പുരാവസ്തു വില്‍പ്പനശാലയുടെ വിശാലമായതും ശീതീകരിച്ചതുമായ മുറിക്കുള്ളില്‍ ഡേവിഡ് അത്യാദരവോടെ കയറി. വല്ലാത്ത നിശബ്ദത. നല്ല കുളിര്‍മ. സുമുഖനായൊരു ചെറുപ്പക്കാരന്‍ കൈ കൂപ്പി അയാളെ സ്വാഗതം ചെയ്തു. എന്തു സഹായത്തിനും താന്‍ റെഡിയാണെന്ന ശരീരഭാഷയോടും മുഖഭാവങ്ങളോടും കൂടി ചെറുപ്പക്കാരന്‍ അയാളുടെ കൂടെ നടന്നു.

ഡേവിഡിന്റെ അത്ഭുതമപ്പോഴും മാറിയിട്ടില്ല. പുരാവസ്തു വില്‍ക്കുന്ന കടയെന്നതിന് പുരാതനമായ ചില കീഴ്‌വഴക്കങ്ങള്‍ ഉണ്ടല്ലോ. മറ്റൊരു പുരാവസ്തുവായ കെട്ടിടമോ കടയോ കടക്കാരനെയോ ആണല്ലോ പ്രതീക്ഷിക്കേണ്ടത്. വായുസഞ്ചാരം നിരോധിക്കപ്പെട്ട മുറികള്‍ക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ ചരിത്രമിങ്ങനെ വിറങ്ങലിച്ചു നില്‍ക്കണം. ഇതിപ്പോള്‍ വൃത്തിയും വെളിച്ചവും ചേര്‍ന്ന് ചരിത്രത്തിന്റെ നിഴലുകളെ ആരും കാണാതൊളിപ്പിച്ചുവച്ചിരിക്കുന്നതു പോലെ ഒരിടം.

നഗരഹൃദയത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥലമുണ്ടെന്ന് ഡേവിഡിനോട് സൂചിപ്പിച്ചത് തന്നെ ഒരു പുരാതന സുഹൃത്തായിരുന്നു. ഹ്രസ്വമായൊരു ഫോണ്‍ വിളിക്കിടയില്‍. തനിക്ക് കൗതുകം ലേശം കൂടുതലുള്ള കൂട്ടത്തിലല്ലേ ഒന്നുപോയി നോക്ക്, എന്നു മാത്രമാണ് അയാള്‍ പറഞ്ഞത്.

ഏസിയുടെ കുളിര്‍മയില്‍ കാഴ്ച കണ്ടു നടക്കുമ്പോള്‍ ആ മുറിയിലെ ഏറ്റവും കൗതുകകരമായ സംഗതി അവിടെ നിറഞ്ഞുനില്‍ക്കുന്ന ഘനപ്പെട്ട നിശബ്ദതയാണെന്ന് ഡേവിഡിനു തോന്നി. തറയില്‍ വെല്‍വെറ്റ് പോലുള്ള കമ്പളം വിരിച്ചിരിക്കുന്നതിനാല്‍ നടക്കുന്നതിന്റെ ശബ്ദം പോലും കേള്‍ക്കുന്നില്ല. പക്ഷേ പ്രദര്‍ശന വസ്തുക്കളില്‍ പ്രത്യേകിച്ച് ആകര്‍ഷണീയതയൊന്നും തോന്നിയതുമില്ല. എല്ലാം ഭദ്രമായും അടുക്കിലും ചിട്ടയിലും സൂക്ഷിച്ചിരിക്കുന്നുവെന്ന് മാത്രം. 'ഇവിടുത്തെ നിശബ്ദതയ്ക്ക് എന്ത് സൗന്ദര്യമാണ്.' ഒരു റൗണ്ട് എല്ലാം കണ്ടശേഷം ഡേവിഡ് പറഞ്ഞു. ചെറുപ്പക്കാരന്‍ നന്ദിപൂര്‍വ്വം ചിരിക്കുകയും തലയാട്ടുകയും ചെയ്തതല്ലാതെ ഒന്നും പറഞ്ഞില്ല. താനെന്തെങ്കിലും വസ്തു വാങ്ങുമെന്ന് ചെറുപ്പക്കാരന്‍ പ്രതീക്ഷിക്കുന്നെന്ന് ഡേവിഡിന് തോന്നി.

