സന്ത ആള് ചില്ലറക്കാരിയല്ല!. ജീവിതമെന്നും സങ്കീര്‍ണമാണല്ലോ. അതിനെ നേരിടാന്‍ ഒത്തിരി പൊടിക്കൈകള്‍ അവരുടെ പക്കലുണ്ട്. അത് കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കൊക്കെ നന്നായറിയാം. പതിമൂന്നുകാരനായ ജ്യോതിപ്രകാശിന് ഇത്തരം പല വിദ്യകളും പറഞ്ഞുകൊടുത്തത് അച്ഛമ്മ വസന്തയാണ്. 'വിരലുകള്‍ അഞ്ചും അഞ്ച് തരമല്ലേ?  നിങ്ങളും ഞാനുമൊക്കെ അങ്ങനെയാണ്!'.
ആരോടെങ്കിലും ദ്വേഷ്യമാണെങ്കില്‍ അവന്‍  സ്വന്തം കൈകാലുകളിലേയ്ക്കു നോക്കി മനസ്സിനോട് അങ്ങനെ പറയും. മറ്റുള്ളവര്‍ ഒന്ന് മുഖം കറുപ്പിച്ചാലും അതെ. 
'ജ്യോതിയാകെ മാറി കേട്ടോ!. ആദ്യത്തെപ്പോലെ ഒതുങ്ങി മൂലയ്ക്കിരിക്കുന്ന കുട്ടിയല്ല ഇപ്പോ. വസന്തെന്തൊക്ക്യോ പറഞ്ഞു കൊടുത്തിറ്റ്ണ്ട്. ആളിപ്പോ ഉഷാറാ'. അവന്റെ അമ്മാവന്‍ മുരളി ഈയിടെ ഇങ്ങനെ പറയാറുണ്ട്. പ്രകടമായ വ്യത്യാസങ്ങള്‍ അവന്റെ സ്വഭാവത്തില്‍ കണ്ടുതുടങ്ങി. 

 വീട്ടിലേയ്ക്കുള്ള ആരുടെയെങ്കിലും തലയൊന്ന് കണ്ടാല്‍ മതി. അപ്പോള്‍ അകത്തേയ്ക്കു വലിഞ്ഞു കളയും! പിന്നെ അവര്‍ പോയാലേ പുറത്തേയ്ക്കു വരാറുള്ളൂ. അതൊക്കെ മാറി. 
 കുട്ടികള്‍ക്ക് ഓരോ ചെറുഉപായങ്ങള്‍ കൊടുക്കുന്നതില്‍ വിദഗ്ദ്ധയാണവര്‍. ഇതൊന്നുമാരും പഠിപ്പിച്ചതല്ല; മനനം ചെയ്തെടുത്ത പച്ചയായ അറിവുകളാണ്. കുറ്റവും കുറവുകളുമുണ്ടെന്ന് രക്ഷിതാക്കള്‍ തന്നെ പറയുന്ന മക്കളുണ്ടല്ലോ! അവരെ വസന്തയ്ക്കൊപ്പം താമസിപ്പിക്കാം. മാറ്റങ്ങളുറപ്പാണ്. അതിനെത്ര കഥകളാണ് ബന്ധുക്കള്‍ക്കിടയില്‍ പ്രചരിക്കുന്നത്? തേനീച്ചക്കൂട്ടങ്ങളുടെ മൂളല്‍ മുതല്‍ ചുണ്ടില്‍ എത്രയെത്ര ശബ്ദങ്ങള്‍! നാലു ചുമരുകള്‍ക്കുള്ളിലിരുന്നും ജ്യോതി നമ്മളെ ഇപ്പോള്‍ കാട്ടിനുള്ളിലെത്തിക്കും. അരുവികള്‍,കുരുവികള്‍, കുയിലുകള്‍, വവ്വാലും വണ്ടും അണ്ണാനുമെല്ലാറ്റിനും വായയും വിരലുകളും മതി; വിരുതുകള്‍ കൊണ്ട് വിസ്മയിപ്പിക്കും. 

