ചുറ്റും മഞ്ഞും ഇരുട്ടും പൊതിയുന്നതറിയാതെ ബാലഗോപാലന്‍ നായരെന്ന ചെറുപ്പക്കാരന്‍ ചിന്തകളില്‍ മുഴുകി ആ പാറപ്പൊത്തില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ജോലി തേടി ഈ ഹിമാലയച്ചെരുവിലെത്തിയ അവന്‍ മനസ്സിന് വിഷമം തോന്നുമ്പോള്‍ അവിടെ ആ ഷെഡ്ഡില്‍ വന്നിരിക്കും; ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഒരു  സിറ്റ്-ഔട്ട്.

തുളച്ചുകയറുന്ന ശീതക്കാറ്റില്‍ നിന്നൊഴിഞ്ഞിരിക്കാന്‍ വിറക് വെട്ടുകാരോ മറ്റോ കൈയ്യില്‍ക്കിട്ടിയ കല്ലും കമ്പിയും ടിന്‍ ഷീറ്റും വെച്ചുകെട്ടിയതാണെങ്കിലും ടാര്‍പോളിനൊക്കെ ദ്രവിച്ചു തുടങ്ങിയെങ്കിലും ചാറ്റല്‍ മഴയും ഉതിരുന്ന മഞ്ഞും നോക്കി അതിനകത്തിരിക്കാന്‍ രസമാണ്.

 അവന്റെ കാഴ്ചക്കൂടില്‍ നിന്ന് നേരെ കാണുന്നത് പച്ചക്കമ്പിളി പുതച്ച മലഞ്ചെരിവുകള്‍; എത്തിനോക്കിയാല്‍ താഴ്‌വാരം. കാടിന്റെ അഴിഞ്ഞുവീണ അരഞ്ഞാണം പോലെ ഉലഞ്ഞൊഴുകുന്ന 'വാങ്ചു' നദി. ചില നേരത്ത് കണ്ടും കൊണ്ടിരിക്കുന്ന മലനിരകള്‍, താഴെനിന്ന് ചുരുള്‍ നിവരുന്ന വെള്ളത്തിരശ്ശീലയില്‍ മറഞ്ഞുപോകാറുണ്ട്! പുറത്ത് വിറക്‌കെട്ടും കുത്തിപ്പിടിയ്ക്കാന്‍ വടിയുമായി മലഞ്ചെരിവിലൂടെ വരിവരിയായി കയറി വരുന്ന നേപ്പാളികള്‍. ചിലപ്പോള്‍ ഭൂട്ടിയാകളെയും കാണാം. അവര്‍ പക്ഷെ അവരുടെ'ബക്കു' വേഷത്തിലാകും, അവരുടെ പുറത്താണെങ്കില്‍ മുള്ളങ്കിയോ ഉരുളക്കിഴങ്ങോ ഓറഞ്ചോ നിറച്ച കൂമ്പന്‍ കൊട്ടയുമാകും.

തിരിഞ്ഞു നോക്കിയാല്‍ ഷീറ്റിന്റെ വിടവിലൂടെ ഈ'സീമലാഖാ'യുടെ തന്നെ ഒരു ചിത്രം കിട്ടും. ഒരു കൊച്ചു ടൗണ്‍ഷിപ്പെന്നുതന്നെ പറയാം. ഹൈഡല്‍ പ്രോജക്ടിലേക്ക് പഞ്ചാബില്‍ നിന്നും, കേരളത്തില്‍ നിന്നും യു.പി നിന്നും മറ്റും ഡെപ്യൂട്ടേഷനില്‍ എത്തിയ എഞ്ചിനീയര്‍മാരെ താമസിപ്പിയ്ക്കാന്‍ സൗകര്യങ്ങളോടെ അഞ്ചാറ് നാലുനിലക്കെട്ടിടങ്ങള്‍. കേട്ടറിഞ്ഞെത്തി ചെറിയ ജോലികളില്‍ കയറിക്കൂടിയ ചെറുപ്പക്കാരധികവും  മലയാളികള്‍, അവര്‍ക്ക് മേലെ മലഞ്ചെരിവില്‍ രണ്ടു മൂന്നു വരികളായി ചെറിയ മൂന്നു മുറി വീടുകള്‍. താഴെ പുഴവക്കിലേക്കിറങ്ങിച്ചെന്നാല്‍ നേപ്പാളി'ബസ്തി'- കൂലിവേലക്കാരുടെ കോളനി.

കാറ്റില്‍പ്പറക്കുന്ന സില്‍ക്ക്
വര: ശ്രീലാൽ

അത്യാവശ്യം അരി, പരിപ്പ്, ആട്ട, പഞ്ചസാര, ഉപ്പ്, മുളക് സാമാനങ്ങള്‍ക്ക് രണ്ടു മൂന്ന് ഭൂട്ടിയാ കടകള്‍.
ഏറ്റവും അടുത്ത ടൗണ്‍ മാര്‍ക്കററ് ഫുണ്‍ഷോലിംഗാണ്. ഹെയര്‍ പിന്‍ വളവുകളിലൂടെ ഏഴെട്ടു മണിക്കൂര്‍ ചുരമിറങ്ങണം! അതേ പോലെ മേലോട്ട് കയറിയാല്‍ തിംഫു, മോണിംഗ് വാക്കിലാണ് പച്ചക്കറി വാങ്ങല്‍. കണ്ണും മൂക്കുമൊഴിച്ചെല്ലാം കമ്പിളിയില്‍ പൊതിഞ്ഞ് എട്ടു കിലോമീറ്റര്‍ നടക്കണം. ആലോചിക്കുമ്പോള്‍ ബാലുവിന് അത്ഭുതവും തോന്നുന്നു. ഒരു പുനര്‍ജ്ജനി നൂണ്ടെത്തിയ പോലെ രണ്ടു വര്‍ഷത്തെ ജീവിതം. ഇവിടെയാകും ജീവിതമെന്ന് ആരോര്‍ത്തു!

 ലീവില്‍ വന്ന അമ്മാവന് ചേച്ചിയെ കാണണമെന്ന് തോന്നി. മാധവന്‍കുട്ടി മുക്കണ്ണന്‍ രുദ്രാക്ഷവും കമ്പിളിപ്പുതപ്പും ബസ്മതി അരിയും കരുതിയിരുന്നു. പക്ഷെ അവര്‍ പറഞ്ഞു:

''മധ്വോ. നീ ആ ചെക്കനെ കൂടെ കൊണ്ടു പോ; നെന്റെ ഭൂട്ടാനില് ഒര് ജോലിയാക്കിക്കൊടുക്ക്. വയസ്സവന് ഇരുപത്താറാവുന്നു, ഇവിടെ ഇങ്ങനെ നിന്നാല്‍ ചങ്ങാതിമാരും പന്തുകളീമായി ജന്മം തൊലഞ്ഞു പോകും''

'' നോക്കട്ടെ, എനിക്ക് പതിനഞ്ച് ദിവസത്തെ ലീവേ ഉള്ളു''.

അമ്മ കഴുത്തില്‍ നിന്ന് മണിമാല ഊരി കടലാസ്സില്‍ പൊതിഞ്ഞ് മാധവന്‍കുട്ടിക്ക് നീട്ടി:

'' നീയിത് എന്തെങ്കിലും ചെയ്ത് ടിക്കറ്റിനും വഴിച്ചെലവിനും വെച്ചോ.''

അയാള്‍ കയ്യിലിരിക്കുന്ന പൊതി നോക്കി പിന്നെ അമ്മയുടെ കൈ പിടിച്ചുയര്‍ത്തി പൊതി അതില്‍ വെച്ചു:

'' ഏടത്തീ, ബാലൂനെ ഞാന്‍ കൂട്ടിക്കൊണ്ടുപോയ്‌ക്കൊള്ളാം. അതിന് നിങ്ങളെ കഴുത്തിലേത് പറിച്ചു തരികയൊന്നും വേണ്ടാ.''

അവരുടെ ശോഷിച്ച കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ടയാള്‍ പറഞ്ഞു:

'' പണ്ട് എത്രയോ ദിവസം കളിയും കഴിഞ്ഞ് ഓടി വരിക ഏടത്തിയുടെ അടുക്കളയിലേക്കാണ്. അന്നത്തെ ആ പുട്ടും കടലയും, പൂളക്കിഴങ്ങ് പുഴുങ്ങിയതും, ചെറുപയറ് ഉലര്‍ത്തിയതുമൊക്കെ അമൃതുപോലെയായിരുന്നു. ആ രുചി മറന്നുപോവും എന്ന് കരുതിയോ?''

കേട്ടുകൊണ്ടുവന്ന ബാലുവിന് ഉറപ്പായി, താന്‍ ഭൂട്ടാനിലേക്ക് പോവുകയാണ്.

 അന്നേവരെ രണ്ടു തവണ ഗുരുവായൂരും ഒരിക്കല്‍ പഴനിക്കും മാത്രം യാത്ര പോയിട്ടുള്ള ബാലുവിന് മദിരാശിയിലേക്കും അവിടെ നിന്ന് കല്‍ക്കത്തയ്ക്കും സിലിഗുരിയിലേക്കും ഹാഷിമാരയ്ക്കും ടെയിനുകള്‍ മാറി മാറിക്കയറി അഞ്ചാം ദിവസമായപ്പോഴേ മടുത്തുകഴിഞ്ഞു. ഇനിയുമുണ്ട് ഒരുപാടു ദൂരം എന്നു കേട്ടപ്പോള്‍ അന്ധാളിച്ചു പോയി! ചൂടും തിരക്കും ബഹളവും, എന്തൊക്കെയോ എണ്ണയിലുണ്ടാക്കിയ ഭക്ഷണവും, ഇനിയും സഹിക്കാനുണ്ടെന്നോ ?

 പക്ഷെ കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്നിടയിലൂടെ ഒരു മിലിട്ടറി ട്രക്ക് വന്നുനിന്ന് യൂണിഫോമിട്ട രണ്ടു പേര്‍ ചാടിയിറങ്ങി അങ്കിളിനെ സല്യൂട്ട് ചെയ്യുമ്പോഴാണ് ബാലു മിഴിച്ചു പോയത്. അവന്റെ നോട്ടം ശ്രദ്ധിച്ച മധു പറഞ്ഞു:''എടോ, ഈ മലമണ്ടയിലെ റോഡും പാലവുമൊക്കെ ഏതു സമയത്തും ഇടിഞ്ഞു പോകാം. അത് പെട്ടെന്ന് നന്നാക്കി ക്കൊടുക്കാനാണ് ' ഗ്രെഫ് '. ആര്‍മിക്കാരനല്ലെങ്കിലും സുബേദാര്‍ ലെവലിലുള്ള ഒരാപ്പീസറാണ് ഞാന്‍.''
കമാനാകൃതിയിലുള്ള വലിയ ഗെയ്റ്റിനു മുന്നിലെത്തിയപ്പോള്‍ അങ്കിള്‍ ചൂണ്ടിക്കാണിച്ചു:
''അതിന്നപ്പുറത്ത് ഫുണ്‍ഷോലിങ് - എന്നു വെച്ചാല്‍ ഭൂട്ടാനായി.''

ട്രക്ക് കടന്നുപോകാന്‍ ഗെയ്റ്റ് തുറന്നു തരുമ്പോള്‍ അവന്‍ ശ്രദ്ധിച്ചു , തിങ്ങി നിറഞ്ഞ ഒരു ബസ്സും കുറെ ലോറികളും ഒരു വാനും പരിശോധനയ്ക്കായി കാത്തു നില്‍ക്കുകയാണ്! അവിടന്നങ്ങോട്ട് ചുറ്റിച്ചുറ്റി കയറിക്കയറിപ്പോകണം മല മണ്ടയിലേക്ക്.

വഴിയില്‍ എങ്ങോട്ടു നോക്കിയാലും കാടും മലയും നീരുറവകളും. അഗാധമായ കൊല്ലികളും ചെങ്കുത്തായ പാറകളുടെ തിണ്ടു പോലെ നേര്‍ത്ത റോഡും. പെട്ടെന്ന് വഴിതടഞ്ഞ് മൂടല്‍ മഞ്ഞിന്റെ വെളളമതില്‍. മുമ്പോട്ട് വഴി കാണണമെങ്കില്‍ നട്ടുച്ചയ്ക്കും ഹെഡ്‌ലെറ്റിടണം. ചുരം കയറി ചുററിച്ചുറ്റിയുള്ള യാത്രയില്‍ തല കറങ്ങി മയങ്ങിക്കിടന്ന ബാലു, ഉറക്കെ സംസാരം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.'' നമ്മുടെ മധുസ്സാര്‍ എത്തി '. വല്ല കായങ്കുളത്തോ കൊല്ലത്തോ എത്തിയപോലെ! ബാലുവിന്റെ നോട്ടം കണ്ട് ആരോ പറഞ്ഞു:

''ഇവിടെ ഒരു പാട് പേര്‍ നമ്മുടെ നാട്ടുകാരാണ്.''

