ansif
ചിത്രീകരണം: അശ്വര ശിവന്‍

 

എനിക്കൊരു സന്തോഷമുണ്ട്.

യൗവനത്തിലെ എന്റെയൊരു ശൈത്യകാലം ഞാന്‍ കടല്‍ത്തീരത്ത് ചിലവഴിച്ചിരുന്നു. അപ്പോള്‍ ബബ്ലൂസ് നാരങ്ങകള്‍ വിറ്റിരുന്ന ഒരു പെണ്‍കുട്ടി യാദൃച്ഛികമായി ആ വഴി  വന്നു. അവള്‍ പറഞ്ഞു: 'യഥാര്‍ത്ഥത്തില്‍ എന്റെ ജോലി കുട്ടികളുടെ സാഹിത്യം എഡിറ്റ് ചെയ്യലായിരുന്നു. ബാലസാഹിത്യം എന്നെ സംബന്ധിച്ച് മനോഹരമായ ഒരനുഭവമായിരുന്നു. നിങ്ങള്‍ കരുതുന്നതുപോലെ, അത്ര വിരസമായിരുന്നില്ല കുട്ടികളുടെ ലോകം. ലോകത്തിലെ ഏറ്റവും കുഞ്ഞ് ഇലകള്‍ കൊണ്ട് കുട്ടികള്‍ക്കായി വിമാനമുണ്ടാക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്- മിസ്റ്റര്‍ പിരാന്റോ.  കുഞ്ഞു കാര്യങ്ങള്‍ കൊണ്ട്  എത്ര മനോഹരമായാണ് അയാള്‍ സന്തോഷമുണ്ടാക്കിയിരുന്നത് എന്നറിയുമോ.

ബാലസാഹിത്യം നിങ്ങള്‍ കരുതുന്നതുപോലെ അത്ര വിരസമായിരുന്നില്ല. നിങ്ങളെപ്പോലെ ബാലസാഹിത്യം വിരസമെന്ന് കരുതിയിരുന്ന മറ്റൊരു ചങ്ങാതിയുണ്ടായിരുന്നു എനിക്ക്- സ ചൂ. ബാലസാഹിത്യം വിരസമായി കരുതിയിരുന്നെങ്കിലും അയാളും വലിയ കാര്യങ്ങളില്‍ ആനന്ദിച്ചില്ല. വലുതായിരുന്നില്ല അയാളുടെ ലോകം. അയാള്‍ എഴുത്തുകാരനായിരുന്നു. അയാള്‍ വലിയ കാര്യങ്ങളെക്കുറിച്ച് എഴുതുകയേ ചെയ്തില്ല. ചെറുതായിരുന്നു അയാളുടെ ലോകം. അയാളെ ഞാന്‍ ചൂ എന്ന് വിളിച്ചു. വലിയതിന്റെ പൊടിപടലങ്ങളില്ലാത്ത ലോകത്തു വച്ചു കാണുമ്പോള്‍ ഞാന്‍ ചൂവിനോട് പറയും: 'ഞാന്‍ കുട്ടികളുടെ ലോകത്തില്‍ ആനന്ദിക്കുന്നു.' അപ്പോള്‍ ചൂ പതിവുപോലെ പറയും: ഞാന്‍ കുഞ്ഞു കാര്യങ്ങളില്‍ ആനന്ദിക്കുകയും കുഞ്ഞു ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'