 'ഭൂമില് അച്ഛമ്മയ്ക്കു അറിയാത്ത്വൊന്നൂല്ലാ. തിളങ്ങുന്ന കണ്ണുകള്‍ക്ക് മീതെയുള്ള കറുത്ത വട്ടക്കണ്ണടയും കടും ചുവപ്പ്  നിറം ചുണ്ടുമുള്ള അച്ഛമ്മയുടെ രൂപം കാണുമ്പോള്‍ തന്നെ ഒരു ധൈര്യാ.  അച്ചാച്ഛന്‍ പറയുന്ന ചന്ദനക്കളറുള്ള അച്ഛമ്മ. എന്തിനെപ്പറ്റിയും പറഞ്ഞുതരും.' ഇതൊക്കെ നീ എങ്ങനെ പഠിച്ചെന്നാണെങ്കില്‍ വിവരണം അച്ഛമ്മയെപ്പറ്റിയാവും! കാര്യങ്ങളെന്തും ആദ്യം അറിയിക്കുക അച്ഛമ്മയാണ്. അവനും അവരെ വളരെ വിശ്വാസമാണ്. അയല്‍വീട്ടിലെ സജുമാമന്‍ മരിച്ചതുകൊണ്ടാണ് അവിടെ എല്ലാവരും കൂട്ടക്കരച്ചിലെന്ന് പുലര്‍ച്ചെ വിളിച്ചെണീപ്പിച്ച്  പറഞ്ഞതും മറ്റാരുമല്ല. മടിച്ചും പേടിച്ചും എന്തൊക്കെയോ പറഞ്ഞ് എങ്ങനെയോ അച്ഛമ്മയുടെ സമ്മതം വാങ്ങി രാവിലെ അവിടെ പോയി. 

പോലീസും തൊട്ടടുത്ത വീട്ടുകാരും ഒരിക്കലും കണ്ടിട്ടില്ലാത്ത ഏട്ടന്‍മാരും മാമന്‍മാരുമൊക്കെ നില്‍പ്പുണ്ടായിരുന്നു. വീട്ടിലും മുറ്റത്തും പറമ്പിലുമൊക്കെ ചെറുകൂട്ടം. 

 അവന്‍ ആദ്യമായാണ് മരിച്ച ആളെ കാണുന്നത്. സജുമാമനെ പുത്തന്‍പായയില്‍ കിടത്തിയിട്ടുണ്ട്. കഴുത്തില്‍ കയറുമുണ്ട്. 'വെള്ളത്തില്‍ വീണാല്‍ പൊങ്ങിക്കിടക്കണം. ഉറക്കെ അലറിയൊന്ന് കൈകാലിട്ടടിക്കാനെങ്കിലും കഴിയണം മോനെ'. തന്റെ വീട്ടിലെ കുളത്തില്‍ നിന്ന് നീന്തല്‍ പഠിപ്പിക്കും മുമ്പ് സജു മാമന്‍ പറഞ്ഞു. പച്ച ഓലക്കണ്ണികളില്‍ പന്തും തത്തയും ഇനിയാരുണ്ടാക്കിത്തരും?!. കടലാസ് മടക്കി തോണിയും പക്ഷിയും പൂവുമൊക്കെ വിരിയിച്ചെടുത്ത് ഉയര്‍ത്തിക്കാട്ടി കൈമുട്ടി ഉച്ചത്തില്‍ ചിരിക്കാന്‍ ഇനി മാമനില്ലല്ലോ. അച്ഛമ്മയ്ക്കറിയാനാകും ഈ മരണം മാമന്റെ ജീവനുമായി എവിടെയാണ് പോയൊളിച്ചിരിക്കുന്നതെന്ന്?
 
