പ്രതിസന്ധികളും പരിഭവങ്ങളുമായി ഒരു മഴക്കാലം കൂടി വന്നുകയറുകയായി. പരൽ മീനുകൾ നീന്തിത്തുടിക്കുന്ന പാടങ്ങളെയും ഏകാകിതമായ ബാല്യകാലത്തെയും ഉണർത്തിക്കൊണ്ട് സി.വിബാലകൃഷ്ണന്റെ ആത്മകഥ പരൽ മീൻ നീന്തുന്ന പാടം വീണ്ടും വായനക്കെടുക്കുമ്പോൾ...പുസ്തകത്തിലെ ഒരു അധ്യായം വായിക്കാം.

പാലത്തരയെ ഛേദിച്ചു കടന്നുപോകുന്ന ചെറിയ പുഴ വേനൽ തീർന്ന് ഇടവത്തിൽ മഴ തുടങ്ങിയാൽ കാണെക്കാണെ തിടംവെക്കും. അതിന്റെ പടിഞ്ഞാറേക്കരയിൽ പാലത്തിനടുത്തായാണ് ഇളയച്ഛന്റെ വീട്. ഇടയ്ക്കു ചില പകലുകളിൽ അച്ഛമ്മ അലക്കിയ പുടവ ചുറ്റി വേഷ്ടികൊണ്ട് മാറുമറച്ച് ഓലക്കുടയുമെടുത്ത് ഇറങ്ങുന്നത് അങ്ങോട്ടാണ്. കാരപ്പൊന്തകൾക്കിടയിലൂടെയുള്ള നേർത്ത ഒറ്റയടിപ്പാതയിലൂടെ കൃശനിഴലുമായി അച്ഛമ്മ പതുക്കെ നടന്നുനീങ്ങും.

ഒരു ഒറ്റപ്പന തെഴുത്തുനില്ക്കുന്ന ചേടിക്കുന്നിനു താഴെയായുള്ള ഇത്തിരി സ്ഥലമാണ് പാലത്തര. ഇളയച്ഛന്റെ വീടിനു നേരെ കിഴക്ക് അങ്ങേക്കരയിലുള്ള പള്ളിയിൽനിന്ന് നേരംതെറ്റാതെ ബാങ്കുവിളികളുയരും. കൈതത്തഴപ്പുകളിൽ കുളക്കോഴികളുടെ ഒച്ചപ്പാട്.

അറുപതുകളുടെ തുടക്കത്തിലെ ഒരു മഴക്കാലത്ത് കൈതത്തഴപ്പുകളത്രയും ജലത്തിലാണ്ടുപോയി. പുഴ നിറഞ്ഞേന്തി ഇളയച്ഛന്റെ വീട്ടുമ്മറത്തെത്തി. തെങ്ങുകളും പുഴമീനുകളും ഉമ്മറത്തൂടെ സഞ്ചാരമായി. വീടിന്റെ മുൻഭാഗത്ത് പലചരക്കുകടയായിരുന്നു. അതിന്റെ ഒരംശമായ ഉപ്പുപത്തായം വെള്ളത്തിലായി. പത്തായത്തിലെ ഉപ്പാകെ പുഴവെള്ളത്തിൽ കലർന്നു. വഴിയോരത്തെ പുളിയൻമാവിൽനിന്ന് പഴുത്ത മാങ്ങകൾ കൊഴിഞ്ഞുവീഴുന്നത് പുഴ വിഴുങ്ങി. വഴി കാണാനില്ലായിരുന്നു. അതിനപ്പുറം ചേടിക്കുന്നുവരെയുള്ള പാടങ്ങളൊക്കെ ഒരു ജലപ്പരപ്പു മാത്രമായി മാറിയിരുന്നു. ചേടിക്കുന്നിലെ പന എല്ലാം നോക്കിക്കൊണ്ട് വികാരഭേദമില്ലാതെ നിലകൊണ്ടു.

മഴക്കാലത്താണ് തേങ്ങ കൊണ്ടുപോകാനായി ചീനകൾ വരിക. ചീനകൾ വലിയ വള്ളങ്ങളാണ്. കടുത്ത ചേറുമണമുണ്ടവയ്ക്ക്. ഹൗസ് ബോട്ടുകളിലെതുപോലുള്ള സൗകര്യങ്ങളൊന്നും ഉണ്ടാകില്ലെന്നാലും മധ്യത്തിലായി ചെറിയൊരു മേൽക്കൂര കാണും. അതിനു കീഴെയാണ് പണിക്കാർ വിശ്രമം തേടാറ്. ഇളയച്ഛന്റെ വീട്ടുപറമ്പിനോടു ചേർത്ത് നിർത്തിയിട്ട ചീനകൾ നാളുകളോളം അവിടെയുണ്ടാകും. പണിക്കാർ നാടൊട്ടുക്ക് പോയി തേങ്ങ സംഭരിക്കും. വെപ്പും കുടിയും പറമ്പിൽ. അവരാണ് മീൻപിടിക്കുന്നതെങ്ങനെയെന്ന് എനിക്ക് കാട്ടിത്തന്നത്. വെള്ളിപോലെ തിളങ്ങുന്ന മീനുകൾ അവരുടെ ചൂണ്ടകളിൽ പിടയുന്നത് പലപ്പോഴായി കണ്ടപ്പോൾ ഒരു കൊതി. അവർ പാകംചെയ്യുന്ന മീൻകറിയിൽനിന്ന് പങ്കുപറ്റാനല്ല, എന്റെ ഭാഗ്യം പരീക്ഷിക്കാൻ.