'ഇതിങ്ങനെ അടുക്കിലും ചിട്ടയിലും സൂക്ഷിക്കുന്ന തന്നെ സമ്മതിക്കണം,' ഡേവിഡ് പറഞ്ഞു.'ഇത് മ്യൂസിയമാണ് സര്‍. ആക്രിക്കടയല്ല'.ആദ്യമായാണ് ചെറുപ്പക്കാരന്‍ മിണ്ടുന്നത്. പതിഞ്ഞ ശബ്ദത്തില്‍ വളരെ ശാന്തമായിട്ടാണ് അവനത് പറഞ്ഞതെങ്കിലും ഡേവിഡിനയാള്‍ ദേഷ്യപ്പെട്ടതായാണ് തോന്നിയത്. ഡേവിഡ് മടിച്ചു മടിച്ചു പറഞ്ഞു,'ക്ഷമിക്കണം, എന്റെ താല്‍പ്പര്യത്തിലുള്ള വകകളൊന്നും ഇക്കൂട്ടത്തിലില്ല. വാങ്ങാതെ പോകുന്നതില്‍ ഒന്നും തോന്നരുത്.'

ചെറുപ്പക്കാരന്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എന്നിട്ട് ശാന്തനായി പറഞ്ഞു, 'അല്ലെങ്കിലും ഇതൊന്നും ആര്‍ക്കെങ്കിലും വാങ്ങാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല.'
ഡേവിഡിന് കേള്‍ക്കാന്‍ മാത്രം പോന്ന താഴ്ന്ന ശബ്ദത്തിലാണയാള്‍ സംസാരിക്കുന്നത്. 'അതെന്താ?' ഡേവിഡ് ആശ്ചര്യപ്പെട്ടു. 'ഇവയൊക്കെ വിലമതിക്കാനാവാത്ത വസ്തുക്കളാണ് സര്‍. അല്ലെങ്കില്‍ തീരെ വിലയില്ലാത്തവ.'

ഡേവിഡ് ഒന്നും മനസിലാകെ അന്തംവിട്ടു നിന്നു. ഡേവിഡ് എന്തെങ്കിലും മിണ്ടുകയോ എന്നാല്‍ പോകാന്‍ തയ്യാറാവുകയോ ചെയ്യുന്നില്ലാന്ന് കണ്ട്, ചെറുപ്പക്കാരന്‍ അയാളെയും കൂട്ടി പ്രദര്‍ശന വസ്തുക്കളില്‍ ഒന്നിന്റെ അടുത്തേക്ക് ചെന്നു. കണ്ണാടിപ്പെട്ടിക്കുള്ളില്‍ മനോഹരമായ ഡിസൈനില്‍ അടുക്കി വച്ചിരിക്കുന്ന കുപ്പിവളപ്പൊട്ടുകള്‍ക്ക് മുന്നില്‍ നിന്ന് ചെറുപ്പക്കാരന്‍ ചോദിച്ചു,
'ഇതെന്താണെന്നറിയാമോ?'
'വളപ്പൊട്ടുകള്‍.. അല്ലെ?'
'ആരുടെ?'
ഡേവിഡ് കണ്ണാടിക്കൂടിന് ചുറ്റും നോക്കി. ഒന്നും എഴുതി വച്ചിട്ടില്ല. അല്‍പ്പമൊന്ന് ആലോചിച്ച് ഡേവിഡ് പറഞ്ഞു,
'തീര്‍ച്ചയായും ഏതെങ്കിലും രാജകുമാരിയുടേതായിരിക്കും..'

മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും, ചെറുപ്പക്കാരന്റെ ചിരി കണ്ടപ്പോള്‍ ഡേവിഡിന് താന്‍ പറഞ്ഞത് ശരിയായിരിക്കുമെന്ന് തോന്നി. അടുത്തതായി അവര്‍ വശം ഞണുങ്ങിയ ഒരു പിഞ്ഞാണത്തിന്റെയും ഗ്ലാസിന്റെയും അടുത്തെത്തി. ഇതോ, എന്ന ഭാവത്തില്‍ ചെറുപ്പക്കാരന്‍ അയാളെ നോക്കി. ഡേവിഡ് തന്റെ തലച്ചോറിലെ ചരിത്ര പുസ്തകശാലയില്‍ നേരത്തേ തന്നെ അതിനുത്തരം ചികയാന്‍ തുടങ്ങിയിരുന്നു.'കണ്ടിട്ട് അലുമിനിയം പോലുണ്ട്. കരി പുരണ്ടിട്ടുണ്ട്. അലുമിനിയത്തിന്റെ ചരിത്രം വച്ച് നോക്കുമ്പോ തുര്‍ക്കിയിലെയോ ഗ്രീസിലെയോ പ്രഭുക്കന്മാര്‍ ഉപയോഗിച്ചിരുന്നതാവാം, ശരിയെങ്കില്‍, മിനിമം 700 വര്‍ഷം പഴക്കം ഊഹിക്കാം.'

അടുത്തത്, പോയ കാലത്തിന്റെ അഴുക്ക് പുരണ്ട് കറുത്തു പോയതുപോലെ ഒരു കഷ്ണം കയറാണ്. അറ്റം പിഞ്ഞിയിരിക്കുന്നു. ചെറുപ്പക്കാരന്‍ ഡേവിഡിന്റെ ഉത്തരത്തിനായി ചിരിയോടെ കാത്തുനിന്നു.'ഇതിനധികം പഴക്കമില്ല. ഒരു ഇരുന്നൂറ് മുന്നൂറ് വര്‍ഷം. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരെയോ അല്ലെങ്കില്‍ കായംകുളം കൊച്ചുണ്ണിയെ നായന്മാരോ ബന്ധിച്ച കയറാവാം..'
ഓരോ ഉത്തരം കേള്‍ക്കുമ്പോഴും കൂടുതല്‍ തിളങ്ങുന്ന കണ്ണുകളുമായി ചെറുപ്പക്കാരന്‍ ഡേവിഡിനെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അടുത്തതിന്റെ അടുത്തെത്തുന്നതിന് മുമ്പേ തന്നെ ഡേവിഡ് ഉത്തരം വിളിച്ചു പറഞ്ഞു, 'അത്, ഉലക്ക. ആ അറ്റത്തു കാണുന്ന ലോഹവളയം വെള്ളിയെങ്കില്‍ തമിഴ് ബ്രാഹ്മണരുടേത്. ചെമ്പെങ്കില്‍ നായന്മാരുടേത്. മിനുസവും ഗരിമയും കണ്ടിട്ട് കൊട്ടാരത്തിലെ ഉരുപ്പടിയുമാവാം.'

ഡേവിഡിന് ആവേശം കൂടിയെന്ന് ചെറുപ്പക്കാരന് മനസിലായി. പക്ഷെ, അടുത്തു കണ്ട വസ്തുവെന്താണെന്ന് ഡേവിഡിന് മനസിലായില്ല. ഒരു ദ്രാവകത്തിലിട്ടാണത് സൂക്ഷിച്ചിരിക്കുന്നത്. മാംസളമായൊരു കുഴല്‍. കുഴലിന്റെ മധ്യത്തിലായി വികൃതമായൊരു ദ്വാരം. ഡേവിഡിന്റെ ചിന്തകള്‍ കൊട്ടാരങ്ങളും പുരാണങ്ങളും കയറിയിറങ്ങി പലവഴി സഞ്ചരിച്ചു. ചെറുപ്പക്കാരന്‍ ഒന്നും മിണ്ടാതെ തന്റെ സഹജമായ പുഞ്ചിരിയുമായി അടുത്ത വസ്തുവിന്റെ അടുത്തേക്ക് നീങ്ങി. ഡേവിഡൊന്ന് പരുങ്ങി. എന്നിട്ട് പറഞ്ഞു, 'ഇതെന്താണെന്ന് പറഞ്ഞിട്ട്..' ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു. എന്നിട്ട് പതിയെ പറഞ്ഞു, 'അതൊന്നും പറഞ്ഞാല്‍ മനസിലാവില്ല സര്‍.' ഡേവിഡിനത് കേട്ടപ്പോള്‍ അതിശയമായി. 'മനസിലായില്ലാ.'