 മോട്ടോര്‍ സൈക്കിളില്‍ വീട്ടിലെത്തിയാല്‍ പിറകില്‍ ഇരുത്തി മുറ്റം ചുറ്റോട് ചുറ്റും ഓടിക്കും. പലവട്ടം ഇതാവര്‍ത്തിക്കും. ഇറങ്ങും വരെ പക്ഷേ പറയും: 'എടാ മുറുക്കെ പിടിച്ചോളണേ മോനേ, പിടിക്കണേ.'  ജ്യോതിക്കേറ്റവും ഇഷ്ടപ്പെട്ട സവാരിയാണത്. രാത്രിയാണെങ്കില്‍ ബഹുരസം! അതിന്റെ എല്ലാ ലൈറ്റുകളുമിട്ട്, ആ യാത്രയൊന്ന് വേറെത്തന്നെയാണ്! സജുമാമന്‍ പകല്‍ വന്നാല്‍ ജ്യോതി ചോദിക്കും:  'ഇന്ന് രാത്രി വന്നൂടായിരുന്നോ? എന്തിനാ ഇപ്പോ വന്നേ?  എനിക്ക് ബൈക്കില്‍ കേറാനാ...'രാത്രി വീണ്ടും വരാലോ എന്ന് പറഞ്ഞു കിട്ടിയാല്‍ അന്ന് തീര്‍ച്ചയായും വന്നിരിക്കും. നേരമെത്ര ഇരുട്ടിയാണെങ്കിലും! ഉറങ്ങാതിരുന്നാല്‍ മാത്രം മതി. അമ്പിളിമാമനുള്ള ദിവസം കൂടിയാണെങ്കില്‍ ഒപ്പം കൂടും വട്ടം ചുറ്റാന്‍. നല്ല ഹരമാകും!
 
 ചുമലില്‍ ഇരുഭാഗങ്ങളിലുമായി രണ്ട് നക്ഷത്രങ്ങളുള്ള കുപ്പായമിട്ട,തല മുഴുവന്‍ നരച്ച പോലീസ് മാമന്‍ തൊട്ടടുത്ത്: 'ഇങ്ങനെ കൂടിനില്‍ക്കാന്‍ പാടില്ല. നന്നായി വെളിച്ചവും കാറ്റുമൊക്കെ ഒന്ന് വന്നോട്ടെ. എല്ലാവരും അല്‍പ്പം മാറി നില്‍ക്കണം.'അരികില്‍ നില്‍ക്കുന്നവരോട് വളരെ സൗമ്യമായി പറഞ്ഞു. കുറച്ച് മാറി നില്‍ക്കുകയായിരുന്ന, കുപ്പായത്തിന്റെ ഇരുകയ്യിലും ഇംഗ്ലീഷിലെ 'വി' ആകൃതിയില്‍ മൂന്ന് വെള്ള വരകളുളള തടിച്ച കുടവയറന്‍ പോലീസ് മാമന്‍ ഉടന്‍ ഓടി വന്നു. കുറച്ച് അലറുന്ന മട്ടില്‍ എല്ലാവരോടുമായി ചുറ്റും വിരല്‍ചൂണ്ടി ചോദിച്ചു: ആരെങ്കിലും ഒരു പുതിയ ബ്ലേഡ് കൊണ്ടത്തരുമോ?'ആദ്യമാരും അത് കേട്ടഭാവം നടിച്ചില്ല. 

 പട്ടാളത്തിലായിരുന്ന ശ്രീധരമാമന്‍ വേഗം ഓടിപ്പോയി കടലാസില്‍ പൊതിഞ്ഞ രണ്ട് ബ്ലേഡുകളുമായെത്തി. പോലീസ് മാമന്റെ കയ്യില്‍ കൊടുത്തു. രണ്ടും തിരിച്ചും മറിച്ചും നോക്കി. ഒന്ന് കുപ്പായക്കീശയിലിട്ടു. രണ്ടാമത്തേതിന്റെ കടലാസുകള്‍ പൊളിച്ച് പായയില്‍ വച്ചു. പിന്നെ സജുമാമന്റെ തല മുതല്‍ കാലുവരെ സൂക്ഷിച്ചു നോക്കി. കൂട്ടം കൂടിയവരോടായി ദ്വേഷ്യപ്പെട്ടു: 'സൂര്യപ്രകാശം നന്നായി കിട്ടണം. എല്ലാവരും ഒന്നുകൂടി മാറി നിന്നേ. നിഴലൊട്ടും ഉണ്ടാകാനേ പാടില്ല.'