കൊടുംതണുപ്പില്‍ വിറച്ചു ചൂളിക്കൊണ്ട് ബാലു നോക്കി.

''ഇതാണ് 'സീമാലാഖാ' കോളനി''

വണ്ടി നില്‍ക്കുന്നത് വലിയ നാലു നിലക്കെട്ടിടങ്ങളുടെ മുമ്പിലാണ്. ദൂരെ , മരങ്ങള്‍ക്കിടയിലൂടെ ഒരൊറ്റനിലക്കെട്ടിടം ചൂണ്ടിക്കാട്ടി അങ്കിള്‍ പറഞ്ഞു:

'' അക്കാണുന്നതാണ് നമ്മുടെ കൊട്ടാരം.'' ചെരിഞ്ഞു കിടക്കുന്ന ബോര്‍ഡിനു മുമ്പില്‍ ഇറങ്ങി ട്രക്ക് തിരിച്ചയച്ച് തിരിഞ്ഞ അങ്കിള്‍ ബാലുവിന്റെ സംശയം തീര്‍ത്തു.

''ഇതു പ്രോജക്ടിന്റെ പഴയ ഗസ്റ്റ്‌ഹൌസാണ്.''

ഗൂര്‍ഖയാണെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരന്‍ വാതില്‍ക്കല്‍ ഭവ്യതയില്‍. മധു ചിരിച്ചു:

'' ഠീക് ഛാ, രാം ബഹദൂര്‍?''

'' ഠീക് ഛാ , സാബ്; ബുഖാരി തയ്യാര്‍; ചായ് ഹോഗാ പാംച് മിനറ്റ് മേം''

അകത്ത് ഇളം ചൂട്;  ബുഖാരിയില്‍ കനലായി വിറകുകഷ്ണങ്ങള്‍.  ഗ്രെഫിലെ ആപ്പീസര്‍ക്ക് ജീപ്പും ഡ്രൈവറുമുണ്ട്;  വീട്ടുവേലയ്ക്ക് 'കാഞ്ച'യെ വെയ്ക്കാം. നേപ്പാളികളേ കൂലിപ്പണിക്ക് വരൂ. ഭൂട്ടിയകള്‍ വരില്ലാ. അവര്‍ മാടുകളെ മേയ്ച് നടക്കും. അല്ലെങ്കില്‍ ചെറിയ കടകള്‍ നടത്തും. ചിലപ്പോള്‍ മുള്ളങ്കിയോ ഉരുളക്കിഴങ്ങോ ചീരയോ ഒക്കെ കൃഷി ചെയ്യും.

അല്ലെങ്കിലും ഭൂട്ടിയാ ഭാഷയും വേഷവും വിശ്വാസങ്ങളും ശീലങ്ങളും ഒക്കെ വളരെ വ്യത്യസ്ഥമാണ്!  കാട്ടില്‍ അലഞ്ഞു നടന്ന്, മലഞ്ചെരിവില്‍ കുടില്‍ വെച്ചുകെട്ടി താമസിക്കുന്ന സാദാ ഭൂട്ടിയകളെ പിടിച്ചുകൊണ്ടു വന്ന് വസ്ത്രവും ഭക്ഷണവും കൊടുത്തു പഠിപ്പിയ്ക്കാന്‍ ആലോചനയുണ്ടെന്ന്. ബുദ്ധമതക്കാരാണ്, ലാമമാരെ ആദരിക്കുന്നു പക്ഷെ  വിശക്കുമ്പോള്‍ കൊറിയ്ക്കാന്‍ 'ബക്കു' വിന്റെ കവരത്തില്‍ കൊത്തിനുറുക്കി എങ്ങനെയോ ഉണക്കിയെടുത്ത കാളയിറച്ചിയാണ്!

ബാലുവിന് ഓര്‍മ്മയുണ്ട് , ഭൂട്ടിയക്കടയില്‍ ആദ്യമായി ചെന്നപ്പോള്‍ ഭാര്യയും ഭര്‍ത്താവും വായ നിറച്ച് മുറുക്കാനുമായി ഇരിപ്പാണ്. അവര്‍ നീട്ടിയ'ഡുമ' വെററില ചവച്ചു നോക്കിയതിന് തലകറക്കവും ഛര്‍ദ്ദിയുമായി രണ്ടു ദിവസം നരകിക്കേണ്ടി വന്നു.

സീമലാഖായില്‍ എത്തിയ പിറ്റെ ദിവസം അങ്കിളിന്റെ പഴയ ഫുള്‍  സ്വെറ്ററുമിട്ട് ബാലു ചൂടും കാഞ്ഞിരിക്കുമ്പോള്‍  ഓരോരുത്തരായി എത്തി.'ചുഖ'യില്‍ നിന്ന് പീറ്ററും രാമകൃഷ്ണനും സിമാലാഖയില്‍ത്തന്നെ താമസിക്കുന്ന പരശുരാമനും ബാനര്‍ജിയും എച്ച് എന്‍ ശര്‍മ്മയും 'സര്‍ജ്ഷാഫ്റ്റിലെ' ആര്‍മി ഓഫീസര്‍ സോമന്‍ നായരും. ഞായറാഴ്ചയും ഒഴിവു ദിവസങ്ങളിലും ക്വാര്‍ട്ടര്‍ നമ്പര്‍'111'ല്‍ അവരൊത്തുകൂടും. റമ്മി കളിച്ചും വറുത്തതോ പൊരിച്ചതോ കൂട്ടി ഒന്നോ രണ്ടോ പെഗ്ഗ് വിസ്‌കിയും പാട്ടും അല്‍പം ബഡായിയുമായി ഭൂട്ടാന്‍ ജീവിതം മടുപ്പില്ലാതെ നിര്‍ത്തുകയാണ്. മധു അങ്കിള്‍ ഒറ്റയ്ക്കായതു കൊണ്ടും ബുഖാരിച്ചൂടില്‍ തണുപ്പറിയാത്ത, എന്നാല്‍ വിശാലമായ മുറിയായതു കൊണ്ടും വിളിക്കുമ്പോള്‍ ഓടിയെത്താന്‍ കാഞ്ചയുള്ളതുകൊണ്ടും111 താവളമായതാണ്!  ഡ്യൂട്ടിയില്ലാത്തപ്പോള്‍ പയ്യന്മാരും കൂടും, കണ്ടിരിക്കാനും  തീററയില്‍ പങ്കുചേരാനും കോറം തികയാത്തപ്പോള്‍ കൂട്ടു  കൊടുക്കാനും . ചീട്ട് ഒതുക്കുന്നതിന്നിടയില്‍ പീറ്റര്‍ പറഞ്ഞു:

''ബാലഗോപാലന്‍ നാളെ പത്തു മണിക്ക് എന്റെ ഓഫീസില്‍ എത്തിക്കൊള്ളു. ബയോഡാറ്റ എഴുതിത്തന്നാല്‍ പന്ത്രണ്ട് മണിയ്ക്കു മുമ്പ് ഓഡര്‍ തന്നേക്കാം.''
പോകാന്‍ നേരം അയാള്‍ ചോദിച്ചു:

''നീ ടൈപ് റൈറ്റിംഗ് പാസ്സായിട്ടുണ്ടോ, എങ്കില്‍ ഇവിടെ എന്‍ക്വയറിയില്‍ത്തന്നെ തന്നേക്കാം''
ഒക്കെ ഒരു  സ്വപ്നം പോലെയാണ് അന്നു തോന്നിയതെന്ന്  ബാലു ഓര്‍ത്തു.  ചുഖയില്‍ ഓഡര്‍ വാങ്ങാന്‍ ഒരു ജോസും കാത്തു നിന്നിരുന്നു. കംപ്ലെയ്ന്റ് ക്ലാര്‍ക്കായി ജോസച്ചായനേയും അതേ ആപ്പീസില്‍ ആക്കിയപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചില്ലെന്നേയുള്ളു.

 സിലിഗുരിയില്‍ ടീസ്റ്റാള്‍ നടത്തിയിരുന്ന ജോസച്ചായന്റെ പ്രശ്‌നം ഭാര്യ കൂടെയുണ്ടെന്നുള്ളതാണ്. ആദ്യം വൈമനസ്യം കാണിച്ചെങ്കിലും ബാലുവിന്റെ അപേക്ഷയില്‍ അങ്കിള്‍ സമ്മതിച്ചു. മൂപ്പരുടെ ഭാഷയില്‍, 'ഒരു ജോസ് - സാലി കുടുംബത്തെക്കൂടി നൂറ്റിപ്പതിനൊന്നിലേക്ക് ദത്തെടുത്തേക്കാ മെ'ന്ന്. കുട്ടികളില്ലാത്ത ജോസച്ചായനും സാലിച്ചേച്ചിക്കും പാചകം ഒരു പാഷനായിരുന്നു. അവരെത്തി കുറച്ചു ദിവസത്തിനുള്ളില്‍ 111 ലെ പതിവുകാരും അത് ശരിവെച്ചു.

ബാലുവിന് പക്ഷെ എന്തു തണുപ്പായാലും കാടിന്റെയും മലയുടെയും ഭംഗി കണ്ടു നടക്കാനും വല്ല പാറപ്പുറത്തും കയറിയിരുന്ന് സൂര്യനസ്തമിക്കുന്നതു നോക്കാനുമാണ്. വിറക് വെട്ടുകാര്‍ നടന്നു നടന്നുണ്ടാക്കിയ കാട്ടുവഴികളിലൂടെ എത്തിനോക്കുമ്പോഴാണ് കണ്ണ് വിടരുക ! എന്തെല്ലാം പൂക്കളാണ് പക്ഷികളാണ് പൂമ്പാറ്റകളാണ്! വര്‍ഷകാലം കഴിഞ്ഞ് ' വാങ്ചു'വിലെ വെള്ളം വറ്റിയാല്‍ ഒര് കാഴ്ചയാണ്! ദൂരെ നിന്നേ തലച്ചുമടായും കോവര്‍ക്കുഴുതപ്പുറത്തും ഓറഞ്ചും ആപ്പിളും നിറച്ച കൊട്ടകളുമായി 'ബക്കുധാരികള്‍' വരിവരിയായി ഇറങ്ങിവരും. വൈകുന്നേരങ്ങളില്‍ അലഞ്ഞു നടക്കുന്നതിന്നിടയിലാണ് അവന്‍ അവന്റെ 'കാഴ്ചക്കൂട്' കണ്ടെത്തിയത്.

