വലയിൽ ബസ്സിറങ്ങി, കാലത്ത് കടയിൽ  കൊടുത്തിട്ട് പോയ ലിസ്റ്റിലുള്ള സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടക്കുകയാണ് ശിവൻകുട്ടി. കുരിശുംതൊട്ടിയുടെ കിഴക്ക് വശത്തുള്ള പാടം കടന്ന് വേണം വീട്ടിലെത്താൻ. കുളി കഴിഞ്ഞ്, വെള്ളം തോരുന്നതിന് മുൻപേ കറുത്ത ഉടുപ്പുമെടുത്തിട്ട് പിണങ്ങി നിൽക്കുന്ന  ആകാശം...വരമ്പിന്റെ നെറുകെയുള്ള മൺവഴിയിൽ അവിടവിടെയായി ചെളി വെള്ളം കെട്ടിക്കിടപ്പുണ്ട്. അയാൾ കടന്ന് പോകുന്നതും കാത്ത് വശങ്ങളിൽ ഒതുങ്ങിനിൽക്കുകയാണ് നീലാണ്ടൻ തവളയും മഞ്ഞൻ ചേരയും. ഇരയുടെ കരച്ചിൽ കാണാൻ ഇഷ്ടമില്ലാത്ത  മഞ്ഞനെ മനുഷ്യൻ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു  ശത്രുവിനെ ചങ്ങാതിയാക്കണമെങ്കിൽ, അതിൽ ഒറ്റപ്പെടലിന്റെ ഇരുട്ടുണ്ടാവണം.

വാർക്കപ്പണിക്കാരന്റെ സഹായിക്ക് കൂലിയൊക്കെ കുറവാണ്. കുറച്ചായി പട്ടണത്തിലാണ് പണി. വണ്ടിക്കൂലിയും കാപ്പികുടിയും കഴിഞ്ഞാൽ അൻപതു രൂപ തികച്ച് പോക്കറ്റിൽ കാണാറില്ല. അതിൽ  നാൽപ്പത് രൂപ ലോട്ടറിക്ക് പോകും.അടിയ്ക്കാൻ വേണ്ടി എടുക്കുന്നതല്ല, മറ്റൊരാൾക്ക് അരി മേടിക്കാൻ  വേണ്ടി  മാത്രം... ശനിയാഴ്ച്ചയാവാൻ കാത്തിരിക്കുന്ന കുറേപ്പേരുണ്ട് വീട്ടിൽ. അന്നാണെല്ലോ കൂലിയുടെ കണക്ക് തീർക്കുന്നത്. മീൻപിടുത്തക്കാരനായിരുന്നു ശിവൻകുട്ടിയുടെ അച്ഛൻ. ശനിയാഴ്ച്ചപ്പതിവായ മൂന്നുപൊതി ബീഡിയ്ക്കും ഒരു കുപ്പി കള്ളിനുമായി ആ മനുഷ്യനും അയാളെ കാത്തിരിക്കുകയാണ്.

വരമ്പ് കടന്ന് കയറുന്നത് ചെറിയൊരു  തോട്ടിലേക്കാണ്. പട്ടികയടിച്ച് പറ്റിച്ചു വെച്ചിരിക്കുന്ന തടിപ്പാലത്തിന് ശിവൻകുട്ടിയുടെ പ്രായമാകുന്നു. ഇനിയും രണ്ട്   കിലോമീറ്റർ മിച്ചം നടപ്പുണ്ട്. വഴിവക്കിലെ ഒരാൾ പൊക്കമുള്ള ചെന്തെങ്ങുകളൊക്കെ പണ്ടാരോ വെച്ച് പിടിപ്പിച്ചതാകണം.ഇരുപതിൽ  താഴെ മാത്രം വീടുകളുള്ള ഒരു തുരുത്തിലായിരുന്നു അയാളുടെ വീട്. പണ്ട് തിരുത്താൻ പറ്റാതെ പോയ ചില തെറ്റുകൾ നിർമ്മിച്ച ഒരു തുരുത്ത്...വീട് പണിയാനുള്ള മണ്ണിനു വേണ്ടി ചുറ്റുമുള്ള പാടം കുഴിക്കുമ്പോൾ, അതൊരു വെള്ളക്കെട്ടായി മാറുമെന്ന് അവർ ഓർത്ത് കാണില്ല. വളരാൻ വാനമില്ലാതെ പോയ അവിടുത്തെ കുടിലുകളിലും കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്.  ഇരുട്ടിൽ വളരുന്നവർക്ക് അക്കര വെളിച്ചമൊന്നും ആകർഷണമാകാറില്ല. മരണം കാത്ത് കിടക്കുന്ന വാർദ്ധക്യങ്ങൾ മിക്കവാറും എല്ലാം വീടുകളിലും കാണണം.  മേഘങ്ങളുടെ വിയർപ്പാണ് മഴയെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്. അതുകൊണ്ടാവണം ചാറ്റൽ മഴ കൊള്ളുമ്പോൾ പോലും  ശിവൻകുട്ടിയ്ക്ക് പൊള്ളുന്നത്. ആശ്രിതർക്കു  വേണ്ടി അകലങ്ങളിൽ പോയി പണിയെടുത്ത്,  അന്നന്നു തന്നെ തിരിച്ചെത്തുന്ന ചെറുപ്പക്കാരായിരുന്നു അവിടെയധികവും.  ആശ്രയിക്കപ്പെടാൻ  ആരെങ്കിലുമൊക്കെ ഉണ്ടാവുമ്പോഴാണെല്ലോ പലപ്പോഴും ജീവിതം  അർത്ഥവത്താകുന്നത്.  ആശ്വാസമായി മാറുന്ന കുറേ  നിശ്വാസങ്ങൾ...