 'ബ്ലേഡ് എന്തിനാണാവോ? മാമന് കുറച്ച് താടിയൊക്കെയുണ്ട്. അച്ഛന്‍ ഷെയ്വ്  ചെയ്യും പോലെ മുഖത്തെ രോമങ്ങളൊക്കെ പോക്കിക്കളയാനാണോ?......അടുത്ത് അമ്മത്ക്കായുടെ പീട്യേല് ഒരു പാട് ബ്ലേഡുണ്ടല്ലോ. പറഞ്ഞാല്‍ ഞാന്‍ പോയി വാങ്ങുമായിരുന്നല്ലോ.' 
 'അല്ല! ഇനി കഴുത്തിലെ ആ കയര്‍ മുറിക്കുവാനാണോ?'ശ്രദ്ധയോടെ നോക്കി. ഓരോ നീക്കവും അറിയാനുള്ള ജിജ്ഞാസയോടെ. അപ്പോഴേയ്ക്കും തൊട്ടാവാടി മുള്ള്  കാലില്‍ നീറ്റലുണ്ടാക്കിയപ്പോള്‍ മുള്‍ക്കൂട്ടത്തിലാണ്  നില്‍പ്പെന്ന് ബോധമുണ്ടായി. മുള്ളുകള്‍ തൊട്ട രണ്ടിടത്തും ഭസ്മനിറത്തില്‍ ചെറുവരകള്‍. ഒരിടത്തല്‍പ്പം ചോര കിനിഞ്ഞു. വിരലില്‍ തുപ്പലാക്കി മുറിവിലൊന്ന് തടവി. തൊട്ടാവാടിയുടെ  ഇല രണ്ടെണ്ണം പറിച്ചെടുത്ത് കൈവെള്ളയിലിട്ട് ആവുംവിധമൊന്ന് ഞരണ്ടി. മുറിവില്‍ വച്ച് ഒന്നമര്‍ത്തി. നീര് തട്ടിയാല്‍ പെട്ടെന്ന് ഉണങ്ങുമെന്ന് കൂട്ടുകാരാരോ പറഞ്ഞ ഓര്‍മ്മയുണ്ട്. അതിനിടയില്‍ കഴുത്തിലെ കയര്‍ പോലീസ് അഴിക്കുന്നതാണ് കണ്ടത്. കയര്‍ ടേപ്പ് വച്ച് അളന്ന് എന്തോ എഴുതി. പായയുടെ കോണില്‍ അതവിടെ ചുരുട്ടിവച്ചു. അപ്പോഴും അവന്‍ ഓര്‍ത്തു ബ്ലേഡ് വെറുതെ വാങ്ങിച്ചുവച്ചതായിരിക്കും. അയാള്‍ക്ക് വേറെ  എന്തെങ്കിലും ആവശ്യം കാണും. 

 കറുത്ത തലയും ചുവന്ന കണ്ണുകളുമുള്ള തടിച്ച ചുകപ്പന്‍ വാലുള്ള തുമ്പി അതിനിടയില്‍ തൊട്ടടുത്ത അരിപ്പൂ ചെടിയുടെ പൂവില്‍. തല ഇടയ്ക്കിടെ വെട്ടിച്ച് നാല് ചുറ്റും നോക്കുകയാണ്. വാലില്‍ നൂല്‍ കെട്ടി ഒന്ന് പറപ്പിച്ചാലോ? അല്‍പ്പമൊന്ന് അടുത്തേയ്ക്കു നീങ്ങി. ചെറുതായി സ്പന്ദിക്കുന്ന ആ വാലിലൊന്ന് പിടികൂടണം. അതിനായി നിലത്തേയ്ക്കൊന്ന് കുനിഞ്ഞിരിക്കാന്‍ ഒരുങ്ങുമ്പോഴെയ്ക്കും ഒരൊറ്റ പറക്കല്‍. അതിനെ പിന്നെ കണ്ടിട്ടേയില്ല. അത്രയും വേഗത്തിലാണത് രക്ഷപ്പെട്ടത്. വീണ്ടും മാവിന്‍ ചുവട്ടില്‍ പായയില്‍ കിടത്തിയ മാമനെ തന്നെയായി നോട്ടം. 