എല്ലാതരം കാര്യങ്ങളും സന്തോഷിപ്പിക്കുന്നതാകണമെന്നില്ലല്ലോ. മോണിംഗ് വാക്ക് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ സങ്കടം തോന്നും. റോഡരികില്‍ നിരനിരയായിരുന്ന് കരിങ്കല്ല് ഉടയ്ക്കുന്ന പട്ടിണിപ്പാവങ്ങള്‍. ആണും പെണ്ണും, എഴുന്നേല്‍ക്കാന്‍ ശേഷിയില്ലാത്ത വൃദ്ധരും ആറും ഏഴും വയസ്സു കുട്ടികള്‍ വരെ പാറക്കഷ്ണങ്ങള്‍ ചുമന്നു കൊണ്ടുവരാനും ഉടച്ച മെറ്റല്‍ ചട്ടിയില്‍ക്കോരി ഓരത്ത് കൂട്ടിയിടാനും തിരക്കുകൂട്ടുന്നു. ജീവന്‍ നിലനിര്‍ത്തണ്ടേ! വിരാട് നഗറിലേയും ലളിത്പൂരിലേയുമൊക്കെ ദാരിദ്ര്യം പിടിച്ച ഗ്രാമങ്ങളില്‍ നിന്ന് എന്തും സഹിക്കാന്‍ ഏജന്റുമാര്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടവരാണവര്‍. ഇനി ആയുഷ്‌ക്കാലം മുഴുവന്‍'ബൈദാരു'ടെ അടിമകളായിരിക്കും. ഭൂട്ടാനിലേക്ക് കടക്കാന്‍ ആളൊന്നുക്ക് അടയ്‌ക്കേണ്ടതായ ഇരുപത്തഞ്ചു രൂപ അയാളാണ് വഹിക്കുന്നത്! ആര്‍മി, ഗ്രെഫ്, പ്രോജക്ട് കളിലെ കൂലിപ്പണിയ്ക്കും കരാറ് എടുക്കുന്നത് ബൈദാര്‍ ആവും. പുതുതായി  ചേര്‍ന്ന ക്ലാര്‍ക്കിനുപോലും മാസശമ്പളം അറുനൂറ്റമ്പതു രൂപയുള്ളപ്പോള്‍ പാറ ഉടയ്ക്കുകയും ടാര്‍ ഉരുക്കി നിരത്തുകയും ചെയ്യുന്നതിന് ദിവസക്കൂലി, ചെറുപ്പക്കാര്‍ക്ക് ഏഴു രൂപയും വയസ്സന്‍മാര്‍ക്കും കുട്ടികള്‍ക്കും നാല് രൂപയുമാണ്! ഒന്നിച്ച് കാശ് വാങ്ങുന്ന ബൈദാര്‍ അവര്‍ക്ക് കോളനിയില്‍ താമസിക്കാന്‍ ഷെഡ്ഡും ടെന്റും ഭക്ഷണത്തിന് ആട്ട, ഉരുളക്കിഴങ്ങ്, അരി, പഞ്ചസാര സ്സാമാനങ്ങളും എണ്ണ. സോപ്പ് . മെഴുകുതിരി, തുണി ഇത്യാദിക്കു പുറമെ കൈക്കാശും വിതരണം ചെയ്യും. അനുസരണക്കേട് കാണിച്ചാല്‍ കൈകാല്‍ ഒടിച്ച് കൊക്കയിലെ റിഞ്ഞെന്നും വരും. എളിയില്‍ തിരുകി വെച്ച നാലഞ്ച് ഉണക്കച്ചപ്പാത്തി, ഒരു തുണ്ട് ഉള്ളിയോ ഒരു പച്ചമുളകോ കടിച്ച് കൂട്ടി പിച്ചിത്തിന്നുന്നതാണ് പകല്‍,  ജോലിക്കിടയിലെ ആഹാരം. ഊറ്റില്‍ നിന്ന് കോരിക്കുടിക്കുന്ന വെള്ളത്തില്‍ നിറയെ മൈക്കയുടെ തിളങ്ങുന്ന തരികളുണ്ടാവും. ചെറിയ കുട്ടികള്‍ കുപ്പായമിട്ടു കണ്ടിട്ടില്ലാ. അങ്ങനെയും ആളുകള്‍ ജീവിക്കുന്നു. പട്ടിയും, പൂച്ചയും, കോഴിയും, ശാഠ്യം പിടിച്ചു കരയുന്ന കുട്ടികളും, ഇരുന്നു ഞെരങ്ങുന്ന വൃദ്ധന്‍മാരുമായി വീര്‍പ്പുമുട്ടുന്ന'ബസ്തി'യില്‍ നിന്ന് സന്ധ്യയ്ക്ക് മണിയൊച്ച കേള്‍ക്കാം. അവിടെയും പൂവും അലങ്കാരവും പൂജയും പ്രസാദവുമായി ഭവാനിയും ശിവ്ജിയും കുടിയിരിക്കുന്ന മന്ദിര്‍ ഉണ്ട് . ചില രാത്രികളില്‍ വൈകും വരെ കുഴലും ധോലക്കുമായി സംഘം ചേര്‍ന്ന് പാടുന്നതും കേള്‍ക്കാം.

ബാലു സീമാലാഖായിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു വരുന്നേയുള്ളു; ഒരു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അങ്കിളിന്റെ കയ്യില്‍ നീണ്ട കവര്‍; ട്രാന്‍സ്ഫര്‍ ഓഡറാണെന്നും 'പാരോ'യിലേക്കാണെന്നും. ബാലുവിന്റെ വാടിയ മുഖം കണ്ടപ്പോള്‍ അങ്കിള്‍ ആശ്വസിപ്പിച്ചു:

'' ഓരോ സ്ഥലത്തും മൂന്നു കൊല്ലമാണ് കണക്ക്, ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്; നിനക്കെന്തിനാണ് വിഷമം? ഇവിടത്തെ ജോലിയും ജീവിതവുമെല്ലാം പരിചയമായിക്കഴിഞ്ഞല്ലോ. പിന്നെ, പകരം വരുന്നത് സേതുമാധവനാണ്. മലയാളി, നല്ല മാതിരിയാണ്.''

മധു അങ്കിള്‍ പിറ്റെദിവസം താക്കോലേല്‍പിച്ച് പോയി രണ്ടു മണിക്കൂറിനകം ചന്ദ്രന്‍ പിള്ള നൂറ്റിപ്പതിനൊന്ന് തന്റെ പേരിലാക്കി. മൂപ്പര്‍ നേരത്തേ കരു നീക്കിയിരുന്നു. പിള്ളസ്സാറിന് ലെയ്‌സണ്‍ ഓഫീസറായി പ്രൊമോഷന്‍ കിട്ടിയത് ഈയിടയ്ക്കാണ്. ബാലുവിന് വിഷമം , താന്‍ അനൗദ്യോഗികമായി താമസിക്കുന്ന വീട് ഇനി പിള്ള സ്സാറിന്റെ പേരിലാണല്ലോ. അങ്കിളിന്റെ മാതിരിയേ അല്ലാ പിളളസ്സാര്‍. ഒന്നാമത് ആരോടും മൂപ്പര്‍ക്ക് അങ്ങനെ സ്‌നേഹമൊന്നുമില്ല. ഭാര്യയെത്തന്നെ കല്യാണം കഴിഞ്ഞയുടന്‍ വേണ്ടെന്നു വെച്ചതാണോ അതല്ലാ ഭാര്യ അയാളെ വേണ്ടെന്നു വെച്ചതാണോ എന്ന് അടക്കം പറച്ചില്‍. കിടക്കുമ്പോള്‍ മാത്രമല്ലാ കളിക്കാനിരിക്കുമ്പോഴും വേണം രണ്ടു പെഗ്ഗ്. സ്ത്രീകളുടെ മുമ്പില്‍ വെച്ചു പോലും സഭ്യത വിട്ട് സംസാരിച്ചേക്കും. വിസ്‌കിയും ബ്രാണ്ടിയും വേണ്ടപ്പോള്‍ എടുക്കാന്‍ ഷെല്‍ഫില്‍ത്തന്നെ വെച്ചിട്ടുണ്ട്. എന്‍ക്വയറിയിലെ ചെറുപ്പക്കാര്‍ പോലും സ്വകാര്യമായി 'കുറുക്കന്‍പിള്ള' എന്ന് സൂചിപ്പിക്കാറുണ്ട്.

ഒരു ദിവസം ഓഫീസില്‍ നിന്നു വരുമ്പോള്‍ ജോസച്ചായന്‍ വിഷണ്ണനായി ഇരിക്കുന്നു. നിര്‍ബ്ബന്ധിച്ചപ്പോള്‍ പറഞ്ഞു:''സാലിയ്ക്കു പഴയ മാതിരി ഒരു സ്വാതന്ത്ര്യ മോ സൌകര്യമോ തോന്നുന്നില്ലാ. ഒന്നാമത്, അപരിചിതര്‍ പലരും കയറിവരുന്നു. ലിവിംഗ് റൂമില്‍ സദാസമയവും ചിരിയും തമാശയുമാണ്. രഞ്ജന്‍ ഥാപ്പയെ തനിക്കും ബാലുവിനും അറിയാമെങ്കിലും ആ നേപ്പാളി അകത്തൊക്കെ പെരുമാറുന്നത് സാലിക്ക് പിടിക്കുന്നില്ലാ.''

മുമ്പില്‍പ്പെട്ടാല്‍ നാക്ക് ഞൊടിച്ച് ,കണ്ണിറുക്കി തമാശ മട്ടില്‍ ചിരിക്കുന്ന ശീലമുണ്ടവന് . പെരുമാററത്തില്‍ ഒരു കള്ളലക്ഷണമുണ്ടെന്ന് തനിക്കും തോന്നിയിട്ടുണ്ട്. അവന്‍, പക്ഷെ എന്തൊക്കെയോ കണ്ടിട്ടാണ് പിള്ള സ്സാറിനെ ചുററിപ്പറ്റി നടക്കുന്നത് . പിള്ള'ചായ' എന്ന് മനസ്സില്‍ വിചാരിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ രഞ്ജന്‍ ചായ മുമ്പില്‍ വെച്ചിരിക്കും. മൂപ്പര്‍ ഒരു പെഗ്ഗ് കഴിച്ചാലോ എന്ന് ആലോചിക്കുമ്പോഴേക്കും ഗ്ലാസ്സും വെള്ളവും കുപ്പിയും കൊറിക്കാനുള്ളതും റെഡി. കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ ഏറ്റുന്നതും ബുഖാരി കത്തിക്കുന്നതും ഷൂ പോളീഷ് ചെയ്തു വെക്കുന്നതു വരെ അവനാണ്. ബസ്തിയില്‍ ഇടമുണ്ടായിട്ടും തൊഴിലാളികളുടെ കൂടെ ചേരുന്നതിനെക്കാള്‍ ചത്തുകളയുകയാണ് ഭേദമെന്ന് അവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പ്രോജക്ടിലെ ക്ലീനിംഗ് ജോലിയ്ക്ക് ദിവസക്കൂലിയില്‍  എട്ടുപത്തുപേരുണ്ട്. അക്കൂട്ടത്തില്‍ കാര്യഗൗരവവും മിടുക്കും രഞ്ജനു തന്നെ.  പ്യൂണ്‍ ജോലി സ്ഥിരമാവുക എന്നതാണ് അവന്റെ ജീവിതാഭിലാഷം തന്നെ! പിള്ള സ്സാറിന്റെ 'അക്കിലിയസ്സ്‌സ്‌പോട്ട്'രഞ്ജന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെ വല്ലതും ഒപ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം സ്വപ്നം സഫലമാകുമെന്ന് രഞ്ജനും, തന്നെ പ്രസാദിപ്പിക്കാന്‍ ഉത്സാഹിച്ചു നടക്കുകയാണവനെന്ന് പിള്ളയും പ്രതീക്ഷിക്കുന്നുണ്ടാവണം.

' അന്ന് സാലി അടുക്കളയില്‍ തിരക്കിട്ട പണിയിലായിരുന്നപ്പോഴാണ് ' ഹടോ, ഹട്' എന്നും പറഞ്ഞ് തള്ളിമാറ്റി തിളപ്പിച്ച് വെച്ച വെള്ളം ജഗ്ഗില്‍ നിറച്ച് ഗ്ലാസ്സുകളുമായിത്തിരിഞ്ഞത്. സാലിയുടെ കയ്യില്‍ത്തട്ടി ഗ്ലാസ്സ് വീണ് ഉടഞ്ഞപ്പോള്‍' അന്ധാ ഹെ ക്യാ' എന്ന് ചോദ്യം ചെയ്താണവന്‍ ഇറങ്ങിപ്പോയതെന്ന്. പിള്ളസ്സാറിനെ അറിയിക്കാന്‍ ഒന്നു രണ്ടു തവണ ശ്രമിച്ചെങ്കിലും അയാള്‍ ചെവി തന്നില്ല.''

അതും പറഞ്ഞ് അച്ചായന്‍ ബാലുവിന്റെ കൈപിടിച്ചു:

''ഓരോരുത്തരുടെ പിന്നാലെ നടന്ന് കാര്യം ഒത്തു- ഞങ്ങള്‍ നാളെ ക്ലാസ്സ് 4 ക്വാര്‍ട്ടറിലേക്ക് മാറുകയാണ്. അതു കേട്ടപ്പോള്‍ കണ്ണും ചുവന്നിരിക്കുന്ന പിള്ള കയ്യിലിരുന്ന ഗ്ലാസ്സില്‍ നിന്നും കണ്ണെടുക്കാതെ മുരണ്ടു ' നല്ല കാര്യം'. കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാള്‍ ബാലുവിന്റെ നേര്‍ക്ക് തിരിഞ്ഞു:

'' എന്താ നിനക്കും മാറണ്ടേ ?''അതും കൂടി കേട്ടപ്പോള്‍ തനിക്കും അധികകാലം അവിടെ തുടര്‍ന്നു പോകാന്‍ പ്രയാസമാകുമെന്ന് തീര്‍ച്ചയായി.

രണ്ടു മൂന്നുപേര്‍ കൂടി രാവിലെത്തന്നെ ജോസച്ചായനേയും സാലിച്ചേച്ചിയേയും പുതിയ വീട്ടിലാക്കിത്തിരിച്ചു പോന്നു.മധു അങ്കിളിനുപകരം വന്ന സാറിനെ അതേ വരെ ചെന്നുകണ്ടില്ലെന്ന് ബാലു ഓര്‍ത്തു. അവര്‍ക്ക് കിട്ടിയ വീട് ആകാശത്ത്, ബ്ലോക്ക് അഞ്ചില്‍ നാലാം നിലയിലാണ്. വാതില്‍ തുറന്നതും,'' ഞാന്‍ ബാലഗോപാലനാണ്; മാധവന്‍ കുട്ടിയുടെ ...'' എന്ന് പരിചയപ്പെടുത്തുമ്പോഴേക്കും അയാള്‍ കൈ നീട്ടി:

'' വാ ,വാ. ബാലുവിനെ ഇതേവരെ കണ്ടില്ലല്ലോ എന്ന് പറയുകയായിരുന്നു ഞങ്ങള്‍*

തൊപ്പിയും ഗ്ലൗസ്സും ഊരി ടീപ്പോയിയില്‍ വെയ്ക്കുമ്പോള്‍ അയാള്‍ വിളിച്ചു.:''നമുക്ക് അകത്ത് ബുഖാരിയുടെ അടുത്തുപോയി ഇരിക്കാം.''

