സ്‌നേഹമെന്ന അടിസ്ഥാനപ്രമാണത്തില്‍ ഉറച്ചുവിശ്വസിച്ച, ലോകത്തിന്റെ മാതാവായി മാറിയ മദര്‍ തെരേസ എല്ലാ അര്‍ഥത്തിലും ദൈവത്തിന്റെ സ്വന്തം മകളായിരുന്നു. ദൈവശക്തിയില്‍ അവര്‍ക്ക് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. അംഗഹീനരിലും രോഗികളിലും താന്‍ യേശുക്രിസ്തുവിന്റെ പ്രതിച്ഛായ കണ്ടുവെന്ന് മദര്‍ പലവുരു പറഞ്ഞിട്ടുണ്ട്. ഇവരെ സേവിക്കുമ്പോള്‍ യേശുവിനെ സ്പര്‍ശിക്കുന്നതായാണ് മദറിന് അനുഭവപ്പെട്ടത്.

മദര്‍ തെരേസയുടെ പ്രാര്‍ഥന അസാധാരണമായ ഒരനുഭവമാണ്. അവരപ്പോള്‍ പൂര്‍ണമായും ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. മറ്റൊരാളും മറ്റൊരു വസ്തുവും അവരുടെ മുന്നിലില്ല. അള്‍ത്താരയുടെ മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന മദറിന്റെ രൂപം അദൃശ്യമായ ഒരു ശക്തിയുടെ, ദൈവത്തിന്റെതന്നെ മഹത്ത്വത്തെക്കുറിച്ച് വാഴ്ത്തപ്പെടുന്നു. 

'ഞാന്‍ ദൈവത്തിന്റെ കൈയിലെ വെറുമൊരു ഉപകരണം മാത്രം; ഒരു ചെറിയ പെന്‍സില്‍. എന്നെപ്പോലെ നിസ്സാരവും ദുര്‍ബലവുമായ ഉപകരണങ്ങളെ മഹദ്കര്‍മങ്ങള്‍ക്കുപയോഗിച്ച് ദൈവം തന്റെ എളിമ പ്രകടിപ്പിക്കുകയാണ്,' മദര്‍ നിരന്തരം പറയാറുണ്ട്. അവരങ്ങനെ അടിയുറച്ചു വിശ്വസിച്ചതിനാലായിരിക്കാം ഇത്രയേറെ നേട്ടങ്ങള്‍ക്ക് അവരെ പ്രാപ്തയാക്കിയത്.

സ്വന്തം മരണത്തെക്കുറിച്ച് മദറിനു മുന്‍കൂട്ടി അറിയാമായിരുന്നുവെന്നാണ് സഹചാരികള്‍ വിശ്വസിക്കുന്നത്. ഇതേക്കുറിച്ച് നിരവധി സൂചനകള്‍ പരോക്ഷമായി അവര്‍ക്കു കിട്ടിയിരുന്നത്രേ. മരണത്തിനു രണ്ടു വര്‍ഷം മുന്‍പുതന്നെ 'ഉപവിയുടെ സഹോദരി'മാരുടെ തലവന്‍ എന്ന പദവിയില്‍നിന്നും തനിക്കു വിടുതല്‍ നല്കാനായി മദര്‍ പറഞ്ഞുതുടങ്ങിയിരുന്നു. മോശമായി വരുന്ന തന്റെ ആരോഗ്യനിലയായിരുന്നു പ്രത്യേക കാരണം. 

