവഗണിച്ച് ഞാൻ കടവിലേക്കിറങ്ങി.
അയാൾ കച്ചത്തോർത്ത് വായുവിൽ കുടഞ്ഞു. വെള്ളത്തുള്ളികൾ ചിതറി വീണു. ചിലത് എന്റെ മേൽവന്ന് പതിച്ചു. എന്റെ രോമകൂമങ്ങൾ ഉറക്കം വിട്ടുണർന്നു. ഞാൻ തുവർത്തുടുത്ത് വെള്ളത്തിലേക്കിറങ്ങി. അയാളുടെ കണ്ണുകൾ എന്നെ പിന്തുടരും എന്നറിഞ്ഞുകൊണ്ടു തന്നെ. പായലുകളെ കൈകൊണ്ട് ആട്ടിയകറ്റിയെങ്കിലും എനിക്ക് ചുറ്റും വൃത്തം തീർക്കാനായി അവ എന്നിലേക്ക് ഓടിയടുത്തുകൊണ്ടിരുന്നു. പിന്നെ ഉണ്യേട്ടനെ കാണുന്നത് ഇന്നാണ്.
ഉണ്യേട്ടനെന്റെ അയൽക്കാരനാണ്, അകന്ന ബന്ധുവും. അച്ഛന്റെ വകേലൊരു പെങ്ങളായ അമ്മിണി കുഞ്ഞമ്മയുടെ മകൻ. പറഞ്ഞുവരുമ്പോൾ എന്റെ ഏട്ടനായി വരും. കുന്നേപ്പാലത്തിന് താഴേക്കുള്ള വഴിയിൽ അവസാനത്തെ വീട് ഉണ്യേട്ടന്റേതാണ്. ആദ്യത്തേത് എന്റേതും. ചെമ്പരത്തിയും പൂപ്പരുത്തിയും അതിരിടുന്ന വേലിപ്പടർപ്പാണ് ഉണ്യേട്ടന്റെ വീടിനേക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക. അതിൽ നിറയെ ശംഖ്പുഷ്പങ്ങൾ വിടർന്നുകിടക്കും. നല്ല നീല നിറമുള്ള പൂക്കൾ.
'ശംഖുപുഷ്പം പോലിരിക്കണ്...' ഒരിക്കലന്റെ പുക്കിളിൽ തൊട്ടുകൊണ്ട് ഉണ്യേട്ടൻ പറഞ്ഞു. പൊട്ടിയ ബട്ടൻസ് തയ്പിക്കാൻ അമ്മിണി കുഞ്ഞമ്മയെ തിരക്കിയിറങ്ങിയതായിരുന്നു ഞാൻ. വയറിന് ചുറ്റും ഒരു പൊള്ളൽ എനിക്കനുഭവപ്പെട്ടു. ഞാനാ കൈ തട്ടിമാറ്റി.
'നമുക്കൊന്ന് കാണണേട്ടോ...' തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ അയാൾ വിളിച്ചു പറഞ്ഞു.
ഷർട്ടിടാതെ അയാളുടെ മുന്നിൽപ്പെട്ട നിമിഷത്തെ ഞാൻ മനസിൽ ശപിച്ചു.
ഇൻക്വസ്റ്റ് നടത്തി പോലീസ് ഉണ്യേട്ടനെ വീട്ടിലെത്തിച്ചപ്പോൾ ഞാനും പോയിരുന്നു കാണാൻ. ഉണ്യട്ടന്റെ തലയ്ക്കൽ കത്തിച്ചുവെച്ച നിലവിളക്കിലെ കിഴക്കോട്ടുള്ള തിരി മുനിഞ്ഞുകത്തുന്നതും നോക്കി ഞാൻ നിന്നു. ഉണ്യേട്ടന്റെ കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് കരയുന്ന അമ്മിണി കുഞ്ഞമ്മയെ കണ്ടപ്പോൾ എനിക്കും ശങ്കടം വന്നു. ശങ്കരൻ വല്യച്ചൻ വീടിന്റെ തിണ്ണയിൽ ആരോടും മിണ്ടാതെയിരുന്നു. വന്നുപോകുന്നവർ ശങ്കരൻ വല്യച്ചന്റെ കൈയിൽപിടിച്ച് മൗനമായി നിന്നു. വടക്കേ പറമ്പിലെ മൂവാണ്ടൻ മാവിന്റെ കൊമ്പുകൾ ഉണ്യേട്ടന് വേണ്ടി വെട്ടിയിറക്കുമ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. ഉണ്യേട്ടൻ മരിക്കണ്ടാര്ന്നെന്ന് എനിക്കാദ്യമായി തോന്നി.
'കൊന്നതാന്നാ കേക്കണത് ' - ആരോ മറ്റാരുടേയോ ചെവിയിൽ പറയുന്നത് എന്റെ ചെവിയിലും എത്തി.
'ആണോ'
'അങ്ങനാ കേക്കണേ..'
ഞാൻ ചെവി വട്ടം പിടിച്ചെങ്കിലും മറ്റൊന്നും കേട്ടില്ല. അടക്കിന് ശേഷം പഷ്ണിക്കഞ്ഞി കുടിക്കാതെ ഞാനിറങ്ങി. വീട്ടിലേക്ക് നടക്കുമ്പോൾ ഒരു മൂവാണ്ടൻ മാവ് എന്റെ മനസിലും വെട്ടിയിറക്കുകയായിരുന്നു. ശിഖരങ്ങൾ വലിയ ശബ്ദത്തോടെ നിലംപതിച്ചുകൊണ്ടിരുന്നു.