''കണ്ടില്ലെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞ് നിന്നെ തെരഞ്ഞ് വരണമെന്ന് പറയുകയായിരുന്നു, സേതു ഏട്ടന്‍''. അപ്പറഞ്ഞത് നാലഞ്ച് പ്ലേറ്റുകളുമായി വാതില്‍ക്കല്‍ എത്തി നോക്കുന്ന ചേച്ചി:

'' തണുപ്പല്ലേ, ഡിന്നര്‍ ഇത്തിരി നേരത്തെ ആയ്‌ക്കോട്ടെ എന്നു വെച്ചു. ചപ്പാത്തിയും ചോറുമുണ്ട്, നിനക്ക് രണ്ടും പറ്റില്ലെങ്കില്‍ ചൂടു ദോശ ചുട്ടു തരാം.''ബാലുവിന് അതിശയം തോന്നി.'ഇങ്ങനെയും ആളുകളോ! കഴിഞ്ഞ ജന്മത്തിലേ ബന്ധുക്കളായിരുന്ന പോലെ'.

മുടി ജപ്പാന്‍കട്ട് ചെയ്ത , ഓമനത്തമുള്ള കുഞ്ഞുങ്ങള്‍ രണ്ടു പേര്‍ ഓടി വന്ന് സേതുസാറിന്റെ ഇരു ഭാഗത്തുമായി ചേര്‍ന്നുനിന്നു. ബാലു കൗതുകത്തോടെ നോക്കി.

'' ഇത് ഗീതാ എസ് മാധവന്‍, ഇത് ദീപാ എസ് മാധവന്‍, പോരേ ?''

'' ഇതാരാണ്, പപ്പാ?'' നാലുവയസ്സുകാരിയുടെ അന്വേഷണത്തിന് അവരുടെ അച്ഛന്റെ മറുപടി:

'' ഇത് മക്കളുടെ ബാലു അങ്കിള്‍ !''ഒറ്റ ദിവസം കൊണ്ടവര്‍ സേതുവേട്ടനും മാലുച്ചേച്ചിയും ഗീതമോളും ദീപമോളും ബാലു മാമനുമായി രൂപം മാറി.

 പിന്നെ എല്ലാ ദിവസവും അഞ്ചു മണിയ്ക്ക് കുട്ടികള്‍ റെഡി, മാമന്റെ കൂടെ ചുററാന്‍ പോകണം, മിഠായി നുണയണം കാടും പൊന്തയും എന്നില്ലാതെ പൂപ്പറിയ്ക്കണം. വാ തോരാതെ അതുമിതും ചോദിച്ചും പൊട്ടിച്ചിരിച്ചും രണ്ടു കൈത്തണ്ടയിലും തൂങ്ങി നടക്കുന്ന കുഞ്ഞുങ്ങളെ എല്ലാവരും കൗതുകത്തോടെ നോക്കും. ബാലുവിനും അഭിമാനമോ സന്തോഷമോ അധികം എന്നറിയില്ലാ.'തായി ഗാങ്ങി'ലെ കൗണ്ടറില്‍ ഭാര്യയായാലും ഭര്‍ത്താവായാലും കിട്ടും കുട്ടികള്‍ക്ക് ഓരോ ചോക്ലേറ്റ്. അതു മാത്രമല്ലാ, കുട്ടികള്‍ക്കിഷ്ടമാകാന്‍, അവിടെ ജീവനുള്ള രണ്ട് സില്‍ക്ക് പന്തുകളുണ്ട്! നനുത്ത , നീണ്ട രോമങ്ങള്‍ മൂടി സ്വര്‍ണ്ണ നിറത്തിലും തൂവെള്ളനിറത്തിലും പട്ടിക്കുഞ്ഞുങ്ങള്‍. പിന്നെപ്പിന്നെ രണ്ടാള്‍ക്കും പപ്പീസിനെ നെഞ്ചത്തടക്കിപ്പിടിച്ചു നടക്കണം. അവറ്റയ്ക്ക് ചൂട് സഹിക്കാനേ ആവില്ലെന്നും ഫുണ്‍ഷോ ലിങ്ങില്‍ എത്തിയാല്‍ത്തന്നെ ചത്തുപോകുമെന്നും കേട്ടപ്പോള്‍ സങ്കടം.

ഡ്യൂട്ടിസ്സമയം കഴിഞ്ഞാല്‍ ബാലു ഒന്നുകില്‍ അറുപതാം ന., അല്ലെങ്കില്‍ കുട്ടികളുടെ കൂടെ സര്‍ക്കീട്ടില്‍; ഉറങ്ങാന്‍ നേരത്തേ നൂറ്റിപ്പതിനൊന്നില്‍ എത്തു. തികച്ചും അപ്രതീക്ഷിതമായ ഓരോ സംഭവങ്ങള്‍! മൂന്നേമൂന്നാഴ്ചകൊണ്ട് എവിടെയെത്തി!

അന്ന് ഏറെ നേരം സേതുവേട്ടന്റെ കൂടെ ചെസ്സും കളിച്ചിരുന്ന്  ഇറങ്ങുമ്പോള്‍ വീടുകളിലെ ലൈറ്റണയാന്‍ തുടങ്ങിയിരിക്കുന്നു. കോച്ചുന്ന തണുപ്പില്‍ ചൂളിപ്പിടിച്ച് നൂറ്റിപ്പതിനൊന്നിലെത്തി താക്കോല്‍ തപ്പുമ്പോള്‍ വാതില്‍ ചാരിയിട്ടേ ഉള്ളൂ, ആരോ അകത്തു കടന്നപോലെ.
പിള്ളസ്സാര്‍എന്തോ സ്വത്ത് തര്‍ക്കവുമായി നാട്ടില്‍പ്പോയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു. പെട്ടെന്ന് തിരിച്ചു പോരാന്‍ ഉദ്ദേശിച്ചാലും നടക്കില്ലാ. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റില്‍ ബംഗാളും ഒറീസ്സയും പ്രളയത്തില്‍ മുങ്ങിയിരിക്കയാണ്. ഫറാക്കായില്‍ പാലം തകര്‍ന്ന് വണ്ടികളേ ഓടാതായിട്ടുണ്ട്. പിള്ളയില്ലാത്തതു സൌകര്യമാക്കി രഞ്ജനും നേപ്പാളിലേക്ക് പോയിരിക്കുന്നു.

 ധൈര്യം സംഭരിച്ച് വാതില്‍ തള്ളിത്തുറന്നപ്പോള്‍ അന്തംവിട്ടു പോയി. തൂമഞ്ഞില്‍ നിന്ന് ഊര്‍ന്ന് ഉറഞ്ഞ പോലെ ഒരു പെണ്ണ്! സൈരാബാനുവിന്റെ കുഞ്ഞനിയത്തിയാണെന്ന് തോന്നിപ്പോയി. തണുത്ത് വിറച്ച്, കൈകള്‍ പിണച്ച് സോഫയുടെ അററത്ത് കൂനിക്കൂടി ഇരിക്കുകയാണ്! പരിഭ്രമിച്ചു പോയെങ്കിലും ബാലു ഹിന്ദിയില്‍ ചോദിച്ചു, നീ ഏതാണ് ? എങ്ങിനെ ഇവിടെ എത്തി?

അതിലും സംഭ്രമത്തില്‍ അവള്‍ ചാടിയെഴുന്നേറ്റു:

''മലായി രഞ്ജന്‍ലേ ല്യായി കോ ഛു''.

നേപ്പാളി കേട്ടാല്‍ അര്‍ത്ഥം പിടികിട്ടുമെന്നായിട്ടുണ്ട്-' രഞ്ജനാണ് തന്നെ കുട്ടിക്കൊണ്ടുവന്നത്'' എന്ന്.''എന്നിട്ട് അവന്‍ എവിടെപ്പോയി?''

അവള്‍ കൈമലര്‍ത്തി.

'' നീ രഞ്ജന്റെ ഭാര്യയാണോ?''. അത്  ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന മട്ടില്‍ നാക്കിന്റെ തുമ്പ് കടിച്ചു കൊണ്ടവള്‍ നിഷേധിച്ചു.'' ഹൊയ്‌നാ,ഹൊയ്‌നാ, മാ കസൈകൊ വൈഫ് ഹു മിന്നാ!''- ഞാനാരുടെയും ഭാര്യയൊന്നുമല്ലാ. പരിഭവത്തിലാണ്. കുഞ്ഞുങ്ങളുടേതു പോലെ ഓമനത്തമുളള ആ മുഖത്തെ കോപം കണ്ട് ആ അവസ്ഥയിലും ബാലുവിന് ചിരി പൊട്ടി. അവന്റെ ആറാമിന്ദ്രിയം സൂചിപ്പിച്ചു , ഡെയ്ഞ്ചര്‍! രഞ്ജന്‍ വന്നാലും ഇല്ലെങ്കിലും അവളെ അവിടെ അങ്ങനെ നിര്‍ത്തിക്കൂടാ. നേപ്പാളിയാണെങ്കിലും ഭേദപ്പെട്ട വീട്ടിലെയാണെന്ന് കണ്ടാലറിയാം. അവന്‍ ആജ്ഞാസ്വരത്തില്‍ പറഞ്ഞു: '
എന്നാല്‍ വാ, ഇവിടെ നിന്നു കൂടാ, അപകടമാണ്, രക്ഷയുള്ളേടത്ത് കൊണ്ടുചെന്നാക്കാം.''

അവള്‍ ഒരു നിമിഷം അവനെ തറപ്പിച്ച് നോക്കി പിന്നെ അവളുടെ ബാഗുമെടുത്ത് പിന്നാലെ ഇറങ്ങി. വാതില്‍ പൂട്ടി നടക്കുമ്പോള്‍ സേതുവേട്ടന്റെ അവിടേക്കാണ് ഉദ്ദേശിച്ചതെങ്കിലും പിന്നെ തോന്നി, സാലിച്ചേച്ചിയെ ഏല്‍പിക്കുകയാണ് ഉചിതം.

വാതില്‍ തുറന്ന സാലി ആ സമയത്ത് ബാലുവിനെക്കണ്ട് അത്ഭുതം കൂറി. പിന്നാലെ ഇരുട്ടില്‍ നിന്ന് നീങ്ങി വന്ന പെണ്‍കുട്ടിയെക്കണ്ട് ചേച്ചി ആദ്യം ഞെട്ടി. പിന്നെ അവനെ രൂക്ഷമായി നോക്കി. അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ട ജോസച്ചായന്‍ പറഞ്ഞു:'' ഇവള്‍ അങ്ങനെയിങ്ങനെ നടക്കുന്നവളാണെന്ന് തോന്നുന്നില്ലാ; ഏതായാലും ഇന്നിവിടെ നില്‍ക്കട്ടെ . എല്ലാവരോടും ആലോചിച്ച് എന്താണെന്നു വെച്ചാല്‍ നോക്കാം.''

തിരിച്ച് ചെല്ലുമ്പോള്‍ രഞ്ജനുണ്ട് മുറ്റത്ത് വെകിളിപിടിച്ച പോലെ നടക്കുന്നു! ഇടയ്ക്ക് ചെന്ന് പൂട്ട് പിടിച്ചു വലിച്ച് നോക്കുന്നുമുണ്ട്. ബാലുവിനെക്കണ്ടതും അവന്‍ ഉദ്വേഗത്തോടെ ഓടിവന്നു. അവന്‍ ചോദിയ്ക്കാന്‍ തുടങ്ങും മുമ്പെ ബാലു അവന്റെ കോളറില്‍പ്പിടിച്ച് ഉലച്ചു.

'' എന്തു ധൈര്യത്തിലാണെടാ അവളെ ഇങ്ങോട്ട് കൊണ്ടുവന്നത്? ഇവിടെ നിര്‍ത്താന്‍ പറ്റില്ലാ. സാലി ച്ചേച്ചിയുടെ അവിടെ കൊണ്ടാക്കിയിട്ടുണ്ട്. രാവിലെ അവരൊക്കെ പറയുമ്പോലെ ചെയ്യണം.''റൊട്ടിയും പഴവും തേടിപ്പോയി വരുമ്പോഴേക്കും അവള്‍ എവിടേക്കെങ്കിലും ഓടിപ്പോയോ എന്ന പേടിയായിരുന്നു ആദ്യം. ബാലു പറഞ്ഞയച്ചതാണെന്ന് അറിഞ്ഞപ്പോള്‍ പരിഭവമായി. എല്ലാവരും അറിഞ്ഞെന്നായപ്പോള്‍ അരിശവും .അവന്‍ കൈ ചൂണ്ടി ബാലുവിന്റെ നേര്‍ക്ക് ചെന്നു.

'' നിങ്ങള്‍ ചെയ്തത് ശരിയായില്ലാ; ഞാനെന്തിന് വല്ലവരും പറയുന്നത് കേള്‍ക്കണം? എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം.''