പാടം  കടന്ന് വരുന്ന കറന്റ് കമ്പി പെരുമഴയുള്ളപ്പോഴെല്ലാം പണി മുടക്കും. ഉച്ചതിരിഞ്ഞ്  അവിടെ നല്ല മഴയായിരുന്നത്രേ. വഴിവിളക്കുകൾ ഇല്ലാത്ത വഴിയിൽ കൂടി ഇനിയുള്ള നടപ്പ് ദുർഘടമാകുന്നു. പങ്കിയമ്മയുടെ ചായപ്പീടികയിലെ ചില്ലലമാര ഇന്ന് നേരത്തേ ഒഴിഞ്ഞെന്ന് തോന്നുന്നു. എങ്കിലും ശിവൻകുട്ടിയ്ക്കുള്ള പൊതിയുമായി അവർ വഴിയിലേക്കിറങ്ങി വന്നു. ഇന്ന് ഉണ്ണിയപ്പമാണ്... പതിവ് പോലെ നാലെണ്ണമുണ്ട്. അത് പറയുമ്പോൾ വിലാസിനിയുടെ കണ്ണ് നിറയുന്നുണ്ട്.. വീട്ടിൽ കാത്തിരിക്കുന്ന പെണ്ണിന്  ഒരെണ്ണം മതി...ഇത്തരം സാധനങ്ങളൊന്നും അച്ഛൻ കഴിക്കാറുമില്ല. ബാക്കി മൂന്നെണ്ണം ആർക്ക് വേണ്ടി  വാങ്ങുന്നതാണെന്ന് അവർക്കറിയാം.മൂന്നാമത്തെ തവണയും അടഞ്ഞകണ്ണുകളെ പ്രസവിച്ചപ്പോഴാണ്  ഡോക്ടർമാർ സുമിത്രയ്ക്ക് താക്കീത് നൽകിയത്. പുരയ്ക്ക് പുറകിലുള്ള ചതുപ്പിൽ  മൂന്ന് കുരുന്നുകൾ  ഉറങ്ങുന്നു. മരിച്ചു പോയ മക്കളുടെ ശരീരം മാതാപിതാക്കളുടെ മനസ്സിൽ വളരുന്നുണ്ടാവണം. അവരുടെ പങ്കാണ് അവൾ കുഴിമാടത്തിൽ  കുഴിച്ചിടുന്നത്. വറ്റിനായി കാത്തിരിക്കുന്ന കുഞ്ഞു വായ്കളും ഒരർത്ഥത്തിൽ ആശ്രിതർ തന്നെ.. മരിച്ച് പോയത് മറ്റുള്ളവരുടെ കണ്ണിലാണെല്ലോ. ശിവൻകുട്ടിയ്ക്കും സുമിത്രയ്ക്കും ആ  മൺകൂനകൾ മക്കളാണ്.