ചെറുപ്പക്കാരന്‍ അയാളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു, 'താങ്കള്‍ക്കിതൊക്കെ മനസിലാക്കാന്‍ കഴിയുമോ എന്നെനിക്ക് സംശയമുണ്ട്. ' അതുകൂടി കേട്ടപ്പോള്‍ ഡേവിഡിന്റെ മുഖപേശികള്‍ മുറുകി. ഇടം കണ്ണിന്റെ കീഴ്പോള തുടിക്കാന്‍ തുടങ്ങി.
'അതു നിങ്ങള്‍ക്ക് തോന്നുന്നതാണ്. ഞാനൊരു പുരാവസ്തു ഗവേഷകനാണ്. ചരിത്രാധ്യാപകനാണ്.'
ചെറുപ്പക്കാരന്‍ സ്വതസിദ്ധമായ ശാന്തതയോടെ പറഞ്ഞു, 'പ്ലീസ്, ശബ്ദം ഉയര്‍ത്തരുത്. അതിവിടെ നിറഞ്ഞു നില്‍ക്കുന്ന നിലവിളികളെ ഭയപ്പെടുത്തും.' ഡേവിഡിനൊന്നും മനസിലായില്ലെങ്കിലും ഉള്ളിലൊരു പേടി ഉറയുന്നതറിഞ്ഞു. അയാളുടെ ഭയം കലര്‍ന്ന അമ്പരപ്പ് കണ്ട്, ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,
'ഇതൊരു കുടലിന്റെ കഷ്ണമാണ്.'

ഡേവിഡിന് വീണ്ടും അതിശയമായി. എന്നാലും ചിന്തിക്കുന്നത് മുടക്കിയില്ല. കുടലിന്റെ കഷ്ണം പോലും സൂക്ഷിക്കണമെങ്കില്‍ അതിന്റെ ഉടമ അത്രയും കേമനായിരിക്കണം. മരിച്ചത് വയറ്റില്‍ കുത്തേറ്റിട്ടായിരിക്കണം. ഡേവിഡ് അറിയാതെ പെട്ടെന്ന് പറഞ്ഞുപോയി,
'സീസര്‍! ജൂലിയസ് സീസര്‍.'
ചെറുപ്പക്കാരന്‍ കുറച്ചു നേരം അയാളെത്തന്നെ നോക്കി നിന്നു. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, 'സുഹൃത്തെ, രാജാക്കന്മാര്‍ക്കും തമ്പുരാട്ടിമാര്‍ക്കും മാത്രമാണ് ചരിത്രമുള്ളതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? അവരുടേത് മാത്രമാണ് പ്രദര്‍ശനയോഗ്യമെന്ന് ആരാണ് നിശ്ചയിക്കുന്നത്?'

ഡേവിഡിന് വല്ലാത്ത അസ്വസ്ഥത തോന്നി. ഇതേതോ നിഗൂഢമായ സങ്കേതമാണതെന്നയാള്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ തുടര്‍ന്നു,'ഇരുപതു തികയാത്ത ഒരു ചെറുപ്പക്കാരന്റെ കുടലാണിത്. അയാള്‍ കോളനിയിലെ വീട്ടിനു മുന്നിലിരുന്ന് തന്റെ പഴയ ബൈക്ക് കഴുകുകയായിരുന്നു. അപ്പോഴാണ് പോലീസയാളെ അറസ്റ്റ് ചെയ്യുന്നത്. ബൂട്ട് കൊണ്ട് വയറില്‍ ചവിട്ടേറ്റാണ് മരിച്ചത്. കുടലിലെ ആ മുറിവിലൂടെ അയാളിപ്പോഴും ഉറക്കെ നിലവിളിക്കുന്നുണ്ട്. കാതു കൂര്‍പ്പിച്ചാല്‍ കേള്‍ക്കാം...'