ബാലു അക്ഷോഭ്യനായി പറഞ്ഞു:'' എടോ, പൊട്ടത്തരം പറയാതെ, മര്യാദയ്ക്കല്ലെങ്കില്‍ നിന്നെ എല്ലാവരും കൂടി 'റംജാമി'നെ ഏല്‍പിക്കും; അത്ര തന്നെ.

റംജാം എന്ന് കേട്ടപ്പോഴേ രഞ്ജന്‍ അടങ്ങി. പോലീസ്, കോടതി, ജയില്‍ - എല്ലാറ്റിന്റെയും അധികാരിയാണ്. കട്ടവന്റെ കൈവെട്ടുന്ന നാട്ടില്‍ ചോദ്യവും ഉത്തരവും പ്രധാനമല്ല. വഴിയില്‍ ഒരാളെ വേറൊരുത്തന്‍ അടിച്ചാല്‍ രണ്ടു പേരേയും പിടിച്ചു കൊണ്ടുപോകും. റം ജാം വരും ദിവസം വരെ വലിയ കൊട്ടയില്‍ മണ്ണ് ചുമപ്പിക്കുകയോ വലിയ ബക്കറ്റില്‍ വെള്ളം കോരിക്കുകയോ ചെയ്യും. പിന്നെയാണ് ആരാണ് അടിച്ചത് എന്ന അന്വേഷണം.' സോങ്കി'ല്‍ കുറച്ചു കാലം കിടന്നാല്‍ പിന്നെ നടക്കാന്‍ പരസഹായം വേണ്ടി വരും. മദ്യം കഴിച്ചതുകൊണ്ടാവും ഉറങ്ങാന്‍ കിടന്ന രഞ്ജന്‍ ഏറെ നേരം കരയുകയും പറയുകയും ചെയ്തു: ' ആഗ്രഹിക്കും പോലെ ആരും 'കാഞ്ച'യായി വരില്ല','നൂലററാല്‍ പട്ടം പറന്നു പോകും', 'ഒക്കെ വെള്ളത്തിലെ വര പോലെ ആവുകയാണ്'എന്നുമൊക്കെ പുലമ്പുന്നതു കേട്ടു.

ബസ്തിയില്‍ നിന്ന് രാത്രികളില്‍ ആര്‍മി ക്യാമ്പിന്റെ പിറകിലെ ഗെയ്റ്റിലൂടെ ഒരുങ്ങിപ്പുറപ്പെട്ട് എത്തുന്ന പെണ്‍കിടാങ്ങളുണ്ട്. അവര്‍ക്ക് പോക്കറ്റ് മണിക്കു പുറമെ പൗഡര്‍, സോപ്പ്, പെര്‍ഫ്യും ഒക്കെ സമ്മാനവും കിട്ടും. ഏജന്റ്മാര്‍ക്ക് അദ്ധ്വാനമില്ലാതെ കിട്ടും, കാശ്. ബൈദാര്‍ക്കും കിട്ടും ആ വകയില്‍ മിലിട്ടറി സൗജന്യങ്ങള്‍ - ചുരുക്കത്തില്‍ എല്ലാവരും 'ഖുശീ , ഖുശി'.

കാലത്തേ രഞ്ജന്‍ എഴുന്നേറ്റ് കൂനിക്കൂടി ഇരിക്കുന്നുണ്ട്. മുഖത്ത് ഒരിളിഭ്യതയാണ്. ബാലു പറഞ്ഞു:'' വേഗം ചായയിട്, ഉടനെ ഇറങ്ങണം.

ശര്‍മ്മാജിയേയും സേതുവേട്ടനേയും ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ച് കൂടെ കൂട്ടി. തറപ്പിച്ചു പറയേണ്ടി  വന്നാല്‍ സേതുവേട്ടനായിക്കൊള്ളും. പിന്നെ, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ശര്‍മ്മ വിരാട് നഗര്‍കാരന്‍ തന്നെയാണ്! ആഞ്ജലിനെ കണ്ടതും രഞ്ജന്‍ ചാടിച്ചെന്ന് പരിഭവം പറച്ചിലായി.അവളാണെങ്കില്‍ ദ്വേഷ്യത്തിലാണ്.

ശര്‍മ്മയുടെ ചോദ്യങ്ങള്‍ക്ക് രണ്ടു പേരും മത്സരിച്ച് പറഞ്ഞ മറുപടി സേതുവേട്ടനു പോലും     വ്യക്തമായില്ലെന്നു കരുതണം. അറിഞ്ഞകാര്യങ്ങള്‍ ശര്‍മ്മ വിവരിക്കുമ്പോള്‍ കേട്ടവര്‍ക്കൊക്കെഅത്ഭുതം. വിരാട്‌നഗറിലെ ഇടത്തരം ബിസിനസ്സുകാരന്റെ മകളാണ് ആഞ്ചല്‍. ഹയര്‍ സെക്കണ്ടറി പാസ്സായിട്ടുണ്ട്, അതും കേരളത്തിലെ റെസിഡെന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്ന്! ഹോസ്റ്റലില്‍ കൂട്ടുകാര്‍ പഠിപ്പിച്ച മലയാളം പോലും മുഴുവന്‍ മറന്നിട്ടില്ലാ. നാല് പെണ്‍ മക്കളില്‍ മൂത്തവളായി എന്നതാണ് അവളുടെ ശാപം. അത്ര മൊഹല്ലയിലെ'മാമാജി' എന്നെല്ലാവരും വിളിക്കുന്ന മദ്ധ്യവയസ്‌കന്‍ നര്‍സിംഗ് റാമിന്റെ ഓഫറില്‍ വീണുപോയതാണ് അവളുടെ പപ്പാ. ആളും പണവും സ്വാധീനവുമുള്ള അയാളുടെ മൂന്നാം ഭാര്യയായി ഇരുന്നാല്‍ മതി, പപ്പയുടെ ബിസിനസ്സിനും അനിയത്തിമാരുടെ ഗുണത്തിനും വേണ്ടതൊക്കെ അയാള്‍ ചെയ്തുകൊള്ളാമെന്ന്. അവളുടെ അടുത്ത വീട്ടിലെ ദീദിയുടെ ഭര്‍ത്താവാണ് രഞ്ജന്‍. കേട്ടപ്പോള്‍ അയാള്‍ക്ക് ഭയങ്കര വിഷമം. എങ്ങനെയും സഹായിക്കാമെന്ന് വാക്കും കൊടുത്തു. രക്ഷപ്പെടാന്‍ അയാളൊരു വഴി പറഞ്ഞു കൊടുത്തു. അയാള്‍ ഭൂട്ടാനിലേക്ക് തിരിച്ചു പോകുന്ന ദിവസം ആര്‍ക്കും സംശയം കൊടുക്കാതെ അവള്‍ സിലിഗുരി ബസ്സില്‍ കയറുക. അവിടെ നിന്ന് ഒന്നിച്ച് ഫുണ്‍ഷോലിങ്ങിലെത്തും. അവിടെ ചുമ്മാ മിസിസ് ആന്‍ഡ് മിസ്റ്റര്‍ രഞ്ജന്‍ ഥാപാ എന്നെഴുതി അവന്റെ ചുഖാ ഐഡന്റിറ്റിയില്‍ സി മാലാഖയിലുമെത്തും. ടൗണ്‍ഷിപ്പില്‍ ഏതെങ്കിലുമൊരു ബഡാ ബാബുവിന്റെ ഓഫീസിലോ വീട്ടിലോ ഈ രഞ്ജന്‍ പറഞ്ഞാല്‍ ജോലി കിട്ടും. ചായയും ചോറും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാനറിയില്ലേ. ആര്‍ക്കറിയാം മതിപ്പുപിടിച്ചു പറ്റിയാല്‍ പ്രോജക്‌ററില്‍ ഒരു സ്ഥിരം ജോലികിട്ടിയെന്നും വരും.'

 ശര്‍മ്മ പറഞ്ഞു നിര്‍ത്തി ആഞ്ജലിനെ തറപ്പിച്ചു നോക്കി:'' എന്നാലും, പഠിപ്പും വിവരവുമുള്ള നീ, ഇവന്‍ പറഞ്ഞതും വിശ്വസിച്ച് ഇറങ്ങിപ്പോന്നല്ലോ, കഷ്ടം!''

കേട്ടുകൊണ്ടു നിന്ന ബാലുവിന് തോന്നി,'രഞ്ജന്‍ അതിബുദ്ധിയാണ്, ഒരു വെടിക്ക് രണ്ടു പക്ഷിയെന്നു കണക്കു കൂട്ടിയിരിക്കാം'

''തിരിച്ചുപോകുന്നതനെക്കാള്‍ ഭേദം ബസ്തിയില്‍ കൂലിവേല ചെയ്തു കഴിയുകയാണ്'' എന്ന് ആഞ്ജല്‍.

' എല്ലുമുറിയെ പണി ചെയ്താല്‍പ്പോലും അവളെപ്പോലൊരു പെണ്ണിന് സ്വസ്ഥമായി ബസ്തിയില്‍ കഴിയാനാകില്ലെ'ന്ന് ജോസച്ചായന്‍. കുറെ ആലോചിച്ച് ശര്‍മ്മ പറഞ്ഞു:

'' പിള്ളസ്സാറിന് ഒരു ഹൗസ് മെയിഡ് വേണ്ടി വരാം. അതല്ലെങ്കില്‍ മിലിട്ടറികാന്റീനിലോ ചപ്ച്ചയിലെ ഗ്രെഫ്കാന്റീനിലോ ഒപ്പിക്കാം. അതുവരെ രഞ്ജന്റെ ഉത്തരവാദിത്തത്തില്‍ ബസ്തിയില്‍ നില്‍ക്കട്ടെ. ബൈദാറിനോട് സേതുസാര്‍ ഒന്നു സൂചിപ്പിച്ചാല്‍ നന്നായിരിക്കും.രഞ്ജന്‍ അവള്‍ക്ക് വേണ്ടതൊക്കെ എത്തിച്ചുകൊടുത്ത് ബാലുവിന്റെ ഒപ്പം കൂടുക.''

'ഭാഗ്യം! നമ്മളെന്തിനാണ് ഈ വയ്യാവേലി എടുത്ത് തലയിലിടുന്നത് എന്നാരും ചോദിച്ചില്ലല്ലോ!' ബാലു വിനാശ്വാസമായി. പിരിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍ സേതുവേട്ടന്‍ ഓര്‍മ്മിപ്പിച്ചു:''രഞ്ജന്‍ ഇനി വല്ല സൂത്രവും ഒപ്പിച്ചു എന്ന് കേട്ടാല്‍ ഉടനെ ആമം വെച്ച് കൊണ്ടുപോകാന്‍ ആളെത്തും; ങ്ഹാ''

ഒരാഴ്ച കഴിഞ്ഞ് ഒരു വൈകുന്നേരം ദീപയേയും ഗീതയേയും അടുക്കിപ്പിടിച്ച്'കാഴ്ചക്കൂടി'ല്‍ ഇരിക്കുമ്പോള്‍ താഴെ മലഞ്ചെരിവില്‍നിന്ന് ഈണത്തില്‍ ഒരു സ്ത്രീ ശബ്ദം, പ്രസിദ്ധമായ നേപ്പാളിപ്പാട്ടിന്റെ വരികള്‍!

''രേശം ഫീരീരീ ...''

ഉന്തിനില്‍ക്കുന്ന പാറയില്‍ ഇറങ്ങി എത്തിനോക്കി. അപ്പോഴാണ് മനസ്സിലാവുന്നത്.ആ ചെരിവില്‍ തൊട്ടു താഴെയാണ് 'നേപ്പാളിബസ്തി' പാടുന്നയാളെ തിരയുമ്പോള്‍ ദൂരെ ഒരു മരത്തില്‍ ചാരി, ആഞ്ജല്‍! ദീപ മോള്‍ക്ക് കാണണം; ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അവള്‍ കൈ കൊട്ടിച്ചിരിച്ചു. മുകളില്‍ നിന്ന് ശബ്ദം കേട്ട് ആഞ്ജല്‍ തിരിഞ്ഞുനാക്കി. മുഖത്ത് അത്ഭുതവും ആഹ്ലാദവും വിരിഞ്ഞു. ഒന്ന് ചുറ്റും നോക്കി, മുള്ളും പാറക്കഷ്ണങ്ങളും വകവെയ്ക്കാതെ, ഓടിച്ചാടി, കമ്പിവേലി നൂണ്ടു കടന്ന് കഷ്ടപ്പെട്ട് കയറി വന്നു. 'നമസ്‌തെ ബാലു ജി' എന്നും പറഞ്ഞ് പുഞ്ചിരിച്ച് നില്‍ക്കുകയാണ്. അവളെക്കാള്‍ ശാലീനയും മനോഹരിയുമായ ഒരു പെണ്‍കുട്ടിയെ സിനിമയില്‍പ്പോലും കണ്ടിട്ടില്ലെന്ന് ബാലുവിന്റെ മനസ്സ് പറഞ്ഞു. അവന്‍ അറിയാവുന്ന നേപ്പാളി പുറത്തെടുത്തു:

'' ആഞ്ജല്‍, ഠീക്ഛാ!''

