വേനലവധിക്ക് സ്‌കൂള്‍ പൂട്ടിയാല്‍ വള്ളുവനാട്ടിലെ 'ത്രാങ്ങാലി ' എന്ന ഗ്രാമത്തില്‍ എല്ലാവര്‍ഷവും പോകാറുണ്ട്.  അവിടം വിട്ടുപോരാന്‍ മനസ്സനുവദിക്കില്യാ. ബാല്യ, കൗമാരം അനുഭവസമൃദ്ധമാക്കിയ ഇടമാണ്. പട്ടണത്തിലെ അധ്യാപനത്തിനിടയില്‍ കിട്ടുന്ന ചെറിയൊരു ഇടവേള. ആര്യങ്കാവ് പൂരോം കാണാം, തറവാടിന് സമീപമുണ്ടായിരുന്ന ഇട്ട്‌ള്‌ന് കാലക്രമേണ വന്ന മാറ്റമൊന്ന് നോക്കിക്കാണുകേം ആവാം.

ഇത്തവണ പോയപ്പോള്‍ രാമുട്ട്യേട്ടനെ കണ്ടു. രാമുട്ട്യേട്ടന് ഒരു മാറ്റോല്യാ. പഴയ ഇട്ട്‌ള്‌ന്റെ അവശിഷ്ടങ്ങളിലൂടെ നടന്ന്, ചെമ്പുള്ളി തറവാടിന്റെ ഒരു കിലോമീറ്ററപ്പുറം സുബ്രഹ്മണ്യന്‍ കോവിലിനോടു ചേര്‍ന്നുള്ള, പണ്ടത്തെ പ്രതാപം ക്ഷയിച്ച രാമുട്ട്യേട്ടന്റെ തറവാടില്‍ ചെന്നു കയറി. രാമുട്ട്യേട്ടന്‍ നവതിയിലെത്തി നില്‍ക്കുണു. ഇപ്പോഴും ഊര്‍ജ്ജസ്വലന്‍ തന്നെ! കോവിഡ് കാലമായതിനാല്‍ പുറത്തിറങ്ങുന്നില്ലത്രെ. വേലേം പൂരോം താലപ്പൊലിം ഒന്നൂല്യല്ലോ.

രാമുട്ട്യേട്ടന്‍ പഴങ്കഥകളുടെ കെട്ടഴിച്ചു. എന്റെ കൗമാരകാലത്ത് രാമുട്ട്യേട്ടന്‍ ഇട്ട്‌ള്‌നെ പറ്റി പറയുന്ന കഥകളുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നു.

വള്ളുവനാട്ടുകാരുടെ ഇടവഴികള്‍ എല്ലാം ഒരു കാലത്ത് ഇട്ട്‌ളായിരുന്നു! നിന്നു തിരിയാനിടല്യാത്ത ഈ ഇട്ട്‌ള്‌ലിട്ട് എന്തു ചെയ്താലും ആരും കാണുകേം ഇല്ല... ചോദിക്കേം ഇല്ല.

പുഷ്‌കരനും രാജ്യോപ്പയും തമ്മിലുള്ള അഗാധ സ്‌നേഹബന്ധത്തിന്റെ കഥ നാട്ടിലെങ്ങും പരന്നപ്പോള്‍ തമ്പ്രാക്കള്‍ക്ക് അഭിമാനക്ഷതം! രാജ്യോപ്പ സ്‌നേഹിച്ച അടിയാളന്‍ ചെക്കന്‍ പുഷ്‌കരനെ ഈ ഇട്ട്‌ള്‌ലിട്ടാത്രേ തമ്പ്രാക്കള് വകവരുത്ത്യേ! മര്‍ദ്ദിച്ച് ജീവന്‍ പോയപ്പൊ തമ്പ്രാക്കള് നിര്‍ദ്ദേശിച്ച പ്രകാരം കുറുപ്പത്ത് തറവാട്ടുകാരുടെ ചെമ്പന്‍കുന്നില് പോണ വഴീല് കുഴികുഴിച്ച് മൂടായിരുന്നത്രെ! ചാത്തനും കോരനും തമ്പ്രാക്കളെ പേടിച്ചാണത്രെ പുഷ്‌കരനെ കൊന്നു കുഴിച്ചുമൂടിത്. പുഷ്‌കരന്‍ ആ വഴി പോകുന്നത് തഞ്ചം നോക്കി നിന്ന് കണ്ടുപിടിച്ചു തമ്പ്രാക്കളുടെ ചെവിയിലെത്തിക്കാന്‍ കുറേ ഉപജാപകവൃന്ദങ്ങളും.

