കൊല്ലന്‍ കുഞ്ഞിരാമന്‍ പതിവ് പോലെ വെളുപ്പിന് ആല തുറന്ന് ഉലയൂതി ചെന്തീവളര്‍ത്തി പണിയായുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഒരുങ്ങുന്നനേരത്ത് ചെറ്റവാതില്‍പ്പുറത്ത് മുഴക്കമുള്ള ഒരു ശബ്ദം ഇരുമ്പ് ഇരുമ്പിലടിക്കുന്ന പോലെ കമ്പനം കൊണ്ടു.
''അകത്താരുമില്ലേ?''
''അകത്താളുണ്ട്, കേറി വന്നോളൂ''
   തലകുനിച്ച് ഉള്ളിലേക്ക് കയറിവന്ന അപരിചിതനെക്കണ്ട് കൊല്ലന്‍ കുഞ്ഞിരാമന്‍ വിസ്മയിച്ചു. പുറ്റ് കയറിയപോലെ താടിമുടിയെല്ലാം ജടപിടിച്ച് നരച്ചിരുന്നെങ്കിലും കാരിരുമ്പ് പോലെ ശരീരം ദൃഢമായിരുന്നു. പരിഭ്രമം തീണ്ടിയ കൂറ്റില്‍ കൊല്ലന്‍ കുഞ്ഞിരാമന്‍ ആരാഞ്ഞു.
''എന്താപ്പാ ബേണ്ട്യേത്?''
   ആഗതന്‍ കൂറ്റനൊരു മഴു തോളില്‍ നിന്നെടുത്ത് മുന്നില്‍വെച്ചു. കൊല്ലന്‍ കുഞ്ഞിരാമന്‍ ഭാരിച്ചതും നൂറ്റാണ്ടുകള്‍ പഴക്കംതോന്നിച്ചതുമായ ആ വിചിത്ര മഴുവിലേക്ക് ഉറ്റുനോക്കി.
   കൊല്ലന്‍ കുഞ്ഞിരാമന്റെ തുറിച്ചുവരുന്ന കണ്ണുകളിലേക്ക് നോക്കി, നീണ്ട ചാമരത്താടി തലോടിക്കൊണ്ട് നിഗൂഢമായ പുഞ്ചിരിയോടെ അപരിചിതന്‍ ഉരിയാടി.
''ഇതിന്റെ തുരുമ്പൊക്കെ കളഞ്ഞ് ഒന്ന് നന്നായി മൂര്‍ച്ച കൂട്ടിത്തരണം. രണ്ടാമതും ഉപയോഗിക്കാനുള്ള ഒരു നല്ല സന്ദര്‍ഭം ഒത്തുവരുന്നുണ്ട്!''

Content Highlights : athivegappatha story by ambikasuthan mangad