അവള്‍ ചിരിച്ചു:

'' താങ്ക് യൂ, ഹൌ ആര്‍ യൂ?''

ഇത്തവണ അവനാണ് ചിരിച്ചത്. അവളുടെ നേര്‍ക്ക് കൈ ചൂണ്ടി, ആത്മാര്‍ത്ഥത തുളുമ്പുന്ന ഭാവത്തില്‍ പറഞ്ഞു,'' ഗാനാ ഏക്ദം രാമ്രോ''. അതിനും ഇംഗ്ലീഷിലാണ് മറുപടി:'' ഐഷാല്‍ ടീച്ച് യൂ സം ഡെ''.

 രണ്ടു പേരും കുലുങ്ങിച്ചിരിക്കുന്നതു കണ്ട് കുട്ടികള്‍ കൈ കൊട്ടിയാര്‍ത്തു.

 മൂന്നു നാല് ദിവസങ്ങള്‍ക്ക് ശേഷം ബാലു കാഴ്ചക്കൂടിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ അകത്ത് അവള്‍ മൂളിപ്പാട്ടും പാടി ഇരിക്കുന്നു!' ഓ ബാലു ജീ' എന്നും പറഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന അവളോട് പാട്ടു തുടരാന്‍ ആംഗ്യം കാണിച്ചു. അവള്‍ ഈണത്തില്‍ പാടി:

''രേശം ഫീരീ രീ... ഉഠേരാ ജോകീ മാന്തന ഭാഞ്‌ജ്യോ രേശം ഫീരീരീ...''

അവന്‍ മലയാളത്തില്‍ ചോദിച്ചു,'' ആ പാട്ടിന്റെ അര്‍ത്ഥം എന്താണ്?''
അവള്‍ പുഞ്ചിരിച്ചു.എന്നിട്ട് ഇംഗ്ലീഷില്‍ നിര്‍ത്തി നിര്‍ത്തിപ്പറഞ്ഞു:
'' മൈ ഹാര്‍ട്ട് ഈസ് ഫീലിയിങ്ങ് ലൈക്ക് സില്‍ക്ക് ഇന്‍ വിന്‍ഡ്'' എന്നിട്ടവള്‍ പാടി:
''രേശം ഫീരീരീ ...''

അവള്‍ ആവര്‍ത്തിക്കുമ്പോള്‍ അവനും മൂളി. പിന്നെ ചേര്‍ന്ന് പാടി. അടുത്ത വരി, ഉഠേരാ ജൊവ് കീ എന്നത് തെറ്റിപ്പോയപ്പോള്‍ രണ്ടു പേരും ഒന്നിച്ച് പൊട്ടിച്ചിരിച്ചു. നേപ്പാളി- മലയാളി വ്യത്യാസം മറന്ന നിമിഷങ്ങളില്‍ അവര്‍ക്ക് ഭാഷയേ ഒരു പ്രശ്‌നമല്ലെന്നായി. അവന്റെ നെഞ്ചില്‍  തൊട്ടുകൊണ്ട് നാണത്തോടെ അവള്‍ പറഞ്ഞു:'' എനിക്ക് ഈ ബാലുജി യെ ഇഷ്ടമാണ്''

അതുപക്ഷെ, ജീവന്മരണ പ്രശ്‌നങ്ങളിലേക്കുള്ള തുടക്കമാണെന്ന് അന്നൊന്നും  തോന്നിയതേ ഇല്ലാ. തിരിച്ചു വരുമ്പോള്‍, ഉതിര്‍ന്ന് വീണുകൊണ്ടിരുന്ന മഞ്ഞു കണങ്ങള്‍ അവന് പാറി വരുന്ന പൂവിതളുകള്‍ പോലെ അനുഭവപ്പെട്ടു.
ബുഖാരിയുടെ ചുററു മിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ബാലു പറഞ്ഞു:

''ചേച്ചിയുടെ  സ്റ്റൂവിന്റെ രുചി അപാരം; ഞാന്‍ അഞ്ചാറ് ചപ്പാത്തിയായി തിന്നുന്നു.'' സ്വതവെ അവന്‍ മിതഭാഷിയാണ്. സേതുവേട്ടന്‍ തന്നെ പറയാറുണ്ട് ,'ബാലു നാണം കുണുങ്ങിയാണ്; ഒന്ന് ബോള്‍ഡാവണം'.

എന്നാല്‍ അതുകൊണ്ടു തന്നെയാണ്  അവനോട് അത്രയും സ്വാതന്ത്ര്യം തോന്നുന്നത് എന്ന് അവര്‍ക്കും അറിയാം. ചൂടുചപ്പാത്തിയുമായി അടുക്കളയില്‍ നിന്നു വന്ന ചേച്ചി ശ്രദ്ധിച്ചു:'ബാലു തനിയെ ചിരിക്കുന്നു, തമാശ പറയുന്നു'!

'' നിങ്ങളുടെ മാമന് ഇന്നെന്താ ഒരു പ്രത്യേക സന്തോഷം''

'എല്ലാവരും തന്നെ സൂക്ഷിച്ചു നോക്കുന്നു', അവനൊന്നു പരുങ്ങി, എന്തോ പറയാന്‍ തുടങ്ങിയതാണ്. അപ്പോളാണ് ഭയങ്കരമായ ഒരു കുലുക്കം! ഒരു ഭീമന്‍ സാധനം ശക്തിയില്‍ വന്നിടിച്ച പോലെ ബില്‍ ഡിങ്ങ് ഒന്നാകെ കിടുങ്ങുന്നു! ഗ്ലാസ്സും കുപ്പിയും ഫ്‌ലവര്‍വേസും ഒക്കെ തെറിച്ചു വീണ് ചിതറുന്നു. പപ്പയും മമ്മയും മക്കളെ പൊതിഞ്ഞു പിടിച്ചപ്പോള്‍ ബാലു പുറത്തേക്കെത്തി നോക്കി. എല്ലാ ബില്‍ഡിങ്ങിലും ആളുകള്‍ പരിഭ്രമത്തിലാണ്. ചിലരൊക്കെ കുട്ടികളെയുമെടുത്ത് താഴേക്കിറങ്ങി ഓടുന്നു. നാലാം നിലയിലുള്ളവര്‍ക്കാണ് ഏറ്റവും പ്രയാസം. ഭൂകമ്പം അഞ്ചു സെക്കന്റേ ഉണ്ടായുള്ളുവെന്നും അതിന്റെ ശക്തി റിക്ടര്‍ സ്‌കെയിലില്‍ ആറിന് താഴെ ആയിരുന്നുവെന്നും അതുകൊണ്ടാണ് എല്ലാം തകര്‍ന്നു വീഴാഞ്ഞതെന്നും പിന്നീട് ആരോ പറയുന്നതു കേട്ടു. ലാമമാര്‍ നേരത്തേ പ്രവചിച്ചിരുന്നത്രെ. ഇടയ്ക്കുണ്ടാകുന്ന ഭൂകമ്പത്തില്‍ നിന്നാണ് ലാന്റ് ഓഫ് തണ്ടര്‍ ഡ്രാഗണ്‍സ് എന്ന പേരുപോലും വന്നത്. പിറെറ ദിവസം മുതല്‍ ഒരു കിംവദന്തി- ഈ കണ്ടത് സൂചന മാത്രമാണെന്നും ശക്തിയേറിയ കുലുക്കം വരാന്‍ പോകുന്നേയുള്ളു എന്നും. പിന്നെ ദിവസം മുഴുവന്‍ പലരും മലഞ്ചെരുവില്‍ തുറന്ന സ്ഥലത്ത്, കൊടും തണുപ്പില്‍, കമ്പിളിയിലും രജായിയിലുമൊക്കെ പൊതിഞ്ഞ് ഭയന്നിരുന്ന് നരകിച്ചു. ബാലു പറഞ്ഞു:'' നൂറ്റിപ്പതിനൊന്നില്‍ ഇപ്പോള്‍ ഞാന്‍ മാത്രമല്ലേയുള്ളു. രഞ്ജനും നാട്ടില്‍ പോയി. തല്‍ക്കാലം നമുക്ക് അങ്ങോട്ട് മാറിയാലോ?''

സേതുവേട്ടന്‍ നിഷേധിച്ചു.' അങ്ങനെ എത്രകാലം മാറി നില്‍ക്കാനാണെടോ; വരുന്നതു വരട്ടെ.'

ഒന്നും സംഭവിച്ചില്ലാ. അക്കാര്യമേ ആളുകള്‍ മറന്നു. ഒരു രാവിലെ, ശക്തിയായ പൊട്ടല്‍. ട്യൂബും ബള്‍ബും പൊട്ടിത്തെറിക്കുന്നു; എലക്ട്രിക്ക് ഉപകരണങ്ങള്‍ കേടാവുന്നു. ഓടാന്‍ തയ്യാറായി നില്‍ക്കുന്ന വര്‍ പിന്നീടറിഞ്ഞു, ഭൂകമ്പമായിരുന്നില്ലാ ടണല്‍ മാന്തുന്ന 'മക്കറു'കള്‍ ഒന്നിച്ചോ ഫാക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമിലെ ടെക്‌നിഷന്‍ വോള്‍ട്ടേജ് നിയന്ത്രിക്കാന്‍ വൈകിപ്പോയതു കൊണ്ടുണ്ടായ അപകടമായിരുന്നത്രെ അത്. ' ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഭയക്കുമെന്നല്ലേ?'

ഇന്നലെ വൈകുന്നേരം

കുട്ടികളേയും കൊണ്ട് ചുററിക്കറങ്ങി തിരിച്ചു ചെന്നപ്പോള്‍ ചേച്ചി പറയുകയാണ്;''ബാലൂ, പാര്‍ട്ടി നടത്തേണ്ടി വരുമല്ലോ''. പ്രൊമോഷന്‍ കിട്ടുന്ന ആപ്പീസര്‍മാരോ പുതുതായി ജോലിയില്‍ കയറുന്ന ചെറുപ്പക്കാരോ ആണ് പാര്‍ട്ടി നടത്താറ്. ഫുണ്‍ ഷോലിങ്ങില്‍ തങ്ങി,  ത്രീസ്റ്റാര്‍ ഹോട്ടലില്‍ ഡിന്നര്‍ ഓര്‍ഡര്‍ ചെയ്ത്, പിറ്റേന്ന് തിരിച്ചു പോരുമ്പോഴേക്കും വലിയൊരു ചെലവ് വരും.'എത്ര ആലോചിച്ചിട്ടും ഒര് ഹേതു കാണാനില്ലാ; ഒന്നും കാണാതെ ചേച്ചി പറയുകയുമില്ലാ'

സംശയിച്ചു നില്‍ക്കുമ്പോള്‍ സേതുവേട്ടന്‍ ഒരു കവര്‍ നീട്ടി. അതില്‍, റോയല്‍ ഭൂട്ടാന്റെ മുദ്രയുള്ള ഒരപേക്ഷാ ഫോറം. നീയിന്നത് ശ്രദ്ധിച്ചു പൂരിപ്പിച്ച്, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും വെച്ച്, നാളെ എന്റെ കയ്യില്‍ത്തരണം. അതിലിടെ ഞാന്‍ ബാനര്‍ജിയോട് പറയാം; ഒരു ഇംപ്രസ്സീവ് സര്‍ട്ടിഫിക്കറ്റ് എഴുതി വെയ്ക്കാന്‍; നാലുമണിയാവുമ്പോള്‍ നീ അയാളുടെ ആപ്പീസില്‍ എത്തിയാല്‍ മതി.''

'' എന്താണ് കാര്യം എന്ന് പറഞ്ഞില്ലല്ലോ, ഏട്ടാ''

'' ഇന്‍ഡസ്ട്രീസ് ഡയരക്ടര്‍ക്ക് എന്നെ അറിയാം, ഗസ്റ്റ് ഹൌസില്‍ വെച്ചുകണ്ടപ്പോള്‍ അയാള്‍ പറഞ്ഞു, പെന്‍സില്‍ ഫാക്ടറിയുടെ വര്‍ക്ക് തീര്‍ന്നു. ഇനി പറ്റിയ സൂപ്പര്‍വൈസര്‍ വേണം. കിട്ടിയ ചാന്‍സിന് ഒക്കെ ഞാന്‍ പറഞ്ഞു ശരിയാക്കി. മറ്റന്നാള്‍ നീ എന്റെ കൂടെ തിംഫുവിലേക്ക് വരുന്നു , അപ്ലിക്കേഷന്‍ കൊടുക്കുന്നു , കയ്യോടെ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ വാങ്ങി തിരിച്ചു വരുന്നു. ഇവിടത്തെ കാര്യങ്ങളൊക്കെ രണ്ടു ദിവസം കൊണ്ട് തീര്‍ത്ത് തിങ്കളാഴ്ച ഫുണ്‍ഷോലിങ്ങില്‍ ചാര്‍ജെടുക്കുന്നു' എന്തേ?''