 പോലീസ് മാമന്‍ അടുത്ത് ചെന്ന് സജുമാമന്റെ കുപ്പായത്തിന്റെ മുഴുവന്‍ കുടുക്കുകളും അഴിച്ചുമാറ്റി. പിന്നെ കുപ്പായം പൊക്കി പിടിച്ച് ചുമലറ്റവും കൈയുള്ള ഭാഗവും ബ്ലേഡ് വച്ച് കീറിയെടുത്തു. കുപ്പായ കഷ്ണങ്ങള്‍ വലിച്ചെടുത്ത് കയറിനടുത്തായി ചുരുട്ടി വച്ചു. ബ്ലേഡ് എന്തിനെന്ന് പിടികിട്ടി!. ബനിയനും പാന്റ്സും അടിവസ്ത്രവുമെല്ലാം അതേപോലെ മുറിച്ചുമാറ്റി. പോലീസുകാരന്റെ ചെയ്തികള്‍ കണ്ട് ജ്യോതിക്ക് അരിശമാണ് വന്നത്. ഇത്രയും പേരുടെ മുന്നിലിട്ട് ഇങ്ങനെ ഒന്നുമുടുക്കാത്ത മട്ടിലാക്കിയില്ലേ. ച്ഛേ! എന്തൊരു നാണക്കേട്! പോലീസല്ലേ! ഒന്നും പറയാനും പറ്റില്ലല്ലോ. പിടിച്ചുകൊണ്ടുപോയാലോ. സജുമാമന്റെ നീണ്ടു നിവര്‍ന്ന് നിശ്ചലമായ ശരീരം അവനെ വല്ലാതെയാക്കി. തന്നെ കാണുമ്പോള്‍ കുസൃതികള്‍ കാണിച്ച് കളിയാക്കും. ആ മുഖത്തെ ശാന്തത അവനെ ഏറെ അലോസരപ്പെടുത്തി. 

അവന്റെ കണ്ണുകള്‍ നിറഞ്ഞു. കവിളുകള്‍ നനഞ്ഞു. കാഴ്ച മങ്ങി. കണ്ണുകളുടെ ദ്വാരത്തിലൂടെ ഉപ്പുരസം മൂക്കില്‍ നിന്ന് വായിലേയ്ക്കു അരിച്ചിറങ്ങി. സങ്കടം സഹിക്കവയ്യാതെ വിരലുകള്‍ ഉള്ളം കയ്യിലേയ്ക്കു ചുരുട്ടുകയും പിന്നെ നിവര്‍ത്തുകയും ചെയ്തു; താക്കോലിട്ടു മുറുക്കിയ കളിപ്പാട്ടം പോലെ. അറിയാതെ ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ചു. ഒപ്പം തലയിലെ കുറ്റിമുടിയില്‍ ഇടത് ചൂണ്ടുവിരല്‍ കൊണ്ട് മെല്ലെ മാന്തിക്കൊണ്ടിരുന്നു. തടിച്ച് തുടുത്ത വെളുത്ത ശരീരത്തില്‍, എണ്ണമയമുള്ള മിനുമിനുപ്പ് പോലും പെട്ടെന്ന് മങ്ങിയപോലെ!
 
 വലിയ ഒരു പാവയെപോലെ, ജീവനില്ലാത്ത മാമനെ തിരിച്ചും മറിച്ചുമിട്ട് എന്തൊക്കെയോ എഴുതി എടുക്കുന്നു. അളവെടുക്കുന്നു. നീളവും വീതിയും ഒക്കെ നോക്കുന്നു. സങ്കടം അടക്കാന്‍ അവന്‍ വല്ലാതെ പാടുപെട്ടു. അപ്പോള്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ച നീളന്‍ കടലാസുമായി എം.കെ.കേളുവും എത്തി. എല്ലാവരും മാഷ് എന്ന് വിളിക്കുന്ന അദ്ദേഹം അവന്റെ വീട്ടിലും പലപ്പോഴായി വന്നിട്ടുണ്ട്. തൂവെള്ള കുപ്പായവും മുണ്ടും. വെള്ള ഹവായ് ചെരുപ്പ്. നരിപ്പറ്റ പഞ്ചായത്തിലെ ആദ്യത്തെ മലയാളം എം.എക്കാരന്‍. സഹതാപത്തോടെയാണെങ്കിലും ആദരവോടെ, കേളുമാഷെന്ന് നാട്ടുകാര്‍ വിളിക്കും. ഒരു 
സ്‌കൂളിലും പഠിപ്പിച്ചിട്ടില്ല. 