ശനിയാഴ്ചതോറുമുള്ള ഓണക്കുന്നിലെ ചന്തയ്ക്കു പോയി ടങ്കീസും ചൂണ്ടയും വാങ്ങി. വെങ്കണയുടെ താണുകിടന്നൊരു കൊമ്പു വെട്ടി വടിയൊരുക്കി. വടക്കുപുറത്തെ വാഴത്തടങ്ങൾ ചികഞ്ഞ് മണ്ണിരകളെ ചിരട്ടയിൽ ശേഖരിച്ചു.
പുതിയ ചൂണ്ടക്കാരന്റെ ഉൗറ്റോടെയുള്ള പോക്ക് അച്ഛമ്മ കണ്ടില്ല.
ചീനകളൊക്കെയും മടങ്ങിപ്പോയിരുന്നു. കരയിലെ അടുപ്പിൽ കല്ലുകളും ചാരവും കരിഞ്ഞ വിറകുകൊള്ളികളും. വായുവിൽ കനത്ത ചേറുമണമില്ല. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കെ ചൂണ്ടയിൽ മണ്ണിരയെ കോർത്ത് വടി പുഴയിലേക്കു നീട്ടി ഞാൻ കരയിൽ ഇരിപ്പായി.
ഇര കോർത്ത ചൂണ്ട വെള്ളത്തിലേക്ക് വീഴുന്നതും കാത്തിരിക്കുകയല്ല മത്സ്യങ്ങളെന്ന് എനിക്കറിയാമായിരുന്നില്ല അപ്പോൾ. പ്രാച്ചിയും വളോടിയും ഏട്ടയും കടുവയും തൊലിയനും ഓടന്തളപ്പാനും ചെമ്പല്ലിയും ഏരിയും മാലാനും നോങ്ങലും കരിമീനും കൊയലയും എറിയനും കക്കൂമനുമൊക്കെയുണ്ട് പുഴയിൽ. പക്ഷേ, എന്റെ ചൂണ്ടയും അതിലെ മണ്ണിരയും അവയെ ആകർഷിക്കുന്നതിൽ വിജയം കണ്ടില്ല. എന്റെ പ്രത്യാശാനിർഭരമായ കാത്തിരിപ്പ് അനന്തമായി നീണ്ടുപോയി. പള്ളിയിൽനിന്ന് ഉച്ചനേരത്തെ ബാങ്കുവിളി ഉയർന്നു.

സൂര്യൻ തലയ്ക്കു നേരെ മുകളിലായി. ഞാൻ പൈദാഹംകൊണ്ട് തളർന്നു.
ഒടുവിൽ, എന്നെയാകെ ത്രസിപ്പിക്കാൻപോന്നവിധത്തിൽ, ചരടിന്റെ അറ്റത്ത് ഒരനക്കം. എന്റെ ഞരമ്പുകളാകെ പിടഞ്ഞുണർന്നു. ആഞ്ഞ് ഒറ്റ വലി. അടുത്ത മാത്രയിൽ കരയിലെ പുല്ലിൽ ഒരു മീനിന്റെ പിടച്ചിൽ.
കാഴ്ചയിൽ എന്നെയത് വളരെ നിരാശപ്പെടുത്തി. നന്നെ ചെറിയ ഒരു കുരുടൻ മീനായിരുന്നു അത്. ഇരുണ്ട നിറം.

Paralmeen
പുസ്തകം വാങ്ങാം

മറ്റൊരു ശ്രമംകൂടി നടത്താനുള്ള സാവകാശമില്ല.
ഞാൻ മീനുമെടുത്ത് ദുരിശത്തിൽ വീട്ടിലേക്ക് ഓടി.
വെറുമ്പറമ്പ് താണ്ടി കിതച്ചും വിയർത്തും അച്ഛമ്മയുടെ മുന്നിലെത്തി.
''ഇതെന്താ?'' അച്ഛമ്മ സംശയാകുലയായി ചോദിച്ചു.
''ഞാൻ പിടിച്ച മീനാ. കറിവെക്കാം''
അങ്ങനെ പറഞ്ഞുകേൾപ്പിച്ചപ്പോഴേക്കും അച്ഛമ്മയുടെ മുഖം കോപകലുഷിതമായി.
''കൊണ്ടുപോയി കളയ് ഇതിനെ,'' അച്ഛമ്മ രൂക്ഷസ്വരത്തിൽ കല്പിച്ചു. അത്രയും പാരുഷ്യത്തോടെ മുൻപൊരിക്കലും അച്ഛമ്മ ശബ്ദമുയർത്തിയിരിക്കില്ല.
''കുളിച്ചുവന്നാലല്ലാതെ അന്നം തരില്ല ഇവിടന്ന്.''
കൈയിൽ നന്നെച്ചെറിയ കുരുടൻ മീനുമായി ഞാൻ അന്തിച്ചുനിന്നു. തൊടിയിൽ ചവറ്റിലക്കിളികൾ ഒച്ചവെച്ചു.

Content Highlights: Excerpts from C V Balakrishnans Autobiography Paralmeen Neenthunna Paadam