1973 ലാണ് അറുപത്തിമൂന്നുകാരിയായ മദറില്‍ അസ്വാസ്ഥ്യം പ്രകടമായത്. 1983-ല്‍ 73-ാമത്തെ വയസ്സിലാണ് മദറിന് ആദ്യമായി ഗുരുതരമായ രോഗബാധയുണ്ടാകുന്നത്. റോം സന്ദര്‍ശനവേളയില്‍ ഒരു രാത്രി അവര്‍ കട്ടിലില്‍നിന്ന് വീഴുകയുണ്ടായി. കട്ടിലിന് ഉയരമില്ലായിരുന്നതിനാല്‍ വലിയ പരിക്കുകളില്ലാതെപോയി. പക്ഷേ, ശരീരത്തിന്റെ ഒരു വശത്തിനുള്ള വേദന നിമിത്തം മെഡിക്കല്‍ പരിശോധനയിലാണ് ഹൃദയത്തിനു തകരാറു കണ്ടെത്തിയത്. തക്കസമയത്ത് ആശുപത്രിയിലെത്തിയതിനാല്‍ കടുത്ത ഹൃദയാഘാതമുണ്ടായില്ല. 

റോമിലെ സാല്‍വടോര്‍ മുണ്ടി ആശുപത്രിയിലേക്ക് അന്ന് ഉത്കണ്ഠാകുലമായ ലോകത്തിന്റെ കത്തുകളും കമ്പികളും പ്രവഹിച്ചുകൊണ്ടിരുന്നു. ഇന്ത്യ, അമേരിക്ക പ്രസിഡന്റുമാരും മദറിന്റെ ഉറ്റമിത്രം ജ്യോതി ബസുവും രോഗവിമുക്തി നേര്‍ന്നുകൊണ്ട് കമ്പിയടിച്ചു. ബെല്‍ജിയത്തിലെ രാജാവും രാജ്ഞിയും റോമിലെത്തി അവരെ സന്ദര്‍ശിക്കുകയുണ്ടായി. 1989-ല്‍ കോണിപ്പടിയിറങ്ങവേ തലകറക്കമനുഭവപ്പെട്ട മദറിന് മുന്‍പു ഘടിപ്പിച്ചിരുന്ന 'പേസ്‌മേക്കര്‍' മാറ്റിവെക്കേണ്ടിവന്നു. 

ദീര്‍ഘകാലത്തെ ശുശ്രൂഷകള്‍ക്കുശേഷമാണ് മദര്‍ സുഖം പ്രാപിച്ചത്. അപ്രതീക്ഷിതമായിരുന്നില്ല മദറിന്റെ വിടവാങ്ങല്‍. പല തവണ അവര്‍ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ജനകോടികളുടെ മുട്ടിപ്പായ പ്രാര്‍ഥന അവര്‍ക്കു നവജീവന്‍ പ്രദാനം ചെയ്തു. 1997-ല്‍ സ്ഥാനത്യാഗം ചെയ്യാനുള്ള തീരുമാനം അന്തിമമായിരുന്നു. അവര്‍ പറഞ്ഞു: 'ഇനിയും എനിക്കു കാത്തിരിക്കാന്‍ കഴിയില്ല. ഇനി വളരെ കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ.' 

12-ാം തീയതി സ്ഥാനത്യാഗവാര്‍ത്ത ലോകമറിഞ്ഞുകഴിഞ്ഞു. 1997 മാര്‍ച്ച് 13-ാം തീയതി സിസ്റ്റര്‍ നിര്‍മലയെ സുപ്പീരിയര്‍ ജനറലായി ചാരിറ്റി തിരഞ്ഞെടുത്തു. തുടര്‍ന്നുള്ള മാസങ്ങളില്‍ സഭയുടെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും തന്റെ പിന്‍ഗാമിക്ക് വിശ്വാസാധിഷ്ഠിതവിജ്ഞാനം പകരാനുമായിരുന്നു തന്നിലവശേഷിച്ച ഊര്‍ജം മുഴുവന്‍ മദര്‍ വിനിയോഗിച്ചത്. ശാരീരികാവശതകള്‍ അവഗണിച്ച് അവര്‍ തന്റെ പിന്‍ഗാമിയെ വത്തിക്കാനു സമര്‍പ്പിച്ചു. 