 മുമ്പൊക്കെ ആര്‍ക്കെങ്കിലും പോസ്റ്റ് ഓഫീസില്‍ നിന്ന് കമ്പി കിട്ടിയാല്‍ അദ്ദേഹത്തിന്റെ അടുത്ത് ഓടിയെത്തും. ഇംഗ്ലീഷ് കത്തുകള്‍ തയ്യാറാക്കാനും കുട്ടികള്‍ക്കുള്ള സ്വകാര്യാദ്ധ്യാപനത്തിനും സമീപവാസികള്‍ ആശ്രയിച്ചത് മാഷെയായിരുന്നു. ഇപ്പോള്‍ പ്രകാശം മങ്ങിയ പൂച്ചക്കണ്ണുകളും വിളറിപ്പോയ മുഖവുമായി മാഷ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് എം.എ. 'പാവം എന്ത് ചെയ്യാനാ! പഠിപ്പും വിവര്വോ ഒക്ക്യേണ്ട്. ഇങ്ങനായിപ്പോയില്ലേ?' പലരും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.
 
എം.കെ.കേളു.എം.എ. മലയാളം എം.എ. മേലെ കൊയിലോത്ത ്('അക്ഷരം') എന്ന് വീട്ടിലെ കോളിംഗ് ബെല്ലിന് താഴെ എഴുതി വച്ചിട്ടുണ്ട്. കൊത്തുപണികളുള്ള മനോഹരമായ ചെറുതേക്കിന്‍ പലകയിലത് കാണാം. മലയാളം മാതൃഭാഷ,അമ്മിഞ്ഞപ്പാലുപോലെ മധുരം'എന്ന് വാതില്‍ പടിയുടെ ഇടത് ഭാഗത്തെ ചുമരിലും. ഹിന്ദി ഹമാരാ രാഷ്ട്രഭാഷാഹെയെന്ന് എതിര്‍വശത്തുമുണ്ട്. പ്രധാന സംഭവങ്ങളുണ്ടായാല്‍ മാഷ് അവിടെയെത്തും. ആള്‍ക്കൂട്ടത്തില്‍ ആരോടും സംസാരിക്കാറില്ലെന്ന് മാത്രം. മുഴുവന്‍ നരച്ച കുറ്റിത്തലമുടി. നല്ല വെളുത്ത ശരീരം. എന്നാല്‍ അല്‍പ്പം ഇളം മഞ്ഞ കലര്‍ന്ന നേരിയ നിറവുമുണ്ട് സൂക്ഷിച്ചു നോക്കിയാല്‍. വളരെ സാവധാനം നടത്തം. 

 മാഷ് കയ്യിലെ ആ നീളന്‍ കടലാസ് മാവിന്‍ തടിയില്‍ ഒട്ടിച്ചു: 'ഈ നേരവും കടന്നുപോകും. ആ ചിന്തയും ഇല്ലാതാകും. ജീവിതം കാത്തുവയ്ക്കുന്ന അത്ഭുതങ്ങളെ കുറിച്ച് നാം അജ്ഞരാണ്. ആയുസ്സിനെ സ്വയം ഊതിക്കെടുത്തരുത്. പ്രിയപ്പെട്ടവരുടെ നെഞ്ചിലേയ്ക്ക്, ഓര്‍മ്മകളുടെ ഉമിത്തീ നിറച്ച ഞെരിപ്പോട് ഒരിക്കലും സൂക്ഷിപ്പിനായി എറിഞ്ഞുകൊടുക്കരുത്. ആജീവനാന്തം മനസ്സിലെ മുള്ളാകുമത്. ഈ യാത്ര തീരുമാനിച്ച താങ്കള്‍ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള നിങ്ങള്‍ അല്ലേ ഇന്നലെവരെ  ഞങ്ങള്‍ക്കൊപ്പം കളി തമാശകള്‍ പറഞ്ഞത്'. മറ്റെല്ലാവരേയും പോലെ, അത് ജ്യോതിപ്രകാശും വായിച്ചു. മനസ്സിലാക്കാനാവാതെ രണ്ടാംവട്ടവും മൂന്നാം വട്ടവും ആവര്‍ത്തിച്ചു. ങ്ങ്ൂം..ഹും.....പിടികിട്ടുന്നേയില്ല. അവന്‍ വീട്ടിലേയ്ക്കു ഓടി. കിതപ്പോടെയും ഏങ്ങലടിച്ചും അച്ഛമ്മയുടെ കഴുത്തിലേയ്ക്കു അവന്‍ ചാടി ചുറ്റിപ്പിടിച്ചു. 'എന്തിനാ അച്ഛമ്മേ സജുമാമന്‍ തൂങ്ങിമരിച്ചത്? മരിച്ചാല്‍ പ്രശ്നങ്ങളും പ്രയാസങ്ങളും തീര്വോ?'-ഇടറുന്ന സ്വരത്തില്‍ അവന്‍ ചോദിച്ചു. അച്ഛമ്മയില്‍ നിന്ന് മറുപടി വൈകിയപ്പോള്‍ അവന്‍ വീണ്ടും തന്റെ സംശയം തുടര്‍ന്നു. വിങ്ങിപ്പൊട്ടിയും തേങ്ങലോടെയും എങ്ങനെയൊക്കെയോ പോലീസുകാരുടെ ചെയ്തികളെല്ലാം പറഞ്ഞ് തീര്‍ത്തു.  