പാറനും വെള്ളയും ചിറക്കണ്ടത്തിനു സമീപം നിന്ന് സ്‌നേഹിക്കണത് കണ്ടാല്‍ തമ്പ്രാക്കന്‍മാര്‍ക്ക് ഒരരിശം വരാനുണ്ടത്രെ. ചെമ്പുള്ളി തറവാട്ടില് രാമുട്ട്യേട്ടന്‍ പതിവായി വരണത് നാലുംകൂട്ടി മുറുക്കാന്‍ മാത്രായിരുന്നില്ലല്ലോ. രാമുട്ട്യേട്ടന്റെ യൗവനകാലത്തെ മോഹായിരുന്നു പാറുക്കുട്ടിയമ്മയുടെ കുഞ്ഞനുജത്തി സേതു ലക്ഷ്മി. അദ്ദേഹത്തിന്റെ നല്ല കാലത്ത്, ഇട്ട്‌ള്‌ന്റെ രണ്ടു ഭാഗവും പടുത്തുയര്‍ത്തിയ ഉരുളന്‍ കല്ല് പൊത്തിപ്പിടിച്ച് കയറി ചെമ്പുള്ളി തറവാട്ടിലേക്ക് എത്തി നോക്കുമായിരുന്നത്രെ.
ഇട്ട്‌ള്‌ല് ആകെ ഒരിരുട്ടല്യേ... ഉരുളന്‍ കല്ലിന്‍മേല്‍ ചവിട്ടിനിന്ന് രാമുട്ട്യേട്ടന്‍ സേതു ലക്ഷ്മിയെ മതി തീരും വരെ ... കൊതി തീരും വരെ നോക്കിക്കാണുമായിരുന്നത്രെ.

ഇതു കാണുമ്പോള്‍ നാട്ടിലെ രസികനായ ചന്തുപ്പണിക്കര് മുകളില്‍ നിന്ന് ഉരുളന്‍ കല്ല് അടര്‍ത്തിയെടുത്ത് താഴേയ്ക്കുരുട്ടി രാമുട്ട്യേട്ടനെ ഭയപ്പെടുത്തുമായിരുന്നത്രെ.
ആളോള് ഒറ്റയ്ക്കങ്ങനെ ഇട്ട്‌ള് ലൂടെ നടക്കുമ്പോള്‍ അവരെ പേടിപ്പിക്കാന്‍ ചന്തുപ്പണിക്കര് ചെയ്യുന്ന വേലയാണത്രെ ഈ കല്ലുരുട്ടല്‍. ഭീതിപ്പെട്ട് ആളുകള്‍ തിരിച്ചോടുമ്പോള്‍ അയാള്‍ടെ അട്ടഹാസം കണ്ടാല്‍ അറപ്പും വെറുപ്പും തോന്നാറുണ്ടെന്ന് രാമുട്ട്യേട്ടന്‍ എപ്പോഴും പറയും.

valluvanadan stories
വര: മദനൻ

ചെമ്പുള്ളി തറവാട്ടിലെ സേതു ലക്ഷ്മിയും പുത്തില്ലത്തെ ലക്ഷ്മിക്കുട്ട്യേടത്തിയും ഇണ പിരിയാത്ത സുഹൃത്തുക്കളായിരുന്നു. കുലീനകളും സുശീലകളും സുന്ദരിമാരുമായ ഇരുവരും പ്രദേശത്തുള്ളവരുടെ കണ്ണിലുണ്ണികളായി വളര്‍ന്നു വന്നു. അവരുടെ യൗവന കാലഘട്ടത്തിലുള്ള സൗന്ദര്യം കണ്ടാല്‍ കവികള്‍ക്ക് ഉപമാനോപമേയങ്ങള്‍ വേറെ തേടേണ്ട അവസ്ഥയുണ്ടാവില്ലത്രെ. അത്രയ്ക്ക് അഭൗമ സൗന്ദര്യത്തിനുടമകളാണിരുവരും.