ഡേവിഡിന് ഭീതി തോന്നി. ഏസിയുടെ തണുപ്പ് നിലച്ചതുപോലെ. അപ്പോഴേക്കും ചെറുപ്പക്കാരന്‍ ഉലക്കയുടെ അടുത്തെത്തിയിരുന്നു.'ഇതിലെ ഈ മിനുസം, ഇരുട്ടറകളിലിട്ട് മനുഷ്യരെ ഉരുട്ടിക്കൊന്നതിന്റെ ഓര്‍മ്മകളാണ്. അടുത്തു ചെന്ന് ഒന്ന് ശ്രദ്ധിച്ചാല്‍, രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെയും എല്ലില്‍ നിന്നും മാംസം വേര്‍പെടുന്നതിന്റെയും ചക്.. ചക്.. ഒച്ച് കേള്‍ക്കാം...'
ചെറുപ്പക്കാരന്റെ ശബ്ദാഭിനയത്തിലെ സ്വാഭാവികതയില്‍, ആ ഒച്ചകള്‍ ശരിക്കും കേട്ടതായി ഡേവിഡിന് തോന്നി. തന്റെ ഹൃദയമിടിപ്പു ആ വലിയ മുറിയിലെ ശാന്തതയെ ഭേദിക്കുമെന്നും. അയാളുടെ തൊണ്ട വരണ്ടു. ചെറുപ്പക്കാരന്‍ തുടര്‍ന്നു, 'ഈ പിഞ്ഞിയ കയര്‍, വിശന്നപ്പോള്‍ ഒരു കഷ്ണം ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലം മുമ്പ് പിടിച്ചുകെട്ടിയതിന്റെ ഓര്‍മ്മയാണ്. ശ്രദ്ധിച്ചാല്‍, ആള്‍ക്കൂട്ടത്തിന്റെ ആര്‍ത്തനാദങ്ങള്‍ക്കിടയില്‍ ഒരു നേര്‍ത്ത ഞരക്കവും കേള്‍ക്കാന്‍ പറ്റും.'

ഡേവിഡ് ഏസിയുടെ തണുപ്പിലും വിയര്‍ത്തുതുടങ്ങി. ഇറങ്ങി ഓടിയാലോ എന്നോര്‍ത്തപ്പോഴേക്കും ചെറുപ്പക്കാരന്‍ അലുമിനിയം പാത്രത്തിലേക്ക് കൈ ചൂണ്ടി.'ഇത് തുര്‍ക്കിക്കാരന്‍ തമ്പുരാന്റേതല്ലാ. ഒരു സാധു മനുഷ്യന്‍ സ്വന്തം കുടിയില്‍ ഉച്ചയ്ക്ക് കത്തി കുടിച്ചു കൊണ്ടിരുന്ന പിഞ്ഞാണമാണ്. കുടിച്ചു തീരും മുമ്പേ പോലീസുകാര്‍ അയാളെ വെടിവച്ചിട്ടു. കുടിലു കത്തിച്ചു ചാമ്പലാക്കി. ശ്രദ്ധിച്ചു നോക്കിയാലതിലൊരു ഉണങ്ങിയ വറ്റ് ഒട്ടിപ്പിടിച്ചിരിക്കുന്നത് ഇപ്പോഴും കാണാം. ആ ഗ്ലാസെടുത്ത് ചെവിയോടടുപ്പിച്ചാല്‍ വിരണ്ടോടുന്ന മനുഷ്യരുടെ നിലവിളികളും വെടിയൊച്ചകളും കേള്‍ക്കാം.'