'' ഞാനോ? സുപ്പര്‍വൈസറോ ? ഫാക്ടറിയോ?''

ബാലുവിന്റെ പരവേശം കണ്ട് സേതുവിന് ചിരിയാണ് വന്നത്.'' എടോ, ഇരട്ടി ശമ്പളം കിട്ടും. ഇവിടത്തെ വലി യ മാനേജര്‍മാര്‍ പലരും അങ്ങനെ തുടങ്ങിയവരാണ്. ശ്രദ്ധ വേണം, ചോദിച്ചറിയണം , തോറ്റുകൊടുക്കില്ലെന്ന് വാശിയും വേണം. ഡയറക്ടര്‍ക്ക് മതിപ്പു തോന്നിയാല്‍ ബാക്കിയൊക്കെ ആയിക്കോളും.''

രാത്രി മുഴുവന്‍ ആലോചനയായിരുന്നു. പകല്‍ നടന്ന് കടലാസ്സൊക്കെ റെഡിയാക്കി റൂമില്‍ കൊണ്ടുവെച്ചു.എന്നിട്ടും ഒരു കണ്‍ഫ്യൂഷന്‍.  വേണോ വേണ്ടയോ എന്ന ചിന്തയുമായി ഈ കാഴ്ചക്കൂടിനകത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ ആലോചിച്ചു കൂട്ടിയെന്നല്ലാതെ മനസ്സ് ശാന്തമാകുന്നില്ലാ. ഇവിടെ വന്ന കാലത്തെ ഒരു സ്വപ്നമാണ് സത്യമാകുന്നത്! കൂടെയുള്ളവര്‍ പറയാറുണ്ട്, 'പ്രോജക്ട് ഏഴെട്ടു വര്‍ഷം കൊണ്ട് കംപ്ലീറ്റാകും. പിന്നെ ആര്‍ക്കൊക്കെ തുടരാന്‍ ഒക്കുമെന്ന് പറയാന്‍ വയ്യാ, അതിനു മുമ്പെ എവിടെയെങ്കിലും പിടിച്ചു തൂങ്ങാന്‍ കഴിഞ്ഞാല്‍ നല്ലത്'

 അതേ സമയം, കണ്ണ് പോകുമ്പോഴേ കാഴ്ചയുടെ ഗുണം അറിയൂ എന്ന് പറയുമ്പോലെ സി മാലാഖായിലെ മഞ്ഞും തണുപ്പും ആളുകളും കല്ലും മുള്ളും പോലും ഒരു സുഖമായി തോന്നാന്‍ തുടങ്ങിയതാണ്. വലിയ ഭാരമൊന്നുമില്ലാതെ ദൈനംദിന ജീവിതം ഒഴുകിയങ്ങനെ നീങ്ങുകയായിരുന്നു. ഒന്നും വേണ്ടാ, ഈ കാഴ്ചക്കൂടുപോലൊരിടം ലോകത്തെവിടെ കാണും!'

 രാത്രി ഉറങ്ങാഞ്ഞതു കൊണ്ടും പകല്‍ അലഞ്ഞു നടന്നതുകൊണ്ടുമാകാം ഇരുന്നു മയങ്ങിപ്പോയത്.

'' ഹാ...''ആരോ അലറിവിളിക്കുന്നു; അതോ തോന്നിയതാണോ? കണ്ണു തുറന്നപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിട്ടുണ്ട്. താഴെ ബസ്തിയില്‍ നിന്ന് രാത്രി ഭക്ഷണത്തിനു മുമ്പുള്ള കോലാഹലം കേള്‍ക്കാനുണ്ട്. ബാലു ചാടിയെഴുന്നേറ്റു. ഇനി 111 ല്‍ ചെന്ന് അപ്ലിക്കേഷന്‍ കവറിലാക്കി അതും കൊണ്ടു വേണം സേതുവേട്ടന്റെ അടുത്തെത്താന്‍. തിരക്കിട്ട് നടന്ന് ഗെയ്‌റ്റെത്താറായപ്പോള്‍ ദൂരെ നിലവിളി കേട്ട പോലെ; ഇത്തവണ സ്ത്രീശബ്ദമാണ്. ഇരുട്ടില്‍ എന്തൊക്കെയോ തട്ടി ത്തടയുന്നതു പോലെ . അവന്‍ മരത്തിന്റെ മറവിലേക്ക് മാറി നിന്ന് എത്തി നോക്കി. രണ്ടു മൂന്നുപേര്‍ വീടിന്റെ ചുറ്റും  ഓടുന്നു. ഒരുത്തന്‍ മുന്‍ഭാഗത്തെ പൂട്ടുപിടിച്ചു വലിച്ച് നോക്കുന്നു.

'' ഇല്ലാ , ഇവിടെയൊന്നുമില്ലാ,വിടരുതവളെ, എവിടെയോ പതുങ്ങി ഇരിക്കുകയാവും'' എന്നൊക്കെ ആക്രോശിക്കുന്നത് കേള്‍ക്കാനുണ്ട്. തൊട്ടു മുന്നില്‍ കൂടി ഓടിപ്പോകുന്നവന്റെ കയ്യില്‍ ഖുക്രിയോ

വടിവാളോ എന്തോ ഊരിപ്പിടിച്ചിരുന്നു എന്നും കണ്ടപ്പോള്‍ ബാലുവിന്റെ നെഞ്ചൊന്നാളി.

അവരവിടെ നിന്ന് മാറി എന്നുറപ്പു വരുത്തി അവന്‍ ചെന്ന് ചുമരിലെ പൊത്തില്‍ നിന്ന് താക്കോല്‍ തപ്പിയെടുത്ത് തുറന്ന് അകത്തുകയറി. എന്തൊക്കെയോ പ്രശ്‌നമുണ്ടെന്നും അഹിതമായതെന്തോ സംഭവിക്കാന്‍ പോകുന്നു എന്നും ഒരു തോന്നല്‍. എടുക്കാനുള്ള കടലാസ്സുകളും കയ്യിലുള്ള ക്യാഷും ഹാന്‍ഡ് ബാഗില്‍ വെച്ച് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതും അടുക്കളയുടെ ഭാഗത്ത് എന്തോ തട്ടി വീണ പോലെ തോന്നി. ശ്രദ്ധിച്ചപ്പോള്‍ അടുക്കള വാതിലില്‍ ആരോ തട്ടുകയാണ്. മുന്‍വാതില്‍ കുറ്റിയിട്ട്, തീ ഊതുന്ന ഇരുമ്പു പൈപ്പ് ഓങ്ങിപ്പിടിച്ച് അവന്‍ ചെവിയോര്‍ത്തു.

'' ബാലുജീ, മേം ആഞ്ചല്‍,  ഖോല്‍.. ജീ'' പരിഭ്രമത്തോടെ വാതില്‍ തുറന്നതും പേടിച്ച് അരണ്ട മാന്‍പേട കണക്കെ അവള്‍ അകത്തേക്ക് പാഞ്ഞുകയറി പിന്നെ കുഴഞ്ഞുവീണു. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നോക്കുന്ന ബാലു. അവള്‍ എന്തോ പറയുന്നു.''പാനീ''

ഭാഗ്യം, ജഗ്ഗില്‍ വെള്ളമുണ്ട്. വെള്ളത്തിന്റെ ഗ്ലാസ്സ് പിടിക്കാന്‍ പോലും പ്രയാസപ്പെട്ട് അവള്‍ വിറയ്കുകയും കിതക്കുകയുമാണ്. എങ്ങനെയൊക്കെയോ ഓടിയെത്തിയതാണെന്നും വിശപ്പും ക്ഷീണവും കൊണ്ട് അവശയാണെന്നും കണ്ട് അവന്‍ അടുക്കളയാകെ അരിച്ചു പെറുക്കി. ഉണങ്ങിത്തുടങ്ങിയ ബ്രെഡ്ഡും കറുത്തുതുടങ്ങിയ പഴവും അവള്‍ ആര്‍ത്തിയോടെ തിന്നുന്നത് അവന്‍ നോക്കി നിന്നു. നേപ്പാളിയും ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തി അവള്‍ സന്ദര്‍ഭത്തിന്റെ ഭീകരത ബോദ്ധ്യപ്പെടുത്തി.' മുഠാളന്മാര്‍ മൂന്നുനാലു പേര്‍ പിന്നാലെയുണ്ട്. അവര്‍ക്ക്ഒത്താശയ്ക്ക് ബസ്തിയിലും ആളുകളുണ്ട്. രഞ്ജനെ അവര്‍ അടിച്ചു ചതച്ച് കൊക്കയിലെറിഞ്ഞോ എന്നു പോലും സംശയമുണ്ട്. അവളെ പിടിച്ച് ബലമായി വിരാട് നഗറില്‍ എത്തിക്കാന്‍ അയച്ചതാണ് അവരെ. അവിടെ എത്തിയാല്‍ അവള്‍ പിന്നെ പുറം ലോകം കാണില്ലെന്നുറപ്പ്.'

'' മലായി ബചാവുനു ഹോസ്'' 'ഇവരുടെ പിടിയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. ബാലുജിയുടെ കാഞ്ചി ആയെങ്കിലും കഴിഞ്ഞോളാം'അവള്‍ വിതുമ്പിക്കരയാന്‍തുടങ്ങി:

' ഞാന്‍ ചീത്തയായിട്ടില്ല; ആരെ വിശ്വസിക്കണമെന്നറിയില്ലാ...'
ബാലുവിന് വിഷമം തോന്നി. പെട്ടെന്ന്  മുന്‍ഭാഗത്ത് ബഹളം കേട്ടു.' ഇധര്‍ നഹീ,  ഉധര്‍ ദേഖ്, ഛോഡോ മത്' എന്നൊക്കെ ആക്രോശങ്ങളും. അവനപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ലാ. സര്‍ട്ടിഫിക്കറ്റും പേഴ്‌സും അടങ്ങിയ ബാഗ് കയ്യിലെടുത്ത്, മിണ്ടരുതെന്ന് ആംഗ്യം കാട്ടി ആഞ്ജലിനെയും പിടിച്ചു വലിച്ച് പിന്നിലെ വാതിലിലൂടെ പുറത്തു കടന്ന്, ചുററും  ശ്രദ്ധിച്ചു കൊണ്ട്, കുറ്റിക്കാടിന്റെ മറവില്‍ പതുങ്ങിപ്പതുങ്ങിയും തടഞ്ഞു വീണും കാഴ്ചക്കൂടിന്റെ നേര്‍ക്ക് നീങ്ങി. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു ഗെയിറ്റിന് മുന്നിലെ വെളിച്ചത്തില്‍ രണ്ടു മൂന്നുപേരെ. 'താന്‍ തിരിച്ചെത്തും വരെ അവിടെ നിന്ന്  എഴുന്നേല്‍ക്കരുത് എന്നും പറഞ്ഞ് അവളെ അവിടെ ഇരുത്തി സേതുവേട്ടന്റെ വീട്ടിലേക്ക് നടന്നു.

'' ഇന്നെന്തു പറ്റി നിനക്കെന്നും പറഞ്ഞു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍'', ചേച്ചിയാണ്.

''രാവിലെ നീ എട്ടുമണിയാവുമ്പോഴേക്ക് എത്തിയാല്‍ മതി; ബ്രേക്ക്ഫാസ്റ്റും കഴിച്ച് നമുക്ക് എട്ടരയ്ക്കിറങ്ങാം.''താന്‍ പറഞ്ഞതൊന്നും ബാലു കേട്ടിട്ടില്ല; അവന്റെ മനസ്സ് വേറെ എവിടെയോ ആണെന്ന് സേതുവിന് മനസ്സിലായി. അവന്റെ മുഖം അയാള്‍ ശ്രദ്ധിച്ചത് അപ്പോഴാണ്.'ബാലു കരയുന്നു!'

'' ങ്ഹും? എന്തു പറ്റി. എന്താണെങ്കിലും പറഞ്ഞോ''

എല്ലാ കാര്യങ്ങളും വിവരിച്ചു കേട്ടപ്പോള്‍ അവര്‍ ഭാര്യയും ഭര്‍ത്താവും അന്ധാളിച്ച് പരസ്പരം നോക്കി. അവന്‍ അയാളുടെ കൈ കടന്നു പിടിച്ച് സ്വന്തം നെഞ്ചില്‍  അമര്‍ത്തിക്കൊണ്ട് പറഞ്ഞു:

'' നിങ്ങള്‍ സ്വന്തം അനിയനെപ്പോലെ എന്നെ കരുതുന്നു. ഈയൊരു ബുദ്ധിമുട്ടും കൂടി ഏല്‍ക്കണം; ആരും അറിയാതെ ഞങ്ങളെ ഹാഷിമാരയില്‍ എത്തിച്ചു തരണം.''