പുത്തില്ലത്തെ ലക്ഷ്മിക്കുട്ട്യേടത്തിയെ മനയ്ക്കലെ മൂത്ത തിരുമേനി എന്നും ശല്യപ്പെടുത്തുമായിരുന്നത്രെ. മനയ്ക്കലെ തിരുമേനിയായതിനാല്‍ ഭയപ്പെട്ട് ആ കാര്യത്തില്‍ അധികമാരും ഇടപെടാറില്ലായിരുന്നു. തിരുമേനിയുടെ ഉപദ്രവം സഹിക്കവയ്യാതെ ലക്ഷ്മിക്കുട്ട്യേടത്തി പുത്തില്ലത്തു നിന്ന് പുറത്തിറങ്ങുന്നതു പോലും എപ്പോഴെങ്കിലുമാണ്. തറവാട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൂട്ടുകാരി സേതുലക്ഷ്മിയേയും ഒപ്പം കൂട്ടും. സുബ്രഹ്മണ്യന്‍ കോവിലില് തൊഴാന്‍ പോകണമെങ്കില്‍ ഇട്ട്‌ള്‌ലൂടെ പോയേ പറ്റുള്ളു.

വഴിയിലെ മൂലയ്ക്കുള്ള ഇല്ലിക്കൂട്ടങ്ങള് കണ്ടാല്‍ തന്നെ പേട്യാവും. പര്യാര്‍ത്തോരടെ കെഴക്കേ തൊടീന്ന് ചാഞ്ഞ് നിക്കണ ഇല്ലിക്കൂട്ടത്തില് ഇഴജന്തുക്കളങ്ങനെ വിഹരിക്യാത്രെ.

ഒരു സന്ധ്യയ്ക്ക് കോവിലില് തൊഴുത് പാനകവുമായി ഇട്ട്‌ള്‌ലൂടെ മടങ്ങുമ്പോള്‍ മനയ്ക്കലെ മൂത്ത തിര്വേനി പുത്തില്ലത്തെ ലക്ഷ്മിക്കുട്ട്യേടത്തിയെ തടഞ്ഞു നിര്‍ത്തി. വായ മൂടിക്കെട്ടി കൈകാല്‍ കെട്ടിയിട്ട് ഇട്ട്‌ള്‌ന്റെ മൂലയ്ക്കിട്ട ലക്ഷ്മിക്കുട്ട്യേടത്തിയെ കണ്ട് സേതുലക്ഷ്മി വലിയ വായയില്‍ കരഞ്ഞെങ്കിലും ആരും കേട്ടില്ല. പര്യാര്‍ത്തോരടെ തറവാട്ടില് തെങ്ങിന് തടം മാടുന്ന ചാത്തനും കോരനും ഓടിയെത്തിയെങ്കിലും മനയ്ക്കലെ മൂത്ത തിരുമേനിയെ കണ്ടപ്പോള്‍ വന്ന വഴി തിരിച്ചു നടന്നത്രെ. ഇട്ട്‌ള്‌ന്റെ നടുവില് കെടത്ത്യാത്രെ മനയ്ക്കലെ മൂത്ത തിരുമേനി പുത്തില്ലത്തെ ലക്ഷ്മിക്കുട്ട്യേടത്തിയുടെ ജീവിതം നശിപ്പിച്ചത്. കരച്ചില് കേട്ട് പോയവഴി തിരിച്ചുനടന്നു വന്ന അടിയാളന്‍ കുഞ്ചീര 'ക' 'മ' ന്ന് ഒരക്ഷരം മിണ്ടീല്യാത്രെ. കയ്യിലുണ്ടായിരുന്ന ചൂട്ട് തിരുമേനി കുഞ്ചീരയെ പിടിപ്പിച്ചത്രേ..! അയാള്‍ടെ മോഹം അടങ്ങണ വരെ.. അന്നേരത്ത് സേതുലക്ഷ്മി ഇല്ലിക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞിരുന്നതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.