കുട്ടികളുടെ ലോകത്തില്‍ ഞാന്‍ അത്യധികം ആനന്ദിച്ചു. എന്നിട്ടും ഞാന്‍ എന്തുകൊണ്ടാണ് ബബ്ലൂസ് നാരങ്ങ വില്‍ക്കുന്ന ഒരാളായി സ്വയം മാറിയത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. രണ്ട്  കാര്യങ്ങളാണ് അതില്‍ എന്നെ സന്തോഷിപ്പിക്കുകയുണ്ടായത്. ബബ്ലൂസ് നാരങ്ങക്ക് ഞങ്ങളുടെ ഭാഷയില്‍ കമ്പിളിനാരങ്ങ എന്നും പറയും. ആ പറച്ചില്‍ എന്റെ അമ്മയുടെ കമ്പിളിപ്പുതപ്പുകളെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അതായിരുന്നില്ല വലിയ കാര്യം. ചില മനുഷ്യര്‍, എത്ര മനോഹരമായാണ് ബബ്ലൂസ് നാരങ്ങയുടെ തൊലി പൊളിക്കുന്നത്, വളരെ പതുക്കെ സമയമെടുത്ത്, അവരത് ചെയ്യുന്നു. അതിന്റെ ചുവന്നതും വെളുത്തതുമായ അല്ലികളിലേക്ക് എത്തിച്ചേരാന്‍ അവര്‍ ആഗ്രഹിക്കാത്തത് പോലെ, ബബ്ലൂസ് നാരങ്ങ തിന്നുന്നതല്ല, അതിന്റെ തൊലി കളയുന്നതാണ് ഉറപ്പായും അവരെ സന്തോഷിപ്പിക്കുന്നത് എന്ന പോലെ. അവരുടെ ഇരുണ്ടതും വിഷാദഭരിതവുമായ ലോകത്തെ പൊടിപടലങ്ങള്‍ പതുക്കെ നീക്കിക്കൊണ്ടിരിക്കുന്നതുപോലെ, ആനന്ദിച്ച്, വളരെയധികം ആനന്ദിച്ച് അവരത് ചെയ്യുന്നു.ഉള്ളിലെ കാമ്പിനുമേലെയുള്ള പുറം ആവരണത്തിലേക്കെത്തുമ്പോഴേക്കും അവരുടെ ആനന്ദം പൂര്‍ത്തീകരിക്കപ്പെടുന്നു. അവര്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, അവരുടെ അധ്വാനത്തില്‍ തെളിഞ്ഞുവന്ന തിളക്കമുള്ള ലോകത്തെ അവര്‍ കാണുന്നു. മധുരങ്ങളിലല്ല, മധുരങ്ങളിലേക്കുള്ള, പ്രയാണങ്ങളില്‍ അവര്‍ മുഴുകുന്നു. ചിലവരാട്ടെ, മുഴുവന്‍ തൊലിയും പൊളിച്ചുകളഞ്ഞശേഷം  നാരങ്ങ വലിച്ചെറിയുന്നു. വളരെ വേഗത്തില്‍ ബബ്ലൂസ് നാരങ്ങ തിന്നുന്നവര്‍ എന്നെ ശരിക്കും മടുപ്പിക്കുന്നു. അവര്‍ക്ക് ഞാന്‍ ബബ്ലൂസ് നാരങ്ങ വില്‍ക്കുകയേ ചെയ്യാതിരിക്കുന്നു.'

എനിക്ക് ലോകമഹായുദ്ധത്തേക്കാള്‍ പേടി തണുപ്പിനെയാണ്. കാല്‍വിരലുകള്‍ക്കിടയിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പേടി. മറ്റൊരു ശൈത്യകാലമായിരുന്നു അത്. 'ഈ ശൈത്യകാലത്തെ നമ്മളെങ്ങനെ അതിജീവിക്കും?' ജോണ്‍ കൂടെക്കൂടെ അത് ചോദിക്കും. ഞാന്‍ ചോദിച്ചു. നമ്മുടെ വീട്ടിലെ ആകെയുള്ള ഈ മേശയുടെ അത്രയ്ക്കും അപരിചിതമായിരുന്നു അതിന്റെ കാലുകള്‍ ചുറ്റുമിരുന്ന് നമുക്ക് തണുപ്പിനെക്കുറിച്ച് സംസാരിച്ചുകൂടെ? അതല്ലെങ്കില്‍ പേടികളെക്കുറിച്ച്? അതുമല്ലെങ്കില്‍ വിഷാദത്തെക്കുറിച്ച്? അപ്പോള്‍ അബൂട്ടി ഇടപെട്ടു: 'നമുക്ക് സന്തോഷത്തെക്കുറിച്ച് പറയാനായിരുന്നെങ്കില്‍  എന്തുമാത്രം സന്തോഷഭരിതമായിരുന്നേനെ അത്.'