വളപ്പൊട്ടുകളുടെ അടുത്തേക്ക് ചെറുപ്പക്കാരന്‍ തിരിയും മുമ്പേ ഡേവിഡ് പോകാനൊരുങ്ങി. ചെറുപ്പക്കാരന്‍ അയാളെ തടഞ്ഞു,'ഇവിടെ വരുന്ന എല്ലാവരും കൗതുകത്തോടെ ഈ കാഴ്ചകള്‍ കണ്ടു മടങ്ങാറേയുള്ളു. ആരുമൊന്നും ചോദിക്കാറില്ല. ഞാനൊന്നും പറയാറുമില്ല. താങ്കളെ പോലെ അവരവരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള കഥകള്‍ സ്വയം മെനഞ്ഞെടുക്കും. ഒരിക്കലൊരാള്‍ ഈ വളപ്പൊട്ടുകള്‍ കണ്ടിട്ട്, മനുഷ്യനെ പറ്റിക്കാന്‍ ഓരോ ഉഡായിപ്പും കൊണ്ടിറങ്ങിയിരിക്കുന്നു, എന്നു പറഞ്ഞു കുറേ തെറിയും വിളിച്ചിട്ടിറങ്ങിപ്പോയി. കൂടെ വന്നയാളെന്നെ തല്ലാന്‍ കൈയോങ്ങി. ഈ മുറി നിറയെ അപ്പോള്‍ ഇതിന്റെ ഉടമകളായ പെണ്‍കുട്ടികളുടെ ദീനമായ നിലവിളികളായിരുന്നു. കൊന്ന് കെട്ടിത്തൂക്കുമ്പോള്‍ പോലും അവരുടെ കരച്ചില്‍ കേള്‍ക്കാത്തവര്‍ക്ക് ഇവിടെയത് കേള്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയില്ലല്ലോ. ഇപ്പൊത്തന്നെ നോക്കൂ, കാതുപൊട്ടും വിധം കിടന്ന് കാറുന്നത്. കുഞ്ഞുങ്ങളല്ലേ, പറഞ്ഞാല്‍ മനസിലാവില്ലല്ലോ.'

ഡേവിഡിന് ശ്വാസം മുട്ടുന്നതു പോലെ തോന്നി. ചെറുപ്പക്കാരനെ തട്ടിമാറ്റി ഇറങ്ങി ഓടിയാലോ എന്നാലോചിക്കുകയും ചെയ്തു. കടക്കാരന്‍ തുടര്‍ന്നു,'ഇത് നിലവിളികളുടെ പ്രദര്‍ശനശാലയാണ് സര്‍. ആരിലും കൗതുകം ജനിപ്പിക്കാത്തത്. എന്നാലും, ഒരു സാഹിത്യകാരന്‍ കഥയെഴുതുന്ന പോലെ, ചിത്രകാരന്‍ പടം വരയ്ക്കുന്ന പോലെ, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തെ എവിടെയെങ്കിലും ഒന്നടയാളപ്പെടുത്തി വയ്ക്കണമെന്ന് കരുതി. അത്രമാത്രം. ഈ കണ്ടതൊന്നുമല്ലാ, ഇനിയും ധാരാളം...'
ചെറുപ്പക്കാരന്‍ പറഞ്ഞു തീര്‍ക്കും മുമ്പേ ഡേവിഡ് പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. ഓടുന്നതിനിടയില്‍ കാതുകള്‍ രണ്ടു കൈ കൊണ്ടും അടച്ചു പിടിച്ചിട്ടും, തലക്കുള്ളില്‍ ആ നിലവിളികളിങ്ങനെ ഒന്നിനു പിറകേ ഒന്നായി മുഴങ്ങിക്കേള്‍ക്കുന്നതായി അയാള്‍ക്ക് തോന്നി.
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ താനേതോ ദു:സ്വപ്നം കണ്ടിട്ടുണര്‍ന്നതു പോലെയാണ് ഡേവിഡിന് തോന്നിയത്. ശരീരവും മനസും അല്‍പ്പമൊന്ന് സ്വസ്ഥമായപ്പോള്‍ അയാള്‍ തന്റെ പുരാതന സുഹൃത്തിനെ വിളിച്ചു പറഞ്ഞു, 'എടോ, അത് പുരാവസ്തുവൊന്നുമല്ല. വന്‍പറ്റിപ്പാണ്, ശുദ്ധ തട്ടിപ്പ്.'