മനയ്ക്കലെ തിരുമേനി ലക്ഷ്മിക്കുട്ട്യേടത്തിയെ വേളി കഴിച്ചില്ലെന്ന് മാത്രമല്ല, എവിടെ നിന്നോ ഒരു ഇല്ലത്തമ്മയെ കൊണ്ട്വന്ന് പൊറുപ്പിച്ചു. അതിലുണ്ടായ സന്താനങ്ങളൊക്കെ ബുദ്ധിക്ക് വെളിവില്ലാത്തോരും.
ലക്ഷ്മിക്കുട്ട്യേടത്തി പുത്തില്ലത്ത് നശിച്ച തിരുമേനീടെ വിത്തിനെ പ്രസവിച്ചു. അത് ചാപ്പിള്ളയായത് ഭാഗ്യായി. പക്ഷേ പറഞ്ഞിട്ടെന്താ.. സംഭവം നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ലക്ഷ്മിക്കുട്ട്യേടത്തി പുത്തില്ലത്തെ അടുക്കളയില്‍ നിന്ന് സ്വയം തീ കൊളുത്തി ജീവനൊടുക്കി.
ഈ സംഭവത്തിനു ശേഷം ചെമ്പുള്ളി തറവാട്ടിലെ സേതുലക്ഷ്മി മൗനിയായിപ്പോയി. ഒരുപാട് മരുന്നും മന്ത്രോം പരീക്ഷിച്ചു നോക്കി. സേതുലക്ഷ്മിയുടെ അസുഖത്തിന് ഒരു മാറ്റവും ഉണ്ടായില്ല. രാമുട്ട്യേട്ടനാണെങ്കില്‍ വിവാഹം കഴിക്കാതെ കാലങ്ങളോളം സേതുലക്ഷ്മിക്കു വേണ്ടി കാത്തിരുന്നു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. 

രാമുട്ട്യേട്ടന്‍ ഒരു ദിവസം ചെമ്പുള്ളി തറവാട്ടിലെത്തി കാര്‍ന്നോരോട് സേതുലക്ഷ്മിയെ ഈ അവസ്ഥയിലും വിവാഹം ചെയ്യാമെന്നുള്ള സന്നദ്ധത പ്രകടിപ്പിച്ചു. കാര്‍ന്നോര് വിധോം തരോം നോക്കി സേതുലക്ഷ്മിയോട് വിവരം അറിയിച്ചപ്പോള്‍ സേതു ലക്ഷ്മി നിര്‍വികാരയായി നിന്നതേയുള്ളുവത്രെ. രാമുട്ട്യേട്ടന്‍ വിളിച്ചിറക്കി കൊണ്ടുപോകുവാന്‍ ആവതും നോക്കി. നിരാശയായിരുന്നു ഫലം.

valluvanadan story
വര: മദനൻ

ഇട്ട്‌ള്‌ന്റെ ഒരറ്റത്ത്ന്ന് കാവും തറേലെ വെളിച്ചപ്പാടിന്റെ ഒരു വരവ്ണ്ട്. പറേട്ക്കാന്‍ വരുമ്പോള്‍... മൂര്‍ദ്ധാവില്‍ വെട്ടി ... ചോരയൊലിപ്പിച്ച് ... ഭഗവത്യേ .. പിന്നെങ്കട് കോമരം തുള്ളല് ... ഇട്ട്‌ള്‌ല് നടന്ന സംഭവങ്ങള് വള്ളിപുള്ളി തെറ്റാതെ ഓരോന്നായി എണ്ണിയെണ്ണിയങ്ങ് പറയും. വാ പൊളിച്ച് ജനങ്ങനെ കേട്ടു നിന്നോളാ... വായനശ്ശാലേടെ മൈതാനത്ത് നിന്നങ്കട് വെളിച്ചപ്പെടാ ... പറഞ്ഞതൊക്കെ അച്ചട്ടാവും. സേതുലക്ഷ്മിയെ വെളിച്ചപ്പാട് വിസ്തരിച്ചപ്പോള്‍ ഒരു ചാഞ്ചല്യവുമില്ലാതെ  നിന്നത്രെ. രാമുട്ട്യേട്ടന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. മുഖം മുഴുവന്‍ ചോരയൊലിപ്പിച്ച് ഇട്ട്‌ള്‌ന്റെ ഇരുളിലേക്ക് ഓടിയ കോമരത്തെ കണ്ടപ്പോള്‍ മാത്രം സേതുലക്ഷ്മിയുടെ മുഖം ഭയാക്രാന്തമായത്രെ. അതുപോലെ ഒരു ദിവസം കുഞ്ചീര തറവാട്ടില്‍ എത്തിയപ്പോഴും സേതുലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്നാണ് രാമുട്ട്യേട്ടന്‍ പറയുന്നത്.