 സേതു ചോദിച്ചു.'' നീ വരുംവരായ്കകള്‍ ചിന്തിച്ചിട്ടുണ്ടോ? ജോലിയും ശമ്പളവും സ്വസ്ഥമായ ജീവിതവും ഒക്കെ വലിച്ചെറിയുകയാണ്.''

''ആലോചിച്ചു; അമ്മ പതുക്കെപ്പതുക്കെ അവളെ ഇഷ്ടപ്പെട്ടു കൊള്ളും. ഇവിടെ വലിയ പ്രശ്‌നമൊന്നുമില്ലെന്നായാല്‍ ഞാന്‍ തിരിച്ചു വരും. അങ്ങനെ അല്ലെങ്കിലും ആരോടും പരിഭവമില്ലാതെ വല്ല ചട്ടുപിട്ട് പണിയും ചെയ്ത് ജീവിക്കും''

ആഞ്ജലിനെ അപകടത്തിന്റെ നടുക്ക് ഒളിപ്പിച്ച് നിര്‍ത്തിപ്പോന്നതാണ് എന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ സേതുമാധവന്‍ 'ചപ്പ് ചാ' ക്യാമ്പിലെ ആരെയൊക്കെയോ  ഫോണില്‍ വിളിച്ച് ഏറെ നേരം സംസാരിച്ചു. എന്നിട്ട് ബാലുവിന്റെ നേര്‍ക്ക് തിരിഞ്ഞു.

'' കൃത്യം പത്തുമണിക്ക് ഗസ്റ്റ് ഹൌസിലേക്കുള്ള വളവില്‍ ഗ്രെഫിന്റെ ട്രക്ക് നില്‍പുണ്ടാകും. 'സേതു സാബ് കാ ഭായി' എന്നേ ഡ്രൈവര്‍ക്കറിയൂ. പക്ഷെ വേണ്ട സ്ഥലത്ത് വേണ്ടവിധത്തില്‍ അയാള്‍ പറഞ്ഞു കൊള്ളും.''

 സേതുമാധവന്‍ അവന്റെ ചുമലില്‍ പിടിച്ചു.'' എന്റെ നമ്പര്‍ നിനക്കറിയാമല്ലോ, വിളിക്കുക. എല്ലാം നല്ലതിനാവട്ടെ.''അയാള്‍ അഞ്ചാറ് കറന്‍സി നോട്ടുകള്‍ അവന്റെ പോക്കറ്റില്‍ തിരുകി.

ബാലു തിരിഞ്ഞ് ചേച്ചിയുടെ കാല്‍ തൊട്ടു:'' മക്കളെ വിളിയ്ക്കണ്ടാ; പോവ്വ്വാണെന്ന് പറയാന്‍ പ്രയാസമുണ്ട്.''

പുറത്തേക്കിറങ്ങി. അവന്‍ തിരിഞ്ഞു നോക്കി.'' ഇതുപോലൊരു ഏട്ടനും ചേച്ചിയും ... ഭാഗ്യമാണ്. തിരിച്ചു വരണമെന്നുണ്ട്, എന്നെങ്കിലും.'' പിന്നെ യെല്ലാം ഒരുസിനിമയില്‍ എന്നപോലെ! പരിഭ്രമിച്ചിരിക്കുന്ന ആഞ്ജലിനേയും കൂട്ടി, തപ്പിത്തടഞ്ഞ്, കാടും പടലും കല്ലുംമുള്ളും നോക്കാതെ ഓടിയും നടന്നും റോഡിലേക്ക് കയറുമ്പോള്‍ ഹെഡ്ലൈറ്റ് കാണാനുണ്ട്. ഒററ നോട്ടത്തില്‍ ആര്‍മി ട്രക്കായേ തോന്നൂ. ഡ്രൈവര്‍ ഒന്നും ചോദിച്ചില്ലാ ബാലു ഒന്നും പറഞ്ഞതുമില്ലാ. ചെക്ക്‌പോസ്റ്റിലെ ഗാര്‍ഡ് ഉറക്കച്ചടവോടെ ഒന്നെത്തിനോക്കി. ഡ്രൈവര്‍ എന്തോ പറഞ്ഞു. ഗെയ്റ്റ് പാതിതുറന്ന് തന്ന് പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. ഒരു വിഷമവും ഇല്ലാതെ വെളുപ്പിന് ഹാഷിമാര സ്റ്റേഷനില്‍ എത്തി. ട്രക്ക് തിരിച്ചു പോയി കൌണ്ടറില്‍ ചെന്നപ്പോഴാണ് ബോധം വന്നത്, പ്രശ്‌നങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങുന്നേയുള്ളു. സിലിഗുരി വരെയേ ടെയിനുള്ളു; തുടര്‍യാത്ര അനിശ്ചിതമാണ്. കല്‍ക്കത്തയിലേക്കുള്ള വഴിയില്‍ റെയില്‍പ്പാളം  നന്നാക്കി വരുന്നേയുള്ളു. വിശപ്പും ദാഹവും അലച്ചിലും തളര്‍ത്തിയിട്ടും പുഞ്ചിരിക്കുന്ന ആഞ്ജല്‍ ബാലുവിനും പ്രകൃതികോപത്തില്‍ യാത്ര താറുമാറായിട്ടും ഉത്സാഹത്തില്‍ നടക്കുന്ന ബാലു ആഞ്ചലീനും ആശ്വാസമായി. സിലിഗുരിയിലെ വെയ്റ്റിങ്‌റൂമില്‍ മുഖം ഷാള്‍ കൊണ്ട് മറച്ച് ഒരു മൂലയില്‍ അവളെ ഇരുത്തി എവിടെയൊക്കെയോ അലഞ്ഞ് ഒരു പടല പഴവും മണ്‍ചട്ടിയില്‍ ചായയുമായി അവന്‍ വരുന്നു. ചായ അവളുടെ ചുണ്ടോടടുപ്പിച്ച് കൊടുക്കുമ്പോള്‍ അവള്‍ക്ക് ചിരിവന്നു. സ്റ്റേഷന്‍ മാസ്റ്റരാണ് പറഞ്ഞത്,'വണ്ടികള്‍ ഓടിത്തുടങ്ങാന്‍ താമസിച്ചേക്കും. വെള്ളം ഇറങ്ങിത്തുടങ്ങിയതു കൊണ്ട് ഹൌറ ഭാഗത്തേക്ക് ടാങ്കര്‍ ലോറികള്‍ കണ്ടേക്കും; പെട്രോള്‍ ബങ്കില്‍ അന്വേഷിക്കൂ.'

'' ഇവിടെ നിന്നെങ്ങോട്ടും മാറരുത്, ആ പഴം തിന്നു തീര്‍ക്കുമ്പോഴേക്ക് ഞാനെത്തും.''

അവന്‍ സ്റ്റേഷന്റെ പുറത്തിറങ്ങി പലരോടും അന്വേഷിച്ചു. ബംഗ്ലാ ഭാഷ അറിയാത്തതാണ് പ്രശ്‌നം. ഒടുവില്‍ കണ്ടെത്തി, പ്രായം ചെന്ന ഡ്രൈവര്‍. പരിചയപ്പെട്ടു. സങ്കടം പറഞ്ഞു:

' ഭാര്യ കൂടെയുണ്ട്- അച്ഛന്‍ മരിച്ചതറിഞ്ഞ് കരഞ്ഞു പുറപ്പെട്ടതാണ്; സഹായിക്കണം.'

 പറ്റില്ലെന്നയാള്‍ തീര്‍ത്തു പറഞ്ഞു.

'' കാത്തു കിടന്ന് സഹികെട്ട്,ഒരു പൊട്ട ധൈര്യത്തിന് ചാടിപ്പുറപ്പെട്ടതാണ്.

എവിടെയൊക്കെയാണ് റോഡ് ഒലിച്ചു പോയത് എന്നാര്‍ക്കറിയാം. എത്തിയാല്‍ എത്തി; ഒരു ഗ്യാരണ്ടിയുമില്ലാ.''

ഒന്നും പറയാന്‍ നില്‍ക്കാതെ അവന്‍  ഓടി സ്റ്റേഷനിലേക്ക്. ആഞ്ജലിനെയും കൂട്ടി  പറന്നെത്തുമ്പോഴേക്കും ട്രക്ക് മുരണ്ടു തുടങ്ങിയിരിക്കുന്നു.

 യാചനാ ഭാവത്തില്‍ നില്‍ക്കുന്ന അവരെ തറപ്പിച്ച് നോക്കി അയാള്‍ ക്ലീനറോട് നീങ്ങിക്കൊടുക്കാന്‍ ആംഗ്യം കാട്ടി.ഡ്രൈവറുടെ പിന്‍സീറ്റില്‍ പാതിയുറക്കത്തില്‍ കുറെ ദൂരം പോയപ്പോഴാണ് മനസ്സിലായത്, ശക്തിയായ കാറ്റും ചാറ്റല്‍ മഴയും  ഇടക്കിടെ ഇടിമിന്നലും അകമ്പടിയായി പുഴയേത് വഴിയേത് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള റോഡിലൂടെയാണ് യാത്ര!  എവിടെയോ ഒരു പുരയുടെ മേല്‍ ഭാഗവും വീട്ടുസാധനങ്ങളും ഒലിച്ചു പോകുന്നതു കണ്ടു. പിന്നെ ഒരു ചത്തു വീര്‍ത്ത എരുമ! ഈ ദുഷ്‌ക്കര യാത്രക്കിടയിലും തന്റെ ചുമലില്‍ തലയും ചായ്ച്ച് ആശ്വസിച്ച് ഉറങ്ങുന്ന ആഞ്ജല്‍. ആ'കാഞ്ചി'യുടെ നിഷ്‌ക്കളങ്ക മുഖം അവന്റെ എല്ലാ സന്ദേഹങ്ങളെയും തുടച്ചു നീക്കി. തന്റെ തീരുമാനം ഉചിതമായിരുന്നു എന്നു ബോദ്ധ്യപ്പെടുമ്പോഴുള്ള സുഖം!

 ഇടയ്‌ക്കൊന്ന് നോക്കുമ്പോള്‍ ക്ലീനര്‍ പാതിയുറക്കത്തിലാണ്. പ്രായമായ ഡ്രൈവറുടെ ജാഗ്രതയില്‍ അത്ഭുതം തോന്നി. പരന്നു കിടക്കുന്ന വെള്ളത്തിലൂടെ, ഇരുഭാഗത്തേയും മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റും കെട്ടിടങ്ങളുംമാത്രം അടയാളമാക്കി കാറ്റും മഴയും ഇരുട്ടും തണുപ്പുമൊന്നും വകവെയ്ക്കാതെയാണ് യാത്ര!

ബാലുവിന്റെ മനസ്സ് ഉല്‍ക്കണ്ഠകളില്‍ നിന്ന് ഊര്‍ന്നു മാറിക്കൊണ്ടിരിക്കെ ഞെട്ടിച്ചുകൊണ്ട് അത്യുഗ്രമായൊര്  ഇടിവെട്ടി. അതേനിമിഷം ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറി അതിലും വലിയ ശബ്ദത്തോടെ ഇടിച്ചമര്‍ന്ന് ചരിഞ്ഞു. ചക്രം റോഡുവക്കില്‍ നിന്ന് തെന്നി കുഴിയില്‍ ആഴ്ന്നതാവണം. ഇടിയുടെ ആഘാതത്തില്‍ തുറന്നുപോയ വാതിലിലൂടെ ക്ലീനര്‍പയ്യന്‍ തെറിച്ചു പോയി.

സ്റ്റിയറിങ്ങില്‍ ഒടിഞ്ഞമര്‍ന്ന് ഡ്രൈവര്‍. വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയ ക്യാബിനില്‍ നിന്ന് ആഞ്ജലിനേയും വലിച്ചെടുത്ത്,  പിടിച്ചു കയറിയത് ഓര്‍മ്മയുണ്ട്. പിന്നെ എത്ര നേരം കഴിഞ്ഞെന്നറിയില്ലാ, കണ്ണു തുറന്നപ്പോള്‍ അവന്‍ ഒര് കാട്ടുവള്ളിയില്‍ കുരുങ്ങി തൂങ്ങിക്കിടക്കുകയാണ്. കുറച്ചപ്പുറത്ത് ടാങ്കറിന്റെ പിന്‍ ഭാഗം പൊന്തിക്കാണാനുണ്ട്. ചുറ്റും കലങ്ങിയ വെള്ളപ്പരപ്പ് മാത്രം.''

'' ആഞ്ജല്‍, ആഞ്ജല്‍ എന്ന് ആര്‍ത്തു വിളിച്ചതുപോലും ഒഴുക്കിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി. വീണ്ടും ബോധം മറയുമ്പോള്‍ ഒരു പതിഞ്ഞ ശബ്ദം എങ്ങുനിന്നോ വിളിക്കുന്നതായി അവന് തോന്നി:
''ബാലു ജീ...ബാലു ജീ...''

Content Highlights: ivpmenon-malayalamstory