മരിച്ചടക്കുകൂടി കുളിക്കാൻ നിൽക്കുമ്പോൾ ഞാൻ വീണ്ടും ഉണ്ണ്യേട്ടനെക്കുറിച്ച് ഓർത്തു. പഞ്ചായത്ത് ഓഫീസിലായിരുന്നു ഉണ്യേട്ടന് ജോലി. അടുത്ത് വരുമ്പോൾ സന്തൂർ സോപ്പിന്റെ മണമായിരുന്നു ഉണ്യേട്ടന്. വെള്ളാരം കണ്ണുകളുള്ള ഉണ്യേട്ടനെ മുമ്പൊക്കെ എനിക്കും വലിയ ഇഷ്ടമായിരുന്നു. ആ കണ്ണുകൾ പുഴമീനുകൾ കൊത്തിപ്പറിച്ചിട്ടുണ്ടാകും. കഴുത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷം തരാമെന്ന് എത്രവട്ടം പറഞ്ഞ് പറ്റിച്ചിരിക്കുന്നു. അത് പറഞ്ഞാണ് അന്നുമെന്നെ വിളിച്ചത്. കഴുത്തിൽനിന്നൂരിയ മാല എന്റെ കഴുത്തിൽ ഇട്ടുതരുമ്പോൾ ഉണ്യേട്ടന്റെ കണ്ണുകൾ തിളങ്ങി. ഉണ്യേട്ടനപ്പോൾ ഷേർഖാനെ പോലെ തോന്നി. മൗഗ്ലിയെ പിടിക്കാൻ കാത്തിരിക്കുന്ന ഷേർഖാനെപ്പോലെ..
അതിന് ശേഷമാണ് എനിക്ക് ഉണ്യേട്ടനെ ഇഷ്ടമല്ലാതായത്. അന്നാദിവസത്തിന് ശേഷം എനിക്ക് ഉണ്യേട്ടന്റെ മണമായിരുന്നു. സോപ്പിട്ട് കുളിച്ചിട്ടും പലവട്ടം കടവിൽ മുങ്ങിനിവർന്നിട്ടും പോകാത്ത മണം. എപ്പോഴും ആ മണം എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നും. പിന്നെ പിന്നെ എപ്പോൾ കണ്ടാലും ഉണ്യേട്ടൻ ആവർത്തിക്കും.
'നമുക്കൊന്ന് കാണണേട്ടോ...'
'നല്ലോര് ചെക്കനായിരുന്നു'- രാത്രി കിടക്കാൻ നേരം അച്ഛൻ ഉണ്യേട്ടനെ ഓർമിച്ചു. അച്ഛനും അമ്മയ്ക്കും ഇടയിൽ കിടക്കുയായിരുന്നു ഞാൻ.
'അമ്മിണിയേട്ടത്തിക്ക് പോയി, അത്രതന്നെ' - അമ്മ അതിനെ പിന്താങ്ങി.
'കൊന്നതാണന്ന് കേക്കണുണ്ടല്ലോ.'
'അങ്ങനെയും കേട്ടു..'
'ആർക്കറിയാം എന്താണ്ടായേന്ന്..'
ഉണ്യേട്ടനെ അവസാനമായി കണ്ടത് ഞാൻ ആലോചിച്ചു. നാലാംനാൾ രാവിലെ കുളക്കടവിൽ വെച്ചാണോ അവസാനമായി കണ്ടത്? അല്ല അത് കഴിഞ്ഞും കണ്ടിരുന്നു. അന്ന് വൈകിട്ട് കുന്നേപാലത്തേ വെച്ച്. ശിവന്റെ അമ്പലത്തില് ദീപാരാധന കഴിഞ്ഞു വരുമ്പോൾ. പാലത്തിന്റെ കൈവരിയിലിരിക്കുകയായിരുന്നു അയാൾ. അപ്പോളും അയാൾ പതിവ് പല്ലവി ആവർത്തിച്ചു.
'നമുക്കൊന്ന് കാണണേട്ടോ...'
താഴേക്ക് തള്ളി വെളത്തിലിടാനാണ് എനിക്ക് തോന്നിയത്. നീന്തി കേറി പോരട്ടെ എന്ന് വിചാരിച്ചു. അതോ തള്ളിയിട്ടിരുന്നോ. ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. തള്ളിയിട്ടിരുന്നു.
'തലയിടിച്ച് വീണാണത്രേ മരിച്ചത്...' അച്ഛൻ അമ്മയോടായി പറഞ്ഞു.
'ആണോ'
'അതേ...വീണ വഴിയിൽ ബോധം പോയിട്ടുണ്ടാകും.'
'പാവം..'
ഞാൻ അച്ഛന്റെ അടുത്തേക്ക് ചേർന്നുകിടന്നു. ഉണ്യേട്ടന്റെ മണം എന്നെ പൂർണമായും വിട്ട് പോയതായി എനിക്ക് തോന്നി. അച്ഛന്റെ മണം പരക്കുന്നത് ഞാനറിഞ്ഞു. ഞാൻ കണ്ണുകൾ അടച്ച് അച്ഛനെ കെട്ടിപ്പിടിച്ച് കിടന്നു. അച്ഛൻ എന്റെ മുടിയിൽ തലോടുന്നുണ്ടായിരുന്നു...
Content Highlights: Kunneppalathinu Keezhe Unnyettan Malayalam Story written by Akhil Shivanand