ത്രാങ്ങാലി പ്രദേശത്ത് മിക്ക സമയത്തും നടന്നിരുന്ന ദീര്‍ഘഗാത്രമുള്ള കാവിലെപ്പാട്ടെ പട്ടത്ത്യാര് ഇന്നില്ല . മാറിടം മറയ്ക്കാതെ, വെളുത്ത മുണ്ടുടുത്ത് തിളങ്ങുന്ന മൂക്കുത്തിയും കല്ലുമാലകളുമണിഞ്ഞ് ഇട്ട്‌ള് ലൂടെ രാപ്പകല്‍ ഭേദമെന്യേ നടക്കുമായിരുന്നു. പുകയില ച്ചുരുട്ട് നുള്ളിയെടുത്ത് പല്ലിനിടയില്‍ തിരുകിക്കയറ്റി , മുണ്ടിന്റെ കോന്തലയെടുത്ത് മാറത്തെ വിയര്‍പ്പൊപ്പി ചടുലതയോടെ സഞ്ചരിച്ചിരുന്ന പട്ടത്ത്യാരെ ത്രാങ്ങാലി ജനത അങ്ങനെയൊന്നും മറക്കില്ല.

ഒരിക്കല്‍ പട്ത്ത്യാരെ പാമ്പുകടിച്ചപ്പോള്‍ അവരെ ഏറ്റിക്കൊണ്ടോവാന്‍ തടസ്സായ ഇടുങ്ങിയ ഇട്ട്‌ള്‌ലൂടെ നാലു ചക്രവാഹനങ്ങള്‍ ഇരമ്പിപ്പായുന്ന ശബ്ദ കോലാഹലങ്ങള്‍ ലക്ഷ്മിക്കുട്ട്യേടത്തിയുടെയും സേതുലക്ഷ്മിയുടെയും കരച്ചിലിനേക്കാള്‍ പതിന്‍ മടങ്ങില്‍ ഉയര്‍ന്നു പൊങ്ങുന്നു. 

ഇട്ട്‌ള്ന്ന് പാമ്പുകടിയേറ്റ കാവിലെപ്പാട്ടെ പട്ത്ത്യാര് ചത്തിട്ടാത്രെ വിഷവൈദ്യന്റടുത്തെത്തിയത്. അടിയാളന്‍ ചെക്കന്‍ പുഷ്‌കരന്റെ കൊലയ്ക്കുശേഷം നട്ടുച്ചയ്ക്ക് ഇട്ട്‌ള്‌ല് മൊ യ്യത്തെ രാജ്യോപ്പ കുളീം കഴിഞ്ഞ് മുടി വിടര്‍ത്തീട്ടങ്ങനെ യക്ഷ്യേ പോലെ നടക്ക്ണ്ടാവുംത്രെ. സമനില തെറ്റിയ രാജ്യോപ്പയ്ക്ക് ഒരു ചികിത്സകളും ഫലിച്ചില്ലത്രെ.ഇട്ട്‌ള്‌ന്റെ ഒരറ്റത്ത് ഇപ്പഴും പൊട്ടു പോലെ കാണുന്നൊരു നാഗത്തറേണ്ട്. തറ്വേക്കെ ഭൂമിയ്ക്കടീലാ... നാഗത്തിന്റെ തല മാത്രം കാണാം. കലികാലം വന്നാല്‍ ഈ സര്‍പ്പം മനുഷ്യരെയൊക്കെ ഒന്നോടെ വിഴുങ്ങ്വത്രെ. അതിനിനി താമസമില്ലെന്നാണ് രാമുട്ട്യേട്ടന്റെ പറച്ചില്‍ . ഇന്നത്തെ സമൂഹത്തില്‍ ഇട്ട്‌ള്
ഇരുളില്‍ മാഞ്ഞുപോയതു പോലെ ത്രാങ്ങാലിയിലെ രാമുട്ട്യേട്ടന്റെ ഓര്‍മകളും ഒരു വള്ളുവനാടന്‍ കഥയായി തീരുമായിരിക്കും.

* ഇട്ട്‌ള് എന്നാൽ ഇടവഴി

Content Highlights: Ittilu Valluvanadan Stories Rajani Suresh Malayalam Fiction Nostalgia