മദര്‍ ആഗ്രഹിച്ചതുപോലെതന്നെയായിരുന്നു അവരുടെ അന്ത്യം. പതിവുപോലെ വളരെ കുറച്ചു വിഭവങ്ങളുള്ള അത്താഴത്തിനുശേഷം സാധാരണയുള്ള പ്രാര്‍ഥനയ്ക്കു മദര്‍ ചാപ്പലില്‍ പോയില്ല. ആ ചെറിയ ശരീരത്തില്‍ നിറയെ വേദനകളായിരുന്നു അന്ന്. അത് മുഖത്തു നിഴലിച്ചുകാണാമായിരുന്നു. എന്നിട്ടും അവര്‍ സ്വന്തം മുറിയിലിരുന്ന് സിസ്റ്റര്‍മാര്‍ക്കൊപ്പം പ്രാര്‍ഥിക്കുകയായിരുന്നു. വൃദ്ധശരീരവും ദുര്‍ബലഹൃദയവും പേസ്മേക്കര്‍ വെച്ചുപിടിപ്പിച്ചതും ഇടയ്ക്കിടെയുണ്ടായ മുറിവും ചതവും വീഴ്ചയും എല്ലാം ചേര്‍ന്ന് അവരുടെ ജീവിതം അപ്പോഴേക്കും ദുരിതമയമാക്കിയിരുന്നു. 

കരുത്തു ക്ഷയിച്ച് പിടിച്ചുനില്ക്കാന്‍ കെല്പില്ലാതായി. മുറിയിലെ പ്രാര്‍ഥനയ്ക്കുശേഷം കൊടുമ്പിരിക്കൊണ്ട വേദനയില്‍ അവശയായ മദറിനു നല്കാനുള്ള മരുന്നുകള്‍ക്കായി സിസ്റ്റര്‍ ശാന്തി മുറിയിലേക്കോടി. ആ കൃത്യസമയത്തുതന്നെ ഭവനത്തിലെ വൈദ്യുതിവെളിച്ചം അണയുകയും മെഴുകുതിരിവെളിച്ചത്തില്‍ സിസ്റ്റര്‍ മരുന്നുകളുമായെത്തുകയും ചെയ്തു. അപ്പോഴേക്കും വെളിച്ചം വന്നു. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ ഉടന്‍തന്നെ ഡോക്ടര്‍ ആല്‍ഫ്രെഡ് വുഡ്വേര്‍ഡ് എത്തിയെങ്കിലും മദറിന്റെ നില തീര്‍ത്തും വഷളായിക്കഴിഞ്ഞിരുന്നു. 

ഒന്നരമണിക്കൂറിനുശേഷം 1997 സപ്തംബര്‍ അഞ്ചാംതീയതി രാത്രി ഒന്‍പതര മണിക്ക് മദര്‍ ഈ ലോകത്തോടു വിടപറഞ്ഞു. വൈദ്യുതവെളിച്ചത്തില്‍ കുളിച്ചുനിന്ന മദര്‍ഹൗസ് അല്പസമയം ഇരുളിലായത് മദറിന്റെ വിയോഗത്തെ മുന്‍കൂട്ടി അറിയിക്കുകയായിരുന്നു എന്നു വിശ്വസിക്കുന്നു. ആ ദീപ്തപ്രകാശം എന്നന്നേക്കുമായി പൊലിഞ്ഞു. താന്‍ ആഗ്രഹിച്ചതുപോലെതന്നെ, വളരെയേറെ സ്‌നേഹിച്ച നഗരത്തിലുള്ള മദര്‍ഹൗസില്‍ സിസ്റ്റര്‍മാരാല്‍ ചുറ്റപ്പെട്ട്, കൊന്തയില്‍ കോര്‍ത്ത കുരിശ് കൈയില്‍ പിടിച്ച് പ്രാര്‍ഥനാനിരതയായി തന്റെ സവിശേഷകാരുണ്യത്തിനു പാത്രമായ അസംഖ്യം അഗതികള്‍ക്കു സമാനമായി അവര്‍ അന്ത്യയാത്ര പറഞ്ഞു. 

( മഞ്ജുള എം.വിയുടെ മദർ തെരേസ എന്ന പുസ്തകത്തിൽ നിന്ന് )