 'പായയില്‍ ചുറ്റി വരിഞ്ഞുകെട്ടി പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകും. അവിടെ പോലീസ് സര്‍ജന്‍ ആദ്യം വസ്ത്രങ്ങളൊക്കെ നോക്കും. മൃതദേഹം തിരിച്ചും മറിച്ചും മുന്നിലും പിന്നിലുമെല്ലാം സൂക്ഷ്മമായി പരിശോധിക്കും. മുറിവോ ചതവോ പാടോ ഉണ്ടോയെന്ന്!. തലയോട് വെട്ടിപ്പൊളിക്കും! തലച്ചോറ് ഉള്‍പ്പെടെ ഓരോ അവയവങ്ങളുടെയും തുറന്ന് പരിശോധന! കൊന്നതാണോ? ജീവനൊടുക്കിയതാണോ! എന്ന് കണ്ടെത്താന്‍. പിന്നെയെല്ലാം ചേര്‍ത്തുവച്ച് തുന്നിക്കെട്ടും.'ജ്യോതിയുടെ ഒരുവിധം സംശയങ്ങളൊക്കെ വസന്ത തീര്‍ത്തുകൊടുത്തു.    

'വയസ്സായി മരിച്ചാല്‍ പോലീസൊന്നും വരില്ലാലോ ഇല്ലേ അച്ഛമ്മേ? എനിക്കും അച്ഛമ്മയ്ക്കും അങ്ങനെ മരിച്ചാല്‍ മതി. ഉടുക്കാതാക്കുന്ന, എല്ലാവരുടേയും മുന്നില്‍! ഇതുപോലുള്ള മരണം വേണ്ടച്ഛമ്മേ...വേണ്ട!' വസന്തയ്ക്കു തല കറങ്ങും പോലെ തോന്നി. ഇരുട്ടിന്റെ പാട ചുറ്റും വന്നു മൂടുന്നു. അവനെ ബലമായി ചേര്‍ത്ത് പിടിച്ചു. അവന്റെ പുറത്ത് തടവിക്കൊണ്ടേയിരുന്നു. ഒപ്പം പലവട്ടം അവന്റെ കവിളില്‍ മുത്തം നല്‍കി. 

ആ ആലിംഗനം അവന്റെ ഇളം ചര്‍മ്മത്തിലെ കോശസ്വീകരണികള്‍ അറിഞ്ഞു. വാത്സല്യവും സ്നേഹവും ഊഷ്മളതയുമെല്ലാം സ്പര്‍ശനത്തിലൂടെ അവന്റെ സര്‍വ്വ നാഡീനാളങ്ങളിലുമെത്തി. 
അങ്ങനെ അച്ഛമ്മയുടെ കൈകളിലൂടെ ജ്യോതിയിലേയ്ക്കു ധൈര്യം ഇരച്ചുകയറി. അപ്പോള്‍ സ്വയം ഭീമാകാരം പൂണ്ട പ്രതീതിയുമായിരുന്നു അവന്. 'അച്ഛമ്മേ! ശരിക്കുമെന്നെ ചുറ്റിപ്പിടിക്കാന്‍ കഴിയുന്നുണ്ടോ?ഒരുപാട് വലുതായില്ലേ ഞാന്‍! അത് കേട്ട് അവര്‍ പൊട്ടിച്ചിരിച്ചു: 'ഒരുപാടൊരുപാട്.'

Content Highlights :Ayussinte Niram Story by TK Balanarayanan