എല്ലാവരും അവരുടെ സന്തോഷങ്ങളെക്കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: 'ബബ്ലൂസ് നാരങ്ങയുടെ തൊലി പൊളിക്കുന്നതാണ് എന്നെ ജീവിതത്തില്‍ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം. ബബ്ലൂസ് നാരങ്ങകളെ കുറിച്ച് എന്റെ ഭാഷയിലിന്നേവരെ ആരും ഒരു മഹാകാവ്യം എഴുതിയിട്ടില്ല എന്നത് എന്നെ നിരാശനാക്കിയിരുന്നു. എങ്കിലും ബബ്ലൂസ് നാരങ്ങ എന്റെ ചെറുപ്പകാലത്തെ ധന്യമാക്കുകയുണ്ടായി. ബബ്ലൂസ് നാരങ്ങയുടെ തൊലി പൊളിച്ചുകൊണ്ടിരിക്കെ ഞാന്‍ അത്യധികം ആഹ്ലാദവാനായി കാണപ്പെട്ടു. വളരെ പതുക്കെയായിരുന്നു ഞാനത് ചെയ്തിരുന്നത്. അതിന്റെ മധുരമുള്ള അല്ലികളിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന പോലെ. ആദ്യം ബബ്ലൂസ് നാരങ്ങയുമായി രഹസ്യമായ ഒരു കേന്ദ്രത്തിലെത്തുന്നു. വേഗം, വേഗം എന്ന് ആരും ബഹളം വയ്ക്കാത്ത ഒരിടത്ത്. അവിടെയിരുന്ന് വളരെ പതുക്കെ ഞാനതിന്റെ തൊലി പൊളിക്കുന്നു, ബബ്ലൂസ് നാരങ്ങ തിന്നാന്‍ ഞാനാഗ്രഹിക്കുന്നില്ലെങ്കിലും. എന്റെ അധ്വാനത്തില്‍ തെളിഞ്ഞുവന്ന ആ തിളക്കമുള്ള ലോകത്തെ ഞാന്‍ കാണുന്നു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.'

പറഞ്ഞു കഴിഞ്ഞ ശേഷം ഞാന്‍, ജോണിനോടും അബൂട്ടിയോടുമായി പറഞ്ഞു: 'ഉറപ്പായും, ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പക്ഷെ, നിങ്ങള്‍ വിശ്വസിക്കാനിടയുണ്ടോ എന്നറിയില്ല. ഞാനൊരിക്കലും, ബബ്ലൂസ് നാരങ്ങ കണ്ടിട്ടില്ല. കൈകൊണ്ടു തൊട്ടിട്ടുപോലുമില്ല. പിന്നെയോ. ബബ്ലൂസ് നാരങ്ങയുടെ തൊലി പൊളിക്കുന്നത് അത്യധികം ആഹ്ലാദിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടുമുട്ടി. അവളോടൊപ്പം ഞാന്‍ കുറച്ചുകാലം ചിലവഴിക്കുകയും ചെയ്തു. അവള്‍ എപ്പോഴും അതേക്കുറിച്ച് മാത്രം എന്നോട് പറയും.  എനിക്കിപ്പോള്‍ ഉറപ്പിച്ചു പറയാനാവും ബബ്ലൂസ് നാരങ്ങയുടെ തൊലി പൊളിക്കുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.'

സ്വാഭാവികമായി ഞാന്‍ അവളെ, എന്റെ സന്തോഷമെന്നോ ചുരുക്കി സന്തോഷം എന്ന് മാത്രമോ വിളിക്കുന്നു.

Content Highlights :Ente Santhosham written by Ancif Abu