പാടമൊക്കെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ് മാപ്പിളമാർ. വഴിയ്ക്ക് വേണ്ടി വരമ്പ് വിട്ടുകൊടുക്കാൻ വയലുടമയായ നമ്പൂതിരി തയ്യാറാണെങ്കിലും വേണ്ടാത്തതിപ്പോൾ പാർട്ടിക്കാർക്കാണ്. പാടം കടന്ന് പഠിക്കാൻ പോകുന്ന കുട്ടികൾക്കും ഒരിക്കലും മാറാത്ത ചുമയ്ക്ക്‌ വേണ്ടി മരുന്നിന് പോകുന്ന കല്യാണിയ്ക്കും അകമ്പടിയായി തുരുത്തിലെ തണുത്ത കാറ്റുണ്ട്. വികസനം  വിടരാത്ത നരകത്തിലെ നാലുമണിപ്പൂക്കൾക്ക് പക്ഷെ  മറ്റെങ്ങുമില്ലാത്ത സൗന്ദര്യമായിരുന്നു. ഒറ്റപ്പെട്ട കുറച്ചു പേരെ ഒരുമിപ്പിയ്ക്കാൻ പോന്ന സുഗന്ധവും.. അത്താഴം വേണ്ടെന്ന് പറഞ്ഞ് കിടന്ന ശിവൻകുട്ടിയുടെ അച്ഛൻ രാവിലെ കാപ്പിയ്ക്ക് സമയമായിട്ടും ഉണർന്നില്ല. വന്നവരൊക്കെ പോയ തക്കം നോക്കി ചിതയിലെ പുകച്ചുരുളുകൾ അയാളുടെ  മുറിയിൽ ഉറങ്ങാനെത്തി. ആശ്രിതർക്കൊരിക്കലും മരണമില്ല..... അകാരണമായ ഭയം ശിവൻകുട്ടിയുടെ ഉറക്കം കളയുന്നുണ്ട്. ആശ്രയിക്കുന്നവരെക്കുറിച്ചുള്ള ചിന്തയാണ് ഇപ്പോൾ അയാളെ ഒറ്റപ്പെടുത്തുന്നത്. മരിച്ചവർ പോലും നിഴലുപോലെ കൂടെ നിൽക്കുന്നു. ചിന്തിച്ച് വീർപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഒരു തലച്ചുമടായി അയാളെ തളർത്തുമ്പോൾ നാട്ടുകാർക്ക് അയാൾ ഭ്രാന്തനായി. കിളിക്കൂട് തുറന്ന് വിട്ടപ്പോഴുള്ള ചിറകടികളും  വളർത്തു നായയുടെ നിർത്താതുള്ള കുരയുമെല്ലാം ഇരുട്ട് മുറിയിലിരുന്ന് അയാൾ കേൾക്കുകയാണ്. ഇനി നന്നായിട്ടൊന്നുറങ്ങണം... ഉറക്കത്തിൽ തലച്ചുമടെല്ലാം  ഉപേക്ഷിക്കണം.....

ഉറക്കമുണരുമ്പോൾ അയാളുടെ തലമുടിയും താടിരോമങ്ങളും നരച്ചിരുന്നു.സുമിത്രയ്ക്കും പ്രായമായി. കിളിക്കൂടും പട്ടിക്കൂടുമൊക്കെ പഴയതാണെങ്കിലും താമസക്കാർ പുതു തലമുറക്കാരാണ്. മൺകൂനകളുടെ സ്ഥാനത്ത് മൂന്ന് മൂവാണ്ടൻ മാവുകൾ  തലപൊക്കി നിൽക്കുന്നുണ്ട്. ആകാശവും മേഘങ്ങളും നക്ഷത്രങ്ങളുമെല്ലാം പഴയത് തന്നെ. വരമ്പോക്കെ റോഡായതോടെ പാടങ്ങൾ പ്ലോട്ട് തിരിച്ച് വീടുകളുമായി...ഗോതമ്പ് കഞ്ഞിയുമായി സുമിത്ര വരുമ്പോൾ ഭിത്തിയിലെ അച്ഛന്റെ ചിത്രം അയാളെ നോക്കി ചിരിക്കുന്നുണ്ട്. 

 ആശ്രയത്വം എന്നത് ഒരു സ്നേഹച്ചരടാകുന്നു. അറിയാതെ തന്നെ നമ്മൾ ഓരോരുത്തരും പേറേണ്ട ഭാരമില്ലാത്ത ഒരു തലച്ചുമട് . 

Content Highlights: Dependency is a string of love